മനുഷ്യ താളവും പ്രപഞ്ച താളവും ഭാഗം -2
രാജി ടി.എസ്.
അസിസ്റ്റൻ്റ് പ്രൊഫസർ
സംഗീത വിഭാഗം
സർക്കാർ വനിതാകോളേജ് തിരുവനന്തപുരം
ഓണക്കാലം ഓർമ്മകളുടെ കാലം കൂടിയാണ്. അത്തം തുടങ്ങി തിരുവോണം വരെയുള്ള പത്ത് ദിവസങ്ങളിൽ മാത്രം ഒതുങ്ങുന്നതല്ല ഇന്നത്തെ ഓണാഘോഷം. ചെറുതും വലുതുമായി രൂപപ്പെട്ടിട്ടുള്ള ലോകമെമ്പാടുമുള്ള വിവിധ സംഘടനകളും സ്ഥാപനങ്ങളും ഓണം ആഘോഷിച്ചുകഴിയുമ്പോഴേക്കും ചിങ്ങവും കന്നിയും കടന്ന് തുലാം മാസത്തിലേക്ക് എത്തിയിട്ടുണ്ടാവും. ഗൃഹാതുരമായ ഓർമ്മകളാണ് ഓണം എന്ന ആഘോഷത്തെ സമ്പന്നമാക്കുന്നത്. അന്യദേശവാസികൾ നാട്ടിലെത്താൻ ആഗ്രഹിക്കുന്നതും നാട്ടിൽ എത്തുന്നതും ഇക്കാലത്താണ്. പ്രവാസികളായ ബന്ധുജനങ്ങൾ നമ്മെ സന്ദർശിക്കാൻ എത്തുന്നതതുപോലെ ചില ഗാനങ്ങളും ഓണക്കാലത്ത് നമ്മെ തേടി വരാറുണ്ട്. ഇത്തരം ഗാനങ്ങളെ ഓണാഘോഷം എന്ന സവിശേഷ അവസരത്തിൽ അല്ലാതെ നമ്മൾ ഓർക്കാറുമില്ല. അത്തരത്തിൽ ഓണക്കാലത്ത് മുഴങ്ങി ഒരു ഗാനമാണ് ,
‘തിരുവോണപ്പുലരി തൻ
തിരുമുൽക്കാഴ്ച വാങ്ങാൻ
തിരുമുറ്റമണിഞ്ഞൊരുങ്ങി
തിരുമേനി എഴുന്നള്ളും സമയമായി
ഹൃദയങ്ങൾ അണിഞ്ഞൊരുങ്ങി’
1975 ൽ ശ്രീകുമാരൻ തമ്പിയുടെ മികവാർന്ന രചനയിൽ ശ്രീ.എം.കെ അർജുനൻ മാസ്റ്റർ സംഗീതസംവിധാനം നിർവഹിച്ച് പത്മഭൂഷൺ വാണിജയറാമിന്റെ ശബ്ദത്തിൽ ‘തിരുവോണം’ എന്ന ചലച്ചിത്രത്തിലൂടെയാണ് ഈ പാട്ട് നമ്മിലേക്ക് എത്തുന്നത്. അക്ഷരശുദ്ധിയും, ആലാപനശുദ്ധിയും, ശ്രുതിശുദ്ധിയും ഒത്തിണങ്ങിയ ഗാനാലാപനസൗകുമാര്യമായ വാണിജയറാമിനെ നമ്മൾ വർഷത്തിൽ ഒരിക്കലെങ്കിലും ആരഭി രാഗത്തിൽ ചിട്ടപ്പെടുത്തിയ ഈ ഗാനത്തിലൂടെ സ്മരിക്കാറുമുണ്ട്.
