ആദിവാസികവിതകൾ : കേരളകവിതയുടെ പുതിയ മുഖം
- GCW MALAYALAM
- Feb 15
- 10 min read
Updated: Feb 15
ഡോ. സുമി ജോയി ഓലിയപ്പുറം

"വരമൊഴിയില്ലെന്നേ ഉള്ളൂ
ഞങ്ങൾക്ക്
വാമൊഴിയുണ്ട്;
തുളുമൊഴിയുടെ ചൂരുള്ള വാമൊഴി ( ഞാൻ -രാകേഷ് നീലേശ്വരം - മാവിലൻ തുളു ഭാഷാകവി )
കേരളത്തിൽ അമ്പതോളം ആദിവാസിവിഭാഗങ്ങളും
അത്രത്തോളംതന്നെ അവരുടെ സംസാരഭാഷകളുമുണ്ടെങ്കിലും വരമൊഴിരൂപത്തിലുള്ള ആദിവാസിസാഹിത്യം
അടുത്തകാലംവരെ കേരളത്തിൽ ലഭ്യമായിരുന്നില്ല . ഇപ്പറഞ്ഞത് ശരിയോ എന്ന് വായനക്കാർ നെറ്റി ചുളിച്ചേക്കാം. എന്തെന്നാൽ മലയാളത്തിലെ നവോത്ഥാനകാല എഴുത്തുകാരിൽ പ്രമുഖനായ ഉറൂബിൻ്റെ ( നീലമല എന്ന കഥാസമാഹാരം ) കാലം മുതലേ ആദിവാസികളുടെ ജീവിതവും സംസ്കാരവും പ്രതിസന്ധികളും മലയാളസാഹിത്യത്തിൽ അടയാളപ്പെട്ടുപോന്നിട്ടുള്ളതാണ്. എഴുത്തച്ഛൻ അവാർഡ് ജേതാവു കൂടിയായ പി. വൽസല ( നെല്ല് , കൂമൻ കൊല്ലി ) ആദിവാസികളുടെ ജീവിതം എഴുതിയതിൻ്റെ പേരിൽ പ്രത്യേകം ശ്രദ്ധിക്കപ്പെട്ട എഴുത്തുകാരിയാണ്. മലയാറ്റൂർ രാമകൃഷ്ണൻ്റെ പൊന്നി , കെ.ജെ. ബേബിയുടെ നാടുഗദ്ദിക - നാടകം, മാവേലിമൻ്റം എന്ന നോവൽ , ടി.സി. ജോണിൻ്റെ ഉറാട്ടി, നെല്ല് , തേക്ക് തുടങ്ങിയ നോവലുകൾ, കടമ്മനിട്ട രാമകൃഷ്ണൻ്റെ കുറത്തി , കിരാതവൃത്തം തുടങ്ങിയ കവിതകൾ എല്ലാം ആദിവാസികളുടെ ജീവിതപ്രശ്നങ്ങൾ
ആവിഷ്കരിച്ചതിൻ്റെ പേരിൽ അറിയപ്പെട്ടവയാണ്. ഇതിൽ പലതും പ്രശസ്തങ്ങളായ അവാർഡുകൾതന്നെ കരസ്ഥമാക്കിയവയും ഏറെ കൊണ്ടാടപ്പെട്ടവയുമാണ്. പിന്നെന്തുകൊണ്ടാണ് മലയാളത്തിൽ ആദിവാസികളുടെ സാഹിത്യം വരമൊഴിരൂപത്തിൽ വന്നിട്ടില്ല എന്നു പറയുന്നത്?
ആദിവാസികളല്ലാത്ത ആദിവാസി എഴുത്തുകൾ
മുൻഖണ്ഡികയിൽ പരാമർശിക്കപ്പെട്ട എഴുത്തുകാരാരും ആദിവാസി വിഭാഗത്തിൽപ്പെട്ടവരല്ല എന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ആദിവാസിജീവിതവും പ്രശ്നങ്ങളും സംസ്കാരവും അതിനാൽത്തന്നെ പുറത്തുനിന്ന് നോക്കിക്കണ്ടവരാണ് അവരെല്ലാം എന്നു പറയേണ്ടിവരും. ആദിവാസികളെക്കുറിച്ച് സംസാരിക്കാനുള്ള ഉത്തരവാദിത്വം അറിവുള്ളവരായ തങ്ങൾക്കുണ്ടെന്നനിലയിൽ എഴുതപ്പെട്ട അവയെല്ലാം അപരൻ്റെ വീക്ഷണകോണിൽനിന്ന് എഴുതപ്പെട്ടവയാണ്.
അതുകൊണ്ടുതന്നെ അവയെല്ലാം പ്രധാനമായും ആദിവാസികളുടെ ജീവിതത്തിലെ ദുരിതങ്ങളും കഷ്ടതകളും ആവിഷ്കരിക്കുന്നവയാണ്. "മുഡുഗ സമുദായത്തിൻ്റെ ജീവിതവും വ്യക്തിത്വങ്ങളും ആവിഷ്കരിക്കുന്ന പൊന്നി എന്ന നോവൽ ദുരിതപൂർണമായ വർത്തമാനകാലത്ത് സമൃദ്ധിയുടെ ഭൂതകാലത്തെ ഓർത്തെടുക്കലാണെന്ന് " വിലയിരുത്തപ്പെട്ടത് ഓർക്കാവുന്നതാണ് ( പാട്ടിലും പേച്ചിലും നിലം
വീണ്ടെടുക്കുമ്പോൾ - ഡോ. നാരായണൻ എം. എസ്. ) . ഇക്കാര്യം
തിരിച്ചറിയുന്നതുകൊണ്ടാണ് , മലയാളത്തിലെ
ആദ്യ ആദിവാസി നോവലിസ്റ്റായ നാരായൻ "'മലയാളത്തിലുള്ള ഏത് പ്രഗല്ഭനായ നോവലിസ്റ്റിനെയും ഇക്കാര്യത്തിൽ
വെല്ലുവിളിക്കാനാരുക്കമാണ്; ആദിവാസിജീവിതത്തെക്കുറിച്ച് യാതൊന്നുമറിയാതെ എഴുതപ്പെട്ട കൃതികളാണവ " ( ആദിവാസി സ്വത്വവും സാഹിത്യവും - ഉറവും കനവും ) എന്ന് എഴുതിയിട്ടുള്ളത്.
ആദിവാസികളുടെ എഴുത്ത്
ആദിവാസികൾ എഴുതുമ്പോൾ പ്രധാനമായും ഭാവനയുടെ
മായാജാലകാഴ്ചകളല്ല ആവിഷ്കരിക്കപ്പെടുന്നത്. ആദിവാസിജീവിതത്തിൻ്റെ നൊമ്പരങ്ങൾക്കൊപ്പം അവരുടെ ആനന്ദങ്ങളും സ്വപ്നങ്ങളും വിമർശനങ്ങളും ഇടനിലക്കാരുടെ സഹായമില്ലാതെ നേരിട്ട് ആവിഷ്കരിക്കപ്പെടുന്നു. "തെന്നാരി" എന്ന പേരിൽ ഊരാളി ഭാഷയിൽ കാവിയപൊത്തകം പ്രസിദ്ധീകരിക്കുമ്പോൾ, പകരക്കാരില്ലാതായേക്കാവുന്ന ഒരു ഭാഷയുടെ, ഒരു സമൂഹത്തിൻ്റെ അകവും പുറവും വെളിപ്പെടുത്തുകയാണ് തങ്ങളെന്ന് പ്രസാധകർ ( ബ്രണ്ണൻ പ്രസ്സ് & ഇൻസൈറ്റ് പബ്ലിക്ക ) പറയുന്നത് അതുകൊണ്ടാണ്. "ഉറൂബിൻ്റെ കഥകളിൽ കാണുന്നത് ആദിവാസിയുടെ ദുരിതപൂർണമായ ജീവിതമാണ് ; എന്നാൽ ആദിവാസി എഴുത്തുകാർ മുന്നോട്ടു വയ്ക്കുന്നത് അവരുടെ ജീവിതത്തിൻ്റെ ആഘോഷവും " എന്ന് ഡോ. നാരായണൻ എം.എസ്. എഴുതുന്നതും അതുകൊണ്ടുതന്നെ.
