top of page

ഉത്തരാധുനിക മലയാളപെൺകവിതകൾ

Updated: Mar 15

ഡോ ഇന്ദു ആർ.

താക്കോൽ വാക്കുകൾ -

ഫെമിനിസ്റ്റ് സിദ്ധാന്തങ്ങൾ -സ്ത്രീ മുന്നേറ്റങ്ങളുടെ കേരളീയ പരിസരം - സ്ത്രീപക്ഷ രചനകൾ - സ്വത്വാന്വേഷണം - സ്വത്വാവിഷ്ക്കാരം -ഉടലെഴുത്ത് -ഉത്തരാധുനിക പെൺകവിതകൾ


      യൂറോപ്യൻ  നവോത്ഥാനത്തോടെയാണ് ഫെമിനിസം എന്ന ആശയത്തിന് പ്രചാരമുണ്ടാവുന്നത്.  സ്ത്രീകളുടെ അവകാശങ്ങളെക്കുറിച്ചുള്ള തിരിച്ചറിവ്, അതിനായുള്ള സമരങ്ങൾ‍, സ്വാതന്ത്ര്യത്തെ ഹനിക്കുന്നവയോടുള്ള എതിർപ്പ്, ലൈംഗികസ്വാതന്ത്ര്യം, പുരുഷാധിപത്യ പ്രത്യയശാസ്ത്രത്തോടുള്ള വിയോജിപ്പ്, സ്ത്രൈണ വ്യവഹാരങ്ങളുടെ വീണ്ടെടുക്കൽ  എന്നിവയാണ് ഫെമിനിസം മുന്നോട്ടുവച്ച കാഴ്ചപ്പാടുകൾ‍.  സ്ത്രീവാദപരമായ കാഴ്ചപ്പാടുകളും വീക്ഷണങ്ങളും പിന്നീട് സുസംഘടിതമായ ഒരു വിമോചനപ്രസ്ഥാനത്തിൻ്റെ രൂപീകരണത്തിലേക്ക് നയിച്ചു.

               "മനുഷ്യജീവിതത്തിലെ സകലവിധ അധികാരരൂപങ്ങളെയും നിരാകരിക്കുന്ന സമഗ്രമായ ഒരു ജനാധിപത്യ മാനുഷികതയ്ക്കുവേണ്ടിയുള്ള സമരമാണ് സ്ത്രീവിമോചനവാദം അഥവാ ഫെമിനിസം."1  ലിംഗവ്യത്യാസത്തിൻ്റെ പേരിലുള്ള വിവേചനങ്ങൾക്കെതിരെയുള്ള പ്രതിഷേധവും തുല്യനീതിക്കായുള്ള പോരാട്ടവുമാണ് സ്ത്രീവാദം ലക്ഷ്യമാക്കിയത്.

               ഫെമിനിസ്റ്റ് സിദ്ധാന്തവികാസ ചരിത്രത്തിൽ  നിർണ്ണായക സംഭാവനകൾ‍ നൽകിയവരാണ് വെർജീനിയ വുൾഫ്, സിമോൺ  ദി ബുവെ, ബെറ്റി ഫ്രീഡൻ , ഷുലാമിത്ത് ഫയർസ്റ്റോൺ,, ജൂലിയ ക്രിസ്റ്റേവ, ജാക്വിലിന്‍ റോസ്, ഹെലൻ‍ ഡിക്സസ്, കേറ്റ് മില്ലെറ്റ്, ജൂലിയറ്റ് മിച്ചല്‍ തുടങ്ങിയവർ.  വിർജീനിയ വുൾഫിൻ്റെ 'ഏ റൂം ഒഫ് വൺസ് ഓണ്‍' എന്ന കൃതി 'ഫെമിനിസ്റ്റ് ബൈബിൾ'  എന്ന് വിശേഷിപ്പിക്കപ്പെടുന്നു.

               സ്ത്രീ സ്ത്രീയായി ജനിക്കുകയല്ല പരിണമിക്കുകയാണെന്ന കാഴ്ചപ്പാടവതരിപ്പിച്ച ഫ്രഞ്ച് ചിന്തകയായ സിമോണ്‍ ദി ബുവെയുടെ 'ദി സെക്കൻ്റ്സെക്സ്' സ്ത്രീയുടെ പദവിയുടെ ചരിത്രം വിശകലനം ചെയ്യുന്നു.  കേറ്റ് മില്ലെറ്റിന് ൻ്റെ 'ലൈംഗികരാഷ്ട്രീയം', ജൂലിയറ്റ് മിച്ചലിൻ്റെ 'മനോവിശ്ലേഷണവും ഫെമിനിസവും', ബെറ്റി ഫ്രീഡൻ്റെ 'ദി ഫെമെന്‍ മിസ്റ്റിക്' എന്നിവ ശ്രദ്ധേയമായ രചനകളാണ്.  ലിബറൽ  ഫെമിനിസം, റാഡിക്കൽ‍ ഫെമിനിസം, സോഷ്യലിസ്റ്റ് ഫെമിനിസം, ഇക്കോ ഫെമിനിസം എന്നിങ്ങനെ വിഭിന്ന ചിന്താധാരകൾ  ഫെമിനിസത്തിലുണ്ട്.

               ആയിരത്തിഎണ്ണൂറ്റിതൊണ്ണൂറ്റിയഞ്ചിൽ  'അത്തെന്വം' എന്ന ആനുകാലികത്തിലാണ് 'ഫെമിനിസ്റ്റ്' എന്ന വാക്ക് ആദ്യമായി പ്രയോഗിച്ച് കാണുന്നത്.  അവഗണനയും പീഡനവും പാർശ്വവത്കരണവും നേരിടുന്ന സ്ത്രീസമൂഹം പുരുഷാധിപത്യമനോഭാവം പുലർത്തിയിരുന്ന നിയമങ്ങളോടും സമൂഹത്തോടുമുള്ള വിയോജിപ്പുകൾ പ്രകടിപ്പിക്കുന്നതാണ് ഫെമിനിസത്തിൻ്റെ  ഒന്നാം ഘട്ടം.  തുല്യവേതനത്തിനും തുല്യസ്വത്തവകാശത്തിനുമായി അവർ  സംഘടിച്ചു.  ആയിരത്തി തൊള്ളായിരത്തി അറുപതുകളിലാണ് സ്ത്രീവിമോചനപ്രസ്ഥാനം ശക്തിയാർജ്ജിക്കുന്നത്.

