ആത്മാവിൻ്റെ ആഴങ്ങളിൽ
- GCW MALAYALAM
- Oct 14, 2024
- 2 min read
Updated: Oct 15, 2024
വർഷ എ അനിൽ
കഥ

ഓരോദിനം കഴിയുംതോറും എന്റെ ജീവിതം എങ്ങോട്ടാണ് നീങ്ങുന്നതെന്നറിയാതെ ഞാൻ ഉഴലുകയാണ്. ഉറക്കം പോലും സമാധാനത്തോടെ കിട്ടുന്നില്ല. ഉണരുന്നതിനു മുമ്പുള്ള ചെറിയ വേളകളിൽ ഞെട്ടിയുണർന്ന് കഴിഞ്ഞ കാര്യങ്ങൾ തള്ളിക്കയറി ഓർമ്മയിലെത്തി ഉണരുന്നതിനു മുന്നേ തന്നെ സമാധാനം എന്നന്നേക്കുമെന്നപോലെ നഷ്ടമാകുന്നു. കുറ്റബോധമാണോ അതോ നഷ്ടബോധമോ? വിശ്വസിച്ചവരെല്ലാം എന്നെ ചതിച്ചിട്ടേ ഉള്ളൂ. പിന്നെ എന്തൊക്കെയോ? ജീവിതം മടുത്തപോലെ.... ഒരുപാട് പ്രചോദന വചനങ്ങൾ പലതും പലരും പറഞ്ഞു വച്ചിട്ടുണ്ട്. അവയെ കുറ്റം പറയുന്നതല്ല. എന്നാലും നിത്യജീവിതത്തിൽ അത് പ്രാവർത്തികമാണോ എന്നെനിക്കു സംശയം തോന്നുന്നു.
ഇലകൾ കൊഴിഞ്ഞ ഒരു മരവും പിന്നെ തളിർക്കാതിരുന്നിട്ടില്ല. എന്നിരുന്നാലും എന്തൊക്കെയോ സമ്മർദ്ദങ്ങൾ വരിഞ്ഞുമുറുക്കുന്നു.
സെൻ്റ്പീറ്റേഴ്സ് ബർഗ് നഗരവും ദസ്തയേവ്സ്കിയുമാണ് ഇപ്പോൾ എൻ്റെ മനസ്സിലൂടെ കടന്നു പോകുന്നത്. ആരും ആ മനുഷ്യന് ഉണ്ടായിരുന്നില്ല. പണവുമില്ല. എന്നിട്ടും അദ്ദേഹം ജീവിച്ചില്ലേ. ഒരുപാട് എഴുതിയില്ലേ, അറിയപ്പെട്ടില്ലേ. എത്രത്തോളം കഷ്ടതകൾ 60 വർഷത്തോളം സഹിക്കേണ്ടി വന്നിട്ടുണ്ടാവണം. ഒന്നും പ്രതീക്ഷിക്കാതിരുന്നിട്ടും പിന്നെയും ജീവിച്ച പച്ചയായ മനുഷ്യൻ!
ക്ലാര!! അവൾ നോവുള്ള ഓർമ്മയായി മനസ്സിനെ കുത്തിമുറിക്കുന്നു. ചോര കണ്ണിലെങ്ങോ ഇരച്ചു കയറുന്നതായി തോന്നുകയാണ്. ഒരുപാടുപേർ ഞാൻ കാരണം വേദനിച്ചിട്ടുണ്ട്. അന്യരല്ല,സ്വന്തം കുടുംബക്കാർ,വീട്ടുകാർ. എല്ലാവരെയും വേദനിപ്പിച്ചു, വെറുപ്പിച്ചു, ഒരാൾക്കുവേണ്ടി! ആ ഒരാൾ തന്നെ ഇന്ന്.... അവൾ പറയുന്നപോലെ ഇനി നിരപരാധി ആണെങ്കിലോ? എങ്കിൽ ഞാനാണോ കുറ്റക്കാരൻ!!
