top of page

അക്കപ്പോരിൻ്റെ ഇരുപത് നസ്രാണിവർഷങ്ങൾ - ഒരു ഉത്തരാധുനിക ചരിത്രാഖ്യായിക

Updated: Apr 15

ഡോ. ടി.എം മാത്യു


പ്രബന്ധസംഗ്രഹം

മനുഷ്യൻ്റെ സാംസ്കാരിക ചരിത്രത്തിലെ സുപ്രധാന വഴിത്തിരിവുകളിൽ ഒന്നാണ് ക്രിസ്തുവിൻ്റെ കടന്നുവരവ്. മാനവികതയിൽ ഊന്നിയ പുതിയ നിയമം മനുഷ്യചരിത്രത്തെ സാംസ്കാരികമാക്കുന്നതിൽ വലിയ പങ്കു വഹിച്ചു. ക്രിസ്തു ലോകത്തിന് പകർന്നു നൽകിയ ദർശനിക ഗൗരവവും ഉദാത്തതയും കാലക്രമത്തിൽ മതാചാരങ്ങളും വിശ്വാസപ്രമാണങ്ങളുമായി പലവിധത്തിൽ ലോകമെമ്പാടും പ്രചരിച്ചു. ക്രിസ്തുവിലുള്ള വിശ്വാസത്താൽ രൂപംകൊണ്ട കേരളത്തിലെ മലങ്കരസഭയിലുണ്ടായ സംഘർഷങ്ങൾ അനുപമമായ നർമ്മബോധത്തോടെ അവതരിപ്പിച്ച നോവലാണ് 'അക്കപ്പോരിൻ്റെ ഇരുപത് നസ്രാണി വർഷങ്ങൾ'. ക്രിസ്തുമത മഹത്വത്തിന് നിരക്കാത്ത തർക്കങ്ങളും ജാത്യാഭിമാനവും കുടുംബാഭിമാനവും സ്വാർത്ഥതാൽപര്യങ്ങളും ദുർവാശികളും കുതന്ത്രങ്ങളുമെല്ലാം ഈ നോവലിൽ വളരെ വിശദമായി ബെന്യാമിൻ അവതരിപ്പിച്ചിരിക്കുന്നു. സാമൂഹികചരിത്രവും മതചരിത്രവും ചരിത്ര പുരുഷൻമാരായ നിരവധി വ്യക്തികളും കഥാപാത്രങ്ങളായി ഈ നോവലിൽ അവതരിപ്പിക്കപ്പെടുന്നുണ്ട്. സ്ഥലവും കാലവും കഥാപാത്രങ്ങളും വിശ്വസനീയമാണെങ്കിലും നോവലിലെ സംഭവങ്ങൾ അധികവും നോവലിസ്റ്റിന്റെ ഭാവനയിൽ ഉരുത്തിരിഞ്ഞുവന്നവയാണ്. ചെറുപ്രാദേശികതകളുടെ സൂക്ഷ്മരാഷ്ട്രീയം അവതരിപ്പിക്കുക എന്ന ഉത്തരാധുനിക രചനകളുടെ പ്രധാന സവിശേഷത ഈ നോവലിൽ ദൃശ്യമാണ്. അതുകൊണ്ടുതന്നെ ഈ നോവലിനെ ഉത്തരാധുനികകാലത്തിന് അനുയോജ്യമായ ചരിത്രാഖ്യായികയായി

വിശേഷിപ്പിക്കുന്നു.


താക്കോൽ വാക്കുകൾ

സ്ഥാപനവൽക്കരണം-ഹൈരാർക്കി- മിത്തുവൽക്കരണം - ആക്ഷേപഹാസ്യം - കാരിക്കേച്ചർ etc

ബൃഹത് ആഖ്യാനങ്ങളിൽ നിന്നും ചെറുപ്രാദേശികതയിലെ സാംസ്കാരിക പരിസരങ്ങളിലേക്കുള്ള തിരിച്ചുവരവ് ഉത്തരാധുനികതയുടെ പ്രധാന സവിശേഷതകളിൽ ഒന്നായിരുന്നു. ക്ലാസിക് കാലഘട്ടം താങ്ങി നിർത്തിയിരുന്ന മൂല്യബോധങ്ങളിൽ നിന്നും മുഖംതിരിച്ചു കൊണ്ട് പുതിയ ഒരു ലോകബോധത്തോടുകൂടി മനുഷ്യൻ ചുറ്റുപാടുകളുടെ സവിശേഷ യാഥാർത്ഥ്യങ്ങളെ ഗ്രഹിക്കാൻ ശ്രമിക്കുന്നത് ഉത്തരാധുനിക സാഹിത്യത്തിൽ കണ്ടെത്താനാവും. അതിഭൗതികവും അലൗകികവും ഐതിഹാസികവുമായ അയഥാർത്ഥ സങ്കൽപ്പനങ്ങളിൽ നിന്നും പിന്തിരിയുകയും അധികമാരും ശ്രദ്ധിക്കാതെ കഴിഞ്ഞിരുന്ന ചെറുപ്രാദേശികതകൾക്ക് ജീവൻ നൽകുകയുംചെയ്യുന്ന സവിശേഷ കാഴ്ചപ്പാടുകൾ എല്ലാ സാഹിത്യരൂപങ്ങളിലും തന്നെ ആവിഷ്ക്കരിക്കപ്പെട്ടു.1980 ഓടുകൂടി മലയാളസാഹിത്യത്തിൽ സംഭവിച്ച ഭാവുകത്വവ്യതിയാനം ഇത്തരത്തിലുള്ളതായിരുന്നു. ചരിത്രം, സാമൂഹ്യശാസ്ത്രം, മതം, കല തുടങ്ങിയ തലങ്ങളിലെല്ലാം അഴിച്ചുപണിയുടെ സാധ്യതകൾ ഉത്തരാധുനിക കാലം കണ്ടെത്തുകയുണ്ടായി.പാരിസ്ഥിതിക വിചാരം, സ്ത്രീവാദ ചിന്തകൾ, പാർശ്വവൽക്കരിക്കപ്പെട്ടവരോ തമസ്കരിക്കപ്പെട്ടവരോ ആയ മനുഷ്യരുടെ ലോകബോധങ്ങളെ വീണ്ടെടുക്കൽ തുടങ്ങിയ പ്രവണതകൾ ഇതിൻ്റെ ഭാഗമായി സാഹിത്യത്തിൽ സജീവമായിതീർന്നു. സത്യം /അസത്യം, ചരിത്രം/ഭാവന തുടങ്ങിയ വൈരുദ്ധ്യാത്മകമായ സങ്കല്പനങ്ങൾ വളരെ സങ്കീർണമായി കൂട്ടിക്കലർത്തപ്പെട്ടു. ഉത്തരാധുനിക ഭാവുകത്വത്തെ അടയാളപ്പെടുത്തുന്ന നിരവധി നോവലുകളിൽ

വ്യത്യസ്ത പുലർത്തുന്ന ഒരു നോവലാണ് ബെന്യാമിൻ എഴുതിയ അക്കപ്പോരിൻ്റെ 20 നസ്രാണിവർഷങ്ങൾ. നസ്രായനായ ക്രിസ്തുവിൻ്റെ പ്രബോധനങ്ങളെ സ്വാംശീകരിച്ചുകൊണ്ട് പ്രാദേശികസാഹചര്യങ്ങളിൽ രൂപംകൊണ്ട സഭകളുടെ ആന്തരിക ജീർണ്ണതകളും മതവത്കരിക്കപ്പെട്ടതിലെ വൈരുദ്ധ്യങ്ങളും തിരിച്ചറിഞ്ഞുകൊണ്ട് ആക്ഷേപഹാസ്യം സൃഷ്ടിക്കുകയാണ് ഈ നോവലിലൂടെ ബെന്യാമിൻ ചെയ്യുന്നത്.