1973-ൽ സ്വപ്നം എന്ന ചലച്ചിത്രത്തിലൂടെ മലയാള ചലച്ചിത്ര ഗാനശാഖയിലേക്ക് 'ആരും പാടാത്ത പാട്ടിന്റെ സൗന്ദര്യമായ്' വാണി ജയറാം വന്നിറങ്ങിയത് മലയാളത്തിന്റെ പ്രിയ കവി ഒ.എൻ.വി കുറുപ്പിന്റെ വരികളിലൂടെയും സലിൽ ചൗധരിയുടെ സംഗീതത്തിലൂടെയും ആയിരുന്നു.
"സൗരയൂഥത്തിൽ വിടർന്നോരു
കല്യാണസൗഗന്ധികമാണീ ഭൂമി
അതിൻ സൗവർണ്ണപരാഗമാണോമനേ നീ
അതിൻ സൗരഭമാണെന്റെ സ്വപ്നം”
എന്ന ഗാനം ആലപിച്ചു കൊണ്ട് മലയാളികളുടെ മനസ്സിൽ സ്ഥാനം നേടുകയായിരുന്നു അവർ. സിനിമ ബോക്സ് ഓഫീസിൽ ചലനങ്ങൾ സൃഷ്ടിച്ചില്ലെങ്കിലും അതിലെ അഞ്ചു ഗാനങ്ങളും ആസ്വാദകരുടെ മനസ്സിൽ ചിരപ്രതിഷ്ഠ നേടി.1945 ഇൽ തമിഴ്‌നാട്ടിലെ വെല്ലൂരിൽ ദുരൈസ്വാമി അയ്യരുടെയും പദ്മാവതിയുടെയും മകളായി വാണി ജനിച്ചു. മാതാപിതാക്കൾ അവൾക്ക് നൽകിയ പേര് കലൈവാണി എന്നായിരുന്നു.
സംഗീതപാരമ്പര്യമുള്ള കുടംബമായിരുന്നു കലൈവാണിയുടേത്. അച്ഛനും അമ്മയും ശ്രീരംഗരാമാനുജ അയ്യങ്കാരുടെ ശിഷ്യർ ആയിരുന്നു. അദ്ദേഹവും കടലൂർ ശ്രീനിവാസ അയ്യങ്കാർ, T.R.ബാലസുബ്രമണ്യം, R S മണി എന്നിവരും കലൈവാണിയെ സംഗീതം അഭ്യസിപ്പിച്ചു. ഏഷ്യയിലെ തന്നെ ആദ്യത്തെ റേഡിയോ സ്റ്റേഷൻ ആയിരുന്ന റേഡിയോ സിലോൺ-ന്റെ കടുത്ത ആരാധികയായിരുന്നു കലൈവാണി. ഏഷ്യയിലെ തന്നെ ആദ്യത്തെ റേഡിയോ സ്റ്റേഷൻ ആയിരുന്നു ശ്രീലങ്കയിലെ ( സിലോൺ) റേഡിയോ സിലോൺ. ‘ബിനാകാ ഗീത് മാല’ എന്ന പരിപാടിയിലൂടെ ‘റേഡിയോ സിലോൺ’ സംപ്രേഷണം ചെയ്തിരുന്ന ഹിന്ദി സിനിമാ ഗാനങ്ങൾ കലൈവാണിയെ ആകർഷിച്ചിരുന്നു. ഓരോ ഗാനങ്ങളുടെയും പശ്ചാത്തലസംഗീതം വരെ സ്വരപ്പെടുത്തി ഹൃദിസ്ഥമാക്കുന്ന രീതിയിൽ അവർ ആ ഗാനങ്ങളെ ആരാധിച്ചിരുന്നു, അഭ്യസിച്ചിരുന്നു. തന്റെ എട്ടാമത്തെ വയസ്സിൽ, ഓൾ ഇന്ത്യ റേഡിയോയിൽ പാടിക്കൊണ്ടാണ് കലാവതരണമേഖലയിൽ കലൈവാണി ചുവടു വച്ചത്. സ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം, മദ്രാസിലെ പ്രശസ്തമായ ക്വീൻ മേരീസ് കോളേജിൽ നിന്നും ബിരുദമെടുത്തു. തുടർന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ ജോലി ലഭിച്ചു. 1967 ൽ ജയറാമുമായുള്ള വിവാഹ ശേഷം ബോംബയിൽ സ്ഥിര താമസമാക്കുന്നു.
