കവിത
ഷീബ എം.എസ്.
ഒറ്റയ്ക്കാകുകയെന്നാൽ...
ഇനിയൊരിക്കലും മടങ്ങിവരാത്ത
ഒരാളുടെ ഓർമകളെ ഉരുക്കിയുരുക്കി
കുഞ്ഞുമേഘങ്ങളായിപ്പോലും
ബാഷ്പീകരിക്കാനാവാതെ...
ഇല്ലാതാക്കുകയെന്നു കൂടിയാണ്.
ഒറ്റയ്ക്കാകുകയെന്നാൽ...
പ്രിയപ്പെട്ടവരും ബന്ധുക്കളും അപരിചിതരും
നൽകുന്ന അവഗണനയും നിരാസവും
സ്വീകരിക്കില്ലെന്ന മുന്നറിയിപ്പു കൂടിയാണ്.
ഒറ്റയ്ക്കാകുകയെന്നാൽ...
എന്നോളം എനിക്ക് കൂട്ടാവാൻ മറ്റുള്ളവർക്കാകില്ലായെന്ന തിരിച്ചറിവു കൂടിയാണ്.
ഒറ്റയ്ക്കാകുകയെന്നാൽ...
എനിക്കുചുറ്റും മറ്റാർക്കും കാണാനാകാത്ത
വേലിതീർക്കുകയെന്നും കൂടിയാണ്.
ഒറ്റയ്ക്കാകുകയെന്നാൽ...
എന്റെ സ്വാതന്ത്ര്യം എന്റെ പരമാധികാരം
എന്നുംകൂടി പറഞ്ഞുവയ്ക്കേണ്ടി വരുന്നു.
ഒറ്റയ്ക്കാകുകയെന്നാൽ...
മുറിവേൽക്കപ്പെടാൻ മനസ്സില്ലായെന്നു തന്നെയാണ്.
ഒറ്റയ്ക്കാകുകയെന്നാൽ...
ഞാൻ കരുത്തുള്ള പെണ്ണായി മാറ്റപ്പെട്ടിരിക്കുന്നുവെന്നും,
എന്നിലെ മാറ്റത്തിന്റെ ഉത്തരവാദികൾ
ചുറ്റുമുള്ളവർ തന്നെയെന്നും പരമാർത്ഥം!
ഒറ്റയ്ക്കാകുകയെന്നാൽ....
എന്നിലെ എന്നെ തിരിച്ചറിഞ്ഞുവെന്നും
സന്തോഷങ്ങൾ.. സങ്കടങ്ങൾ... എല്ലാം
എനിക്കുമാത്രം സ്വന്തമെന്നും ഞാൻ
പറയാതെ പറഞ്ഞുവയ്ക്കുന്നു.