മനുഷ്യൻ്റെ  സാംസ്കാരിക ചരിത്രത്തിലെ  പ്രധാന വഴിത്തിരിവുകളിൽ ഒന്നായിരുന്നു ക്രി       സ്തുവിൻ്റെ പ്രബോധനങ്ങൾ.

നിയമങ്ങളും ആചരണങ്ങളുമായി അധഃപതിച്ച യഹൂദമതത്തെ ശുദ്ധീകരിച്ചുകൊണ്ടാണ് ക്രിസ്തു മാനവികതയിൽ ഊന്നിയ പുതിയ നിയമം അവതരിപ്പിച്ചത്. നിസ്വാർത്ഥമായ സ്നേഹം,അപാരമായ കരുണ,

പ്രതികാരദാഹത്തിന് പകരം ക്ഷമ, ആത്മശുദ്ധീകരണത്തിനു വേണ്ടിയിട്ടുള്ള സഹനം തുടങ്ങിയ ക്രിസ്തുവിൻ്റെ സുവിശേഷസാരങ്ങൾ ലോകമെമ്പാടും പ്രചരിക്കുകയുണ്ടായി. അതോടെ കണ്ണിനു പകരം കണ്ണ്, പല്ലിനു പകരം പല്ല്  എന്ന എന്ന നിലയിൽ അപക്വമായിരുന്ന മനുഷ്യപ്രകൃതി കുറെയധികം പരിണമിക്കുകയുണ്ടായി.കാടത്തത്തിൽ നിന്ന് സംസ്കാരത്തിലേക്കുള്ള പരിണാമമാണ് ക്രിസ്തുവിൻ്റെ സഹന ജീവിതബലികൊണ്ട്

സാധ്യമായത്.

ലൗകികമായ രീതിയിൽ നോക്കിയാൽ ഇത്തരത്തിലുള്ള പരിണാമം സൃഷ്ടിക്കാൻ ആയതാണ് ക്രിസ്തുവിൻ്റെ രക്ഷാകരദൗത്യം എന്ന് പറയുന്നത്. എന്നാൽ കാലക്രമേണ രാജകീയ മതമായി മാറിയതോടെ ക്രിസ്തുവിൻ്റെ വിശുദ്ധമായ പ്രബോധനങ്ങൾ വളരെ വലിയ സ്ഥാപനവൽക്കരണത്തിനു വിധേയമായി. ചോദ്യം ചെയ്യാനാവാത്തവിധം കെട്ടുറപ്പുള്ള ഒരു ശ്രേണീബദ്ധതയും (Hirarchy) അനുബന്ധ പ്രവർത്തനങ്ങളും പല രൂപങ്ങളിൽ ലോകമെമ്പാടും പ്രചരിച്ചു. അങ്ങനെ ലോകത്തിലെ തന്നെ ഏറ്റവും വലിയ മതവും ഏറ്റവും വലിയ സംഘടനയും എന്ന നിലയിൽ ക്രിസ്തു മതം ചരിത്രത്തിൻ്റെ മേലുള്ള നിർണായക ശക്തിയായിത്തീർന്നു. വളർച്ചയുടെ  പാതയിൽ ക്രിസ്തുവിന്റെ പ്രബോധനങ്ങൾ അതിവിശാലമായ മറ്റൊരു തലത്തിലേക്ക് എത്തിച്ചേർന്നു. ക്രിസ്തുവുമായി യാതൊരു ബന്ധവുമില്ല എന്ന് തോന്നുന്ന വിധത്തിലുള്ള സംഘടിതസംഘങ്ങൾ വരെ ഇത്തരത്തിൽ ലോകത്തിൽ ഉണ്ടായിട്ടുണ്ട്. ദാർശനിക ഗൗരവവും അത് നൽകുന്ന ഉദാത്തതയും ഉത്തരാധുനികകാലത്ത് നിലംപരിശായി മാറി. 'അക്കപ്പോരിൻ്റെ ഇരുപത് നസ്രാണി വർഷങ്ങൾ' എന്ന നോവൽ ഈ സാംസ്കാരിക അപചയം മനസ്സിലാക്കിയതിൻ്റെ ഉത്തമ ദൃഷ്ടാന്തമാണ്

       ക്രിസ്തുമതപ്രചരണം ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിച്ചത് പ്രാദേശികമായി പലതരത്തിലുള്ള ആചാര അനുഷ്ഠാനങ്ങളെ സ്വാംശീകരിച്ചുകൊണ്ടാണ്.ബൈബിളിന്റെ ചരിത്രത്തിൽനിന്നും വ്യത്യസ്തമായി പല പ്രാദേശികതകളിലും ക്രിസ്തുമതവിശ്വാസം പലതരത്തിൽ രൂപഭേദങ്ങൾ ആർജ്ജിച്ചു. അങ്ങനെ പരസ്പരവിരുദ്ധങ്ങൾ പോലും ആയ സഭകൾ രൂപംകൊണ്ടു. പ്രാദേശിക പാരമ്പര്യങ്ങളിൽ അധിഷ്ഠിതമായ വ്യത്യസ്തസഭകളിൽ അധികാര തർക്കങ്ങളാലും അധിനിവേശ ശ്രമങ്ങളാലും പലതരത്തിലുള്ള സംഘർഷങ്ങൾ ഉണ്ടായിട്ടുണ്ട്. കേരള ക്രൈസ്തവസഭയിലെ നാനാവിധമായ അവാന്തരവിഭാഗങ്ങൾക്ക് കാരണമായ സഭാചരിത്ര വസ്തുതകൾ കേരള സഭാചരിത്രം പഠിക്കുന്നവർക്ക് മനസ്സിലാക്കാൻ ആവും .1. എന്നാൽ ക്രൈസ്തവ വിശ്വാസത്തെപ്പോലും അപഹാസ്യമാക്കുന്ന തരത്തിലുള്ള വടംവലികളും ചേരിതിരിവുകളും 

സഭാചരിത്രത്തിൽ പല കാലങ്ങളിലും സംഭവിച്ചിട്ടുണ്ട്. ഇത് പ്രാദേശികപാരമ്പര്യങ്ങളുടെ സവിശേഷ സാഹചര്യങ്ങളിൽനിന്നും ഉടലെടുത്തു വരുന്നവയാണ്. 'അക്കപ്പോരിൻ്റെ ഇരുപത് നസ്രാണി  വർഷങ്ങൾ' എന്ന ചെറുനോവലിലൂടെ ബെന്യാമിൻ വിവരിക്കാൻ ശ്രമിക്കുന്നത് സഭാചരിത്രത്തിലെ ഇത്തരത്തിലുള്ള ഉപരിപ്ലവ വിശ്വാസങ്ങളുടെ സംഘർഷ സാഹചര്യങ്ങളാണ്. സി വി രാമൻപിള്ളയുടെ ചരിത്രാഖ്യായികകൾ ഐതിഹാസികവും അലൗകികവുമായ തലങ്ങളെ സ്പർശിച്ച് നിൽക്കുന്നതായിട്ടാണ് നാം കാണുന്നത് എന്നാൽ പ്രാദേശികമതചരിത്രത്തെ വിഷയമാക്കുന്ന ഈ രചന കോമാളിത്തത്തിലേക്ക് തരംതാണ മനുഷ്യരുടെ സങ്കുചിത താൽപര്യങ്ങളാണ് വിഷയമാക്കുന്നത്.

