top of page

ഒരു ദേശത്തിൻകതൈ

ഭാഗം -2 .

ഡോ.ഷിബു കുമാർ പി എൽ


തിരുവിതാംകൂറിന്റെ ഭൂമിശാസ്ത്രം

പടിഞ്ഞാറു പരന്ന തീരദേശവും കിഴക്ക്,കുന്നും കുഴികളും ഇടകലർന്ന മലനാടുമാണ് ഭൂമിശാസ്ത്രപരമായി തിരുവിതാംകൂറിന്റെ അതിരുകൾ. തീരദേശത്തെക്കാൾ മൂന്നിരട്ടി വലുപ്പമുണ്ട് തിരുവിതാംകൂറിന്റെ മലനാടിന്. കിഴക്കൻ അതിർത്തി സഹ്യപർവതവും പടിഞ്ഞാറൻ അതിർത്തി അറബിക്കടലുമാണ്. കിഴക്കുഭാഗത്തു തിരുനെൽവേലി, മധുരജില്ലകൾ. വടക്കുവശം മലകൾ. മലകൾക്കപ്പുറം കോയമ്പത്തൂർജില്ലയാണ്. കൊച്ചിയാണ് വടക്കൻ അതിർത്തി. സഹ്യപർവതത്തിന്റെ കിഴക്കേയറ്റത്തു സ്ഥിതിചെയ്യുന്ന ഇൻഡ്യൻമഹാസമുദ്രം തിരുവിതാംകൂറിന്റെ തെക്കേയറ്റത്താണ്.


വലിയൊരു ഭൂപ്രദേശമായ തിരുവിതാംകൂറിനെ ഭരണസൗകര്യാർത്ഥം തെക്കൻതിരുവിതാംകൂർ, മധ്യതിരുവിതാംകൂർ, വടക്കൻതിരുവിതാംകൂർ, മലയോരമേഖല എന്നിങ്ങനെ തരംതിരിച്ചിരുന്നു. തോവാള, അഗസ്തീശ്വരം, കല്ക്കുളം, വിളവൻകോട്, നെയ്യാറ്റിൻകര, തിരുവനന്തപുരം, നെടുമങ്ങാട്, ചിറയിൻകീഴ് എന്നീ എട്ടുതാലൂക്കുകളാണ് തെക്കൻഡിവിഷനിൽ വരുന്നത്. കൊല്ലം, കരുനാഗപ്പള്ളി, കാർത്തികപ്പള്ളി, മാവേലിക്കര, കുന്നത്തൂർ, കൊട്ടാരക്കര, പത്തനാപുരം, ചെങ്കോട്ട, പത്തനംതിട്ട, തിരുവല്ല, അമ്പലപ്പുഴ എന്നീ പതിനൊന്നുതാലൂക്കുകൾ മധ്യതിരുവിതാംകൂറിലും ചങ്ങനാശ്ശേരി, കോട്ടയം, വൈക്കം, ചേർത്തല, പറവൂർ, കുന്നത്തുനാട്, മൂവാറ്റുപുഴ, തൊടുപുഴ, മീനച്ചൽ താലൂക്കുകൾ വടക്കൻതിരുവിതാംകൂറിലും പീരുമേട്, ദേവികുളംതാലൂക്കുകൾ ഹൈറേഞ്ചുമേഖലയിലുമാണ് വരുന്നത് (തിരുവിതാംകൂർ സെൻസസ് റിപ്പോർട്ട്: 1931 :2,3).

