top of page

ദുര്യോധനന്റെ വിഷാദഭാവങ്ങൾ മഹാഭാരതത്തിൽ - ഒരു മനഃശാസ്ത്രപഠനം

Updated: 3 days ago

ഷിന്റ ജി. നെല്ലായി
ഡോ. ജാൻസി കെ. എ.

താക്കോൽ വാക്കുകൾ - മാനസികാരോഗ്യം, അസൂയ, വിഷാദം

 

ആമുഖം

കാലത്തിന്റെ അതിർവരമ്പുകളെഭേദിച്ച, ലോകത്തിലെ ബൃഹത്തായ ഇതിഹാസങ്ങളിലൊന്നാണ് മഹാഭാരതം.ജയം എന്ന പേരിലാണ് തുടക്കത്തിൽ ഈ കൃതി അറിയപ്പെട്ടിരുന്നത്(1).ക്രമാനുഗതമായ കൂട്ടിച്ചേർക്കലുകളോടെ പിന്നീട് മഹാഭാരതമായി രൂപം കൊള്ളുകയായിരുന്നു. ലോകത്തിലുള്ളത് മുഴുവൻ ഇതിൽ ഉണ്ടാകുമെങ്കിലും ഇതിലില്ലാത്തത് ലോകത്തെവിടെയും കാണില്ലെന്ന് മഹാഭാരതത്തിന്റെ ഫലശ്രുതിയിൽ പറയുന്നു. (യദിഹാസ്തി തദ ന്യത്ര യന്നേ ഹാസ്തി ന തത് ക്വചിത് ) വേദോപനിഷത്തുക്കളുടെ കാലത്തിനു ശേഷമാണ്  ഇതിഹാസപുരാണാദികളുടെ കാലം രൂപപ്പെടുന്നത്. മഹാഭാരതം വ്യാസ വിരചിത മാണെന്ന് കരുതപ്പെടുന്നു. വ്യാസൻ ഒരാളല്ല പലരാണെന്നും ജയം എന്ന പേരിൽ ആദ്യം രൂപപ്പെട്ട കൃതിയോട് കൂട്ടിച്ചേർക്കലുകൾ സംഭവിച്ചാണ് മഹാഭാരതം ഇന്ന് കാണുന്ന വികസിതരൂപ പ്രാപിച്ചതെന്നും പണ്ഡിതന്മാർക്ക് അഭിപ്രായമുണ്ട്. താൻ നേരിട്ട് ആഖ്യാനം ചെയ്യുന്ന രീതിയിലല്ല മഹാഭാരതത്തിന്റെ ശൈലി. വ്യാസനുമായോ മഹാഭാരതകഥയിലെ കഥാപാത്രങ്ങളുമായോ നേരിട്ട് ബന്ധമില്ലാത്ത ആളുകൾ അവരുടെ ഓർമ്മയിൽ നിന്നും  കേട്ട കഥകൾ പറയുന്ന രീതിയിലാണ് മഹാഭാരതകഥ അവതരിപ്പിക്കപ്പെടുന്നത്.

കേട്ടു പഠിച്ച കഥകൾ അടുത്തയാളിലേയ്ക്കു പകരുന്നതാണ് രീതി. ശ്രോതാക്കളുടെ ആവശ്യമനുസരിച്ചുള്ള കഥനശൈലിയിൽ പറയുന്ന ആൾക്കും കേൾക്കുന്ന ആൾക്കും  തുല്യ  പ്രാധാന്യമുണ്ട്.കഥകളെ സാധൂകരിക്കാൻ പാകത്തിൽ ഉപകഥകളുമുണ്ട്.മഹാഭാരത്തിലെ ഏറ്റവും പ്രാമാണികരായ കഥപറച്ചിലുകാർ വൈശമ്പായനും ഉഗ്രശ്രവസുമാണ്‌.

