top of page

അപരച്ചൊല്ല് : ഇടശ്ശേരിക്കവിതകളിലെ ജന്തുഭാഷണം

അജിത കെ.

സംഗ്രഹം

ഗ്രാമജീവിതത്തിലൂന്നിനിന്നു കൊണ്ട് ഭൗമികവും പാരിസ്ഥിതികവുമായ

പ്രമേയങ്ങൾ അനുഭവങ്ങളായി ആവിഷ്കരിച്ച കവിയാണ് ഇടശ്ശേരി

ഗോവിന്ദൻ നായർ. ഗൃഹസ്ഥനും കർഷകനും ആയ കവി കുടുംബകേന്ദ്രിതവും സാമൂഹികവും ആയ കാവ്യാനുഭവങ്ങൾ പകർന്നു തന്നത് പൊന്നാനിയിലെ വിശാലമായ കൃഷിയിടങ്ങളും പുഴയും കടലുമുൾപ്പെടെയുളള  ജലശേഖരങ്ങളും ആസ്പദമാക്കിയാണ്.

“ഒരു ചെറുകണ്ടം, ഞാനും കന്നും

നിന്നു തിരിഞ്ഞു മുന്നം;

ചെറിയൊരു വിട്ടിൽ പൊലിമകളല്ലേ

ഞങ്ങൾക്കുളളൂ നോക്കാൻ”

എന്ന പഴകിയ ചാലുകൾ മാറ്റുക എന്ന കവിതയിലെ (മാതൃഭൂമി ആഴ്ചപ്പതിപ്പ് ഫെബ്രുവരി 15 1959 പുറം 5)  നാലുവരി മാത്രം മതി അദ്ദേഹത്തെ പരിചയപ്പെടുത്താൻ. മനുഷ്യബന്ധങ്ങളുടെ ആവിഷ്ക്കരണം എന്നാൽ വിസ്തരിച്ചു  പാടിയിട്ടുണ്ട് കവി. വിവാഹസമ്മാനം(1958), പെങ്ങൾ(1952), കല്യാണപ്പുടവ(1951) തുടങ്ങിയ കവിതകളിലൂടെ   ഗ്രാമജീവിത പരുഷതകളുടെ നിരന്തരമായ ആഖ്യാനം ഇടശ്ശേരി നിർവ്വഹിച്ചിട്ടുണ്ട്. പണിമുടക്കം(1948), പുത്തൻകലവും അരിവാളും(1948)  കാവിലെ പാട്ട്(1960) തുടങ്ങിയ കവിതകൾ അദ്ദേഹത്തിന് ശക്തിയുടെ കവി എന്ന പട്ടവും നേടിക്കൊടുത്തു. സ്ത്രീ-പുരുഷബന്ധങ്ങളിലൂടെ  സാമൂഹിക രാഷ്ട്രീയചലനങ്ങളെ അടയാളപ്പെടുത്തുന്നതിൽ താരതമ്യത്തിനിടയില്ലാത്തവിധം മുമ്പിലാണ് അദ്ദേഹത്തിന്റെ കവിത. എന്നാൽ മനുഷ്യകഥാനുഗാനത്തിൽ നിന്ന് ഇടയ്ക്കെങ്കിലും മാറിനടന്നിട്ടുണ്ട്, ഇടശ്ശേരിക്കവിത എന്ന് സൂക്ഷ്മവായനയിൽ കണ്ടെത്താം. കുറ്റിപ്പുറം പാലം, പുളിമാവു വെട്ടി,  നെല്ലുകുത്തുകാരി പാറുവിന്റെ കഥ, പള്ളിക്കൂടത്തിലേക്ക് വീണ്ടും  തുടങ്ങിയ കവിതകൾ  ഹ്യൂമന നിസത്തിന്റെ  ഇടംവിട്ട് പാരിസ്ഥിതിക ആഭിമുഖ്യം പ്രദർശിപ്പിച്ച കവിതകളാണ്. വക്കീൽ ഗുമസ്തപ്രവൃത്തി ചെയ്യവേ തന്നെ കൃഷിക്കാരനും അതിലുപരി ഗൃഹസ്ഥനും കൂടിയായ കവി പുരയിടത്തിലും ചുറ്റുമായി നിരീക്ഷിക്കുന്ന ഒരു ജന്തുപ്രപഞ്ചം അദ്ദേഹത്തിന്റെ കവിതകളിൽ  കാണാം. അദ്ദേഹത്തിന്റെ കാവ്യലോകത്തെ   മാനവേതര  ജീവജാതികളുടെ സാന്നിധ്യത്തെയും അവരുടെ ഭാഷണശ്രമങ്ങളെയും അപഗ്രഥിച്ചു വിലയിരുത്തുകയാണ് ഈ ലേഖനത്തിന്റെ ഉദ്ദേശ്യം.


