top of page

ആരും ചെയ്യരുതാത്ത ചില കാര്യങ്ങൾ

Updated: Mar 15

ഡോ.എസ്.കൃഷ്ണൻ

നമ്മൾ, മനുഷ്യരുടെ ലോകത്ത് ഇന്ന് ആരും ചെയ്യരുതാത്ത ചില കാര്യങ്ങളാണ് നടക്കുന്നത്. ഒരു പക്ഷേ മനുഷ്യകുലം ഇതുവരെ ജീവിച്ച ചരിത്രം പരിശോധിച്ചാൽ നാം ഇന്ന് ജീവിക്കുന്നത് ഇതുവരെ ജീവിച്ച എല്ലാ മനുഷ്യരും കൊതിക്കുന്നത്ര വികാസം പ്രാപിച്ച അറിവുകളുടെ കാലത്താണ്. ഒരു സ്വിച്ചിട്ടാൽ വീട്ടിലെ എല്ലാ വിളക്കുകളും തെളിയുന്ന കാലമാണിത്. ഒന്നമർത്തിയാൽ കിലോമീറ്ററുകൾക്കപ്പുറം നമുക്ക് പറയാനുള്ള സന്ദേശമെത്താൻ ഒരു സെക്കന്റ് പോലും വേണ്ട. നിന്നുപോയ ഹൃദയങ്ങളും വൃക്കകളും നന്നാക്കാനും മാറ്റിവെയ്ക്കാനും നമുക്ക് മാർഗ്ഗങ്ങളുണ്ട്. എന്തിനേറെ പറയുന്നു, ഒരു മൃതദേഹത്തിൽ നിന്നുള്ള അവയവങ്ങൾ പോലും നമുക്ക് ജീവിച്ചിരിക്കുന്ന മനുഷ്യരുടെ ജീവിതം കൂടുതൽ മെച്ചപ്പെടുത്താനായി ഉപയോഗിക്കാനാകും. കാലം മാറിപ്പോയി. അതിന് പുതിയ കോലങ്ങളും വന്നു.  ഇന്നലത്തെ മനുഷ്യൻ ഒരു ദിവസം കൊണ്ട് ചെയ്തിരുന്ന കാര്യങ്ങൾ ഒരു സെക്കന്റ് കൊണ്ട് ചെയ്യാൻ മാത്രം കാര്യപ്രാപ്തി നേടിയ മനുഷ്യൻ മാറിയില്ലെങ്കിൽ അല്ലേ അത്ഭുതമുള്ളൂ?

           എന്നാൽ മാറി വരുന്ന കാലത്തിനൊപ്പം നമ്മുടെ സന്തോഷങ്ങൾക്ക് കുറവ് വന്നു. അച്ഛനമ്മമാർക്കൊപ്പം, ബന്ധുക്കൾക്കൊപ്പം ചിലവഴിക്കേണ്ട സമയം നാം നിർജ്ജീവ വസ്തുക്കൾക്കൊപ്പം ചിലവഴിക്കുന്നു. നീലാകാശം കാണേണ്ട നിമിഷങ്ങൾ നാം ടെലിവിഷനിലോ മൊബൈൽ ഫോണിലോ ചിലവഴിക്കുന്നു. ഒരുപക്ഷേ മനുഷ്യകുലത്തിന്റെ ഏറ്റവും ശ്രദ്ധേയമായ മറ്റൊരു പ്രവണതയെ പലരും ചേർത്ത്  കാണുന്നത് സന്തോഷം അന്വേഷിച്ചുള്ള അവന്റെ യാത്രയുമായി ചേർത്താണ്. അക്രമാസക്ത പ്രവണത സ്വയം സംതൃപ്തി നേടുവാനുള്ള വഴി എന്ന് നാം ചിന്തിച്ചു തുടങ്ങിയിരിക്കുന്നു.

അക്രമം ഒരു നിയമ പ്രശ്നം മാത്രമല്ല.