               നവോത്ഥാന പശ്ചാത്തലത്തിൽ‍ രൂപമെടുത്തതാണ് ലിബറൽ‍ ഫെമിനിസം അഥവാ ഉദാരസ്ത്രീവാദം.  ഹാരിയറ്റ് റ്റെയ്ലര്‍, മേരി വുൾസ്റ്റൺ‍ ക്രാഫ്റ്റ്, റൂസ്സോ, ബന്താം, ജോൺ‍ സ്റ്റുവർട്ട്മിൽ‍ തുടങ്ങിയവരാണ് ഇതിൻ്റെ വക്താക്കൾ.  തുല്യാവകാശം, വ്യക്തിസ്വാതന്ത്ര്യം, സ്ത്രീവിമോചനം, വോട്ടവകാശം, നീതിബോധം എന്നിവയ്ക്കായുള്ള സ്ത്രീപക്ഷമുന്നേറ്റങ്ങളാണിവർ  ലക്ഷ്യംവച്ചത്.  നിലവിലിരുന്ന വ്യവസ്ഥിതിയെയോ പുരുഷാധിപത്യത്തെയോ ഒന്നും നിരാകരിക്കാതെയാണിവർ നിലകൊണ്ടത്. 

               പുരുഷാധിപത്യവ്യവസ്ഥയെ ശക്തമായി എതിർത്തുനിന്ന ഫെമിനിസ്റ്റു വീക്ഷണമാണ് റാഡിക്കല്‍ ഫെമിനിസം.  ഷുലാമിത്ത് ഫയർസ്റ്റോൺ, കേറ്റ് മില്ലറ്റ്, ജെർമയിൻ ഗ്രിയർ ,, ബെറ്റി ഫ്രീഡന്‍ എന്നിവരാണ് ഈ ചിന്താധാരയുടെ വക്താക്കൾ‍.  സ്ത്രീവാദത്തിൻ്റെ രണ്ടാം തരംഗമെന്ന് വിശേഷിപ്പിക്കപ്പെടുന്ന പശ്ചാത്തലത്തിലാണ് ഈ പ്രസ്ഥാനം രൂപംകൊള്ളുന്നത്.  സ്ത്രൈണലൈംഗികതയെക്കുറിച്ചുള്ള പരമ്പരാഗത ധാരണകളെ ഇവർ വിമർശിച്ചു.  കേറ്റ് മില്ലറ്റിൻ്റെ  കൃതിയായ ലൈംഗികരാഷ്ട്രീയം (sexual politics) ആൺകോയ്മാവ്യവസ്ഥയെപ്പറ്റി (patriarchy) പ്രതിപാദിക്കുന്നു.  കുടുംബം ഒരു സാമ്പത്തികസംവിധാനം മാത്രമാണെന്ന് വിലയിരുത്തിക്കൊണ്ട് വിവാഹം, കുടുംബം എന്നീ സ്ഥാപനങ്ങളെ ചോദ്യംചെയ്യുന്നു ഷുലാമിത്ത്. 

               കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രവുമായി ബന്ധപ്പെട്ടു നിലകൊള്ളുന്ന സ്ത്രീവാദശാഖയാണ് സോഷ്യലിസ്റ്റ് ഫെമിനിസം.  സ്ത്രീസമൂഹത്തെ ചൂഷണവിധേയമാക്കപ്പെടുന്ന വർഗ്ഗമായി കണ്ടുകൊണ്ടുള്ള നിരീക്ഷണങ്ങളും വിശകലനങ്ങളുമാണ് ഇതിൽ  ഉൾപ്പെടുന്നത്.  സ്വാതന്ത്ര്യത്തിനും സമത്വത്തിനും വിമോചനത്തിനുമായുള്ള പ്രതിരോധം ഇതിൽ  ഉൾച്ചേരുന്നു.

               സ്ത്രീ, സ്ത്രീത്വം എന്നിങ്ങനെ സ്ത്രീയുടെ അസ്തിത്വത്തെക്കുറിച്ചുള്ള അന്വേഷണമാണ് അസ്തിത്വവാദ ഫെമിനിസത്തിൻ്റെ ഉള്ളടക്കം.  സിമോൺ  ദി ബൊവേറിൻ്റെ 'സെക്കൻ്റ്സെക്സ്' എന്ന കൃതി ഇപ്രകാരമുള്ള അസ്തിത്വാന്വേഷണത്തിൻ്റെ വിശകലനമാണ്.  സ്ത്രീസ്വത്വനിർമ്മിതി, തൊഴിൽ സമരങ്ങൾ, പൗരാവകാശ രാഷ്ട്രീയാന്തരീക്ഷം, കുടുംബം, വീട്, മൂലധനം എന്നീ ഘടകങ്ങള്‍ സ്ത്രീപക്ഷചിന്തയുടെ സാന്നിദ്ധ്യം, പുരുഷാധികാരവുമായുള്ള സംഘർഷം, ലിംഗം, ലൈംഗികം, ഉടലെഴുത്ത് എന്നിങ്ങനെയുള്ള പരികല്പനകളും സ്ത്രീവാദത്തിൻ്റെ രണ്ടാം തരംഗത്തിൽ വിശകലനം ചെയ്യപ്പെടുന്നു.

               സ്ത്രീമുന്നേറ്റങ്ങളുടെ കേരളീയപരിസരം നവോത്ഥാന അന്തരീക്ഷവുമായി ബന്ധപ്പെട്ടാണ് നിലകൊള്ളുന്നത്.  കേരളത്തിലെ സ്ത്രീസ്വാതന്ത്ര്യമുന്നേറ്റങ്ങളിൽ സുപ്രധാനമാണ് ചാന്നാർ കലാപവും കല്ലുമാല സമരവും.  ചാന്നാര്‍ സ്ത്രീകള്‍ സവർണ്ണസ്ത്രീകൾ ധരിക്കുന്നതുപോലെ മേല്‍മുണ്ടും ജാക്കറ്റും ധരിക്കാനായി നടത്തിയ പ്രക്ഷോഭമാണ് ചാന്നാർ‍ ലഹള.  ജാതി തിരിച്ചറിയാനായി അധഃകൃത സ്ത്രീകള്‍ കല്ലുമാല, കാതില്‍ ഇരുമ്പുകഷണം എന്നിവ ധരിച്ചിരുന്നു.  ഇതിനെതിരെ അയ്യങ്കാളിയുടെ നേതൃത്വത്തില്‍ കല്ലുമാല പൊട്ടിച്ചുകൊണ്ട് അവര്‍ണ്ണസ്ത്രീകള്‍ നടത്തിയ ജാത്യാചാരലംഘനമാണ് കല്ലുമാല സമരം.  സാമൂഹികനവോത്ഥാന പ്രസ്ഥാനങ്ങളോട് ചേർന്നുനിന്നുകൊണ്ടുള്ള പ്രക്ഷോഭങ്ങൾ  ജാതിമുന്നേറ്റത്തെ പിന്തുണച്ചു.  വി.ടി. ഭട്ടതിരിപ്പാട് നമ്പൂതിരി സ്ത്രീസമൂഹത്തിൻ്റെ ഉന്നമനത്തിനായി നടത്തിയ പ്രവർത്തനങ്ങളും ഇതിൻ്റെ ഭാഗമാണ്.  കർഷകസമരങ്ങളുടെയും തൊഴില്‍സമരങ്ങളുടെയും ഭാഗമായി നിലകൊണ്ടിട്ടുണ്ട് സ്ത്രീകൾ.  മിസ്സിസ് എൽ.എസ്. പ്രഭു, മിസ്സിസ് ഗ്രേസി ആരോൺ‍, കുഞ്ഞുലക്ഷ്മിയമ്മ, ഈശ്വരിയമ്മാൾ, സി. കുഞ്ഞിക്കാവു അമ്മ, മെറ്റില്‍ഡ കല്ലന്‍, കെ. ചിന്നമ്മു അമ്മ, പാര്‍വ്വതി അയ്യപ്പന്‍, കെ. ദേവയാനി, കുഞ്ഞിക്കാവമ്മ, ചെറിയമ്മ എന്നിവര്‍ സമരങ്ങളിലൂടെ ശ്രദ്ധ നേടിയവരാണ്.  സാഹിത്യത്തിലാകട്ടെ കെ. സരസ്വതിയമ്മ, ബാലാമണിയമ്മ, ലളിതാംബിക അന്തര്‍ജ്ജനം, രാജലക്ഷ്മി, സാറാ ജോസഫ്, മാധവിക്കുട്ടി, സിസ്റ്റര്‍ മേരി ബനീഞ്ഞ, സുഗതകുമാരി, പി. ഗീത, ശാരദക്കുട്ടി എന്നിവര്‍ ശ്രദ്ധേയരായ സ്ത്രീപക്ഷ എഴുത്തുകാരാണ്. 