താക്കോൽ വാക്കുകൾ:  ജന്തുഭാഷണം, ഹ്യൂമണിസം, വിളിവ്യവസ്ഥ, ഡി- സ്കൂളിങ് 


കർഷക/മനുഷ്യ ജീവിതം ആവിഷ്കരിക്കെത്തന്നെ ജന്തുജാതികളുടെ സഞ്ചിതലോകത്തെ ഉൾച്ചേർക്കുന്നത് ഇടശ്ശേരിയുടെ ഗ്രാമജീവിതാഖ്യാനത്തോടു ചേർന്നു പോകുന്നതായാണ് മനസ്സിലാക്കാനാവുക.



ഉഷ്ണമേഖലയിലെ ജന്തുവൈവിധ്യം

  ബിംബങ്ങളായും അലങ്കാരകല്പനകളായും ഇടശ്ശേരിക്കവിതകൾ പരിചയപ്പെടുത്തുന്ന ജീവജാതിസാന്നിധ്യം ഏറെയാണ്. ഒച്ച്, വിഷപ്പാമ്പ്, ആമ, മുയൽ, കന്ന്, പൈക്കൾ, ആടുകൾ എന്നിങ്ങനെയുള്ള ജന്തുക്കളും കാക്ക, മൈന, തത്ത, കുരുവി, മഞ്ഞക്കിളികൾ തുടങ്ങിയ പറവകളും വീട്ടുനായ്ക്കളും, നരിയും ഉഷ്ണമേഖലാപ്രദേശത്തെ ജന്തുവൈവിധ്യത്തെ പ്രതിനിധാനം ചെയ്തുകൊണ്ട് അദ്ദേഹത്തിന്റെ കവിതകളിൽ കാണുന്നു. മഞ്ഞൾ പ്രസാദമെറിയുംപോലെ പറക്കുന്ന മഞ്ഞക്കിളികൾ, നനഞ്ഞ കാക്കയെപ്പോലെ നീങ്ങുന്ന  മിഥുനം, കുമ്പിരി പായുന്ന പശുക്കിടാങ്ങൾ, കാഴ്ചകളിൽ നിറയുന്ന/ മേയുന്ന കന്നും പൈക്കളും, തുള്ളിക്കളിക്കുന്ന ആട്ടിൻകുട്ടികളും കർഷക- ഗൃഹസ്ഥജീവിതത്തെ ബലപ്പെടുത്തുന്നു.



ജന്തുഭാഷണം പൂർവ്വകൃതികളിൽ

     പഞ്ചതന്ത്രകഥകളിലും ജാതകകഥകളിലും പക്ഷിമൃഗാദികൾ മനുഷ്യഭാഷ സംസാരിക്കുന്നതായി നമുക്കു പരിചയമുണ്ട്. പറയിപെറ്റ പന്തിരുകുലത്തിൽ പക്ഷികളുടെ ഭാഷണം കേട്ടുമനസ്സിലാക്കാനിടയായ കാര്യം പിൽക്കാലത്ത് ഒരു പ്രദേശത്തെ ജീവിതത്തെ നിർണ്ണയിച്ച ഐതിഹ്യം മറക്കാനാവില്ല. രാമായണത്തിലെ ഏറ്റവും മനോഹരമായ ശ്ലോകം വരരുചിക്ക് ലഭിക്കുന്നത് പക്ഷികളിൽ നിന്നാണല്ലോ.രാമായണത്തിലെ സമ്പാതി ജടായുക്കളും വാനരരും മനുഷ്യഭാഷ വശമുള്ളവരാണ്. മുത്തശ്ശിക്കഥകളിൽ മനുഷ്യർ പക്ഷിമൃഗാദികളോട് അനായാസം സംസാരിക്കുന്നുണ്ട് എന്നുകാണാം. വള്ളത്തോൾ നാരായണമേനോന്റെ കൊച്ചുസീതയിലെ കിളികളുടെ വർത്തമാനം കാവ്യ അനുവാചകർക്കു പരിചയമില്ലാത്തതല്ല.

         “മൂന്നു തരത്തിൽ ഇണങ്ങിയ ജന്തുക്കളാണ് മനുഷ്യരുടെ കൂട്ടാളികളായുള്ളത്. ഒന്ന്. തനിയേ ഇണങ്ങിച്ചേർന്നവർ...'” എന്ന് നരവംശശാസ്ത്രജ്ഞയായ ആലിസ് റോബേർട്ട്സൺ ‘മെരുക്കപ്പെട്ടവർ :നമ്മുടെ ലോകത്തെ മാറ്റിമറിച്ച പത്തു സ്പീഷീസുകൾ’(2017) എന്ന കൃതിയുടെ ആമുഖത്തിൽ പറയുന്നു.

  കിളിയും നായ്ക്കളും ഇതിൽ ഒന്നാമത്തെ വിഭാഗത്തിൽപെടും. മനുഷ്യർക്ക് സഹജമായ സ്നേഹം ഇവരോടുണ്ട്. അതുകൊണ്ടാണ് പള്ളിക്കൂടത്തിലേക്കു യാത്രവുന്ന കുഞ്ഞുങ്ങളോട് സംസാരിക്കാൻ അമ്പതുകൊല്ലം മുമ്പും ഇപ്പോഴും കിളികൾ പുലർകാലത്തെത്തുന്നത്.   


