ആകാശത്തേക്ക് മുഖമുയര്‍ത്തി നില്‍ക്കുന്ന സ്നേഹവൃക്ഷം
- GCW MALAYALAM
- Jan 15
- 3 min read
ഡോ.ജോര്‍ജ്ജ് ഓണക്കൂര്‍

ചിന്തകള്‍ വല്ലാതെ ചിതറിപ്പോകുന്ന ഒരു ദിവസം. മനസ്സ് കലുഷിതം. പ്രഭാതത്തില്‍ ഉണര്‍ന്നു നോക്കുമ്പോള്‍ ആകാശത്തില്‍ വെളിച്ചം തീരെയില്ല. മനസ്സും അന്ധകാരമയമായിരിക്കുന്നു. ഇന്നലെ വരെ രാവില്‍ വെളിച്ചം പകര്‍ന്ന നക്ഷത്രം പെട്ടെന്ന് അസ്തമിച്ചതുപോലുള്ള അനുഭവം. ഇത് എങ്ങനെ സംഭവിച്ചു എന്നു ചിന്തിക്കുമ്പോള്‍, രണ്ടക്ഷരം മലയാളത്തിന്‍റെ മനസ്സില്‍ നിന്ന് മാഞ്ഞുപോയിരിക്കുന്നു എന്ന ദുഃഖകരമായ തിരിച്ചറിവിലേക്ക് എത്തിച്ചേരുന്നു. അത് എം.ടി. എന്ന രണ്ടക്ഷരമാണ്. മലയാളസാഹിത്യത്തില്‍ ആ മഹാസാഹിത്യകാരനെ അടയാളപ്പെടുത്താന്‍ രണ്ടക്ഷരം മതിയായിരുന്നു. എനിക്ക് അത് മൂന്നക്ഷരമാണെന്ന് വിനയപൂര്‍വ്വം പറഞ്ഞുകൊള്ളട്ടെ.
എം.ടി.യെക്കുറിച്ച് ഓര്‍മ്മിക്കുമ്പോഴൊക്കെ ഈ മൂന്ന് അക്ഷരങ്ങളാണ് മനസ്സില്‍ തെളിയുന്നത്. അത് ഗുരുത്വം എന്ന അക്ഷരങ്ങളാണ്. അദ്ദേഹമെന്നെ ക്ലാസ് മുറിയില്‍ ഇരുത്തി പഠിപ്പിച്ചിട്ടില്ല. പക്ഷേ, എത്രയോ വലിയ ജീവിത പാഠങ്ങള്‍ എം.ടി.യുടെ ഗ്രന്ഥങ്ങളില്‍ നിന്ന് ഉള്‍ക്കൊള്ളുവാന്‍ കഴിഞ്ഞു എന്നുള്ളത് ഞാന്‍ ഈ അവസരത്തില്‍ ഓര്‍ത്തുപോകുകയാണ്. വായനയുടെ ലോകത്ത് പിച്ചവച്ച് നടക്കാന്‍ ആരംഭിച്ച സമയത്ത് എനിക്ക് പരിചിതമായതാണ് എം.ടി. വാസുദേവന്‍ നായര്‍ എന്ന നാമധേയം. അദ്ദേഹത്തിന്‍റെ കഥകള്‍ സ്കൂള്‍ വിദ്യാഭ്യാസകാലത്തുതന്നെ ഞാന്‍ വായിച്ചിട്ടുണ്ട്. നോവലുകളിലേക്കുള്ള പ്രവേശന കവാടവും അക്കാലത്തു തന്നെ തുറന്നു കിട്ടി. 'പാതിരാവും പകല്‍വെളിച്ചവും' നാലുകെട്ടും അക്കാലത്തു വായിച്ചു. അവിടെ വിറച്ചു നില്‍ക്കുന്ന നായകന്‍റെ മനസ്സ് കണ്ടെത്താന്‍ എനിക്കു കഴിഞ്ഞു. പുതിയ കാലത്തിന്‍റെ കാഹളം വിളിയുമായി പ്രത്യക്ഷപ്പെടുന്ന ആ നോവല്‍ പുതിയ ഭാവുകത്വം അടയാളപ്പെടുത്തുന്നതായിരുന്നു. സാഹിത്യഅക്കാദമി പുരസ്കാരം പോലുള്ള വലിയ അംഗീകാരങ്ങള്‍ തേടിയെത്തിയ എം.ടി.യുടെ ആദ്യകാല നോവലുകളില്‍ ഒന്നാണ് 'നാലുകെട്ട്'. പുതിയ ഒരു കുടുംബാന്തരീക്ഷം. ജീവിത ബന്ധങ്ങള്‍. ഭാവിയക്കുറിച്ച് നൂതന സങ്കല്പനങ്ങള്‍ ഒക്കെ ഉള്‍ക്കൊള്ളുന്ന ആ കഥാശില്പം അതിന്‍റെ ഉള്ളടക്കത്തിലും അതുയര്‍ത്തിയ സംസ്കാരത്തിലും ഏറെ ശ്രദ്ധേയമായിരുന്നു.