               ആധുനികതയുടെ കാലഘട്ടത്തിലാണ് സ്ത്രീപക്ഷ രചനകള്‍ പഠനവിധേയമാകുന്നത്.  സ്ത്രീയുടെ അനുഭവാവിഷ്കാരം സാഹിത്യത്തില്‍ പ്രാചീനകാലം മുതല്‍തന്നെയുണ്ട്.  സ്ത്രീപക്ഷതയുടെ രാഷ്ട്രീയം, സ്ത്രീ, സ്ത്രൈണം, സ്ത്രീപക്ഷരചനകള്‍ എന്നീ നിലകളില്‍ സ്ത്രീവാദം ഇന്ന് ചർച്ച ചെയ്യപ്പെടുന്നു.

               സാമ്പ്രദായികമായ സ്ത്രീവാദചിന്തകൾക്കപ്പുറത്ത് സ്ത്രീസ്വത്വാന്വേഷണത്തിൻ്റെ മുഖം ഉത്തരാധുനികതയിലുണ്ട്.  " പെണ്ണും പ്രകൃതിയും ചേർന്ന് ശക്തമായ ചെറുത്തുനിൽപ്പിൻ്റെയും തന്മയീഭാവത്തിൻ്റെയും പുതിയ പാഠങ്ങൾ സൃഷ്ടിച്ചുതുടങ്ങിക്കഴിഞ്ഞു.  ‍ ആർദ്രഭാവങ്ങളെ തിരസ്കരിച്ചുകൊണ്ട് വന്യവും തീക്ഷ്ണവുമായ യഥാർത്ഥ സ്വത്വത്തെ പ്രതിഫലിപ്പിച്ചു തുടങ്ങിയിരിക്കുന്നു.  പുരുഷാധികാരവ്യവസ്ഥയുടെ സൗന്ദര്യസങ്കല്പങ്ങളെയും കാവ്യഭാവനയെയും പിന്തുടർന്നും ഏറ്റുപാടിയും കഴിച്ചുകൂട്ടിയ കാലം കഴിഞ്ഞുപോയിരിക്കുന്നു.  താളംതെറ്റിയ പ്രകൃതിയെപ്പോലെ പെണ്ണിൻ്റെ എഴുത്ത് വന്യമായ ഒരു സംവേദനത്തെയാണിന്ന് സൃഷ്ടിക്കുന്നത്."2

               സ്ത്രൈണം, പുരുഷാധികാരത്തോടുള്ള വിയോജിപ്പായി നിലകൊള്ളുന്ന സ്ത്രീവാദപരം, സ്ത്രീസ്വത്വത്തിന്‍റെ സ്വയംകണ്ടെത്തലായ സ്ത്രീവിഷയപരം എന്നിങ്ങനെ സ്ത്രീരചനാ പാരമ്പര്യത്തിന് പ്രധാനമായും മൂന്നു ഘട്ടങ്ങളാണുള്ളത്. ഹെലന്‍ സിക്സു അവതരിപ്പിച്ച 'ഉടലെഴുത്ത്' എന്ന സങ്കല്പം പെണ്ണെഴുത്തിൻ്റെ സാധ്യതകളെയാണ് അന്വേഷിക്കുന്നത്.  ശരീരം എഴുത്തിൽ  അടയാളപ്പെടുന്നു.  ഈ സങ്കല്പത്തെ മുൻനിർത്തിക്കൊണ്ട് സാഹിതീയ വ്യവഹാരഭാഷയെ പുനർനിർമ്മിക്കുന്നു.  സ്ത്രീ സ്ത്രീയെ ആവിഷ്കരിക്കുമ്പോഴാണ് പൂർണ്ണതയുണ്ടാവുക, അനുഭവങ്ങൾക്ക് മൗലികതയും ആർജ്ജവവും ഉണ്ടാവുക എന്ന കാഴ്ചപ്പാടാണ് ഇതിനു പിന്നിലുള്ളത്.  "പുരുഷഭാഷയിൽ  സ്ത്രീസംബന്ധിയായി വന്നുകൂടിയിട്ടുള്ള പിഴവുകൾ  നികത്തി സ്ത്രീയ്ക്കനുയോജ്യമായൊരു ഭാഷ ചിട്ടപ്പെടുത്തിയെടുക്കുക എന്നത് പെണ്ണെഴുത്തുകാരുടെ ലക്ഷ്യമാണ്."3

               ആധുനികാനന്തരതയിൽ‍ സ്ത്രീസ്വത്വാവിഷ്ക്കാരത്തിൻ്റെ പുനരെഴുത്തും പുനർവായനയും സാധ്യമാക്കുന്നു.  സ്വത്വാന്വേഷണവും സ്വത്വാവിഷ്ക്കാരവും സാഹിത്യത്തിൻ്റെ ഭാഗമാകുന്നു. 

               പുരുഷകേന്ദ്രീകൃത സമൂഹത്തോടുള്ള പ്രതിരോധം വിജയലക്ഷ്മിയുടെയും സാവിത്രി രാജീവൻ്റെയും കവിതകളിൽ കാണാം.

               "വീട്ടുമുറ്റത്തെ കിണറ്റുവെള്ളം

               ഞാറ്റുവേലപ്പെയ്ത്തിലാർത്തു

               ആകാശം കാണുവാനെത്തിനോക്കി

               ആവാതെയപ്പോഴേ താണിറങ്ങി." 

(മഴയ്ക്കപ്പുറം -വിജയലക്ഷ്മി)

               വീർപ്പടക്കിക്കൊണ്ട് ഒതുങ്ങിനില്‍ക്കുന്ന വീട്ടുമുറ്റത്തെ കിണറ്റുവെള്ളം വീട്ടകങ്ങളിൽ  ഒതുങ്ങിക്കൂടുന്ന സ്ത്രീജീവിതത്തിൻ്റെ പകർപ്പാകുന്നു. 

