പാരാസൈക്കോളജി
- GCW MALAYALAM
- Jun 14
- 5 min read
Updated: Jun 15
ഡോ. കൃഷ്ണൻ

അതിരുകളില്ലാത്ത ആകാശം പോലെയാണ് മനുഷ്യാതീതവും ഇന്ദ്രിയാതീതവുമായ കഴിവുകളിൽ മനുഷ്യനുള്ള വിശ്വാസം. ന്യൂറോളജിസ്റ്റുകൾക്കും സൈക്യാട്രിസ്റ്റുകൾക്കും അവരുടെതായ നിഗമനങ്ങൾ ഉണ്ടെങ്കിൽ കൂടി അതീതമന:ശാസ്ത്രത്തിൽ മനുഷ്യൻറെ താൽപര്യത്തിന്റെ ഉൽഭവം ആധുനിക ശാസ്ത്രത്തിന്റെ ഈ കാലഘട്ടത്തിലും ഏറെക്കുറെ നിഗൂഢമായി തുടരുകയാണ്. ഉപനിഷത്തുകളിലും പൗരാണികമതഗ്രന്ഥങ്ങളിലും പ്രാചീനമായ എഴുത്തോലകളിലും അതീത മനഃശാസ്ത്രത്തെക്കുറിച്ച് ഒളിഞ്ഞും തെളിഞ്ഞുമുള്ള പരാമർശങ്ങൾ ഉണ്ടെങ്കിലും അവയുടെ ആധികാരികത പല സന്ദർഭങ്ങളിലും ചോദ്യം ചെയ്യപ്പെടാറുണ്ട്. മസ്തിഷ്കത്തിന്റെ പ്രവർത്തനഫലങ്ങളായ ചിന്ത, വികാരം, പ്രവൃത്തി എന്നിവയുടെ അകെത്തുകയാണ് മനസ്സ് എന്ന വിശ്വാസത്തിൻറെ പിൻബലത്തിലാണ് ഈ ചോദ്യം ചെയ്യലുകൾ എല്ലാം തന്നെ നടക്കുന്നത്.
ഇന്ദ്രിയാതീതമായ കഴിവുകളെക്കുറിച്ച് സാധാരണക്കാർക്കിടയിലും വിദ്യാസമ്പന്നർക്കിടയിലും ഒരുപോലെ താൽപര്യവും ആകാംക്ഷയും അജ്ഞതയും വിശ്വാസവും അന്ധവിശ്വാസവും ഒക്കെ കണ്ടു വരാറുണ്ട്. ഭാവി പ്രവചനം, ജ്യോതിഷം, മനസ്സ് വായിക്കുക, പഴയ ജന്മങ്ങളെ കുറിച്ചുള്ള ഓർമ്മകൾ, പുനർജന്മം, ടെലിപ്പതി, മനോജന്യ ചാലകശക്തി അഥവാ സൈക്കോകൈനസിസ്, ശൂന്യതയിൽ നിന്ന് ഭസ്മവും മറ്റു വസ്തുക്കളും സൃഷ്ടിക്കുക, ഭൂതപ്രേതാദികളുമായി സംസാരിക്കുകയും അവയെ കാണുകയും ചെയ്യുക, തുടങ്ങിയവയാണ് സാധാരണയായി ഇന്ദ്രിയാതീതമായ കഴിവുകളായി കണക്കാക്കപ്പെടുന്നത്. പത്രമാസികകളിലും ശാസ്ത്രപുസ്തകങ്ങളിലും ഇടയ്ക്കും മുറയ്ക്കും കണ്ടുവരുന്ന ഈ പ്രതിഭാസങ്ങളെ പറ്റിയുള്ള ലേഖനങ്ങളുടെ ധാരാളിത്തം രണ്ടുകാര്യങ്ങളിലേക്കാണ് പ്രകാശം പരത്തുന്നത്. ഒന്നുകിൽ ആളുകൾക്ക് ഇത്തരം കാര്യങ്ങളിൽ വിശ്വസിക്കാൻ ഇഷ്ടമാണ്. അല്ലെങ്കിൽ ഇത്തരം കാര്യങ്ങൾ ധാരാളം സംഭവിക്കുന്നു. കേട്ട് കേൾവി മാത്രമാണെങ്കിൽ ഇത്രയധികം ആളുകൾ ഇന്ദ്രിയാതീതമായ കഴിവുകളിൽ വിശ്വസിക്കുന്നത് എങ്ങനെയെന്നും എന്തിന് എന്നുമുള്ള ചോദ്യം ശാസ്ത്രജ്ഞരെ ഏറെക്കാലമായി കുഴയ്ക്കുന്ന ഒന്നാണ്. യുക്തിവാദികൾക്കും ശാസ്ത്രവാദികൾക്കും സിദ്ധാന്തങ്ങളും വിശ്വാസങ്ങളും പലതും ഉണ്ടെങ്കിലും പാരാസൈക്കോളജി എന്നും നിഗൂഢതയുടെ മറവിൽ നിന്ന് എത്തി നോക്കുന്ന ഒരു ശാസ്ത്രമാണ്. ശാസ്ത്രം എന്നതിലുപരി സയന്റോളജി എന്ന വിഭാഗത്തിലാണ് പാരാസൈക്കോളജിയെ ഇന്ന് ഉൾപ്പെടുത്തിയിരിക്കുന്നത്.