ചരിത്രത്തെ മിത്തുവത്ക്കരണത്തിനു വിധേയമാക്കുന്ന രചനാരീതിയാണ് അക്കപ്പോരിൻ്റെ ഇരുപത് നസ്രാണിവർഷങ്ങൾ എന്ന നോവലിൽ സ്വീകരിച്ചിട്ടുള്ളത് .ഇത് നോവലിന്റെ ആരംഭത്തിൽ നോവലിസ്റ്റ് വ്യക്തമാക്കുന്നുണ്ട്. “ ഈ നോവലിൽ പരാമർശിക്കപ്പെടുന്ന വ്യക്തികളിൽ പലരും ജീവിച്ചിരുന്നവരോ ജീവിച്ചിരിക്കുന്നവരോ ആണ്. അതുപോലെ പരാമർശിക്കപ്പെടുന്ന സ്ഥാപനങ്ങളും നിലവിലുള്ളവ തന്നെ. എന്നാൽ അവരുടെ മേൽ ആരോപിക്കപ്പെട്ടിരിക്കുന്ന കഥകളും സംഭവങ്ങളും ഈ കഥാകൃത്തിന്റെ വെറും ഭാവനാസൃഷ്ടി മാത്രമാണ്. അത് ആരെയും അപകീർത്തിപ്പെടുത്തുവാൻ ഉദ്ദേശിച്ചിട്ടുള്ളതല്ല. സംഭവങ്ങളെ മറ്റൊരു വീക്ഷണകോണിലൂടെ നോക്കി കാണുന്നു എന്നുമാത്രം".2 അതുകൊണ്ട് നോവൽ അനന്തരം ആരും അക്കപ്പോരിന് വരരുതെന്ന് നോവലിസ്റ്റ് അഭ്യർത്ഥിക്കുന്നു.തൻ്റെ കൺമുമ്പിലുള്ളതോ ഉണ്ടായിരുന്നതോ ആയ വിഷയങ്ങളെ ആസ്പദമാക്കി നോവൽ എഴുതുന്നവർ പലപ്പോഴും വലിയ പ്രയാസങ്ങളെ അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ട്. ആമുഖമായി കൊടുക്കുന്ന ഈ വാക്യം ഒരു മുൻകൂർ ജാമ്യം തന്നെയാണ്. എഴുത്തുകാർ വിവാദങ്ങളെ സമർത്ഥമായി കൈകാര്യം ചെയ്യുന്നതിനുവേണ്ടി ബുദ്ധിപൂർവം ഉപയോഗിക്കുന്ന ഒരു പരിചയാണ് കലാവിഷ്കാരങ്ങളുടെ മുമ്പിൽ കൊടുക്കാറുള്ള ഇത്തരത്തിലുള്ള പ്രസ്താവനകൾ. മതപരമായ കാര്യങ്ങൾ മനുഷ്യൻ വളരെ വികാരപരമായി കൈകാര്യം ചെയ്തു പോരുന്നവയാണ്. ആരുടെയും വികാരങ്ങൾ വ്രണപ്പെടാതെ സൂക്ഷിക്കുക എന്നുള്ളത് ഓരോ പൗരന്റെയും ഉത്തരവാദിത്വവുമാണ്. സ്വന്തം സമുദായത്തിന്റേതെങ്കിൽകൂടി സമുദായ അംഗങ്ങളെ മുറിപ്പെടുത്താതെ തനിക്ക് പറയാനുള്ളത് വ്യക്തമാക്കി പറയാൻ ബെന്യാമിൻ നോവലിൽ പരിശ്രമിച്ചിട്ടുണ്ട് . ചരിത്രവും ഭാവനയും തിരിച്ചറിയാനാവാത്തവിധം സങ്കീർണ്ണമായി

കൂട്ടിക്കലർത്തിയാണ് ഈ നോവൽ രചിച്ചിരിക്കുന്നത്. നിരവധി ചരിത്ര പുരുഷന്മാർ ഈ നോവലിൽ കഥാപാത്രങ്ങളായി കടന്നുവരുന്നുണ്ട്. നോവലിസ്റ്റ് തൻ്റെ ഭാവനയുടെ മൂശയിൽ അവർക്ക് മറ്റൊരു മുഖം നല്കി വാർത്തെടുക്കുന്നു. ചരിത്രത്തിൻ്റെ വസ്തുനിഷ്ഠത ഉത്തരാധുനിക കാലത്ത് ചോദ്യം ചെയ്യപ്പെടുന്നുണ്ട്. ചരിത്രം പല കോണുകളിലൂടെ വീക്ഷിക്കാവുന്നതും വീക്ഷിക്കപ്പെടേണ്ടതും ആണെന്ന ധാരണയാണ് ഈ കാലം മുന്നോട്ടുവയ്ക്കുന്നത്. 'അക്കപ്പോരിന്റെ ഇരുപത് നസ്രാണി വർഷങ്ങൾ' എന്ന നോവൽ ചരിത്രത്തിൻ്റെ ബഹുസ്വരസാധ്യതകൾക്ക് പ്രാധാന്യം നൽകുന്നു. എഴുത്തുകാരൻ തികച്ചും ആക്ഷേപഹാസ്യസ്വഭാവമുള്ള സ്വതന്ത്രഭാവനയിലൂടെ നവചരിത്രനിർമ്മാണത്തിലേക്ക് സഞ്ചരിക്കുന്നു.

            ആക്ഷേപഹാസ്യസ്വഭാവമാണ് ഈ നോവലിനുള്ളത്. എല്ലാത്തിനേയും ചിരിയോടെ നോക്കി അകലം പാലിക്കുന്ന വീക്ഷണമാണ് നോവലിസ്റ്റിനുള്ളത്. ക്രിസ്തുവിൻ്റെ പ്രബോധനങ്ങളുടെ ദാർശനികമഹത്വത്തെ ആധാരമാക്കുക എന്ന ദുഷ്കരമായ കൃത്യം പല പാശ്ചാത്യ നോവലുകളിലും സ്വീകരിച്ചിട്ടുള്ളത് കാണാം. ദസ്തേവ് സ്കിയുടെ 'കരമസോവ് സഹോദരന്മാർ', വിക്ടർ യൂഗോയുടെ 'പാവങ്ങൾ' തുടങ്ങിയ നോവലുകളുടെ ദാർശനികലോകം ക്രിസ്തുവിൻ്റെ പ്രബോധനങ്ങളിലൂടെ സൃഷ്ടിക്കപ്പെട്ട പുതിയ നിയമങ്ങളുടെ മൂല്യ സംഘർഷങ്ങളാണ്. എന്നാൽ ബെന്യാമിൻ അത്തരത്തിലുള്ള ഒരു   തലത്തെ സ്പർശിക്കാൻ താല്പര്യപ്പെടുന്നില്ല. ക്രിസ്തുവും മതവും കേവലവിശ്വാസങ്ങളായി കൊണ്ടുനടക്കുന്ന സാധാരണമനുഷ്യരുടെ ഇത്തിരിവട്ടം പോന്ന മനോമണ്ഡലങ്ങളും സാമൂഹ്യപരിസ്ഥിതികളുമാണ് നോവലിസ്റ്റ് വിശദമാക്കുന്നത്. കേരളീയ പൊതു മണ്ഡലത്തിന് അപരിചിതമാണ് അക്കപ്പോര് പ്രമേയമാക്കുന്നത്. പത്രവാർത്തകളിൽ ഇടം പിടിക്കുന്ന വിഷയമാണെങ്കിലും ഇതിലെ ഉള്ളുകള്ളികൾ സഭാവിശ്വാസികൾക്ക് മാത്രമേ മനസ്സിലാക്കാനാവുകയുള്ളൂ. തർക്കത്തിലേർപ്പെട്ട സമുദായാംഗങ്ങളുടെ വിശ്വാസജീവിതത്തിൻ്റെ പൊള്ളത്തരങ്ങളും ആഴമില്ലായ്മയുംപൊങ്ങച്ചങ്ങളും മിഥ്യാഭിമാനങ്ങളും ജാത്യാഭിമാനങ്ങളും ഒക്കെ നോവലിസ്റ്റ് ഹാസ്യാത്മകമായി അവതരിപ്പിക്കുന്നു.ഇവരുടെ വീക്ഷണ വൈകല്യങ്ങളെ ഉള്ളിൽകൊള്ളുന്ന വിധത്തിൽ വിമർശിക്കുവാനും കോമാളിത്തമെന്നോണം നോക്കിക്കാണുവാനും നോവലിസ്റ്റ് ശ്രമിക്കുന്നു. കാരിക്കേച്ചർ രചനയുടെ മാതൃകയിലാണ് കഥാപാത്രങ്ങളെ നോവലിസ്റ്റ് വിന്യസിച്ചിട്ടുള്ളത്.