               അടുക്കള വിട്ടിറങ്ങിയാല്‍

               അവള്‍ നേരേ ഉടലിനകത്തേക്ക് കയറും

               ഉടല്‍വിട്ടിറങ്ങിയാലോ

               നേരേ അടുക്കളയ്ക്കകത്തേക്കും

               ഒരേ വട്ടത്തില്‍ അവളുടെ കറക്കം!" 

(പെണ്‍കവിത:നിരൂപക-കവിസംവാദം -സാവിത്രി രാജീവന്‍)

               പരിമിതവൃത്തത്തിനുള്ളിൽ ചുറ്റിത്തിരിയുന്ന സ്ത്രീയനുഭവങ്ങളെ ഈ കവിതയിൽ സാവിത്രി രാജീവൻ  ആവിഷ്ക്കരിക്കുന്നു. 

               വ്യവസ്ഥാപിതമായ മിഥോളജിയെ പുനർ നിർമ്മിക്കുകയോ പുനർവ്യാഖ്യാനിക്കുകയോ ചെയ്യുന്ന ഒരു ശൈലി വി.എം. ഗിരിജയുടെ കവിതകളിൽ‍ കാണാം.  'ശൂർപ്പണഖ', 'ഉറങ്ങുന്ന സുന്ദരി' എന്നീ കവിതകൾ  ഇതിനുദാഹരണമാണ്.  കാലികമായ സാഹചര്യങ്ങളെയും അനുഭവമേഖലകളെയും മുൻനിർത്തി പുരാണസ്ത്രീകഥാപാത്രങ്ങളുടെ പുനഃസൃഷ്ടി നടത്തപ്പെടുന്നു.  സ്ത്രീവാദത്തിൻ്റെ ഒന്നാം ഘട്ടത്തെ പ്രതിനിധാനം ചെയ്യുന്നു വി.എം. ഗിരിജയുടെയും അനിത തമ്പിയുടെയും മറ്റും കവിതകൾ 

               "മരമായിരുന്നു ഞാനീ മണ്ണില്‍

               അടിവേരു നുണയുന്നതൊക്കെയും

               തളിരായ് പൊടിക്കുന്നോള്‍

               ......................

               മരമാകാനും മണ്ണു വേണമെന്നറിയുമ്പോള്‍

               ഇലയും പൂവും വേരും ചീയുന്ന നാറ്റം മാത്രം." 

(മരമായിരുന്നു ഞാൻ‍ -വി.എം. ഗിരിജ)

               പ്രകൃതിയോട് ഇഴചേർന്നുനില്ക്കുന്ന പെണ്ണുടൽ വി.എം. ഗിരിജയുടെ കവിതകളിലുണ്ട്.  സ്ത്രീഭാവങ്ങൾ  പ്രകൃതിഭാവങ്ങളാകുന്നു.  സ്ത്രീയെയും പരിസ്ഥിതിയെയും കേന്ദ്രസ്ഥാനത്തു നിർത്തിയുള്ള വീക്ഷണമാണ് ഫ്രഞ്ചു ഫെമിനിസ്റ്റ് ഫ്രാൻസ്വാദ് യുബോൺ  ദാർശനികവ്യാഖ്യാനം നൽകിയ ഇക്കോഫെമിനിസ്റ്റ് വീക്ഷണം.  അടിച്ചമർത്തപ്പെടുന്ന സ്ത്രീ ചൂഷണംചെയ്യപ്പെടുന്ന പ്രകൃതിയുമായി താദാത്മ്യപ്പെടുന്നു.

               "നിശബ്ദഹരിതവന-

               മെൻ്റയുടൽ

               ..............

               പൊന്തും പുതുമണ്ണിൻമണം

               കടുംപച്ചപ്പിൻ്റെ കടൽ

               ഞരമ്പിൻ്റെ വഴികളിൽ

               സ്പർശലഹരികൾ

               ഇതു നിശബ്ദകാനനം."

(നിശബ്ദഹരിതവനം -വി.എം.ഗിരിജ)

               പ്രകൃതിഭാവങ്ങളോട് ചേർന്നുനിന്നുകൊണ്ടുള്ള അവതരണമാണിത്.  സ്ത്രീയുടെയുള്ളിലും ഒരു നിശബ്ദകാനനമുണ്ടെന്ന തിരിച്ചറിവ് ഈ കവിതയിലുണ്ട്.

               "പെണ്ണുങ്ങൾ കാണാത്ത പാതിരാനേരങ്ങൾ

               എങ്ങനെയാവുമാ പാർക്കിൽ

               എല്ലാ വിളക്കുമണഞ്ഞാലീപ്പാതിര

               എങ്ങനെയാകുമീ നാട്ടിൽ

               നട്ടുച്ചനേരത്ത് കണ്ട പാടങ്ങളിൽ

               പുറ്റുപോൽ പൊന്തും ഇരുട്ടിൽ

               എത്രയുണ്ടാകും തണുപ്പിൻ്റെ കൈപറ്റി-

               പ്പച്ച പടർന്നതിന്നോർമ്മ." 

(പെണ്ണുങ്ങൾ കാണാത്ത പാതിരാനേരങ്ങൾ‍ -വി.എം. ഗിരിജ)

               രാത്രിസഞ്ചാരം ഭയപ്പെടുത്തുന്ന നേരാകുന്ന സ്ത്രീക്ക് സങ്കല്പങ്ങളിൽ  മാത്രം മുഴുകുവാനും അനുഭവിക്കുവാനും കഴിയുന്ന കാഴ്ചകളെ ചേർത്തുവയ്ക്കുന്നു ഈ കവിത. 

               ദൈർഘ്യമേറിയ ആഖ്യാനസ്വഭാവമുള്ള കവിതകളും വി.എം. ഗിരിജയുടെതായുണ്ട്.  സാമാന്യതയിൽ‍നിന്ന് വ്യക്ത്യനുഭവ വിശേഷതയിലേക്ക് കടന്നുചെല്ലുന്ന ശൈലി കവിതയിൽ‍ കാണാം.  നിരന്തരം അധികാരരൂപമായി നിലകൊള്ളുന്ന പുരുഷത്വം, സ്ത്രീലിംഗവാചിയായ ആഖ്യാതാവ്, ഉടല്‍മൊഴികളുടെ സമൃദ്ധി, സ്ത്രീകളുടേതു മാത്രമായ ലോകങ്ങൾ‍, ഇന്ദ്രിയാനുഭവങ്ങൾ‍ എന്നിവ കവിതയിൽ  വിഷയീഭവിക്കുന്നു. 

               അനിതാ തമ്പിയുടെ കവിതകളിലും സ്ത്രീയനുഭവ ഇടങ്ങളെ സൂക്ഷ്മമായി ആവിഷ്ക്കരിക്കുന്നു.

