ആത്മഹത്യ – ധാരണകൾ, മിഥ്യാധാരണകൾ
- GCW MALAYALAM
- Feb 15
- 4 min read
Updated: Feb 15
ഡോ. എസ്സ്. കൃഷ്ണൻ.

ഓരോ മരണത്തിനും നാം ആരോടൊക്കെയോ കടപ്പെട്ടിരിക്കുന്നു എന്നു പറയാറുണ്ട്. ഓരോ ജീവിതത്തിനും നാം ഒന്നിലേറെ പേരോട് കടപ്പെട്ടിരിക്കുന്നു എന്നതും മറ്റൊരു വാസ്തവം തന്നെ. സമൂഹം അംഗീകരിക്കാത്ത രീതിയിൽ ഒരു വ്യക്തി തന്റെ ജീവിതം സ്വയം അവസാനിപ്പിക്കാൻ ശ്രമിക്കുന്ന പ്രക്രിയയെയാണ് ആത്മഹത്യാശ്രമം എന്നു പറയുന്നത്. അത് മരണത്തിൽ കലാശിക്കുന്നത് ആത്മഹത്യയും. മരിക്കണം എന്ന ആഗ്രഹവും ലക്ഷ്യവും തന്നെയാണ് ഇതിന്റെ രണ്ടിന്റേയും പ്രധാന ഉള്ളടക്കം. എന്നാൽ അത്തരം ഒരു ഉദ്ദേശ്യം ഇല്ലാതെയും ഒരു വ്യക്തി തന്റെ ജീവിതം അവസാനിപ്പിക്കാനുള്ള ശ്രമങ്ങളിൽ ഏർപ്പെട്ടേക്കാം. ആംഗലേയത്തിൽ ഇതിനെ നാം ഡെലിബറേറ്റ് സെൽഫ് ഹാം അഥവാ മനപ്പൂർവ്വമുള്ള സ്വയം അപായപ്പെടുത്തൽ പാരാ സൂയിസൈഡ്, എന്നു പറയും. ഇതിന് ആത്മഹത്യയുമായി പ്രത്യക്ഷമായ ബന്ധം ഉണ്ടെന്ന് പറയാനാവില്ല. എങ്കിലും ഇത്തരം സ്വയം അപായപ്പെടുത്തലിൽ ഏർപ്പെടുന്നവരിൽ ആത്മഹത്യയ്ക്കുള്ള സാദ്ധ്യത കൂടുതലാണ്. പലപ്പോഴും വ്യക്തിത്വ വൈകല്യങ്ങൾ ഉള്ളവരിലാണ് ഇത് സാധാരണയായി കണ്ടു വരുന്നത് – പ്രത്യേകിച്ചും ബോർഡർ ലൈൻ വ്യക്തിത്വ വൈകല്യം ഉള്ളവരിൽ.
ആത്മഹത്യ ഗുരുതരമായ ഒരു പൊതുജനാരോഗ്യ പ്രശ്നമാണ്. ഓരോ വർഷവും ഏകദേശം എട്ട് ലക്ഷത്തോളം ആളുകളാണ് ആത്മഹത്യയിലൂടെ ജീവൻ വെടിയുന്നത്. അതായത് ഒരോ നാല്പത് സെക്കന്റിലും ഒരു ആത്മഹത്യ എന്ന കണക്കിലാണ് ആത്മഹത്യകൾ നടക്കുന്നത്. ഒരോ ആത്മഹത്യയ്ക്ക് പിന്നിലും ഇരുപതോളം ആത്മഹത്യാ ശ്രമങ്ങളും ഉണ്ട് എന്നതാണ് നാം പലപ്പോഴും ഓർക്കാതിരിക്കുന്ന ഒരു വസ്തുത. ഓരോ ആത്മഹത്യയും വ്യക്തിയെ മാത്രമല്ല, കുടുംബത്തെയും സമൂഹത്തെയും മുഴുവൻ രാജ്യത്തെയും ബാധിക്കുന്ന ഒരു ദുരന്തമാണ് എന്നു പറഞ്ഞാൽ അതിൽ ഒട്ടും തന്നെ അതിശയോക്തി കാണില്ല. ആത്മഹത്യ ചെയ്യുന്നവർ ഭൂമിയിൽ ഒറ്റയ്ക്കാക്കി പോകുന്നവരിൽ ഉള്ള ദീർഘകാല പ്രത്യാഘാതങ്ങളും ശ്രദ്ധ വേണ്ടത് തന്നെ. 2019 ലെ കണക്കനുസരിച്ച് ആഗോള ആത്മഹത്യകളിൽ 75 ലേറെ ശതമാനവും താഴ്ന്നതോ, ഇടത്തരം വരുമാനമുള്ളതോ ആയ രാജ്യങ്ങളിലാണ് സംഭവിക്കുന്നത്.