പ്രകൃതിഭാഷാവൈവിധ്യം ഇടശ്ശേരിക്കാവ്യങ്ങളിൽ

പ്രകൃതിയുടെ(കുഞ്ഞുങ്ങളുടെയും) ഭാഷ ആണ് അതിലാദ്യത്തേത്. മൃഗങ്ങളിലും ജീവജാലങ്ങളിലും മനുഷ്യത്വം അധ്യാരോപം ചെയ്ത് മനുഷ്യജീവിതത്തെ നിരൂപണം ചെയ്തു രസിക്കാനുള്ള സങ്കല്പ വൈഭവം കവികൾക്കും കഥാ നിർമ്മാതാക്കൾക്കും എക്കാലത്തും ഉണ്ടായിട്ടുണ്ട്. എന്നാൽ  ഭാഷാസങ്കേതത്തെത്തന്നെ  വിശകലനം ചെയ്തുകൊണ്ടു നിർമ്മിക്കപ്പെട്ട 'പളളിക്കൂടത്തിലേക്കുവീണ്ടും' പോലൊരു കവിത വേറെയില്ല. 

  പള്ളിക്കൂടത്തിലേക്കുള്ള ആദ്യദിനത്തിന് തയ്യാറെടുക്കുന്ന കുഞ്ഞിന് സംശയത്തോടെ ആശംസ നേരുന്ന ഈ കവിത ഏറെ പ്രസിദ്ധമാണ്. ചേച്ചിയുടെ കൈപിടിച്ചു പള്ളിക്കൂടത്തിലേക്കു പോവാനൊരുങ്ങുന്ന കുഞ്ഞിനോട് കാരണവർ,

“പ്രേഷ്ഠരവരോട്  യാത്ര ചൊല്ലൂ

പേച്ചറിയുന്നവർ നിങ്ങൾ തമ്മിൽ”

(മാതൃഭൂമി ആഴ്ചപ്പതിപ്പ്,ജനുവരി 8, പു.9) എന്നു പറയുമ്പോൾ, മനുഷ്യേതരഭാഷ കുഞ്ഞുങ്ങൾക്കു വശമാണെന്നും കുഞ്ഞുങ്ങളുടെ ഭാഷ മനുഷ്യഭാഷയിൽ നിന്നു വേറിട്ടുനിൽക്കുന്നു എന്നും  ഇതിൽനിന്നും വായിച്ചെടുക്കാം. ഒരു ഭാഷയ്ക്കുളളിൽ തന്നെ കുഞ്ഞുങ്ങൾ അപരഭാഷ നിർമ്മിക്കുന്നു എന്നും പറയാം.

“പോയി നാമിത്തിരി വ്യാകരണം

വായിലാക്കിട്ടു വരുന്നു മന്ദം

നാവിൽ നിന്നപ്പോഴെ പോയ്മറഞ്ഞു

നാനാജഗന്മനോരമ്യഭാഷ”

     ( മാതൃഭൂമി ആഴ്ചപ്പതിപ്പ്, ജനുവരി 8 ,1961,പു.9)

അമ്പതു വർഷങ്ങൾക്കുമുമ്പുള്ള സംഭവം അച്ഛൻ  ആലോചിക്കയാണ്.

“മുറ്റത്തലരിമേലക്ഷമങ്ങൾ

തത്തിയിരുന്നു ചെറുകിളികൾ”

ആവർത്തിച്ചു ചാക്രികമായി മുറിക്കപ്പെടുന്ന ശിശു-ജന്തുബന്ധങ്ങൾ പിതാവിന്റെ ഉത്കണ്ഠ വർദ്ധിപ്പിക്കുന്നു. അതുകൊണ്ടാണ് അയാൾ,

“നീ പോയ് പഠിച്ചു വരുമ്പോഴേക്കും

നിങ്ങളന്യോന്യം മറന്നിരിക്കും”

-എന്നു വേദനിക്കുന്നത്. പുസ്തകത്തിൽ  ശേഖരിക്കപ്പെട്ട അറിവ് സ്വായത്തമാക്കുന്നതോടെ മർത്യൻ /തിര്യക്ക് എന്നു രണ്ടായി കുഞ്ഞും പ്രകൃതിയും മാറുന്നു.

“മനുഷ്യേതരജീവികളിലെ ആശയവിനിമയം ജൈവികവൃത്തിയും മനുഷ്യഭാഷാപ്രയോഗം അഭ്യസ്തവൃത്തിയുമാണ്” (പ്രഭാകര വാര്യർ, ശാന്താ അഗസ്റ്റിൻ,ആധുനിക ഭാഷാശാസ്ത്രം, കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, 1972, പു.16)