കഥാപാത്രസൃഷ്ടി

കലാസൃഷ്ടിയിലെ കഥാപാത്ര രൂപീകരണത്തിലെ വൈദഗ്ദ്ധ്യമാണ്  എഴുത്തുകാരനെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനപ്പെട്ടവശം.  കഥാപാത്രത്തിന്റെ പ്രാധാന്യം നിർണ്ണയിക്കുന്നത് കഥയിൽ ആ വ്യക്തിയുടെ സാന്നിധ്യം സന്ദർഭോചിതമായി കൊണ്ടുവരുമ്പോൾ മാത്രമാണ്. മഹാഭാരതത്തിലെ എല്ലാ കഥാപാത്രങ്ങളും അതിന്റെ രചയിതാവായ വേദവ്യാസന്റെ ഈ വൈദഗ്ദ്ധ്യം ഉറപ്പിക്കുന്നു.ഭഗവാൻ ശ്രീകൃഷ്ണൻ മുതൽ കഥയിലെ ഒരു സാധാരണക്കാരൻ വരെയുള്ള ഓരോ കഥാപാത്രങ്ങളുടെയും വ്യക്തിത്വങ്ങൾ കൊത്തിവയ്ക്കുന്നതിൽ വ്യാസൻ അതീവ ശ്രദ്ധാലുവായിരുന്നു. കഥാപാത്രങ്ങളെ സൃഷ്ടിക്കുന്നതിനുമുമ്പ് മനുഷ്യമനസ്സിനെ നയിക്കുന്ന വികാരങ്ങളെയും ഘടകങ്ങളെയുംക്കുറിച്ച് അദ്ദേഹം പഠിച്ചിരുന്നുവെന്നു വേണം കരുതാൻ. മഹാഭാരതത്തിൽ അനേകം കഥാപാത്രങ്ങളുണ്ട്. ആ കഥാപാത്രങ്ങൾക്ക് തങ്ങളുടേതായ വ്യക്തിത്വവും സ്വഭാവരീതികളുമുണ്ട്.മികച്ച നായകന്മാരെയും നായികമാരെയും സൃഷ്ടിക്കുന്നതിൽ വ്യാസൻ തുല്യ വൈദഗ്ദ്ധ്യം കാണിക്കുന്നു. അദ്ദേഹത്തിന്റെ എല്ലാ നായികമാരും  നായകന്മാരും സ്ത്രീ/പുരുഷ വ്യക്തിത്വത്തിന്റെ വൈവിധ്യമാർന്ന സവിശേഷതകൾ പ്രകടിപ്പിക്കുന്ന കഥാപാത്രങ്ങളാണ്.വാസ്തവത്തിൽ കഥാപാത്രങ്ങളെ സൃഷ്ടിക്കുന്നതിലെ ഈ വൈവിധ്യമാണ് ഇതിഹാസത്തെ അതുല്യവും മനോഹരവുമാക്കുന്ന പ്രധാന ഘടകം.വിഷാദം നിറഞ്ഞു നിൽക്കുന്ന കഥയിൽ ഓരോ കഥാപാത്രങ്ങളും തങ്ങളുടെതായ ആത്മനൊമ്പരം അനുഭവിക്കുന്നവരാണ്.അത്തരത്തിൽ ആജീവനാന്തം മാനസികസംഘർഷമനുഭവിക്കുന്ന ഇതിഹാസത്തിലെ പ്രതിനായക സ്ഥാനത്തിനർഹനായ ദുര്യോധനന്റെ  ജീവിതത്തിലുണ്ടാകുന്ന ചില വിഷാദസന്ദർഭം പഠിക്കുകയാണ് ഈ പ്രബന്ധം ലക്ഷ്യമിടുന്നത്.

ദുര്യോധനൻ

ജനനസമയത്തുത്തന്നെ  ദുർനിമിത്തങ്ങൾ കണ്ടത് കൊണ്ട് എല്ലാവരും ഉപേക്ഷിക്കണം എന്നാഹ്വാനം ചെയ്തിട്ടും  ധൃതരാഷ്ട്രരുടെ പുത്രവാത്സല്യത്താൽ ജീവിതം ലഭിച്ച കൗരവപ്രധാനിയാണ് ദുര്യോധനൻ. ചെറുപ്പം മുതൽത്തന്നെ പാണ്ഡവരോടുള്ള അസൂയ മൂലം ജീവിതം ദുഃഖത്തിലാഴ്ത്തിയവനാണ് അയാൾ. ഭീമനോടായിരുന്നു ദുര്യോധനന് മുഖ്യ ശത്രുത. തരം കിട്ടുമ്പോഴെല്ലാം ഭീമനെ ആക്രമിക്കുന്നതിൽ മാത്രം സന്തോഷം കണ്ടെത്തിയിരുന്നു അദ്ദേഹം.

