top of page

ആഗോളീകരണത്തെ പ്രതിരോധിച്ചവർ

ഡോ.എം.എ. സിദ്ധിഖ്
കാലാവസ്ഥാവ്യതിയാനവും സാഹിത്യഭാവുകത്വവും - ഭാഗം 5

കാലാവസ്ഥാ അടിയന്താരാവസ്ഥ എന്നു പാനിച്ച് വിളിച്ച പുതിയ രാഷ്ട്രീയകാലാവസ്ഥ പ്രതിരോധ ആഗോളീകരണം (defence - globalization) എന്നു വിളിക്കാവുന്ന പ്രക്രിയയുടെ കാലമാണ്. സാമ്രാജ്യത്വവും ആഗോളീകരണവും കൂട്ടുചേർന്നു നടത്തിയ സാർവദേശീയ അധിനിവേശത്തിനെതിരെ, പ്രകൃതി യുടെ രാഷ്ട്രീയം മുൻനിർത്തി ജനങ്ങൾ പ്രതിരോധം സൃഷ്ടി ക്കുന്നതിനെയാണ് പ്രതിരോധ ആഗോളീകരണം എന്നു പാനിച്ച് വിളി ച്ചത്. അതൊരു മടങ്ങിപ്പോക്കു കൂടിയാണ്. നഷ്‌ടപ്പെടുത്തിയവയെ തിരിച്ചുപിടിക്കുന്നതിനുള്ള ഭാവനാപരമായ ഒരു സാർവ്വദേശീയതയാണ് പ്രതിരോധ ആഗോളീകരണത്തെ നയിക്കുന്നത്. ഇതാകട്ടെ, ഉത്തരാധു നികതയുടെ സവിശേഷതയായിരുന്ന ചിതറിച്ചുകളയലി (fragmentation)നു വിരുദ്ധവുമാണ്. ഒരേ ലക്ഷ്യം മുൻനിർത്തി, ഭൂമിയിലെ ജീവനുകളെയും അചേതനങ്ങളെയും ഒന്നിച്ചുകൊണ്ടുവരുന്ന പ്രത്യയശാസ്ത്രമാണ് പ്രതിരോധ ആഗോളീകരണത്തിന്റെ പ്രത്യയശാസ്ത്രം.



കാലാവസ്ഥാവ്യതിയാനത്തിൻ്റെയും ആഗോളതാപനത്തി ന്റെയും വ്യക്തമായചിത്രം മനസ്സിലാക്കിയെങ്കിൽ മാത്രമേ, ഈ ഒത്തുചേരലിന്റെ പ്രത്യയശാസ്ത്രത്തെ നിർദ്ധാരണം ചെയ്യാൻ കഴിയുകയുള്ളൂ.ആഗോളതാപനം ഒരേനിലയിലുള്ള ആഘാതമല്ല ലോകത്തിനു നൽകുന്നത്. ഒരിടത്ത് അത് വർദ്ധിച്ച ചൂടാ ണെങ്കിൽ മറ്റൊരിടത്ത് വലിയതോതിലുള്ള വർഷപാതമായി മാറുന്നു. ശരാശരി താപത്തിൻ്റെ വർദ്ധനകൾ കണക്കാക്കി, ഭാവിയിലെ കാലാവസ്ഥാമാത്യകകൾ പ്രവചിക്കാൻ കഴിയുന്നവിധമുള്ള ശാസ്ത്രീയനിഗമനങ്ങൾ ഇതിനോടകം വികസിപ്പിക്കപ്പെട്ടു കഴിഞ്ഞിട്ടുണ്ട്.



അന്തരീക്ഷതാപത്തിൻ്റെ സമതുലിതാവസ്ഥയാണ് ഭൂമിയിലെ ജീവൻ്റെ നിലനിൽപ്പിന് അടിസ്ഥാനം. എന്നാൽ ഈ സമതുലിതാവസ്ഥ തകിടംമറിയുന്ന ചില സാഹചര്യങ്ങൾ ഉണ്ടാ കാറുണ്ട്. ഹരിതഗൃഹപ്രഭാവം എന്ന സാഹചര്യം മുൻനിർത്തിയാണ് അതു വിശദീകരിക്കാനാവുക. അന്തരീക്ഷ ഹരിതഗൃഹവാതകങ്ങളായ കാർബൺഡൈ ഓക്സൈഡ്. നൈട്രസ് ഓക്സൈഡ്, മീഥെയ്ൻ, നീരാവി, ഓസോൺ, മുതലായവയുടെ അനുപാതത്തിലെ വർദ്ധനവ് അന്തരീക്ഷതാപസമതുലിതാവസ്ഥയിൽ വരുത്തുന്ന ക്രമഭംഗമാണ് ഹരിതഗൃഹപ്രഭാവം എന്നറിയപ്പെടുന്നത്.



