top of page

എതിര് സമൂഹം എതിരു നിന്നവന്റെ ഓർമ്മക്കുറിപ്പുകൾ


ബിന്ദു എ എം

താക്കോൽവാക്കുകൾ:-ദളിത്, മാർക്‌സിസം,അംബേദ്ക്കറിസം,മുതലാളിത്തം, നവലിബറിലസം

 

നമ്മൾ അനുഭവിക്കാത്ത കാര്യങ്ങൾ കെട്ടുകഥയാണെന്നുകരുതാനിഷ്ടപ്പെടുന്ന ഒരു സമൂഹത്തിലാണ് നാമിന്നും ജീവിച്ചുപോരുന്നത്.അതിശയോക്തിയുടെ നിറം പിടിപ്പിച്ച കഥകളായി കണ്ട് ചെറുപരിഹാസത്തോടെയോ നിസംഗത യോടെയോ അത്തരം അനുഭവങ്ങളെ അവഗണിക്കാറാണ്പതിവ്. ദളിതരുടെ യും ആദിവാസികളുടെയും അതിജീവന കഥകൾ അതുകൊണ്ടു തന്നെ വിദ്യാസമ്പന്നരും ഉന്നത മാനവിക വീക്ഷണമുള്ളവരുമായ ഒരു ന്യൂനപക്ഷ ത്തെ മാത്രമാണ് വായനയിൽ സ്വാധീനിക്കുന്നതെന്നു കാണാം. അനുഭവത്തിന്റെ തീച്ചൂടുകൊണ്ട് അരികുവത്ക്കരിക്കപ്പെട്ടവരുടെ നൊമ്പരങ്ങൾ ആവിഷ്‌ക്കരിക്കുന്ന താണെങ്കിലും മുഖ്യധാരയിലെ കൃതികളോട് ചേർന്ന് കൂടുതൽ വായിക്ക പ്പെടുന്നത് അപൂർവ്വമാണ്. ഇതിനൊരപവാദമായിരുന്നു സാമ്പത്തികശാസ്ത്രജ്ഞനും അധ്യാപകനും ദളിതുമായിരുന്ന ഡോ. എം.കുഞ്ഞാമന്റെ ഓർമ്മക്കുറിപ്പുക ളുടെ സമാഹാരമായ എതിര്. 2017-ൽ പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ പതിനൊന്നു പതിപ്പുകൾ ഇതിനോടകം വന്നു എന്നത് അസാമാന്യപ്രതിഭയായ ഒരു ധിഷണാശാലിയുടെ ജീവിതാനുഭവ ക്കുറിപ്പുകൾ കേരള സമൂഹത്തിന് പൊള്ളലുണ്ടാക്കിയതുകൊണ്ടാണെന്നു മനസ്സിലാക്കാം. വ്യവസ്ഥിതിയോടു മല്ലടിച്ച് നേട്ടങ്ങൾ കരസ്ഥമാക്കി യപ്പോഴും തന്റെ വർഗ്ഗത്തിന്റെ മോചനം സാധ്യമാകാത്തതിൽ ഹൃദയം നൊന്ത് പരാജിതനെന്ന് പ്രഖ്യാപിച്ച് ഭൂമിയിൽ നിന്നും മടങ്ങിപ്പോയ എം. കുഞ്ഞാമന്റെ ഓർമ്മക്കുറിപ്പുകൾ ദളിതർക്കും ആദിവാസികൾക്കും മാത്രമല്ല സാർവ്വലൗകിക ഉടമസ്ഥാവകാശം സാധ്യമാകാത്ത എല്ലാ ദരിദ്രർക്കും മാർഗ്ഗ പുസ്തകമാണ്.