 ഇവിടെ കുഞ്ഞും മനുഷ്യഭാഷ സ്വായത്തമാക്കാൻ തുടങ്ങുന്നുവെങ്കിലും പ്രകൃതിയുടെ ഭാഷ കുട്ടിയിൽനിന്നു  വിട്ടുപോയിട്ടില്ല എന്നു കരുതാം. വിദ്യാലയത്തിൽനിന്ന് കിട്ടുന്ന ചിട്ടപ്പെടുത്തിയ മനുഷ്യഭാഷയെ/ അറിവിനെ പ്രതിയാണ് കവി കൂടുതൽ  സന്ദേഹിയാകുന്നത്.  വിദ്യാലയശിക്ഷണം അഥവാ സ്കൂളിങ് കൊണ്ട് ആശാസ്യമായ മാറ്റങ്ങൾ അല്ല കുട്ടിയിൽ ഉണ്ടാകുന്നതെന്ന് കവി വിശ്വസിക്കുന്നു. 1960- കളിൽ ഉണ്ടായ പരിസ്ഥിതി ദർശനത്തിന്റെ ഭാഗമായി ഉണ്ടായ ചിന്തകളിൽ ഒന്നാണ് ഡി- സ്കൂളിങ്. ഇതിന്റെ ഭാഗമായി ലോകത്ത് പലയിടത്തും പരീക്ഷണ അടിസ്ഥാനത്തിൽ  സ്കൂളുകൾ  ഉണ്ടായിട്ടുണ്ട്. പള്ളിക്കൂടത്തിലേക്ക് വീണ്ടും എന്ന ഈ കവിത ഡി സ്കൂളിങ് എന്ന ആശയത്തെ 1961- ൽ  തന്നെ  അവതരിപ്പിക്കുന്നു  എന്നത് മലയാള  കവിതാചരിത്രത്തിന് അഭിമാനിക്കാവുന്ന കാര്യം കൂടിയാണ്. 


    ജന്തുസംഭാഷണ ഉദ്യുക്തമാകുന്ന മറ്റ് കവിതകൾ  മനുഷ്യേതര കഥാപാത്രങ്ങളുടെ നിർമ്മിതി സാധ്യമാക്കുമ്പോഴും മുഴുവനായും മനുഷ്യലോകത്തെ ചുറ്റിപ്പറ്റിയുള്ള ആഖ്യാനങ്ങളായി  നിലനിൽക്കുന്നു. പക്ഷികളും, നായ്ക്കളും, ആടുകളും, പൈക്കളുമാണ് ഇടശ്ശേരിയുടെ ഇത്തരം കവിതകളിൽ ആവർത്തിച്ചു കാണുന്ന കഥാപാത്രങ്ങൾ. എന്നാൽ ഭാഷണത്തിനു തയ്യാറാവുന്ന ജന്തുക്കളിൽ കിളികളും തത്തയും ആമയും മുയലും പൈക്കളുമാണുള്ളത്.


കിളിപ്പേച്ചുകൾ


കേരളത്തിലെ ഗ്രാമങ്ങളിൽ കാണുന്ന സാധാരണ പക്ഷികൾ കവിതയിൽ കടന്നുവരുന്നുവെങ്കിലും സംഭാഷണത്തിനു തയ്യാറാവുന്ന കിളികളിൽ തത്തയും ചെറുകിളികളും കുയിലുമാണുള്ളത്.

നിലാവുള്ള രാത്രിയിൽ  വീട്ടിൽ നിന്നിറങ്ങിപ്പോവുന്ന യുവാവിനോട്

തത്ത 'എവിടെവിടേക്ക്' എന്നന്വേഷിക്കുന്നു. നിലാവിൽ കൂത്താടാനെന്ന് അയാൾ പറയുന്നു. എന്നാൽ തത്ത  അല്പം കുസൃതിയോടെ “പുകയുകയായെരിയുകയായ്  ചെറുകിടയിൽ ചിലർ”എന്നു പിറുപിറുക്കുന്നു.

നിലാവത്തുനിന്നു തിരിച്ച കാമുകനോട് 'എവിടെവിടേക്ക്' എന്ന് തത്ത ആവർത്തിക്കുന്നു. കാമുകിയുടെ വീടെത്തുമ്പോൾ 'കുസൃതി മെടഞ്ഞമരുകെടോ തത്തേ ‘  എന്നു ഘനമഹിതശബ്ദത്തോടെ മുന്നിൽ കതകടയുന്നു. (‘അമ്പിളിയെ ചുംബിക്കാൻ' പു.287, ഇടശ്ശേരിക്കവിതകൾ സമ്പൂർണ്ണ സമാഹാരം, 2007). 


തത്തയുടെ ഭാഷയിൽ ഭാഷണവ്യഗ്രതയും അവിശ്വാസ്യതയും ആവർത്തനസ്വഭാവവും യുവജന സ്വതന്ത്രതയ്ക്കു വിലങ്ങിടാൻ തുടിക്കുന്ന കേരളീയ സമൂഹത്തിന്റെ ബോധ്യങ്ങളുടെ നേരിയ ലാഞ്ഛനയും കേൾക്കാനാവും. ”ജന്തുക്കളിൽ  മനുഷ്യരല്ലാതെ എന്നാൽ മനുഷ്യർക്ക് മനസ്സിലാവും വിധം ശബ്ദങ്ങളെ കൂട്ടി യോജിപ്പിച്ച് ഭാഷണം നടത്താൻ  കഴിവുള്ള ഒരു സവിശേഷ വിഭാഗത്തിൽ  പെടുന്ന ജീവികളാണ് തത്തകൾ. തത്തകൾ  ഇതിനായി ശബ്ദങ്ങളെ സംയോജിപ്പിച്ച്  പുതിയ  വാക്കുകളാക്കി അനായാസം മാറ്റുന്നു”