സൈക്യാട്രി എന്ന മനോരോഗ ചികിത്സാശാസ്ത്രം പാരാസൈക്കോളജിയെ സംശയദൃഷ്ടിയോടെയാണ് വീക്ഷിക്കുന്നത്. പാരാനോർമ്മൽ എന്ന് കരുതപ്പെടുന്ന മിക്ക അസ്വാഭാവിക പെരുമാറ്റങ്ങളുടെ അവകാശവാദങ്ങൾക്കും വസ്തുനിഷ്ഠമായ തെളിവുകൾ ഇല്ല. മാത്രമല്ല ഇവ സ്ഥാപിതമായ ശാസ്ത്രീയ തത്വങ്ങളുമായി പൊരുത്തപ്പെടുന്നുമില്ല. ടെലിപ്പതി, ബാധകൾ ആവേശിക്കുന്നത്, പില്ക്കാല ജീവിതഓർമ്മകൾ പോലുള്ള അനുഭവങ്ങൾ എന്നിവ മനോരോഗവിദഗ്ദ്ധർ പലപ്പോഴും ഹിസ്റ്റീരിയ, സൈക്കോസിസ് തുടങ്ങിയവ പോലുള്ള മനോരോഗാവസ്ഥകളായാണ് വ്യാഖ്യാനിക്കുന്നത്. ചില സൈക്യാട്രിസ്റ്റുകൾ അവരുടെ ആത്മനിഷ്ഠമായ അനുഭവത്തിന്റെ വെളിച്ചത്തിൽ രോഗികളുടെ അസ്വാഭാവിക വിശ്വാസങ്ങൾ പര്യവേക്ഷണം ചെയ്യാൻ തുറന്ന മനസ്സോടെ ശ്രമിക്കുമ്പോഴും, അവർ സാധാരണയായി അത്തരം അവകാശവാദങ്ങളെ രോഗനിർണ്ണയത്തിന്റെയോ അല്ലെങ്കിൽ ചികിത്സാ വീക്ഷണകോണിൽ നിന്നോ ഒക്കെയാണ് സമീപിക്കുന്നത്. സൈക്യാട്രി മനസ്സിനെക്കുറിച്ചുള്ള വസ്തുനിഷ്ഠമായ തെളിവുകളെ അടിസ്ഥാനമാക്കിയുള്ള ധാരണയ്ക്ക് ഊന്നൽ നൽകുകയും പാരാസൈക്കോളജിക്കൽ എന്ന രീതിയിലുള്ള പ്രതിഭാസങ്ങളെ അതിന്റെ മുഖ്യധാരയുടെ അതിർത്തികൾക്ക് പുറത്ത് നിർത്തുകയും ചെയ്യുന്നു.