നാരായൻ
കേരളത്തിൽ ആദിവാസികളെപ്പറ്റി ധാരാളമായി എഴുതപ്പെട്ടിട്ടുണ്ടെങ്കിലും അവയെല്ലാം വെറും ഭാവനാസൃഷ്ടികൾ മാത്രമെന്ന് എഴുതിയ നാരായനാണ് , ഈ നിലയ്ക്ക് മാറ്റം വരുത്തിയ ആദ്യത്തെ ആദിവാസി എഴുത്തുകാരൻ. അദ്ദേഹത്തിൻ്റെ കൊച്ചരേത്തിയും ഊരാളിക്കുടിയും ആദിവാസിസംസ്കാരത്തിൻ്റെ തനിമയിൽ എഴുതപ്പെട്ട മൂർച്ചയേറിയ കൃതികളാണ്. എങ്കിലും നാരായൻ മലയാളഭാഷയിലാണ് എഴുതിയിട്ടുള്ളത്. എന്നാൽ അടുത്തകാലത്തായി ആദിവാസി എഴുത്തുകൾ ആദിവാസി ഭാഷയിൽത്തന്നെ പ്രസിദ്ധീകരിച്ചു വരുന്ന രീതിക്ക് തുടക്കമായിട്ടുണ്ട്. അശോകൻ മറയൂരിൻ്റെ പച്ചവ്ട് എന്ന കൃതിയാണ് ഈ രീതിയിൽ പുറത്തുവന്ന ആദ്യകൃതി. ബ്രണ്ണൻ പ്രസിൽ നിന്ന്, ഡോ. സന്തോഷ് മാനിച്ചേരി ജനറൽ എഡിറ്ററായി പുറത്തുവന്ന കാവിയപൊത്തകനെരയിൽപ്പെട്ട പത്തു പുസ്തകങ്ങളിൽ മിക്കതും ആദിവാസിഭാഷയിൽ എഴുതപ്പെട്ട വയാണ്. ഡി. സി. ബുക്സിൻ്റെ ഗോത്രകവിത എന്ന സമാഹാരം മറ്റൊരുദാഹരണമാണ്.
ഗോത്രമെന്ന വാക്കോ ആദിവാസി എന്ന വാക്കോ ഉചിതം ?
ആദിവാസി എന്ന വാക്കിനു പകരം ഗോത്രം എന്ന വാക്കും മലയാളത്തിൽ ധാരാളമായി ഉപയോഗിച്ചു കാണുന്നുണ്ട്. ആദിവാസി എന്ന് പ്രയോഗിക്കരുത് ഗോത്രവർഗക്കാർ എന്നുതന്നെവേണമെന്നുള്ള വാദമുഖങ്ങളും കാണാം . സുകുമാരൻ ചാലിഗദ്ധയും സുരേഷ് എം മാവിലനും ഏകോപനം ചെയ്ത് ഡി.സി. ബുക്സ് പ്രസിദ്ധീകരിച്ച സമാഹാര ത്തിൻ്റെ പേര് ഗോത്രകവിത ( 2021 ) എന്നാണ്. " കേരളത്തിലെ വിവിധ ഗോത്രഭാഷകളിലെഴുതുന്ന എഴുത്തുകാരുടെ കവിതകളൊരുമിക്കുന്ന ആദ്യ ഗോത്രകവിതാസമാഹാരമാണിത് " എന്നാണ് ഇവർ മുൻകുറിപ്പിൽ എഴുതിയിട്ടുള്ളത്. എന്നാൽ ഈ കൃതിക്ക് പഠനം എഴുതിയ ഡോ. നാരായണൻ എം.എസ് ആദിവാസി എന്ന വാക്കുതന്നെ ഉപയോഗിക്കണമെന്ന വാദമാണ് മുന്നോട്ടു വച്ചിട്ടുള്ളത്." ഗോത്രം ( Tribe ) എന്നാൽ കൊളോണിയൽ ചിന്താഗതിയിൽ നിന്നും ഉടലെടുത്ത ഒരു വാക്കായി കാണാം. ഒരു സ്ഥലത്ത് കൂട്ടമായി ജീവിക്കുകയും ഭാഷയും ആചാരങ്ങളും വിശ്വാസങ്ങളും പങ്കിടുന്ന ഒരുകൂട്ടം ജനതയെയാണ് ഗോത്രങ്ങൾ എന്ന് വിളിച്ചിരുന്നത് .ഏകജാതീയ സ്വഭാവമുള്ളതും പൊതു ഭരണസംവിധാനം ഉള്ളതും പൊതുഭാഷയും സംസ്കാരവും നയിക്കുന്നവരും എന്നാണ് ഗോത്രം എന്ന വാക്കുകൊണ്ട് ഉദ്ദേശിക്കുന്നത് . ഭരണഘടനാപരമായ ഒരു വാക്കായി ഗോത്രത്തെ കാണാം.ആദിവാസി എന്നത് ഗോത്രം എന്ന വാക്കിനേക്കാൾ കൂടുതലായി അർത്ഥതലം വരുന്നതും വിശാലവും ആണ്. അതൊരു ജനതയുടെ ജീവിതത്തെക്കുറിച്ചുകൂടി വ്യക്തമായി വരച്ചിടുന്നു " ( പാട്ടിലും പേച്ചിലും നിലം വീണ്ടെടുക്കുന്നോർ ഡോ. നാരായണൻ എം. എസ്. ). ബ്രിട്ടീഷ് ഭരണാധികാരികൾ തങ്ങളുടെ ഭരണസൗകര്യാർഥം ചാർത്തിക്കൊടുത്ത ട്രൈബ് എന്ന വാക്കിനേക്കാൾ ആദ്യം മുതലേ വസിക്കുന്നവർ എന്നും ഭൂമിയുടെ ആദ്യാവകാശികൾ എന്നും വ്യത്യസ്തതരം സംസ്കാരങ്ങൾ - സ്വത്വനിലകൾ - ഉള്ളവരെന്നും വ്യവഹരിക്കാൻ ശക്തിയുള്ള വാക്കായാണ് ആദിവാസികൾ എന്നതിനെ കാണുന്നത്. കേരള സർക്കാർ ഉന്നതവിദ്യാഭ്യാസ കൗൺസിൽവഴി നടപ്പിൽ വരുത്തിയ കൈരളി ഗവേഷണ പുരസ്കാരംവഴി മലയാളത്തിലെ ആദിവാസികവിതയെക്കുറിച്ച് പഠിച്ച ഡോ. സന്തോഷ് മാനിച്ചേരി, ആദിവാസികവിത എന്നുതന്നെയാണ്ഉപയോഗിച്ചു കാണുന്നത്. ചിലയിടത്ത്
ആദിവാസിഗോത്രകവിത എന്നും കാണാം.
കാവിയപൊത്തകനെരയുടെ എഡിറ്റർ കൂടിയായ ധന്യ വേങ്ങച്ചേരി മിരെനീര് എന്ന തൻ്റെ പുസ്തകത്തിൽ എൻ്റെ ഗോത്രഭാഷയായ മാതൃഭാഷയിൽ എഴുതപ്പെട്ട കൃതിയാണിതെന്ന് പറയുന്നുണ്ട്. എന്നാൽ കാവിയപൊത്തകനെരയിൽ താൻ പ്രത്യേകം എഡിറ്റുചെയ്ത ഗോത്ര പെൺകവിതകൾ എന്ന പുസ്തകത്തിൻ്റെ ആമുഖത്തിൽ, ധന്യ വേങ്ങച്ചേരി "ആദിവാസിഭാഷയിലും മലയാളത്തിലും എഴുതപ്പെട്ട ആദിവാസിസ്ത്രീകളുടെ ചിന്തകളാണ് ഈ കവിതകളെല്ലാം "എന്നാണ് എഴുതിയിട്ടുള്ളത്. മാത്രമല്ല ആദിവാസി എന്നാൽ അപരിഷ്കൃതൻ എന്ന അധീശവർഗധാരണയെയും ഇവർ ചോദ്യം ചെയ്യുന്നുണ്ട്. " അപരിഷ്കൃതർ എന്ന് പേര് ചാർത്തിത്തന്ന ഈ ആദിവാസി യുവാവിൻ്റെ കവിതകൾ " എന്നാണ് സിജു സി മീന, "വല്ലി" (
കാവിയപൊത്തകനെര - ബ്രണ്ണൻ പ്രസ് ) എന്ന തൻ്റെ സമാഹാരത്തിൻ്റെ ആമുഖത്തിൽ എഴുതിയിട്ടുള്ളത്. ഇതെല്ലാം കണക്കിലെടുത്തുകൊണ്ട് ഈ ലേഖനത്തിൽ ആദിവാസികൾ ,ആദിവാസിഭാഷ എന്നെല്ലാം ഉപയോഗിക്കാനാണ് തുനിഞ്ഞിട്ടുള്ളത്.