               "വിരൽ‍തട്ടി മറിഞ്ഞിട്ടും

               പരന്നൊഴുകാൻ വിടാതെ

               പഴന്തുണി നനച്ചാരോ

               തുടച്ചെടുക്കുകയാണെന്നെ" 

                                 (വൃത്തി - അനിതാ തമ്പി)

               സ്വപ്നങ്ങൾക്കും ആഗ്രഹങ്ങൾക്കും മേൽ  യാഥാസ്ഥിതിക മനോഭാവങ്ങളുടെ നിയന്ത്രണങ്ങൾ‍ ഉണ്ടാകുന്നുവെന്ന് പറയുന്നു 'വൃത്തി'. 

               "തുടച്ചിട്ട തറ

               മെഴുക്കറിയാത്ത ചുവരുകള്‍

               .....................

               ഏതോ ദൂരദേശത്തിൻ്റെ മണം പൊന്തും

               കിടക്കകൾ , ഉടുപ്പുകൾ

               ശസ്ത്രക്രിയാമുറി പോലെ

               അടുക്കള...

               അഴുക്കെല്ലാം അഴകാവുന്നിടത്ത്

               ആഴ്ന്നുകിടക്കുമ്പോൾ‍

               മറന്നേക്കാം

               വെടിപ്പിൻ്റെ ഒരു ജന്മം." 

                                    (അഴുക്ക് - അനിതാ തമ്പി)

               അടുക്കള, പാചകം, വീട്ടകം എന്നിവയിലൂടെ സമാനമായ പ്രതീകങ്ങളെ കണ്ടെടുത്ത് അനുഭവാവിഷ്ക്കാരം നടത്തുന്നു അനിതാ തമ്പി. 

               സ്ത്രീയുടെ സ്വാതന്ത്ര്യപ്രഖ്യാപനത്തെ രേഖപ്പെടുത്തുന്നുണ്ട് പിന്നീടുള്ള സ്ത്രീരചനകൾ .  സ്ത്രീയനുഭവങ്ങളുടെ ആവിഷ്ക്കാരത്തിനൊപ്പംതന്നെ സ്ത്രീസ്വത്വബോധവും കവിതയിൽ  ഉണർന്നുവരുന്നു.  സ്ത്രീസ്വാതന്ത്ര്യത്തെ കപടസദാചാരബോധത്തിന് അടിമപ്പെടുത്തുന്ന സമൂഹമനഃസ്ഥിതിയെ തുറന്നുകാട്ടുന്ന കവിതയാണ് ഗിരിജ പാതേക്കരയുടെ 'ഒരുമ്പെട്ടവൾ‍.'

               "പണ്ട് കുളിമുറിയില്‍

               മൂളിപ്പാട്ട് പാടിയതിന്

               കണ്ണാടിയിലേറെനേരം

               നോക്കിനിന്നതിന്

               കൃത്യനേരം തെറ്റി

               വീടണഞ്ഞതിന്

               ഉറക്കെച്ചിരിച്ചതിന്

               ചിന്തിച്ചതിന്

               ആ വാക്കെറിഞ്ഞ്

               വീഴ്ത്താറുണ്ടായിരുന്നു അവളെ

               അമ്മ അച്ഛന്‍

               ആങ്ങളമാർ‍ അയൽക്കാർ‍." 

                                     ( ഒരുമ്പെട്ടോള്‍ -ഗിരിജ പി. പാതേക്കര)

               "ഞാനിപ്പോള്‍ പിറന്നതേയുള്ളു

               പറഞ്ഞു തുടങ്ങുന്നതേയുള്ളു

               നടന്നുപഠിക്കുന്നതേയുള്ളു

               ഇനി ഊഴം എൻ്റേതാണ്" 

                                        (പെൺപിറവി -ഗിരിജ പി. പാതേക്കര)

               സ്ത്രീയുടെ ഊഴം ഒടുവിൽ  വന്നു എന്നറിയിക്കുന്നു ഗിരിജ പാതേക്കരയുടെ പെൺപിറവി എന്ന കവിത. 

               "അകത്ത് കവിതകൾ

               പുറത്ത് കടമകൾ‍

               അകത്ത് നീലനിലാവ്

               പുറത്ത് കത്തുന്ന വെയിൽ

               അകത്ത് കാളി

               പുറത്ത് ദാസി

               പുറത്തുനിന്ന് പൂട്ടിയ വാതിൽ

               തുറക്കാനാവാതെ ഞാൻ‍" 

(കാളിദാസി -ഗിരിജ പി. പാതേക്കര)

               സ്ത്രൈണാനുഭവങ്ങൾ‍ തീക്ഷ്ണമായി ആവിഷ്ക്കരിക്കുന്ന കവിതയാണ് കാളിദാസി.  സ്ത്രീസ്വത്വസംഘർഷങ്ങളെ ശക്തമായി അവതരിപ്പിച്ചിരിക്കുന്നു.  അകത്ത് കവിതകളും നീലനിലാവുമൊക്കെയായി സർഗ്ഗാത്മകതയാൽ  ഉറയുന്ന കരുത്തിൻ്റെ പ്രതീകമായ കാളിയാകുമ്പോൾ പുറത്ത് അവൾ കടമകൾക്കു മുന്നിൽ കത്തിയെരിയുന്ന വേനലായി, ഒരു ദാസിയായി മാറുന്നു.

               "ഓരോ വേഷവും

               ഓരോ ഒളിയിടമായിരുന്നു

               അവൾക്ക്

               ........................

               മറയുമ്പോഴും

               കരളിൽ കെടാത്ത തീയും

               കൈയിൻ മെരുങ്ങാത്ത കരുത്തും

               അവളൊളിച്ചുവെച്ചു."

                                   (പ്രച്ഛന്നം -ഗിരിജ പി. പാതേക്കര)

               ഓരോ വേഷവും മാറിമാറി അണിയുമ്പോൾ അവളുടെ ഉള്ളിലെ തീയും കരുത്തും എന്നെന്നേക്കുമായി അതിനു പിന്നിൽ മറച്ചുവെയ്ക്കപ്പെട്ടിരിക്കുന്നു എന്ന് പറയുന്നു.

               "നാട്ടിലലയാതെ

               വീടുകാക്കലും

               കൂറുകാട്ടലുമല്ലേ

               ചെയ്യേണ്ടത്!

               വീടിന്നലങ്കാരമാവാതെയും

               വാലാട്ടാതെയുമെങ്ങനെയാണ്

               ഉയിരിനെപ്പൂട്ടിയ

               ഈ ചങ്ങലകള്‍

               എങ്ങനെയാണറുത്തു മാറ്റേണ്ടത്?" 