ബാല്യവും സ്‌കൂളോർമ്മകളും

1949-ൽ പാലക്കാടു ജില്ലയിലെ വാടാനം കുറിശിയിൽ അയ്യപ്പന്റെയും ചെറോണ യുടെയും മകനായി ജനിച്ച കുഞ്ഞാമൻ ജാതീയ വിവേചനത്തിന്റെ തീവ്ര ബാല്യകാലാനുഭവങ്ങളെ ‘‘എന്നെ പാണൻ എന്നു വിളിക്കരുത്’’ എന്നു പേരുകൊടുത്ത ഒന്നാമധ്യായത്തിൽ വിവരിക്കുന്നത് ഹൃദയഭേദകമാണ്. എച്ചിലെടുത്തും അതു തിന്നും ജീവിക്കുന്ന ഒരു സമുദായത്തിൽ പിറന്ന കുട്ടിക്ക് വിശപ്പ് ജീവിത സമരം തന്നെയായിരുന്നു. സഹപാഠികളുടെ വീട്ടിൽ എച്ചിലുതിന്നാനെത്തുന്നതിനെപ്പ റ്റിയും ജന്മിയുടെ വീട്ടിൽ കുഴികുത്തി നൽകിയ കഞ്ഞി പട്ടിയുമായി പങ്കിട്ടുകുടിച്ചതും കഞ്ഞി കിട്ടുന്നതു കൊണ്ടു മാത്രം സ്‌കൂളിൽ പോകുന്ന തുമായ കാര്യങ്ങളെപ്പറ്റിയും കുഞ്ഞാമൻ വിവരിക്കുന്നത് ദളിതരുടെ ദയനീയാ വസ്ഥയുടെ ക്രൂരചിത്രണമാണ്. ശിക്ഷ യുടെ കാരണം പോലുമറിയാതെ നിൽക്കേണ്ടിവരുന്ന വിദ്യാർത്ഥി ജീവിതം ദളിത ജന്മത്തിനുമാത്രം അവകാശപ്പെ ട്ടതാണെന്നു കാണാം. തന്നെ പേരു വിളിക്കണം ജാതിപ്പേരു വിളിക്കരുതെന്ന് ആവശ്യപ്പെട്ടതിന്റെ പേരിൽ ചെവിയടിച്ചു പുകച്ച അധ്യാപകന്റെ ക്രൂരതയിൽ നിന്നാവണം തന്നെ ബഹുമാനിക്കരുതെ ന്നും ചോദ്യങ്ങൾ ചോദിക്കണമെന്നും വിദ്യാർത്ഥികൾക്കു നിർദ്ദേശം നൽകിയ ഒരധ്യാപകനായി അദ്ദേഹം മാറിയത്. മാനുഷികമൂല്യങ്ങൽ കൈവരിക്കാത്ത അധ്യാപകന്റെ ക്രൂരതയ്ക്കു കാരണം തന്നെ, ഉയർന്ന ജാതിയിൽപ്പെട്ടയാളെ ചോദ്യം ചെയ്തുവെന്ന വരേണ്യബോധ ത്തിൽ നിന്നുറവായ അധികാര ചിന്തയാണ്. ഒരിക്കലും അത്തരമൊര ധ്യാപകനാകാതിരിക്കാൻ സഹായിച്ചു വെന്നു മാത്രമല്ല ആ അനുഭവം സ്‌കൂൾ പഠിക്കാനുള്ളതാണ് കഞ്ഞി കുടിക്കാനു ള്ളതല്ല എന്നു ബോധ്യപ്പെടുത്തുകയും വിശപ്പിനോടും ദാരിദ്ര്യത്തിനോടും പ്രതികൂല സാഹചര്യങ്ങളോടും മല്ലടിച്ച് മുന്നേറാൻ അദ്ദേഹത്തെ പ്രാപ്തനാക്കു കയും ചെയ്തു. റാങ്കുനേടിവന്ന വിദ്യാർത്ഥിയോട് ഉയർന്ന ജാതിക്കാരി യായ സ്ത്രീക്ക് പറയാനുണ്ടായിരുന്നത് കഞ്ഞിതരാം എന്നായിരുന്നു. ഉദര വിശപ്പിനെക്കാൾ ജ്ഞാനവിശപ്പ് അലട്ടിയവന് അതു നിഷേധിക്കാനായത് താനൊരു മാതൃകയാവണം എന്ന ചിന്തയിലാണ്. വയറു വിശക്കുന്നവന് അഭിമാനമില്ലെന്ന യഥാർത്ഥ്യത്തെ അസ്വസ്ഥതയാക്കിയ കുഞ്ഞാമന് ആത്മാഭിമാനവും സ്വാതന്ത്ര്യവും വേണമായിരുന്നു.

ദളിത് സമൂഹത്തിൽ ജനിക്കുന്ന ഒരു കുട്ടിക്ക് ദാരിദ്ര്യത്തിലും നിരക്ഷര തയിലും വളരേണ്ടിവരുന്നത് അപകർഷതാബോധം, ആത്മവിശ്വാ സമില്ലായ്മ, ധൈര്യമില്ലായ്മ എന്നിവ എന്നേക്കും സൃഷ്ടിക്കുന്നുവെന്ന് കുഞ്ഞാമൻ എഴുതുന്നു. ഒരു വ്യക്തിയുടെ അവബോധം സൃഷ്ടി ക്കുന്നത് അയാളുടെ സാമൂഹിക സാഹചര്യങ്ങളാണെന്ന മാർക്‌സിന്റെ വാക്കുകളാണ് അതിന് ആധാരമാക്കി കാണിക്കുന്നത്. മർദ്ദിതരായിരുന്ന തന്റെ സമൂഹം സാമ്പത്തിക സുരക്ഷിതത്വ മില്ലായ്മയിൽ നിന്ന് ആശ്രിത ജനതയായി മാറുകയും ഭയം നിറഞ്ഞവരാകുകയും ചെയ്യുന്നുവെന്നു പറയുന്ന കുഞ്ഞാമൻ അതിനു പരിഹാരമായി പറയുന്നത് സാമ്പത്തിക സ്വാതന്ത്ര്യമാണ്.