ഇന്ദ്രിയാതീതമായ അനുഭവങ്ങൾക്കും അനുഭൂതികൾക്കും ദാഹാർത്തമായി കാത്തിരിക്കുന്ന ഒരു മാനസികാവസ്ഥയാണ് പലപ്പോഴും സമൂഹത്തിൽ കാണാൻ സാധിക്കുക. ഇത്തരം കാര്യങ്ങളെപ്പറ്റി വായിക്കുവാനും സംസാരിക്കുവാനുമുള്ള താല്പര്യവും ആകാംക്ഷയും സമൂഹത്തിലെ എല്ലാത്തരം വ്യക്തികളിലും കണ്ടു വരാറുണ്ട്. ശാസ്ത്രീയം എന്ന് തോന്നത്തക്ക രീതിയിൽ എഴുതപ്പെടുന്ന അശാസ്ത്രീയ ലേഖനങ്ങളും അവയുടെ ലേഖകന്മാരും ഈ അവസരം മുതലെടുക്കാൻ മടിക്കാറുമില്ല. അടുത്ത കാലത്ത് നമ്മുടെ ലോകത്ത് സംഭവിച്ച ഒരു കൊലപാതകത്തെ തുടർന്ന് “അസ്ട്രൽ ട്രാവൽ” എന്ന വാക്കിൽ തൂങ്ങി എത്ര മാനസികാരോഗ്യ പ്രവർത്തകാരാണ് മാധ്യമങ്ങളിൽ വീമ്പിളക്കുകയും എഴുതുകയുമൊക്കെ ചെയ്തത് എന്ന് ശ്രദ്ധിച്ചാൽ മതി, പലരുടെയും ശാസ്ത്രചിന്തയുടെ അടിത്തറ മനസ്സിലാക്കാൻ. എന്നാൽ ഇതിന് വിപരീതമായി ഇന്ദ്രിയാതീതാനുഭവങ്ങൾക്കെതിരെ എഴുതപ്പെടുന്ന ലേഖനങ്ങൾ പലപ്പോഴും വിസ്മൃതിയിലാണ്ട് പോവുകയാണ് പതിവ്. പാരാസൈക്കോളജിയുടെ അനുഭാവികൾ ഇന്ദ്രിയാതീതശക്തികൾ നിലനിൽക്കുന്നതിന് ഉപോൽബലകമായി ഈ സാക്ഷ്യം ചൂണ്ടിക്കാണിക്കാറുണ്ട്. നൂറോളം ശാസ്ത്രജ്ഞന്മാർ ഈ ശാസ്ത്രശാഖക്ക് വേണ്ടി ജീവിതമുഴിഞ്ഞു വച്ചിട്ടുണ്ട്. ആയിരത്തോളം ശാസ്ത്രജ്ഞന്മാർ പാരാസൈക്കോളജി ഒരു ശാസ്ത്രശാഖയല്ല എന്ന വാദത്തെ പിന്തുണയ്ക്കുന്നു. ജനനത്തിന്റെ ആദ്യദശയിൽ ശാസ്ത്രലോകത്ത് ഏറെ വാഴ്ത്തപ്പെട്ടുവെങ്കിലും പിന്നീട് ഇന്ദ്രിയാതീതമായി കരുതപ്പെട്ടിരുന്ന കഴിവുകളിൽ പലതും പലതരം തട്ടിപ്പുകൾ ആയിരുന്നു എന്ന് കണ്ടെത്തുകയുണ്ടായി. ഇത്തരം തട്ടിപ്പുകൾ ശാസ്ത്രജ്ഞരെ ഏറെ പേരെയും ഈ മേഖലയിൽ നിന്ന് അകറ്റിനിർത്തി. ഇതിൻറെ ഫലമായി സമാനവിശ്വാസികൾ മാത്രം ഉൾക്കൊള്ളുന്ന ഒരു ചെറിയ സംഘത്തിലേക്ക് പാരാസൈക്കോളജി ഒതുങ്ങിക്കൂടി. ശാസ്ത്രീയമെന്ന് പരക്കെ സ്ഥാപിക്കപ്പെട്ട യാഥാസ്ഥിതികത്വവും അശാസ്ത്രീയമെന്ന് മുദ്രകുത്തപ്പെട്ട യാഥാസ്ഥിതിക സമീപനങ്ങളും തമ്മിലുള്ള ഒരു കിടമത്സരമായി ഈ ശാഖകൾ തമ്മിലുള്ള പോരാട്ടം രൂപാന്തരപ്പെട്ടു. ശാസ്ത്രവും അതീത മന:ശാസ്ത്രവും വിശ്വാസവും അന്ധവിശ്വാസവുമായി പ്രതീകവൽക്കരിക്കപ്പെട്ടു. ഇന്ദ്രിയാതീതമായ കഴിവുകളെക്കുറിച്ചുള്ള ശാസ്ത്രീയമായ പഠനം എന്നുള്ള പാരാസൈക്കോളജിയുടെ അടിസ്ഥാനതത്വം അങ്ങനെ വിസ്മൃതിയിലാണ്ടു. ഇതിൻറെ ഫലമായി ഇന്ദ്രിയാതീതമായ കഴിവുകളുള്ളവരെ മനോരോഗികളായോ പ്രകൃത്യതീത ശക്തികൾ ഉള്ള അമാനുഷികരായോ കാണുന്ന പ്രവണത സമൂഹത്തിൽ തുടർന്നു വന്നു. പ്രാകൃതകാലത്തെ അന്ധവിശ്വാസങ്ങളുടെ തുടർച്ച മാത്രമായിരുന്നു അത്. ഇതോടൊപ്പം തന്നെ ശൂന്യതയിൽ നിന്നും ഭസ്മവും മറ്റു വസ്തുക്കളും സൃഷ്ടിക്കുക, മന്ത്രങ്ങളും യന്ത്രങ്ങളും മറ്റു വസ്തുക്കളും ഉപദേശിച്ചും സൃഷ്ടിച്ചും നൽകുക എന്നീ കാര്യങ്ങൾ ചെയ്യുന്ന വ്യക്തികളെ അമാനുഷിക പ്രഭാവമുള്ളവരായി കാണാനുള്ള പ്രവണതയും സമൂഹത്തിൽ വളർന്നുവന്നു. പലതരം തട്ടിപ്പുകാരും ഇത്തരം പ്രവൃത്തികളിലൂടെ സ്വയം പാരാസൈക്കോളജിസ്റ്റുകളായി സ്വയം അവതരിപ്പിച്ചു. അടുപ്പ് കത്തിച്ച് നാരായണഗുരുവിന്റെ ആത്മാവിനെ വരുത്തി എന്ന തരത്തിലുള്ള ഒരു പ്രചരണം പത്രവാർത്തകളിലൂടെ നമ്മുടെയൊക്കെ ശ്രദ്ധ പിടിച്ച് പറ്റിയിട്ട് ഏതാനും വർഷം മാത്രമേ ആയിട്ടുള്ളൂ. ഇത്തരം അവകാശവാദങ്ങളൊക്കെ എറെ താമസിയാതെ വിസ്മൃതമായതിനും കാലം തന്നെ സാക്ഷി.
