top of page

ഇതിവൃത്ത പരിചരണവും രചനാസങ്കേതങ്ങളും ജീവചരിത്രനോവലിൽ 'ആനഡോക്ടർ' മുൻനിർത്തി ഒരു വിശകലനം.

മനോജ് കെ.എസ്

അസിസ്റ്റന്റ് പ്രൊഫസർ,

മലയാള വിഭാഗം, ഗവ:കോളേജ്,

കാര്യവട്ടം



പ്രബന്ധ സംഗ്രഹം


മലയാള നോവലിലെ ശക്തമായ ഒരു ശാഖയാണ് ജീവചരിത്രനോവല്‍. ജീവിതവും ചരിത്രവും നോവലും ചേര്‍ന്നുവരുന്നതിനാല്‍തന്നെ ഇതിന്‍റെ രചന സങ്കീര്‍ണ്ണമായ പ്രശ്നങ്ങളെ അഭിമുഖീകരിക്കേണ്ടി വരുന്നു. ഇതിവൃത്ത പരിചരണത്തില്‍ സൂക്ഷ്മമായി ശ്രദ്ധിച്ചുകൊണ്ട് രചനാസങ്കേതങ്ങള്‍ പ്രയോഗിക്കുന്നതിലൂടെ മാത്രമേ ജീവചരിത്രനോവലില്‍ ഒരു മികച്ച രചന സാധ്യമാവുകയുള്ളൂ. വസ്തുനിഷ്ഠതയില്‍ നിന്നും കലാത്മകതയിലേയ്ക്കുള്ള പരിവര്‍ത്തനം സാധ്യമായില്ലെങ്കില്‍ ആസ്വാദകനിലേക്ക് അനുഭവരൂപത്തില്‍ രചനയ്ക്ക് കടന്നെത്താന്‍ സാധ്യമല്ല. ജീവചരിത്രനോവല്‍ രചയിതാവ് സ്വാഭാവികമായും അഭിമുഖീകരിക്കേണ്ടിവരുന്ന ഈ പ്രശ്നത്തെ സമര്‍ത്ഥമായി മറികടക്കുന്ന രചനയാണ് ജയമോഹന്‍ ന്‍റെ 'ആനഡോക്ടര്‍'. ഡോക്ടര്‍ കെ എന്ന വിളിപ്പേരുള്ള, ആനഡോക്ടര്‍ എന്ന് പ്രശസ്തനായ ഡോക്ടര്‍ വി. കൃഷ്ണമൂര്‍ത്തി (1923 2002) യുടെ ജീവചരിത്രത്തെ വൈകാരികതമുറ്റിയ ഒരു ഉത്തമനോവലായി പരിവര്‍ത്തനപ്പെടുത്തുന്നതില്‍ ജയമോഹന്‍ വിജയിച്ചിട്ടുണ്ട്. ആ വിജയത്തിന് ഹേതുവായ രചനാസങ്കേതങ്ങളുടെ ഉപയോഗം നോവലിന്‍റെ ഇതിവൃത്ത പരിചരണത്തെ എത്രത്തോളം ഗുണാത്മകമായി സ്വാധീനിക്കുന്നുവെന്ന അന്വേഷണമാണ് ഈ പ്രബന്ധത്തില്‍ നിര്‍വഹിക്കുന്നത്.


താക്കോല്‍ വാക്കുകള്‍


ജീവചരിത്രനോവല്‍, വ്യക്തിത്വസവിശേഷത, യാഥാര്‍ത്ഥ്യത്തിന്‍റെലോകം, വൈകാരികത, കഥാപാത്രവ്യക്തിത്വം

ജീവചരിത്രനോവല്‍


ചരിത്ര നോവലുകള്‍ക്ക് പഞ്ഞമില്ലാത്ത ഭാഷയാണ് മലയാളം. ഉത്തരാധുനിക സാഹിത്യത്തില്‍ പല പുതിയ വീക്ഷണകോണുകളില്‍നിന്നും ചരിത്രത്തെയും ചരിത്രകഥാപാത്രങ്ങളെയും നോക്കിക്കാണുന്ന നോവലുകള്‍ ധാരാളമായി രചിക്കപ്പെടുന്നുണ്ട്. ചരിത്രത്തിലേയ്ക്കുള്ള സവിശേഷമായ നോട്ടമാണ് ചരിത്രനോവലുകളുടെ പിറവിയ്ക്ക് ഹേതു. "ചരിത്ര നോവലിസ്റ്റ് ചരിത്രകാരന്‍റെ മാര്‍ഗ്ഗമല്ല പിന്തുടരുന്നത്. സര്‍ഗാത്മകസാഹിത്യകാരന്‍റെ രചനാസങ്കേതങ്ങളെയാണ് അയാള്‍ പിന്തുടരുന്നത്" 1 എന്ന് ജയച്ചന്ദ്രന്‍. വി രേഖപ്പെടുത്തുന്നു. ചരിത്രനോവലിന് ചരിത്രത്തെക്കാള്‍ബന്ധം സാഹിത്യത്തോടാണെന്നത് വ്യക്തമാണ്. "ചരിത്രനോവല്‍ യഥാര്‍ത്ഥ ചരിത്രവുമല്ല, യഥാര്‍ത്ഥ കഥയുമല്ല. രണ്ടിന്‍റെയും കൂടിയുള്ള മിശ്രിതമാണത്. കഥയുടെ അംശം മുന്നിട്ടുനില്‍ക്കുമ്പോഴാണ് അത് സാഹിത്യത്തിന്‍റെ

പദവിയിലേക്ക് ഉയരുന്നത്"2 എന്നും ഈ വിഷയത്തില്‍ ഗവേഷണം ചെയ്ത ജയച്ചന്ദ്രന്‍ രേഖപ്പെടുത്തുന്നു.

ചരിത്രനോവലിനോട് ജൈവബന്ധം പുലര്‍ത്തുന്ന വിഭാഗമാണ് ജീവചരിത്രനോവല്‍. പ്രമുഖഎഴുത്തുകാര്‍ പലരും മലയാളത്തില്‍ കൈവച്ചു വിജയിച്ച സാഹിത്യമേഖലയാണത്. "മലയാളത്തില്‍ ജീവചരിത്രനോവലുകള്‍ക്ക് ഗണനീയമായ ഒരു പാരമ്പര്യമുണ്ട്. അതുസൃഷ്ടിച്ച പ്രധാന എഴുത്തുകാരന്‍ കെ.സുരേന്ദ്രനാണ്.