ആദിവാസികളെഴുതുമ്പോൾ
വാമൊഴികളിലൂടെ സ്വന്തം സമുദായത്തിൻ്റെ കഥകളും പാരമ്പര്യങ്ങളും കൈമാറിവന്ന ആദിവാസി വിഭാഗങ്ങൾ വരമൊഴിയിലേക്കു പ്രവേശിച്ചു തുടങ്ങുമ്പോൾ , " കാട്ടിലും നാട്ടുവാക്കിലും എന്നേ നഷ്ടപ്പെട്ടു പോയേക്കാമായിരുന്ന ഗോത്രഭാഷാപാരമ്പര്യങ്ങൾ പുതുക്കുകയാണെന്നും അതിൻ്റെ എല്ലാ സൗന്ദര്യത്തോടുംകൂടി ചേർത്തുവച്ചുകൊണ്ട് ഗോത്രങ്ങളുടെ
സാംസ്കാരികചരിത്രത്തിൻ്റെ പുനർവായന നടത്തുകയാണെന്നും ( ഗോത്ര കവിത - മുൻകുറിപ്പ് - സുകുമാരൻ ചാലിഗദ്ദ, സുരേഷ് എം മാവിലാൻ ) കാണാം. ലിപി മലയാളത്തിൻ്റെയാണെങ്കിലും വാക്കിലും പ്രമേയത്തിലും ആദിവാസിഭാഷയുടെയും സംസ്കാരത്തിൻ്റെയും തനിമയും മുദ്രയും നിലനിർത്താനും സ്ഥാപിച്ചെടുക്കാനും ഇതുവഴി ശ്രമിക്കുന്നുണ്ട് ; ഒരു പരിധിവരെ സാധിക്കുന്നുമുണ്ട്. ആദിവാസികളുടേതുകൂടിയാണ് ലോകം എന്നല്ല തങ്ങൾകൂടി പണിതെടുത്തതാണ് ഈ ലോകം എന്ന് ഉദ്ഘോഷിക്കുകയാണെന്ന് ആദിവാസികളുടെ കൃതികളിലൂടെ കടന്നുപോകുമ്പോൾ മനസ്സിലാകും.
അധിനിവേശഭാഷയാകുന്ന മലയാളം
ആദിവാസിഭാഷാസമൂഹത്തെ സംബന്ധിച്ചിടത്തോളം മലയാളം അധിനിവേശഭാഷയാണ്. അധ്യയനം നിർവഹിക്കാൻ കേരളത്തിലെ
ആധികാരികസംവിധാനങ്ങളെ ആശ്രയിക്കേണ്ടിവരുമ്പോൾ മുതൽ ഭാഷാസംഘർഷവും ആരംഭിക്കുകയാണ്. 'മലയാളത്തിലെ തറ എന്ന വാക്ക് ഇരുള ഭാഷയിൽ മൊസൈ പോറ എന്നാണ് . എന്നാൽ ആധികാരികഗ്രന്ഥങ്ങളിൽ മൊസൈ പോറ എന്നല്ല തറ എന്നാണ് കാണുക ".ഇവിടെ തറ എന്നത് ഇരുളഭാഷ അറിയുന്ന സാംസ്കാരികമേഖലയിൽനിന്നും പഠനത്തിന് എത്തുന്ന കുട്ടിക്ക് അറിവില്ലാത്ത ഒരു സൂചിതസൂചക കൂട്ടായ്മയാണ്. അതിനാൽത്തന്നെ മാതൃഭാഷയിലൂടെയുള്ള പാഠ്യപദ്ധതി കേരളത്തിലാകമാനം പുനർനിർണയിക്കേണ്ടതായിട്ടുണ്ട് (ആദിവാസിഭാഷകളും ലിപിയും - ഡി നാരായണൻ - ഉറവും കനവും - വിദ്യാർഥി പബ്ലിക്കേഷൻസ്) എന്ന നിരീക്ഷണം പ്രത്യേക ശ്രദ്ധ അർഹിക്കുന്ന ഒന്നാണ്.
ബേത്തിമാരൻ എന്ന സുകുമാരൻ
സുകുമാരൻ ചാലിഗദ്ദ ഇക്കാര്യം തൻ്റെ അനുഭവത്തിൽ നിന്നുകൊണ്ട് ബേത്തിമാരൻ എന്ന പുസ്തകത്തിൽ എഴുതിയിട്ടുണ്ട്. "ഞങ്ങൾ സ്വന്തായി ഭാഷയുള്ളവരാണ്. പദസമ്പത്തുള്ളവരാണ്. ക്ലാസിലെ മലയാളം പറയുന്ന കുട്ടികള് ഓരോ പക്ഷികൾടെ പേരൊക്കെ പറയണ കേൾക്കാം : വേലിതത്ത, മൂങ്ങ അങ്ങനൊക്കെ പറയും. വേലിത്തത്താന്നൊന്നും പറഞ്ഞാ ഞങ്ങക്ക് മനസ്സിലാവില്ല. അവര് ചിത്രം കാണിച്ചു തരുമ്പഴാണ് നമക്ക് മനസ്സിലാവുന്നത് , ഇത് : "പൊലുമ്പെ "യാണല്ലോന്ന് . അപ്പോ ടീച്ചറോട് " ടീച്ചറേ... ഇത് "പൊലുമ്പെ യല്ലേ ?"ന്ന് ചോദിക്കും.
ഞങ്ങളതിന് അങ്ങനെയാണ് പേരിട്ടിരുന്നത്. ടീച്ചർമാരപ്പോ പറയും , "പൊലുമ്പെയല്ല .ഇത് വേലിത്തത്തയാന്ന് . അങ്ങനെയാണ് അരിപ്രാവിനെ പറഞ്ഞപ്പഴും . ഞങ്ങക്ക് അരിപ്രാവ് "തോരെ"യാണ് .അപ്പോ ടീച്ചറ് പറയുന്നത് ഇതിനെ അരിപ്രാവ് എന്നും പറയും എന്നല്ല. " ഇത് അരിപ്രാവാണ് . "തോരെ"
യല്ല " എന്നാണ് .അങ്ങനെ ഞങ്ങടെ ഭാഷയിലെ പദങ്ങള് കൊറെ ആ വസ്തുക്കളല്ലാണ്ടായി. "
(ബേത്തിമാരൻ - സുകുമാരൻ ചാലിഗദ്ദ).
തങ്ങൾ കാണുകയും അനുഭവിക്കുകയും ചെയ്യുന്ന ലോകമല്ല തങ്ങൾക്ക് വായിക്കാനും പഠിക്കാനും അതുവഴി ഉയരാനും നൽകുന്നതെന്ന് ആദിവാസി സമൂഹം തിരിച്ചറിയുന്നത് ഇത്തരം വിദ്യാഭ്യാസ പദ്ധതികളുമായി ചേർന്നു പോകാൻ നിർബന്ധിക്കപ്പെടുമ്പോഴാണ്. കൊളോണിയൽ വിദ്യാഭ്യാസത്തിൻ്റെ ഭാഗമായി , അധിനിവേശ മൂല്യവ്യവസ്ഥയുടെ സ്വാംശീകരണത്തോടൊപ്പം, അതേ മൂല്യവ്യവസ്ഥകളെ പ്രതിരോധിച്ച് മുന്നേറാൻ ഉതകുന്ന ബദൽ മൂല്യബോധവും
പ്രവർത്തനപദ്ധതിയും തദ്ദേശീയ ഭാഷാസമൂഹങ്ങൾ ആർജ്ജിച്ചെടുത്തതിനു സമാനമായ അവസ്ഥയാണിത്. ഈ ചെറുത്തുനില്പിൻ്റെ ലിഖിത രൂപമാണ് ഇന്ന് പുറത്തിറങ്ങുന്ന ആദിവാസികളുടേതായ
കൃതികളെല്ലാം.
