കവിത
സതീഷ് ജി നായർ
സൂര്യൻ കത്തിയെരിയുന്ന
അൻപത്തിരണ്ട്ഡിഗ്രി ചൂടിലും
അൽ -ഐൻ കുട്ടികൾ
തിളച്ചു മറിയുന്നില്ല,
ഉരുകിയൊലിക്കുന്നില്ല,
തണലാഴങ്ങൾ തേടുന്നില്ല.
കലയുടെ കളിയോടങ്ങളുമായി
കഥയുടെ കൗതുകം തേടി,
കവിതകൾ ചൊല്ലിച്ചൊല്ലി
അരങ്ങിലേക്കവർ ചുവടുവച്ചു.
അരങ്ങിലെ ആട്ടവിളക്കിൽ
നിറഞ്ഞുകത്തിയ വെളിച്ചത്തിൽ
മധുരം മധുരം മലയാളമെന്ന്
കുഞ്ഞുമക്കൾ ഉറക്കെപ്പാടിയത്
കേട്ടാണ് മൺമറഞ്ഞ
കവികൾ കവിതകളുടെ
തീപ്പന്തവുമായി ഉയിർത്തെഴുന്നേറ്റത്...
ചങ്ങമ്പുഴയുടെ കനകച്ചിലങ്കയുമായി,
വൈലോപ്പിള്ളിയുടെ പന്തങ്ങളേറ്റുവാങ്ങി,
കടമ്മനിട്ടയുടെ കാട്ടാളനായി
കുട്ടികൾ നിറഞ്ഞാടി.
മക്കൾ മലയാളം മറന്നെന്ന്
വ്യാകുലപ്പെട്ട മാതാപിതാക്കൾക്കു
മുന്നിൽ
മലയാളഭാഷയെ
അവർ കാട്ടിക്കൊടുത്തു.
തുഞ്ചനും, കുഞ്ചനും
മധുരമായ ഭാഷയിൽ
അവരിലൂടെ സംസാരിച്ചു.
പ്രണയത്തിന്റെ രാഷ്ട്രീയവുമായി
സാറാമ്മയായും കേശവൻനായരായും
കഥാപാത്രങ്ങൾ പകർന്നാടിയ
പ്രകാശനിമിഷത്തിലാണ്
കുട്ടികൾ അരങ്ങിൽ നിന്നും
ആൾക്കൂട്ടത്തിലേക്ക്
പടർന്നത്.......
.......................................
കുറിപ്പ് : യുഎ ഇ യുടെ പൂന്തോട്ടനഗരിയായ അൽ - ഐനിൽ 2024 ജൂലൈ മാസത്തിൽ മലയാളിസമാജം നടത്തിയ വേനൽക്യാമ്പിൽ പങ്കെടുത്തതിൻ്റെ പശ്ചാത്തലത്തിൽ എഴുതിയത്. 52 ഡിഗ്രി ചൂടിലും അരങ്ങിൽ സർഗാത്മകതയുടെ വസന്തം തീർത്ത കുട്ടികൾ....