ഗവേഷകനും അധ്യാപകനും

വയനാട്ടിൽ ഉണ്ടായ പട്ടിണിമരണ ത്തെത്തുടർന്ന് തിരുനെല്ലിയിൽ പോയ കുഞ്ഞാമൻ അവിടുത്തെ ആദിവാസി കളുടെ ദയനീയ ജീവിതം കണ്ട് മനസ്താപപ്പെട്ടു. എം.എ. കഴിഞ്ഞ വിദ്യാർത്ഥിയെന്ന നിലയിൽ സി.ഡി. എസിൽ അദ്ദേഹം എംഫിലിന് ചേർന്നപ്പോൾ ‘‘ആദിവാസി പ്രശ്‌നങ്ങൾ കേരളത്തിൽ’’ എന്ന വിഷയമാണ് തിരഞ്ഞെടുത്തത്. ആരെയും വലിയവനായി കാണരുതെന്ന ചിന്ത യ്ക്കുടമയായ കുഞ്ഞാമന് ഗൈഡായ കെ.എൻ. രാജിന്റെയും സെമിനാറ വതരിപ്പിക്കുമ്പോൾ കെ.ആർ. നാരായണനെ അനുകൂലിച്ചവരുടെയും അനിഷ്ടത്തിനിരയാകേണ്ടി വന്നു. കേരള സർവ്വകലാശാലയിൽ ലക്ചററായി അപേക്ഷിച്ചപ്പോൾ ഒന്നാം റാങ്കുണ്ടായിട്ടും എസ്.സി/എസ്.റ്റിക്ക് അപേക്ഷിക്കാൻ പാടില്ലായെന്ന നിയമം മൂലം ജോലി ലഭിച്ചില്ല. പരാതിയുമായി ചെന്ന കുഞ്ഞാമനെ മുഖ്യമന്ത്രി ആക്ഷേപിക്കുന്നത് അദ്ദേഹം സ്മരിക്കു ന്നുണ്ട്. പ്രൊ. വൈസ് ചാൻസലറാ യിരുന്ന സുകുമാർ അഴീക്കോടിന്റെ ഇരട്ടത്താപ്പിനെയും അദ്ദേഹം പരാമർശി ക്കുന്നു. പൊതുസമൂഹത്തിൽ ദളിതർക്കൊപ്പമെന്നു വിളംബരം ചെയ്യുന്ന രാഷ്ട്രീയ സാമൂഹിക നേതൃ സ്ഥാനത്തുള്ളവരുടെ ഉദാസീനതയുടെ തെളിവാണ് ഈ സംഭവങ്ങൾ.