വിവാഹത്തിനു മുമ്പുണ്ടായിരുന്ന പ്രണയം വിവാഹശേഷം ഞങ്ങളിൽ ഉണ്ടായിരുന്നോ എന്നതു വ്യക്തമല്ലാ. ഒരു സമയത്ത് ഒരുപാട് മിണ്ടിയിരുന്നവർ പിന്നീട് അപരിചിതരായി മാറിയതുപോലെ. ഉദ്യോഗക്കാരനായതുകൊണ്ടാവണം അവളുടെ വീട്ടുകാർ അനുകൂലിച്ചത്. എന്നാൽ എൻ്റെ വീട്ടുകാരോ... എന്നെ പുറത്താക്കുകയാണുണ്ടായത്. അന്യമതക്കാരിയെ വിവാഹം കഴിച്ചുപോയി എന്ന കാരണത്താൽ. അതിത്ര വലിയ തെറ്റാണോ? ഒരുപക്ഷേ മതതീവ്ര കുടുംബങ്ങളിൽ ആയിരിക്കാം. അങ്ങനെ ആ തണൽമരവും മുറിക്കപ്പെട്ടു. എന്നന്നേക്കുമായി വേരുകൾ പറിച്ചെടുക്കപ്പെട്ട് മറ്റൊരിടത്തേക്ക്.
പിന്നെയും വർഷങ്ങൾ കടന്നുപോയി. ഞങ്ങളറിയാതെ തന്നെ അപരിചിതത്വം ഉടലെടുത്തു തുടങ്ങി. എന്നിൽ നിന്നും ഒരുപാട് കാര്യങ്ങൾ മറച്ചുവെച്ചതായിരുന്നു പ്രശ്നങ്ങളുടെ തുടക്കം. അറിഞ്ഞോ അറിയാതെയോ പരസ്പരം നോവിച്ചുതുടങ്ങി. ചെറിയ പ്രശ്നങ്ങളും സന്തോഷവും എല്ലാം പങ്കിട്ടിരുന്ന സ്ഥാനത്ത് അത്യാവശ്യം വേണ്ടവ മാത്രം പറയുന്ന തരത്തിലായി ഒതുങ്ങി. പിന്നെ അതുപോലും ഇല്ലാതായി. ഇങ്ങനെ മൗനം രോഗംപോലെ പടർന്ന് വലുതായി രണ്ടുപേരും രണ്ടിടത്തായി ചേക്കേറി. ചില ഓർമ്മകൾ മാത്രം എന്നന്നേക്കുമായി അവശേഷിക്കപ്പെട്ടു.
നഷ്ടപ്പെട്ടതിന്റെ വേദനയിലായിരുന്നു അവൾ പോയശേഷം എൻ്റെ ഓരോ നിമിഷവും. നിമിഷംതോറും ഞാനുരുകുകയായിരുന്നു. അവളും അങ്ങനെയായിരുന്നിരിക്കുമോ?
അവളെ വേദനിപ്പിച്ചു ഒരുപാട്. എല്ലാത്തിനുമുപരി വീട്ടുകാരെ. ഒരു ബന്ധുവലയത്തെയല്ലേ അവൾ കാരണം ഞാൻ മറന്നു കളഞ്ഞത്. എന്നിട്ടവൾ കാരണം ഞാൻ അനുഭവിക്കുന്നതോ? അതെ... വിതച്ചതല്ലേ കൊയ്യൂ. ഞാനൊരുപാട് വേദനിപ്പിച്ചിട്ടുണ്ട് പലരെയും. ഇന്നതേ വേദന ഞാനും അറിയുന്നു. ചിന്തകൾ കാടുകയറുകയാണ്.