തന്റെ ഭാര്യയുടെ സംഗീത വാസനകളെ മനസ്സിലാക്കിയ ശ്രീ ജയറാം കലൈവാണിയുടെ കലാസപര്യയുടെ ഓരോ ചുവടിലും പിന്തുണയും പ്രോത്സാഹനവുമായി അവരോടൊപ്പം നടന്നു. ഇൻഡോ ബെൽജിയൻ ചേംബർ ഓഫ് കോമേഴ്‌സ് ൽ എക്സിക്യൂട്ടീവ് സെക്രട്ടറി ആയി
ജോലിചെയ്തിരുന്ന അദ്ദേഹം തന്റെ ഉദ്യോഗം രാജിവച്ചു. ജയറാമിന്റേതും ഒരു സംഗീതപാരമ്പര്യമുള്ള കുടുംബം ആയിരുന്നു. “രസികരഞ്ജനി” എന്ന ചെന്നൈയിലെ പ്രശസ്തമായ സംഗീതസഭയുടെ സ്ഥാപകനായ F G നടേശ അയ്യർ അദ്ദേഹത്തിന്റെ മുത്തശ്ശൻ ആയിരുന്നു. അദ്ദേഹത്തിന്റെ അമ്മ പദ്മ സ്വാമിനാഥൻ ആകട്ടെ ഓൾ ഇന്ത്യ റേഡിയോയുടെ ഗ്രേഡഡ് ആര്ടിസ്റ്റും സാമൂഹ്യപ്രവർത്തകയും. തന്റെ രണ്ടു ആണ്മക്കളെയും സംഗീതജ്ഞകളായ പെൺകുട്ടികളെ കൊണ്ട് വിവാഹം കഴിപ്പിക്കാൻ മുൻകൈ എടുത്തതും ആ അമ്മ തന്നെ ആയിരുന്നു. ജയറാമിന്റെ സോഹദരന്റെ ഭാര്യയാണ് പ്രശസ്ത വയലിനിസ്റ്റ് പദ്മഭൂഷൺ N രാജം.
ജയറാമിന്റെ നിർബന്ധപ്രകാരം കലൈവാണി ഉസ്താദ് അബ്ദുൽ റഹ്മാൻ ഖാനിൽ നിന്നും ഹിന്ദുസ്ഥാനി സംഗീതം അഭ്യസിച്ചു തുടങ്ങി. ആറുമാസത്തോളം രാവിലെ 10 മണിക്ക് തുടങ്ങി വൈകിട്ട് 6 മണി വരെ നീളുന്ന ഗൗരവമേറിയ സംഗീത ശിക്ഷണം വാണിയമ്മയ്ക്ക് ലഭിച്ചു. ഉസ്താദിന്റെ നിരന്തര പരിശീലനത്താൽ തുമ്രി, ഗസൽ, ഭജൻ എന്നീ സംഗീതരൂപങ്ങളിൽ പ്രാഗൽഭ്യം നേടാനും 1969 ൽ ഹിന്ദുസ്ഥാനി സംഗീതം വേദിയിലവതരിപ്പിക്കാനും കലൈവാണിക്ക് സാധിച്ചു.
ഗുരുവിന്റെ സഹായത്താൽ സംഗീതം ആണ് തന്റെ ‘പ്രൊഫഷൻ’ എന്ന് തിരിച്ചറിഞ്ഞ കലൈവാണി തന്റെ ജോലി രാജിവെക്കുകയും ചെയ്‌തു. ഗുരു തന്നെയാണ് വസന്ത് ദേശായി എന്ന സംഗീത സംവിധായകന്റെ കൈകളിൽ ഭദ്രമായി വാണി ജയറാമിനെ ഏൽപ്പിക്കുന്നത്. വസന്ത് ദേശായി ഇല്ലെങ്കിൽ വാണി ജയറാം എന്ന പിന്നണിഗായിക ഉണ്ടായിരിക്കില്ല എന്ന് വാണി ജയറാം പലപ്പോഴും അഭിപ്രായപ്പെട്ടിട്ടുണ്ട്.