ഇത് 1931 ലെ ഭരണസൗകര്യാർത്ഥമുള്ള അഡ്മിനിസ്‌ട്രേറ്റീവ് വിഭജനമാണ്. ഈ റിപ്പോർട്ടിൽ പരാമർശിക്കുന്ന തെക്കൻ, മധ്യം, വടക്കൻ, ഹൈറേഞ്ച് മേഖലകൾ ഭരണയൂണിറ്റുകളാണ്; സാംസ്‌കാരികയൂണിറ്റുകൾ അല്ല. സാംസ്‌കാരികചിഹ്നങ്ങളുടെ അടിസ്ഥാനത്തിൽ തെക്കൻതിരുവിതാംകൂറിലെ എട്ടുതാലൂക്കുകളെ വീണ്ടും വിഭജിക്കേണ്ടിവരും. തോവാള, അഗസ്തീശ്വരം, കൽക്കുളം, വിളവങ്കോട്, നെയ്യാറ്റിൻകരത്താലൂക്കുകൾ ഒരേ സാംസ്‌കാരികഏകകം പുലർത്തുന്നവയാണ്. തിരുവനന്തപുരം, ചിറയിൻകീഴ്, നെടുമങ്ങാടുതാലൂക്കുകൾ മറ്റൊരു സാംസ്‌കാരികയൂണിറ്റാണ്. സാംസ്‌കാരികപഠനത്തിന് ഈ ഏകകവിഭജനമാണ് യുക്തം. തെക്കൻതിരുവിതാംകൂറിനുതന്നെ സാംസ്‌കാരികസവിശേഷക്തകളുടെ അടിസ്ഥാനത്തിൽ തെക്കൻ, വടക്കൻ വകഭേദമുണ്ട്.

തെക്കൻതിരുവിതാംകൂറിന്റെ ഭാഗമായ വിളവൻകോട്, കല്ക്കുളം, ഇരണിയൽ, തോവാള, അഗസ്തീശ്വരംതാലൂക്കുകൾ ഐക്യകേരളരൂപവത്കരണത്തോടെ തമിഴ്‌നാടിന്റെ ഭാഗമാവുകയും മേൽതാലൂക്കുകൾ ചേർന്നു കന്യാകുമാരിജില്ല രൂപീകൃതമാവുകയും ചെയ്തു. തെക്കൻതിരുവിതാംകൂറിന്റെ സാംസ്‌കാരികസവിശേഷതകളിൽ ഈ പ്രദേശങ്ങളാണ് പ്രത്യേകപ്രാധാന്യം അർഹിക്കുന്നത്. തിരുവിതാംകൂറിന്റെ രാഷ്ട്രീയഭൂപടത്തിലെ തെക്ക്, മദ്ധ്യം, വടക്ക് വിഭജനത്തിൽനിന്നു വ്യത്യസ്തമായി ആചാരം, ഭാഷ, വസ്ത്രം, ഭക്ഷണം തുടങ്ങിയ സാംസ്‌കാരികചിഹ്നങ്ങളുടെ അടിസ്ഥാനത്തിൽ വിലയിരുത്തുമ്പോൾ കന്യാകുമാരിജില്ലയിലെ നിലവിലെ നാലുതാലൂക്കുകൾക്കും (വിഭജനസമയത്ത് അഞ്ചുതാലൂക്കുകൾ ഉണ്ടായിരുന്നു) തിരുവനന്തപുരംജില്ലയിലെ നെയ്യാറ്റിൻകരത്താലൂക്കിനുമാണ്(ഇന്നത്തെ കാട്ടാക്കട താലൂക്കും )തെക്കൻസാംസ്‌കാരികസവിശേഷത കൂടുതലുള്ളത്. വിവാഹച്ചടങ്ങുകൾ, മരണാനന്തരച്ചടങ്ങുകൾ, ഉത്സവാഘോഷങ്ങൾ എന്നിവയിൽ ഇവിടങ്ങളിൽ പ്രാദേശികമായ സമാനത സ്പഷ്ടമായി കാണാൻ കഴിയുന്നു.

കന്യാകുമാരിജില്ലമുതൽ തിരുവനന്തപുരംവരെയുള്ള ഭാഗങ്ങൾ ഒന്നുപോലത്തെ സാംസ്‌കാരികഏകകങ്ങൾകൊണ്ട് ഒരുകാലത്തു സമാനതപുലർത്തിയിരുന്നതായി കാണാം. എന്നാൽ ഈ രണ്ടു പ്രദേശങ്ങൾ രണ്ടുസംസ്ഥാനങ്ങളിലായി മാറിയപ്പോൾ ഇവിടങ്ങളിലെ സാംസ്‌കാരികപ്രത്യേകതകൾക്കും ചെറിയരീതിയിൽ മാറ്റമുണ്ടായിട്ടുണ്ട്. എന്നാലും ചില കൊടുക്കൽവാങ്ങലുകളിലൂടെ രണ്ടിടങ്ങളും സാംസ്‌കാരികചിഹ്നങ്ങളെ സൂക്ഷിച്ചുപോരുന്നുണ്ട്. 1956-ലെ സംസ്ഥാനരൂപവത്കരണത്തോടെ സംഭവിക്കുന്ന രാഷ്ട്രീയഭൂപടത്തിലെ മാറ്റം സാംസ്‌കാരികജീവിതത്തിലും വ്യതിയാനമുണ്ടാക്കുന്നു.