      അക്രമത്തെ പലപ്പോഴും നാം കാണുന്നത് സാമൂഹികവും നിയമപരവുമായ ഒരു വീക്ഷണകോണിൽ നിന്നാണ്. എന്നാൽ ഒരു ന്യൂറോ സൈക്യാട്രിക് വീക്ഷണകോണിൽ നിന്ന് നോക്കിയാൽ ആക്രമാസക്തത മസ്തിഷ്ക പ്രവർത്തനപ്പിഴവ്, മാനസികാരോഗ്യ പ്രശ്നങ്ങൾ, പാരിസ്ഥിതിക സ്വാധീനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട ഒരു പ്രശ്നമാണ്. ഗാർഹിക പീഡനം, അമിത വേഗതയിൽ വണ്ടി ഓടിക്കുന്നത് പോലുള്ള റോഡിലെ പ്രശ്നങ്ങൾ, ജോലിസ്ഥലത്തെ പ്രശ്നങ്ങൾ, അമിതാവേഗത്തിലുണ്ടാകുന്ന കുറ്റകൃത്യങ്ങൾ എന്നിവ പോലുള്ള അക്രമ പ്രവർത്തനങ്ങളിൽ പോലും ന്യൂറോബയോളജിക്കൽ സംവിധാനങ്ങളേക്കുറിച്ചും മനോരോഗ സാഹചര്യങ്ങളേക്കുറിച്ചും ഉള്ള തിരിച്ചറിവുകൾ ഒരു പ്രധാന പങ്ക് വഹിക്കുന്നു.

സന്തോഷത്തിന്റെ പുതിയ മാനങ്ങൾ തേടി നാം പുതിയ പുതിയ മേച്ചിൽപ്പുറങ്ങൾ തിരഞ്ഞു കണ്ടുപിടിച്ചു തുടങ്ങി. അവയിൽ എന്തൊക്കെപ്പെടും എന്ന് ഒന്ന് ശ്രദ്ധിച്ചാൽ നമ്മുടെ മുന്നിലേയ്ക്ക് വരുന്നത് ലഹരി, വികാരവിക്ഷോഭങ്ങൾ, ഡിജിറ്റൽ മാധ്യമങ്ങൾ, ലൈംഗികഗന്ധമുള്ള പുതിയ ബന്ധങ്ങൾ എന്നിവയൊക്കെയാണ്. സ്വാഭാവിക ലഹരി വസ്തുക്കളുടെ എണ്ണം തന്നെ ഏറെയാണ്. എന്നാൽ അവയുടെ ലഹരി പോരാതെ നാം പുതിയ പുതിയ ലഹരി സാധനങ്ങൾ നിർമ്മിച്ച് തുടങ്ങിയിരിക്കുന്നു.

