എ ശാന്തകുമാർ എന്ന നാടക പ്രതിഭയെ ഓർമ്മിക്കുമ്പോൾ
സതീഷ് ജി. നായർ
'ഖദീജാ.
നമുക്ക് പരിഭവം നടിച്ച്
പ്രണയിച്ചു കൊണ്ടേയിരിക്കാം...
മുടിയും നഖവും
അവശിഷ്ടങ്ങളാവും
വരെ.
നമുക്ക് പ്രണയിച്ചു കൊണ്ടേയിരിക്കാം.
പരസ്പരം കടിച്ചു തിന്നുകൊണ്ടേയിരിക്കാം.
പ്രണയവും ചുംബനവും ഒരു കലഹമല്ലേ ഖദീജാ?
ഈ കലഹത്തില്‍
തോല്‍ക്കുന്നത്
കാമുകിയോ,
കാമുകനോ...?
എനിക്കറിയില്ല ഖദീജാ...
പക്ഷെ, എനിക്കറിയാം
ഖദീജാ,നിനക്ക് പനിയുള്ള ഒരു രാത്രിയിലല്ലേ
നമ്മുടെ വീടിനെന്ത്
പേരിടുമെന്ന് ചോദിച്ച്
ഞാന്‍ നിന്നെ വിളിച്ചത്...?''
(വീടുകൾക്ക് എന്ത് പേരിടും.
എ .ശാന്തകുമാർ)
തോറ്റ മനുഷ്യരുടെ തോറ്റംപാട്ടുകളാണ് തൻ്റെ നാടകമെന്ന് സ്വയം പ്രഖ്യാപിച്ച നാടകക്കാരനാണ് എ. ശാന്തകുമാർ. ആത്മനൊമ്പരത്തിൻ്റെ തീക്ഷ്ണ യാഥാർത്ഥ്യങ്ങൾ അരങ്ങിൽ ഉജ്ജ്വലപ്പിച്ച അശാന്തിയുടെ ഈ നാടകക്കാരൻ പ്രതിഭകൊണ്ടും പ്രയത്നംകൊണ്ടും നമ്മളെ വിസ്മയിപ്പിച്ചു. അത്രമേൽ തീവ്രമായിരുന്നു ആ മനുഷ്യൻ്റ ജീവിതവും നാടകവും.
അദ്ദേഹത്തിൻ്റെ നാടകങ്ങൾ വായിക്കുമ്പോൾ അത് ചെയ്യാൻ അതിയായ ആഗ്രഹം തോന്നാറുണ്ട്. അത്തരത്തിൽ അദ്ദേഹം എഴുതിയ നാല് നാടകങ്ങൾ ഞാൻ സംവിധാനം ചെയ്തിട്ടുണ്ട്. സ്വപ്നവേട്ട, ഒരു ദേശം നുണ പറയുന്നു, വീടുകൾക്ക് എന്ത് പേരിടും, സത്യസന്ധൻ, കൂവാഗം തുടങ്ങിയവയായിരുന്നു അവ. കൊറോണയുടെ കെട്ട കാലം
വന്നില്ലായിരുന്നെങ്കിൽ എ ശാന്തകുമാർ എന്ന പ്രതിഭയെ നഷ്ടമാവില്ലായിരുന്നു. നെഞ്ചു കലങ്ങാതെ, കണ്ണു നിറയാതെ അദ്ദേഹത്തിൻ്റെ ഒരു നാടകവും കണ്ടുതീർക്കാനോ വായിച്ചു തീർക്കാനോ കഴിയില്ല.
അത്രമേൽ ആർദ്രവും തീക്ഷ്ണവുമായിരുന്നു ആ നാടകങ്ങൾ.
നാടകകൃത്തായ ജേഷ്ഠസുഹൃത്ത് സതീഷ് കെ സതീഷ് വഴിയാണ് ഞാൻ ശാന്തേട്ടനെ പരിചയപ്പെടുന്നത്. സതീഷേട്ടൻ എഡിറ്റ്ചെയ്ത് എനിക്ക് അയച്ചു തന്ന നാടകപുസ്തകത്തിൽ ഒരു നാടകം അദ്ദേഹത്തിൻ്റേതായിരുന്നു. സതീഷേട്ടനിൽനിന്നും നമ്പർ വാങ്ങുകയും അദ്ദേഹത്തെ വിളിച്ചു പരിചയപ്പെടുകയും ചെയ്തു. കുറേക്കാലം കഴിഞ്ഞതിനു ശേഷമാണ് അദ്ദേഹം എഴുതിയ 'ഒരു ദേശം നുണ പറയുന്നു' എന്ന നാടകപുസ്തകം അവിചാരിതമായി എൻ്റെ കയ്യിൽ കിട്ടുന്നത്. അതിലെ ഓരോ നാടകങ്ങളും അതീവ സൂക്ഷ്മതയോടുകൂടി ഞാൻ വായിച്ചു. ഭാഷയിലും രചനാശൈലിയിലും അവ മികച്ചതായിരുന്നു. ഓരോ നാടകവും വായിക്കുമ്പോൾ മനസ്സിൽ ഞാനതിനെ അരങ്ങിൽ കാണുകയായിരുന്നു.