ഭൂമിയ്ക്കു വേണ്ട ചൂടത്രയും നൽകുന്നത് സൂര്യനാണ്. സൗരവികിരണം (Solar radiation) വഴി അതു ലഭിക്കുന്നു. താര തമ്യേന ചെറിയ തരംഗദൈർഘ്യമുള്ളതാണ് സൗരവികിരണം (~ 0.4-1 micrometer). ഈ ചൂട് സ്വീകരിച്ച് ഭൂമി ചൂടാവുകയും ഭൗമികമായ കുറെ വികിരണങ്ങളെ(terrestrial radiations) പുറത്തു വിടുകയും ചെയ്യുന്നു. അവയ്ക്കാകട്ടെ, തരംഗ ദൈർഘ്യം കൂടുതലാണ് (~4-30 micrometer).



ഈ രണ്ടുതരം വികിരണങ്ങളും, പരസ്‌പരപൂരകമായി പ്രവർത്തിച്ച് ഭൂമിയുടെ അന്തരീക്ഷ ചൂടിനെ സമതുലിതമാക്കി നിർത്തുന്നതിനാലാണ് സന്തുഷ്ട‌മായ ഒരു ജൈവഘടന ഭൂമി യിൽ ദീർഘകാലമായി നിലനിൽക്കുന്നത്. ‘സുര്യനിൽ നിന്നുള്ള ഊർജ്ജോൽപ്പാദനവും ഭൂമിയുടെ അന്തരീക്ഷത്തിന്റെ സംവിധാനവും (composition) മാറ്റമില്ലാതെ തുടരുന്ന ഒരു സാങ്കല്പിക സാഹചര്യത്തിൽ, മൊത്തം ഇൻകമിംഗ് സൗരവികിരണവും, മുഴുവൻ ഭൂമിയിൽ നിന്നും പുറത്തേക്കു പോകുന്ന ശരാശരി ഭൗമവി കരണവും നീണ്ടകാലം പരസ്‌പരം തുല്യമായിരിക്കും. ("In a hypothetical situation in which the energy output of the sun and the composition of the Earth's atmosphere are unchanged, the net incoming solar radiation and outgoing terrestrial radiation averaged over the entire globe and over a sufficiently long period of time would be exactly equal to each other" Manabe & Broccoli, 2020:(Beyond Global Warming: How Numerical Models Revealed the Secrets of Climate Change,Introuction).


പരസ്പര തുല്യത നഷ്‌ടപ്പെടുകയാണെങ്കിലോ? അതായത് സൗരവികിരണലഭ്യതയെക്കാൾ വളരെ ഉയർന്ന അളവിൽ ഭൗമികവികിരണം പുറത്തേക്കു നഷ്‌ടപ്പെടുകയാണെങ്കിൽ! എങ്കിൽ, ഭൂമി തണുത്തുറഞ്ഞുപോകും. മറിച്ചാണെങ്കിൽ, ഭൂമിക്കു പനിക്കും. ഭൂമിയുടെ ചൂടു വർദ്ധിക്കും.