(ചങ്ങലകൾ  -ഗിരിജ പി. പാതേക്കര)

               പുരുഷാധിപത്യസമൂഹത്തിലെ സ്ത്രീയവസ്ഥകളെ ആവിഷ്ക്കരിക്കുന്നു കവിത.  സ്ത്രീ സമത്വവും സ്വാതന്ത്ര്യവുമൊക്കെ അവകാശപ്പെടുമ്പോഴും ഉടലിനെ പൂട്ടിയ ചങ്ങലകളെ വലിച്ചെറിയുമ്പോഴും ഉയിരിനെപ്പൂട്ടിയിരിക്കുന്ന സ്ത്രീയുടെ ഉൾക്കരുത്തിൻ്റെ ശക്തി വെളിവാക്കപ്പെടുന്നുണ്ട് മിക്ക സ്ത്രീപക്ഷകവിതകളിലും.

               "തിളയ്ക്കുന്ന എണ്ണയിലേക്ക്

               എന്നെയൊന്നെറിഞ്ഞുനോക്കൂ

               അപ്പോൾക്കാണാം

               ആത്മവീര്യത്തോടെ

               തലയുയർത്തി

               ഞാൻ പൊങ്ങിപ്പൊങ്ങിവരുന്നത്

               കടിച്ചാൽ പൊട്ടാത്തവണ്ണം

               മൊരിയുന്നത്."  (കൊണ്ടാട്ടം -ഗിരിജ പി. പാതേക്കര)

               അനുഭവങ്ങളുടെ കരുത്തിൽ ഉയിർ‍കൊള്ളുന്ന സ്ത്രീയുടെ ആത്മവീര്യത്തെയാണ് കൊണ്ടാട്ടം അവതരിപ്പിക്കുന്നത്.

               എം.ആര്‍. രേണുകുമാറിൻ്റെ കവിതകളിലും സ്ത്രീയനുഭവലോകങ്ങൾ ആവിഷ്ക്കരിക്കപ്പെടുന്നുണ്ട്.

               "കഞ്ഞികുടിച്ച്

               പാത്രം കഴുകിവെച്ച്

               വിളക്കണച്ച്

               ഇടതുകൈ തലയിണയാക്കി

               ഒരുവശം ചെരിഞ്ഞകം

               പൊള്ളയായ് കിടക്കണം

               കാക്ക

               നിലത്തിറങ്ങുംമുമ്പ്

               ഉണരണം." 

(മിണ്ടാപ്രാണി -എം.ആര്‍. രേണുകുമാര്‍)

               അനുഭവങ്ങളുടെ കരുത്തില്‍ ശക്തിപ്പെടുന്ന സ്ത്രീയെയാണ് എം.ആർ‍. രേണുകുമാർ 'വരത്ത' എന്ന കവിതയിൽ‍ ആവിഷ്ക്കരിക്കുന്നത്.

               "മുറിച്ചവൾ  നീന്തവെ

               പുഴ മെരുങ്ങും

               പകുത്തവൾ‍ നടക്കവെ

               കര വിയർക്കും

               തോളിലെ മഴുവിന്‍

               വായ്ത്തലകൊണ്ട്

               കൊള്ളിയാൻ‍ ചൂളും"

(വരത്ത -എം.ആര്‍. രേണുകുമാര്‍)

               നിഷേധിയായ സ്ത്രീയുടെ പ്രതികരണങ്ങളാണ് വീരാൻകുട്ടിയുടെ 'പെൺമരങ്ങൾ എന്ന കവിതയിലുള്ളത്.  മരത്തിൻ്റെ  പ്രകൃതം പെൺ‍പ്രകൃതമായി മാറുന്നു.  കൂസലില്ലാതെ മഴയും വെയിലും കൊണ്ട് കാറ്റിലലസമായി ആടി മിന്നലിനെയെടുത്ത് മുടിയിലൊളിപ്പിക്കുന്ന പെണ്ണ്.

               "നിന്നിടത്തുനിന്ന്

               അനങ്ങാൻ‍ വിടാതെ

               വളർത്തിയതാണ്

               പഠിക്കട്ടെ."  

(പെൺമരങ്ങൾ‍ -വീരാൻകുട്ടി)

               നിയമങ്ങളുടെയും നിയന്ത്രണങ്ങളുടെയും പരോക്ഷമായ വൃത്തങ്ങൾ വരയ്ക്കപ്പെട്ടിരിക്കുന്നു പെൺവഴികളിൽ‍.  അവർ  വൃത്തങ്ങളിൽ കുരുങ്ങി വൃത്തങ്ങളിലൊതുങ്ങുന്നു. 

               "കൂട്ടുകാരോടുകൂടി വട്ടത്തിലിരുന്നു കളിച്ചു

               സ്ലേറ്റിലൊക്കെയും വട്ടം വരച്ചിട്ടു

               ..................

               പിന്നെ

               അവൾക്കു ചുറ്റും വട്ടം വരയ്ക്കപ്പെട്ടു

               ഒപ്പം അതും നീങ്ങി

               ഇനി

               ഓടിച്ചോടിപ്പോകാത്ത വഴികൾ‍

               കയ്യാലകൾ, , പാടാത്ത പാട്ടുകൾ

               പശുവിന് പിണ്ണാക്കു കലക്കിക്കൊടുത്തപ്പോൾ

               വെള്ളത്തിലുണ്ടായ ചുഴിയിലേക്കു നോക്കി

               അവൾ

               ഒരേയിരുപ്പിരുന്നു."  

                            (പാവാട - എസ്. ജോസഫ്)

               സ്ത്രീവിശേഷണപദങ്ങളിലൊന്നായി പരാമർശിക്കപ്പെട്ടുകൊണ്ടിരിക്കുന്ന 'തൊട്ടാൽവാടി' എന്ന പദത്തിന് പുതിയ അർത്ഥവിവക്ഷ കണ്ടെത്തുന്നു ഗിരിജ പാതേക്കരയും ബിന്ദു കൃഷ്ണനും 

               "'തൊടരുതെന്നെ'യെന്ന

               ആയിരം മുള്ളുകളുള്ള

               ഒരാജ്ഞ'

               തൊടുന്നവനെ

               മുറിപ്പെടുത്തുമെന്ന

               ഒരു മുന്നറിയിപ്പ്!"

                                   (ടച്ച് മീ നോട്ട് - ഗിരിജ പാതേക്കര)

 

               "തൊട്ടാവാടികൾ

               ആരെയും വിശ്വസിക്കാറില്ല

               എന്നെന്നേക്കുമായി

               വാടാറുമില്ല." 

                                    (തൊട്ടാൽ വാടരുത് - ബിന്ദു കൃഷ്ണ)

               വാടി ഒതുങ്ങിക്കൂടുമ്പോള്‍ അതിനൊരു മറുപുറംകൂടിയുണ്ടെന്ന സൂചന കവിത നൽകുന്നു. 

               സ്വയം തിരിച്ചറിയപ്പെടാനാകാതെ പോകുന്ന അവസ്ഥയെ ആവിഷ്ക്കരിക്കുന്നു റോഷ്നി സ്വപ്നയുടെ 'അപരിചിതത്വം' എന്ന കവിത.