വിവരണകലയുടെ അനായാസതയിലാണ് നോവലിൻ്റെ വിജയം കുടികൊള്ളുന്നത്. അനർഗളമായി സംഭവിക്കുന്ന ഭാഷാപ്രവാഹം തന്നെ ഈ നോവലിൻ്റെ വിവരണത്തിൽ കാണാം. നോവലിന്റെ ഏത് ഭാഗത്ത് നിന്ന് വേണമെങ്കിലും മതിയായ ഉദാഹരണങ്ങൾ കണ്ടെത്താവുന്നതാണ്. നോവലിന്റെ പത്താം അധ്യായത്തിൽ മാന്തളിർ മത്തായിയെ വർണ്ണിക്കുന്ന ഒരു ഭാഗം നോക്കുക. “ മാന്തളിർ കുഞ്ഞൂഞ്ഞ് വീട്ടിയാണെങ്കിൽ മാന്തളിർ മത്തായി കരിവീട്ടിയാണ്. ദേഹമിടുക്കും തിണ്ണ മിടുക്കും അതുപോലെ. ആറടി നീളം,നീണ്ട മൂക്ക്,വിരിഞ്ഞ നെഞ്ച്,പൂർവികന്മാരുടെ ശീലം പിന്തുടർന്ന് അഞ്ചര വെളുപ്പിനെ ഉണർന്നെഴുന്നേൽക്കും. എരുത്തലിന്റെ വടക്കേ മുറിയിൽ സൂക്ഷിച്ചിരിക്കുന്ന കൂന്താലികളിൽ തലവിളക്കമുള്ളത് നോക്കി ഒരെണ്ണമെടുത്ത് തോളത്തുവച്ച് ഒരു കുട്ടിത്തോർത്തും ചുറ്റി ചോവൻ്റയ്യത്തേക്ക് ഒരു നടത്തമാണ്. പ്രാതൽ നേരം വരെ നിന്ന് കിളയ്ക്കണം. വീട്ടിലെ തലപ്പണിക്കാരൻ രാമൻ കുറവൻ -വേണ്ട കൊമ്പനെ ഞാനിവിടില്ലേ-എന്നു വിലക്കിയാലും കേൾക്കില്ല. രാമാ ഒരു നേരവും വെറുതെ ഇരിക്കരുത്.അപ്പോഴാണ് വേണ്ടാത്ത ചിന്തകൾ കേറിവരുന്നത്. അപ്പോഴാ എൻ്റെ ഹൃദയത്തിൻ്റെ അരിപ്പയ്ക്ക് കേടുണ്ടോ, എൻ്റെ ശ്വാസകോശത്തില് അമീബ കേറി മുട്ടയിട്ടോ  കൈക്ക് തളർവാതമാണോ എന്നൊക്കെ തോന്നുന്നത്. അന്നേരംകൂന്താലിയെടുത്ത് അയ്യം നാലു ചുവടുകിളച്ചാ ഒരു അസുഖോം വരത്തില്ല ദേഹം വിയർക്കണം മേദസ്സ് ഉരുകിയൊലിക്കണം . അതാണ് മത്തായിയുടെ എക്കാലത്തെയും ആപ്തവാക്യം ‘’ 3 ആക്ഷേപഹാസ്യത്തിന് യുക്തമായ ശൈലിയാണ് നോവലിസ്റ്റ് കൈക്കൊണ്ടിട്ടുള്ളത്.വൈകാരികമായി വായനക്കാരെ നിമഗ്നമാക്കുന്ന രീതിയല്ല അത്. പകരം വസ്തുനിഷ്ടമായ നോട്ടത്തോടെ വിവരങ്ങൾ ഹാസ്യാത്മകമായി അവതരിപ്പിക്കുന്ന രീതിയാണ് കാണുന്നത്. നോവൽ രചനയിലുള്ള ഭാഷാസിദ്ധിയും വിവരണകലയിലുള്ള കൃതഹസ്തതയും ബെന്യാമിന് സമർത്ഥമായിട്ടുണ്ടെന്ന് ഈ നോവൽ തെളിയിക്കുന്നു.

സ്വന്തം പൈതൃകത്തിന്റെ ഭാഗമായി സജീവസ്മരണകൾ നിലനിൽക്കുന്ന സഭാപശ്ചാത്തലം ഉള്ളതുകൊണ്ടുതന്നെയാണ് ഈ നോവൽ എഴുതാൻ ബന്യാമിന് സാധിച്ചത്. സഭയിലെ സംഘർഷങ്ങളുടെ നാൾവഴികൾ കൃത്യമായി അദ്ദേഹത്തിന് അറിയാം. നൂറുവർഷത്തിലധികമായി നിലനിൽക്കുന്ന സഭാതർക്കങ്ങളും ഉള്ളുകളളികളും നൂലാമാലകളും നോവലിസ്റ്റ് ചുഴിഞ്ഞ് ഇറങ്ങി വിവരിക്കുന്നുണ്ട്. സത്യത്തിന്റെ മുഖം അനാവൃതമാക്കി കാണിക്കുന്നുമുണ്ട്. പല സന്ദർഭങ്ങളിലും കഥാപാത്രങ്ങളുടെ ഉള്ളിൽനിന്നും തറവാടിത്തഘോഷണം പുറത്തുചാടുന്നുണ്ട്. ഇത് അക്കപ്പോരിനെ നിർണയിക്കുന്ന വിട്ടുവീഴ്ചയില്ലാത്ത ഒരു മനോഭാവവുമാണ്. “ഞങ്ങളേ തോമാശ്ലീഹായിൽ നിന്ന് നേരിട്ട് കൈവെപ്പു കിട്ടിയ പകലോമറ്റം കുടുംബക്കാരാ. പത്തായിരക്കൊല്ലക്കാലം മലങ്കരസഭയെ വീറോടെ നയിച്ച അർക്കദിയാക്കോന്മാർ   ഞങ്ങളുടെ സ്വന്തം കുടുംബക്കാരാ.പള്ളിയാണ് ഞങ്ങൾക്ക് ജീവാത്മാവും പരമാത്മാവും “ 4.കുടുംബമഹിമയും പാരമ്പര്യ അഭിമാനവുമാണ്  വിശ്വാസത്തിൽ വിള്ളലു വീഴ്ത്തുന്നത്. 