ആ പുസ്തകത്തിൽ എൻ്റെ മനസ്സിൽ ഉടക്കിക്കിടന്ന ഒരു നാടകമാണ് 'സ്വപ്നവേട്ട'.
കണ്ണൻ തെയ്യം എന്ന കലാകാരൻ്റെ ജീവിതത്തിൽ സ്വപ്നങ്ങൾ വേട്ടയാടുന്നതിൻ്റെ തീക്ഷ്ണമായ ആവിഷ്കാരമായിരുന്നു അത് . ഭ്രമാത്മകതയും യാഥാർത്ഥ്യവും ഏറ്റുമുട്ടുന്ന ഈ നാടകത്തെ അരങ്ങിൽ സാക്ഷാത്കരിക്കാൻ എന്നിലെ നാടകക്കാരൻ ഒരു കുട്ടിയെപ്പോലെ വാശിപിടിച്ചു..
കേരള സർവകലാശാല നാടകോത്സവത്തിൽ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിനു വേണ്ടി ആ നാടകം സംവിധാനം ചെയ്തു. മികച്ച നാടകത്തിനുള്ള പുരസ്കാരവും ലഭിച്ചു.
നിരവധി തവണ ഫോൺ വഴി സംസാരിച്ചിട്ടുണ്ടെങ്കിലും അദ്ദേഹത്തെ ഒരു തവണ മാത്രമാണ് നേരിട്ട് കാണാനുള്ള ഭാഗ്യം എനിക്ക് കിട്ടിയത്. ഒരു പരിപാടിയുടെ ഭാഗമായിട്ട് ഞാൻ കോഴിക്കോട് പോയപ്പോൾ അദ്ദേഹത്തെ വിളിച്ച് കാണാനുള്ള ആഗ്രഹം പ്രകടിപ്പിച്ചു. "അതിനെന്താടാ നീ നേരെ നളന്ദയിലേക്ക് വരൂ" എന്ന് പറഞ്ഞു. അങ്ങനെ ഞാൻ അദ്ദേഹത്തിൻ്റെ സ്ഥിരം സങ്കേതമായ നളന്ദയിലേക്ക് പോയി. ശാന്തേട്ടൻ എന്നെ റസ്റ്റോറന്റിലേക്ക് കൂട്ടികൊണ്ടു പോയി ചായ വാങ്ങി തന്നു. ക്യാമ്പസ് നാടകങ്ങളെ കുറിച്ചും പുതിയകാല നാടക പ്രവണതകളെ കുറിച്ചും ഞങ്ങൾ ഒത്തിരി സംസാരിച്ചു. ഒരു ദിവസം അവിടെ തങ്ങിയിട്ട് പോകാൻ അദ്ദേഹം പറഞ്ഞെങ്കിലും ട്രെയിൻ ടിക്കറ്റ് നേരത്തെ ബുക്ക് ചെയ്തിരുന്നതിനാൽ അതു സാധിച്ചില്ല. പോകാൻ നേരം അദ്ദേഹം എഴുതിയ മൂന്നു നാടക പുസ്തകങ്ങൾ എനിക്ക് സമ്മാനമായി തന്നു. പാലാഴി കടഞ്ഞെടുത്തപ്പോൾ കിട്ടിയ അമൃത് പോലെ അമൂല്യമായിരുന്നു എനിക്കത്. കോഴിക്കോട് നിന്നും തിരുവനന്തപുരം വരെയും അതിൻ്റെ മാധുര്യത്തിലായിരുന്നു എന്റെ യാത്ര...