സ്കോട്ടിഷ് ചിന്തകനും തത്വജ്ഞാനിയുമായ ഡേവിഡ് ഹ്യൂമിന്റെ ചിന്തകൾ ദിവ്യാത്ഭുതങ്ങളെ കുറിച്ചുള്ള ലോകത്തിൻറെ കാഴ്ചപ്പാടുകളെ ഏറെ സ്വാധീനിച്ചിട്ടുണ്ട്. “ആൻ എൻക്വയറി കൺസണിംഗ് ഹ്യൂമൻ അണ്ടർ സ്റ്റാൻഡിങ്” എന്ന തൻറെ പുസ്തകത്തിൽ ഹ്യൂം ഇപ്രകാരം അഭിപ്രായപ്പെട്ടു: “സാക്ഷ്യപത്രത്തിന്റെ അസത്യാവസ്ഥ അത് തെളിയിച്ചെടുക്കാൻ ശ്രമിക്കുന്ന അത്ഭുതത്തേക്കാൾ അത്യൽഭുതമാകാത്തിടത്തോളം അത്ഭുതങ്ങൾ സ്ഥാപിച്ചെടുക്കാൻ ഒരു സാക്ഷ്യപത്രത്തിനും കഴിയില്ല. മരിച്ച ഒരു മനുഷ്യൻ ജീവിതത്തിലേക്ക് മടങ്ങിവന്നു എന്ന് എന്നോടാരെങ്കിലും പറഞ്ഞാൽ ഞാൻ രണ്ടു സാധ്യതകളെപ്പറ്റി ചിന്തിക്കും. ഒന്ന് ഈ വ്യക്തി എന്നെ പറ്റിക്കാൻ ശ്രമിക്കുകയാണോ അതോ അയാളെ ആരെങ്കിലും പറ്റിച്ചതാകുമോ എന്ന്. രണ്ടാമതായി ഇതുപോലൊരു അത്ഭുതം യഥാർത്ഥത്തിൽ സംഭവിച്ചു കാണുമോ എന്നായിരിക്കും ഞാൻ ചിന്തിക്കുക. ഈ രണ്ടിൽ നിന്നും ഞാൻ വലിയ അത്ഭുതം സാധാരണയായി കളയുകയും മറ്റേത് സത്യമായി കരുതുകയും ചെയ്യും”.
പാരാസൈക്കോളജി എന്ന പേര് ശാസ്ത്രജ്ഞൻമാർ എന്നറിയപ്പെടുന്ന വലിയ ഒരു വിഭാഗം ആളുകളിൽ പരിഹാസവും പുച്ഛവും കൂടിക്കലർന്ന ഒരു വികാരമാവും ജനിപ്പിക്കുക. പാരാസൈക്കോളജി എന്നാൽ അത്ഭുതങ്ങൾ സത്യമെന്ന് തെളിയിക്കാനുള്ള വിഭാഗം എന്ന അബദ്ധധാരണയാണ് പലപ്പോഴും ഇതിൻറെ പിന്നിൽ.
