top of page

അടുത്ത ബെല്ലോട് കൂടി

നാടക സംവിധായകനും അധ്യാപകനും എഴുത്തുകാരനുമായ സതീഷ് ജി നായർ എഴുതുന്ന സമകാലിക നാടകവേദികളെ കുറിച്ചുള്ള പരമ്പര

ഭാഗം -1

രംഗഭൂമികയിലെ തുടർച്ച....

"ഇത് തുടക്കം. ഇനിയാണ് തുടർച്ച..."

-സൂര്യകൃഷ്ണമൂർത്തി-

കേരളത്തിന്റെ നവീന നാടകവേദി ഗൗരവതരമായ പുതിയ പരീക്ഷണങ്ങളിലൂടെയും നിരീക്ഷണങ്ങളിലൂടെയും കടന്നുപോയിക്കൊണ്ടിരിക്കുകയാണ്. വ്യത്യസ്തങ്ങളായ നാടകങ്ങൾ മലയാളത്തിന്റെ രംഗഭൂമികയിൽ പുതിയ ചലനങ്ങൾ സൃഷ്ടിക്കുകയാണ്. നാല് ദിക്കുകളിൽ മൂന്ന് ദിക്കുകളും മറച്ച് ഒരു ദിക്കിൽ നിന്നും പ്രേക്ഷകരോട് സംവേദിച്ചിരുന്ന പാശ്ചാത്യ സ്വാധീനമുള്ള അരങ്ങിൽ നിന്നും മലയാള നാടകവേദി ബഹുദൂരം മുന്നോട്ടുപോയിക്കഴിഞ്ഞിരിക്കുന്നു. വൈകാരികമായ മുഹൂർത്തങ്ങളെ, നാടകീയ സന്ദർഭങ്ങളിലൂടെ പ്രേക്ഷകരുടെ മനസ്സുകളിലേക്ക് ഇരച്ചുകയറി ആർത്തിരമ്പി അലയടിക്കുന്ന ഒരു കടലായി മാറിക്കഴിഞ്ഞിരിക്കുകയാണ് പുതിയകാല നാടകവേദികൾ. അത്തരത്തിൽ ഒരു നാടകത്തെക്കുറിച്ചാണ് ഇവിടെ പറയുന്നത്. സൂര്യ കൃഷ്ണമൂർത്തി രചനയും സംവിധാനവും നിർവഹിച്ച്, സാംസ്കാരിക വകുപ്പിന്റെയും പബ്ലിക് റിലേഷൻസിന്റെയും സഹകരണത്തോടെ സൂര്യ തീയേറ്റർ അവതരിപ്പിച്ച ' തുടർച്ച ' എന്ന നാടകത്തിന്റെ ദൃശ്യാനുഭവങ്ങളിലൂടെ ഒരു സർഗ്ഗസഞ്ചാരം.


"മറ്റെല്ലാ കൊന്നമരങ്ങളും പൂക്കുമ്പോഴും നീണ്ടുനിവർന്നു നിൽക്കുന്ന ആ കൊന്നമരം മാത്രമെന്താ പൂക്കാത്തേ


പ്രതിഷേധമായിരിക്കും അല്ലേ?

(നാടകം- തുടർച്ച)

എംടി എന്ന മഹാപ്രതിഭയുടെ വിവിധ കഥകളിലെ വിഖ്യാത കഥാപാത്രങ്ങളെ ഒറ്റക്കഥയിലൂടെ കൂട്ടിയോജിപ്പിച്ചുകൊണ്ട് അവതരിപ്പിച്ച നാടകമാണ് സൂര്യ കൃഷ്ണമൂർത്തി രചനയും സംവിധാനവും നിർവഹിച്ച 'തുടർച്ച '. അമ്പലവും ആൽത്തറയും തറവാടും ചായക്കടയും റെയിൽവേ പാതയും നിളയും ആസ്വാദകരിൽ നേരനുഭവത്തിന്റെ നാടക ഭൂപ്രകൃതി (theater landscape)

സൃഷ്ടിക്കുന്നു. ഹൈലേഷ് എന്ന കലാകാരന്റെ കരവിരുത് കൂടല്ലൂർ എന്ന ഗ്രാമത്തെ പൂർണ്ണമായും അരങ്ങിലേക്ക് കൊണ്ടുവരുന്നതിൽ വിജയിച്ചിരിക്കുന്നുവെന്ന കാര്യം സംശയാതീതമാണ്.