ഭാഷാപരമായ വിഭജനം നെയ്യാറ്റിൻകരയ്ക്കപ്പുറത്തുള്ള ജനതയെ ഒറ്റ ഏകകമാക്കി മാറ്റി. തെക്കൻതിരുവിതാംകൂർ എന്നതു കന്യാകുമാരിജില്ലയും അതിർത്തിപ്രദേശവുമായി മാറി. തെക്കൻതിരുവിതാംകൂറിന്റെ തെക്കൻപ്രദേശങ്ങളായ കന്യാകുമാരിജില്ലയിലെ നാലുതാലൂക്കുകളും സാംസ്‌കാരികത്തുടർച്ചയുള്ള നെയ്യാറ്റികരത്താലൂക്കുമാണ് നിലവിലെ തെക്കൻതിരുവിതാംകൂർ. തിരുവിതാംകൂറിന്റെ ഏറ്റവും തെക്കുള്ള ഈ പ്രദേശങ്ങളെയാണ് 'തെക്കൻതിരുവിതാംകൂർ' എന്ന് സൂചിപ്പിക്കുന്നത്.


തെക്കൻതിരുവിതാംകൂറിന്റെ ഭൂമിശാസ്ത്രപരമായ സവിശേഷതകൾ


സാംസ്‌കാരികവിഭജനത്തിൽ ഉൾപ്പെടുന്ന തെക്കൻതിരുവിതാംകൂറിന്റെ ഭൂമിശാസ്ത്രമാണ് ഇവിടെ അടയാളപ്പെടുത്തുന്നത്. പശ്ചിമഘട്ടമലനിരയും തീരപ്രദേശവും ഏറ്റവും അടുത്തു സ്ഥിതിചെയ്യുന്ന ഭൂപ്രദേശമാണ് തെക്കൻതിരുവിതാംകൂറിന്റേത്. പശ്ചിമഘട്ടത്തിനു് ഇവിടെ പൊക്കം തീരെക്കുറവാണ്. സഹ്യപർവതനിര അവസാനിക്കുന്നത് തെക്കൻതിരുവിതാംകൂറിലാണ്. അതാണ് പൊക്കംകുറയാൻ കാരണം. സഹ്യപർവതത്തിലെ പ്രധാന മലനിരകളിലൊന്നായ അഗസ്ത്യപർവതത്തിനു് 6125 അടിയാണു പൊക്കം. ആരുവാമൊഴിചുരത്തിലെത്തുമ്പോൾ മലനിരകൾ പൂർണ്ണമായും തീരുന്നു. ഈ പ്രദേശത്തെ പ്രധാനമലകൾ അഗസ്തീശ്വരംതാലൂക്കിലെ മരുത്വാമലയും കൽക്കുളം താലൂക്കിലെ വേളിമലയുമാണ്. തിരുവനന്തപുരംജില്ലയിലെ നെയ്യാറ്റിൻകരത്താലൂക്കിൽ മൂക്കുന്നിമല സ്ഥിതിചെയ്യുന്നു. തീരപ്രദേശത്തോടടുക്കുമ്പോൾ മലനിരകൾക്കു പൊക്കം കുറയുന്നതായി കാണാം (തിരുവിതാംകൂർ സെൻസസ് റിപ്പോർട്ട്:1951:i). കന്യാകുമാരിക്കടലിന്റെ തീരത്തും കടലിന്റെ ഉള്ളിലെ കുറച്ചുപ്രദേശങ്ങളിലും പാറക്കെട്ടുകൾ കാണാൻ കഴിയുന്നത് ഈ കാരണംകൊണ്ടാണ്. വിവേകാനന്ദപ്പാറയും തിരുവള്ളുവർപ്രതിമയും സ്ഥാപിച്ചിട്ടുള്ളത് കന്യാകുമാരിക്കടലിലെ വലിയ പാറകളിലാണ്. മുട്ടം, കുളച്ചൽ കടൽത്തീരങ്ങളിലും ഇത്തരം പാറക്കെട്ടുകൾ കാണാൻ കഴിയും. സഹ്യപർവതനിരയും തീരപ്രദേശവും ഒരുമിക്കുന്ന പ്രദേശമായതുകൊണ്ടാണ് ഈ പ്രത്യേകത ഇവിടെ രൂപംകൊണ്ടത്.