പ്രതിഭാശാലികളായ ചില എഴുത്തുകാരുടെ ഏങ്കോണിപ്പുള്ള വ്യക്തിത്വങ്ങളെ പുരക്ഷേപിക്കുന്ന വിധം അവരുടെ ഇമേജ് സജീവമായി മെനഞ്ഞെടുക്കുകയാണദ്ദേഹം ചെയ്തത്. മനുഷ്യപ്രകൃതിയെക്കുറിച്ചുള്ള അദ്ദേഹത്തിന്‍റെ അശാമ്യമായ അന്വേഷണമാണ് അതിനുപിന്നില്‍"3 എന്ന് ഡോ. ഡി. ബഞ്ചമിന്‍ നിരീക്ഷിക്കുന്നു. മനുഷ്യപ്രകൃതിയെക്കുറിച്ച് ആഴത്തില്‍ അറിവുതരുന്നതിന് സഹായിക്കുന്ന ഒരു സാഹിത്യമേഖലയാണ് ജീവചരിത്രനോവല്‍ എന്ന് ഇവിടെ വ്യക്തമാകുന്നു.

ജീവചരിത്രനോവല്‍ രചന നിരവധി ഘടകങ്ങളുടെ സമ്മര്‍ദ്ദഫലമായി അല്പം

പ്രയാസം നിറഞ്ഞതുതന്നെയാണ്. സങ്കേതങ്ങളുടെയോ ഇതിവൃത്തപരിചരണത്തിന്‍റെയോ നേരിയ ഒരു പിഴവുകൊണ്ടുപോലും രചന പരാജയപ്പെടാനുള്ള സജീവമായ ഒരു സാധ്യതയാണ് നിലനില്‍ക്കുന്നത്. സി. രാധാകൃഷ്ണന്‍റെ 'തീക്കടല്‍ കടഞ്ഞ് തിരുമധുരം' നോവലിനെപ്പറ്റി പറയുമ്പോള്‍, "ഏറെ വസ്തുനിഷ്ഠമായ കഥനരീതി ഇതില്‍ കടന്നുകൂടിയിട്ടുണ്ട്. പലപ്പോഴും ഒരു ചരിത്രരചനയുടെ വഴിയില്‍പ്പെട്ടു പോയിട്ടുമുണ്ട്. ഇത് നോവലോ ചരിത്രമോ എന്ന സന്ദേഹത്തിലും വായനക്കാരന്‍ പെട്ടുപോകാം. ഈ സന്ദേഹപഥം ബോധപൂര്‍വ്വം ചമച്ചതുമാകാം"4 എന്ന് ഡോ. ദേശമംഗലം രാമകൃഷ്ണന്‍ സംശയിക്കുന്നുണ്ട്. രചനാപരമായി വളരെ സൂക്ഷ്മത ആവശ്യമുള്ള ഒരു സാഹിത്യവിഭാഗമാണ് ഇതെന്നു ചുരുക്കം.


ആനഡോക്ടര്‍


ഡോക്ടര്‍ കെ. എന്നും 'ആനഡോക്ടര്‍' എന്നും അറിയപ്പെട്ടിരുന്ന ഡോക്ടര്‍. വി.കൃഷ്ണമൂര്‍ത്തി തമിഴ്നാട്ടിലെ മൃഗഡോക്ടറും വനസംരക്ഷകനുമായിരുന്നു. അദ്ദേഹത്തിന്‍റെ ജീവിതകഥയാണ് ജയമോഹന്‍ എഴുതിയ 'ആനഡോക്ടര്‍'. ആനകള്‍ക്കുവേണ്ടി സംസാരിക്കുകയും അവയെപ്പറ്റി പഠിക്കുകയും അവയെ പരിചരിക്കുകയും ചികിത്സിക്കുകയും ചെയ്ത അദ്ദേഹം വന്യമൃഗങ്ങളുടെ, പ്രത്യേകിച്ച് ആനകളുടെ കാര്യത്തില്‍ വല്ലാതെ താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ആനകള്‍ക്ക് പോസ്റ്റുമോര്‍ട്ടം ഏര്‍പ്പെടുത്തിയതിനുപിന്നില്‍ പ്രവര്‍ത്തിച്ചത് അദ്ദേഹമാണ്. 'നേച്ചറി'ല്‍ ഉള്‍പ്പെടെ ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുള്ള അദ്ദേഹം നിരവധി പുരസ്കാരങ്ങളും നേടുകയുണ്ടായി. ഏതാനും അക്കങ്ങളിലും അക്ഷരങ്ങളിലും പുരസ്കാരങ്ങളുടെ കേവലമായ എണ്ണത്തിലും കൂടിമാത്രം തിരിച്ചറിയപ്പെടുന്ന അനേകരില്‍ ഒരാള്‍ മാത്രമാണദ്ദേഹം. എന്നാല്‍, അതിവിശിഷ്ടമായ വ്യക്തിത്വത്തിനുടമയായ, കാലം തിരിച്ചറിയേണ്ടയാളാണ് അദ്ദേഹമെന്ന് ഉറക്കെപ്പറയുകയാണ് 'ആനഡോക്ടര്‍' എന്ന ജീവചരിത്രനോവലിലൂടെ ജയമോഹന്‍.