കേരള സർവ്വകലാശാലയിൽ ജോലി കിട്ടിയതിനെ അദ്ദേഹം താൻ പിന്നിലൂടെ വന്ന ചണ്ഡാലനാണെന്നാണ് വിശദീക രിക്കുന്നത്. ഓപ്പൺ തസ്തികയിൽ അപേക്ഷിച്ച് ഒന്നാം റാങ്കു കിട്ടിയ തന്നെ എസ്.സി/എസ്.റ്റി. സംവരണത്തിലൂടെ നിയമിച്ചത് സിംഹാസനത്തിനു പിന്നിലൂടെ മാത്രം ചണ്ഡാലൻ വരണ മെന്ന അധീശ നിയമം പാലിച്ചാണെന്ന് കുഞ്ഞാമൻ വിമർശിക്കുന്നു. സർവ്വകലാശാലയിലെ ജാതിമണ്ഡ ലത്തെക്കുറിച്ചും ദലിത് വിദ്യാർത്ഥി കളനുഭവിക്കുന്ന ദുരിതങ്ങളെക്കുറിച്ചും കുഞ്ഞാമൻ വ്യക്തമാക്കുന്നു. അധ്യാപക സംഘടനകളുടെ ജാതി മാടമ്പിത്തരങ്ങളെയും ജാതിമൂലം പ്രൊഫസർ പോസ്റ്റിലേക്കു തിരഞ്ഞെ ടുക്കാത്തതിനെയും പരാമർശിക്കുന്ന അദ്ദേഹം ദളിതനായ തനിക്കു ലഭിക്കാതെ പോയ മറ്റു സ്ഥാനങ്ങളെ ക്കുറിച്ചും പരാമർശിക്കുന്നുണ്ട്. പ്രവേശനം മുതൽ ദളിത് വിദ്യാർത്ഥികൾ അനുഭവിച്ച വിവേചനം സംവരണ ത്തോടെയാണ് കുറഞ്ഞതെന്നു പറയുന്ന അദ്ദേഹം പാവപ്പെട്ടവർക്കും അനുസരണയുള്ളവർക്കും പ്രശ്‌ന ങ്ങളില്ലെന്നു കണ്ടെത്തുന്നു.  സ്വതന്ത്രാ ഭിപ്രായമുള്ള ദളിത് വിദ്യാർത്ഥികൾ നിഷ്‌ക്കാസനം ചെയ്യപ്പെടുന്നതിന്റെ തെളിവാണ് രോഹിത് വെമുലയെന്നു പറയുന്ന കുഞ്ഞാമൻ, ഉന്നത വിദ്യാകേന്ദ്രങ്ങൾ സ്വതന്ത്രചിന്തയെ തടസപ്പെടുത്തുന്ന ഭീതിദമായ അവസ്ഥ യെയാണ് വെളിപ്പെടുത്തുന്നത്. അധ്യാ പക സങ്കല്പത്തിൽ കുഞ്ഞാമന്റെ രീതികൾ അനുകരണീയമാണെന്നു കാണാം. ഫ്യൂഡൽ മൂല്യങ്ങളായ അച്ചടക്കം വിധേയത്വം മുതലായ കീഴാളത്തത്തെ നിലനിർത്തുന്ന മൂല്യങ്ങളെ നിഷേധിക്കാനാണ് അദ്ദേഹം വിദ്യാർത്ഥികളോട് ആവശ്യപ്പെടുന്നത്. ജാതിരഹിത ക്ലാസ് റൂം എന്ന ആശയത്തെ പിൻതുടരുന്ന അദ്ദേഹം വിദ്യാർത്ഥികൾക്കു മുൻപിൽ വിദ്യാർത്ഥിയായിരിക്കാനാണ് താല്പര്യ പ്പെട്ടത്. ഉന്നത വിദ്യാഭ്യാസമേഖലയെ കുഞ്ഞാമൻ നിശിതമായി വിമർശിക്കുന്നുണ്ട്. കേരളത്തിലെ സർവകലാശാലകൾ വെറും പരീക്ഷ നടത്തിപ്പു കേന്ദ്രങ്ങളായെന്നും ഫ്യൂഡൽ സ്ഥാപനങ്ങളായി മാറിയെന്നും ആകുല പ്പെടുന്ന അദ്ദേഹം ചോദ്യം ചെയ്യൽ, തുല്യത, വിയോജിപ്പ്, ആത്മാഭിമാനം മുതലായ ആധുനികമൂല്യങ്ങളെ സ്വീകരിച്ച് ഉന്നത വിദ്യാകേന്ദ്രങ്ങളായി സർവ്വകലാശാലകൾ മാറണമെന്ന നിരീക്ഷണം മുന്നോട്ടു വയ്ക്കുന്നു. സർവകലാശാലകൾ ഭരണാധികാരി കളിലുപരി ധിഷണാശാലികളെ സൃഷ്ടി ക്കണമെന്നു പറയുന്ന കുഞ്ഞാമൻ വൈജ്ഞാനിക മണ്ഡലത്തിൽ ഇന്ത്യൻ വിദ്യാർത്ഥി സമൂഹത്തിന്റെ ഭാവി എന്തായിരിക്കണമെന്ന് ദീർഘദർശനം ചെയ്യുന്ന വ്യക്തിയാണ്.