ഈ രണ്ടാമത്തെ പ്രതിഭാസമാണ് ഗ്രീൻഹൗസ് പ്രഭാവം വഴി സൃഷ്ട‌ിക്കപ്പെടുന്നത്. അന്തരീക്ഷത്തിലെ ഗ്രീൻഹൗസ് വാതകങ്ങളായ കാർബൺ ഡൈ ഓക്സൈഡ് ഉൾപ്പെടെയുള്ളവ ഭൗമവികിരണങ്ങളെ ബഹിരാകാശത്തേക്കു വിടാതെ തടഞ്ഞു നിർത്തി അന്തരീക്ഷച്ചൂടു വർദ്ധിപ്പിക്കുന്നു. ഈ അന്തരീക്ഷജാ ലകം (atmospheric window) തരംഗദൈർഘ്യം കുറഞ്ഞ സൗര വികിരണങ്ങളെ കടത്തിവിടുകയും തരംഗദൈർഘ്യം കൂടിയ ഭൗമവികിരണങ്ങളെ തടയുകയും ചെയ്യുന്നു. നീരാവി കാരണം, ജലബാഷ്‌പം താരതമ്യേന സുതാര്യമായതും 7 മുതൽ 20 മൈക്രോമീറ്റർ തരംഗദൈർഘ്യത്തിനിടയിൽ നിലകൊള്ളുന്നതുമായ അന്തരീക്ഷജാലകം, ഈയൊരുകാരണം കൊണ്ടാണ് തരംഗദൈർഘ്യം കൂടിയ ചൂടിനെ ആഗിരണം ചെയ്യാൻ കരുത്തുള്ള തായിരിക്കുന്നത്. സി.എഫ്.സി.മറ്റൊരു ഹരിതഗൃഹവാതകമാണ് . 7 മുതൽ 13 വരെ മൈക്രോമീറ്റർ തരംഗദൈർഘ്യമുളള വികിരണങ്ങളെ ആഗിരണം ചെയ്യാൻ അതിനു കഴിയും.


ഇങ്ങനെ താപത്തിൻ്റെ ക്രമങ്ങൾ തെറ്റുന്നതോടെ അന്ത രീക്ഷച്ചൂട് വർദ്ധിക്കുന്നു. ഈ വർദ്ധനവ്, സ്വാഭാവികമായ ഗ്രീൻഹൗസ് പ്രഭാവം (natural greenhouse effect) അല്ല. സ്വാഭാ വികമായ ഹരിതഗൃഹപ്രഭാവമില്ലെങ്കിൽ ഭൂമിയിൽ, ജൈവിക ആവശ്യങ്ങൾക്കുവേണ്ട ചൂട് നിലനിൽക്കുകയേയില്ല. മേൽപ്പ റഞ്ഞ വാതകങ്ങൾ, അവയുടെ ശരിയായ അനുപാതത്തിൽ നില നിന്ന് ഭൗമവികിരണങ്ങളെ ക്രമത്തിനു തടയുന്നതുകൊണ്ടുമാ ത്രമാണ് ഭൂമിക്കുവേണ്ട ചൂട് നിലനിൽക്കുന്നത്. എത്രയോ നീണ്ട കാലമായി ഇതുതന്നെയായിരുന്നു അവസ്ഥ. പക്ഷേ, വ്യവസായവൽക്കരണം ഈ അനുപാതത്തെ തെറ്റിച്ചു. ഉത്ത രാർദ്ധഗോളത്തിലെ ശരാശരി താപനില വ്യവസായവിപ്ലവ ത്തിനും മുമ്പ് ഏതാണ്ട് ആയിരംകൊല്ലം സ്ഥിരമായി നിന്നുവെങ്കിൽ, വ്യവസായവൽക്കരണത്തോടെ അത് വർദ്ധിക്കാനാരംഭിച്ചു. 1880 മുതലാണ് സാവധാനമുള്ള ഈ വർദ്ധനയെ അതു പ്രകടിപ്പിച്ചു തുടങ്ങിയത്. അന്നുമുതൽ 2016 വരെയുള്ള കാലത്തെ, ശരാശരി താപവർദ്ധനവിൻ്റെ കണക്കെടുത്താൽ ഒരു ഡിഗ്രി സെൽഷ്യസിലേറെ(1°C) വർദ്ധന വാണ് കാണാനാവുക.