ഒരു നോവലെന്നു പറയാന്‍ തക്കവിധമുള്ള ഇതിവൃത്ത സങ്കീര്‍ണതയൊന്നും ഈ നോവലിലില്ല. എഴുത്തുകാരന്‍ പോലും ഇത് നോവലാണെന്ന് അതിരുകടന്ന് അവകാശപ്പെടുന്നില്ല. "ഇതൊരു ആധുനികസാഹിത്യമല്ല. ശരിക്കുപറഞ്ഞാല്‍..... ഇതൊരു പ്രചരണകഥയാണ്" എന്നാണദ്ദേഹം തുടക്കത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

ജീവചരിത്രമെന്നത് ഒരു മനുഷ്യന്‍ ജീവിച്ചതിന്‍റെ രേഖയാണ്, ചരിത്രരേഖ. എന്നാല്‍ നോവലെന്നത് ഗദ്യത്തിലുള്ള ഒരു കലാവസ്തുവാണ്, സാഹിത്യമാണ്. ഇതു രണ്ടിന്‍റെയും ഘടകങ്ങളെ കൃത്യമായി യോജിപ്പിച്ചുകൊണ്ടു മാത്രമേ ഒരു ജീവചരിത്രനോവലിന് നിലനില്‍ക്കാനാകൂ. മൂന്നാമനായി നിന്നുകൊണ്ട് നിര്‍മമമായി കഥ അവതരിപ്പിക്കുന്നത് ഒരു ജീവചരിത്രനോവലിന് മികച്ച മാതൃകയായി കാണാന്‍ കഴിയില്ല. യു.പി.എസ്.സി പരീക്ഷയെഴുതി കാടുകാക്കാന്‍ നിയമിതനായ ചെറുപ്പക്കാരനായ ഒരു ഉദ്യോഗസ്ഥനാണ് ആന ഡോക്ടറുടെ കഥ വായനക്കാരനോടു പറയുന്നത്. കാടിനോട് സ്നേഹമുള്ള, എന്നാല്‍ കാടിനെ അടുത്തറിയാത്ത, ഏടുകളിലെ കാടുമാത്രം പരിചയിച്ചിട്ടുള്ള ചെറുപ്പക്കാരന്‍റെ ആനഡോക്ടറുമൊത്തുള്ള അനുഭവങ്ങളുടെ വിവരണമാണ് ഈ നോവല്‍. അതിലൂടെ മൂന്നാമനിലൂടെ നോക്കിക്കാണുന്നതിന്‍റെ മടുപ്പ് ഒഴിവാക്കാനാവുന്നുണ്ട്. ഇതിവൃത്തത്തോടുള്ള സമീപനം നിര്‍മ മതയില്‍നിന്നും വൈകാരികതയിലേക്ക് മാറ്റിക്കൊണ്ടാണ് ആനഡോക്ടറുടെ ജീവചരിത്രം അറിവില്‍നിന്ന് അനുഭവമാക്കിമാറ്റി, ജീവചരിത്രത്തെ നോവലാക്കുന്നത്. വക്താവിനോടൊപ്പം അനുഭവങ്ങളിലേക്ക് സഞ്ചരിക്കുന്ന പ്രതീതി വായനക്കാരനില്‍ സൃഷ്ടിക്കപ്പെടുന്നു. രചനാതന്ത്രത്തിന്‍റെ ഭാഗമായി സ്വീകരിച്ച ഈ സമീപനം ഈ നോവലിനെ മികച്ച ഒരു വായനാനുഭവമാക്കി മാറ്റുന്നു.


ഇതിവൃത്തപരിചരണവും രചനാസങ്കേതങ്ങളും


നോവലിലെ വക്താവിനെ വല്ലാതെ ആഹ്ലാദിപ്പിക്കുന്ന ഒരു സംഭവത്തിന്‍റെ വിവരണത്തിലൂടെയാണ് കഥാരംഭം. കുറെ നാളായി പരിശ്രമിക്കുന്ന ഒരു കാര്യം വിജയത്തിന്‍റെ തൊട്ടടുത്തുവരെ എത്തിനില്‍ക്കുന്നുവെന്നും ഉടന്‍ വിജയത്തിലേയ്ക്കെത്തുമെന്നുമുള്ള സൂചന തരുന്നത് വക്താവിന്‍റെ ഫോണ്‍ സംഭാഷണവും തുടര്‍ന്നുള്ള ആഹ്ലാദപ്രകടനങ്ങളുമാണ്. വരാന്‍പോകുന്ന സംഭവത്തിന്‍റെ പ്രാധാന്യം മാത്രം അവതരിപ്പിച്ചുകൊണ്ട് സംഭവമെന്താണെന്നറിയാനുള്ള താല്പര്യം ഇത് വായനക്കാരന് നല്‍കുന്നു.

"അതെ, ഇന്ന് പകല്‍ മുഴുവന്‍ അദ്ദേഹത്തിന്‍റെ ഒപ്പം ഇരിക്കണം. കൈയില്‍ ഒരു ട്രാന്‍സിസ്റ്റര്‍ കരുതണം. വാര്‍ത്ത വരുമ്പോള്‍ അദ്ദേഹത്തിനെ കേള്‍പ്പിക്കണം "

എന്നിങ്ങനെ കഥാനായകനെ 'അദ്ദേഹം' എന്നുമാത്രം പരിചയപ്പെടുത്തി വായനക്കാരനില്‍ ആകാംക്ഷ നിറയ്ക്കുന്നു. സാധാരണയായി എഴുത്തുകാര്‍ ഉപയോഗിക്കുന്ന സങ്കേതം തന്നെയാണിത്. പക്ഷേ ഇവിടെ, ഒരു ജീവചരിത്രനോവലില്‍ ഇത്തരത്തില്‍ ഒരു സങ്കേതം പ്രയോഗിക്കുന്നതിനു പിന്നില്‍ മുമ്പേ പറഞ്ഞതുപോലെ വിഷയത്തിനെ അതിന്‍റെ ഉള്ളില്‍നിന്നുസമീപിക്കുന്ന രീതിയുടെ സവിശേഷതയുണ്ട്. അതായത് പ്രതിപാദ്യവിഷയമായ ജീവചരിത്രത്തോട് ചേര്‍ത്തുനിര്‍ത്തിക്കൊണ്ട്, നോവലിനെ ഒരു വൈകാരികവിഷയമാക്കുക എന്നതാണ് എഴുത്തുകാരന്‍റെ ഉന്നം. ഇതേ സങ്കേതം തന്നെയാണ് 'മറപൊരു'ളിലെ ചില്‍സുഖനിലൂടെ രാജീവ് ശിവശങ്കറും അവതരിപ്പിക്കുന്നത്.