മലകൾ

മലയ്ക്കും സമുദ്രത്തിനും വളരെയടുത്തു സ്ഥിതിചെയ്യുന്ന പ്രദേശമാണ് തെക്കൻതിരുവിതാംകൂർ. കിഴക്ക് അതിർത്തിയിലെ മലകൾക്കു പൊക്കക്കൂടുതലുണ്ട്. പടിഞ്ഞാറൻമലകൾക്കു ചരിവാണ്. ആരുവാമൊഴി എത്തുമ്പോൾ മലകൾ പൂർണ്ണമായും തീരുന്നു. ഈ മലനിരകളുടെ പേര് സഹ്യൻ എന്നാണ്. ഈ പ്രദേശത്തു വലിയ കാടുകളെക്കാൾ പാറക്കെട്ടുകളാണ് കൂടുതലുള്ളത്. തീരത്തോടടുക്കുന്നതുകൊണ്ടുള്ള പ്രകൃതിപ്രതിഭാസമാണിത്. വലിയ താഴ്‌വരകളോ അഗാധമായ ഗർത്തങ്ങളോ ഇവിടത്തെ പർവതനിരകൾക്കില്ല. സമുദ്രനിരപ്പിൽനിന്നു വലിയ ഉയരവും ഇവിടത്തെ മലനിരകൾക്കില്ല. തോവാളത്താലൂക്കിലെ മഹേന്ദ്രഗിരി, അശമ്പുമല, കല്ക്കുളംതാലൂക്കിലെ മൊട്ടച്ചിമല, ക്ലാമല, മുകളിയടിമല, നെടുമങ്ങാട്, നെയ്യാറ്റിൻകരത്താലൂക്കുകളിലായി(ഇന്നത്തെ കാട്ടാക്കടത്താലൂക്കും ഉൾപ്പെടുന്നു) വ്യാപിച്ചുകിടക്കുന്ന അഗസ്ത്യമല, നെടുമങ്ങാടുതാലൂക്കിലെ പൊൻമുടി, കല്ലനാടുമല, കുളത്തൂപ്പുഴമല എന്നിവയാണ് ഈ ഭാഗത്തെ പ്രധാന മലനിരകൾ.

തെക്കൻതിരുവിതാംകൂറിലെ ഏറ്റവും പൊക്കംകൂടിയ മലനിര അഗസ്ത്യമലയാണ്. ഇവിടെ തപസ്സു ചെയ്തിരുന്ന അഗസ്ത്യമുനിയിൽനിന്നാണ് ഈ മലയ്ക്ക് അഗസ്ത്യമല എന്നും അഗസ്ത്യകൂടം എന്നും പേരു ലഭിച്ചത്. സമുദ്രനിരപ്പിൽനിന്ന് ആറായിരത്തിലേറെ അടി ഉയരത്തിലാണ് ഈ മല സ്ഥിതിചെയ്യുന്നത്. നെയ്യാറും കരമനയാറും ഈ മലയിൽനിന്നാണ് ഉത്ഭവിക്കുന്നത്. തെക്കേയറ്റത്തെ ഉയരംകൂടിയ രണ്ടാമത്തെ മലനിരയാണ് മഹേന്ദ്രഗിരി. അയ്യായിരം അടിപൊക്കമുണ്ട്. 'ഹനുമാൻനദി' എന്നു പേരുള്ള നദി ഇവിടെനിന്നു ഉത്ഭവിച്ചു തിരുനെൽവേലിഭാഗത്തേക്കു് ഒഴുകുന്നു. മഹേന്ദ്രഗിരിയിൽനിന്നാണ് ഹനുമാൻ ശ്രീലങ്കയിലേക്കു പോയതെന്നാണ് ഐതിഹ്യം. അതാണ് 'ഹനുമാൻനദി' എന്നു പേരുവരാൻ കാരണം. മഹേന്ദ്രഗിരിയുടെ വടക്കുപടിഞ്ഞാറുള്ള 2000 അടിപൊക്കമുള്ള മലയാണ് മൊട്ടച്ചിമല. ഇവിടെ മരങ്ങൾ വളരെക്കുറവാണ്. പാറക്കെട്ടുകളാണ് കൂടുതൽ. വനനിബിഡമല്ലാത്ത മൊട്ടയായ മലയാണ് മൊട്ടച്ചിമല (കൃഷ്ണപിള്ള സി ആർ: തിരുവിതാംകൂറിന്റെ ഭൂമിശാസ്ത്രം :1936:5).