അതിനാൽത്തന്നെ ആദിവാസികളുടെ തനതു മൊഴികളിൽ പുറത്തിറങ്ങുന്ന കൃതികൾ , ഭാവുകത്വമാറ്റത്തിൻ്റെ ശക്തമായ അടയാളങ്ങൾകൂടി പേറുന്നവയാണ്. കൃതികളിൽ ഉപയോഗിച്ചു വരുന്ന വാക്കുകളിലും പ്രയോഗങ്ങളിലും സമീപനങ്ങളിലും പ്രമേയങ്ങളിലും ഈ മാറ്റം ദൃശ്യമാണ്. മന:പൂർവം തന്നെ ആദിവാസീഭാഷാപദങ്ങൾ ധാരാളമായി ഉപയോഗിക്കുന്ന രീതി വലിയൊരു ഭാവുകത്വപരിണാമസൂചകമാണ്.
ആദിവാസിഭാഷയിലെ പുസ്തകപ്പേരുകൾ
ആദിവാസിഭാഷയുടെ മുദ്രയുള്ള പേരുകളിൽ ഇറങ്ങുന്ന പുസ്തകങ്ങൾതന്നെ ഭാവമാറ്റത്തെക്കുറിച്ചുള്ള സൂചന നൽകുന്നുണ്ട്. മലയാളികളുടെ ലോകബോധം തകിടം മറിക്കാനും പുതുക്കിപ്പണിയാനും
ഉതകുന്നവയാണ് ഈ വാക്കുകൾ. '' സുകുമാൻ ചാലിഗദ്ദയുടെ ബേത്തിമാരൻ, ( സുകുമാരൻ എന്ന് മലയാളഭാഷയിൽ അർഥം ) അശോകൻ മറയൂരിൻ്റെ പച്ചവ്ട് ( പച്ച വീട് എന്ന അർഥം ) എന്നിവഉദാഹരണങ്ങളാണ്. ബ്രണ്ണൻ പ്രസ്, ഇൻസൈറ്റ് പബ്ലിക്കയുമായി സഹകരിച്ചുകൊണ്ട് പുറത്തിറക്കുന്ന പുസ്തകപരമ്പരയ്ക്ക്, കാവിയ പൊത്തകനെര എന്നാണ് പേര് നൽകിയിട്ടുള്ളത്. ഈ പരമ്പരയിൽ നിന്നു വന്നിട്ടുള്ള തെന്നാരി (വായ്ത്താരി എന്ന അർഥം - തങ്കച്ചൻ തേവൻ) . ആദിമ ( ഗംഗാധരൻ പണിയൂരാളിൽ ) , മീനൊളിയാൻ ( ദാമോദരൻ തേവൻ), മയിലരസു ( പ്രാചീന കാലത്ത് തുളുനാടിന് അടുത്ത് കുണ്ടാർ , അഡൂർ ദേശത്ത് ഭരണം നടത്തിയിരുന്ന മലവേട്ടു രാജാവിൻ്റെ പേരാണ് മയിലരസു എന്നത് -ലിജിന കടുമേനി) , വല്ലി ( സിജു സി ) " പറത് തീരത്ത് ( രതീഷ് ടി ഗോപി ) , വുളക്കു ( വിളക്ക് എന്ന അർഥം -ഹരീഷ് പുതാടി ) തുടങ്ങിയ പേരുകൾ ശ്രദ്ധിക്കുക. അട്ടപ്പാടിയിൽ കൊല്ലപ്പെട്ട മധുവിന് സമർപ്പിക്കപ്പെട്ട കവിതകൾ എസ്. ജോസഫ് ,അൻവർ അലി, സന്ദീപ് കെ. രാജ് എന്നിവർ ചേർന്ന് സമാഹരിച്ചപ്പോൾ മെലെ കാവുളു എന്ന പേരാണ് സ്വീകരിച്ചത്. കാടാണു ഞാൻ എന്ന കവിതയിൽ എസ്. ജോസഫ്
"കാങ്കും പഗയുമവനു തിന്നാൻ മെലെ -
ക്കാവുളിൻ പാട്ടുകൾ കേൾക്കാൻ " എന്ന വരികളിൽ ഉപയോഗിച്ച ഗോത്രഭാഷാപദത്തിൽ നിന്നാണ് ഈ പേരുണ്ടായത്. കാട്ടുമൈന എന്നർഥം. പുതിയ പദങ്ങൾ നിർമ്മിച്ച് ഉപയോഗിക്കുന്നതും അപൂർവമായി കാണാം. മിരെ നീര് ( മുലനീര് എന്ന അർഥം) എന്ന് തൻ്റെ കാവ്യ സമാഹരത്തിന് ധന്യ വേങ്ങച്ചേരി പേരിട്ടത്ഒരുദാഹരണമാണ്.
കാട് എന്ന അനുഭവം
ആദിവാസികവിതകൾ, ഭാഷാ ,സംസ്കാരം എന്നിവയിലെല്ലാം വ്യത്യസ്തമാണ്.
കാടിൻ്റെ വന്യതയുടെ ജൈവാനുഭവം ഇടനിലക്കാരില്ലാതെ
നേരിട്ടെത്തിക്കുന്ന കവിതകളാണിവ. ഇവയ്ക്ക് മുമ്പും കാട് മലയാളസാഹിത്യത്തിൽ പ്രമേയമായിട്ടുണ്ട്. കാട് എന്ന കവിതയിൽ ഡി. വിനയചന്ദ്രൻ കാടിന് ഞാനെന്തു പേരിടും എന്ന് ചോദിച്ചിട്ടുണ്ട്. പുറത്തു നിന്നും കാട് കാണാൻ വരുന്ന ഒരാളുടെ കാഴ്ചയായാണ് ഈ കവിത അനുഭവപ്പെടുക . ഈ കവിതയിലെ കാട്ടുതീ
കണ്ണെഴുതീടുന്ന സന്ധ്യകൾ എന്ന പ്രയോഗമൊക്കെ പരിസ്ഥിതി രാഷ്ട്രീയത്തിൻ്റെ ദൃഷ്ടിയിൽ നോക്കിയാൽ തികച്ചും പരിസ്ഥിതി വിരുദ്ധവുമാണ്. കാടു കത്തി നശിക്കുന്നതെങ്ങനെയാണ് കണ്ണെഴുത്തായി കാണാനാകുക ? ഇത്തരം രീതിയിൽ എഴുതപ്പെട്ട ' കാടിനെക്കുറിച്ചുള്ള കവിതകളെല്ലാം കാടിനെ വെറും കാഴ്ചവിഭവമാക്കുകയാണ് എന്നു കാണാം. പി. രാമൻ്റെ നിശബ്ദതയ്ക്കൊരു ചരമക്കുറിപ്പ് എന്ന കവിതയും വ്യത്യസ്തമല്ല. " കാട്ടിലെത്തിയാൽ നിശ്ശബ്ദനാകുന്ന കൂട്ടുകാരനൊപ്പമേ ഞാൻ വരൂ " എന്ന വരികളുള്ള ഈ കവിതയിൽ, പുറമേ നിന്നും വരുന്നവർ ,കാടു കാണേണ്ട വിധമാണ് ധ്യാനാത്മകമായി പറഞ്ഞു വയ്ക്കുന്നത്. അതിനാൽ ഇവിടെയും കാട് കാഴ്ചകൾക്കുള്ള വഴിയാണ്.
ആധുനികതയും കാടും
ആധുനികതയുടെ കാലത്ത് മലയാളിയുടെ മുഖ്യധാരാ സംസ്കാരത്തിൽ ,കാട് അജ്ഞതയുടെയും ഇരുട്ടിൻ്റെയും പ്രതീകമായിരുന്നു. സർപ്പക്കാട് എന്ന പേരിൽ വൈലോപ്പിള്ളി എഴുതിയ കവിത ഓർക്കുക.
"ഗൂഢതടത്തിൽ മൃഗീയത മരുവും
കാടുകളുണ്ടവ കരിയട്ടെ "എന്ന് പന്തങ്ങൾ എന്ന കവിതയിൽ വൈലോപ്പിള്ളി എഴുതിയതും ഇതേ പ്രതീകമൂല്യത്തിൻ്റെ ബലത്തിലാണ്.