നോവലിലെ നായകനായ ഡോക്ടര്‍ കെ യുടെ വ്യക്തിത്വത്തിന്‍റെ സവിശേഷതയിലേക്ക് കടന്നുചെല്ലുകയാണ് അടുത്ത ഭാഗത്തില്‍. നോവലിലെ വക്താവായ, യു.പി.എസ്.സി പരീക്ഷ പാസായി ജോലിയില്‍ പ്രവേശിച്ച ചെറുപ്പക്കാരന്‍ കാടിനെക്കുറിച്ചുള്ള കാല്പനികമായ ചിന്തകള്‍ ഉള്ളിലുള്ള

ആദര്‍ശശാലിയാണ്. അയാള്‍ അയാളുടെ ഈ സവിശേഷമായ കാഴ്ചയിലൂടെ കാണുന്ന കാടിനെയാണ് ഈ ഭാഗത്തില്‍ അവതരിപ്പിക്കുന്നത്. അവിടെ അയാള്‍ സഞ്ചാരികളായി വനത്തിലെത്തുന്നവരുടെ പെരുമാറ്റത്തില്‍ പ്രതിഷേധമുള്ളവനാണ്. കാടുകാണുന്നവര്‍ നിശബ്ദരായിരിക്കണമെന്നും വന്യമൃഗങ്ങള്‍ക്ക് ശല്യമുണ്ടാക്കരുതെന്നും ബിയര്‍കുപ്പികള്‍ പൊട്ടിച്ചിട്ട് കാടിനെ അശുദ്ധമാക്കരുതെന്നും കാട് ധ്യാനത്തിലും നാട് യുദ്ധത്തിലും ഇരിക്കുന്നുവെന്നും ഒക്കെ സത്യസന്ധമായി വിശ്വസിക്കുന്നയാളാണ്. കാടിന്‍റെ ജൈവതാളവും സംഗീതവും ശ്രവിക്കാന്‍ ശേഷിയുള്ളവനും ഒരു വനസ്നേഹിയായി വളരാന്‍ സാധ്യതയുള്ളവനും കൂടിയാണ് ഈ കഥാപാത്രം. അങ്ങനെയുള്ള ഒരാള്‍ക്ക് മാത്രം

പ്രവേശിക്കാന്‍ സാധ്യമായ വ്യക്തിത്വമായാണ് ഡോ.കെ. യെ ഈ നോവലില്‍ അവതരിപ്പിക്കുന്നത്. ഒരുപാട് സവിശേഷതകളുള്ള ഇദ്ദേഹത്തിലേക്കുള്ള താക്കോലായി വക്താവ് മാറുന്നു.

എന്നാല്‍ സ്വാഭാവികമായും ഡോ.കെ യിലേക്ക് എത്തിച്ചേരാന്‍ കഴിയുന്ന ഈ കഥാപാത്രത്തെ അങ്ങനെ എത്തിക്കാതെ കൈകാര്യം ചെയ്തുകൊണ്ടാണ് എഴുത്തുകാരന്‍ മുന്നേറുന്നത്. തികച്ചും സിനിമാറ്റിക്കായ ഒരു ദൃശ്യത്തിലൂടെയാണ് എഴുത്തുകാരന്‍ ഇത് സാധിക്കുന്നത്. വക്താവിന് ഡോ. കെ. യോട് അതികഠിനമായ വെറുപ്പോ ജുഗുപ്സയോ ആണ് ഈ ഘട്ടത്തില്‍ ഉണ്ടാവുന്നത്. ആ രംഗം എഴുത്തുകാരന്‍ വളരെ സമയമെടുത്ത് ധാരാളം വാക്കുകള്‍ ചെലവാക്കി അവതരിപ്പിക്കുന്നു. വക്താവിന് അനുഭവപ്പെടുന്ന വെറുപ്പല്ല വായനക്കാരന് അനുഭവപ്പെടുന്നത് എന്നതാണ് ഇവിടുത്തെ മറ്റൊരു പ്രത്യേകത. ഏറ്റവും ജുഗുപ്സാവഹമായ രംഗത്തും അക്ഷോഭ്യനായി സ്വധര്‍മ്മം അനുഷ്ഠിക്കുന്ന സവിശേഷമാനങ്ങളുള്ള കഥാപാത്രമായി ഡോ.കെ മാറുന്നു ഇവിടെ.

"ജീപ്പ് സമീപിച്ചപ്പോള്‍ കുടലുകള്‍ കെട്ടുപിണയുന്നത്ര ഉഗ്രമായ നാറ്റം പൊന്തി. നാറ്റം ഒരു വസ്തു പോലെ എന്‍റെ മീതെ വീഴുകയാണുണ്ടായത് അടുക്കുന്തറും മൂക്കുമാത്രമല്ല ദേഹം മുഴുവനും കൊണ്ട് ഞാന്‍ ആ നാറ്റത്തെ അറിഞ്ഞു. ഓക്കാനം കൊണ്ട് ദേഹം നടുങ്ങി...." (പുറം 14, 15) എന്ന അനുഭവത്തിലൂടെ വക്താവ് കടന്നുപോയി. അതേ സമയത്ത് ഡോക്ടറോ "അദ്ദേഹത്തിന്‍റെ കാലിലൂടെ വരെ പുഴുക്കള്‍ പറ്റിക്കയറി ഞെളിഞ്ഞ് ഇഴഞ്ഞ് പൊഴിഞ്ഞു. കയ്യില്‍ മുട്ടുവരെ പുഴു കൊണ്ട് ചെയ്ത കൈയുറകള്‍. കാതിന്‍റെ പിന്നിലും കവിളിലുമൊക്കെ പുഴുക്കള്‍ ഇഴഞ്ഞു. ഇടയ്ക്കിടയ്ക്ക് ഒന്നു കുടഞ്ഞ് അവയെ തട്ടിയിട്ട് അദ്ദേഹം പണിയെടുക്കുകയായിരുന്നു (പുറം.20) വക്താവാകട്ടെ ഛര്‍ദിച്ച് ബോധം കെട്ടു വീഴുകയായിരുന്നു. ബോധം വന്നിട്ടും കാഴ്ചയുടെ ജുഗുപ്സ അദ്ദേഹത്തെ വിട്ടുപോയില്ല. ഭക്ഷണവും വെള്ളവും ഇറക്കാനാവാതെ മരണതുല്യമായ അവസ്ഥയിലേക്ക് അദ്ദേഹം വീണുപോവുന്നു.