മലയാള സിനിമയിൽ പാരാ സൈക്കോളജിസ്റ്റുകൾ കഥാപാത്രങ്ങളായി വരുന്നത് അപൂർവമാണ്. എന്നാൽ പാരാ സൈക്കോളജിക്കൽ അന്വേഷണത്തോട് സാമ്യമുള്ള രീതിയിൽ അസ്വാഭാവിക പ്രതിഭാസങ്ങളെ പര്യവേക്ഷണം ചെയ്യുന്ന വ്യക്തികളെ നിരവധി സിനിമകളിൽ കാണാറുണ്ട്. 1993-ൽ പുറത്തിറങ്ങിയ മണിച്ചിത്രത്താഴ് ആണ് ഇതിലൊരെണ്ണം. മനോരോഗ ചികിത്സകനായ സണ്ണി ജോസഫ് മനഃശാസ്ത്രത്തിന്റെയും അന്വേഷണാത്മക സാങ്കേതിക വിദ്യകളുടെയും മിശ്രിതം ഉപയോഗിച്ച് അസാധാരണ പ്രതിഭാസങ്ങളായി കരുതപ്പെടുന്ന മനോരോഗാവസ്ഥകൾ ശാസ്ത്രീയമാനത്തിലൂടെ വിശദീകരിക്കുന്നതാണ് ഈ സിനിമയുടെ ഇതിവൃത്തം. ആകാശ ഗംഗ (1999), അതിന്റെ രണ്ടാം ഭാഗമായ ആകാശ ഗംഗ 2 (2019) എന്നിവ പ്രേതാത്മാക്കളുടെ കുടുംബശാപങ്ങളെ ചുറ്റിപ്പറ്റിയുള്ള കഥയാണ്. പ്രേതം (2016) എന്ന ചിത്രത്തിൽ പാരാ സൈക്കോളജിക്കൽ ഡൊമെയ്നുമായി വ്യക്തമായി യോജിക്കുന്ന ഒരു പ്രേതഭവനത്തെക്കുറിച്ച് അന്വേഷിക്കുന്ന ഒരു മെന്റലിസ്റ്റിന്റെ വേഷമാണ് ജയസൂര്യ അവതരിപ്പിക്കുന്നത്. മറ്റൊരു ഉദാഹരണം എസ്ര (2017) എന്ന ചലച്ചിത്രമാണ്. ഇത് യഹൂദ മിസ്റ്റിസിസത്തെ മനഃശാസ്ത്രപരമായ സിദ്ധാന്തങ്ങളുമായി ചേർത്ത് സമന്വയിപ്പിക്കുന്ന സിനിമയാണ്. പാരാസൈക്കോളജിക്കൽ സങ്കേതങ്ങളോട് സാമ്യമുള്ള ഡിബ്ബുക്കുകളെയും മനുഷ്യരുടെ ഭൂതകാല ജീവിതബന്ധങ്ങളെയും കുറിച്ച് ഗവേഷണം നടത്തുന്ന കഥാപാത്രങ്ങളെ ഈ ചലച്ചിത്രത്തിൽ അവതരിപ്പിക്കുന്നുണ്ട്. ഈ സിനിമകൾ, നാടകീയതയിലും ഭീകരതയിലും വേരൂന്നിയതാണെങ്കിലും, ശാസ്ത്രീയ സംശയവും അമാനുഷികതയിലുള്ള വിശ്വാസവും തമ്മിലുള്ള പിരിമുറുക്കത്തെ പ്രതിഫലിപ്പിക്കുന്നു. നിർഭാഗ്യകരം എന്ന് തന്നെ പറയാം, ഇവയൊക്കെ പാരാസൈക്കോളജിയെക്കുറിച്ചുള്ള അന്ധവിശ്വാസങ്ങളെ കൂടുതൽ ശക്തമാക്കാനാണ് സഹായിച്ചത്.
മുൻവിധികളോടെയുള്ള ഗവേഷണ ഔത്സുക്യമാണ് പാരാസൈക്കോളജിക്ക് വേണ്ടിയും അതിനെതിരെയും പ്രവർത്തിച്ചവർ കൊണ്ട് നടന്നത് എന്നതും ശരിയായ ഗവേഷണ സാമഗ്രികൾ കണ്ടുപിടിക്കുന്നതിൽ നേരിട്ട് പരാജയങ്ങളും ഈ ശാസ്ത്ര ശാഖയുടെ വളർച്ച തടയുന്നതിൽ മുഖ്യ പങ്കു വഹിച്ചു. മരിച്ചു പോയവരുടെ ആത്മാക്കളുമായി ബന്ധം പുലർത്താൻ കഴിയുമെന്ന് അവകാശപ്പെട്ടവർ പലരും വ്യാജ വേഷധാരികൾ ആണെന്ന കണ്ടെത്തലും ഇവരിൽ പലരിലും മാനസികരോഗ ലക്ഷണങ്ങൾ കണ്ടെത്തിയതും പാരാസൈക്കോളജിയുടെ വളർച്ച തടയുന്നതിൽ മുഖ്യ ആയുധങ്ങളായി. എങ്കിലും മനോരോഗികൾ എന്ന് പരക്കെ അറിയപ്പെടുന്ന പലരിലും അപൂർവമായെങ്കിലും കാണപ്പെടുന്ന ഭാവി പ്രവചിക്കാനുള്ള കഴിവുകൾക്ക് അടുത്തകാലം വരെ വ്യക്തമായ ഉത്തരം ലഭ്യമായിരുന്നില്ല. എന്നാൽ മാനസികരോഗികളിലും ദിവ്യാത്ഭുതങ്ങൾ പ്രവർത്തിക്കുന്നവരിലും തലച്ചോറിലെ ടെമ്പറൽ ലോബ്, ലിംബിക് സിസ്റ്റം എന്നീ മസ്തിഷ്ക ഭാഗങ്ങളിൽ സമാന രീതിയിലുള്ള മാറ്റങ്ങൾ ഉള്ളതായി കണ്ടുപിടിക്കപ്പെട്ടിട്ടുണ്ട്.