നദികൾ

കൃഷിക്കും ജലസേചനത്തിനുമായി തെക്കൻതിരുവിതാംകൂർജനത ഏറ്റവും കൂടുതൽ ആശ്രയിക്കുന്നത് നദികളെയും കുളങ്ങളെയുമാണ്. തോവാള, അഗസ്തീശ്വരംതാലൂക്കുകളിലൂടെ ഇരുപത്തിമൂന്നു മൈൽ ദൂരം ഒഴുകി മണക്കുടിക്കായലിൽ എത്തിച്ചേരുന്ന പഴയാറാണ് (വടശ്ശേരിയാർ) ഇവിടത്തെ പ്രധാനനദി. മഹേന്ദ്രഗിരിയുടെ താഴ്‌വരയിലുള്ള രണ്ടാംവരി മലകളിൽനിന്നാണ് പഴയാർ ഉത്ഭവിക്കുന്നത്. താമ്രവർണിനദിയിൽനിന്നു ചാലുകൾ പൊട്ടിച്ചും പഴയാറിലേക്കു തിരിച്ചുവിടാറുമുണ്ട്. പഴയാറും കായലും ഉൾപ്പെട്ട പ്രദേശമാണ് നാഞ്ചിനാട്. ഈ ആറ്റിലെ വെള്ളമാണ് നാഞ്ചിനാട്ടിലെ കൃഷിക്കു മുഖ്യമായി ഉപയോഗിക്കുന്നത്. ഭൂതപ്പാണ്ടി, ഒഴുകിണശ്ശേരി, നാഗർകോവിൽ, കോട്ടാറ്, ശുചീന്ദ്രം, താമരക്കുളം ഭാഗങ്ങളിലെ പ്രധാനജലസ്രോതസ്സ് ഈ നദിയാണ്.

കോതയാറും പറളിയാറും സംഗമിച്ചൊഴുകുന്ന കുഴിത്തുറയാറാണ് താമ്രവർണി (എല്ലാക്കാലത്തും ചെമ്പിച്ച നിറമുള്ള വെള്ളമുള്ളതിനാലാണ് താമ്രവർണി എന്ന പേരു വന്നത്). മഹേന്ദ്രഗിരിയുടെ വടക്കുകിഴക്കുഭാഗത്തുനിന്നുത്ഭവിക്കുന്ന പറളിയാർ തിരുവട്ടാറിൽവച്ചു കോതയാറുമായി സംഗമിക്കുന്നു. അതിനാൽ താമ്രവർണിയുടെ മേൽഭാഗത്തെ പറളിയാർ എന്നും കീഴ്ഭാഗത്തെ കുഴിത്തുറയാർ എന്നും ഒന്നിച്ചൊഴുകുമ്പോൾ താമ്രവർണി എന്നും വിളിക്കും. വിളവൻകോട്, കല്ക്കുളം താലൂക്കുകളിലൂടെ ഒഴുകി തേങ്ങാപ്പട്ടണം കടലിൽ താമ്രവർണി നദി എത്തിച്ചേരുന്നു (കൃഷ്ണപിള്ള സി ആർ:1936:20).