എ .ശാന്തകുമാറിന് ഓരോ നാടകവും കാലത്തിനോടുള്ള കലഹമാണ്. നെഞ്ചു പിടയുന്ന വേദനയോടുകൂടി അല്ലാതെ ആ നാടകങ്ങൾ കണ്ടു തീർക്കാനോ വായിച്ചു തീർക്കാനോ കഴിയില്ല. നാടകം ചെയ്യാൻ കിട്ടുന്ന ഓരോ അവസരത്തിലും ഞാൻ തിരയുന്നത് അദ്ദേഹത്തിൻ്റെ രചനകളാണ്. ഈ നാടകം ഞാനൊന്ന് ചെയ്തോട്ടെ എന്ന് അദ്ദേഹത്തെ വിളിച്ച് ചോദിക്കുമ്പോൾ. ഓരോ വിളിയിലും അദ്ദേഹം പറയുമായിരുന്നു. "നീ ധൈര്യമായി ചെയ്തോ ഡാ" എന്ന്. 'നാടകം ഉഷാർ ആവണം കേട്ടോ' എന്നുപറഞ്ഞാണ് ഫോൺ വയ്ക്കുന്നത്. അങ്ങനെ നാലു നാടകങ്ങൾ സംവിധാനം ചെയ്തു. ഓരോ നാടകവും എന്നിലെ നാടകക്കാരനെ ഞാൻ തന്നെ പുതുക്കുകയായിരുന്നു. ഒരു നാടകക്കാരന് സ്വയം നവീകരിക്കാൻ കഴിയുന്ന അസാധ്യമായ രചനകളായിരുന്നു അദ്ദേഹത്തിൻറെ ഓരോ നാടകവും. മാറ്റിനിർത്തപ്പെട്ടവർക്ക് വേണ്ടിയും അവഗണനകൾക്ക് ഇരയായി ഇടം നഷ്ടമായ നിസ്വരായ മനുഷ്യർക്കുവേണ്ടിയും അദ്ദേഹം അരങ്ങിൽ ശബ്ദിച്ചു കൊണ്ടേയിരുന്നു.
ഞാൻ ഒരു ദളിത് നാടകക്കാരൻ ആണെന്ന് സ്വയം പ്രഖ്യാപിച്ച അദ്ദേഹം മനുഷ്യരുടെ അകക്കാമ്പ് തൊട്ടറിഞ്ഞ കലാകാരനാണ്. സ്വപ്നവേട്ടയിലെ കണ്ണൻ തെയ്യവും, വീടുകൾക്ക് എന്ത് പേരിടും നാടകത്തിലെ ഖദീജയും, പ്രണയകഥകളിയിലെ കാന്തയും തുടങ്ങി നിരവധി കഥാപാത്രങ്ങൾ നമ്മുടെ കരളിൽ കനൽ കോരിയിടുകയാണ്. സിനിമയ്ക്ക് തിരക്കഥ എഴുതിയെങ്കിലും ആ മനുഷ്യൻെറ മനസ്സിൽ അവസാനശ്വാസം വരെയും നാടകമായിരുന്നു. അദ്ദേഹം മരണത്തിനു തൊട്ടുമുമ്പുള്ള ദിവസങ്ങളിൽ ഫെയ്സ് ബുക്കിൽ എഴുതിയ കുറിപ്പിൽ പറയുന്നത് ഇങ്ങനെയാണ്. "അന്തിമവിധി എന്തായാലും നാടകക്കാരൻ ആയിത്തന്നെ പുനർജനിക്കണം"
ജീവിതം വരെയല്ല ജീവിതത്തിന് ശേഷവും നാടകക്കാരൻ ആവാൻ ആഗ്രഹിച്ച ഒരു മനുഷ്യൻ്റ വാക്കുകളായിരുന്നു അത്. തിരശ്ശീലവീഴാത്ത അരങ്ങുപോലെ എഴുതിതീർക്കാത്ത ഒരുപാട് നാടകങ്ങൾ ബാക്കിവെച്ചാണ് ആ മനുഷ്യൻ യാത്രയായത്. മരണത്തിനു തൊട്ടുമുമ്പുള്ള ദിവസങ്ങളിൽ എഴുതിത്തീരാത്ത നാടകത്തിലെ കഥാപാത്രങ്ങൾ അദ്ദേഹത്തോട് ചോദിച്ച കാര്യങ്ങൾ വൈകാരികമായി ഫെയ്സ്ബുക്കിൽ പങ്കുവെച്ചിരുന്നു. അരങ്ങിൽ പൂർത്തിയാകാത്ത നാടകത്തെപോലെ,കണ്ടുതീരാത്ത സ്വപ്നത്തെ പോലെ, എഴുതി തീരാത്ത കവിതപോലെ പ്രതിഭയുള്ള ഒരു നാടകക്കാരനെ മലയാളത്തിനു നഷ്ടമായിരിക്കുന്നു. 'വീടുകൾക്ക് എന്ത് പേരിടും' എന്ന നാടക പുസ്തകത്തിൻ്റെ പിൻതാളിൽ സ്വന്തം കൈയ്യക്ഷരത്തിൽ അദ്ദേഹം എഴുതിവച്ചത് മരണത്തിനു തൊട്ടുമുമ്പും അദ്ദേഹം പറഞ്ഞിട്ടുണ്ടാവും.
ഞാൻ ഭൂമിയിലെ
ഓട്ടം നിർത്തിയിട്ടില്ല
യുദ്ധം അവസാനിപ്പിച്ചിട്ടില്ല,
അതുകൊണ്ട്
ദൈവമേ നിൻ്റെ
പറുദീസയിലേക്ക്
എന്നെ വിളിക്കരുതേ.... "...
എ.ശാന്തകുമാർ
................