കുടുംബ മഹിമ, സഭയുടെ സാമ്പത്തിക താല്പര്യങ്ങൾ, വ്യക്തിഗതമായ അഹങ്കാരങ്ങൾ, തുടങ്ങിയവയിൽ അധിഷ്ഠിതമാണ് സഭാപ്രശ്നങ്ങളെന്ന് നോവലിസ്റ്റ് അനുമാനിക്കുന്നുണ്ട്. പരസ്പരം പോരടിക്കുന്നതിൽ എന്തെന്നില്ലാത്ത ആഹ്ലാദം അനുഭവിക്കുന്നവരാണ് സഭാ വിശ്വാസികൾ. ”അടിയും വഴക്കും ഇല്ലെങ്കിൽ മലങ്കരസഭ പിന്നെ എന്തുവാ പാപ്പി- ?നമ്മുടെ ചൂടും ചൂരും മുഴുവനും ഈ വഴക്കിലല്ലേ കുടികൊള്ളുന്നത് “ 5.എന്നിങ്ങനെ അക്കപ്പോരിൻ്റെ ജനിതക മന:ശാസ്ത്രം നോവലിസ്റ്റ് വ്യക്തമാക്കുന്നുണ്ട്. നോവലിൻ്റെ ആറാം അധ്യായത്തിൽ അബ്ദുള്ള പാത്രിയാർക്കീസ് കേരളം സന്ദർശിക്കുന്നതും മലങ്കരസഭയുടെ സാമ്പത്തിക ഭദ്രത തിരിച്ചറിയുന്നതും അതിൻ്റെ മേൽ അധികാരം സ്ഥാപിക്കാൻ ശ്രമിക്കുന്നതൊക്കെ വളരെ രസകരമായി നോവലിസ്റ്റ് വിവരിക്കുന്നു. മലങ്കരസഭയിലെ സംഘർഷങ്ങളുടെ വൈകാരികമായ ചരിത്രമല്ല നോവലിസ്റ്റ് അവതരിപ്പിക്കുന്നത്. കടുത്ത ആക്ഷേപഹാസ്യം എന്ന നിലയിലാണ് നോവലിസ്റ്റ് നിരീക്ഷിക്കുന്നത്. 

വളരെ ബഹുമാന്യമായി കരുതപ്പെടുന്ന മഹത് വ്യക്തികൾ പലരും നോവലിസ്റ്റിൻ്റെ ദൃഷ്ടിയിൽ കുതന്ത്രങ്ങളുടെ അമരക്കാരായി മാറുന്നു. മനോരമയിലെ മാമൻമാപ്പിളയെ നോവലിസ്റ്റിന്റെ ദൃഷ്ടിയിൽ എല്ലാത്തിന്റെയും ചരട് വലിക്കുന്നവൻ എന്ന നിലയിലാണ് അവതരിപ്പിച്ചിരിക്കുന്നത്.ആറാം അധ്യായത്തിന്റെ അവസാനത്തിൽ

സഭാചരിത്രത്തിന്റെ നാൾവഴികൾ ചിലത് വിവരിച്ച ശേഷം ഇങ്ങനെ ബ്രാക്കറ്റിൽ രേഖപ്പെടുത്തിയിരിക്കുന്നു. “സഭ ഇതുവരെയും ഉപകാരസ്മരണ തെളിയിച്ചിട്ടില്ല.എന്നാൽ മാന്തള്ളിർഭവനത്തിന്റെ മുൻവരാന്തയിൽ ഇന്ന് കന്യാമറിയം, മാർത്തോമാ ശ്ലീഹാ, ഗീവർഗീസ് സഹദാ എന്നിവർക്കൊപ്പം തൂങ്ങുന്ന ഒരേയൊരു ചിത്രം പരുമല തിരുമേനിയുടെതല്ല സാക്ഷാൽ മാമൻ മാപ്പിളയുടെതാണ് “ 6. എന്നിങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു. ചരിത്രത്തെ രൂപപ്പെടുത്തുന്നതിലും വഴിതിരിച്ചുവിടുന്നതിലും തന്ത്രശാലിയായ മാമൻ മാപ്പിള വഹിച്ച പങ്ക് ഈ അധ്യായത്തിൽ നോവലിസ്റ്റ് വിവരിക്കുന്നുണ്ട്.


ഈ നോവൽ വായനയിലെ ഉള്ളിൽ നിറഞ്ഞുനിൽക്കുന്ന പ്രധാന കഥാപാത്രം കഥ പറച്ചിലുകാരനായ കുഞ്ഞൂഞ്ഞ് ആണ്. ഒഴുക്കിനൊപ്പം നിൽക്കുന്ന കഥാപാത്രമാണ്  അയാൾ. കെഎസ്ആർടിസി ഡ്രൈവർ ആയ കുഞ്ഞൂഞ്ഞിന് തൻ്റെ ജോലി കൃത്യനിഷ്ടതയോടെ ചെയ്യുന്നതിൽ വീഴ്ചവന്നതുമൂലം ജോലി നഷ്ടപ്പെടുകയാണ് ഉണ്ടായത്. കുഞ്ഞൂഞ്ഞിന്റെ ജോലി നഷ്ടം അയാൾക്ക് ഒരു പ്രതിബന്ധമായില്ല.ധാരാളം ഭൂസ്വത്തുള്ള മാന്തളിർ കുടുംബത്തിന് അധ്വാനിച്ചാൽ നന്നായി ജീവിക്കാനുള്ള വക 

ഉണ്ട് . എന്തിനോടും പൊരുത്തപ്പെടുന്ന യാതൊരുവിധ ആദർശങ്ങളും ഇല്ലാത്ത നടനവൈഭവത്തോടെ പെരുമാറുന്ന കഥാപാത്രമാണയാൾ. രാഷ്ട്രീയക്കാരൻ്റെ സ്വഭാവദൃഢതയില്ലാത്ത 

മുഖംമൂടിയിലൊളിപ്പിച്ച വ്യക്തിത്വമാണ

യാളുടേത്. ഉപവാസസമരത്തിൽ

പങ്കെടുത്ത് ശ്രദ്ധ നേടുന്നുണ്ട് കുഞ്ഞൂഞ്ഞ്. കാരണവന്മാരായി ഭൂമിയിൽ അധ്വാനിച്ച് കഴിയുന്നവരായതിനാൽ ജോലിയിൽ

നിന്ന് പിരിച്ചുവിട്ടതിൽ കുഞ്ഞൂഞ്ഞിന് യാതൊരു ദുഃഖവും ഉണ്ടായില്ല. അയാൾ തൻ്റെ  സഹോദരൻ മാന്തളിർ മത്തായി പറഞ്ഞതനുസരിച്ചു.

സർക്കാർ ഉത്തരവ് വലിച്ച് കീറി അയാൾ ഒരു ഏറു കൊടുത്തു കാർഷിക വൃത്തിയിലേക്ക് മടങ്ങുകയാണ് ചെയ്തത്.


മലങ്കരപാരമ്പര്യത്തിന്റെ അടിസ്ഥാന ശൂന്യമായ പല കാഴ്ചപ്പാടുകളും ഈ നോവലിൽ ചർച്ച ചെയ്യുന്നുണ്ട്.