പുറത്തെന്തൊക്കെയോ വാരിയിടുന്ന ശബ്ദങ്ങൾ കേൾക്കുന്നുണ്ട്. ഒപ്പം മനുഷ്യ സ്വരങ്ങളും. എന്താണ് പുറത്തു സംഭവിക്കുന്നത്. വാതിലിലൂടെ ഒന്ന് പാളി നോക്കിയാലോ? അല്ലെങ്കിൽ തുറന്നാലെന്താ? അപ്പോഴേക്കും വാതിൽ ശക്തമായി തുറക്കപ്പെട്ടു. ഒരുപാട് കസേരകൾ മുറ്റത്ത് നിറഞ്ഞുകിടക്കുന്നു. ഒരുപാട് ജനങ്ങളും. എല്ലാവരുടെയും മുഖങ്ങളിലേക്ക് മാറിമാറി നോക്കി. എനിക്ക് പരിചിതരായി ആരുമില്ലേ? ഒന്നുകൂടി നോക്കിയാലെന്താ? അതേ പരിചിതർ. അയൽക്കാർ, ബന്ധുക്കൾ, സഹോദരൻ, അമ്മാവൻ... അച്ഛനും അമ്മയും വരെയുണ്ട്. ഒരിക്കലും കാലുകുത്തില്ലെന്ന് പറഞ്ഞുപോയവരാണ്. ഇപ്പോൾ എന്തുപറ്റി? അത്, എൻ്റെ ബാല്യകാല സുഹൃത്തായിരുന്നില്ലേ? അവൻ എന്താണ് ചെയ്യുന്നത്... കറുപ്പ് അശുഭലക്ഷണമല്ലേ...എല്ലാവരും കരയുന്നു...
കാഹളമിട്ട ഒരു വണ്ടി പെട്ടെന്ന് മുറ്റത്ത് ബ്രേക്കിട്ടു നിർത്തി. വെള്ളത്തുണിയിൽ പൊതിഞ്ഞ ഒരു ശവശരീരം അകത്തേക്ക് എടുത്തുകൊണ്ടുവരുന്നുണ്ട്. പെട്ടെന്ന് ഉള്ളിലൂടെ ഒരു വെള്ളിടി പാഞ്ഞു. ദൈവമേ! എൻ്റെ ക്ലാര... ഇനി അവളെങ്ങാനും..ഈയിടെയായി അസ്വാസ്ഥ്യങ്ങൾ ഉള്ളതായി ഡ്രൈവർ പറഞ്ഞിരുന്നതാണ്.
അപ്പോഴേക്കും ആശുപത്രി ജീവനക്കാരെന്നു തോന്നിപ്പിക്കുന്ന രണ്ടുപേർ ശവത്തെ എടുത്തുകിടത്തി തിരിച്ചുപോകുന്നു. വാഹനത്തിനു പിന്നാലെ ക്ലാര ഓടി വരുന്നുണ്ട്. സാരിത്തുമ്പിൽ മുറുകെപ്പിടിച്ച് നിറകണ്ണുകളോടെ എനിക്ക് അഭിമുഖമായി വന്നു നിന്നു. അവൾ എന്നെ ശ്രദ്ധിക്കാത്തതെന്തേ? പരിഭവം തീർന്നിട്ടുണ്ടാവില്ല. എന്തായാലും ഇന്നെല്ലാത്തിനും പരിഹാരമുണ്ടാക്കണം. അവളില്ലാതെനിക്ക് പറ്റില്ല. എനിക്കും അവൾക്കും ഇടയിലായി കിടന്ന ശവത്തിലേക്ക് ഞാൻ ഉറ്റുനോക്കി. അപ്പോൾ ഇത്??!!!
ക്ലാര ഒന്നും ശ്രദ്ധിക്കുന്നില്ലെന്നു തോന്നിപ്പോകുന്നു. അവൾ ശവത്തിന്റെ മുഖാവരണം നീക്കുകയാണ്. ഞാൻ ആകാംക്ഷയോടെ ഉറ്റുനോക്കി. "അമ്മേ !! ഞാനെപ്പൊഴാ മരിച്ചത് ???."
ഇനിയും ഇതുപോലെ കഥകൾ എഴുതാൻ ദൈവം അനുഗ്രഹിക്കട്ടെ 🥰