"എന്‍റെ കൈകള്‍ മുഴുവന്‍ പുഴു ഊര്‍ന്നുകേറുന്നതുപോലെ ഒരു പിരുപിരിപ്പ്. വിരലുകള്‍ ഒരുതരം പുഴുക്കളാണോ? കിടക്ക ഒരു പുഴുക്കളം. പുഴുക്കളുടെ മെത്ത. പുഴുക്കളില്‍വീണ് പുഴുക്കളാല്‍ മൂടി ഞാന്‍ ഉറങ്ങി. തലച്ചോറ് വലിയൊരു

പുഴുവായിരുന്നു." (പുറം 21)

ഇവിടെ എഴുത്തുകാരന്‍ കാല്പനികലോകത്തെയും യാഥാര്‍ത്ഥ്യത്തിന്‍റെ ലോകത്തെയും മുഖാമുഖം നിര്‍ത്തുകയാണ്. അപൂര്‍വവ്യക്തിത്വമുള്ള കഥാനായകനിലേക്കുള്ള പാലമായി ആനയുടെ പോസ്റ്റുമോര്‍ട്ടവും അവിടത്തെ പുഴുക്കളുടെ സാന്നിധ്യവും ഏതു ഘട്ടത്തിലും മനസ്സാന്നിധ്യം കൈവിടാത്ത നായകന്‍റെ അവതരണവും മാറുന്നു. ഡോ.കെ യെപ്പോലുള്ള അപൂര്‍വ്വമായ വ്യക്തിത്വത്തെ തിരിച്ചറിയുന്നതിനായി കാല്പനിക വ്യക്തിത്വമുള്ള വക്താവിനെ ഉപയോഗിക്കുകയാണ് എഴുത്തുകാരന്‍. കാട് ക്രൂരമായ ചില യാഥാര്‍ത്ഥ്യങ്ങള്‍ കൂടി ഉള്‍പ്പെട്ട ഭൂമികയാണെന്ന് ആ കാല്പനികനും വായനക്കാരനും കൂടി അറിവുകൊടുക്കുകയാണ് ഈ രംഗത്തില്‍.

വക്താവിന്‍റെയും നായകന്‍റെയും വ്യക്തിത്വസവിശേഷതകളൊക്കെ അവതരിപ്പിച്ചുവെങ്കിലും അവരിതുവരെ അടുക്കാനുള്ള സാഹചര്യം സൃഷ്ടിക്കപ്പെട്ടിട്ടില്ല. അതാണ് മൂന്നാമധ്യായത്തില്‍ സംഭവിക്കുന്നത്. ഡോ.കെ യുടെപ്രധാന മേഖല ആനകളെപ്പറ്റിയുള്ള പഠനമാണെന്നും മറ്റു മൃഗങ്ങളുടെ കാര്യത്തിലും അദ്ദേഹം ശ്രദ്ധാലുവാണെന്നും, പല മൃഗങ്ങളുടെയും മരണത്തിനുപിന്നില്‍ മനുഷ്യരാണ് കാരണമെന്നും മറ്റുമുള്ള വിവരങ്ങള്‍ പലരില്‍ നിന്നായി ലഭിക്കുന്നതാണ് ഈ ഭാഗത്ത് അവതരിപ്പിക്കുന്നത്. ചിലര്‍ക്ക് നല്ലവനും പലര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുന്നവനുമായി ഇവിടെ ഡോ. കെ.യുടെ വ്യക്തിത്വം മാറിമറിയുന്നു. അദ്ദേഹം മനുഷ്യര്‍ക്കും ചികിത്സ നല്‍കാറുണ്ടെന്ന് മാരിമുത്തുവിലൂടെ അറിയുന്നു. "കുരങ്ങിനുള്ള മരുന്നാണ് നമുക്കൊക്കെ. ആദിവാസികള്‍ക്ക് കാട്ടിക്കുള്ള മരുന്ന്. സാറിനൊക്കെ ഒരുപക്ഷേ ആനയ്ക്കുള്ള മരുന്ന് തരുമായിരിക്കും...(പുറം 27) ഒടുവില്‍ വക്താവിന് ഒരു ചെടിയില്‍നിന്നും അലര്‍ജിയേല്‍ക്കുന്നു. അങ്ങനെ അദ്ദേഹം ഡോക്ടറുടെ അടുത്തേക്ക് എത്തിപ്പെടുകയാണ്. അവിടെ ചൊറിച്ചിലിനെയും വേദനയെയും കുറിച്ചുള്ള വ്യത്യസ്തമായ അറിവും നിരീക്ഷണങ്ങളുമാണ് അദ്ദേഹത്തെ കാത്തിരുന്നത്. വക്താവിനെ ഏറെ വിഷമിപ്പിച്ച പുഴുക്കളെക്കുറിച്ചും വ്യത്യസ്തമായ ചിന്തയാണ് ഡോ.കെ. പങ്കുവച്ചത്. "പുഴുക്കളെ നോക്കുമ്പോള്‍

നടക്കാനാവാത്ത, മൊഴിതിരിയാത്ത, വായ മാത്രമുള്ള ചെറിയ കുഞ്ഞാണെന്നേ എനിക്ക് തോന്നുകയുള്ളൂ. 'വളരുക' എന്ന ആശയത്തെയാണ് അവയ്ക്കു കൊടുത്തിട്ടുള്ളത്. തിന്നുക മാത്രമാണ് ധര്‍മ്മം. ബ്രഹ്മത്തിന്‍റെ നേരിട്ടുള്ള കണ്‍ട്രോളിലാണ്." എന്നാണ് അദ്ദേഹത്തിന്‍റൈ പക്ഷം. അങ്ങനെ അദ്ദേഹത്തിന്‍റെ സംഭാഷണത്തിലും ഫിലോസഫിയിലും ആകൃഷ്ടനായി നോവലിലെ വക്താവും ഡോ.കെ യുടെ മേലുദ്യോഗസ്ഥനുമായ ചെറുപ്പക്കാരന്‍ ഡോക്ടറെ ഗുരുവായി മനസ്സില്‍ സ്വീകരിക്കുന്നു.