ആത്മഹത്യ ഗുരുതരമായ പൊതുജനാരോഗ്യ പ്രശ്നമാണ് എന്നു പറഞ്ഞുവല്ലോ. എങ്കിലും, സമയബന്ധിതമായ, ഗവേഷണങ്ങളിലൂടെ ഊതിക്കാച്ചിയ തെളിവുകൾ അടിസ്ഥാനമാക്കിയുള്ള, ചിലവ് കുറഞ്ഞ മാർഗ്ഗങ്ങളിലൂടെ വലിയൊരളവ് വരെ ആത്മഹത്യകൾ നമുക്ക് തടയാൻ കഴിയും. ഇവയുടെ ഫലപ്രാപ്തിക്കായി നമുക്ക് വേണ്ടത് സമഗ്രമായ ഒരു ബഹുമുഖ പദ്ധതിയാണ്.
ആത്മഹത്യയും ആത്മഹത്യാശ്രമങ്ങളും മനുഷ്യൻ്റെ ജീവിത ക്ലേശങ്ങളുടെയും മാനസികാരോഗ്യവുമായി ബന്ധപ്പെട്ട സങ്കീർണതകളുടെയും ആഴത്തിലുള്ള ഓർമ്മപ്പെടുത്തലുകളായി നിലകൊള്ളുന്നു. ജീവിതത്തിലെ പല സംഭവങ്ങളും അസഹനീയമായ വേദനയോടുമുള്ള ആഴത്തിലുള്ള പോരാട്ടത്തെ പ്രതിഫലിപ്പിക്കുന്നു. ഓരോ സ്ഥിതിവിവരക്കണക്കിനു പിന്നിലും സാമൂഹ്യ സമ്മർദ്ദങ്ങൾ, മാനസികാഘാതം, മാനസികരോഗാവസ്ഥകൾ എന്നിവയുൾപ്പെടെയുള്ള അസംഖ്യം ഘടകങ്ങളാൽ രൂപപ്പെട്ട ഒരു ലോകമുണ്ട്. ഒരോ ആത്മഹത്യയും വ്യക്തികളെ മാത്രമല്ല, കുടുംബങ്ങളെയും, സമൂഹത്തെയും ബാധിക്കുന്നു. പലപ്പോഴും ഒരോ ആത്മഹത്യയും ഉത്തരം ലഭിക്കാത്ത അസംഖ്യം ചോദ്യങ്ങളും അവശേഷിപ്പിക്കുന്നു. ആത്മഹത്യയുടെയും ആത്മഹത്യാ ശ്രമങ്ങളുടെയും മൂലകാരണങ്ങൾ മനസ്സിലാക്കുന്നതിനും പരിഹരിക്കുന്നതിനും മാനസികാരോഗ്യ അവബോധം, മാനസികാരോഗ്യ സംരക്ഷണത്തിനുള്ള വിഭവസമാഹരണം, മാനസികാരോഗ്യ പ്രശ്നങ്ങളോടുള്ള അയിത്തം നീക്കാനുള്ള പരിശ്രമങ്ങൾ എന്നിവ ഉൾക്കൊള്ളുന്ന ബഹുമുഖ സമീപനങ്ങളിൽ അധിഷ്ഠിതമാണ്. ആത്മഹത്യയെക്കുറിച്ചുള്ള കണക്കുകൾ ഭയപ്പെടുത്തുന്നതാണെങ്കിലും ജീവിതത്തിലേക്ക് നമ്മെ ക്ഷണിക്കുന്ന ചില വാക്കുകളും കൂടി പരിചയപ്പെടാം.