എന്നാൽ ആദിവാസികളുടെ കൃതികളിൽ കാടും കാട്ടിലെ ജീവിതവും കടന്നുവരുന്നത് കാഴ്ച വിഭവമായല്ല; ഇവരുടെ കവിതകളിൽ കാട് അജ്ഞതയോ ഇരുട്ടോ നിഗൂഢതയോ അല്ല. "വിവിധങ്ങളായ ഗോത്രങ്ങളിൽപ്പെട്ടവർ കവിതകളെഴുതുമ്പോഴും അവരെ തമ്മിൽ ചേർത്തു വയ്ക്കുന്ന ഒരു കണ്ണി, കാട്/ പ്രകൃതി എന്ന ഒരു നാഡിയാണ് എന്ന്
നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. " (പാട്ടിലും പേച്ചിലും നിലം വീണ്ടെടു ക്കുമ്പോൾ - ഡോ.നാരായണൻ എം. എസ് ). കാഴ്ചകാണാനല്ല അന്തിമമായി മടങ്ങിച്ചെല്ലേണ്ട വീടും ഊരും ജീവിതവുമായാണ് കാട് ആദിവാസിയുടെ കവിതയിൽ നിറയുന്നത്:
"കാട്ടിലേക്കു മടങ്ങണം
കാട്ടുചോലയുടെ തെളിനീരു
കുടിക്കണം
കാട്ടുപഴങ്ങളോരോന്നും
തിന്നു മടുക്കണം
തണലുള്ള കാട്ടുമര
ചോട്ടിലിരുന്നു വിശ്രമിക്കണം"
( തീക്കൊള്ളി - മണികണ്ഠൻ )
ആദിവാസി വിഭാഗത്തിൽനിന്നും, ആ ഭാഷയിൽത്തന്നെ പുറത്തുവന്ന ആദ്യ കൃതികളിലൊന്നായ അശോകൻ മറയൂരിൻ്റെ പച്ച് വ്ട് (പച്ച വീട് ) എന്ന കവിത നോക്കൂ :
" തെള്ളിയുത്തിരി കൊത്തി
കുറ്റീയിലിട്ട്
മൊത വെളക്ക് എരിക്കിണം'
പുതുപായും വട്ടിയും
അവടത്തിവടത്ത മാട്ടി വെച്ച്
വ്ട മൊത്തം തൂത്ത്
തിണ്ണേലി ഇറനെ
നിലാവ് വെറും
നച്ചത്രം വെറും
എൻറും നാൻ മായാത
കിനാവ് വെറും "
പരിഭാഷ
"കുന്തിരിക്കം കുറച്ചു കൊത്തി
മുളങ്കുറ്റിയിലിട്ട്
ആദ്യത്തെ വിളക്ക് എരിക്കണം.
പുതുപായും വട്ടിയും
അവിടെയുമിവിടെയും കോർത്തു വെച്ച്
വീട് മൊത്തം തൂത്ത്
തിണ്ണയിലിരിക്കുമ്പോൾ
നിലാവ് വരും
നക്ഷത്രം വരും
നിൻ്റെയുള്ളിൽ ഞാൻ മായാത്ത
കിനാവ് വരും "
അശോകൻ മറയൂർ തൻ്റെ മുതുവാൻ സമുദായത്തിൻ്റെ സ്വപ്നം കൂടിയാണ് ഈ വരികളിലൂടെ അവതരിപ്പിക്കുന്നത്. തൻ്റെ വീട്ടിൽ വീട് മൊത്തം തൂത്ത്, പുതുപായും വട്ടിയും അവിടെയും ഇവിടെയും കോർത്ത് വച്ച് , തെള്ളി ( കുന്തിരിക്കം ) കൊത്തി മുളങ്കുറ്റിയിലിട്ട് ആദ്യത്തെ വെളക്ക് എരിയിച്ച് തിണ്ണയിലിരിക്കുമ്പോൾ കേറി വരുന്നത് നിലാവും നക്ഷത്രവും മാത്രമല്ല മായാത്ത കിനാവായ
ആദിവാസിഭാഷയുടെയും സംസ്കാരത്തിൻ്റെയും മുദ്രയുള്ള ഞാൻ കൂടിയാണ് എന്നാണ് അശോകൻ മറയൂർ എഴുതുന്നത്.
വാമൊഴിപാരമ്പര്യത്തിൻ്റെ ഊർജ്ജം
ആദിവാസി കവിതകളിൽ തെളിയുന്ന വാമൊഴിപാരമ്പര്യത്തിന് കാട്ടുചോലയുടെ വന്യഭംഗിയേറിയ ഊർജ്ജപ്രവാഹത്തിൻ്റെ കരുത്തുണ്ട്. ഗോത്രപ്പാട്ടുകളുടെ വീര്യം ഒരു കാലത്ത് കവിതയായി
തിരിച്ചറിഞ്ഞിരുന്നില്ല എന്നിവർ തിരിച്ചറിയുകയാണ്.
അവതരണകവിതയുടെ പുതിയ സാധ്യതകൾകൂടി
മലയാളസാംസ്കാരിക മണ്ഡലത്തിൽ പ്രയോഗിക്കുകയാണിവ.
താനിപ്പൻ തന്താരെ ത ക തക
തോനിപ്പൻ തന്താരെ തക തക
തേന്നിപ്പൻ തന്താരെ (നാട്ടുപാട്ടീണം - തങ്കച്ചൻ തേവൻ) എന്നതു പോലുള്ള വായ്ത്താരികൾ ശ്രദ്ധിക്കുക. മാടത്തെ പാടിയ പാട്ടൊക്കെ താനതിനന്താരി തെന്നാരിയിട്ട് മായാത്ത പാട്ടാക്കി മാറ്റുമെന്ന ഉറപ്പോടെ പാടുന്ന ഒരു പാട്ടുകാരനെ ( പാടത്തെ മാടം - തങ്കച്ചൻ തേവൻ ) ഇവരിൽക്കാണാം.
മാടത്തില് കേറി കിടന്നാലാരിക്കും
താനേ പാട്ടു വരും ( പാടത്തെ മാടം - തങ്കച്ചൻ തേവൻ) എന്നതാണ് ഇവരുടെ അനുഭവം . മൃഗശബ്ദങ്ങളും കിളിവിളികളുടെ ഈണമൊഴികളും കാടിൻ്റെ ചിട്ടപ്പെടുത്തപ്പെടാത്ത താളങ്ങളും ചേർത്തുവച്ച് സുകുമാരൻ ചാലിഗദ്ദ കവിത അവതരിപ്പിക്കുന്നത്
മറ്റൊരുദാഹരണമാണ്.
അപ്പനപ്പൂപ്പന്മാരു പഠിപ്പിച്ച കാട്ടുകഥകളും പാട്ടും കഥകളും ( കള്ള കിനാവുകൾ - തങ്കച്ചൻ തേവൻ) പാടാൻ കിട്ടിയ അവസരമായിട്ടാണ് ആദിവാസി കവിതകൾ കടന്നുവരുന്നത്.
ആദിവാസികളുടെ അനുഭവം
കഥയായ് കേട്ടത് പാട്ടായ് എഴുതി പുതു തലമുറകൾക്കായ് ( കൊറവൻ - തങ്കച്ചൻ തേവൻ ) കൈമാറുമെന്ന് പറയുന്ന ഇവരുടെ കവിതകളിൽ ആദിവാസികളുടേതു മാത്രമായ അനുഭവമണ്ഡലം നിറഞ്ഞുനിൽക്കുന്നുണ്ട്.