ഇവിടെയെത്തുമ്പോള്‍ വായനക്കാരനും ഡോക്ടറിലേക്ക് എത്തിച്ചേര്‍ന്നിരിക്കും. ഒരു നല്ല മൃഗഡോക്ടറും മനുഷ്യസ്നേഹിയും മൃഗസ്നേഹിയും സംഭാഷണപ്രിയനും ഫിലോസഫറും വായനക്കാരനുമൊക്കെയായി സമ്പൂര്‍ണ്ണ വ്യക്തിത്വത്തിന്‍റെ ഉടമയായ ഒരു മനുഷ്യന്‍ എന്ന് നൂറുവട്ടം എഴുതിയാലും മനസ്സില്‍

പതിയുന്നതിനേക്കാള്‍ കൃത്യമായി വായനക്കാരന് മുന്നില്‍ ഡോക്ടറെ വരച്ചു കാട്ടുന്ന വിധത്തിലാണ് എഴുത്തുകാരന്‍റെ പ്രതിപാദനം. കേവല വിവരണമായല്ല കഥാപാത്രത്തിന്‍റെ ചെയ്തികളിലും വാക്കുകളിലും കൂടിയാണ് ഇതദ്ദേഹം വായനക്കാരനില്‍ എത്തിക്കുന്നത്. ഇത്തരം പ്രതിപാദനമാണ് ജീവചരിത്രനോവലിനെയും ജീവചരിത്രത്തെയും വ്യത്യസ്ത സാഹിത്യരൂപമാക്കി മാറ്റിനിര്‍ത്തുന്ന ഇടം. സ്വാഭാവികമായും ജീവചരിത്രത്തില്‍ വസ്തുനിഷ്ഠപ്രതിപാദനമായി, ജ്ഞാനരൂപമായി ഇത് വായനക്കാരനില്‍ നിന്ന് വേറിട്ടുനില്‍ക്കുമ്പോള്‍ നോവലില്‍ അനുഭവരൂപംപൂണ്ട് ഇത് അടുത്തു നില്‍ക്കുന്നു. വിഭിന്നതയുള്ള വ്യക്തിത്വങ്ങളുടെ കണ്ടുമുട്ടലില്‍ നിന്ന് ഒരു വ്യക്തിത്വത്തെ ഉയര്‍ന്ന

നിലവാരത്തിലേക്ക് അനായാസം മാറ്റിത്തീര്‍ക്കാന്‍ കഴിയുന്ന വിധത്തിലുള്ള അന്തരീക്ഷ സൃഷ്ടിയാണ് ഇവിടെ എഴുത്തുകാരന്‍ നിര്‍വഹിച്ചിരിക്കുന്നത്. കൃത്യമായ സംഭാഷണങ്ങളിലൂടെയും കൗതുകം ഉണര്‍ത്തുന്ന നിരീക്ഷണങ്ങളിലൂടെയും ഫിലോസഫിയിലൂടെയും ആണ് എഴുത്തുകാരന്‍ ഇത് സാധിച്ചെടുക്കുന്നത്. ഡോക്ടറെപ്പറ്റി ഇതുവരെ അറിഞ്ഞതെല്ലാം ഭാഗികമായ അറിവാണെന്നും

അതിനപ്പുറമാണ് അദ്ദേഹത്തിന്‍റെ നിലയെന്നും വ്യക്തമാക്കിക്കൊണ്ടാണ് നോവല്‍ മുന്നോട്ടു പോകുന്നത്. ഡോക്ടര്‍ ചെന്നായ്ക്കളെ അഭിമുഖീകരിക്കുന്നതും അവയെ ചികിത്സിക്കുന്നതും ചെന്നായ്ക്കള്‍ ഒത്തുചേര്‍ന്ന് നന്ദി പ്രകടിപ്പിക്കുന്നതുമായ രംഗം വക്താവിനെപ്പോലെ വായനക്കാരനെയും രോമാഞ്ചം കൊള്ളിക്കും. മൃഗങ്ങളും ഡോക്ടറുമായുള്ള സഹവാസത്തിന്‍റെയും ബന്ധത്തിന്‍റെയും ആഴം വ്യക്തമാക്കുന്നതാണ് ഈ നോവല്‍ഭാഗം. ഒരു മനുഷ്യന്‍ കാടുമായും മൃഗങ്ങളുമായും എത്രമാത്രം അടുത്ത് സ്ഥിതിചെയ്യുകയും ആഴത്തില്‍ ബന്ധം പുലര്‍ത്തുകയും ചെയ്യുന്നുവെന്ന് വ്യക്തമാക്കുന്നതിലൂടെ കാടിനെ അത്രമാത്രം അറിഞ്ഞയാളാണദ്ദേഹമെന്ന് എഴുത്തുകാരന്‍ സംശയത്തിനിടയില്ലാത്ത വിധം സ്ഥാപിക്കുന്നു. മലയാളികളെപ്പറ്റിയുള്ള ഒരു നിരീക്ഷണവുമുണ്ട്. "എനിക്ക് ഒട്ടും മനസ്സിലാകാത്തത് മലയാളികളുടെ പ്രവൃത്തിയാണ്. വിദ്യാഭ്യാസവും രാഷ്ട്രീയബോധവുമുള്ളവര്‍. പക്ഷേ, കാട്ടിലെത്തിയാല്‍ തനി ചെറ്റകളാണ്. കേരള സംസ്കാരത്തിനു തന്നെ കാടിനോട് നിരന്തരമായ ഒരു യുദ്ധമുണ്ട് എന്നുതോന്നും. കാട് എന്ന വാക്ക് തന്നെ മലയാളത്തില്‍ നന്മയ്ക്ക് എതിരായ പൊരുളിലാണ് പ്രയോഗിക്കാറ്. കാടുപിടിച്ചു കിടക്കുക, കാടുകയറുക, കാടന്‍, കാടത്തം എന്നൊക്കെ മലയാളികള്‍ പറയുമ്പോഴാണ് അവരുടെ പ്രവര്‍ത്തിയെ ഞാന്‍ മനസ്സിലാക്കിത്തുടങ്ങിയത്. അവര്‍ കാട്ടില്‍ എത്തിയാല്‍ വിജയം ആഘോഷിക്കുകയാണ്." ബിയര്‍ കുപ്പികള്‍ കാട്ടിലേയ്ക്കു വലിച്ചെറിയുന്ന മദ്യപസംഘങ്ങളുടെ വൃത്തികേടുകളെ നിന്ദിച്ചുകൊണ്ടും അവമൂലം ആനകള്‍ക്കുണ്ടാകുന്ന ദുരിതങ്ങള്‍ വിവരിച്ചുകൊണ്ടും ആകാംക്ഷ നിറഞ്ഞ അടുത്ത രംഗത്തിന്‍റെ പടിവാതിലില്‍ ഈ അധ്യായം അവസാനിക്കുന്നു.