1971 ൽ ഹൃതികേശ് മുഖർജീ സംവിധാനം ചെയ്ത "ഗുഡ്‌ഡി" എന്ന ചിത്രത്തിലെ ഗുൽസാർ രചിച്ച ‘ബോലേ രേ പപ്പീഹര’ എന്ന ഗാനത്തിലൂടെ വസന്ത് ദേശായി വാണി ജയറാമിനെ ചലച്ചിത്ര പിന്നണി ഗായികയായി
അവതരിപ്പിച്ചു. ‘മിയാൻ കി മൽഹാർ’ രാഗത്തിൽ ചിട്ടപ്പെടുത്തിയ തന്റെ ആദ്യഗാനത്തിലൂടെ പ്രശസ്തിയുടെ കൊടുമുടിയിലേക്ക് വാണി ജയറാം എത്തിച്ചേർന്നു. ബിനാകാ ഗീത് മാലയിൽ തുടർച്ചയായി 16 ആഴ്ചകളിൽ ഈ ഗാനം ഒന്നാമതായി എത്തി. ഹിന്ദിസിനിമാലോകത്തിനു വേണ്ടി നിരന്തരം അല്ലെങ്കിലും വാണിജയറാം ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. ചിത്രഗുപ്ത്, നൗഷാദ്, മദൻ മോഹൻ, R D ബർമൻ, ശ്യാം-ഘനശ്യാം, ലക്ഷ്മികാന്ത് - പ്യാരേലാൽ, കല്യാൺജി - ആനന്ദ്ജി തുടങ്ങിയ സംഗീതസംവിധായകർക്കു വേണ്ടി ഒരുപിടി
നല്ല ഗാനങ്ങൾ വാണിയമ്മ പാടിയിട്ടുണ്ട്. 1979 ൽ ഗുൽസാർ സംവിധാനം ചെയ്ത 'മീര' എന്ന സിനിമയിലെ പണ്ഡിറ്റ് രവിശങ്കർ ചിട്ടപ്പെടുത്തിയ 13 ഗാനങ്ങളും വാണി ജയറാം ആയിരുന്നു ആലപിച്ചത്. അതിലെ "ജോ തും തോടോ പിയാ മേ നാഹി തോടും" എന്ന ഗാനം 'താൻസെൻ സമ്മാൻ' ഉൾപ്പെടെ നിരവധി അവാർഡുകൾ വാണിയമ്മയ്ക്ക് നേടിക്കൊടുത്തു.
1973 ലാണ് വാണിജയറാം തമിഴ്, മലയാളം, തെലുങ്ക്, കന്നഡ സിനിമകളിൽ പാടിത്തുടങ്ങുന്നത്. 1974 ൽ ശ്രീ. എം എസ് വിശ്വനാഥൻ സംഗീതം നൽകിയ 'മല്ലികയ് എൻ മന്നൻ മയങ്കും' എന്ന ഗാനം വാണി ജയറാമിന് തമിഴ് ആസ്വാദകരുടെ ഇടയിൽ പ്രത്യേക സ്ഥാനം നൽകി. 1975 ൽ 'അപൂർവ്വ രാഗങ്ങൾ' എന്ന ചിത്രത്തിലൂടെ അദ്ദേഹത്തിൻ്റെ തന്നെ സംഗീത
സംവിധാനത്തിൽ (രചന - കണ്ണദാസൻ) പുറത്തു വന്ന "ഏഴു സ്വരങ്കളുക്കുൾ എത്തനയ് പാടൽ' എന്ന ഗാനം വാണിജയറാമിന് ആദ്യത്തെ ദേശീയ അവാർഡ് നേടിക്കൊടുത്തു.