കിഴങ്ങ് മാന്താൻ പോകുന്നത്, "മാന്താം മതുക്കിന് മാന്താ പോകാം
വങ്കാളൻ കല്ലിളക്കി കിയങ്ങെടു ക്കാൻ (- കിയങ്ങെടുക്കാൻ പോകുമ്പോൾ - തങ്കച്ചൻ തേവൻ ) എന്ന വരികളിൽ കാണാം. വട്ടിയും കുട്ടയും നെയ്യുന്നത് ( നാട്ടു പാട്ടീണം - തങ്കച്ചൻ തേവൻ) ,ഏറുമാടത്തിൽ കാവല് കിടക്കുന്നത്
( ഏറുമാടത്തെ കാവല് - തങ്കച്ചൻ തേവൻ )
പുന്നെല്ലിൻ കഞ്ഞി കുടിപ്പാൻ
കൊച്ചിരുന്ന് കരയുമ്പോൾ
പുന്നെല്ലിൻ കഞ്ഞി കൊടുപ്പാൻ
അപ്പനുറക്കമൊഴിയുന്നതുമൊക്കെ ഇവരുടെ കവിതയുടെ പ്രമേയമാകുന്നു. വല്ലപാടും മരം കേറുവാൻ കാട്ടില് പോയതും ( കാട്ടില് പോയൊരപ്പൻ - തങ്കച്ചൻ തേവൻ ) അരട്ടിയും മുണ്ടും കല്ലുമാലയും കെട്ടിയ കാരണവന്മാർ തെയ്യമാകുന്നതും ( തെയ്യ - ഹരിത കെ.എം )
കാട്ടാറിൽ മീൻ കൂടു വെച്ചതും
ഈറ്റയില മെടഞ്ഞുണ്ടാക്കിയ വല വച്ച് മീൻപിടിച്ചതും
കൽക്കുഴികളിൽ തീയ്യിട്ട് പാറച്ചോറുവച്ചു തിന്നതും (പൊറമല - അശോകൻ മറയൂർ ) ഒക്കെ വരികളിൽ നിറഞ്ഞു വരുന്നു.
ജൈവവൈവിധ്യം
പുറംലോകത്തിനറിയാത്ത ജൈവവൈവിധ്യത്തിൻ്റെ അളവറ്റ സാന്നിധ്യം ആദിവാസി കവിതകളിലുണ്ട്. വരികാലി ഞണ്ട്, കാട്ടാനക്കൂട്ടം , കരടി ,കടുവ കാട്ടുപന്നികൾ കാട്ടുപോത്ത് കലമാൻ , പാതിരാക്കോഴി, വട്ടം കറങ്ങുന്ന പരുന്ത് , വനശലഭങ്ങൾ ചിറകറ്റ കിളി , കല്ലുമുട്ടി ,ആരൽ പള്ളത്ത് ,വാള ,മുഷി ,കോല മുതുക്കില ,മുള്ളി തുടങ്ങിയ മീനുകൾ തുടങ്ങിയതുപോലുള്ള അസംഖ്യം ജീവികളുടേതുകൂടിയാണ് ആദിവാസി കവിതകൾ.
മാന്താം മതുക്ക്, നച്ചിലാ കിയങ്ങ് , കാട്ടു പീര , ഇല്ലിക്കമ്പ് , കപ്പട്ടക്കോല്, കാട്ടു ചോല ,വള്ളി , കൈവൻ്റെ വള്ളി , മുത്തൂറ ഈറ്റ , പറങ്ങു തടി , മുളം തണ്ട്, ' കാട്ടുമല്ലി . മുളയരി മുളനെല്ല്, കാട്ടു ചീര , മേട്ടുകായ , വെടിപ്പിലാവിൽ കായ, കാട്ടു കിഴങ്ങ് തുടങ്ങിയതുപോലുള്ള സസ്യ വൈവിധ്യങ്ങളും പ്രകൃതിഭേദങ്ങളും കവിതകൾ അടയാളപ്പെടുത്തുന്നു.
ഭാവുകത്വമാറ്റം
മുഖ്യധാരയുടെ ഭാഗമെന്ന് കരുതപ്പെട്ടു വരുന്ന ചിന്താധാരകളുടെ മാറ്റിയെഴുത്ത് നടത്താനും ആദിവാസി കവിതകൾ ശ്രദ്ധിക്കുന്നുണ്ട്. "ഉത്തിഷ്ഠതോ ജാഗ്രത " എന്നത് ഇന്ത്യൻദേശീയതയുടെ പ്രസ്ഥാപനകാലത്ത്, പാരമ്പര്യത്തിൻ്റെ ഉണർത്തെഴുന്നേൽക്കലുമായി ബന്ധപ്പെട്ട് പറഞ്ഞു വരുന്ന പ്രയോഗമാണ്. എന്നാൽ ആദിവാസി കവിതകളിൽ അതിൻ്റെ പ്രയോഗസന്ദർഭവും അർഥവും തകിടം മറിയുന്നുണ്ട്.
" ഇത്തിഷ്ഠതോ ജാഗ്രത:
എൻ ജീവൻ എപ്പോഴെങ്കിലും
പൊലിഞ്ഞു
പോകുമെന്നെനിക്കറിയാം.
എന്നാലും ഈ മണ്ണിനെ
ഉണർത്തുവാനെന്നുമെൻ മനം.
ഉണരുവിൻ സോദരെ
ഉറക്കമെന്തിനെന്ന് " ? ( അവസാന വാക്ക് - മണികണ്ഠൻ അട്ടപ്പാടി )എന്ന് എഴുതുമ്പോൾ
കാടിനെ വീണ്ടെടുക്കാനുള്ള അന്തിമ പോരാട്ടത്തിൻ്റെ അനിവാര്യതയാണ് ഉത്തിഷ്ഠതോ ജാഗ്രത എന്ന പ്രയോഗത്തിലൂടെ കടന്നുവരുന്നത്.
കല്ല് പ്രതീകമാകുമ്പോൾ
കഠിന മനസ്കതയുടെയോ അലിവില്ലാത്ത നിലപാടിൻ്റെയോ പ്രതീകമായാണ് "കല്ല് " പലപ്പോഴും മുഖ്യധാരാ കവിതയിലും പാട്ടുകളിലും കടന്നു വരുന്നത്.
എല്ലാരും ചൊല്ലണ് എല്ലാരും ചൊല്ലണ്
എല്ലാരും ചൊല്ലണ് എല്ലാരും ചൊല്ലണ്
കല്ലാണീ നെഞ്ചിലെന്ന്
കരിങ്കല്ലാണ് കരിങ്കല്ലാണ് നെഞ്ചിലെന്ന്
ഞാനൊന്നു തൊട്ടപ്പോ നീലക്കരിമ്പിന്റെ
തുണ്ടാണ് കണ്ടതയ്യാ - ചക്കര
ത്തുണ്ടാണ് കണ്ടതയ്യാ[ പി ഭാസ്കരൻ - നീലക്കുയിൽ ( 1954 ) ]
പുതിയകാലത്തിൻ്റെ വൈപരീത്യാനുഭവങ്ങൾക്കുമുന്നിൽ "കല്ലാകുവാനും കഴിഞ്ഞില്ല " എന്ന് ജെസ്സി എന്ന കവിതയിൽ കുരീപ്പുഴ ശ്രീകുമാർ എഴുതുമ്പോൾ കല്ല് നിസ്സംഗതയുടെ പ്രതീകമായി മാറുന്നുണ്ട്. "പാറക്കിട്ടടി പാറക്കിട്ടടി ........
ഞെട്ടട്ടെ പാറ പൊളിയട്ട് പാറ പൊട്ടട്ട് പാറ" എന്നു തുടങ്ങുന്ന നാടൻപാട്ടിൽ പാറപൊട്ടിച്ച് ഊറ്റിയെടുത്താലേ കുഞ്ഞിമക്കൾക്ക് കഞ്ഞി കുടിക്കാനാകൂ എന്ന നിലപാടാണ് കാണുന്നത്. മർത്ത്യൻ്റെ വീര്യം അദ്രിയെ വെല്ലും ( മല തുരക്കൽ - വൈലോപ്പിള്ളി ) എന്ന പ്രതീക്ഷ, ആധുനിക കവിതയുടെ മുഖമുദ്രയാകുന്നതും അതുകൊണ്ടാണ്. പിന്നീട് ദലിത് ഭാവുകത്വത്തിൽ (എസ് .ജോസഫിൻ്റെ കവിത ഉദാഹരണം ) കല്ലും പാറയുമെല്ലാം ഗുണപരമായും അനുഭവപരമായും ഭേദപ്പെടുന്നുണ്ട്. കറുത്ത കല്ലിൻ്റെ പുറത്തിരുന്ന് ,ദൂരെ നിന്നും അമ്മ വരുന്നുണ്ടോ എന്നു നോക്കി മണ്ണപ്പം ചുട്ടുകളിച്ച ബാല്യത്തിൻ്റെ അനുഭവയിടമായി കല്ല് ( എസ് ജോസഫിൻ്റെ കറുത്ത കല്ല് എന്ന കവിത ) മാറുന്നത് ഉദാഹരണമാണ്.ഇന്നിന്റെ നിശ്ശബ്ദമായ പാറക്കെട്ടിനുള്ളിൽ ഉടുമ്പായി പാർക്കാൻ തീരുമാനിച്ചയാളെ എസ് ജോസഫിൻ്റെ ( പാടാനറിയില്ലെങ്കിലും ) കവിതയിൽ കാണാം. എന്നാൽ ആദിവാസി കവിതയിലെത്തുമ്പോൾ കല്ല് തന്നെയായി ആദിവാസി മാറുന്ന അനുഭവമാണ് കാണുന്നത്. മാത്രമല്ല ആദിവാസികളുടെ കവിതയിൽ പലപ്പോഴും കല്ല് തേൻ കൂടുപോലൊരു അനുഭവമാണ്.