തനിക്ക് സിംഹാസനം അവകാശമാക്കാൻ കഴിയില്ല എന്ന അരക്ഷിതാവസ്ഥയിൽ നിന്നാണ് പാണ്ഡവരോടുള്ള അയാളുടെ വിദ്വേഷമുണ്ടാകുന്നത്.ഭീമന്റെ ശാരീരിക ശക്തിയും ഹസ്തിനപുരിയിലെ ജനങ്ങൾക്കിടയിൽ പാണ്ഡവരുടെ പ്രശസ്തിയും തുടങ്ങി നിരവധി ഘടകങ്ങൾ ഈ അരക്ഷിതാവസ്ഥയ്ക്ക് കാരണമാണ്. ദുര്യോധനന്റെ മനസ്സിൽ ആഴത്തിൽ വേരൂന്നിയ വെറുപ്പും അസൂയയും അയാളുടെ ആന്തരിക സംഘർഷം വർധിപ്പിക്കുന്നു. പാണ്ഡവരെ ഇല്ലാതാക്കാൻ അവർക്കെതിരെ അദ്ദേഹം നടത്തുന്ന ഓരോ തന്ത്രവും പരാജയപ്പെട്ടു തനിക്കെതിരെ വരുമ്പോഴും പാണ്ഡവർ കൂടുതൽ ശക്തരാകുമ്പോഴും അദ്ദേഹത്തിന്റെ അരക്ഷിതാവസ്ഥ വെറുപ്പായി മാറുന്നു. പാണ്ഡവർ തന്റെ കൺമുന്നിൽ അഭിവൃദ്ധി പ്രാപിക്കുകയും ഒരു നിശബ്ദ കാഴ്ചക്കാരനായി നിൽക്കാൻ നിർബന്ധിതനാകുകയും ചെയ്യുമ്പോൾ ഈ വെറുപ്പ് അസൂയയായി മാറുന്നു. അസൂയയിൽ നിന്നുണ്ടാകുന്ന വിഷാദം വ്യക്തിയിൽ ശാരീരിക മാനസിക വ്യതിചലനങ്ങൾ ഉണ്ടാക്കുന്നു.(2) പാണ്ഡവരുടെ സമ്പത്ത്, സൗന്ദര്യം, കഴിവ്, പ്രശസ്തി എന്നിവയോട്  സ്വന്തം ജീവിതം തുലനം ചെയ്തു നോക്കിയപ്പോൾ ദുര്യോധനനുണ്ടായ ദുഃഖവും അസന്തന്തുഷ്ടിയുമെല്ലാം വിഷാദകാരണങ്ങളാണ്. തനിക്കു ഇല്ലാത്തതു അവർക്കുണ്ട് എന്ന ചിന്ത അയാളെ വേദനിപ്പിക്കുകയും ആത്മവിശ്വാസം കുറയ്ക്കുകയും ക്ഷീണം ഉണ്ടാക്കുകയും ചെയ്യുന്നു.പാണ്ഡവരെ ഇത്രമേൽ ദ്രോഹിച്ചിട്ടും നശിപ്പിക്കാൻ ശ്രമിച്ചിട്ടും താനെത്തിയിട്ടില്ലാത്ത ഉയരങ്ങൾ കീഴടക്കാൻ അവർക്കു സാധിച്ചപ്പോൾ തനിക്കുള്ള കുറവിനെക്കുറിച്ച്  അയാൾ ചിന്താദീനനായി ഉറക്കമൊഴിഞ്ഞു.