ഈ കുറിപ്പ് മനുഷ്യരെ കുറിച്ചുള്ളതാണ്. സൈക്യാട്രിസ്റ്റും, മനോരോഗമുള്ള വ്യക്തിയും മാനസികമായി ആരോഗ്യവാനായ വ്യക്തിയും, അധ്യാപകനും വക്കീലും പോലീസുകാരനും രാഷ്ട്രീയക്കാർക്കും ഒക്കെ ബാധകമാണ് ഈ കുറിപ്പ്. ഞാൻ ഉൾപ്പെടെയുള്ള ഏതൊരു വ്യക്തിയുടെയും അമിതമായ കോപാക്രോശങ്ങൾക്കും അക്രമാസക്തതയ്ക്കും ഏകജാലകത്തിലൂടെയുള്ള കാര്യകാരണ വിശദീകരണങ്ങൾ വെറും ന്യൂനീകരണം മാത്രമായി കണക്കാക്കുന്നതാണ് നല്ലത്. അൽപ്പകാലം മുമ്പ് വരെ ഡിജിറ്റൽ അഡിക്ഷൻ ആയിരുന്ന ഒരു കാര്യം ഇപ്പോൾ ലഹരിയിലേക്ക് മാറി എന്ന് മാത്രം. മാനസിക പ്രശ്നങ്ങളും അമിതമാനസിക സമ്മർദ്ദവും സാമൂഹികമായ ഒറ്റപ്പെടലും പാരിസ്ഥിതിക പ്രേരണകളും ഒന്നും തന്നെ ഒറ്റയ്ക്ക് അക്രമാസക്തതയ്ക്കുള്ള കാരണങ്ങളായി കണക്കാക്കാൻ ആവില്ല. എന്നാൽ ഇതിൽ ഒന്നിലേറെ കാരണങ്ങൾ കൂട്ടായി ചേർന്ന് പ്രവർത്തിക്കുമ്പോൾ അത് ഉണ്ടാക്കുന്ന വിസ്ഫോടനങ്ങൾക്ക് കയ്യും കണക്കും ഉണ്ടാവില്ല. വിഷാദം, ഉത്കണ്ഠ, സൈക്കോസിസ്, ലഹരി ദുരുപയോഗം, വ്യക്തിത്വ വൈകല്യങ്ങൾ എന്നിവയൊക്കെ അക്രമാസക്തതയുടെ തീവ്രത വർദ്ധിപ്പിക്കുന്ന അപകടസാധ്യതാ ഘടകങ്ങൾ മാത്രമാണ്. ആത്മഹത്യാ പ്രവണതയെ പോലെ തന്നെ അക്രമാസക്ത പ്രവണതയ്ക്കും ബഹുമുഖമായ കാരണങ്ങൾ ഉണ്ട് എന്നുള്ളതാണ് യാഥാർത്ഥ്യം.

അക്രമം എന്ന ഏകമാർഗ്ഗം

    മുകളിൽ സൂചിതമായവയൊക്കെ യാഥാർത്ഥ്യത്തെക്കുറിച്ചുള്ള ഒരു വ്യക്തിയുടെ ധാരണയെ വളച്ചൊടിക്കുകയും അക്രമം മാത്രമാണ് അവർക്ക് ലഭ്യമായ ഏകമാർഗ്ഗമെന്ന് വിശ്വസിക്കാൻ അവരെ പ്രേരിപ്പിക്കുകയും ചെയ്യും. അമിത മാനസിക സമ്മർദ്ദവും പ്രത്യക്ഷമായോ പരോക്ഷമായോ നേരിടേണ്ടി വരുന്ന അനീതികളും വ്യക്തികളോടോ സമൂഹത്തോടോ ഉള്ള ആഴത്തിലുള്ള നീരസവും ഒക്കെ പലർക്കും വൈകാരിക തകർച്ചയിലേക്കും അക്രമാസക്തതയിലേക്കും നയിച്ചേക്കാം. ചില സന്ദർഭങ്ങളിൽ തന്മയീഭാവത്തിന്റെ പൂർണ്ണമായ അഭാവം പശ്ചാത്താപം ഇല്ലാതെ അത്തരം അക്രമാസക്ത പ്രവർത്തനങ്ങൾ നടത്താൻ അവരെ അനുവദിച്ചേക്കാം.