(പെപ്പെർബെർഗ് ,ഭാഷണ നിർമ്മിതിയുടെയും പെരുമാറ്റ ശാസ്ത്രത്തിന്റെയും  ഉൽപ്പത്തി സിദ്ധാന്തങ്ങളുടെ വിശാലമായ വ്യാഖ്യാനം, 1998, പുറം 526).  പക്ഷികളുടെ ഭാഷയിൽ മനുഷ്യഭാഷയിലുള്ള സങ്കീർണതകളും വിചാര വികാരാവിഷ്കരണ ധ്വനനസാധ്യതകളും  അദ്ദേഹം സംലയിപ്പിച്ചിട്ടുണ്ട്. നേരിട്ടല്ലാതെയുള്ള   സദാചാര ബോധനവും  സാരോപദേശവും തത്തയെക്കൊണ്ട് സാധിക്കുന്നു    ഇടശ്ശേരി.


മൃഗഭാഷണം   

 അണക്കെട്ടും പാലവും റെയിൽവേയും ഡാമും ലിഫ്റ്റ് ഇറിഗേഷൻ കനാലും(ആ പേരിൽ ഒരു കവിതയുണ്ട് അദ്ദേഹത്തിന്) കേരളത്തിൽ ഉണ്ടായിത്തുടങ്ങിയെങ്കിലും എരുതിലും പൈക്കളിലും ആശ്രയം കണ്ടെത്താൻ ആഗ്രഹിക്കുന്ന ഗ്രാമീണ കർഷകമനസ്സ് ഇടശ്ശേരിക്കവിതയിലുണ്ട്. കവിതകളിൽ ആവർത്തിച്ച് കാണുന്ന ബിംബങ്ങളാണ് എരുത്, കന്ന്, പയ്യ് ആടുകൾ  എന്നിവ. ഉമ്പാവിളി പോലുള്ള ശ്രവ്യബിംബങ്ങളും ഒപ്പം കാണാം. ഇടയകാലം പില്ക്കാലത്ത് പരിഷ്കരിച്ചുവന്ന മനുഷ്യചരിത്രത്തിന്റെ വളർച്ചയുടെ ഘട്ടമായ  കാർഷികഘട്ടത്തിൽ  വിടാതെ അടുത്തുകൂടിയ  ജാതിയാണ് നായ. വ്യക്തിപരമായ കാരണം കൊണ്ടായിരിക്കണം, കൃഷിക്കാരനായിട്ടും  അദ്ദേഹത്തിന്റെ കൃതികളിലെ നായയോടുള്ള ആഭിമുഖ്യക്കുറവ്.

നായ്ക്കളുടെ മിതഭാഷണം      

         വല്യ ഇണക്കമുള്ള ജാതിയാണെങ്കിലും കവിക്ക്  പ്രിയം നായ്ക്കളോടില്ല. നായ കടിച്ചു എന്നാണ് ഒന്നിന്റെ ശീർഷകവും പ്രമേയവും. മറ്റൊരു കവിതയിൽ,


         “അവൾ തച്ചാട്ടും പട്ടികളെ

       താട ചൊറിഞ്ഞ്കൊടുത്താൽ നക്കും

  ഗാഢസ്നേഹം പയ്യവളെ”

എന്ന അമ്മിണിയുടെ നായകളോടുള്ള വിവേചനാപൂർവ്വമായ  പെരുമാറ്റം   പ്രത്യക്ഷമായിത്തന്നെ കാണാം.

(ഇടശ്ശേരി ഗോവിന്ദൻ  നായര്, അമ്മിണിയും അനുജനും, ഇടശ്ശേരിക്കവിതകൾ  സമ്പൂർണ്ണ സമാഹാരം 2012,പു. 708)

 അദ്ദേഹത്തിന്റെ ഒസ്യത്ത്(1967) എന്ന കവിതയിൽ ഒസ്യത്ത് എഴുതിത്തരാനാവശ്യപ്പെട്ടു വരുന്ന നായയുണ്ട്. കവിയുടെ ദരിദ്രാവസ്ഥ, നായയുടെ (പോലും) സാമ്പത്തിക അവസ്ഥയുമായി തുലനം ചെയ്യുന്ന ഈ കവിത മികച്ച ആക്ഷേപഹാസ്യം തന്നെ. കവിയുടെ സങ്കൽപ്പസമൃദ്ധമായ നല്ലൊരുറക്കം മുറിച്ചുകൊണ്ടു കുരയ്ക്കാനും ഓളിയിടാനും വേണ്ടി വന്ന സ്വൈര്യക്കേട്  എന്നു കവി വിശേഷിപ്പിക്കുന്ന നായ മുമ്പിലെ കസേരയിൽ  വായിര ഒരു ചുരുൾ കടലാസുമായി ഇരിക്കുന്നു. അദ്ദേഹത്തിന്റെ ഒസ്യത്ത് എഴുതിനൽകണമെന്നതാണ് ആവശ്യം.