               "തുറക്കാനാവാത്ത പൂട്ടിട്ട് സ്വയം പൂട്ടുന്നു

               പുറത്തുനിന്ന് ഞാന്‍ അകത്തേക്ക് കയറുമ്പോള്‍

               അകത്തുനിന്ന് പുറത്തേയ്ക്കിറങ്ങുന്നു

               മറ്റൊരു ഞാന്‍

               ചിരപരിചിതമായ ഒരു പുഞ്ചിരി

               അതെനിക്കു സമ്മാനിക്കുമ്പോള്‍

               ലോകാവസാനത്തേക്കു കരുതിവെച്ച

               അപരിചിതത്വംകൊണ്ട്

               ഞാന്‍ എന്നെ അറുത്തുമാറ്റുന്നു." 

(അപരിചിതത്വം -രോഷ്നി സ്വപ്ന)

               സ്ത്രീമനസ്സിൻ്റെ ആഴവും അഗാധതയും വിശാലതയുമാണ് 'എടുത്തുകൊണ്ടുപോകാവുന്ന വീട്' എന്ന കവിതയില്‍ ആവിഷ്ക്കരിക്കപ്പെടുന്നത്.

               "വീടിൻ്റെയുള്ളിൽ നിന്ന്

               കടലിലേക്ക് നീളുന്ന

               ഒരു വലിയ ഭൂഗർഭവഴി

               തുരങ്കമെന്നു വിളിച്ചാൽ

               ഒളിപ്പോരിനു മുനമൂർച്ചകൾ‍." 

(എടുത്തുകൊണ്ടുപോകാവുന്ന വീട് -രോഷ്നി സ്വപ്ന)

               സ്ത്രീകളുടെ ആഗ്രഹങ്ങൾക്കും കടമകൾക്കും അവകാശങ്ങൾക്കും മേലേ പ്രത്യക്ഷമായും പരോക്ഷമായുമുള്ള നിയന്ത്രണങ്ങളുണ്ട്.

               "വിഴുങ്ങുവാൻ‍ വാ പിളർത്തു-  

               മടുക്കളപ്പിശാചിനെ

               തടുക്കുവാന്‍ ചിരിമാത്രം

               പരിചയായ് പിടിക്കുന്നോൾ

               കടമയിൽ ഭൂമിയെ വെന്നോൾ

               കിടന്നാലും കിടക്കാതെ

               ഉറങ്ങും മുൻപുണരുന്നോൾ‍." 

                          (ഉദ്യോഗസ്ഥ -ആർ . ലോപ)

               അനുനിമിഷാനുഭവങ്ങളുടെ ചേർത്തുവെയ്പ്പാകുന്നു കവിത.  പ്രണയം, വിരഹം, സങ്കല്പങ്ങൾ‍, പ്രതിഷേധം, കടമകൾ‍, വീട്ടകം, തൊഴിലിടം, മാതൃത്വം, ഉര്‍വ്വരതയിലും ഉൾക്കരുത്തിലും ക്ഷമയിലുമുള്ള പ്രകൃതിയോടുള്ള താദാത്മ്യപ്പെടൽ , അനിയന്ത്രിതമായ ചൂഷണങ്ങളുടെ ഇരയാകൽ‍ എന്നിങ്ങനെ സ്ത്രീയനുഭവങ്ങളുടെ സൂക്ഷ്മമായ ആവിഷ്ക്കാരം ഉത്തരാധുനിക കവിതയിൽ കാണാം.  പുരുഷപക്ഷത്തുനിന്നുള്ള വിലയിരുത്തലിനപ്പുറം സ്ത്രീയനുഭവങ്ങൾക്കു മേലുള്ള സ്ത്രീയുടെ നോട്ടപ്പാടുകൾക്കാണ് പ്രാധാന്യം.  സ്ത്രീയുടെ ഉടലെഴുത്ത് പുരുഷാധിപത്യ സങ്കല്പങ്ങളെ നിരാകരിക്കുവാനുള്ള ശ്രമമാണ്. 

               സംപ്രീത, ദീപാസ്വരൻ‍, റോസി തമ്പി, ആര്യാഗോപി, കണിമോള്‍, വിജില ചിറപ്പാട്, ആര്യാംബിക, ശ്രീലതാവർമ്മ എന്നിങ്ങനെ നിരവധി ശ്രദ്ധേയരായ എഴുത്തുകാരികള്‍ ഉത്തരാധുനികകവിതയിലുണ്ട്.. 

               "ശരീരത്തെക്കുറിച്ചുള്ള പുനർവായനയും സൈബർ ലോകത്തിൻ്റെ സൗന്ദര്യ, സാംസ്കാരിക ഭൂമികയെക്കുറിച്ചുള്ള ആരായലുകളും യൂറോ കേന്ദ്രീകൃത സംവാദത്തില്‍നിന്ന് ബഹിഷ്കൃതരായ കറുത്തവരെയും മൂന്നാംലോകത്തിലെ സ്ത്രീകളുടെ സാംസ്കാരിക വിമർശനത്തിൻ്റെ പാഠങ്ങളും ഇവയെല്ലാം സാധ്യമാക്കുന്ന അപനിർമ്മാണത്തിൻ്റെ സാധ്യതകളും കൂടിച്ചേരുന്ന വൈവിധ്യമാണ് സ്ത്രീവാദത്തിൻ്റെ സമകാലികമുഖം."105

               ലിംഗപദവിയെ സംബന്ധിച്ചുള്ള വിശാലമായ കാഴ്ചപ്പാടിൻ്റെ പരിസരമാണ് ഉത്തരാധുനികതയുടെത്.  ഉഭയലിംഗ കർത്തൃത്വത്തിൻ്റെ പ്രസക്തി, സ്വവർഗ്ഗലൈംഗികത, ലെസ്ബിയന്‍-  ട്രാൻസ് ജൻ്റർ സ്വത്വനിർമ്മിതി എന്നിവയും ചർച്ച ചെയ്യപ്പെടുന്നു.

               പുരുഷകേന്ദ്രിത വീക്ഷണങ്ങളിൽ‍നിന്നും സ്ത്രീയനുഭവ ഇടങ്ങൾ സ്ത്രീകേന്ദ്രിതമാകുന്നു.  ശരീര എഴുത്തുകളിലെ പുരുഷവീക്ഷണങ്ങളെ മാറ്റിനിർത്തുന്നു.  പുരുഷാധിപത്യ സങ്കല്പങ്ങളുടെ പൊളിച്ചെഴുത്തും പുനർനിർമ്മിതിയുമാണ് ആധുനികാനന്തരത മുന്നോട്ടുവെയ്ക്കുന്നത്.  സ്ത്രീശരീരത്തിൻ്റെ ആഖ്യാനം, സ്ത്രൈണത, ലൈംഗികത, ശരീരം എന്നിവയിലെ സ്ത്രീയുടെ സ്വതന്ത്രപരമായ കാഴ്ചപ്പാടുകൾ ആവിഷ്ക്കരിക്കപ്പെടുന്നു.  പുരുഷവീക്ഷണങ്ങൾക്ക് അനുസൃതമായ സ്ത്രൈണാനുഭവങ്ങൾ സ്ത്രീയുടെ വിധേയത്വത്തിലാണ് കേന്ദ്രീകരിക്കുന്നത്.  പെണ്ണെഴുതുന്ന അനുഭവലോകം ഇതില്‍നിന്നും തികച്ചും വിഭിന്നമാണ്.  പുരുഷകേന്ദ്രീകൃത പാഠങ്ങളെയും സൂചകങ്ങളെയും കവിത അപനിർമ്മിക്കുന്നു.  സ്ത്രീയനുഭവ ആവിഷ്ക്കാരം ഉത്തരാധുനിക കവിതയുടെ സ്വഭാവങ്ങളിൽ ഏറെ ശ്രദ്ധിക്കപ്പെടുന്ന ഒരു മേഖലയാണ്. 