ജീവിതത്തിൻ്റെ നശ്വരത മനസ്സിലാക്കുന്നത് വേദന എത്ര തീവ്രമാണെങ്കിലും അത് ക്ഷണികമാണെന്ന് അംഗീകരിക്കുക എന്നതാണ്. സന്തോഷവും ദുഃഖവും ഒരുപോലെ ഉൾക്കൊള്ളാൻ, അംഗീകരിക്കാൻ പഠിക്കുക എന്നതാണ് രണ്ടാമത്തെ പടി. മൂന്നാമത്തെ പടി കാരുണ്യമാണ്. നമ്മൾ നമ്മോടും മറ്റുള്ളവരോടും കാണിക്കുന്ന കാരുണ്യം തന്നെയാണ് സ്വയം നശിപ്പിക്കാനുള്ള നമ്മുടെ ആഗ്രഹത്തിന്റെ മറുമരുന്ന്. സ്വന്തം വഴികളിലൂടെ, സ്വന്തം പോരാട്ടങ്ങളിലൂടെ സഞ്ചരിക്കുന്ന ഒരോ മനുഷ്യനും ഓർക്കേണ്ട മൂന്നു കാര്യങ്ങളാണ് മേൽപ്പറഞ്ഞത്. ഒരിക്കൽ കൂടി പറയാം. നിരാശയുടെ ആഴങ്ങളിൽ, ഓർക്കുക: ജീവിതത്തിലെ വെല്ലുവിളികൾ ക്ഷണികമാണ്, അവ അംഗീകരിക്കാൻ കഴിഞ്ഞാൽ സമാധാനം പടിവാതിൽക്കലെത്തും. കാരുണ്യം ഉള്ളിലെ നീറുന്ന മുറിവുകളെ സുഖപ്പെടുത്തുന്നു. ഇരുട്ടിൻ്റെ നടുവിൽ, മുന്നോട്ടുള്ള പാതയെ പ്രകാശിപ്പിക്കാൻ എപ്പോഴും പ്രതീക്ഷയുടെ ഒരു തിളക്കം കാത്തിരിക്കുന്നതായി അറിയുക. നിങ്ങൾ ഒറ്റയ്ക്കല്ല. ലോകം ഒപ്പമുണ്ട്. ഇക്കാര്യം എപ്പോഴും ഓർത്തു വെക്കുക.
ആത്മഹത്യകളെക്കുറിച്ചുള്ള മിഥ്യാധാരണകൾ
അപ്രതീക്ഷിതമായി അകാലത്തിൽ സംഭവിക്കുന്ന ഒരു മരണം അസ്വാഭാവിക മരണം എന്നാണ് നാം വിലയിരുത്തുക അസ്വാഭാവികം എന്നാൽ നാം ആദ്യം ചിന്തിക്കുന്നത് ആത്മഹത്യാ ശ്രമത്തെക്കുറിച്ച് തന്നെയായിരിക്കും നമ്മുടെ സമൂഹത്തിൽ ആത്മഹത്യകളെക്കുറിച്ച് തുറന്ന് സംസാരിക്കാനുള്ള ഒരു ചുറ്റുപാട് നിലവിലില്ല എന്നതും നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു. ആത്മഹത്യ എന്നാൽ മനോരോഗം എന്ന തുലനമാണ് ഇത്തരമൊരു തുറന്ന മനസ്സോടെ ചർച്ച ചെയ്യാനുള്ള കഴിവില്ലായ്മയുടെ പ്രധാന കാരണം.
ആത്മഹത്യകളെക്കുറിച്ചും ആത്മഹത്യാശ്രമങ്ങളെക്കുറിച്ചുമുള്ള ചില മിഥ്യാധാരണകളെ കുറിച്ചാണ് ഇനി പറയുന്നത്.
മിഥ്യാധാരണ 1:
ഒരു വ്യക്തിയോട് നാം ആത്മഹത്യയെ കുറിച്ചും ആത്മഹത്യാ ചിന്തകൾ ഉണ്ടോ എന്നതിനെക്കുറിച്ച് സംസാരിക്കുന്നത് അവർ ആത്മഹത്യ ചെയ്യാനുള്ള സാധ്യത വർദ്ധിപ്പിക്കും.