തൊട്ടു മുന്നിലെ അധ്യായത്തിനവസാനത്തില്‍ ആനകള്‍ക്ക് മനുഷ്യരുണ്ടാക്കുന്ന ദുരന്തങ്ങളുടെ സൂചന നല്‍കിയശേഷം എഴുത്തുകാരന്‍ നേരെ മുതുമലയിലെ കുപ്പിച്ചില്ലുകൊണ്ട് ചീഞ്ഞളിഞ്ഞ പുണ്ണുള്ള ആനയിലേക്കു വരുന്നു. ആനയെ സൂചിപ്പിച്ചതിനു ശേഷം വക്താവ് ഡോക്ടര്‍ കെയോടൊപ്പം ആനയെ തിരക്കിപ്പോകുന്ന കാഴ്ചയാണുള്ളത്. ഡോക്ടറുടെ ചികിത്സാരംഗത്തെ പ്രത്യേകതകളും അറിവുമെല്ലാം സംശയലേശമില്ലാതെ വായനക്കാരനിലെത്തിക്കുന്ന വിധമാണ് ഇവിടുത്തെ അവതരണം. മറ്റാര്‍ക്കും തിരിച്ചറിയാന്‍ കഴിയാത്ത ആനയെ തിരിച്ചറിയുന്നതും ആനക്കൂട്ടത്തിനടുത്തേക്ക് നടക്കുന്നതും അവരുടെ അനുമതി വാങ്ങി രോഗിയായ ആനയെ മയക്കുന്നതുമെല്ലാം ഉദ്വേഗജനകമായി, സിനിമാറ്റിക്കായി അവതരിപ്പിക്കുന്നു. അതിനിടയില്‍ ക്ലൈമാക്സിലേക്കു കരുതിവെച്ച ആനക്കുട്ടിയെക്കൂടി അവതരിപ്പിക്കുന്നതാണ് ഇതിലെ പ്രത്യേകത. ആനകളുടെ പെരുമാറ്റ പ്രത്യേകതകളെക്കുറിച്ചുള്ള ദീര്‍ഘമായതും വായനക്കാരനെ വിട്ടുപോകാന്‍ അനുവദിക്കാത്തതുമായ ഒരു വിവരണവും ഈ ഭാഗത്തുണ്ട്. അറിവുകളും വിശദാംശങ്ങളും സംഘര്‍ഷഭരിതമായ രംഗത്ത് അവതരിപ്പിക്കുന്നതിലൂടെയാണ് വായനയുടെ ചരടുമുറിയാതെ എഴുത്തുകാരന്‍ സൂക്ഷിക്കുന്നത്. ഫ്രാന്‍സിസ് ഇട്ടിക്കോര, സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി, മാമ ആഫ്രിക്ക മുതലായ രചനകളില്‍ റ്റി. ഡി രാമകൃഷ്ണന്‍ ഉപയോഗിക്കുന്നതും സമാനമായ സങ്കേതമാണ്.

അദ്ധ്യായം ആറ് മുതലുള്ള നോവലിന്‍റെ യാത്ര അതിന്‍റെ

നിര്‍വഹണഘട്ടത്തിലേക്കാണ്. ഒന്നാമധ്യായത്തിലെ വക്താവിന്‍റെ വലിയ പ്രയത്നം തകര്‍ന്നടിയുന്നതാണ് ഇവിടെ അവതരിപ്പിക്കുന്നത്. പത്മശ്രീയ്ക്കുള്ള പ്രയത്നം അവസാന ഘട്ടത്തില്‍ അട്ടിമറിക്കപ്പെടുന്നത് അവതരിപ്പിക്കുന്നതിലൂടെ യഥാര്‍ത്ഥമനുഷ്യരും ബ്യൂറോക്രസിയും അധികാരഘടനകളും തമ്മിലുള്ള ബന്ധസങ്കീര്‍ണ്ണത വായനക്കാരനിലേക്കെത്തുന്നു. പുരസ്കാരങ്ങള്‍ ലഭിക്കാത്ത ആത്മാര്‍ത്ഥതയുള്ള മനുഷ്യരുടെ പ്രതിനിധിയായി മാറിക്കൊണ്ട് ആനഡോക്ടര്‍ വ്യവസ്ഥിതിയുടെ സാങ്കേതികത്വങ്ങള്‍ക്കു പുറത്തേയ്ക്കു വളരുന്ന ഉന്നതശീര്‍ഷനായി മാറുന്നു. ഋഷിതുല്യമായ നിസ്സംഗത ആ കഥാപാത്രത്തിന്‍റെ ഔന്നത്യവും ശോഭയുമായി അവതരിപ്പിക്കുന്നതില്‍ എഴുത്തുകാരന്‍ വിജയിക്കുന്നു.