ഇടതുപക്ഷ വിമർശകനായ കുഞ്ഞാമൻ താൻ എ.കെ.ജി. സെന്ററിൽ നിന്നു പഠിക്കുകയും, കേരള സർവകലാ ശാലയിൽ പഠിപ്പിക്കുകയും ചെയ്ത വ്യക്തിയാണെന്ന്  തുറന്നു പറയുന്നു.  ഇടതുപക്ഷത്തിനെയും ഇ.എം.എസി നെയും വിമർശിക്കാൻ അദ്ദേഹം മടി കാണിക്കുന്നില്ല. ഇന്ത്യയിൽ ദളിതർ ക്കുണ്ടാകുന്ന സാമൂഹിക മാറ്റത്തിൽ പങ്കാളിയാകേണ്ട ഇടതുപക്ഷം അതു ചെയ്യാൻ മടിക്കുന്ന വരേണ്യ സങ്കല്പമുള്ള മേലാളരുടെ പാർട്ടിയാണെന്നു വിമർ ശിക്കുന്നു. ഭൂപരിഷ്‌ക്കരണവും ജനകീ യാസൂത്രണവും പരാജയപ്പെട്ട നയങ്ങ ളായിരുന്നുവെന്നും ഭൂരഹിത ദളിതന് യാതൊരു നേട്ടവും ഉണ്ടായില്ലെന്നും തനിക്ക് ബുദ്ധിയും കഴിവും കുറവാണെന്ന അപമാനബോധത്തിൽ നിൽക്കുന്ന കീഴാളനെക്കാൾ സവര്‍ണ്ണര്‍ ഭൂപരിഷ്‌ക്കരണത്തിൽ കൃത്യമായ ദായക്രമമുപയോഗിച്ച് ഭൂവുടമകളായി നിന്നവരാണെന്നും ദളിതർ ഭൂവകാശ മില്ലാത്ത കൂലിപ്പണിക്കാരായി തുടരുന്നു വെന്നും പറയുന്നു. ഇ.എം.എസ്. മാർ ക്‌സിസത്തിന്റെ വിവർത്തകൻ മാത്രമാ ണ് ഇന്ത്യയിലെന്നും അദ്ദേഹത്തിന്റെ വീക്ഷണത്തിലുള്ള മാർക്‌സിസത്തെ അവതരിപ്പിക്കുകയായിരുന്നുവെന്നും ഇന്ത്യൻ പരിസ്ഥിതിക്കിണങ്ങുന്ന മാർക്‌സിസ്റ്റ് വ്യാഖ്യാനമായിരുന്നില്ല അതെന്നും വിമർശിക്കുന്നതു കാണാം. ദളിതന് പ്രത്യക്ഷ ശത്രുവല്ലാത്ത ശത്രുവായി നിൽക്കുന്നതിൽ ഇടതു പക്ഷത്തെയാണ് കുഞ്ഞാമൻ മുന്നോട്ടു നിർത്തുന്നത് എന്നു കാണാം. ഒരു ദളിതന് മുഖ്യമന്ത്രിയാകണമെങ്കിൽ മൂട്ടയായി ജനിക്കണമെന്നു പറയുന്ന കുഞ്ഞാമൻ പാവങ്ങളുടെ പ്രതീക്ഷ യായ പാർട്ടി എങ്ങനെയൊക്കെയാണ് ദളിത് പ്രാതിനിധ്യങ്ങളെ തമസ്‌ക്കരിക്കു ന്നതെന്നു വ്യക്തമാക്കുന്നുണ്ട്. മാർക്‌സി സത്തിനു തിരിച്ചുവരവില്ലെന്നും പ്രഖ്യാപി ക്കുന്നു.

അംബേദ്ക്കറിസവും ഇന്ത്യൻ ദളിതാവസ്ഥയുടെ ഉന്നമനവും

ഭൂപരിഷ്‌ക്കരണം, ഇന്ത്യൻ സാമൂഹിക നീതി എന്നിവയെക്കുറിച്ച് വസ്തു നിഷ്ഠമായി പഠിക്കുകയും വീക്ഷണവും പുലർത്തുകയും ചെയ്തത് അംബേദ്ക്ക റാണ്. സമത്വമില്ലാത്ത സമൂഹത്തിൽ നീതിയുണ്ടാകില്ലെന്നു വിശ്വസിച്ച അദ്ദേഹം രാജ്യത്തിലെ മൊത്ത കൃഷി ഭൂമിയും ദേശസാൽക്കരിച്ച് ഭരണകൂടം കർഷകർക്കു വീതിച്ചുകൊടുക്കണമെന്ന് പറഞ്ഞ വ്യക്തിയാണ്. ദളിതന്റെ മോചനത്തിനായിരുന്നു അദ്ദേഹത്തിന്റെ പ്രത്യയശാസ്ത്രമെന്നു കണ്ടെത്തുന്ന കുഞ്ഞാമൻ ഇന്ത്യയിൽ അംബേദ്ക്ക റിസത്തിന്റെ പ്രാധാന്യം എടുത്തു കാട്ടുന്നുണ്ട്. പുതിയ കാല ദളിതർ ഇതു തിരിച്ചറിയുന്നുവെന്നും തങ്ങളുടെ കഴിവിൽ വിശ്വസിക്കുന്ന ദളിത് പുതുതല മുറയിൽപ്പെട്ട വിദ്യാർത്ഥികൾ അംബേദ്ക്കർ, സാവിത്രീഭായ്, ഫൂലെ മുതലായവരെ മാതൃകയാക്കുന്നതിനെ കുഞ്ഞാമൻ പ്രതീക്ഷയോടെ കാണുന്നു ണ്ട്. അടിച്ചമർത്തപ്പെട്ട സാമൂഹിക വിഭാഗങ്ങളുടെ കാര്യങ്ങളിൽ പ്രത്യയശാസ്ത്രപരമായി ഇടപെടുന്ന അംബേദ്ക്കറിസം കേരളത്തിൽ വരാത്തതിൽ അദ്ദേഹം നിരാശനാകുന്നതും കാണാം.