താമ്രവർണിയുടെ പോഷകനദിയാണ് കോതയാർ. ഇതു മൊട്ടച്ചിമലയ്ക്കുമുകളിലുള്ള മുത്തുക്കുഴിവയൽ ഉയർന്നതടത്തിൽനിന്നു പുറപ്പെട്ടു വിളവൻകോടുതാലൂക്കിലൂടെ ഒഴുകി തിരുവട്ടാറിൽവച്ചു പറളിയാറോടു ചേർന്നു കുഴിത്തുറയാറ് (താമ്രവർണി) ആയി ഒഴുകുന്നു. കോതയാറിലെ പ്രധാനപ്പെട്ട അരുവിയാണ് 'തൃപ്പരപ്പ്'. ഭദ്രകാളിയരുവി എന്നും ഇതിനു പേരുണ്ട്. പേച്ചിപ്പാറ അണക്കെട്ടു നിർമ്മിച്ചിട്ടുള്ളത് കോതയാറിലാണ്. അണയ്ക്ക് ഏതാണ്ട് 1400 അടി പൊക്കമുണ്ട്. നാഞ്ചിനാട്ടിലേക്കു വെള്ളംകൊണ്ടുപോകുന്നതിനുവേണ്ടിയാണ് ഈ അണ നിർമ്മിച്ചത്. ഈ അരുവിയുടെ കരയിലാണ് വിശാഖംതിരുനാൾ പണികഴിപ്പിച്ച കൽമണ്ഡപമുള്ളത്.

അഗസ്ത്യമലയിൽനിന്നുത്ഭവിക്കുന്ന നദിയാണ് നെയ്യാർ. ഇതു നെയ്യാറ്റിൻകരത്താലൂക്കിലൂടെ 35 മൈൽ ഒഴുകി പൂവാർ കടലിൽ എത്തിച്ചേരുന്നു (തിരുവിതാംകൂർ സെൻസസ് റിപ്പോർട്ട് :1951:iii).


കുളങ്ങൾ

നദീജലം എത്തിക്കാൻ കഴിയാത്തിടത്തെല്ലാം കുളങ്ങളാണ് ഇവിടത്തെ പ്രധാനജലസ്രോതസ്സ്. തോവാള, അഗസ്തീശ്വരം, കല്ക്കുളം താലൂക്കുകളിൽ ധാരാളം കുളങ്ങൾ കൃഷിയാവശ്യത്തിനായി നിർമ്മിച്ചിട്ടുണ്ട്. അയ്യായിരത്തോളം ചെറുതും വലുതുമായ കുളങ്ങൾ തെക്കൻതിരുവിതാംകൂറിലുണ്ട്. ഏറ്റവും കൂടുതലുള്ളത് നാഞ്ചിനാട്ടുമേഖലയിലാണ്. തെക്കുപടിഞ്ഞാറൻ കാലവർഷവും വടക്കുകിഴക്കൻ കാലവർഷവും ഇവിടെ ശക്തമല്ല. അതുകൊണ്ടു മഴയെ ആശ്രയിച്ചുള്ള കൃഷി ഇവിടെ സാധ്യമല്ല. വലിയ വലിയ കുളങ്ങളാണ് ഇവിടെയുള്ളത്. പല കുളങ്ങളും 'വലിയകുളം' എന്നാണ് അറിയപ്പെടുന്നത്. തടാകസമാനമായിരിക്കും ഓരോ കുളവും. ഓരോ ഏലായ്ക്കും ആവശ്യമായ വെള്ളം ഈ കുളത്തിൽനിന്നാണ് തുറന്നുവിടുന്നത്. ചെറിയ ചെറിയ കനാലുകൾ ഇതിനുവേണ്ടി കുളത്തിന്റെ പലവശത്തുനിന്നും തിരിച്ചുവിട്ടിട്ടുണ്ടാകും (തിരുവിതാംകൂർ സെൻസസ് റിപ്പോർട്ട്:1951:111). കൽക്കുളം, വിളവൻകോടുതാലൂക്കുകളിൽ വർഷകാലം സമൃദ്ധമാണ്. എന്നാലും ഇവിടെയും കുളങ്ങൾ കാണാൻ കഴിയും. കുളിക്കാനും മൃഗങ്ങളെ കുളിപ്പിക്കാനും തുണിയലക്കാനുമൊക്കെ കുളങ്ങളെ ഉപയോഗിക്കുന്നു. ഒരുകാലത്തു തിരുവിതാംകൂറിന്റെ നെൽക്കലവറയായിരുന്ന 'നാഞ്ചിനാടി'നെ ഇപ്പോൾ തമിഴ്‌നാടിന്റെ നെൽക്കലവറയായി നിലനിർത്തുന്നതിൽ വലിയ പങ്കാണ് ഇവിടത്തെ കുളങ്ങൾക്കുള്ളത്. ഇന്നു വികസനപ്രവർത്തങ്ങളുടെ ഭാഗമായി പല കുളങ്ങളും നികത്തിക്കഴിഞ്ഞു.നാഗർകോവിലെ ഒരു പ്രധാനപ്പെട്ട ബസ് സ്റ്റാൻഡിന്റെ പേര് കുളം ബസ്സ്റ്റാൻഡ് എന്നാണ്.കുളം നികത്തി വച്ചതാണ് ബസ് സ്റ്റാൻഡ് എന്നതിനു പേരുതന്നെ വലിയ തെളിവ്. എന്നിരുന്നാലും സമൃദ്ധമായ താമരക്കുളങ്ങൾ ഇപ്പോഴും നാഞ്ചിനാടു മേഖലയുടെ പ്രധാന ആകർഷണമാണ്.