ഇത്രയും ചെറിയ വർദ്ധനവ് ഭൂമിക്കെന്തു ദോഷം വരു ത്താനാണ് എന്ന് വളരെ ലാഘവത്തോടെ ചിന്തിക്കുന്നവരു ണ്ടാവാം. അവർ ഗ്രീൻഹൗസ് വാതകങ്ങളുടെ അനിയന്ത്രിതവി സർജ്ജനം കൊണ്ടും, അന്തരീക്ഷതാപ വർദ്ധനവുകൊണ്ടും തങ്ങൾക്ക് യാതൊരാപത്തും വരുന്നില്ലല്ലോ എന്ന് ആശ്വസിച്ചു ജീവിക്കുന്നവരാണ്. അത്തരക്കാർ മറ്റൊരു കാര്യംകൂടി ചൂണ്ടി ക്കാട്ടിയെന്നു വരും. എത്രയോ നൂറ്റാണ്ടുകളായി ഭൂമിയുടെ ഹരി തഗൃഹപ്രഭാവത്തെ സ്വാഭാവികമായി സ്വാധീനിക്കുന്ന മറ്റുചില പ്രതിഭാസങ്ങളാണ് അഗ്നിപർവ്വത സ്ഫോടനങ്ങൾ. അവ, അനി യന്ത്രിത അളവിൽ കാർബൺഡൈ ഓക്സൈഡിനെ പുറത്തു വിട്ട് അന്തരീക്ഷതാപം വർദ്ധിപ്പിക്കുന്നുന്നുണ്ടല്ലോ എന്ന്.


ഇത്തരം വാദങ്ങൾ വിഷയത്തിൻ്റെ അടിയന്തിരപ്രാധാ ന്യത്തെ ചെറുതാക്കിക്കാട്ടുമെന്നല്ലാതെ മറ്റൊരു സ്വാധീനവും ഉണ്ടാക്കുന്നില്ല. കാലാവസ്ഥാ വ്യതിയാനത്തിനും ആഗോളതാപനത്തിനും കാരണമാവുന്ന മനുഷ്യഇടപെടലുകളെ നിസ്സാരീകരിക്കുകയും പാരിസ്ഥിതികദുരന്തങ്ങൾ യാദൃച്ഛികം മാത്രമാണെന്നു സ്ഥാപിക്കുകയുമാണ് അവയുടെ ലക്ഷ്യം. തൽക്കാലം അവയെ അവഗണിച്ചു മുന്നോട്ടുപോകാം. എന്തായാലും ഇതോക്കെ കാലാവസ്ഥാവ്യതിയാനത്തിൻ്റെ ആഘാതങ്ങളാണ്.



മനുഷ്യനിർമ്മിതമായ കാർബൺ ഡൈ ഓക്സൈഡിന്റെ നാലിലൊന്നും കടലാണ് ആഗിരണം ചെയ്യുന്നത്. ഇത്, കടൽവെ ള്ളത്തെ കാർബോണിക് ആസിഡ് ആക്കുകയും അത് കടലിന്റെ അമ്ലത വർദ്ധിപ്പിക്കുകയും ചെയ്യുന്നു. അന്തരീക്ഷത്തിലെ കാർബൺ ഡൈ ഓക്സൈഡിന്റെ അളവ് എത്രകണ്ടുവർദ്ധിച്ചതായി നാം ചരിത്രത്തിൽ കാണുന്നുവോ അതിന്റെറെ അൻപതിരട്ടി വർദ്ധനവാണ് സമുദ്രത്തിന്റെ അമ്ലതവർദ്ധനവിൽ കാണാനാവുന്നത്. ഇതുണ്ടാക്കുന്ന അനു ബന്ധപ്രശ്നങ്ങൾ ചെറുതല്ല;നിസ്സാരവുമല്ല.



കടലിന്റെ വ്യത്യസ്‌ത ആവാസസംസ്‌കാരങ്ങളിൽ ജീവി ക്കുന്ന എത്രയോ ജീവജാലങ്ങൾ കടലിൻ്റെ താപവർദ്ധനവ് കാരണമായി നശിച്ചു പോകുന്നു. ശേഷിച്ചവ അതിജീവിക്കാനായി വല്ലാതെ പ്രയാസപ്പെടുകയും ചെയ്യുന്നു. കടൽപ്ലവകങ്ങൾ (planktons) നശിക്കുന്നത്, അവയെ ഭക്ഷണമാക്കുന്ന ധാരാളം ജീവികളുടെ നാശത്തിനു കാരണമാവുന്നു. പവിഴപ്പുറ്റുകൾ, ധ്രുവക്കരടികൾ, പെൻഗ്വിനു കൾ, സീലയണുകൾ, പലതരം കടൽപ്പക്ഷികൾ എന്നിവയുടെ നാശം അവയെമാത്രമല്ല, അവയെ ആശ്രയിക്കുന്ന ധാരാളം കടൽജീവികളെയും ബാധിക്കുന്നു.