“എങ്ങനെ വേണ്ടൂ നിശ്ചയം”?”എല്ലാ-

മെൻമുതൽ നിയമം പോലെ”

എങ്കിലു, മോളിയിടാറു, ണ്ടവയുടെ

റോയൽട്ടിയില് നിന്നാട്ടെ

       (മാതൃഭൂമി ആഴ്ചപ്പതിപ്പ്,44-46, ജനുവരി 29,1967)

ഇവിടെ നായയുടെ ഭാഷ കുരയ്ക്കുക, ഓലിയിടുക എന്നിങ്ങനെ ഭാഷയുടെ ഉൽപ്പത്തിയിലെ ആദ്യഘട്ടമായ വിളിയിൽ  ആണ് നില്ക്കുന്നത്. “.. ഭാഷയുടെ വികാസത്തിന് മൂന്നുഘട്ടങ്ങള് ഉണ്ടെന്ന്  സങ്കൽപ്പിക്കുന്നു. ആദ്യഘട്ടം മനുഷ്യേതര ജീവികളിൽ ഇന്നും കണ്ടുവരുന്ന ‘വിളിവ്യവസ്ഥ’യാണ്. പരിമിതമായ ചില കാര്യങ്ങൾ മൃഗങ്ങളും മറ്റും ഉപയോഗിക്കുന്ന ശബ്ദങ്ങളെയാണ് വിളിവ്യവസ്ഥ എന്നു പറയുന്നത്”

(കെ. എം. പ്രഭാകര വാര്യർ, ഭാഷാവലോകനം, 2010, പു.11)


    ഇതിൽ മനുഷ്യഭാഷയിലുള്ള ശബ്ദപരവും  അർഥപരവുമായ വൈവിധ്യം കാണാനാവില്ല എന്നതുകൊണ്ട് മനുഷ്യർക്കിത് ശബ്ദശല്യം മാത്രമായിത്തീരുന്നു.


“സ്വനം, പദാംഗം, രൂപമാത്ര,പദം, വാക്യാംഗം(പദസംഹിത),വാക്യം,പ്രബന്ധം, എന്നിങ്ങനെ  ഭാഷയെ പലേ തലങ്ങളായി വിഭജിക്കാം. എന്നാൽ  ഭാഷയല്ലാത്ത വിനിമയ രീതികളിൽ ഇങ്ങനെയൊരു സ്വരൂപഘടന കാണാൻ  കഴിയുന്നതല്ല. ഇരയെ  കണ്ടെത്തുമ്പോൾ കുറുനരി ഓലിയിട്ടു മറ്റ് കുറുനരികളെ വരുത്താറുണ്ടല്ലോ. കുറുനരികളുടെ ‘ഈ ഓരിയിട’ലിനെ   ഭിന്നതലങ്ങളായും മാത്രകളായും വേർതിരിക്കാനാവുമോ?” (കെ. എം. പ്രഭാകര വാര്യർ, ശാന്താ അഗസ്റ്റിൻ, ആധുനികഭാഷാ ശാസ്ത്രം, 1972, പുറം 14)


 കറുത്ത നായ എന്ന കവിതയിൽ കാണാതായ അയൽക്കാരന്റെ പട്ടിയെ അന്വേഷിച്ച് അയലത്തെത്തുന്ന കവിയെക്കാണാം. സഹജീവികളെ തുരത്തിയും ഒച്ചയിട്ടും തന്റെ സമാധാന ജീവിതം തകർത്ത പട്ടിയെ ആണ് ഒടുവിൽ കവി അന്വേഷിച്ചു പോകുന്നത്.

തീരെ ഇണക്കമില്ലാതിരുന്ന ഒരു ജനുസ്സിനോട്‌ കാലം കൊണ്ട് ഇണങ്ങിപ്പോയ മനുഷ്യചരിത്രത്തിന്റെ ആവർത്തനം കവിയുടെ പലകവിതകളിലായി, പല  നിലപാടുകളായി  കാണാനാവും. ആദ്യം പൊത്തിപ്പിടിച്ചുകടിച്ച നായ(1957), തച്ചാട്ടുന്ന നായയിലേക്കും(1971), പിന്നീട് ഒസ്യത്ത് എഴുതാൻ  വന്ന നായ(1967)യിലേക്കും വഴിമാറുന്നു. ശല്യമോ ബുദ്ധിമുട്ടോ ആയി തന്റെ ഉറക്കത്തിനും വീട്ടിലെ കോഴികൾക്കും മുമ്പിൽ നിൽക്കുന്ന അയൽ  വീട്ടിലെ കറുത്ത നായ(1972)യെ പോയി അന്വേഷിക്കുന്ന കവിയിലെത്തുമ്പോൾ നായയോടുള്ള സമീപന   മാറ്റം പൂർണ്ണമാവുന്നു. യാദൃച്ഛികമായിമായി ആ കവിതകളുടെ കാലവും അതിനൊത്തു കാണുന്നു എന്നതും   രസാവഹം. 