തീരപ്രദേശം

കന്യാകുമാരി, മുട്ടം, മണ്ടയ്ക്കാട്, കൊളച്ചൽ, തേങ്ങാപ്പട്ടണം, തൂത്തൂർ, കൊല്ലങ്കോട്, പൂവാർ, വിഴിഞ്ഞം എന്നിവയാണ് തെക്കൻതിരുവിതാംകൂറിന്റെ പ്രധാനതീരപ്രദേശങ്ങൾ. മീൻപിടിത്തം ഉപജീവനമാക്കിയവരാണ് ഇവിടത്തെ മഹാഭൂരിപക്ഷം ജനത. തേങ്ങാപ്പട്ടണം, വിഴിഞ്ഞംഭാഗങ്ങളിൽ മുസ്ലീംവിശ്വാസികളായ മീൻപിടിത്തക്കാരും മറ്റുപ്രദേശങ്ങളിൽ ക്രൈസ്തവവിശ്വാസികളായ മീൻപിടിത്തത്തൊഴിലാളികളുമാണ് അധികമായുള്ളത്.


ഭൂമിയുടെ തരം

തെക്കൻതിരുവിതാംകൂറിന്റെ ഭൂപ്രദേശത്തെ താഴ്ന്ന ഇടം (Lowland), ഇടനാട് (Midland), മലനാട് (Highland) എന്നിങ്ങനെ മൂന്നായി തരംതിരിക്കാം. താമരക്കുളം, കൊട്ടാരം, നാഗർകോവിൽ, കുളച്ചൽ, ഇരണിയൽ, പാറശ്ശാല, നെയ്യാറ്റിൻകരപ്രദേശങ്ങൾ താഴ്ന്ന ഇടങ്ങളാണ്. ആരുവാമൊഴി, തക്കല, മേക്കോട്, കുലശേഖരം, കുഴിത്തുറഭാഗങ്ങൾ ഇടനാട് എന്ന ഉൾനാടൻപ്രദേശങ്ങളാണ്. തടിക്കാരക്കോണം, കളിയൽ, പേച്ചിപ്പാറ, ആറുകാണി, അഗസ്തീശ്വരം തുടങ്ങിയ മലയോരഭാഗങ്ങൾ മലനാടിലും ഉൾപ്പെടും. മൂന്നുതരം ഭൂമിയും വിവിധതരം കൃഷിക്ക് അനുയോജ്യമായ മണ്ണാണ് (തിരുവിതാംകൂർ സെൻസസ് റിപ്പോർട്ട്:1951:vi).