അമേരിക്കൻ സസ്യ ശാസ്ത്രജ്ഞനായ ജെ ബി റെയിൻ (1895-1980) ന്റെ വരവോടെയാണ് പാരാസൈക്കോളജി അതിൻറെ വഴിയെപ്പറ്റിയും സാധ്യതകളെപ്പറ്റിയും കൂടുതലായി ആരാഞ്ഞു തുടങ്ങിയതും കണ്ടെത്തലുകൾ നടത്തി തുടങ്ങിയതും. അടിയുറച്ച ആധ്യാത്മിക വാദിയായ സർ ആർതർ കോനൻ ഡോയലിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് റൈൻ ഡ്യൂക്ക് സർവ്വകലാശാലയിൽ സ്ഥാപിച്ച പരീക്ഷണശാലയിലാണ് പാരാസൈക്കോളജിയുടെ ആദ്യകാല പരീക്ഷണങ്ങളിൽ പലതും നടത്തിയത്. നാളിതുവരെയുള്ള ചരിത്രത്തിൽ ഏറെ വിമർശിക്കപ്പെട്ടതും ഏറെ കൊണ്ടാടപ്പെട്ടതുമായ പരീക്ഷണങ്ങളിൽ ഏറിയ പങ്കും റൈനിന് അവകാശപ്പെട്ടതാണ്. അതീന്ദ്രിയമെന്ന് കൊട്ടിഘോഷിക്കപ്പെടുന്ന ശക്തികൾ സാധാരണ മാനസികകർമ്മങ്ങളുടെ ദീർഘിപ്പിക്കൽ മാത്രമാണെന്നും അതിനാൽ അവ പഠനവിധേയങ്ങൾ ആണെന്നും റൈൻ അഭിപ്രായപ്പെട്ടു. അഞ്ച് പ്രത്യേകതരം ചിഹ്നങ്ങൾ അടങ്ങിയ കാർഡുകളിലൂടെ (സെനർ കാർഡുകൾ) ടെലിപ്പതി, മനസ്സ് വായന, തുടങ്ങിയവയെക്കുറിച്ചുള്ള പഠനങ്ങൾക്ക് റൈൻ തുടക്കം കുറിച്ചു. എക്സ്ട്രാ സെൻസറി പെർസെപ്ഷൻ അഥവാ ഇ എസ് പി എന്ന ഒരു ശക്തി നിലനിൽക്കുന്നുണ്ടെന്ന് അദ്ദേഹം വാദിച്ചു.
പാരാസൈക്കോളജി എന്ന ശാസ്ത്ര ശാഖയിൽ പ്രവർത്തിക്കുന്നവരുടെ ഈ ശാസ്ത്രശാഖയെക്കുറിച്ചുള്ള മുൻവിധികളും മിധ്യാധാരണകളും ആണ് പാരാസൈക്കോളജി ഇന്ന് നേരിടുന്ന മുഖ്യപ്രശ്നം. മുൻവിധികൾ ഏതൊരു നല്ല പരീക്ഷണത്തിന്റെയും സുഗമവും കാര്യക്ഷമവുമായ മുഴുമിക്കലിന് വിഘാതമാകും എന്ന ലോകനിയമത്തിൽ നിന്ന് പാരസൈക്കോളജിയും വിമുക്തമല്ല. കാലാനുസരണമായി പരീക്ഷണ നിരീക്ഷണങ്ങളിൽ മാറ്റങ്ങൾ വരുത്തപ്പെട്ടിട്ടുണ്ടെങ്കിൽ കൂടി പാരസൈക്കോളജി ഇനിയും കുറ്റമറ്റ ഒരു പരീക്ഷണ ഗവേഷണ മാർഗത്തിനായുള്ള അന്വേഷണത്തിലാണ്.