പരിഹാസം കലർന്ന മനോഭാവം തന്നെയാണ് നോവലിസ്റ്റിനുള്ളത്. അതുകൊണ്ടാണ് പല വിശ്വാസങ്ങളും  വിമർശിക്കുവാൻ നോവലിസ്റ്റ് മനസ്സ് വയ്ക്കുന്നത്. കേരള ക്രൈസ്തവർ ബ്രാഹ്മണർ മതം മാറിയവരാണ് എന്ന കാഴ്ചപ്പാട് വിശദമായി ചർച്ച ചെയ്യുന്നുണ്ട്. അതുപോലെ വൈദേശിക ക്രിസ്തുമത സംസ്കാരത്തിനെതിരെ സഭ വിജയം നേടിയെന്നു പറയുമ്പോഴും അവർ അടിച്ചേൽപ്പിച്ച പാരമ്പര്യങ്ങളും വിശ്വാസങ്ങളും ആചാരങ്ങളുമാണ് ഇന്നും സഭയിൽ നിലനിൽക്കുന്നതെന്നും സൂചിപ്പിക്കുന്നുണ്ട്. ഏത് അധിനിവേശത്തെയും ചെറുക്കാനുള്ള ശക്തി തൻ്റെ വംശത്തിനുണ്ടെന്ന് കരുതുന്ന കഥാപാത്രമാണ് മാന്തളിർ മത്തായി. ഈ നോവലിലെ ഏറ്റവും മികച്ച കഥാപാത്രമാണയാൾ.      കാർഷികവൃത്തിയിലൂടെ നിലനിൽക്കാമെന്നുമുള്ള വിശ്വാസമാണ് മാന്തളിർ മത്തായി വച്ചുപുലർത്തുന്നത്. മാന്തളിർ കുഞ്ഞൂഞ്ഞ്  കോമാളിയായ കഥാപാത്രമായേ വായനക്കാരന് അനുഭവപ്പെടുന്നുള്ളൂ. എന്നാൽ മാന്തളിർ മത്തായി അതിശക്തമായ വംശബോധവും ആത്മാഭിമാനവും ബുദ്ധിശക്തിയും ദൃഢതയാർന്ന ശരീരവുമുള്ള  കഥാപാത്രമാണ്. മനസ്സ് പതറാതെ നിന്ന് പ്രതിസന്ധികളെ നേരിടുന്നതിൽ അദ്ദേഹം വിജയിക്കുന്നു. അതുപോലെ തന്നെ സഹോദരനോടും സഹോദരിമാരോടുമുള്ള അദ്ദേഹത്തിൻ്റെ സ്നേഹവായ്പും നോവലിസ്റ്റ് ഹൃദ്യമായി ആവിഷ്ക്കരിക്കുന്നു. വീട്ടിൽ സൂക്ഷിച്ചിരുന്ന പള്ളിയിലെ നിക്ഷേപം കുഞ്ഞൂഞ്ഞ് എടുത്ത് പ്രതിയോഗികൾക്ക് നൽകിയത് അറിയുന്ന  സന്ദർഭത്തിൽപോലും മത്തായി സഹോദരനോട് കോപിക്കുന്നില്ല. പകരം സ്വന്തം സ്ഥലം വിറ്റ് പണം സമാഹരിച്ച് ആ പ്രശ്നത്തെ തന്ത്രപൂർവം പരിഹരിക്കുകയാണ് ചെയ്യുന്നത്. പെൺമക്കളെ ഇറ്റലിക്കയച്ച് നേഴ്സാക്കി സമ്പത്ത് നേടാമെന്ന് ഉള്ള വിശ്വാസം മാന്തളിർ മത്തായിക്കില്ല. തൻ്റെ പൂർവികർ മണ്ണിനോട് ചേർന്നു നിന്ന് നേടിയ വിജയത്തിൽ വിശ്വസിക്കുന്ന മത്തായിയുടെ കാഴ്ചപ്പാട് ആഴമേറിയതാണ്. മലങ്കരസഭയിലെ പ്രശ്നങ്ങളുടേയും പ്രതിസന്ധികളുടേയും പിന്നിലെ യാഥാർത്ഥ്യം അയാൾ നന്നായി മനസ്സിലാക്കിയിട്ടുമുണ്ട്.”മലങ്കര സഭയിലെ തർക്കങ്ങൾക്കു മുഴുവൻ കാരണം വിശ്വാസപരമായിരുന്നില്ല. പകരം വടക്കൻ ലോബിയും തെക്കൻ ലോബിയും തമ്മിൽ നിലനിന്നിരുന്ന ശീതസമരവും അധികാരവടംവലിയും ആയിരുന്നു. അങ്ങനെ വന്നപ്പോൾ വടക്കൻ ലോബി എന്തു വിശ്വാസം സ്വീകരിച്ചുവോ അതിനെതിരായ ഒരു വിശ്വാസം സ്വീകരിക്കുക തെക്കൻ ലോബിയുടെ ശീലമായി തീർന്നു. അതുപോലെ തിരിച്ചും. അധികാരം എപ്പോഴും തങ്ങളുടെ കൈവശം ഇരിക്കുവാൻ വടക്കൻ ലോബി ശ്രദ്ധിച്ചുവന്നു. ഇല്ലാത്തപ്പോഴൊക്കെ അവർ കലഹം കൂടി മെത്രാന്മാരെ പുറത്താക്കാൻ ശ്രമിച്ചു. അതിനുവേണ്ടി പാത്രിക്കീസന്മാരുടെ കൂട്ടുപിടിച്ചു.ഉദാഹരണത്തിന് സഭയിലെ ആദ്യ പിളർപ്പ് വടക്കൻ ഇടവകകൾ റോമൻ കത്തോലിക്ക വിശ്വാസം മടികൂടാതെ സ്വീകരിച്ചപ്പോൾ തെക്കൻ ഇടവകകൾ ആവേശത്തോടെ കൂനംകുരിശ് വിശ്വാസ പ്രഖ്യാപനത്തിൽ പങ്കെടുത്തു. രണ്ടാമത്തെ പിളർപ്പിൽ പിന്നീടുണ്ടായിരുന്ന വടക്കൻ ഇടവകകൾ സിഎംഎസ് വിശ്വാസത്തിന്റെ ഭാഗമായപ്പോൾ സ്വാഭാവികമായും മലങ്കര സഭയിൽ ഉറച്ചുനിന്നു പുറത്തുനിന്നു മൂന്നാമത്തെ പ്രാവശ്യം തെക്കൻ ഇടവകളാണ് അത്തനാസ്യോസിന്റെ നേതൃത്വത്തിൽ നവീകരണ പ്രസ്ഥാനത്തിന് നേതൃത്വം കൊടുത്തത്. അതുകൊണ്ട് മാത്രം വടക്കൻ ഇടവകകൾ അതിനെ എതിർക്കുകയും സഭ രണ്ടാവുകയും ചെയ്തു. ഇനിയും തമാശ നോക്കുക.രണ്ടായ സഭയിലെ വടക്കൻ ലോബി പാത്രികീസിന്റെ പിന്നിൽ അണിനിരുന്നപ്പോൾ തെക്കൻ ലോബി സ്വാഭാവികം എന്നോണ കത്തോലിക്കാപക്ഷം രൂപീകരിച്ചു കത്തോലിക്കാപക്ഷത്തെ തന്നെ ഇവാനിയോസ് തിരുമേനി മലങ്കര കത്തോലിക്കാ സഭ രൂപീകരിക്കുമ്പോൾ അതിൽ തെക്കൻ ഇടവകകൾ കത്തോലിയ്ക്കക്കൊപ്പം ഉറച്ചുനിൽക്കുകയും ചെയ്തു എന്നത് ചരിത്രം. ഈ ഒഴുക്ക്  ഇവിടെ നിൽക്കുമെന്ന് മത്തായിക്ക് വിശ്വാസമില്ല. അധികാരസ്ഥാനത്ത് മെത്രാന്മാർ മാറിമാറി വരുന്നതനുസരിച്ച് സഭ കൂടുതൽ കൂടുതൽ പിളർപ്പിലേക്ക് പോകുമെന്ന് മാന്തളിർ മത്തായി അന്നം വാരി പ്രവചിക്കുന്നു” 7 സഭാചരിത്രത്തെ കുറിച്ചുള്ള ഗൗരവതരമായ ഈ ഉൾക്കാഴ്ച യാതൊരു ഭയവും കൂടാതെ അവതരിപ്പിക്കുവാൻ നോവലിസ്റ്റിന് സാധിക്കുന്നു.ഇത് മാന്തളിർ മത്തായി എന്ന കഥാപാത്രത്തിലൂടെയാണ്.