" ചെറുകല്ലായ നമ്മൾ
പാറകളാകണം.
പാറയിൽ നിന്നൊഴുകും തെളിനീരായി മാറണം
കല്ലിലും സ്പന്ദിക്കുന്ന ഹൃദയമുണ്ട്
ഹൃദയത്തിലായിരം കിനാക്കളുണ്ട്. ( കല്ല് - മണികണ്ഠൻ അട്ടപ്പാടി).
കോടാനുകോടി കല്ലുകളിൽ
വെന്തു പഴുത്ത കല്ലാണു ഞാൻ ( കല്ല് - മണികണ്ഠൻ അട്ടപ്പാടി)എന്ന തിരിച്ചറിവിൻ്റെ രൂക്ഷതയായും ആദിവാസി കവിതകളിൽ കല്ല് മാറുന്നു.
ആധിപത്യത്തിനെതിരെ പ്രതിരോധം
ഒരു തീപ്പൊരി മതി കാടിനെ
ചുടു കാടാക്കുവാൻ ( വിരഹ കടൽ - മണികണ്ഠൻ ) എന്നറിയുന്ന ആദിവാസി , വാക്കുകളിൽ പോരാട്ടത്തിൻ്റെ ഊർജ്ജം തീയമ്പുകളായി മുനകോർത്തു പിടിക്കുന്നതു കാണാം.
"ഒരു തീക്കൊള്ളി യെടുത്ത്
കാടിൻ്റെ മടയിൽ
നമ്മൾ കാവലിരിക്കണം
ഉറങ്ങാതെ ....
കാട് കൊത്തുന്നവൻ്റെ കാലറുക്കാൻ
കാട് കക്കുന്നവൻ്റെ കഴുത്തറുക്കാൻ ( കാവല് ധന്യ വേങ്ങ ച്ചേരി ) എന്നെഴുതുന്നതിൽ ഈ മുനകൂർത്ത തീരുമാനമാണ് കാണുന്നത്.
"വിശപ്പുള്ള മനുഷ്യന്
ചോറില്ല
വിശപ്പില്ലാ
മനുഷ്യന് സദ്യ വിളമ്പാനാളുണ്ട് " ( അന്ധത- മണികണ്ഠൻ അട്ടപ്പാടി )എന്ന വരികളിൽ, നാട്ടുനീതിയുടെ നെറികേടുക്കൾക്കെതിരെയാണ് പ്രതിഷേധത്തിൻ്റെ തീപ്പൊരികൾ പൊരിഞ്ഞുയരുന്നത്.
"പാണൻ കുഴിയെടുത്ത് പാണത്തി ചെഞ്ചീര നട്ടത് കോലോത്തെ തമ്പ്രാട്ടീടെ വേലിക്കകത്താണ്.
ചിരയൊടിക്കല്ലേ തമ്പ്രാ
നുള്ളി പറിച്ച് കളയല്ലേ
ചീരയൊടിക്കല്ലേ തമ്പ്രാ
നുള്ളി പറിച്ച് കളയല്ലേ ( ചെഞ്ചീര ) എന്ന് പറയുന്നതിലും ചൂഷണം ചെയ്യപ്പെട്ട തലമുറകളുടെ തിരിച്ചറിവാണ് കരച്ചിലുപോലെ വെളിപ്പെടുന്നത്.
"കണ്ടില്ലൻ്റെപ്പനെ പിന്നെ
കിനാവത്ത് പോലും തിരഞ്ഞ് നടന്ന് " (കാട്ടില് പോയൊരപ്പൻ - തങ്കച്ചൻ തേവൻ ) എന്ന പറച്ചിൽ യഥാർഥത്തിൽ ഓരോ ആദിവാസിയുടേതുമാണ്. പട്ടിണിമാറ്റാൻ കാടുകയറിയവരുടെ തിരിച്ചെത്താനാകാത്ത അവസ്ഥ , അനിശ്ചിതത്വം നിറഞ്ഞ കാട്ടുജീവിതവഴികളുടെ രീതിയും സ്വഭാവവുമാണ് എന്നിവർ പറഞ്ഞുവയ്ക്കുന്നു.
"ആയിരം കരങ്ങളുള്ള മരത്തിൽ എല്ലാ കരങ്ങളും വെട്ടിയ നിലയിൽ....
കാട്ടു ദൈവങ്ങളീ കാഴ്ചകൾ
കാണുന്നില്ലേ
കാടിൻ്റെ കണ്ണിൽ മണ്ണു വാരിയിട്ടിട്ട് ഓടിയൊളിക്കുന്നു നഗരപ്പക്ഷികൾ" ( പച്ച ഞരമ്പുകൾ മണികണ്ഠൻ അട്ടപ്പാടി ) എന്ന് രോഷം കൊള്ളുന്നത് നാട്ടുകാരുടെ കാട്ടുകൊള്ളയ്ക്കെതിരെയാണ്.
"പച്ചോന്തിൻ്റെ
നിറമണിഞ്ഞ മനുഷ്യൻ
പച്ചക്കാടിൻ്റെ പച്ചമാംസം
പച്ചയ്ക്ക് തിന്നു തീർത്തുമീ
കപടലോകം " ( തീക്കൊള്ളി - മണികണ്ഠൻ അട്ടപ്പാടി ) എന്നിവർ തീർച്ച പറയുന്നതും അതുകൊണ്ടാണ്.ആദിവാസികൾ തങ്ങളെ
"ലോകമെന്ന കിളിക്കൂട്ടിലകപ്പെട്ട കാട്ടുകിളികളാ" ( തെറ്റുകൾ - മണികണ്ഠൻ അട്ടപ്പാടി )യാണ് വിവരിക്കുന്നത്. "പോവുക
കണ്ണീര്
അന്നമായ്
ഉണ്ണുന്നവളാണ് ഞാൻ.
പേറ്റുനോവാറാത്ത പതിനേഴാം നാൾ
കണ്ടത്തിൽ പണി ചെയ്യാൻ തമ്പുരാൻ കല്പന ( അപ്പ - രാജീവ് തുമ്പക്കുന്ന് മാവിലൻ തുളു ) എന്ന് ആദിവാസി സ്ത്രീയുടെ ജീവിതവ്യഥകൾ ഇവരുടെ കവിതകളിൽ തിളച്ചുമറിയുന്നുണ്ട്.
പക്ഷിമുട്ടയുടച്ച കുഞ്ഞിനെ
മുട്ടുകുത്തി നിർത്തും (പൊറമല - അശോകൻ മറയൂർ ) പൊറമലഎന്ന് ഉറപ്പിച്ചു പറയുന്നതിൽ സഹജീവികളോടുള്ള അനുഭാവം നിറയുന്നുണ്ട്. "കാട്ടുവള്ളിയിൽ വിരിഞ്ഞ
കാട്ടുമല്ലി ഞാൻ
തണ്ടിനെ കെട്ടിപ്പിടിച്ച് കാറ്റിലിളകി
യാടുന്ന ഇലകളിലൊരില ഞാൻ ( വള്ളികൾ - മണികണ്ഠൻ അട്ടപ്പാടി)എന്ന് സ്വയം അടയാളപ്പെടുത്തുന്നുണ്ട് ഇവർ. "പച്ചപ്പനയോല മേഞ്ഞയെൻ
പച്ച വീടിനെ ചുട്ടെരിക്കുമോ
കിഴക്കുദിക്കുന്ന ചെങ്കനൽ സൂര്യൻ
( പച്ചഞരമ്പുകൾ മണികണ്ഠൻ അട്ടപ്പാടി )എന്ന് ആശങ്കപ്പെടുന്നു മുണ്ട്. "എരിയുന്ന അടുപ്പിൽനിന്ന്
നീ പുറത്തു വാ
ചവിട്ടി മേടിച്ചു പുറത്തു വാ
നിന്നെ ഒരു ലോകം കാത്തിരിക്കുന്നു " എന്ന് ആദിവാസിപ്പെണ്ണിനോട് ഓർമ്മിപ്പിക്കുന്നുമുണ്ട്.