വൈകാരിക സന്നിഗ്ധതയില്‍ നില്‍ക്കുന്ന വക്താവിനെ അവതരിപ്പിച്ചുകൊണ്ട് ഏഴാമധ്യായം മെല്ലെ നോവലിന്‍റെ അന്ത്യത്തിലേക്കു കടക്കുന്നു. അവിടെ ഇത്രയും നേരം അവതരിപ്പിച്ച ആനഡോക്ടറെ അതിനുമപ്പുറത്തേക്ക്, സാമാന്യബുദ്ധിയാല്‍ ആലോചിച്ചാല്‍ മനസ്സിലാക്കാന്‍ കഴിയാത്ത തലത്തിലേയ്ക്ക് ഉയര്‍ത്തിക്കൊണ്ട് നോവല്‍ അവസാനിപ്പിക്കുന്നു. അഞ്ചാം അധ്യായത്തില്‍ക്കണ്ട കുട്ടിക്കൊമ്പനും ആനക്കൂട്ടവും മുതുമലക്കാട്ടില്‍ നിന്നും ഡോക്ടറെ തിരഞ്ഞെത്തുന്ന മാസ്മരികരംഗമാണത്. കുട്ടിക്കൊമ്പന്‍റെ ചികിത്സയ്ക്കുവേണ്ടിയാണ് ആനക്കൂട്ടത്തിന്‍റെ ആ യാത്ര. ചികിത്സിച്ചു മടങ്ങുന്ന ആനക്കൂട്ടം ഡോക്ടര്‍ക്ക് ഉപചാരമര്‍പ്പിക്കുന്നു. "ഞങ്ങള്‍ ഉള്ളിലേക്ക് കടക്കാന്‍ തിരിഞ്ഞപ്പോള്‍ പെട്ടെന്ന് മുപ്പതോളം ആനകള്‍ ഒരുമിച്ച് തുമ്പിക്കൈ പൊക്കി ചിാം വിളിച്ചു. എന്‍റെ ദേഹം വിറച്ചു. കോള്‍മയിര്‍കൊണ്ട് കണ്ണീരോടെ ഞാന്‍ നിന്നു...." (പുറം 68). ഇവിടെ ഡോക്ടര്‍ കെ യ്ക്ക് ലഭിക്കാതെ പോയ മനുഷ്യരുടെ അംഗീകാരങ്ങള്‍ പരിഹാസ്യമാവുകയും മൃഗങ്ങളുടെ അംഗീകാരം നേടിയ മൃഗഡോക്ടറായി അദ്ദേഹം മാറുകയും ചെയ്യുന്നിടത്ത് നോവല്‍ പൂര്‍ണ്ണമാകുന്നു.


നിരീക്ഷണങ്ങള്‍


ജീവചരിത്രനോവല്‍ രചയിതാവില്‍നിന്നും സൂക്ഷ്മശ്രദ്ധ ആവശ്യപ്പെടുന്നു. ഇതിവൃത്തപരിചരണത്തില്‍ രചനാതന്ത്രങ്ങളുടെ ശ്രദ്ധാപൂര്‍വമായ വിന്യാസം നിമിത്തമാണ് 'ആനഡോക്ടര്‍' എന്ന നോവല്‍ നല്ല വായനാനുഭവമായി മാറുന്നത്. മൂന്നാമന്‍റെ കണ്ണിലൂടെ ഒരാളുടെ ജീവചരിത്രത്തെ നോക്കിക്കാണുന്നതിനുപകരം ജീവിതം കൂടെ നിന്നു നോക്കിക്കാണുന്നയാളെ നോവലിലെ വക്താവാക്കിയത് ഈ നോവലിന് ഗുണം ചെയ്തിട്ടുണ്ട്. അവ്യക്തതയില്‍ നിന്ന് ആരംഭിച്ച് മെല്ലെ ഇതിവൃത്തം വികസിച്ച് 'ആനഡോക്ട'റെന്ന മനുഷ്യന്‍റെ അപൂര്‍വവ്യക്തിത്വത്തെ അനാവരണം ചെയ്യുന്ന ഇതിവൃത്തം വായനക്കാരന്‍റെ ആകാംക്ഷയെ അന്ത്യംവരെ

നിലനിര്‍ത്തുന്നു. ഉചിതമായ സ്ഥലങ്ങളില്‍ വിന്യസിച്ചിട്ടുള്ള നിരീക്ഷണങ്ങളും വര്‍ണ്ണനകളും വസ്തുനിഷ്ഠതയിലേക്ക് മാറിപ്പോകാതെ വൈകാരികമായ ഉള്‍ക്കാമ്പിനോട് നീതി പുലര്‍ത്തുന്നു. കഥാപാത്രസൃഷ്ടിയും വികാസവും ഔചിത്യപൂര്‍വ്വം നടപ്പിലാക്കിയിട്ടുണ്ട്. ജീവചരിത്രത്തിനപ്പുറത്തേയ്ക്ക് വൈകാരികമായി വളരുന്ന നോവലും ഒപ്പം നോവലിനുപുറത്തേയ്ക്കു വളരുന്ന പാത്രവ്യക്തിത്വവും ചേര്‍ന്ന് 'ആനഡോക്ടര്‍' ഉന്നതനിലവാരമുള്ള ജീവചരിത്രനോവലായിത്തീരുന്നു.


കുറിപ്പുകള്‍

1. ജയച്ചന്ദ്രന്‍.വി, ഇതിവൃത്ത കഥാപാത്രബന്ധം സി.വി. യുടെ ചരിത്രനോവലുകളില്‍, പുറം 15

2. അതേ പുസ്തകം, പുറം 16

3. ബഞ്ചമിന്‍.ഡി, ഡോ: , ആമുഖപഠനം, ആധുനികാനന്തരമലയാളനോവല്‍,

പുറം തതഢക

4. ദേശമംഗലം രാമകൃഷ്ണന്‍, ഡോ., ഭാഷാപിതാവിനൊരു നോവല്‍ സ്മാരകം, ആധുനികാനന്തര മലയാളനോവല്‍, പുറം 60


ഗ്രന്ഥസൂചി


1.ആധുനികാനന്തര മലയാളനോവല്‍, (എഡി:) കുമാര്‍.ജെ, ഡോ:, ഷിജു, കെ, ഡോ: , മാളുബന്‍ പബ്ലിക്കേഷന്‍സ്, തിരുവനന്തപുരം, 2018

2. ആനഡോക്ടര്‍, ജയമോഹന്‍, ലോഗോസ് ബുക്സ്, പാലക്കാട്, 2017 3.ഇതിവൃത്തകഥാപാത്രബന്ധം സി.വി.യുടെ ചരിത്രനോവലുകളില്‍, ജയച്ചന്ദ്രന്‍.വി, ഗവേഷണ പ്രബന്ധം, മഹാത്മാഗാന്ധി സര്‍വ്വകലാശാല, 2013

4.നോവല്‍ സ്വരൂപം, സുരേന്ദ്രന്‍.കെ, എസ്.പി.സി.എസ്, 2006.


 
മനോജ് കെ.എസ്

അസിസ്റ്റന്റ് പ്രൊഫസർ,

മലയാള വിഭാഗം, ഗവ:കോളേജ്,

കാര്യവട്ടം

0 comments
bottom of page