ചിരി ഉണർത്തുന്ന വിഷയങ്ങളാണ് നോവലിൽ അധികം ഉള്ളതെങ്കിലും സഭാ ചരിത്രത്തിലെ സുപ്രധാനമായ പല ചരിത്രവസ്തുതകളും നോവലിസ്റ്റ് നന്നായി ഗൃഹപാഠം ചെയ്തു മനസ്സിലാക്കിയതിനു

ശേഷമാണ് ഈ നോവൽ രചിച്ചിട്ടുള്ളത്. സഭാചരിത്രസന്ദർഭത്തിൽ സജീവമായി ഇടപെട്ടിട്ടുള്ള പല വ്യക്തികളും നോവലിൽ കടന്നുവരുന്നുണ്ട്. അക്കപ്പോരിന്റെ ഇരുപത് നസ്രാണിവർഷങ്ങൾ കേവലഭാവന ആകുന്നതിനു പകരം ചരിത്രത്തെക്കുറിച്ചുള്ള നോവലിസ്റ്റിന്റെ നിർവ്യക്തികമായ ആഖ്യാനമായാണ്  പരിണമിക്കുന്നത്. ഉത്തരാധുനിക കാലത്തെ ഒരു ചരിത്രാഖ്യായിക എന്നുവേണമെങ്കിൽ ഈ നോവലിനെ വിശേഷിപ്പിക്കാം. അത്രമാത്രം ചരിത്രവുമായി ഈ നോവൽ കെട്ടുപിണഞ്ഞു കിടക്കുന്നു. ചില സന്ദർഭങ്ങളിൽ അത് സഭാചരിത്രത്തിൻ്റെ പരിധിവിട്ട് രാഷ്ട്രീയ ചരിത്രത്തെകൂടി സ്പർശിക്കുന്നു.സർ സി പി രാമസ്വാമി അയ്യരുടെ നേരെ മണി നടത്തുന്ന ആക്രമണത്തിന് പിന്നിൽ മനോരമയുടെ

പങ്ക് ഉള്ളതായി നോവലിസ്റ്റ് ഭാവന ചെയ്യുന്നുണ്ട്. 1946 ലെ തിരുവിതാംകൂർ ഹൈക്കോടതി വിധി ചോദ്യം ചെയ്യപ്പെടാൻ ആകാതെ നിലനിന്ന സന്ദർഭത്തിലാണ് സ്വാതന്ത്ര്യസമരം കൊടുമ്പിരി കൊള്ളുന്നതും ഇന്ത്യ സ്വതന്ത്രരാജ്യമാകുമെന്ന് ഉറപ്പാകുന്നതും. തിരുവിതാംകൂറിനെ ഒരു സ്വതന്ത്ര രാജ്യമാക്കി നിർത്തണമെന്ന് സിപി ആലോചിച്ചിരുന്നു. തിരുവിതാംകൂർ ഒരു സ്വതന്ത്രരാജ്യമായി നിന്നാൽ തിരുവിതാംകൂർ ഹൈക്കോടതിയുടെ ഉത്തരവിനെ ചോദ്യം ചെയ്യാൻ സാധിക്കുകയില്ല. അതുകൊണ്ട് സർ സിപി യെ മാറ്റി സ്വന്തം എന്ന വാദത്തെ ഇല്ലായ്മ ചെയ്യേണ്ടതും ഇന്ത്യ എന്ന രാജ്യത്തിൻെറ ഭാഗമായി പരമോന്നത നീതിപീഠത്തിന്റെ മുമ്പിൽ തങ്ങളുടെ കേസ് എത്തിക്കേണ്ടതും അങ്ങനെ നിയമപരമായി പ്രതിവിധി തേടേണ്ടതും ആവശ്യമായി വന്നു. അത് നോവലിൽ ഇങ്ങനെ വിവരിക്കുന്നു. “നമ്മുടെ ദിവാനാരുന്ന സിപി സാറിനെ മണിയണ്ണനെകൊണ്ട് വെട്ടിച്ചതാരാ?

ആരാ?

മനോരമ തന്നെ.

അതെന്തിന്?

എടീ. ആ മണ്ടച്ചാരല്ലേ പറഞ്ഞത് തിരുവിതാംകൂർ സ്വതന്ത്ര രാജ്യമായി നിൽക്കണമെന്ന്. അങ്ങനെ നിന്നാൽ നമുക്ക് എങ്ങനെ ഇന്ത്യാവിൻ്റെ സുപ്രീം കോടതീപോയി കേസ് ജയിക്കാൻ പറ്റുന്നത്? അതുകൊണ്ട് മണിയണ്ണനു കാശ് കൊടുത്തു വെട്ടിച്ചു. സിപിയെ രായിക്കുരാമാനം ഇവിടുന്ന് കെട്ട് കെട്ടിച്ചു. തിരുവിതാംകൂറിനെ ഇന്ത്യയിൽ ലയിപ്പിച്ചു. എന്തിനാ? മനോരമയ്ക്ക് എന്തെങ്കിലും കാര്യം നേടാനാണോ? അല്ല എല്ലാം സഭയ്ക്ക് വേണ്ടി. നമുക്ക് വേണ്ടി മനോരമ നമ്മുടെ കൺകണ്ട ദൈവമേ നീ മലങ്കര മാപ്പിളമാരുടെ മാനം കാത്തു.മാർത്തോമാ ശ്ലീഹായുടെ സ്നേഹം എന്നൊന്നും നിന്നോടൊപ്പം ഇരിക്കട്ടെ “ (P.35)8 വിമോചന സമരസമരത്തിൽ മലങ്കര സഭ കക്ഷിചേരാതിരുന്നത്, അടിയന്തരാവസ്ഥയെ  മലങ്കരസഭ പിന്താങ്ങിയത് തുടങ്ങിയവ കാര്യകാരണ സഹിതം നോവലിൽ അനുസ്മരിക്കുന്നുണ്ട്. ഈ ചരിത്ര സന്ദർഭങ്ങളെ മലങ്കരസഭ തങ്ങളുടെ നിലനിൽപ്പിനു വേണ്ടി ഉപയോഗപ്പെടുത്തിയതായിട്ടാണ് നോവലിസ്റ്റ് വിവരിക്കുന്നത്. സഭാചരിത്രവും രാഷ്ട്രീയചരിത്രവും തമ്മിൽ ഇഴചേർക്കപ്പെടുന്നത്  തന്മയത്വപൂർണ്ണമാണ് ബെന്യാമിൻ വിവരിക്കുന്നത്.