'കാഥികന്റെ പണിപ്പുര 'എന്ന പുസ്തകത്തിൽ എംടി പറയുന്നുണ്ട്: "ഒരു കഥ എഴുതിക്കഴിഞ്ഞപ്പോൾ മാത്രമേ ഞാൻ കരഞ്ഞിട്ടുള്ളൂ ; അത് 'നിൻ്റെ ഓർമ്മയ്ക്കായി ' എന്നതാണ്". എന്നാൽ എംടിയുടെ ഓരോ കഥാപാത്രവും ഈ നാടകത്തിന്റെ കാഴ്ചക്കാരുടെ മിഴികളിൽ നനവ് പടർത്തുമെന്നതാണ് യാഥാർത്ഥ്യം. എം.ടി. വാസുദേവൻ നായരുടെ തൂലികയിലൂടെ നമ്മൾ അനുഭവിച്ച അമ്പതോളം കഥാപാത്രങ്ങളാണ് ഇരുപതിലേറെ നടീനടന്മാരിലൂടെ അരങ്ങിൽ വന്നു പോകുന്നത്. പട്ടാമ്പി റെയിൽവേ സ്റ്റേഷനിൽ ട്രെയിനിറങ്ങി അമ്മയുടെ ശ്രദ്ധത്തിന് തറവാട്ടിലെത്തുന്ന ഉണ്ണിയെന്ന കഥാപാത്രത്തിന്റെ ആത്മനൊമ്പരത്തിൻ്റെ തീക്ഷ്ണ യാഥാർത്ഥ്യങ്ങളിലൂടെയാണ് ഈ നാടകത്തിന്റെ സഞ്ചാരം. എം.ടി വാസുദേവൻ നായർ എന്ന മനുഷ്യനെ ത്തന്നെയാണ് ഈ ഉണ്ണികൃഷ്ണനിലൂടെ നമ്മൾ കാണുന്നത്. സുജിത്ത് എ .കെ . എന്ന നടനാണ് ഈ

കഥാപാത്രത്തെ അനശ്വരമാക്കിയത്. എംടിയുടെ അമ്മയാണ് ഈ നാടകത്തിലെ പ്രധാന കഥാപാത്രം. എന്നാൽ നമ്മൾ അമ്മയെ കാണുന്നില്ല; ശബ്ദത്തിലൂടെ ആ സ്നേഹവാത്സല്യത്തെ ഓരോ പ്രേക്ഷകനും അനുഭവിച്ചറിയുകയാണ്. ഓരോരുത്തരുടെ മനസ്സിലും ഓരോ അമ്മയായിരിക്കും. അതാണ് സംവിധാനത്തിന്റെ സർഗ്ഗാത്മകസ്പർശം.

അമ്മുവും അമ്മുവിൻ്റെ ചിങ്കനും നമ്മുടെ മനസ്സിൽ നിന്നും മായാതെ എന്നും എപ്പോഴും നിലനിൽക്കുന്ന തരത്തിലാണ് അവതരിപ്പിച്ചിരിക്കുന്നത്. ജീവിതത്തിൽ നഷ്ടങ്ങൾ മാത്രം വിധിക്കപ്പെട്ട ഉണ്ണിയുടെ ആശകളെ തട്ടിയുണർത്തി മറ്റൊരു അമ്മു വരുമ്പോൾ പ്രേക്ഷകരും സന്തോഷിക്കുന്നു. പക്ഷേ അതും ഉണ്ണിക്ക് നഷ്ടമാവുന്ന രംഗം കണ്ണ് നനയാതെ കണ്ടുതീർക്കാൻ കഴിയില്ല. ' തുടർച്ച ' നാടകം മികച്ചൊരു ദൃശ്യാനുഭവമാക്കി മാറ്റുന്നതിൽ മുഖ്യപങ്കു വഹിച്ചത് ഇതിലഭിനയിച്ച നടീനടന്മാർ തന്നെയാണെന്നത് പറയാതിരിക്കാൻ കഴിയില്ല. നാടകീയതയുടെ അതിഭാവുകത്വമില്ലാതെ സൂക്ഷ്മതലങ്ങളിൽക്കൂടിയുള്ള സ്വാഭാവിക അഭിനയത്തിന്റെ ദൃശ്യാനുഭൂതിയാണ് ഈ നാടകം സമ്മാനിക്കുന്നത്. അമ്മുവിനെ അവതരിപ്പിച്ച പ്രശസ്ത ചലച്ചിത്രതാരം രചന നാരായണൻകുട്ടി മുതൽ ' നിന്റെ ഓർമ്മയ്ക്കായി ' എന്ന കഥയിലൂടെ പരിചിതയായ ലീലയെ അവതരിപ്പിച്ച നാലാം ക്ലാസുകാരി