അവിടെ നിന്ന് അദ്ദേഹം മുന്നേ സഞ്ചരിക്കുകയും ഞങ്ങള്‍ പിന്നാലെ കൂടുകയും ചെയ്തു. എപ്പോഴും ഞാന്‍ പിന്നാലെ ഉണ്ടായിരുന്നു എന്നതില്‍ എനിക്ക് അഭിമാനമുണ്ട്. എം.ടി.യുടെ ഓരോ കൃതിയും ഞാന്‍ ശ്രദ്ധാപൂര്‍വ്വം വായിച്ചിട്ടുണ്ട്. പഠിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. അത് എന്‍റെ വിവേകത്തിന്‍റെയും ജ്ഞാനത്തിന്‍റെയും അടയാളമാക്കിത്തീര്‍ക്കാന്‍ ശ്രദ്ധിച്ചിട്ടുണ്ട്. എന്‍റെ എഴുത്തുവഴികളില്‍ എം.ടിയുടെ വാക്കുകള്‍ നക്ഷത്രമായി വെളിച്ചം ചൊരിഞ്ഞിട്ടുണ്ട്. ആ നക്ഷത്രമാണ് പോയ രാത്രിയില്‍ അടര്‍ന്നു വീണത്. അപ്രതീക്ഷിതമായിരുന്നില്ല. അദ്ദേഹം ഗുരുതരമായ രോഗാവസ്ഥയിലാരുന്നു. വെന്‍റിലേറ്ററില്‍ കിടക്കുമ്പോഴും ഈ നക്ഷത്രം പൊലിഞ്ഞു പോകരുതേ, ഇരുട്ടു കടന്നു വരരുതേ, വെളിച്ചത്തിന്‍റെ പ്രഭാതം വീണ്ടും പുനര്‍ജനിക്കണേ എന്ന് പ്രാര്‍ത്ഥിച്ചുകഴിയുമ്പോഴാണ് രാത്രി പത്തുമണികഴിഞ്ഞപ്പോള്‍ എം.ടി. ഇനി ഇല്ല എന്ന ക്രൂരമായ സത്യം തിരിച്ചറിയേണ്ടി വന്നത്.
ഈ വേര്‍പാടിന്‍റെ നിമിഷത്തില്‍ എം.ടി. എനിക്ക് ആരായിരുന്നു എന്ന് ഞാന്‍ ഓര്‍ത്തുപോകുന്നു. അദ്ദേഹം മാതൃഭൂമിയുടെ പത്രാധിപരായിരുന്നു. ആ സമയത്ത് എന്‍റെ ഏതാനും ചെറുകഥകള്‍ മാതൃഭൂമിയിലൂടെ വെളിച്ചം കണ്ടിട്ടുണ്ട് എന്നത് എന്‍റെ സ്വകാര്യ അഭിമാനമാണ്. തിരുവിതാംകൂറില്‍ ഒതുങ്ങിക്കഴിഞ്ഞിരുന്ന ഞങ്ങള്‍ക്ക് മാതൃഭൂമി വളരെ ദൂരെ കോഴിക്കോടായിരുന്നു. ഭാരതപ്പുഴയുടെ അപ്പുറവും ഇപ്പുറവുമായി എഴുത്തുവഴികളെ തിരിച്ചു നിര്‍ത്തിയിരുന്ന ഒരുകാലത്തിന്‍റെ ദുഃഖകരമായ സ്മരണകള്‍ മനസ്സില്‍ നിന്ന് മാഞ്ഞുപോകുന്നില്ല. തെക്കേട്ടു വരുമ്പോള്‍ എഴുത്തിന്‍റെ വഴികളില്‍ വെളിച്ചമുണ്ടോ എന്നു തിരക്കാന്‍, അതുശ്രദ്ധിക്കാന്‍ അധികം പേരും മിനക്കെട്ടില്ല എന്നതാണ് വാസ്തവം.