ഏതൊരു ശാസ്ത്രപരീക്ഷണത്തിന്റെയും അടിത്തറയായി ചൂണ്ടിക്കാണിക്കപ്പെടുന്ന ആവർത്തനവും പുനരുൽപാദനവും പാരാസൈക്കോളജി പരീക്ഷണ നിരീക്ഷണങ്ങൾക്ക് സാധ്യമല്ല എന്നതാണ് വിശ്വസിക്കപ്പെടുന്ന മറ്റൊരു തത്വം. ആവർത്തന സ്വഭാവമില്ലാത്ത പരീക്ഷണഫലങ്ങൾ, പുനഃസൃഷ്ടിക്കാനാകാത്ത നിരീക്ഷണങ്ങൾ എന്നിവയാണ് പാരാസൈക്കോളജിയെ പാരാസൈക്കോളജി ആക്കുന്നത് എന്ന് സാരം. ആവർത്തിക്കപ്പെടുന്നവയും വീണ്ടും വീണ്ടും സൃഷ്ടിക്കപ്പെടുന്നവയും പൊതുവേ ഇന്ദ്രിയാതീതമായ കഴിവുകളായി കണക്കാക്കപ്പെടുന്നില്ല.
ഇന്ദ്രിയാതീതാനുഭവങ്ങൾക്കുള്ള ഒരു പ്രധാന പിന്തുണ ലഭിക്കുന്നത് സർവ്വലൌകീകമെന്ന് അംഗീകരിക്കപ്പെട്ട മനസ്സിൻറെ ഒരു ഉപായത്തിൽ നിന്നുമാണ്. സംഭവിക്കണമെന്ന് നാം ആഗ്രഹിക്കുന്ന ചില കാര്യങ്ങൾ ആകസ്മികമായി സംഭവിക്കുകയാണെങ്കിൽ അതിൽ നമുക്കുള്ള വിശ്വാസം കൂടുകയും അതേസമയം ഇത്തരം ആകസ്മിക അനുഭവങ്ങൾ ഉണ്ടാകാത്ത ഏറെ അവസരങ്ങൾ വിസ്മൃതിയിലാണ്ട് പോവുകയും ചെയ്യും എന്നതാണ് ആ തത്വം. ഒരുപക്ഷേ ശരീരശാസ്ത്രത്തിന് ഉപരിയായി നമ്മിൽ ചില രഹസ്യങ്ങൾ ഒളിച്ചിരിക്കുന്നു എന്ന് വിശ്വസിക്കാനുള്ള മനുഷ്യമനസിന്റെ പ്രവണതയിലേക്കായിരിക്കാം ഇത് വിരൽചൂണ്ടുന്നത്.
ഇന്ന് മെന്റലിസം, മാജിക്, ഹിപ്പ്നോട്ടിസം തൂടങ്ങിയ മാർഗ്ഗങ്ങളിലൂടെ അമാനുഷമെന്ന് ഒരിക്കൽ കരുതിയിരുന്ന പല പ്രതിഭാസങ്ങളെയും നാം വെറും “ട്രിക്ക്” കളായി മനസ്സിലാക്കിക്കൊണ്ടിരിക്കുന്നു. കാലം കഴിയുന്തോറും ഇത്തരം വിശ്വാസങ്ങളുടെയും അന്ധവിശ്വാസങ്ങളുടെയും ഉള്ളുകളളികൾ പുറമേക്ക് എത്തുമെന്ന് പ്രതീക്ഷിക്കാം.
താല്പര്യത്തോടും ശ്രദ്ധയോടും കൂടി സ്വന്തം ജീവിതം തന്നെ പാരാസൈക്കോളജി എന്ന ശാസ്ത്രശാഖയ്ക്ക് വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച എല്ലാ ശാസ്ത്രജ്ഞന്മാരെയും അവരുടെ പഠനങ്ങളെയും അവഗണനയോടുകൂടി കാണുന്നതിന് പകരം അവരുടെ സ്വഭാവത്തിന്റെ പ്രത്യേകതകളെക്കുറിച്ചും അവർ നടത്തിയ പഠനങ്ങളുടെ നല്ലതും ചീത്തയുമായ വശങ്ങളെക്കുറിച്ചും പഠിക്കുന്നത് ചിലപ്പോൾ ഭാവി ഗവേഷകർക്ക് ഏറെ സഹായകമായിരിക്കാം.