കാലാവസ്ഥ

ശാന്തമായ കാലാവസ്ഥയാണ് ഇവിടത്തത്. ഇടവപ്പാതിയും തുലാവർഷവും സുലഭമായി കിട്ടുന്നത് വിളവൻകോട്, കല്ക്കുളംതാലൂക്കുകളിലാണ്. നാഞ്ചിനാടുപ്രദേശങ്ങളായ തോവാളയിലും അഗസ്തീശ്വരത്തും മഴയുടെ അളവു താരതമ്യേന കുറവാണ്. അവിടെ മഴയെ ആശ്രയിച്ചുള്ള കൃഷിരീതിയല്ല; കുളങ്ങളാണ് പ്രധാന ജലസ്രോതസ്സ്. കർക്കടകമാസത്തിൽ ശക്തമായ കാറ്റാണ്. 'ആടിമാസക്കാറ്റ്' എന്നാണ് കർക്കടകക്കാറ്റ് അറിയപ്പെടുന്നത്. 'ആടിമാസക്കാറ്റിൽ അമ്മിയും പറന്നുപോകും' എന്നൊരു ചൊല്ലുതന്നെയുണ്ട്. കന്നിമാസത്തിൽ കൊടിയ ചൂടാണ് (കന്നിവെറിയിൽ കടലുവറ്റും). വൃശ്ചികം, ധനു, മകരമാസങ്ങളിൽ നല്ല തണുപ്പുള്ള കാലാവസ്ഥയാണ്. മേടം, ചിങ്ങം മാസങ്ങളിൽ ശാന്തമായ അന്തരീക്ഷമാണ്. ഇടവപ്പാതിമഴ പെയ്യുന്ന ഇടവം-മിഥുനമാസങ്ങളും തുലാവർഷം വരുന്ന തുലാമാസവും മഴക്കാലങ്ങളാണ്. ചില പ്രത്യേകദിവസങ്ങളിൽ ഏതു കാലാവസ്ഥയിലും മഴ പെയ്യാറുണ്ട്. മേടംപത്ത്, തുലാംപത്ത് എന്നീ ദിവസങ്ങളിൽ മഴ തെറ്റാതെ പെയ്യാറുണ്ട്. ഇവിടെ മേടംപത്ത് ചിത്തിരപ്പത്ത് എന്നാണ് അറിയപ്പെടുന്നത്. തമിഴ് മലയാളമാസങ്ങളുടെ പേരുകൾ ഇടകലർത്തിയാണ് കാലാവസ്ഥാസൂചനകൾക്ക് ഉപയോഗിക്കുന്നത്. ഇടവപ്പാതിയിലും തുലാമാസത്തിലും വെള്ളപ്പൊക്കം സാർവത്രികമാണ്. നെൽക്കൃഷി ചെയ്യുന്ന വയലുകളെയാണ് ഇതു കൂടുതലായി ബാധിക്കുന്നത്. പലപ്പോഴും വയലുകളെ ഫലഭൂയിഷ്ഠമാക്കാൻ ഈ വെള്ളപ്പൊക്കങ്ങൾ സഹായകമാകാറുണ്ട്. ഏതു കാലാവസ്ഥയിലും കുടിവെള്ളത്തിനു വലിയ ബുദ്ധിമുട്ടില്ല. തീരദേശത്തൊഴികെ മറ്റെല്ലാ പ്രദേശത്തും കിണറുകളാണ് പ്രധാന കുടിവെള്ളസ്രോതസ്സ്. തീരദേശത്തു സർക്കാരിന്റെ കുടിവെള്ള പൈപ്പ്‌ലൈൻ പദ്ധതിയാണ് ജലക്ഷാമം പരിഹരിക്കുന്നത്. ആവാസവ്യവസ്ഥയ്ക്ക് ഏറ്റവും അനുയോജ്യമായ കാലാവസ്ഥയാണ് തെക്കൻതിരുവിതാംകൂറിലുള്ളത്.

'ഈർപ്പമുള്ള കാലാവസ്ഥ, പച്ചപ്പ്, പച്ചക്കറിയുത്പാദനം, പൗരാണികമായ ഹൈന്ദവഭരണകൂടം, വൈവിധ്യമുള്ള ജനത' എന്ന് സാമുവൽ മെറ്റീർ പറഞ്ഞത് ഈ പ്രത്യേകതകൾ കണ്ടിട്ടാണ് (ഞാൻ കണ്ട കേരളം:23).

തുടരും.....

 

9 views0 comments
bottom of page