നിരന്തരം താരതമ്യം ചെയ്യുക

ആത്മവിശ്വാസം നഷ്ടപ്പെടുക

മറ്റ് ആളുകളുടെ വിജയത്തിൽ സന്തോഷിക്കാൻ കഴിയാതിരിക്കുക

ഒരുതരം നിസ്സാരതയുടെ നിസ്സഹായ അനുഭവം ഉണ്ടാകുക

ഉറക്കമില്ലായ്മ, ക്ഷീണം, ഉത്കണ്ഠ ഇവയെല്ലാം അസൂയാലുക്കളായ വ്യക്തികളിൽ കാണുകയും അത് വിഷാദത്തിലേയ്ക്ക് നയിക്കുകയും ചെയ്യുന്നുണ്ട്(.3)

തന്റെ ഉള്ളിലെ അസൂയയുടെയും വെറുപ്പിന്റെയും വികാരങ്ങളെ കൃത്യമായി തുറന്നു പ്രകടിപ്പിക്കുന്നുണ്ട് ദുര്യോധനൻ. വാരണവാതത്തിൽ പാണ്ഡവരെ വധിക്കാൻ അനുമതി നൽകണമെന്ന് ദുര്യോധനൻ ധൃതരാഷ്ട്രരോട് അപേക്ഷിക്കുന്നു. "... ഹേ പിതാവേ, ജ്വലിക്കുന്ന തീ പോലെ എന്നെ വിഴുങ്ങുന്ന, എന്റെ ഉറക്കം കവർന്നെടുക്കുന്ന, ഒരു ഭയാനകമായ അമ്പ് പോലെ എന്റെ ഹൃദയത്തെ തുളച്ചുകയറുന്ന ദുഃഖം കെടുത്തേണമേ."പാണ്ഡവരുടെ സമൃദ്ധിയിൽ അയാൾ എന്നും ദുഖിതനാണ്.യുധിഷ്ഠിരൻ നടത്തിയ രാജസൂയ യജ്ഞത്തിൽ പങ്കെടുത്ത ശേഷം കൗരവർ ഹസ്തിനപുരത്തേക്ക് മടങ്ങുമ്പോൾ, ദുര്യോധനൻ നിശബ്ദനും ചിന്താകുലനുമാണ്. അമ്മാവനായ ശകുനി അന്വേഷിക്കുമ്പോൾ, ദുര്യോധനൻ പൊട്ടിത്തെറിക്കുന്നു, "യുധിഷ്ഠിരന്റെ ഇത്രയും മഹത്വമുള്ള സമൃദ്ധി കണ്ടിട്ട്, എന്റെ ഹൃദയം അസൂയയാൽ ജ്വലിക്കുന്നു.അസൂയയാൽ ജ്വലിക്കുന്ന താൻ "നിറം നഷ്ടപ്പെട്ടു, വിഷാദിച്ചു, വിളറി, മെലിഞ്ഞിരിക്കുന്നു"(4) എന്ന് ധൃതരാഷ്ട്രനോട് പറയുമ്പോൾ അത് വ്യക്തമായ വിഷാദത്തിന്റെ ശാരീരിക പ്രതികരണങ്ങളാണ്.ദുര്യോധനൻ തന്റെ വികാരങ്ങളെ തിരിച്ചറിയുന്നു.ശത്രുവിന്റെ വിജയത്തിൽ എപ്പോഴും ദുഃഖം അനുഭവിക്കുന്ന കഥാപാത്രമായി അയാൾ മാറുന്നു.പാണ്ഡവർക്കെതിരായുള്ള തന്റെ പദ്ധതികളുടെ പിന്തുണയ്ക്ക് വേണ്ടി ദുര്യോധനൻ പിതാവിനെ  സ്വാധീനിക്കുന്നു. ധൃതരാഷ്ട്രരുടെ പിന്തുണ തേടുമ്പോഴെല്ലാം അദ്ദേഹത്തിനത് നിരസിക്കാൻ കഴിയാത്ത വിധത്തിൽ തന്റെ വാദങ്ങൾ അവതരിപ്പിക്കുന്നു.  പകിടകളിക്കാനുള്ള സമ്മതം കൊടുക്കാൻ ധൃതരാഷ്ട്രർ വൈകിയപ്പോഴും വിദുരരോട് കൂടിയാലോചിക്കേണ്ടതുണ്ടെന്ന് പറയുകയും ചെയ്തപ്പോൾ ദുര്യോധനൻ പെട്ടെന്ന് ആത്മഹത്യാ ഭീഷണി മുഴക്കുന്നു. "ക്ഷതനോട് കൂടിയാലോചിച്ചാൽ അവൻ നിന്നെ പിന്തിരിപ്പിക്കും. രാജാവേ, നീ പിന്മാറുകയാണെങ്കിൽ ഞാൻ തീർച്ചയായും എന്നെത്തന്നെ കൊല്ലും. രാജാവേ, ഞാൻ മരിച്ചാൽ നീ വിദുരനുമായി സന്തുഷ്ടനാകും. അപ്പോൾ നീ മുഴുവൻ ഭൂമിയും ആസ്വദിക്കും; നിനക്ക് എന്നോടൊപ്പം എന്താണ് വേണ്ടത്?" (5)ദുര്യോധനൻ ദുഃഖം സഹിക്കാനാകാതെ മരിക്കാൻ പോലും സന്നദ്ധനാകുന്നു