ഇന്ത്യൻ സാമൂഹികാവസ്ഥയെ സാമ്പ ത്തികശാസ്ത്രജ്ഞനും സാമൂഹിക ശാസ്ത്രജ്ഞനുമെന്ന നിലയിൽ വിലയിരുത്തുന്ന കുഞ്ഞാമൻ ജാതി വ്യവസ്ഥ അവസാനിച്ച് ഇന്ത്യയിൽ ജാതീയ ഉയർന്നുവരുന്നതായി കണ്ടെ ത്തുന്നു. പുതിയകാല ബ്രാഹ്മണരിൽ പിന്നാക്കവിഭാഗം, ദളിതർ, ആദിവാസി കൾ എന്നിവരുമുണ്ടെന്നും, ബ്യൂറോ ക്രസി, രാഷ്ട്രീയ പാർട്ടികൾ, അക്കാദമി ക് മേഖല, രാഷ്ട്രീയ പാർട്ടികൾ, മീഡിയ എന്നിവിടങ്ങളിലെ അധികാരസ്ഥാന ങ്ങളിൽ ഈ ബ്രാഹ്മണ്യം വ്യവസ്ഥിതിയെ വെല്ലുവിളിച്ച് നിൽക്കുന്നുണ്ടെന്നും നിരീക്ഷിക്കുന്നു. അധഃസ്ഥിത സമൂഹത്തെ മുന്നോട്ടു നയിക്കാനുള്ള ചാലകശക്തിയായി മാറിയ സംവരണ ത്തിന് വ്യവസ്ഥിതിയെ പൊളിച്ചെഴുതുന്ന ശക്തിയായി മാറാൻ കഴിഞ്ഞില്ലെന്നും കുഞ്ഞാമൻ കണ്ടെത്തുന്നുണ്ട്.

ഇന്ത്യയിലെയും കേരളത്തിലെയും ആദിവാസി ഭൂപ്രശ്‌നത്തെ ചർച്ചയ്‌ക്കെടുക്കുന്ന കുഞ്ഞാമൻ മൗലികമായ സ്വത്തവകാശമുണ്ടായി രുന്നവർ സാമ്പത്തിക അടിത്തറ യുണ്ടാക്കി സാമ്പത്തികമായി മുന്നേറി യതിനെ വിവരിക്കുന്നു. അട്ടിമറിക്കപ്പെട്ട ഭൂപരിഷ്‌ക്കരണ നിയമത്തെത്തുടർന്ന് കൃഷിഭൂമി കൈയേറ്റം നടന്നുവെന്നും പാട്ടക്കരാറുകൾ ആദിവാസികളെ ഭൂരഹിതരാക്കി മാറ്റിയെന്നും വ്യക്ത മാക്കുന്നു. കമ്യൂണിസ്റ്റു പാർട്ടിയുടെ നയപരമായ പ്രശ്‌നവും സാമൂഹിക പശ്ചാത്തലവും ഭൂപരിഷ്‌ക്കരണം അട്ടിമറിക്കാൻ കാരണമായെന്നു വിശദമാക്കുന്ന കുഞ്ഞാമൻ മേലാള വർഗ്ഗങ്ങളുടെ സാമ്പത്തിക താല്പര്യം സംരക്ഷിച്ചു നടപ്പാക്കിയതാണ് ഭൂപരി ഷ്‌ക്കരണമെന്നും വിമർശിക്കുന്നു.