കടലിന്റെ അമ്ലവർദ്ധനവ്, ആകെ ഗുണം ചെയ്യുന്നത് കടൽപ്പുല്ലുകൾ പോലെയുള്ള വളരെക്കുറച്ചു ജീവികൾക്കുമാ ത്രമാണ്. അതു സൃഷ്‌ടിക്കുന്ന നാശമാണ് വലുത്. കാർബണേറ്റ് അയോണുകൾ കൊണ്ടു നിർമ്മിക്കപ്പെട്ടിരിക്കുന്ന പവിഴപ്പുറ്റുക ൾക്കും കടൽകക്കകൾക്കും (molluscs) കടലിൻ്റെ അമ്ലത വിനാ ശകരമായിത്തീരുന്നു.


സമുദ്രം അമിതമായി ചൂടാവുന്നത് പവിഴപ്പുറ്റുകളുടെ ‘ദാരിദ്ര്യ’ത്തിലേക്കു നയിക്കും. കോറൽ ബ്ലീച്ചിംഗ് എന്നറിയപ്പെ ടുന്ന 'വെളുക്കൽ' ആണത്. അസഹനീയ ചൂടുകാരണം പവിഴ പ്പുറ്റുകൾ അവയുടെ ഉടലുകളിൽ നിന്നും മനോഹരമായ ആൽഗ കളെ പൊഴിച്ചുകളയുന്നു. അതോടെ അവ വെളുത്തു ദരിദ്രമാ കുന്നു. ഈ അനുഭവം കടൽ കാണിക്കുന്ന ഒരു ദുഃഖവർത്തമാ നമാണ്.


ഒരുവശത്ത് ഇങ്ങനെ നശിക്കുന്ന കടൽജീവികൾ; മറുവ ശത്ത് ഭക്ഷണാവശ്യങ്ങൾക്കായി അതിദ്രുതം വേട്ടയാടപ്പെടുന്ന കടൽജീവികൾ! ചരിത്രത്തിൻ്റെ പരീക്ഷണകഥാപാത്രങ്ങളായ മനുഷ്യജീവികൾ, മനുഷ്യരാൽ നിർമ്മിക്കപ്പെട്ട പുതിയൊരു ദുര ന്തകാലത്തിനു (മറ്റൊരു ജിയോളജിക്കൽ യുഗത്തിനു) തുടക്കം കുറിച്ചിരിക്കുന്നു എന്ന് പോൾ ക്രൂറ്റ്സെൻ വിളിച്ചത് ഇത്തരം വിനാശങ്ങളെ കണ്ടിട്ടാണ്. 'ആന്ത്രാപ്പൊസീൻ' എന്നാണതിനു പേരെന്ന് മുൻപൊരിടത്തു പറഞ്ഞല്ലോ. ക്രൂറ്റ്സെൻ ഓസോൺ സുഷിരങ്ങളെക്കുറിച്ചു ഗവേഷണം നടത്തിയ നോബൽ സമ്മാ നജേതാവാണ്.