 

കുറിപ്പുകൾ

1. ഡോ. എൻ.കെ. രവീന്ദ്രന്‍, 'ഫെമിനിസ്റ്റ് സാഹിത്യസമീപനം', ആധുനികാനന്തര സാഹിത്യസമീപനങ്ങള്‍, എഡി. സി.ജെ. ജോര്‍ജ്ജ്, ബുക്ക്വേം, തൃശൂര്‍, 1996, പുറം 160.

2.ഡോ. എം.എസ്. പോൾ‍, ഉത്തരാധുനിക കവിതാപഠനങ്ങൾ , കേരള സാഹിത്യ അക്കാദമി, തൃശൂര്‍, 2014, പുറം 85.

3. ഒരു സംഘം ലേഖകർ‍, പെണ്ണെഴുത്ത്, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം, 2000, പുറം 9.


ഗ്രന്ഥസൂചി           

  • ഗിരിജ, വി.എം. ജീവജലം, കറന്റ് ബുക്സ്, തൃശൂര്‍, 2003.

  • ഗിരിജ, വി.എം. പ്രണയം ഒരാല്ബം, ചിത്തിര പബ്ലിഷേഴ്സ്, കൊച്ചി, 1997.

  • മോഹനകൃഷ്ണന്‍ കാലടി. കാലടിക്കവിതകള്‍, ഡി.സി. ബുക്സ്, കോട്ടയം, 2013.

  • രാജീവന്‍, ടി.പി. വയല്ക്കരെ ഇപ്പോഴില്ലാത്ത, ഡി.സി. ബുക്സ്, കോട്ടയം, 2009.

  • വീരാൻകുട്ടി. വീരാൻകുട്ടിയുടെ കവിതകൾ, ഡി.സി. ബുക്സ്, കോട്ടയം, 2016.

  • മനോജ്, എം.ബി. പാവേ പാവേ പോകവേണ്ട, ഡി.സി. ബുക്സ്, കോട്ടയം, 2016.

  • രവീന്ദ്രന്‍, എൻ‍.കെ. ആധുനികാനന്തര സാഹിത്യസമീപനങ്ങളൾ‍, സി.ജെ. ജോര്‍ജ് (എഡി.), ബുക്ക്വേം പബ്ലിഷേഴ്സ്, തൃശൂര്‍, 1996.

  • പോള്‍, എം.എസ്. ഡോ. ഉത്തരാധുനിക കവിതാപഠനങ്ങള്‍, കേരള സാഹിത്യ അക്കാദമി, തൃശൂര്‍, 2014.

  • ഒരുസംഘം ലേഖകർ‍. പെണ്ണെഴുത്ത്, കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം, 2002.

  • വിജയലക്ഷ്മി. വിജയലക്ഷ്മിയുടെ കവിതകള്‍ (1980-2000), ഡി.സി. ബുക്സ്, കോട്ടയം, 2013.

  • സാവിത്രി രാജീവന്‍. അമ്മയെ കുളിപ്പിക്കുമ്പോള്‍, മാതൃഭൂമി ബുക്സ്, കോഴിക്കോട്, 2014.

  • ഗിരിജ, വി.എം. പെണ്ണുങ്ങള്‍ കാണാത്ത പാതിരാനേരങ്ങള്‍, മാതൃഭൂമി ബുക്സ്, 2011.

  • അനിത തമ്പി. മുറ്റമടിക്കുമ്പോള്‍, കറന്‍റ് ബുക്സ്, തൃശൂര്‍, 2004.

  • അനിത തമ്പി. അഴകില്ലാത്തവയെല്ലാം, കറന്റ് ബുക്സ്, തൃശൂര്‍, 2010.

  • ഗിരിജ പി. പാതേക്കര. പെണ്‍പിറവി, ഡി.സി.ബുക്സ്, കോട്ടയം, 2012.

  • രേണുകുമാര്‍, എം.ആര്‍. വെഷക്കായ, ഡി.സി. ബുക്സ്, കോട്ടയം, 2007.

  • ജോസഫ്, എസ്. മീൻകാരൻ‍, ഡി.സി. ബുക്സ്, കോട്ടയം, 2003.

  • ബിന്ദു കൃഷ്ണൻ‍. തൊട്ടാൽ വാടരുത്, കറന്റ് ബുക്സ്, തൃശൂര്‍, 2008.

  • രോഷ്നി സ്വപ്ന. കടല്‍മീനിന്‍റെ പുറത്തുകയറി കുതിക്കുന്ന പെണ്‍കുട്ടി, ഡി.സി.ബുക്സ്, കോട്ടയം, 2011.

  • ലോപ, ആര്‍. പരസ്പരം, ഡി.സി. ബുക്സ്, കോട്ടയം, 2011.


 
ഡോ ഇന്ദു ആർ

Comments

Rated 0 out of 5 stars.
No ratings yet

Add a rating
No^v F-Un-äÀ
-tUm. em-ep-. hn-v

Ìm^v FUnäÀ
tUm.KwKmtZhn. Fw

ÌpUâv FUn-äÀ
cXojv Fk


ഇഷ്യു എഡിറ്റർ v
ഡോ. അമ്പിളി ആർ.പി.
FUntäm-dnb t_mÀUv 
AwK§Ä
tUm.kPohv IpamÀ Fkv 
tUm. Zo] _n Fkv 
tUm.tkXpe£van Fw Fkv 
-tUm A-¼n-fn- B-À- ]n-
-
ഡോ. ശ്രീലക്ഷ്മി എസ്.കെ
_nµp. F Fw
Pqen F 
a©p sI BÀ
Publishers Name:          
Dr.Lalu.V,
Head of the Department, Department of Malayalam, Govt College for Women, Thiruvananthapuram pin 695014   
Mob:9446457996         
email:gcwmalayalam2023@gmail.com            laluvatl@gmail.com 

Unssk³ & te Hu«vv
cXojv. Fkv

aebmfhn-`m-Kw
kÀ¡mÀ h\nXmtImtfPv 
Xncph\´]pcw

©GCW VAIKNJAANIKA MALAYALAM ONLINE 2024

bottom of page