വസ്തുത ആത്മഹത്യയുടെ അപകടസാധ്യതയുള്ള വ്യക്തിയോട് അവർക്ക് സ്വന്തം ജീവിതം അവസാനിപ്പിക്കണം എന്ന് തോന്നുന്നുണ്ടോ എന്ന് ചോദിക്കുന്നത് അവരുടെ ഉത്കണ്ഠ കുറയ്ക്കുവാനും ആശയവിനിമത്തിനായി ഒരു വഴി തുറക്കുവാനും സഹായിക്കും. ഇത് ആത്മഹത്യയുടെ അപകടസാധ്യത കുറയ്ക്കുകയും ചെയ്യും. അത്തരമൊരു വ്യക്തിയോട് ആത്മഹത്യയെക്കുറിച്ച് നാം സംസാരിക്കുന്നത് അയാൾ എത്രമാത്രം ഗൗരവത്തോടെയാണ് ആ ചിന്ത കൊണ്ട് നടക്കുന്നതെന്ന് നിർണയിക്കാൻ നമ്മെ സഹായിക്കും.
മിഥ്യാധാരണ 2:
ആത്മഹത്യയെക്കുറിച്ച് സംസാരിക്കുന്ന ഒരാൾ മറ്റുള്ളവരുടെ ശ്രദ്ധ ആകർഷിക്കാൻ വേണ്ടിയാണ് അപ്രകാരം ചെയ്യുന്നത്.
വസ്തുതആത്മഹത്യക്ക് ശ്രമിക്കുന്ന മൂന്നിൽ രണ്ടുപേരും തങ്ങളുടെ ആത്മഹത്യാ ചിന്തകളെക്കുറിച്ച് മറ്റുള്ളവരോട് സംസാരിച്ചിരുന്നു എന്നാണ് ഗവേഷണങ്ങൾ കാണിക്കുന്നത്. പാല് കിട്ടാൻ വേണ്ടി മാത്രം കരയുന്ന കുഞ്ഞുങ്ങൾ അല്ല ആത്മഹത്യാ ശ്രമം നടത്തുന്നവർ. അതിശക്തമായ മാനസിക വേദന അനുഭവിക്കുന്നതിലാണ് അവർ അതിൽ നിന്ന് രക്ഷപ്പെടാൻ എന്നുള്ള പേരിൽ സ്വന്തം ജീവിതം അവസാനിപ്പിക്കാൻ ശ്രമിക്കുന്നത്. ഇത്തരത്തിൽ അമിതമായ വൈകാരിക വേദന അനുഭവിക്കുന്നതിനാൽ തന്നെ അവർ എപ്പോഴും മറ്റുള്ളവരോട് സഹായം അഭ്യർത്ഥിച്ചേക്കാം. തമാശയായി പറയുന്ന ആത്മഹത്യാ പ്രസ്താവനകൾ പോലും നാം കാര്യഗൗരവത്തോടുകൂടി സമീപിക്കണം എന്നതാണ് പൊതുവേയുള്ള തത്വം.
മിഥ്യാധാരണ 3:
യുവാക്കൾ ഒരിക്കലും ആത്മഹത്യയെ കുറിച്ച് ചിന്തിക്കുന്നില്ല. കാരണം ഒരു ജീവിതം മുഴുവൻ അവരുടെ മുന്നിലുണ്ട്.
വസ്തുത 15 മുതൽ 24 വരെ വയസ്സ് പ്രായമുള്ള യുവാക്കളുടെ മരണത്തിൻറെ രണ്ടാമത്തെ പ്രധാന കാരണം ആത്മഹത്യയാണ്. യുവാക്കൾക്കിടയിലാണ് ആത്മഹത്യകൾ കൂടുതലായി നടക്കുന്നത്. ചിലപ്പോൾ 10 വയസ്സിന് താഴെയുള്ള കുട്ടികൾപോലും ആത്മഹത്യ ചെയ്യുന്നതായി കണ്ടുവരാറുണ്ട്. പല ചെറുപ്പക്കാരും ജീവിതം അവസാനിപ്പിക്കുന്നതിനെ കുറിച്ച് ഗൗരവമായി സംസാരിക്കുകയോ മറ്റുള്ളവരുടെ ശ്രദ്ധയിലേക്ക് കൊണ്ടുവരികയോ ചെയ്യുമ്പോഴും ചുറ്റുമുള്ളവർ പലപ്പോഴും അത് ഗൗരവമായി എടുക്കുന്നില്ല എന്ന് നാം തിരിച്ചറിയേണ്ടതുണ്ട്.