കേരളത്തിന്റെ ധൈഷണിക മണ്ഡല ത്തിൽ ദളിത് ചിന്തകരും എഴുത്തുകാരും ഉയർന്നു വരാത്തതിനെക്കുറിച്ചു കുഞ്ഞാമൻ ചർച്ച ചെയ്യുന്നുണ്ട്. ദളിത് ചരിത്രകാരന്മാർ ഉണ്ടാകുന്നതിനാലാണ് അയ്യങ്കാളിയുടെ ചരിത്രം ലോക മറിയാത്തതെന്ന് പറയുന്നു. ദളിതർ കച്ചവട - വ്യവസായരംഗത്തേക്കു വരണമെന്നും നവമുതലാളിത്തം ദളിത ർക്ക് സാധ്യമാക്കുന്ന സ്വാതന്ത്ര്യം ഉപയോഗിക്കണമെന്നും ആവശ്യപ്പെടു ന്നതു കാണാം. ദലിതരും പിന്നാക്കക്കാരും തമ്മിലാണ് നിലവിലെ പ്രശ്‌നമെന്നും പിന്നാക്ക വിഭാഗങ്ങളാണ് സമ്പത്തു കയ്യടക്കിയിരിക്കുന്നതെന്നും പണിയെടുക്കുക മാത്രമാണ് ദളിതരുടെ ജോലിയെന്നും കുഞ്ഞാമൻ നിരീക്ഷിക്കുന്നു.

ആഹാരവും വസ്ത്രവും സാമൂഹിക നീതിയുമില്ലാത്ത തന്റെ കാലത്തുനിന്നു വിഭിന്നമായ പുതിയകാലത്ത് ദളിത് യുവതയ്ക്ക് നേടിയെടുക്കാവുന്ന കാര്യങ്ങൾ കുഞ്ഞാമൻ പറയുന്നുണ്ട്. അവർക്ക് സഞ്ചരിക്കാൻ കഴിയണം, സാമ്പത്തിക സ്വാതന്ത്ര്യം നേടാൻ കഴിയണം. വൃദ്ധന്മാർ നിയന്ത്രിക്കുന്ന വ്യവസ്ഥിതിക്കപ്പുറം പുതിയ ആശയ ങ്ങളെ ആവിഷ്‌ക്കരിക്കാൻ കഴിയണം. വിമർശിക്കാനും സ്വതന്ത്ര ചിന്തയും ആത്മാഭിമാനവും വളർത്താൻ കഴിയണം എന്നിങ്ങനെ കുഞ്ഞാമൻ നിരവധി ആശയങ്ങൾ മുന്നോട്ടു വയ്ക്കുന്നു. സ്വന്തം പരിസരങ്ങളിൽ നിന്നു പുറത്തുപോയി സ്വന്തം സമീപനങ്ങളെ വികസിപ്പിക്കുകയും വിജ്ഞാനത്തിന്റെ തലത്തിൽ അംബേദ്ക്കറിസവുമായി താരതമ്യം പ്രാപിക്കാനും കഴിയണമെന്ന് അദ്ദേഹം പ്രത്യാശിക്കുന്നു. ദളിത് വിഭാഗത്തിന് ഇനി വക്താക്കളെയല്ല ചോദ്യം ചെയ്യുന്നവരെയാണ് ആവശ്യമെന്നാണ് കുഞ്ഞാമൻ വ്യക്തമാക്കുന്നത്.