നേരിട്ടുള്ള അനുഭവങ്ങളിലൂടെയോ മാധ്യമ സ്വാധീനത്തിലൂടെയോ പ്രത്യയശാസ്ത്രങ്ങളിലൂടെയോ സാമൂഹികമായ അന്യവൽക്കരണം സംഭവിക്കുകയാണെങ്കിൽ അല്ലെങ്കിൽ മറ്റുള്ളവരിൽ നിന്ന് കുട്ടിക്കാലത്തോ കൗമാര പ്രായത്തിലോ പ്രത്യക്ഷമോ പരോക്ഷമോ ആയ അക്രമത്തിന് ദീർഘകാലം വിധേയൻ ആയിട്ടുണ്ടെങ്കിലും മേൽപ്പറഞ്ഞ രീതിയിലുള്ള അക്രമാസക്ത പ്രവണത ഉണ്ടാകാം. കൂട്ട അക്രമത്തിന്റെ പല കുറ്റവാളികൾക്കും അവരുടെ വ്യക്തിപരമോ തൊഴിൽപരമോ ആയ ജീവിതത്തിൽ ഭീഷണിപ്പെടുത്തൽ നേരിടേണ്ടി വരികയോ അല്ലെങ്കിൽ പൊതുസമൂഹത്തിൽ നിന്നോ കുടുംബത്തിൽ നിന്നോ നിരസിക്കപ്പെടുകയോ ശക്തിഹീനരാക്കുകയോ ചെയ്ത ചരിത്രം നമുക്ക് കണ്ടെത്താനാകും. ക്രമേണ ഈ ഒറ്റപ്പെടൽ, അഗാധമായ കോപം, പ്രതികാരത്തിനുള്ള ആഗ്രഹം അല്ലെങ്കിൽ മറ്റുള്ളവരുടെ മേൽ സ്വന്തം നിയന്ത്രണം ഉറപ്പിക്കേണ്ടതിന്റെ ആവശ്യകത എന്നീ മനോഭാവങ്ങൾ വളർത്തിയേക്കാം. ചില സന്ദർഭങ്ങളിൽ അക്രമാസക്തമായ ഉള്ളടക്കമുള്ള റാഡിക്കൽ പ്രത്യയശാസ്ത്രങ്ങൾ അക്രമാസക്ത ചിന്തകളെ ശക്തിപ്പെടുത്തും. ഇത് തൻറെ അക്രമ പ്രവർത്തനങ്ങൾ ബഹുജനങ്ങളുടെ കഷ്ടപ്പാടുകളോടുള്ള ന്യായീകരിക്കാവുന്ന ആവശ്യമായതോ ആയ പ്രതികരണം ആണെന്ന് വിശ്വസിക്കാൻ വ്യക്തികളെ പ്രേരിപ്പിച്ചേക്കാം. തൊഴിൽ നഷ്ടം, തൊഴിലില്ലായ്മ , ബന്ധങ്ങളുടെ തകർച്ചകൾ, സാമ്പത്തികമായ ബുദ്ധിമുട്ടുകൾ, പൊതുസമൂഹത്തിൽ നിന്നുള്ള അവഹേളനം എന്നിവ അക്രമാസക്ത പ്രവണതയ്ക്ക് ഉത്തേജകങ്ങളായി പ്രവർത്തിക്കുകയും ഇതിനകം തന്നെ ദുരിതം അനുഭവിക്കുന്ന ഒരു വ്യക്തിയെ കൂടുതൽ അക്രമാസക്തമായ പ്രവർത്തനങ്ങളിലേക്ക് തള്ളിവിടുകയും ചെയ്യും. ചില സന്ദർഭങ്ങളിൽ ഒരു പ്രേതക സംഭവം അവരുടെ അക്രമം സൂക്ഷ്മമായി ആസൂത്രണം ചെയ്യാനും അവരുടെ കഷ്ടപ്പാടുകൾക്ക് അവർ കുറ്റപ്പെടുത്തുന്നവരോട് പ്രതികാരം ചെയ്യാനും അവരെ പ്രേരിപ്പിച്ചേക്കാം. തീവ്രമായ വൈകാരിക പ്രക്ഷുബ്ധതയുടെ ഒരു നിമിഷത്തിൽ എന്ത് ചെയ്യണമെന്നറിയാതെ ആശയക്കുഴപ്പത്തിലാകുന്ന വ്യക്തി പ്രകടിപ്പിക്കുന്ന അക്രമാസക്തപ്രവണത നമുക്കിടയിൽ വിരളം ഒന്നുമല്ല.

നമുക്ക് എന്ത് ചെയ്യാനാകും?