ശിവാനി വരെയുള്ള എല്ലാ നടീനടന്മാരും ആർദ്രമായ മഴ പോലെ അരങ്ങിൽ നിന്നും പ്രേക്ഷകരിലേക്ക് പെയ്തിറങ്ങുകയാണ്. സുജിത്ത് എ കെ, സന്തോഷ് വെഞ്ഞാറമൂട്, അരുൺനാഥ് പാലോട്, കൃഷ്ണൻ നായർ നെയ്യാറ്റിൻകര എന്നിവരുടെ അഭിനയം എടുത്തു പറയേണ്ട ഒന്നു തന്നെയാണ്. ഈ നാടകത്തിൽ മിന്നും പ്രകടനം കാഴ്ചവച്ചത് നാല് കുഞ്ഞുങ്ങളാണെന്നതാണ് ഏറ്റവും വലിയ സന്തോഷം നൽകുന്ന കാര്യം - ശിവാനി, ആരാധ്യ, അവനി, ധനഞ്ജയ്. ഇവരുടെ ആദ്യ നാടകം എന്നുപോലും തോന്നിപ്പിക്കാതെ ഒതുക്കമുള്ള, മികവാർന്ന അഭിനയത്തിലൂടെ കുഞ്ഞുങ്ങൾ അരങ്ങിൽ നിറഞ്ഞാടി. ഈ നാടകത്തിൽത്തന്നെ പറയുന്നതു പോലെ , ഇത്

തുടക്കം. തുടർച്ച ഇനിയാണ്. മലയാള നാടകത്തിന്റെ തുടർച്ച ഇവരിലൂടെ മുന്നോട്ടുപോകുമെന്ന് പ്രതീക്ഷ കൂടി നൽകുകയാണ് ഈ നാടകം.

സർഗ്ഗാത്മകതയും സാങ്കേതികതയും ഒത്തുചേർന്ന് സൂര്യ കൃഷ്ണമൂർത്തി എന്ന മഹാനായ നാടകസംവിധായകൻ്റെ മികവിലൂടെ, ഒരുകൂട്ടം കലാകാരന്മാരുടെ സ്വപ്നങ്ങളിലൂടെ, മൂന്നു മണിക്കൂർ വിരസതയില്ലാതെ, രംഗഭൂമികയിൽ പുതിയൊരു ദൃശ്യഭാഷ രൂപപ്പെടുത്തിയിരിക്കുകയാണ് സൂര്യ നാടകസംഘം. ചങ്ങമ്പുഴ, ഇടപ്പള്ളി, പി. ഭാസ്കരൻ, വിഷ്ണുനാരായണൻ നമ്പൂതിരി തുടങ്ങിയവരുടെ കവിതകൾ നാടകത്തെ ഭാവസാന്ദ്രമായി മുന്നോട്ടുകൊണ്ടുപോകുന്നു.... അതിദീർഘമായ പാരമ്പര്യമുള്ള കേരളീയരംഗവേദിയുടെ സർഗ്ഗാത്മകതയുടെ സമഗ്രമായ വീണ്ടെടുപ്പുകൾക്കായി അരങ്ങിൽ ഇനിയും തുടർച്ചകൾ ഉണ്ടാകട്ടെ.....


 

1 comment

Related Posts

bottom of page