ഇതോടനുബന്ധിച്ച് നാം അറിയേണ്ട മറ്റൊരു വാക്കാണ് അനോമലസ് സൈക്കോളജി എന്നത്. അനോമലസ് സൈക്കോളജിയും പാരാസൈക്കോളജിയും മുഖ്യധാരാ മനഃശാസ്ത്രത്തിന്റെ അതിർവരമ്പുകൾക്ക് പുറത്തുള്ള അസാധാരണ അനുഭവങ്ങളും പ്രതിഭാസങ്ങളുമാണ് പഠനവിധേയമാക്കുന്നത്. ടെലിപ്പതി, ക്ലെയർവോയൻസ്, സൈക്കോകൈനസിസ്, മരണാനന്തര ജീവിതം തുടങ്ങിയ പ്രതിഭാസങ്ങളിൽ പാരാ സൈക്കോളജി പ്രത്യേകമായി ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ, മനഃശാസ്ത്രപരമോ ന്യൂറോളജിക്കലോ സാമൂഹിക സാംസ്കാരികമോ ആയ സംവിധാനങ്ങളിലൂടെ ഇതേ അനുഭവങ്ങൾ വിശദീകരിക്കാനാണ് അനോമലസ് സൈക്കോളജി മുതിരുന്നത്. അനോമലസ് സൈക്കോളജി സംശയാസ്പദവും ശാസ്ത്രീയവുമായ സമീപനം സ്വീകരിക്കുകയും, തെറ്റായ ധാരണകളും, വൈജ്ഞാനിക പക്ഷപാതങ്ങളും മനഃശാസ്ത്രപരമായ അവസ്ഥകളുമാണ് ഇത്തരം അനുഭവങ്ങൾക്ക് കാരണമെന്ന സിദ്ധാന്തം മുന്നോട്ട് വെയ്ക്കുകയും ചെയ്യുന്നു. മറിച്ച്, പാരാ സൈക്കോളജി സാധാരണയായി ഈ പ്രതിഭാസങ്ങളിൽ ചിലത് യഥാർത്ഥവും പ്രായോഗിക മൂല്യനിർണ്ണയത്തിന് യോഗ്യവുമാകാം എന്ന അനുമാനത്തിൽ നിന്നാണ് പ്രവർത്തിക്കുന്നത്. വ്യത്യസ്ത വീക്ഷണങ്ങളിലൂടെയാണെങ്കിലും, അസാധാരണമായ മാനുഷികാനുഭവങ്ങൾ മനസ്സിലാക്കുന്നതിന് ഈ രണ്ട് മേഖലകളും അതിന്റേതായ രീതിയിലുള്ള സംഭാവനകൾ നല്കുന്നു എന്നാണ് നാം മനസ്സിലാക്കേണ്ടത്.
പാരാസൈക്കോളജി പരമ്പരാഗത ശാസ്ത്രത്തിന്റെ അതിരുകളെ വെല്ലുവിളിക്കുകയും മനുഷ്യ മനസ്സിന്റെയും ബോധത്തിന്റെയും രഹസ്യങ്ങൾ പര്യവേക്ഷണം ചെയ്യാൻ നമ്മെ ക്ഷണിക്കുകയും ചെയ്യുന്ന ഒരു ശാഖയാണ്. സന്ദേഹവാദം അത്യന്താപേക്ഷിതമാണെങ്കിലും, തുറന്ന മനസ്സോടെയുള്ള അന്വേഷണം നാം ഇതുവരെ പൂർണ്ണമായി മനസ്സിലാക്കാത്ത പ്രതിഭാസങ്ങളെക്കുറിച്ചുള്ള അഗാധമായ ഉൾക്കാഴ്ചകളിലേക്ക് നമ്മെ നയിച്ചേക്കാം. അസാധാരണമായ കാര്യങ്ങളിലേക്കുള്ള യാത്ര കേവലം തെളിവ് തേടുന്നതിനുവേണ്ടി മാത്രമല്ല. സാധ്യമാണെന്ന് നാം വിശ്വസിക്കുന്ന കാര്യങ്ങളുടെ ചക്രവാളങ്ങൾ വികസിപ്പിക്കുന്നതിനെക്കുറിച്ച് അറിയുവാനും വേണ്ടി കൂടിയുള്ളതാണ് ആ യാത്ര.
For further reading
1. Radin DI. The Conscious Universe: The Scientific Truth of Psychic Phenomena. New York: HarperOne; 1997.
2. French CC, Stone A. Anomalistic Psychology: Exploring Paranormal Belief and Experience. London: Palgrave Macmillan; 2014.
3. Broughton RS. Parapsychology: The Controversial Science. New York: Ballantine Books; 1991.
4. Marks DF, Kammann R. The Psychology of the Psychic. Buffalo (NY): Prometheus Books; 2000.
5. Cardeña E, Lynn SJ, Krippner S, editors. Varieties of Anomalous Experience: Examining the Scientific Evidence. 2nd ed. Washington (DC): American Psychological Association; 2014.





Comments