 

      ഒരു വ്യക്തി അക്രമാസക്തൻ ആകുമ്പോഴല്ല അയാളുടെ അക്രമാസക്ത പ്രവണത കുറയ്ക്കുവാൻ വേണ്ടിയുള്ള പ്രവർത്തനങ്ങൾ നാം ആരംഭിക്കേണ്ടത്. മാനസികാരോഗ്യ പ്രഥമ ശുശ്രൂഷ, മാനസിക സമ്മർദ്ദ നിയന്ത്രണ ശില്പശാലകൾ, ധ്യാനം, തടവൽ, യോഗ എന്നിവയൊന്നുമല്ല ഇതിനുള്ള ഉത്തരങ്ങൾ. ഹ്രസ്വകാലത്തേക്ക് ഇവയൊക്കെ ചിലപ്പോൾ പ്രയോജനപ്രദം ആണെന്ന് കാണപ്പെട്ടേക്കാം. എങ്കിലും ദീർഘകാല അടിസ്ഥാനത്തിൽ ഇവയ്ക്കൊന്നും പ്രയോജനം ഉള്ളതായി തെളിയിക്കപ്പെട്ടിട്ടില്ല. അക്രമാസക്ത പ്രവണത ഒരു മസ്തിഷ്ക പ്രതിഭാസമാണ്. മനോരോഗങ്ങളുടെ ഭാഗമായി ഉണ്ടാകുന്ന അക്രമാസക്തത പോലും മസ്തിഷ്ക പ്രതിഭാസം തന്നെയാണ്. ഔഷധങ്ങളും വ്യക്തമായ ചട്ടക്കൂടുള്ള മന:ശാസ്ത്ര ചികിത്സാ രീതികളും ആണ് ഇതിനായി നാം ഉപയോഗിക്കേണ്ടത്. അടുത്ത തലമുറയിലെ അക്രമാസക്തത കുറയ്ക്കണമെങ്കിലും തുടച്ചുനീക്കണമെങ്കിലും അതിനായുള്ള കാര്യമാത്ര പ്രസക്തമായ നടപടികൾ ഇപ്പോൾ ചെറിയ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികളിൽ നിന്ന് തന്നെ നാം ആരംഭിക്കേണ്ടതുണ്ട്.

എല്ലാം ലഹരിയിലും ഒരു സിനിമയിലും ഒതുക്കുന്ന മാനസികാരോഗ്യ പ്രവർത്തകർക്ക് ഇതൊന്നും അറിഞ്ഞുകൂടാത്തതല്ല.  ഈയിടെ സംസാരിച്ച, ടെലിവിഷനിൽ പ്രത്യക്ഷപ്പെട്ട ഒരു മാനസികാരോഗ്യ പ്രവർത്തകൻ പറഞ്ഞത് സമൂഹത്തിന് വേണ്ടതാണ് താൻ നൽകുന്നത് എന്നാണ്. സമൂഹത്തിന് വേണ്ടത് പലപ്പോഴും ശാസ്ത്രീയമായ കാരണങ്ങളല്ല പെട്ടെന്നുള്ള പരിഹാരമാർഗ്ഗങ്ങളാണ്. സമൂഹത്തിന് വേണ്ടത് മാത്രം നൽകുന്ന ചികിത്സകർക്ക്, സാമൂഹ്യ പരിഷ്കർത്താക്കൾക്ക് പലപ്പോഴും ഇന്നത്തെ സമൂഹത്തിലെ അക്രമാസക്ത പ്രവണത നിയന്ത്രിക്കാൻ വലിയ ഒരു പരിധിവരെ ബുദ്ധിമുട്ടായിരിക്കും എന്ന് പറയേണ്ടി വന്നതിൽ ഖേദമുണ്ട്. ക്രൂരമായ കൊലപാതകം എന്നും പൈശാചികമായ കൃത്യം എന്നും നരാധമൻ എന്നും ഒക്കെ പറയുന്നത് മറ്റൊരു വൈകാരിക വിസ്ഫോടനം മാത്രമാണ് എന്ന് പറയേണ്ടിയിരിക്കുന്നു. ഒരു സംഭവത്തെ വ്യാഖ്യാനിക്കുമ്പോൾ ആ സംഭവത്തിനും നമുക്കും ഇടയിലുള്ള ഒരിടം ആദ്യം സൃഷ്ടിക്കേണ്ടത് ആവശ്യമാണ്. അത്തരമൊരു ഇടം സൃഷ്ടിക്കുന്നതിന് മുൻപ് ചാടിക്കയറി സിനിമയുടെ മേലും ലഹരിയുടെ മേലും കുറ്റാരോപണം നടത്തുന്നത് തികച്ചും വളർച്ചയെത്താത്ത മസ്തിഷ്കങ്ങളുടെ ലക്ഷണം തന്നെയാണ് എന്നും വേണമെങ്കിൽ ചിന്തിക്കാം.