ഇവിടെ വായിച്ച്, പഠിച്ച്, കാര്യങ്ങള്‍ ഗ്രഹിച്ച്, ജീവിതത്തിന്‍റെ സത്യങ്ങള്‍ തുറന്നു പറഞ്ഞുകൊണ്ട് എഴുതുന്നവര്‍ ഉണ്ടായിരുന്നില്ലേ? അതു ശ്രദ്ധിച്ചിരുന്നെങ്കില്‍ മലയാളത്തിനു സംഭവിക്കാമായിരുന്ന വിശാലത നഷ്ടപ്പെട്ടുപോയി എന്നാണ് എന്‍റെ ദുഃഖം. എം. ടി. അങ്ങ് വടക്കിരുന്ന് അന്നത്തെ പുതിയ തലമുറയായ ഞങ്ങളെപ്പോലെയുള്ള എഴുത്തുകാരെ പത്രാധിപര്‍ എന്ന നിലയില്‍ ശ്രദ്ധിച്ചിരുന്നു. യിസ്രയേല്‍, ഇറ്റലി തുടങ്ങിയ രാജ്യങ്ങള്‍ സന്ദര്‍ശിച്ചതിന്‍റെ നേര്‍ച്ചിത്രമെന്ന നിലയ്ക്ക് ഏറെ ശ്രദ്ധേയമായ പുസ്തകമായിരുന്നു 'ഒലീവു മരങ്ങളുടെ നാട്ടില്‍'. ഈ പുസ്തകം കോഴിക്കോട് മാതൃഭൂമിയില്‍ ചെന്ന് എം.ടി.യ്ക്കു സമര്‍പ്പിച്ചപ്പോള്‍ അദ്ദേഹം ചോദിച്ചത് 'നമുക്ക് ഈ പുസ്തകം പ്രകാശനം ചെയ്യേണ്ടേ' എന്നായിരുന്നു. ഞാന്‍ ചിരിച്ചു. 'പുസ്തകം പ്രകാശനം ചെയ്യാന്‍ തിരുവനന്തപുരത്തു വരും' എന്ന് അദ്ദേഹം പറഞ്ഞു. അതിനുവേണ്ടിമാത്രം അദ്ദേഹം തിരുവനന്തപുരത്ത് വരികയും മനോഹരമായ സമ്മേളനവേദിയില്‍ വച്ച് പുസ്തകം പ്രകാശിപ്പിക്കുകയും ചെയ്ത് അനുഗ്രഹിച്ചു. അതിന്‍റെ പുതിയ പതിപ്പുകളില്‍ എം.ടിയുടെ പ്രഭാഷണം ഉള്‍പ്പെടുത്തിയിട്ടുണ്ട്. എം.ടിയും പൊറ്റെക്കാട്ടും മലയാളത്തിലെ മികച്ച യാത്രികരാണ്. 'തങ്ങള്‍ ചെന്നു പെടാത്ത ഭൂവിഭാഗങ്ങളിലൂടെ ഈ പുതിയ എഴുത്തുകാരന്‍ യാത്രചെയ്യുന്നു. അതു മനോഹരമായി ചിത്രീകരിക്കുന്നു.' ഒലീവു മരങ്ങള്‍ മരിക്കുന്നില്ല എന്ന ആശയത്തെ ആസ്പദമാക്കി അദ്ദേഹം മനോഹരമായ പ്രഭാഷണം നടത്തി. അത് എന്‍റെ പുസ്തകത്തിനു് അലങ്കാരവും ജീവിതത്തിന് അനുഗ്രഹവുമായി.