പന്തുവരാളി, കാംബോജി, സിന്ധുഭൈരവി, രഞ്ജനി എന്നീ രാഗങ്ങളിൽ കർണാടകസംഗീതശൈലിയിൽ രാഗമാലിക രൂപത്തിൽ ചിട്ടപ്പെടുത്തിയ ഈ ഗാനം ഒരു ബെഞ്ച്മാർക്ക് ആയി കണക്കാക്കുന്നു. കെ.വി മഹാദേവൻ, ശങ്കർ - ഗണേഷ്, ഇളയരാജ, എ ആർ റഹ്മാൻ തുടങ്ങി പ്രഗല്ഭരായ സംഗീതസംവിധായകർക്കൊപ്പം വാണി ജയറാം പ്രവർത്തിച്ചു. സുശീലാമ്മയ്ക്കും എൽ ആർ ഈശ്വരിയമ്മയ്ക്കും ജാനകിയമ്മയ്ക്കുമൊപ്പം വാണി ജയറാമിനെയും ആസ്വാദകലക്ഷം നെഞ്ചിലേറ്റി.
1973 ൽ തന്നെയാണ് തെലുങ്കു സിനിമയിലും വാണിയമ്മയുടെ ശബ്ദം റെക്കോർഡ് ചെയ്യപ്പെട്ടത്. ജനകീയമായ ഒരുപാട് ഗാനങ്ങൾ വാണിയമ്മ തെലുങ്ക് സിനിമകളിൽ പാടിയിട്ടുണ്ട്. 1979 ൽ ശങ്കരാഭരണം എന്ന ചിത്രത്തിലെ കെ വി മഹാദേവൻ ഈണം നൽകിയ പാട്ടുകൾക്ക് രണ്ടാമത്തെ ദേശീയ അവാർഡ് വാണിയമ്മയ്യ്ക്ക് ലഭിച്ചു. ഒപ്പം കെ വി മഹാദേവൻ മികച്ച സംഗീത സംവിധായകനായും S P ബാലസുബ്രഹ്മണ്യം മികച്ച ഗായകനായും ദേശീയ പുരസ്‌കാരങ്ങൾ നേടി. 1990 ൽ സ്വാതികിരണം എന്ന ചിത്രത്തിലെ ഗാനങ്ങൾ മൂന്നാമതും രാജ്യത്തിലെ ഏറ്റവും മികച്ച പിന്നണിഗായികയ്ക്കുള്ള അവാർഡ് വാണിയമ്മയ്ക്ക് നേടിക്കൊടുത്തു.
മലയാളത്തിൽ 600 ൽ അധികം ഗാനങ്ങൾ വാണിയമ്മയുടേതായി റെക്കോർഡ് ചെയ്യപ്പെട്ടിട്ടുണ്ട്. മലയാളത്തിലെ എല്ലാ പ്രമുഖ സംഗീതസംവിധായകർക്കും വേണ്ടി വാണിയമ്മ പാടിയിട്ടുണ്ട്. മലയാളം നൽകിയ സ്നേഹത്തെക്കുറിച്ച് പല അഭിമുഖങ്ങളിലും ആവർത്തിച്ച് വാണിയമ്മ സംസാരിച്ചിട്ടുമുണ്ട്. എംകെ അർജുനൻ - ശ്രീകുമാരൻ തമ്പി ടീമിന്റെ അനവധി സൂപ്പർ ഹിറ്റ് ഗാനങ്ങൾ ഇന്നും ശ്രോതാക്കളുടെ ഇടയിൽ സജീവമായി നിലകൊള്ളുന്നു. മാവിൻ്റെ കൊമ്പിലിരുന്നൊരു മൈന ചിലച്ചു, വാല്‍ക്കണ്ണെഴുതി, എന്റെ കയ്യില്‍ പൂത്തിരി