പ്രശ്നം അക്രമാസക്തത തന്നെ. എന്നാൽ കാരണം ലഹരി മാത്രമല്ല. സെൻസർ ബോർഡ് സ്ഥാപിച്ചാൽ മാത്രം അപ്രത്യക്ഷമാകുന്നതും അല്ല ഈ പ്രശ്നം. ജീവിത നിപുണതകളും ശ്രദ്ധാപൂർണത ഉൾപ്പെടെയുള്ള മാനസിക നിയന്ത്രണ മാർഗങ്ങളും കുട്ടിക്കാലത്ത് തന്നെ പഠിപ്പിച്ചാൽ മാത്രം നമുക്ക് ചിലപ്പോൾ ഇതിനൊരു പരിഹാരം കണ്ടെത്താൻ സാധിച്ചേക്കാം. പഠിക്കേണ്ടത് കുട്ടികൾ മാത്രമല്ല. ആ കുട്ടികളുടെ ചുമതല വഹിക്കുന്ന മുതിർന്നവരും കൂടിയാണ്. മസ്തിഷ്കത്തിലെ ദർപ്പണ കോശങ്ങൾ എന്നറിയപ്പെടുന്ന അനുകരണ കോശങ്ങൾ പുറമേയുള്ള സ്വഭാവ വൈചിത്രങ്ങൾ നമ്മുടെ ജീവിതത്തിലേക്ക് ഒരു മിമിക്രി എന്നപോലെ പകർത്താൻ കെൽപ്പുള്ളവയാണ്. അതും നാം കണക്കിലെടുക്കണം. ഓരോ അക്രമത്തിനു ശേഷവും ഒരു ചടങ്ങ് എന്നപോലെയുള്ള ചർച്ചകളും അഭിപ്രായപ്രകടനങ്ങളും കൊണ്ട് കാര്യം തീരില്ല.

"കൊല്ലുന്നവർ ചെയ്യുന്നത് തെറ്റ് തന്നെ, കൊലയെപ്പറ്റി വിശേഷണ വിശ്ലെഷണങ്ങൾ ചേർത്ത് ആവർത്തിച്ചാവർത്തിച്ച് പറഞ്ഞ് സമൂഹത്തെ പേടിപ്പിക്കുന്നവർ ചെയ്യുന്നതും തെറ്റല്ലേ" എന്നൊരു പത്തു വയസ്സുള്ള കുട്ടിക്ക് തോന്നുന്നു എന്ന് വെച്ചാൽ അതിലെന്തോ കഴമ്പില്ലേ എന്നൊരു സംശയം.

ശബ്ദമുയർത്താതെ സംസാരിക്കാൻ നാം പഠിക്കേണ്ടിയിരിക്കുന്നു. മനസ്സിടറാതെ ജീവിക്കാൻ നാം പഠിക്കേണ്ടിയിരിക്കുന്നു. കാലുകൾ വഴുതാതെ നടക്കാനും നാം പഠിക്കേണ്ടിയിരിക്കുന്നു. പരിഹാരം നാം അന്വേഷിച്ചു തുടങ്ങേണ്ടത് വ്യക്ത്യധിഷ്ഠിതമായിട്ട് തന്നെയായിരിക്കണം. ശക്തമായ വേരുകൾ ഇല്ലാത്ത വൃക്ഷങ്ങളെ സംരക്ഷിക്കാൻ അവയ്ക്ക് ചുറ്റും വേലി കെട്ടിയിട്ട് കാര്യമില്ലല്ലോ.