മിഥ്യാധാരണ 4:
യഥാർത്ഥത്തിൽ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ഒരാളെ സഹായിക്കാൻ നമുക്ക് ഒന്നും ചെയ്യാനില്ല. വസ്തുത ആത്മഹത്യ ചെയ്യാൻ ശ്രമിക്കുന്ന മിക്ക ആളുകളും മരിക്കാൻ ആഗ്രഹിക്കുന്നില്ല എന്നതാണ് വസ്തുത. അവർ തീവ്ര മാനസിക വേദന കൊണ്ട് സഹികെട്ട് വേദന നിർത്താൻ ആഗ്രഹിക്കുന്നു. ജീവിതത്തിൻറെ കൊച്ചുകൊച്ചു ദൈനംദിന പ്രശ്നങ്ങളുടെ സ്ഥായിയായ പരിഹാരം എന്നുള്ള നിലയിലാണ് ഇവർ ആത്മഹത്യയെ കാണുന്നത്. ആത്മഹത്യ ചെയ്യുന്നവരിൽ പകുതിയിലധികം പേരും മരണത്തിന് തൊട്ടുമുമ്പുള്ള മാസങ്ങളിൽ വൈദ്യസഹായം തേടിയിരുന്നു എന്ന് കാണാം.
മിഥ്യാധാരണ 5:
ആത്മഹത്യ എപ്പോഴും സംഭവിക്കുന്നത് മുന്നറിയിപ്പ് സൂചനകൾ ഒന്നും തന്നെ ഇല്ലാതെയാണ്. വസ്തുതആത്മഹത്യ ചെയ്യുന്നവരിൽ ഏകദേശം 60 - 80 ശതമാനം പേരും തങ്ങളുടെ ആത്മഹത്യാശ്രമം മുൻകൂട്ടി ആസൂത്രണം ചെയ്യുകയും അത് സംഭവിക്കുമെന്ന് മറ്റുള്ളവർക്ക് സൂചന നൽകുകയും ചെയ്യുന്നു. ആത്മഹത്യ ചെയ്യുന്ന എല്ലാവരിലും ഒരേപോലെ ഇത്തരം മുന്നറിയിപ്പ് അടയാളങ്ങൾ കാണണമെന്നില്ല. വ്യക്തികൾക്ക് അനുസരിച്ച് അതിൽ മാറ്റങ്ങൾ വരും. എന്നാൽ നാം ശ്രദ്ധിക്കേണ്ടത് ഇത്തരത്തിലുള്ള ജീവിതം അവസാനിപ്പിക്കുവാനുള്ള എല്ലാ മുന്നറിയിപ്പ് അടയാളങ്ങളും ഗൗരവമായി എടുക്കണം എന്നാണ്.
മിഥ്യാധാരണ 6:
ആത്മഹത്യക്ക് ശ്രമിച്ചേക്കാവുന്ന ഒരു വ്യക്തിക്ക് സാധാരണ രീതിയിൽ ചില പ്രത്യേകതകൾ ഉണ്ട്. വസ്തുതപ്രായ ദേശ ലിംഗ മത വർഗ്ഗ രാഷ്ട്രീയ വംശ സാമൂഹിക സാമ്പത്തിക ഭേദമില്ലാതെ ഏവരെയും ബാധിക്കുന്ന ഒരു സാമൂഹ്യ ആരോഗ്യപ്രശ്നമാണ് ആത്മഹത്യാശ്രമങ്ങളും ആത്മഹത്യയും.