കാടിൻ്റെ ജൈവഭാവം
കാടിൻ്റെ ജൈവഭാവങ്ങൾ തനിമയോടെ പുറത്തു കൊണ്ടുവരുന്നവകൂടിയാണ് ആദിവാസി കവിതകൾ.
" പിള്ളേര്
പട്ടണത്തീന്ന്
വീട്ടിലേക്കു വന്നാൽ
ആനക്കുഴിയില്
കുഞ്ഞനാനകൾ
കൊമ്പനും തള്ളയ്ക്കും എടേൽ കെടന്ന്
ഒ ച്ചയുണ്ടാക്കുമ്പോലെത്തന്നെ .....
ഒരു ദിവസം പട്ടണത്തിൽ
പള്ളിക്കൂട മുറ്റത്ത് പേരക്കുട്ടിയെ കാണാൻ ചെന്നാൽ
ഒരു നിമിഷം
കുട്ടികളെ എന്തിനോടായിരിക്കും
താത്തി ചേർത്തു പറയുക
പക്ഷിക്കുഞ്ഞുങ്ങളുടെ ശബ്ദമെന്നു പറഞ്ഞേക്കും
( ആനക്കുയി - അശോകൻ മറയൂർ ) എന്ന കവിത നോക്കുക. വീട്ടിലെ കുട്ടികൾ ഒച്ചയിടുന്നത്, കാത്തിക്ക് കുഞ്ഞനാനകൾ കൊമ്പനും തള്ളയ്ക്കും എടേൽ കെടന്ന് ഒച്ചയൊണ്ടാക്കും പോലെയാണ്. പള്ളിക്കൂടത്തിലെ പിള്ളേരുടെ ശബ്ദം, താത്തി പക്ഷിക്കുഞ്ഞുങ്ങളുടെ ശബ്ദമായാണ് തിരിച്ചറിയുന്നത്. "ദുരിതങ്ങൾ പേറുന്ന
ഈ ജീവിതത്തിൽ
ദൂരെ പറക്കുവാൻ
വെമ്പുന്ന പക്ഷിയായി (ഒരു പക്ഷിയുടെ കദനം - മണികണ്ഠൻ അട്ടപ്പാടി)ട്ടാണ് തന്നെത്തന്നെ തിരിച്ചറിയുന്നത്.
പ്രതിസംസ്കൃതി
ഗോത്ര ജനതയുടെ സംസ്കൃതി പ്രകൃതി കേന്ദ്രമാണ്. "ഒന്നല്ലി സഹോദരരല്ലി പൂവേ,
ഒന്നല്ലി കൈയിഹ രചിച്ചത് നമ്മെയെല്ലാം " [ വീണ പൂവ് :കുമാരനാശാൻ ] എന്നത് മനുഷ്യനും പ്രകൃതിക്കും ഇടയിൽ സമഭാവം ലക്ഷ്യമിടുന്ന വരികളാണ്. എന്നാലിത് ആധ്യാത്മകേന്ദ്രിതമാണ്. രണ്ടു കൂട്ടരേയും സൃഷ്ടിച്ചത് ഒരാൾ ആയതിനാൽ സമഭാവം ആവശ്യപ്പെടുകയാണ്.
ഗോത്രസംസ്കൃതിയിൽ ഭൗതികാർഥത്തിൽത്തന്നെ മാനും മനുഷ്യനും ആനയും പുലിയും പ്രകൃതിയിലെ ജീവികൾ മാത്രമാണ്. ആധ്യാത്മകേന്ദ്രിതമല്ല;. പ്രകൃതി കേന്ദ്രിതമാണ് അവരുടെ ജീവിതം.അതുകൊണ്ടാണ് സുകുമാരൻ ചാലിഗദ്ദയ്ക്ക്
" അരെബട്ടി തുട്ടുമ്മെനെ നിറെപ്പ
ഓടിന്റ മൈച്ചെന്നുമ്മു
ബണ്ണമ്മത്ത കുള്ളു തുട്ടുമ്മെനെ
നിറെപ്പ തടാക്കിന്റെ
ആനെക്കുമ്മു പൈക്കെ ഒന്റ [കവിത - ഒന്റ] " [ പരിഭാഷ:
"അരവയർ നിറയ്ക്കുവാൻ ഓടുന്ന മനുഷ്യനും വണ്ണമൊത്ത വലിയ വീട് നിറയ്ക്കാനോടും ആനക്കും ഒരേ വിശപ്പ് "എന്ന് കവിതയിൽ എഴുതാനാകുന്നത്. എന്നിട്ട് ആ കവിതയ്ക്ക് ഒന്ന് എന്ന് പേരു കൊടുക്കാനുമാകുന്നത്.
"ജുവ്വാല്ലെയാണ്ട ബൊമ്പെ
പച്ചുപറാന്തൊരു പുള്ളുക്കു
തുപ്പ കൊടുത്തേ" [കവിത : ബൊമ്പെ ] [ പരിഭാഷ:"ഊഞ്ഞാലാടുന്ന വാഴക്കുടപ്പൻ , വിശന്നുപറന്ന ഒരു പക്ഷിക്ക് തേൻ കൊടുത്തേ ]എന്ന് വാഴക്കുടപ്പൻ എന്ന് കവിതയിൽ അതേ കവി എഴുതുന്നതും ഇതേ പ്രകൃതികേന്ദ്രിതബോധത്തിൽ നിന്നാണ്.
സ്വന്തം ഭാഷയെ തിരിച്ചുപിടിക്കുന്നതുവഴി
ഗോത്രജനത തിരിച്ചുപിടിക്കാൻ ആഗ്രഹിക്കുന്നത് നഷ്ടമായിക്കൊണ്ടിരിക്കുന്ന ഈ പ്രതിസംസ്കൃതിയെ കൂടിയാണ്.വാസ്തവത്തിൽ പാരിസ്ഥിതികാഘാതങ്ങളാൽ ദുർബലമായ ഭൂമിയിൽ ജീവിക്കുന്ന മനുഷ്യന് ഈ തിരിച്ചു പിടിക്കൽ മാനവരാശിയുടെ അതിജീവനത്തിനായുള്ള
ഏകമാർഗംകൂടിയാണ്.അതിനാൽ ലോകത്തെ കാണാൻ ലഭിച്ച പുതിയ കണ്ണും കാതുമായി ആദിവാസി കവിതകൾ മാറുന്നുണ്ട്. ". "ഇരുട്ടിൽ നീ ഒരു പന്തമായി കത്തുമ്പോൾ നിന്നെപ്പോലെ നൂറായിരം തീപ്പന്തം ഇനിയും കത്തിനിൽക്കും. " എന്നാണ് ആദിവാസി കവിതകൾ ഉറപ്പിച്ചു പറയുന്നത്. നൂറായിരം തീപ്പന്തങ്ങൾ മലയാളകവിതയിൽ വീശിയുയർത്തുന്ന ആദിവാസി കവിതകൾ , തീർച്ചയായും
കേരളകവിതയുടെ പുതിയ മുഖം കൂടിയാണ് .
ഗ്രന്ഥസൂചി
ബേത്തി മാരൻ - സുകുമാരൻ ചാലിഗദ്ദ
മേലേ കാവ്ളു - എസ്. ജോസഫ് ഡി സി ബുക്സ്
ഗോത്ര കവിത - സുകുമാരൻ ചാലിഗദ്ദ സുരേഷ് മാവിലാൻ (എഡി) ഡിസി ബുക്സ്
കാവിയ പൊത്തകനെര - സന്തോഷ് മാനിച്ചേരി ( ജനറൽ എഡിറ്റർ ) ബ്രണ്ണൻ പ്രസ് & ഇൻ സൈറ്റ് പബ്ലിക
ഡോ. സുമി ജോയി ഓലിയപ്പുറം
പ്രൊഫസർ
മഹാരാജാസ് കോളേജ്
എറണാകുളം
Comentarios