  പയ്യ്  നിൽക്കുന്നു പയ്യായേ


         മേഘങ്ങളെ, പേരാറ്റുനീരിനെ പയ്യായി സങ്കല്പിക്കുന്ന കവിതാസന്ദർഭങ്ങൾ ഇടശ്ശേരിക്കവിതകളിൽ ധാരാളം ഉണ്ട് . മേഘമാകുന്ന അമ്മപ്പയ്യിനെ കാത്തുനിൽക്കുന്ന പൈക്കുട്ടിയെ നെന്മണിയിൽ ഒതുക്കുന്ന കൂടിയ അതിശയോക്തിയാണ് ‘കറുമ്പിപ്പയ്യ്’ എന്ന കവിത.

         ഏഴായിരത്തോളം വർഷങ്ങൾക്കു മുമ്പ് മനുഷ്യവാസ കേന്ദ്രങ്ങളിൽ നിന്നു ലഭിച്ച മണ്ണടരുകളിൽ നിന്ന്‌ നാൽക്കാലികളുടെ ഫോസിലുകൾ കിട്ടിയിട്ടുണ്ട്. ലഘുകൃഷിയെ വികസിത കൃഷിയാക്കാൻ സഹായിച്ച ജീവികളാണ് പശുവും കാളയും പോത്തും.  കർഷകനായി സ്വയം പ്രഖ്യാപിച്ച കവിക്ക് പൈക്കളോട് ഉൾപ്രിയം ഉണ്ടാവാതിരിക്കാൻ തരമില്ലല്ലോ.

         ആലയിൽ ബന്ധിതരായ രണ്ടു പൈക്കൾ വൈക്കോൽ വാരിയിടുന്ന ഭൃത്യന്റെ പുറമേക്കുള്ള സ്വതന്ത്രാവസ്ഥയെക്കുറിച്ചും ഉള്ളാലെയുള്ള അസ്വാതന്ത്ര്യത്തെക്കുറിച്ചും നടത്തുന്ന സംഭാഷണമാണ് 'കെട്ടിയിടാത്തവരെപ്പറ്റി'എന്ന ഇടശ്ശേരിയുടെ കവിത.(1973)


അരഞ്ഞാൾ ചരടുകൊണ്ടു പോലും ബന്ധിതനല്ലെങ്കിലും,

         “തുറന്നിട്ടിരിക്കുന്നൂ വിഭവസമൃദ്ധമീ-

         പുരയിപ്പാവത്തിന്റെ കണ്മുന്നിൽ സ്വർഗം പോലെ

         ആളല്ല കേറാൻ തൊടാൻ യാതൊന്നും” എന്ന്‌ ഒന്നാം പയ്യ്‌ കണ്ടെത്തുന്നു.

      ( ഇടശ്ശേരി ഗോവിന്ദൻ നായർ, ഇടശ്ശേരിക്കവിതകൾ  സമ്പൂർണം,2012, പുറം 767)

               സമൂഹത്തിലെ  തൊഴിലാളികൾ  ഉൾപ്പെടുന്ന കീഴാളരുടെ ദാരിദ്ര്യം സ്വയംകൃതമല്ലെന്നും അവർ   കാണാക്കയറുകൾകൊണ്ട് ബന്ധിക്കപ്പെട്ടിരിക്കുന്നത്, അവരുടെ മസ്തിഷ്കപ്രക്ഷാളനം വഴിക്കാണെന്നും കവി വിമർശിക്കുന്നു.


 “തടയാം നരൻ മാടിൻ ജഡത്തെയമ്മാന്യന്നു

  തരമായിട്ടില്ലതിൻ മസ്‌തിഷ്‌ക്ക പ്രക്ഷാളനം”


ആലയിലെ പൈക്കൾ സ്വതന്ത്രമായ തലച്ചോറുള്ളവരാണ് എന്നാണ് അവയുടെ വാദം. തങ്ങൾ  കുടിക്കുന്ന വെള്ളത്തിലെ ഉപ്പ് ആ ഭൃത്യൻ  കുടിക്കുന്ന കണ്ണീർപ്പുളിപ്പാണ്  എന്ന്‌ അവ അയാളുടെ വേദനയിൽ  ഐക്യപ്പെട്ടുകൊണ്ടു അനുമാനിക്കുന്നു.

         പരസ്പരം പൈങ്കിളി വിളികൊണ്ടടുക്കുന്ന പൈക്കളുടെ ഭാഷ(ഉമ്പാവിളി)യോടെതിരിട്ടു ഉച്ചനീചത്വം കൽപ്പിക്കുന്ന മനുഷ്യന്റെ മുടിങ്കോലിന്റെ ഭാഷ ഇവിടെ  തോറ്റുപോവുന്നു. ജൻമിത്തത്തിൽനിന്ന് സമൂഹം മുതലാളിത്തത്തിലേക്ക് കടക്കുന്ന ഒരു ഘട്ടത്തിൽ തൊഴിലാളി വർഗ്ഗത്തിന്റെ പ്രശ്നങ്ങൾ  ഇക്കവിത ഏറ്റെടുക്കുന്നത് സ്വാഭാവികം.”നഷ്ടപ്പെടുവാനില്ലൊന്നും  കൈവിലങ്ങുകളല്ലാതെ, കിട്ടാനുള്ളത് പുതിയൊരു ലോകം” എന്ന കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ ഉയർത്തിപ്പിടിച്ച ചിന്തകൾ കേരളത്തിൽ  വലിയ സംഘടിതമായ ചർച്ചയായി ഉയർന്നു വന്നിരുന്നു എന്നത് തർക്കമറ്റ സംഗതിയാണല്ലോ .