മിഥ്യാധാരണ 7:
സ്വന്തം ജീവൻ അവസാനിപ്പിക്കാൻ ശ്രമിക്കുന്ന എല്ലാവരും മാനസിക രോഗം ഉള്ളവരാണ്.
വസ്തുത ആത്മഹത്യ ചെയ്യുന്നവരിൽ ഏകദേശം 90 ശതമാനത്തോളം പേർക്ക് രോഗനിർണയം നടത്താവുന്ന മാനസിക രോഗമുണ്ട് എന്നാണ് കണക്ക്. അസ്വസ്ഥതകളും ദുഃഖവും വിഷാദവും നിരാശയും ഒക്കെ ആത്മഹത്യയിലേക്ക് നയിക്കുന്ന വികാരങ്ങളാണ്. അമിതമായ മാനസിക സമ്മർദ്ദങ്ങളോടുള്ള പ്രതികരണം എന്ന നിലയ്ക്ക് അല്ലെങ്കിൽ അതിശക്തമായി നമ്മെ ആക്രമിക്കുന്ന സാഹചര്യങ്ങളോ സംഭവങ്ങളോ ഉണ്ടാകുമ്പോൾ ആത്മഹത്യകൾ സംഭവിക്കാം. ഒരു വ്യക്തി ആത്മഹത്യയ്ക്ക് ശ്രമിക്കുമ്പോൾ അതിനർത്ഥം അവർ യുക്തിരഹിതരാണെന്നോ അവർ മാനസികരോഗം അനുഭവിക്കുന്നവരാണെന്നോ അല്ല. മസ്തിഷ്കം ഉള്ള ആർക്കും സംഭവിക്കാവുന്ന ഒരു അപകടം തന്നെയാണ് ആത്മഹത്യ.
മിഥ്യാധാരണ 8:
ആത്മഹത്യക്ക് ശ്രമിക്കുന്ന ആളുകൾ ദുർബലരാണ്.
വസ്തുതആത്മഹത്യക്ക് ശ്രമിക്കുന്ന വ്യക്തികൾ ദുർബലരല്ല; മറിച്ച് ഇവർ അമിതമായ മാനസിക വേദനയിലാണ്. അവരുടെ തലച്ചോറിൽ രാസ അസംതുലിതാവസ്ഥ ഉണ്ടായിരിക്കാം. ഒരു വ്യക്തിയെ ജീവിതത്തിൻറെ എല്ലാ പ്രശ്നങ്ങൾക്കും ഉള്ള സ്ഥായിയായ പരിഹാരം എന്ന നിലയിൽ ആത്മഹത്യയിലേക്ക് നടന്നു നീങ്ങാൻ പ്രേരിപ്പിക്കുന്നത് ഈ രാസ അസന്തുലിതാവസ്ഥയും കൂടിയാണ്.
മിഥ്യാധാരണ 9:
ഒരാൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചു കഴിഞ്ഞാൽ പിന്നെ അയാളെ രക്ഷിക്കാൻ നമുക്ക് ഒന്നും തന്നെ ചെയ്യാൻ സാധ്യമല്ല.
വസ്തുത
ആത്മഹത്യ ചെയ്യുന്ന മിക്കവാറും ആരും തന്നെ മരിക്കാൻ ആഗ്രഹിക്കുന്നില്ല. പലപ്പോഴും ആത്മഹത്യകൾ സംഭവിക്കുന്നത് വേദനയും നിരാശയും അവസാനിപ്പിക്കാൻ വേണ്ടി എന്ന നിലയിലാണ്. പലപ്പോഴും ആത്മഹത്യയ്ക്ക് വേണ്ടി എല്ലാ തയ്യാറെടുപ്പും നടത്തിക്കഴിഞ്ഞ വ്യക്തികൾ വരെ മനസ്സ് മാറി സമാധാന ജീവിതത്തിലേക്ക് മടങ്ങി വരുന്നതായി കാണാറുണ്ട്.
മിഥ്യാധാരണ 10:
ഒരിക്കൽ ആത്മഹത്യക്ക് ശ്രമിച്ച, അതിനെ അതിജീവിക്കുന്ന ആളുകൾ വീണ്ടും ആത്മഹത്യയ്ക്ക് ശ്രമിക്കില്ല.