ദൈവികതയിലേക്ക് മനുഷ്യനെ അടുപ്പിക്കുന്ന ക്രിസ്തുമത ധാർമ്മികത, ക്രിസ്തുവിലുള്ള വിശ്വാസം ഇവ അപ്രധാനമായി മാറിയ ഒരു ജനതയെയാണ് ഈ നോവലിലൂടെ ബെന്യാമിൻ ചിത്രീകരിക്കുന്നത്. ഉത്തരാധുനിക കാലത്ത് മതവിശ്വാസം പ്രാകൃതമായ ഏതോ ഗോത്രപാരമ്പര്യത്തിൻ്റെ അനുസ്മരണമായി അധ:പതിച്ചത് നോവലിസ്റ്റ് വ്യക്തമാക്കിത്തരുന്നു. ജീവിതത്തെ നിർണയിക്കുന്ന നിയാമകശക്തി ഈശ്വരനിലുള്ള വിശ്വാസമല്ല, പാരമ്പര്യം പകർന്നു നല്കിയതെന്നു കരുതുന്ന മിഥ്യാധാരണകളാണ്. ചേരിതിരിയുക, പോരടിക്കുക തുടങ്ങിയ പ്രാകൃതചോദനകളാലാണ് സഭാവിശ്വാസികൾ നയിക്കപ്പെടുന്നത്. ഈ ചേരിതിരിയലും വഴക്കും സഭയുടെ ആജന്മ പൈതൃകമാണെന്ന നിലയിലാണ് നോവലിസ്റ്റ് വിവരിച്ചുപോകുന്നത്. ഇതെവിടെ അവസാനിക്കുമെന്ന് നിശ്ചയമില്ല. കോടതിവിധികൾ മാറിമാറി വരുന്നതനുസരിച്ച് പ്രശ്നം സങ്കീർണമായി നിലകൊള്ളുക തന്നെ ചെയ്യുന്നു. മാന്തളിർകുടുംബത്തിൻ്റെ കൃഷിഭൂമിയിൽനിന്ന് കിട്ടുന്ന നിധി മാന്തളിർമത്തായി വിറ്റ് പണം നേടി കേസ് നടത്തുവാൻ വേണ്ടി പോകുന്നതു വർണ്ണിച്ചുകൊണ്ടാണ് നോവൽ അവസാനിക്കുന്നത്. ആക്ഷേപഹാസ്യത്തിന്റെ സ്വഭാവം പുലർത്തുമ്പോഴും

സഭ ക്രിസ്തുവിലേക്ക് എന്നുമടങ്ങും എന്ന ആശങ്ക  ഈ നോവൽവായനയുടെ അന്ത്യത്തിൽ വായനക്കാരന്റെ മനസ്സിൽ ഉണ്ടാകുന്നു

കുറിപ്പുകൾ


1 പേജ് 995 മലങ്കര കത്തോലിക്ക സഭ എന്ന അധ്യായം. മാർത്തോമ്മാ ക്രിസ്ത്യാനികൾ. - ക.നി.മൂ.സ ബർണാദ് തോമ്മാ . സി.എം. ഐ പബ്ലിക്കേഷൻ രണ്ടാം പതിപ്പ് ഒക്ടോബർ 1992

2.പേജ് 6.അക്കപ്പോരിൻ്റെ ഇരുപത് നസ്രാണി വർഷങ്ങൾ -മൂന്നാം പതിപ്പ് 2016 ഡിസി ബുക്സ് കോട്ടയം

3.പേജ് 46. അക്കപ്പോരിൻ്റെ ഇരുപത് നസ്രാണി വർഷങ്ങൾ -മൂന്നാം പതിപ്പ് 2016 ഡിസി ബുക്സ് കോട്ടയം

4. പേജ് 20. അക്കപ്പോരിൻ്റെ ഇരുപത് നസ്രാണി വർഷങ്ങൾ -മൂന്നാം പതിപ്പ് 2016 ഡിസി ബുക്സ് കോട്ടയം

5.പേജ്15. അക്കപ്പോരിൻ്റെ ഇരുപത് നസ്രാണി വർഷങ്ങൾ -മൂന്നാം പതിപ്പ് 2016 ഡിസി ബുക്സ് കോട്ടയം

6.പേജ് 30. അക്കപ്പോരിൻ്റെ ഇരുപത് നസ്രാണി വർഷങ്ങൾ -മൂന്നാം പതിപ്പ് 2016 ഡിസി ബുക്സ് കോട്ടയം

7. പേജ് 48. അക്കപ്പോരിൻ്റെ ഇരുപത് നസ്രാണി വർഷങ്ങൾ -മൂന്നാം പതിപ്പ് 2016 ഡിസി ബുക്സ് കോട്ടയം

8.പേജ് 35. അക്കപ്പോരിൻ്റെ ഇരുപത് നസ്രാണി വർഷങ്ങൾ -മൂന്നാം പതിപ്പ് 2016 ഡിസി ബുക്സ് കോട്ടയം


സഹായക ഗ്രന്ഥങ്ങൾ


1 പടിയോലകൾ - ഡോ. പി.സി മാത്യു പുലിക്കോട്ടിൽ - കേരള സാഹിത്യ അക്കാദമി. 2018 മാർച്ച് വില 280

2.വർത്തമാനപ്പുസ്തകം .ജോൺ മാളിയേക്കൽ ഓറിയൻറൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഫ് റിലീജിയസ് സ്റ്റഡീസ് ഇന്ത്യ പബ്ലിക്കേഷൻസ് പൗരസ്ത്യ വിദ്യാപീഠംവടവാതൂർ കോട്ടയംമെയ് 2014 വില 450

3.മാർത്തോമ്മാ ക്രിസ്ത്യാനികൾ. - ക.നി.മൂ.സ ബർണാദ് തോമ്മാ . സി.എം. ഐ പബ്ലിക്കേഷൻ രണ്ടാം പതിപ്പ് ഒക്ടോബർ 1992

4.ഉത്തര ഉത്തരാധുനികത എം. കെ ഹരികുമാർ ആൽഫ വൺ പബ്ലിക്കേഷൻഫെബ്രുവരി 2012വില 100

Comments

Rated 0 out of 5 stars.
No ratings yet

Add a rating
No^v F-Un-äÀ
-tUm. em-ep-. hn-v

Ìm^v FUnäÀ
tUm.KwKmtZhn. Fw

ÌpUâv FUn-äÀ
cXojv Fk


ഇഷ്യു എഡിറ്റർ v
ഡോ. അമ്പിളി ആർ.പി.
FUntäm-dnb t_mÀUv 
AwK§Ä
tUm.kPohv IpamÀ Fkv 
tUm. Zo] _n Fkv 
tUm.tkXpe£van Fw Fkv 
-tUm A-¼n-fn- B-À- ]n-
-
ഡോ. ശ്രീലക്ഷ്മി എസ്.കെ
_nµp. F Fw
Pqen F 
a©p sI BÀ
Publishers Name:          
Dr.Lalu.V,
Head of the Department, Department of Malayalam, Govt College for Women, Thiruvananthapuram pin 695014   
Mob:9446457996         
email:gcwmalayalam2023@gmail.com            laluvatl@gmail.com 

Unssk³ & te Hu«vv
cXojv. Fkv

aebmfhn-`m-Kw
kÀ¡mÀ h\nXmtImtfPv 
Xncph\´]pcw

©GCW VAIKNJAANIKA MALAYALAM ONLINE 2024

bottom of page