ഉപസംഹാരം

മലയാളത്തിൽ നിരവധി ആത്മകഥകൾ, ഓർമ്മക്കുറിപ്പുകൾ ജീവചരിത്രങ്ങൾ, അനുഭവമെഴുത്ത് എന്നിവ ഉണ്ടായി ട്ടുണ്ട്. ദളിതരും ആദിവാസികളും ഉൾപ്പെട്ട ശ്രദ്ധേയരുടെ രചനകളും സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. സി.കെ. ജാനു, മയിലമ്മ, കല്ലേൻ പൊക്കുടൻ, കെ.കെ. കൊച്ച് എന്നിങ്ങനെ അരികുവ ത്ക്കരിക്കപ്പെടുന്നവരുടെ ആത്മകഥ കൾ ഏറെ വായിക്കപ്പെട്ടവയാണ്. അതിൽ എതിര് പ്രസക്തമാകുന്നത് വ്യവസ്ഥിതിയോടും ദാരിദ്ര്യത്തോടും മല്ലടിച്ച് ജയിച്ചൊരാൾ കേരളത്തിന്റെ ധൈഷണികമണ്ഡലത്തിലെ പ്രധാന വ്യക്തിത്വമാകുകയും താനുൾപ്പെടുന്ന സമൂഹത്തിന്റെ പ്രശ്‌നങ്ങളെ ഭയരഹിത മായി തുറന്നു പറയുകയും ചെയ്യുമ്പോ ഴാണ്. ഇന്ത്യൻ വ്യവസ്ഥിതിയിൽ ഒരു ദളിതന്റെ ഭാഗധേയം നിർണ്ണയിക്കുന്ന ജാതി എന്ന ഘടകത്തെ മതേതരത്വവും ഭരണഘടനാമൂല്യങ്ങളും ഉപയോഗിച്ച് മാറ്റിമറിച്ച് സാമൂഹിക നീതിയും സാമ്പത്തിക സ്വാതന്ത്ര്യവും എങ്ങനെ സാധ്യമാക്കാമെന്ന അദ്ദേഹത്തിന്റെ ചിന്തയാണ് സ്മരണകൾ എന്ന നിലയില്‍ ഈ ഗ്രന്ഥത്തിന്റെ പ്രാധാന്യം. സ്വാതന്ത്ര്യത്തിനും ഐക്യകേരളപ്പിറവി ക്കും ശേഷവും കേരളീയ സമൂഹത്തിൽ പ്രബലമായ ജാതീയാവസ്ഥകളെയും ഉന്നതവിദ്യാഭ്യാസം, പൊതുമണ്ഡലം, തൊഴിൽ മേഖലകൾ എന്നിവിടങ്ങളിൽ നിലനില്ക്കുന്ന അസമത്വത്തെയും കുറിച്ച് എതിരിൽ പ്രതിപാദിക്കുന്നു. രാഷ്ട്രീയം, അധികാരം, പരമ്പരാഗത സ്വത്തവകാശം, ആശ്രിതത്വം എന്നിവ ദളിത് വിഭാഗത്തെ എങ്ങനെ പാർശ്വവത്ക്കരിക്കുന്നുവെന്ന് കൃതി വിശകലനം ചെയ്യുന്നുണ്ട്. വിമർശന ത്തെ ഭയക്കുന്ന ഭരണാധികാരികൾ, സ്വതന്ത്ര്യചിന്ത പ്രോത്സാഹിപ്പിക്കാത്ത സർവ്വകലാശാലകൾ എന്നിവയെ വിമർ ശിക്കുന്ന ഗ്രന്ഥം ഇന്ത്യൻ ദളിതവസ്ഥ യുടെ മോചനമായി അംബേദ്ക്കറി സത്തിൽ പ്രതീക്ഷ വയ്ക്കുകയും മാർക്‌സിസത്തിനു തിരിച്ചു വരവി ല്ലെന്നും പറയുന്നുണ്ട്. ദളിത് ആദിവാസി വിദ്യാർത്ഥികൾ തങ്ങളുടെ ഭാഷയിലല്ല അധികാരി വർഗ്ഗഭാഷയിലാണ് അവരോടു പ്രതികരിക്കേണ്ടതെന്നും നിർഭയരാകണമെന്നും പറയുന്നു. ദളിതരും ആദിവാസികളും പെട്ടുപോകു ന്ന രാഷ്ട്രീയ കെണികളെക്കുറിച്ച് കുഞ്ഞാമൻ വിവരിക്കുകയും നവബ്രാഹ്മണിസത്തിന്റെ വക്താക്കളെ ക്കുറിച്ച് ബോധവത്ക്കരിക്കാൻ ശ്രമം നടത്തുകയും ചെയ്യുന്നു. വ്യവസ്ഥിതിയെ മാറ്റിമറിക്കാനാവശ്യമായ ആത്മവിശ്വാസവും അഭിമാന ബോധ വുമുള്ള ഒരു തലമുറയെ സൃഷ്ടിച്ചെടു ക്കാൻ തന്റെ ജീവിതാനുഭവങ്ങളെ ഉരുക്കിയെടുത്ത് അക്ഷരങ്ങളാക്കിയ കുഞ്ഞാമന്റെ സ്മരണകൾ അധഃകൃതരായ ഏതൊരു വ്യക്തികൾ ക്കും മുന്നോട്ടു നയിക്കപ്പെടാനുള്ള ആത്മപ്രചോദനമാണ്. വ്യവസ്ഥിതിയോടു പടവെട്ടാനൊരുമ്പെടു ന്ന ഏതൊരാൾക്കും ആത്മവിശ്വാസവും കരുത്തും പകരുന്ന ഉത്തമ സാഹിത്യസൃഷ്ടി കൂടിയാണ് എതിര്.

ഗ്രന്ഥസൂചി :

1.     എതിര് : എം. കുഞ്ഞാമൻ. ഡി.സി. ബുക്‌സ് 2017.

2.     മലയാളസാഹിത്യം കാലഘട്ടങ്ങളിലൂടെ. എരുമേലി കറന്റ് ബുക്‌സ്.2000

3.     സമ്യക് എഡി. എം.ബി. മനോജ് വിദ്യാർത്ഥി പബ്ലിക്കേഷൻസ് 2015.

4.     ദളിത്പ്രത്യയശാസ്ത്രം. കെ.കെ.എസ്. ദാസ്. കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് 2011.

0 comments
bottom of page