വസ്തുത ആത്മഹത്യയ്ക്ക് ശ്രമിച്ച, അതിനെ അതിജീവിക്കുന്ന ആളുകൾ വാസ്തവത്തിൽ പലപ്പോഴും കൂടുതൽ ശ്രമങ്ങൾ നടത്താറുണ്ട്. ആത്മഹത്യാ പ്രേരണകൾ എല്ലാക്കാലത്തേക്കുമായി നിൽക്കില്ല, എങ്കിലും ആത്മഹത്യയ്ക്ക് കാരണമായ വികാരങ്ങൾ ആവർത്തിച്ച് വരുന്ന അവസരങ്ങളിൽ അത്തരം ശ്രമങ്ങൾ വീണ്ടും ആവർത്തിച്ചു വന്നേക്കാം.
മിഥ്യാധാരണ 11:
മദ്യവും മറ്റു മയക്കുമരുന്നുകളും ഒരു വ്യക്തിയെ ആത്മഹത്യാ ചിന്തകളിൽ നിന്നും രക്ഷപ്പെടാൻ സഹായിക്കുന്ന ഘടകങ്ങളാണ്.
വസ്തുതമദ്യവും മയക്കുമരുന്നും ഒരു വ്യക്തിയുടെ ആത്മഹത്യ തടയാനുള്ള കഴിവ് കുറക്കുകയും ജീവിതം അവസാനിപ്പിക്കുവാനുള്ള ആവേശം വർദ്ധിപ്പിക്കുകയും ആത്മഹത്യാ സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നു.
മേൽപ്പറഞ്ഞവയൊക്കെ നമ്മുടെ അബദ്ധ ധാരണകളിൽ ചിലത് മാത്രം. എന്നാൽ നമുക്ക് അറിയാവുന്ന, നാം അറിയേണ്ട ഒരു കാര്യം കൂടി പറഞ്ഞുകൊണ്ട് ഈ ലേഖനം അവസാനിപ്പിക്കാം. ആത്മഹത്യകൾ മസ്തിഷ്ക പ്രതിഭാസങ്ങൾ തന്നെ എന്ന കാര്യത്തിൽ സംശയത്തിന് അവകാശമില്ല. എന്നാൽ അവയ്ക്ക് സാമൂഹ്യമായ പ്രേരക ഘടകങ്ങളുണ്ട്. അത്തരം പ്രേരക ഘടകങ്ങൾക്ക് മസ്തിഷ്കത്തിലൂടെ മാത്രമേ പ്രവർത്തിക്കാൻ സാധിക്കുകയുള്ളൂ. തീരുമാനിച്ചുറപ്പിച്ച് നടത്തപ്പെടുന്ന ആത്മഹത്യകൾ നമുക്ക് തടയാനാകും. എന്നാൽ എല്ലാ ആത്മഹത്യകളും നമുക്ക് തടയാൻ സാധിച്ചു എന്ന് വരില്ല. ഒരൊറ്റ കാര്യം കൊണ്ട് മാത്രമല്ല ഒരു ആത്മഹത്യയും സംഭവിക്കുന്നത്. ഓരോ ആത്മഹത്യയ്ക്ക് പിന്നിലും ഒന്നിലേറെ കാരണങ്ങളുണ്ട്. അതിസങ്കീർണ്ണമാണ് ആത്മഹത്യ ചെയ്യുന്ന വ്യക്തിയുടെ ഉള്ള്. അതറിയാൻ സഹായിക്കുന്ന മസ്തിഷ്ക ചിത്രണ മാർഗ്ഗങ്ങൾ നാളെ ഉണ്ടായി എന്ന് വന്നേക്കാം. അതുവരെ നമുക്ക് ഇന്നത്തെപ്പോലെ കണ്ണുകൾ തുറന്നുപിടിച്ച് തന്നെ ഇരിക്കേണ്ടി വരും.
ഡോ. എസ്സ്. കൃഷ്ണൻ.
പ്രൊഫ.& ഹെഡ്, മനോരോഗ ചികിത്സാ വിഭാഗം, ഗവൺമെന്റ് മെഡിക്കൽ കോളേജ്, തിരുവനന്തപുരം.
Comments