 

വിഷാദം മനഃശാസ്ത്ര കാഴ്ചപ്പാടിൽ

 

.ലോകാരോഗ്യ സംഘടന നിർമ്മിച്ച ഇന്റർനാഷണൽ ക്ലാസിഫിക്കേഷൻ ഓഫ് ഡിസീസസിന്റെ (ICD-10) അഞ്ചാം അദ്ധ്യായവും അമേരിക്കൻ സൈക്യാട്രിക് അസോസിയേഷൻ നിർമ്മിച്ച ഡയഗ്നോസ്റ്റിക് ആൻഡ് സ്റ്റാറ്റിസ്റ്റിക്കൽ മാനുവൽ ഓഫ് മെന്റൽ ഡിസോർഡേഴ്സ് (DSM-5) അഞ്ചാം പതിപ്പുമാണ് വ്യാപകമായി ഉപയോഗിക്കുന്ന രണ്ട് മാനസികരോഗ വർഗ്ഗീകരണ സംവിധാനങ്ങൾ(6)ഐസിഡി-10 വർഗ്ഗീകരണത്തിൽ, വിഷാദരോഗനിർണ്ണയത്തിന്   വിഷാദ മാനസികാവസ്ഥ, താൽപ്പര്യമോ സന്തോഷമോ നഷ്ടപ്പെടുക ഊർജ്ജക്കുറവ്,ശ്രദ്ധക്കുറവ്, ആത്മാഭിമാനം കുറയൽ, വിശപ്പിലെ മാറ്റങ്ങൾ, ആത്മഹത്യാ ചിന്തകൾ, അമിതമായ കോപം, കുറ്റബോധം തുടങ്ങിയ ലക്ഷണങ്ങൾ ഉൾപ്പെടുത്തുന്നു.വിഷാദരോഗത്തിന് കാരണമാകുന്ന നിരവധി ഘടകങ്ങളുണ്ട്. പ്രിയപ്പെട്ട ഒരാളുടെ വിയോഗം, അതി സമ്മർദ്ദകരമായ ജീവിത സാഹചര്യങ്ങൾ നേരിടേണ്ടി വരുമ്പോൾ,തോൽവി എന്നിങ്ങനെ.ദ്യര്യോധനന്റെ ജീവിതത്തിലെ സമ്മർദ്ദപൂരിതമായൊരു ചുറ്റുപാടിൽ അയാൾ നിരാശനാകുന്നു. വിഷാദത്തിനു മനഃശാസ്ത്രജ്ഞർ നൽകുന്ന എല്ലാ ലക്ഷണങ്ങളും അയാൾ പ്രകടിപ്പിക്കുന്നു. അസൂയ കൊണ്ടു അയാൾക്കു സ്വയം നിയന്ത്രിക്കാൻ കഴിയുന്നില്ല. തികഞ്ഞ ആത്മാഭിമാനക്കുറവ് അനുഭവപ്പെടുന്നു. ശാരീരിക ലക്ഷണങ്ങളായ ഉറക്കം നഷ്ടപ്പെടൽ, ശരീരം ക്ഷീണിക്കലെല്ലാം അയാൾക്ക്‌ ഉണ്ടാകുന്നു. ആത്മഹത്യ ചെയ്യണം എന്ന തോന്നൽ ശക്തമാകുന്നു.വിഷാദം കൊണ്ട്  നിറം നഷ്ടപ്പെട്ടു വിളറുന്നു.കടുത്ത വിഷാദത്തിന്റെ ഒരു സന്ദർഭം ദുര്യോദനന്റെ ജീവിതത്തിൽ സംഭവിക്കുന്നു.