(വി ദക്ഷിണാമൂർത്തി - വയലാര്‍ രാമവര്‍മ്മ), നാടൻപാട്ടിലെ മൈന (സലിൽ ചൗധരി - വയലാര്‍ രാമവര്‍മ്മ), ആഷാഢമാസം (ആര്‍ കെ ശേഖര്‍ - മങ്കൊമ്പ് ഗോപാലകൃഷ്ണൻ), സീമന്ത രേഖയിൽ (എംകെ അർജുനൻ - ഭരണിക്കാവ് ശിവകുമാര്‍), തൃപ്രയാറപ്പാ ശ്രീരാമാ (എം എസ് വിശ്വനാഥൻ - മങ്കൊമ്പ് ഗോപാലകൃഷ്ണൻ), നാദാപുരം പള്ളിയിലെ (കെ രാഘവന്‍-യൂസഫലി കേച്ചേരി), ഓര്‍മ്മകള്‍ ഓര്‍മ്മകള്‍
(എം ജി രാധാകൃഷ്ണന്‍ - കാവാലം നാരായണപ്പണിക്കര്‍), മറഞ്ഞിരുന്നാലും (കെ ജെ ജോയ് - യൂസഫലി കേച്ചേരി), വളകിലുക്കം കേൾക്കണല്ലോ (ശങ്കര്‍ ഗണേഷ് - ഓ എന്‍ വി കുറുപ്പ്), നന്ദ സുതാവര (ജോണ്‍സണ്‍ - എം ഡി രാജേന്ദ്രന്‍), ഏതോ ജൻമകൽപയിൽ (ജോണ്‍സണ്‍ - പൂവച്ചൽ ഖാദർ) പാലാഴിപ്പൂമങ്കേ (രവീന്ദ്രൻ - ബിച്ചു തിരുമല), വീണാപാണിനി (വിദ്യാധരൻ - ശ്രീമൂലനഗരം വിജയന്‍), വീണേ നിന്നെ മീട്ടാന്‍ (കണ്ണൂര്‍ രാജന്‍ - ബിച്ചു തിരുമല), മനസ്സിന്‍ മടിയിലെ ( ജോണ്‍സണ്‍ - ഷിബു ചക്രവർത്തി), ഓലഞ്ഞാലി കുരുവീ (ഗോപി സുന്ദർ - ബി കെ ഹരിനാരായണന്‍) , മാനത്തെ മാരി കുറുമ്പ (ഗോപി സുന്ദർ - മുരുകൻ കാട്ടാക്കട) തുടങ്ങിഎത്രയെത്ര ഗാനങ്ങൾ വാണി ജയറാം നമുക്ക് സമ്മാനിച്ചിരിക്കുന്നു.
തെളിവാർന്ന , മനസ്സിലേക്ക് തുളച്ചു കയറുന്ന, പ്രത്യേക ടിംബർ ഉള്ള, വിവിധ സ്ഥായികളിൽ അനായാസം സഞ്ചരിക്കുന്ന ശബ്ദത്തിനുടമയാണ് വാണി ജയറാം. എത്ര വൈഷമ്യമേറിയ പാട്ടും അതിന്റെ സൂക്ഷ്മാംശങ്ങൾ നഷ്ടപ്പെടാതെ ആലപിക്കുന്ന, വളരെ പെട്ടെന്ന് ഹൃദിസ്ഥമാക്കുന്ന, ശ്രുതി ശുദ്ധമായ, ഏതു തരത്തിലുള്ള ഗാനമായാലും അവതരണ മികവ് പുലർത്തുന്ന, ഭാവത്തെ മനോഹരമായി പ്രതിഫലിപ്പിക്കുന്ന ആലാപന ചാരുത. വാണിയമ്മയ്ക്കു വേണ്ടി സംഗീതം ചിട്ടപ്പെടുത്തുമ്പോൾ ഒരു തരത്തിലുള്ള ബുദ്ധിമുട്ടുകളോ, ലിമിറ്റേഷൻസോ സംഗീതസംവിധായകർക്ക് ഉണ്ടാവാറില്ല.