ഹരിതഗൃഹവാതകങ്ങളെ അനുഗ്രഹദാതാക്കളായും കാണണമെന്നു പറഞ്ഞല്ലോ. അത് അവ ഭൂമിയുടെ സൂക്ഷ്‌മസമ തുലന (delicate balance) ത്തെ തുണയ്ക്കുന്നിടം വരെയേയുള്ളൂ. വ്യവസായവൽക്കരണകാലത്തിനു മുമ്പുവരെ അത്, അങ്ങനെ യായിരുന്നുതാനും. എന്നാൽ പിന്നീട് ആ സ്ഥിതിമാറി. ഇന്നത്തെ കണക്കിൽ, അവയുടെ അളവ് നാൽപ്പതും അൻപതും ശതമാനം വച്ച കണ്ട് വർദ്ധിച്ചിട്ടുണ്ട്. കാർബൺഡൈ ഓക്സൈഡ് (CO2) തന്നെയാണ് അതിൽ മുന്നിൽ. 1750-ൽ 280 ppb (parts per million) എന്ന കണക്കിൽ മാത്രം അന്തരീക്ഷത്തിലുണ്ടായിരുന്ന CO2, ഇന്ന് 440 ppm ആയി മാറിയിരിക്കുന്നു. മീഥെയ്‌ൻ്റെ (CH) അളവ് 722 ppb (parts per billion) ൽ 1842 ppb രിക്കുന്നു. ഈ അളവുകുറവിൽ സമാധാനിക്കാൻ വരട്ടെ കാരണം, ആഗോളതാപന സാമർത്ഥ്യത്തിൽ ( GWP-Global Warming Protential) CO2- വിനെക്കാൾ ഇരുപത്തെട്ടു മടങ്ങ് ശക്തിയുള്ള വാതകമാണ് മീഥെയ്ൻ. എന്നുമാത്രമല്ല, ഈ വാതകങ്ങളുടെ അന്തരീക്ഷജീവിതകാലം വളരെ നീണ്ടതാണ് എന്നതാണ് മഹാദുരന്തം.



കാർബൺ ഡൈ ഓക്സൈഡിൻ്റെ കാര്യത്തിലാണ് മനു ഷ്യർ ഏറ്റവും വലിയ ധൂർത്ത് കാട്ടിയിട്ടുള്ളത്. കഴിഞ്ഞ ഒരു ദശകം എടുത്താൽ മാത്രം മനുഷ്യൻ അന്തരീക്ഷത്തിലേക്കു തള്ളിയത് 39 ജിഗാടൺ (3.9 ബില്യൺ ടൺ) കാർബൺ ഡൈ ഓക്സൈഡാണ്. അതിൽ 28 ശതമാനം വൃക്ഷങ്ങൾ ആഹരിച്ചു. 22% കടൽ കുടിച്ചു. ബാക്കി 44 ശതമാനവും അന്തരീക്ഷ ത്തിൽതന്നെ കിടക്കുകയാണ്. ഈ ദുർവ്യയം, ഭൂമിയുടെ സ്വാഭാ വിക കാർബൺ ചക്രത്തിൻ്റെ തകർച്ചയുടെ ലക്ഷണവുമാണ്.


എത്രയോ ആയിരം വർഷങ്ങളുടെ ഭൂമിയുടെ പ്രയത്നമായിരുന്നു അന്തരീക്ഷകാർബണുകളെ മരങ്ങളിലൂടെ വലിച്ചെടുത്ത് ഫോസിലുകളാക്കി ഭൂമിയ്ക്കടിയിലേക്കു നിക്ഷേപിച്ച പ്രക്രിയ. ആ കാർബൺ നിക്ഷേപത്തെയാണ് വൻതോതിൽ നാം അന്ത രീക്ഷത്തിലേക്കു തുറന്നുവിട്ടത്. ഇതിൻ്റെ വലിയ പ്രത്യാഘാത മാണ് ആഗോളതാപനമെന്ന മഹാവിപത്ത്.



ആഗോളതാപനത്തെക്കുറിച്ചും കാലാവസ്ഥാ വ്യതിയാ നത്തെക്കുറിച്ചുമുള്ള സാഹിത്യമെഴുതൽ എളുപ്പമുള്ള കാര്യമാ ണ്. ഇത്തരം വിഷയങ്ങളെ വിവരണാത്മകമായി സമീപിച്ച് എഴു തപ്പെട്ട അത്തരം ധാരാളം കൃതികൾ (മലയാളത്തിലും) ലഭ്യമാ ണ്. എന്നാൽ, കാലാവസ്ഥാവ്യതിയാനത്തിൻ്റെ സ്വാധീനത്തെ സാഹിത്യത്തിൽ നിന്നു വായിച്ചെടുക്കുക അത്ര എളുപ്പമല്ല. അതിനൊരു സൈദ്ധാന്തികചട്ടക്കൂട് ഉണ്ടാവേണ്ടതുണ്ട്. വിമർശനബു ദ്ധിയും നിരീക്ഷണസ്ഥൈര്യവും ഉണ്ടാവേണ്ടതുണ്ട്.