ദ്രൗപതിയെ വിവാഹം കഴിച്ചതിനുശേഷം പാണ്ഡവർക്ക് പകുതി രാജ്യം നൽകുമ്പോൾ പാണ്ഡവർ ശക്തി പ്രാപിച്ചുവെന്നും കൗരവരുടെ കാരുണ്യത്തിന് വഴങ്ങുന്നില്ലെന്നും നന്നായി അറിയാവുന്ന ധൃതരാഷ്ട്രർ, പാണ്ഡവരെ സമാധാനിപ്പിക്കാനും സന്തോഷത്തോടെ നിലനിർത്താനും തീരുമാനിക്കുന്നു. മുതിർന്നവരുമായി കൂടിയാലോചിച്ച് അദ്ദേഹം ഹസ്തിനപുര രാജ്യം വിഭജിച്ച്  പകുതി പാണ്ഡവർക്ക് നൽകുന്നു.തന്റെ അതൃപ്തി പരസ്യമായി പ്രകടിപ്പിച്ചില്ലെങ്കിലും ദുര്യോധനൻ അതിൽ സന്തുഷ്ടനല്ലായിരുന്നു. പാണ്ഡവരുടെ ഭാഗ്യത്തിൽ കോപാകുലനാണെങ്കിലും ആ ദേഷ്യവും സങ്കടവും അദ്ദേഹം ഉള്ളിൽ ഒതുക്കി  മൗനം പാലിക്കുന്നു. യുധിഷ്ഠിരൻ രാജസൂയ യാഗം നടത്തുമ്പോൾ  വിവിധ രാജാക്കന്മാർ യുധിഷ്ഠിരന് സമ്മാനമായി കൊണ്ടുവന്ന വലിയ സമ്പത്തിന്റെ ചുമതല ദുര്യോധനനെ ഏൽപ്പിച്ചു. ഈ സമൃദ്ധമായ സമ്പത്ത് കണ്ട് ദുര്യോധനൻ അസൂയകൊണ്ടു നിറഞ്ഞു, എന്നാൽ യുധിഷ്ഠിരന്റെ കൊട്ടാരത്തിൽ ആയിരിക്കുമ്പോൾ അദ്ദേഹം കടുത്ത അസൂയയിൽ നിന്നും ഉണ്ടായ മാനസിക സമ്മർദ്ദം നിയന്ത്രിക്കുന്നു. പിന്നീട് ശകുനിയോടും ധൃതരാഷ്ട്രരോടും അദ്ദേഹം തന്റെ മനോവിഷമം സമ്മതിക്കുന്നു.