       

അപരച്ചൊല്ല്


    നേരിട്ടല്ലാതെയുള്ള   സദാചാര ബോധനവും  സാരോപദേശവും കൊണ്ടു  തത്വചിന്താത്മകവും മനുഷ്യജീവിതവിമർശനാത്മകവും ആണ് ജന്തു ജീവിതം ആവിഷ്ക്കരിക്കുന്ന ഇടശ്ശേരി ഗോവിന്ദൻ  നായരുടെ   ആക്ഷേപഹാസ്യ കവിതകൾ.

ചുരുക്കത്തിൽ അപരച്ചൊല്ല്  സൗന്ദര്യതലത്തിനപ്പുറം മനുഷ്യ ജീവിത വിമർശനത്തിന്റെ  തലങ്ങൾ നിർമ്മിക്കുന്നു. ആക്ഷേപഹാസ്യ കവിതകൾ ആണ് ‘കറുത്ത നായ’യും ‘അദ്ദേഹത്തിന്റെ ഒസ്യത്തും’ എങ്കിൽ,   സദാചാരോപദേശ കവിതയാണ് തത്തയും  യുവാവും തമ്മിലുള്ള സംഭാഷണരൂപത്തിലുള്ള ‘അമ്പിളിയെ ചുംബിക്കാൻ’ എന്ന കവിത.  എന്നാലോ അസമത്വത്തിനെതിരെയുള്ള ചിന്തോദ്ദീപക രചനാസാഹസമാണ് കെട്ടിയിടാത്തവരെപ്പറ്റി എന്ന പൈക്കളുടെ സംഭാഷണാത്മകമായ കവിത. പള്ളിക്കൂടത്തിലേക്ക് വീണ്ടും എന്ന കവിതയാകട്ടെ പാരിസ്ഥിതിക ആഭിമുഖ്യമുള്ളതും ഡി സ്കൂളിങ് എന്ന ആശയം മുന്നോട്ട് വയ്ക്കുന്നതുമാണ്.


             പക്ഷിമൃഗാദികളെക്കൊണ്ട്  സാരവത്തും കനമേറിയതുമായ ദൌത്യങ്ങൾ ഇടശ്ശേരി  നിർവ്വഹിപ്പിക്കുന്നത് ഈ കവിതകളിൽ  കാണുന്നു. പക്ഷിമൃഗാദികളുടെ ഭാഷ കവിതാഖ്യാനതന്ത്രത്തിനപ്പുറം, വിളിരൂപത്തിൽനിന്ന് തുടങ്ങി, കുസൃതിയും കുന്നായ്മയും പറയാനാവുന്ന ഭാഷയിലൂടെ വളർന്ന് , ആധുനിക ലോകത്തിനെ തീർക്കുന്ന പുത്തൻ  ജീവിത മൂല്യങ്ങളെക്കുറിച്ചുള്ള ചർച്ചയുടെ കനം വഹിക്കാൻ പാകത്തിലുള്ള ഒന്നാക്കി മാറ്റിയെടുത്ത് അതിനുമപ്പുറത്തുള്ള രാഷ്ട്രീയ ശരികളിലേക്ക് ഏന്തിത്തുളുമ്പിനില്ക്കുന്നു.   


ഗ്രന്ഥസൂചി


1.മാതൃഭൂമി ആഴ്ചപ്പതിപ്പ്,ഫെബ്രുവരി,1959

2.മാതൃഭൂമി ആഴ്ചപ്പതിപ്പ്,ജനുവരി ,1961

3.പെപ്പെർബെർഗ് ,ഭാഷണ നിർമ്മിതിയുടെയും പെരുമാറ്റ ശാസ്ത്രത്തിന്റെയും  ഉൽപ്പത്തി  സിദ്ധാന്തങ്ങളുടെ വിശാലമായ വ്യാഖ്യാനം, 1998   

4.ഭാഷാവലോകനം ,ഡോ. കെ. എം. പ്രഭാകരവാര്യർ വള്ളത്തോൾ  വിദ്യാപീഠം 2010   

5.ആധുനിക ഭാഷാശാസ്ത്രം, കെ. എം. പ്രഭാകര വാര്യർ

6.ഇടശ്ശേരിക്കവിതകൾ സമ്പൂർണ്ണ സമാഹാരം, ഇടശ്ശേരി ഗോവിന്ദൻ നായർ ,മാതൃഭൂമി ബുക്സ്, 2007

7.മെരുക്കപ്പെട്ടവർ: നമ്മുടെ ലോകത്തെ മാറ്റിമറിച്ച പത്തു സ്പീഷീസുകൾ , ആലീസ് റോബർട്ട്സൺ, വിന്റ്മിൽ ബുക്സ്

 
അജിത കെ.

അസിസ്റ്റന്റ്  പ്രൊഫസർ, 

മലയാള വിഭാഗം,

ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജ് ,പത്തിരിപ്പാല

0 comments
bottom of page