നിരവധി ഭക്തി ഗാനങ്ങൾ വാണിയമ്മ തന്നെ എഴുതി ചിട്ടപ്പെടുത്തി റെക്കോർഡ് ചെയ്തു പുറത്തിറക്കിയിട്ടുണ്ട്. ഈണത്തോട് കൂടി തന്റെ മനസ്സിലേക്ക് വരികൾ എത്തിച്ചേരുകയാണെന്ന് വാണിയമ്മ തന്നെ പറഞ്ഞിട്ടുണ്ട്. തമിഴിൽ സ്വന്തം കവിതകൾ ചേർത്ത് കവിതാസമാഹാരം പുറത്തിറക്കിയിട്ടുണ്ട് .റേഡിയോയിനോടുള്ള സ്നേഹം വാണിയമ്മയ്ക്ക് എല്ലായ്‌പോഴും ഉണ്ടായിരുന്നു. രാത്രി വൈകിയും ക്രിക്കറ്റ് കമെന്ററികൾ കേൾക്കുന്ന ശീലം അവർക്കുണ്ടായിരുന്നു, ഒപ്പം ടെന്നിസിനെയും അവർ സ്നേഹിച്ചു.
വിവിധഭാഷകളിലായി ആയിരത്തിലേറെ സിനിമകളിലൂടെ ഇരുപതിനായിരത്തിൽ അധികം ഗാനങ്ങളും, ഭക്തിഗാനങ്ങളും ആൽബം സോങ്ങുകളും ഉൾപ്പെടെ ആയിരക്കണക്കിന് മറ്റു ഗാനങ്ങളും നമുക്ക് നൽകിയ വാണിജയറാം 2023 ഫെബ്രുവരിയിൽ മരണപ്പെട്ടു. മൂന്നു തവണ മികച്ച പിന്നണി ഗായികയ്ക്കുള്ള ദേശീയ അവാർഡ്, ഗുജറാത്ത് തമിഴ്നാട് ആന്ധ്ര പ്രദേശ് ഒറീസ എന്നീ സംസ്ഥാനങ്ങളിലെ മികച്ച പിന്നണി ഗായികയ്ക്കുള്ള സ്റ്റേറ്റ് അവാർഡ് , മൂന്ന് ഫിലിം ഫെയർ അവാർഡുകൾ ഉൾപ്പെടെ മുപ്പതിൽ അധികം ബഹുമതികൾ വാണിജയറാമിനെ തേടി എത്തിയിട്ടുണ്ട്. മികച്ച പല ഗാനങ്ങളും മലയാളത്തിൽ പാടിയെങ്കിലും കേരളത്തിൽ നിന്നും ചലച്ചിത്ര പിന്നണി ഗായികക്കുള്ള അവാർഡുകൾ അവർക്ക് ലഭിച്ചിട്ടില്ല. എം.കെ അർജുനൻ മാസ്റ്ററിന്റെ സംഗീതസംവിധാനത്തിലാണ് മലയാളത്തിൽ ഏറ്റവും കൂടുതൽ ഗാനങ്ങൾ വാണി ജയറാം പാടിയിട്ടുള്ളത്. വിവിധ സംഗീത ശൈലിയിലുള്ള സങ്കീർണങ്ങളായ ഗാനങ്ങൾ ഭാവതീവ്രത അല്പം പോലും കുറയാതെ അനായാസമായി പാടാനുള്ള അവരുടെ കഴിവ് അത്ഭുതമുളവാക്കുന്നതാണ്. സംഗീതജ്ഞാനത്തിനൊപ്പം ഒരു കലാകാരന് ഹൃദയ വിശുദ്ധിയും വേണമെന്ന് വാണി ജയറാം അഭിപ്രായപ്പെട്ടിട്ടുണ്ട്. ഭൗതിക രൂപത്തിൽ നമ്മോടൊപ്പം ഇല്ല എങ്കിലും ആ ശബ്ദം ലോകമുള്ള കാലം വരെയും നിലനിൽക്കും.