പിന്നീട് കൊട്ടാരത്തിൽ ചുറ്റിനടക്കുമ്പോൾ പാണ്ഡവരുടെ വാസ്തുവിദ്യയും സമൃദ്ധിയും കണ്ട് അത്ഭുതപ്പെട്ട് അയാൾ ചില മണ്ടത്തരങ്ങൾ ചെയ്യുന്നു. ഒരു മതിൽ ഒരു വാതിലാണെന്ന് തെറ്റിദ്ധരിച്ച് അയാൾ അതിലൂടെ നടക്കാൻ ശ്രമിക്കുകയും നെറ്റിയിൽ മുറിവേൽക്കുകയും ചെയ്യുന്നു. മറ്റൊരിടത്ത് അയാൾ  കുളം കണ്ടിട്ട് മിഥ്യയാണെന്ന് വിചാരിച്ചു വെള്ളത്തിൽ വീഴുന്നു. ഭീമനും ദ്രൗപദിയും ചിരിച്ചുകൊണ്ട് അവന്റെ മണ്ടത്തരത്തെ പരിഹസിക്കുന്നു. കോപാകുലനാണെങ്കിലും, അവൻ ഒരു നിശ്ശബ്ദത പാലിക്കുന്നു.ഇങ്ങനെ ജീവിതം മുഴുവനും കടുത്ത അസൂയയും കോപവും നിമിത്തം അയാൾ സ്വയം ശിക്ഷിക്കുന്നു.ദ്രൗപദിയും അവളുടെ സൗന്ദര്യവും ദുര്യോധനനിൽ മറ്റൊരു തീരാവേദനയാണ്.തന്റെ വൈകാരികാവസ്ഥയെക്കുറിച്ചുള്ള ദുര്യോധനന്റെ അവബോധം മറ്റുള്ളവരോട് സ്വയം ന്യായീകരിക്കാൻ പ്രേരിപ്പിച്ചു.വിഷാദത്തിന്റെ ഏത് മാനകം വച്ചു പരിശോധിക്കുമ്പോഴും ദുര്യോധനൻ ചില സന്ദർഭങ്ങളിൽ അതിലൂടെ കടന്നു പോകുന്നു വെന്നു അനുമാനിക്കാം.

നിഗമനങ്ങൾ

* ശക്തനായ കഥാപാത്രമായിട്ടും ചില സന്ദർഭങ്ങളിൽ ദുര്യോധനൻ ബലഹീനനാണ്

* മനുഷ്യ സഹജമായ അസൂയ അളവിൽ കൂടുതൽ ദുര്യോധനനിൽ ഉണ്ടെന്നു അയാൾത്തന്നെ സാക്ഷ്യപ്പെടുത്തുന്നു

* അസൂയ ദുര്യോധനനെ വിഷാദത്തിലേയ്ക്ക് നയിക്കുന്നു.

*മനഃശാസ്ത്ര പരമായ വിഷാദലക്ഷണങ്ങൾ ദുര്യോദനൻ പ്രകടിപ്പിക്കുന്നു.

*ദുര്യോധനന് വിഷാദം ഉണ്ടാകുന്ന സന്ദർഭങ്ങളിൽ അയാൾ വിഷാദത്തിന്റെ ശാരീരിക മാനസിക ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നു.

*ഉറക്കക്കുറവ്, ശരീരം ക്ഷീണിക്കൽ, താല്പര്യക്കുറവ്, ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥ എന്നിവ അയാൾക്ക്‌ അനുഭവപ്പെടുന്നു.

*മുകളിൽ സൂചിപ്പിച്ച കാരണങ്ങൾകൊണ്ടു ദുര്യോധനന് വിഷാദം ഉണ്ടെന്നു അനുമാനിക്കുന്നു.

തുടർപഠനസാധ്യതകൾ

മഹാഭാരതത്തിലെ കഥാപാത്രങ്ങളെല്ലാം ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ തീവ്രമാനസികാഘാതങ്ങളിലൂടെ കടന്നു പോകുന്നവരാണ്. വൈഞാനിക മേഘലകൾ മലയാളസാഹിത്യരംഗത്ത് നവ ചലനങ്ങൾ സൃഷ്ടിക്കുന്ന ഈയൊരു കാലഘട്ടത്തിൽ ഇത്തരത്തിലുള്ള മനഃശാസ്ത്ര പഠനങ്ങൾ വലിയ സാധ്യതയായി മാറുന്നു.കുട്ടികൃഷ്ണമാരാർ തുടങ്ങിവച്ച ഭാരത കഥാപാത്രങ്ങളുടെ മനസ്സിന്റെ തലങ്ങളെക്കുറിച്ചുള്ള പഠനങ്ങൾ ഇനിയും മുന്നോട്ട് പോകുവാനുണ്ട്.