എം.ടിയുമായി ബന്ധപ്പെട്ട് ഒത്തിരി അനുഭവങ്ങള്‍ എനിക്കുണ്ടായിട്ടുണ്ട്. തുഞ്ചന്‍ പറമ്പിലും സാഹിത്യ അക്കാദമിയിലും വച്ചുള്ള കൂടിച്ചേരലുകള്‍, പ്രഭാഷണവേദികളിലെ സംഗമങ്ങള്‍. അങ്ങനെ സ്വാഭാവികമായി ഒരു ചെടി വളര്‍ന്ന് സ്നേഹവൃക്ഷമായി ആകാശത്തേക്ക് മുഖമുയര്‍ത്തി നില്‍ക്കുകയാണ്. എം.ടി.യുടെ നവതി നാളില്‍ തുഞ്ചന്‍ പറമ്പില്‍ വച്ചു നടന്ന സൌഹൃദ സമ്മേളനത്തില്‍ ആദരമര്‍പ്പിക്കുവാന്‍ ഞാന്‍ എത്തുകയും പ്രഭാഷണം നടത്തുകയും ചെയ്തു. എന്‍റെ ജ്യേഷ്ഠസഹോദരനും മഹാനായ എഴുത്തുകാരനുമായ എം.ടി. മുന്‍നിരയില്‍ തന്നെ വന്നിരുന്ന് മുഴുവനും ശ്രദ്ധിച്ച് കേട്ടു എന്നത് സന്തോഷം പകരുന്ന അനുഭവമായി. ആ അവസരത്തില്‍ അദ്ദേഹത്തിന്‍റെ ചിത്രമുള്‍ക്കൊള്ളിച്ച 'ഹൃദയരാഗങ്ങള്‍' എന്ന എന്‍റെ ആത്മകഥ സരസ്വതി ടീച്ചറും മകള്‍ അശ്വതിയും ഒപ്പമുണ്ടായിരുന്ന ഗസ്റ്റ് ഹൌസിലെ മുറിയില്‍ വച്ച് അദ്ദേഹത്തിനു സമ്മാനിച്ചു. അദ്ദേഹം ചെറുപുഞ്ചിരിയോടെ എന്നെ അനുഗ്രഹിച്ചു.
എം.ടിയുടെ സര്‍ഗ്ഗവഴികള്‍ പിന്‍തുടര്‍ന്ന് ഏറെ യാത്രചെയ്തത് അഭിമാനകരമായ ഓര്‍മ്മ. 'നാലുകെട്ടി'ല്‍ നിന്ന് ആരംഭിച്ച ആ യാത്ര 'മഞ്ഞി'ലൂടെ പുരോഗമിച്ചു. മഞ്ഞ് വായിച്ച് ആവേസം ഉള്‍ക്കൊണ്ട് നൈനി തടാകം തേടി യാത്ര ചെയ്തത് ഓര്‍ക്കുന്നു. തടാകതീരത്ത് ആരെയോ കാത്തുകിടക്കുന്ന ഹൌസ് ബോട്ടുകള്‍. കാവല്‍ക്കാരനായി ബുദ്ദുവിനെപ്പോലെ ഒരു ചെറുപ്പക്കാരന്‍. അല്ക്കാ ഹോട്ടല്‍. അവിടെ വിമല താമസിച്ച അതേ മുറിയില്‍ ഒരാഴ്ച ഞാനും സ്വപ്നം കണ്ടു കഴിഞ്ഞു. ഒരു നോവല്‍ എത്ര വലിയ വായനാനുഭവം സൃഷ്ടിക്കുന്നു എന്നതിന്‍റെ മനോഹര സാക്ഷ്യമായിരുന്നു അത്. എന്‍റെ 'ഉഴവുചാലുകള്‍' എന്ന നോവല്‍ രൂപം കൊള്ളാനിടയായ പശ്ചാത്തലവും അതുതന്നെ.
എം.ടി.യുടെ അസുരവിത്തും കാലവും മലയാളികളുടെ സര്‍ഗ്ഗാഭിരുചികളെ ശക്തമായി സ്വാധീനിച്ച രചനാശില്പങ്ങളാണ്. അസുരവിത്തിലെ ഗോവിന്ദന്‍ കുട്ടി നേരിട്ട ജീവിത സന്ധികള്‍ ഇന്നും പ്രസക്തം. കാലത്തിലെ സേതുവിനെ സുമിത്ര അടയാളപ്പെടുത്തുന്നത് 'സേതൂന് സേതുവിനോടു മാത്രമേ ഇഷ്ടമുള്ളു' എന്നാണ്. അത്തരം സ്വാര്‍ത്ഥമതികളായ വ്യക്തിജീവിതങ്ങള്‍ ഇപ്പോഴും ദൃശ്യമാണ്.