സാഹിത്യപഠനത്തിലാവുമ്പോൾ ഇത് ഏതു സമീപന തന്ത്രത്തെയാണ് പിൻതുടരേണ്ടതെന്ന സംശയം വരാം. ആധു നികതയെ വിമർശിക്കുന്നതുകൊണ്ട് അത് ഉത്തരാധുനികതയെ യാണോ പിൻതുടരേണ്ടത് എന്നു തോന്നാം.അതോ ഉത്തരാധുനികതയെത്തന്നെ വിമർശിക്കുന്നതും ഉത്തരാധുനികതയെ അപനിർമ്മിക്കുന്നതുമായ ഒരു പ്രേഷിതാധുനിക സമീപനത്തെയാണോ പിന്തുടരേണ്ടത്? എന്നാൽ ഇത്തരം കള്ളിതിരിക്കലുകൾക്കപ്പുറം കാലാവസ്ഥാസാഹിത്യ സിദ്ധാന്തം (climate literary theory) എന്നൊന്നിനെ വികസിപ്പിച്ചെടുക്കുന്നതിലാണു കാര്യം.തിയറി എന്നതുപോലും അതിനു യോജിക്കുന്നുണ്ട്. ചിതറിക്കലല്ല, സംയോജിപ്പിക്കലാണ് അതിന്റെ സാംസ്ക്‌കാരികരാഷ്ട്രീയം. സ്ഥലരൂപത്തിലാണെങ്കിൽ ദേശ-രാഷ്ട്രങ്ങളെയും മതസംവിധാനങ്ങളെയും ഒക്കെ; സൂക്ഷ്മമ രൂപത്തിലാണെങ്കിൽ പ്രയോഗപദ്ധതികളെയും വിചാരശില്പങ്ങളെയും ഒക്കെ ഒരുമിപ്പിച്ചു ചേർത്ത് പ്രവർത്തിക്കാൻ കാലാവസ്ഥാരാ ഷ്ട്രീയവും പ്രേരണയാവേണ്ടതുണ്ട്. അത്രയും ഗുരുതരമാണ് ലോകസാഹചര്യം.ഇതുതന്നെയാണ് സാഹിത്യത്തിലും ബാധകം.


ലോകം നേരിടുന്ന ഏറ്റവും വലിയ സാംസ്കാരികപ്രതിസന്ധി കാലാവസ്ഥാരാഷ്ട്രീയവുമായി ബന്ധപ്പെട്ടതാണ്.നാം വലുത് എന്നുകരുതുന്ന പല സാംസ്‌കാരിക മൂലധനകൾക്കും ഇതിനെ പരിഹരിക്കാൻ ഒന്നും ചെയ്യാനാവുന്നില്ല എന്നത് ഒരു വലിയ യാഥാർത്ഥ്യമാണ്.


പക്ഷേ,അങ്ങനെയൊരു സിദ്ധാന്തം രൂപപ്പെടുത്തിയെടുക്കൽ സാഹിത്യത്തെ സംബന്ധിച്ച് ഒറ്റയടിക്ക് സാധ്യമാകുന്ന കാര്യമല്ല.ചരി ത്രപരവും സൈദ്ധാന്തികവുമായ നല്ല തയ്യാറെടുപ്പോടുകൂടിയും കറകളഞ്ഞ സമർപ്പണബുദ്ധിയോടു കൂടിയും വേണം ഇത് സാധ്യമാവാൻ ഇത്രയും പശ്ചാത്തല കാര്യങ്ങൾ ഇവിടെ വിശദീകരിച്ചത് അതിനു മുന്നോടിയായാണ്.കാലാവസ്ഥാവ്യതിയാനത്തിൻ്റെ ഭാവുകത്വത്തെ മനസ്സിലാക്കാൻ കഴിയുന്ന സാഹിത്യമാതൃകകൾ (literary models) വികസിപ്പിച്ചെടുക്കുന്നത് വരുംകാല സാഹിത്യവായനയുടെ ഭാവിയെ നിർണ്ണയിക്കുന്ന ഒരു നടപടിയായി മാറുന്നത് അതുകൊണ്ടാണ്.

 

0 comments
bottom of page