കുറിപ്പുകൾ

1. ആമുഖം, മഹാഭാരത പഠനങ്ങൾ, ഇരാവതി കാർവേ

2. Anxiety and Depression: How to Overcome Depression, Jealousy, Negative Thoughts and Manage Insecurity and Attachment (Eliminate Stress With Positive Thinking)

Matt Hendriksen

3. Peter Salovey,( Editor )The Psychology of Jelousy and Envy

4. സഭാപർവം,മഹാഭാരതം

5.The International Classification of Diseases (ICD) is a globally recognized system for classifying diseases and health problems. The ICD-10, the 10th revision, is a widely used version, particularly for mental and behavioral disorders, and is often referred to as the "blue book". The World Health Organization (WHO) publishes the ICD, including the ICD-10 and the more recent ICD-11.

6. സഭാപർവം, മഹാഭാരതം

ഗ്രന്ഥസൂചി

1. രാംകുമാർ വി, മഹാഭാരതം, സിസോ പബ്ലിഷേഴ്സ്, 1988

2. ഡോ. പി. എം വിജയപ്പൻ, തുഞ്ചത്തെഴുത്തച്ഛന്റെ മഹാഭാരതം (സംശോധനം), തുഞ്ചൻ സ്മാരക ട്രസ്റ്റ്‌

3. സുനിൽ. പി. ഇളയിടം, മഹാഭാരതം സാംസ്‌കാരിക ചരിത്രം, ഡി. സി ബുക്സ്, 2020

4. Abnormal Psychology, Irwin G Sarson, Barbara R Sarsaon, Uty of Washington

5. Mary Ellen Copeland,The Depression Workbook: A Guide for Living with Depression and Manic Depression..

6. Peter Salovey,( Editor )The Psychology of Jelousy and Envy

ഷിന്റ ജി. നെല്ലായി

അസിസ്റ്റന്റ് പ്രൊഫസർ

മലയാളവിഭാഗം

പ്രജ്യോതിനികേതൻ കോളേജ്, പുതുക്കാട്

E-mail :shintageorge @ gmail. com

Mob 9497656994

ഡോ. ജാൻസി കെ. എ.

അസോസിയേറ്റ് പ്രൊഫസർ

മലയാളവിഭാഗം

വിമല കോളേജ്, തൃശൂർ

Comentarios

Obtuvo 0 de 5 estrellas.
Aún no hay calificaciones

Agrega una calificación
ചീഫ് എഡിറ്റര്‍
ഡോ. ബി. ശ്രീകുമാർ സമ്പത്ത്

സ്റ്റാഫ് എഡിറ്റര്‍
ബിന്ദു എ എം.



സ്റ്റുഡന്‍റ് എഡിറ്റര്‍
രതീഷ്
Fkv 

ഇഷ്യു എഡിറ്റർ
tUm.tkXpe£van Fw Fkv .
FUntäm-dnb t_mÀUv 
AwK§Ä
ഡോ. സജീവ്കുമാർ.എസ്
ഡോ. ശ്രീലക്ഷ്മി.എസ്.കെ
ഡോ. രാമചന്ദ്രൻ പിള്ള.എം
ഡോ. അമ്പിളി. ആർ.പി
ഡോ. സംഗീത. കെ
ഷീന. എസ്
ഡോ. കാരുണ്യ വി. എം
Publishers Name:          
Dr.B.SREEKUMAR SAMBATH
Head of the Department, Department of Malayalam, Govt College for Women, Thiruvananthapuram pin 695014   
Mob:9446457996         
email:gcwmalayalam2023@gmail.com            laluvatl@gmail.com 

Unssk³ & te Hu«vv
cXojv. Fkv

aebmfhn-`m-Kw
kÀ¡mÀ h\nXmtImtfPv 
Xncph\´]pcw

©GCW VAIKNJAANIKA MALAYALAM ONLINE 2024

അസോസിയേറ്റ് എഡിറ്റേഴ്സ്
ഡോ.ലാലു. വി , യൂണിവേഴ്സിറ്റി കോളേജ്, തിരുവനന്തപുരം
ഡോ.ഗംഗാദേവി.എം, ഗവ. കോളേജ്, നെടുമങ്ങാട്, 
ഡോ.സേതുലക്ഷ്മി എം.എസ്. 
ഗവ.കോളേജ് ,നെടുമങ്ങാട്
bottom of page