എം.ടിയുടെ രചനകളുടെ കൊടുമുടിയായി വര്‍ത്തിക്കുന്നത് 'രണ്ടാമൂഴ'മാണ്. മാഹാഭാരത കഥയുടെ പശ്ചാത്തലത്തില്‍ ഇതിഹാസമാനം ഉള്‍ക്കൊള്ളുന്ന മറ്റൊരു കലാസൃഷ്ടി. മലയാളത്തിലേക്ക് ജ്ഞാനപീഠ പുരസ്കാരം വീണ്ടും കൊണ്ടുവന്നെത്തിച്ചതിന്‍റെ മഹത്വവും ആ നോവലിനുണ്ട്. 'വാരാണസി' എന്ന ഒടുവിലത്തെ നോവലിലും എം.ടി.യുടെ സര്‍ഗ്ഗപ്രഭാവം തെളിഞ്ഞു പ്രകാശിക്കുന്നു. ജ്ഞാനപീഠപുരസ്കാരത്തിന് രണ്ടാമൂഴം തിരഞ്ഞെടുത്ത പ്രാദേശിക സമിതിയില്‍ അംഗമാകാന്‍ ഭാഗ്യമുണ്ടായി എന്നത് സ്വകാര്യമായ അഭിമാനം. പുരസ്കാരലബ്ധിക്കു ശേഷം തിരുവനന്തപുരത്തു നല്‍കിയ സ്വീകരണത്തില്‍ പങ്കെടുക്കാനെത്തിയ അദ്ദേഹം ഞാന്‍ ഡയറക്ടറായിരുന്ന 'സര്‍വ്വവിജ്ഞാനകോശം ഇന്‍സ്റ്റിറ്റ്യൂട്ടി'ല്‍ ഒരു പകലിന്‍റെ പാതി സമയം ചെലവഴിച്ച് എന്‍റെ സഹപ്രവര്‍ത്തകരുമായി സംവദിച്ചത് നവ്യാനുഭവമായി. എന്‍റെ വീട്ടില്‍ വീണ്ടും അതിഥിയായി എത്തി എന്‍റെ കുടുംബത്തോടും കുട്ടികളോടും ഒപ്പം സമയം ചെലവഴിച്ചതും അവിസ്മരണീയമായ അനുഭവം.
എം.ടി. അക്ഷരങ്ങളുടെ പ്രജാപതിയാണ്. അതോടൊപ്പം മനോഹരമായ ദൃശ്യാനുഭവം സമ്മാനിച്ച ചലച്ചിത്രങ്ങളുടെ സ്രഷ്ടാവുമാണ്. പുരസ്കാരധന്യമായ 'നിര്‍മാല്യ'വും 'ഒരു ചെറുപുഞ്ചിരി'യും ഉള്‍പ്പെടെ എത്രയെത്ര ചിത്രങ്ങള്‍! സാഹിത്യത്തിന് സിനിമയില്‍ എങ്ങനെ ശോഭയേറ്റാന്‍ കഴിയും എന്നു തെളിയിച്ചത് എം.ടി.യുടെ തിരക്കഥകളാണ്.
അങ്ങനെ സര്‍ഗ്ഗാത്മകതയുടെ പൂര്‍ണ്ണശോഭനിറഞ്ഞ ആ മഹാത്മാവ് പ്രകാശസൂര്യനായി കലയുടെ ആകാശത്തിലും സംസ്കാരത്തിന്‍റെ ഭൂമികയിലും പ്രകാശം ചൊരിഞ്ഞ് ഒമ്പതു പതിറ്റാണ്ടു കാലം ധന്യമാക്കി. കാലത്തിപ്പുറത്തേക്ക് യാത്രയായ ആ സൂര്യശോഭ മലയാളത്തിന് പകരം വയ്ക്കാനില്ലാത്ത കലയുടെ മാന്ത്രിക ശക്തിയായി എന്നും പ്രകാശം ചൊരിഞ്ഞുനില്‍ക്കുക തന്നെ ചെയ്യും.
സുദര്‍ശന
നാലാഞ്ചിറ
തിരുവനന്തപുരം 695015
ജനുവരി 13, 2025
Kommentare