വ്യക്ത്യാധിഷ്ഠിതമായ ശാക്തീകരണം

 

വ്യക്ത്യാധിഷ്ഠിതമായ ശാക്തീകരണം ലഹരിവസ്തുക്കളുടെ ദുരുപയോഗം കൊണ്ടുണ്ടാകുന്ന മാനസിക  വൈകല്യങ്ങളും മാനസികാരോഗ്യ പ്രശ്നങ്ങളും തടയുന്നതിനും നിയന്ത്രിക്കുന്നതിനുമുള്ള ഒരു പ്രധാന സമീപനമാണ്.  ഇത് രോഗമുക്തിയിലേക്കും, ആരോഗ്യകരമായ പൊരുത്തപ്പെടൽ സംവിധാനങ്ങൾ വളർത്തുന്നതിന്നുമുള്ള ഒരു പാതയാണ്. വൈകാരിക നിയന്ത്രണം, പ്രശ്നപരിഹാരനിപുണത, സാമൂഹ്യ പിന്തുണാ സംവിധാനങ്ങൾ എന്നിവ വർദ്ധിപ്പിക്കുന്നതിലൂടെ, ലഹരിവസ്തുക്കളുടെ ഉപയോഗത്തെ ആശ്രയിക്കാതെയോ കടുത്ത മാനസിക ക്ലേശം അനുഭവിക്കാതെയോ ജീവിത വെല്ലുവിളികളും സമ്മർദ്ദവും കൈകാര്യം ചെയ്യാൻ വ്യക്തികൾ മികച്ച രീതിയിൽ സജ്ജരാകുന്നു. മനസ്സിനെക്കുറിച്ചും അതിന്റെ പ്രവർത്തനത്തെക്കുറിച്ചും അറിവ് നല്കുന്ന വിദ്യാഭ്യാസ പരിപാടികൾ,  നിപുണതാധിഷ്ഠിതമായ പരിശീലനങ്ങൾ, മാനസികാരോഗ്യ പിന്തുണ എന്നിവ വ്യക്തികളെ കൂടുതൽ ശാക്തീകരിക്കുകയും ആസക്തിക്കും മാനസിക രോഗങ്ങൾക്കും ഇരയാകാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. ദീർഘകാല മാനസിക ക്ഷേമവും രോഗ പ്രതിരോധവും പ്രോത്സാഹിപ്പിക്കുന്നതിൽ മേല്പ്പറഞ്ഞവയ്ക്കെല്ലാം പ്രധാന പങ്കുണ്ട്.

Comments

Rated 0 out of 5 stars.
No ratings yet

Add a rating
No^v F-Un-äÀ
-tUm. em-ep-. hn-v

Ìm^v FUnäÀ
tUm.KwKmtZhn. Fw

ÌpUâv FUn-äÀ
cXojv Fk


ഇഷ്യു എഡിറ്റർ v
ഡോ. അമ്പിളി ആർ.പി.
FUntäm-dnb t_mÀUv 
AwK§Ä
tUm.kPohv IpamÀ Fkv 
tUm. Zo] _n Fkv 
tUm.tkXpe£van Fw Fkv 
-tUm A-¼n-fn- B-À- ]n-
-
ഡോ. ശ്രീലക്ഷ്മി എസ്.കെ
_nµp. F Fw
Pqen F 
a©p sI BÀ
Publishers Name:          
Dr.Lalu.V,
Head of the Department, Department of Malayalam, Govt College for Women, Thiruvananthapuram pin 695014   
Mob:9446457996         
email:gcwmalayalam2023@gmail.com            laluvatl@gmail.com 

Unssk³ & te Hu«vv
cXojv. Fkv

aebmfhn-`m-Kw
kÀ¡mÀ h\nXmtImtfPv 
Xncph\´]pcw

©GCW VAIKNJAANIKA MALAYALAM ONLINE 2024

bottom of page