ഓർമ്മ
ഷിബു കുമാർ പി എൽ
1
കഥകളിലെ ഓണമല്ല എന്റെ നാട്ടിലെ ഓണം.
വർഷംതോറും ഉയിർത്തെഴുന്നേറ്റുവരുന്ന മാവേലിയുടെയോ അദ്ദേഹത്തെ ചവിട്ടിത്താഴ്ത്തിയ വാമനന്റെ കഥയോ ,കല്ലുപ്പാലത്തുകാരായ നമുക്ക് അത്ര സുപരിചിതല്ലായിരുന്നു.ഓണപ്പരീക്ഷ എന്നൊരു അസാധാരണപരീക്ഷ ഉണ്ടെന്നും അതുകഴിഞ്ഞാൽ കിട്ടുന്ന എണ്ണിക്കൊണ്ടുള്ള പത്തുദിവസത്തെ അവധിയാണ് ഓണമെന്നും മാത്രമേ വിവരമുള്ളൂ . പരീക്ഷയുമായി ബന്ധപ്പെട്ട എന്തോ ഒന്ന്-അതാണ് ഓണത്തെക്കുറിച്ചുളള ഒന്നാമത്തെ ഐതീഹ്യം.
ഓണാവധിദിവസങ്ങളിൽ കല്ലുപ്പാലം സ്കൂൾഗ്രൗണ്ടിൽ രജിനികാന്തിന്റെ സിനിമകളുടെ പ്രദർശനമുണ്ടാകും. മാവേലിയെപ്പോലെ 'നല്ലവനുക്ക് നല്ലവനായ' രജിനികാന്തിന്റെ സിനിമകൾ കാണിക്കുന്ന ദിനമാണ് ഓണം. ഇതാണ് ഓണത്തെക്കുറിച്ചു പിള്ളേരുടെ ഇടയിലെ മറ്റൊരു ഐതീഹ്യം . അതിൽ പിള്ളേരെ കുറ്റം പറയാനാകില്ല.രജിനികാന്തിന്റെ സിനിമ ഇല്ലാതെ ഒരുകാലത്തു കല്ലുപ്പാലത്ത് ഓണം കടന്നുപോകാറില്ലായിരുന്നു .
വർഷത്തിലൊരിക്കൽ ഓണത്തോടനുബന്ധിച്ചു നടക്കുന്ന ഈ സിനിമാപ്രദർശനമാണു സിനിമ കാണാനുള്ള ഏകവഴി .പ്രദർശനം നടത്തുന്നത് രജിനി രസികർ മന്റമാണ്.അമ്മാച്ചൻവിളയിലെ താടിക്കാരൻ അശോകണ്ണനാണ് ഫാൻസിന്റെ മെയിൻ ആൾ .അണ്ണൻ രജിനിയുടെയും കോൺഗ്രസ്സിന്റെയും ആളാണ്.രജിനിയെ മദ്രാസിൽ പോയി കണ്ടിട്ടുണ്ടെന്നാണ് പറയുന്നത് .രജിനികാന്ത് ഫാൻസ് അസോസിയേഷൻ നാലു സിനിമയാണ് ഓണത്തലേന്നു ഒരുക്കുന്നത് . നാലും രജിനികാന്തിന്റെ സിനിമയായിരിക്കും. കല്ലുപ്പാലത്തെ തമിഴരുടെയും മലയാളികളുടെയും അന്താരാഷ്ട്ര രജിനി ഉത്സവമാണ് ഓണം.
ഓണസിനിമ കാണുന്നതിനുള്ള അനുവാദം വീട്ടിൽനിന്നു കിട്ടുന്നതിനായി മാസങ്ങൾക്കുമുമ്പേ അച്ചടക്കമുള്ളവനായും വീട്ടടിമയായും ഞാൻ നടക്കും.എന്തു ജോലി പറഞ്ഞാലും പറയുന്നതിനുമുൻപു ചെയ്തുകൊടുക്കും.അല്ലെങ്കിൽ നിസ്സാരകാരണം പറഞ്ഞു സിനിമയ്ക്കു വിടൂല.
വീട്ടിൽനിന്ന് ഏതാണ്ട് ഒരു കിലോമീറ്റർ ദൂരമുണ്ടു സിനിമ കാണുന്നിടത്ത് എത്താൻ . ചാനൽറോഡു കയറി ഇടവഴി ചാടി കൃത്തിഅണ്ണന്റെ വീടിന്റെ അടുത്തൂടെ പാലസ് മെമ്പറിന്റെ വീട്ടുനടയിലൂടെ ചാടി ഓടി പോയാൽ കല്ലുപ്പാലം ഗ്രൌണ്ടിൽ എത്തും. നല്ലവനക്കു നല്ലവൻ,മനിതൻ,പണക്കാരൻ ,വേലൈക്കാരൻ ,രാജാധിരാജൻ പഠിക്കാത്തവൻ, ധർമ്മദുരൈ,ദളൈപതി ,അണ്ണാമല ,യജമാൻ ,അരുണാചലം ഉഴപ്പാളി,ബാഷ ,മുത്തു,പടയപ്പാ , അങ്ങനെ അങ്ങനെ എല്ലാ രജിനിസിനിമകളും ഓരോ ഓണത്തിനും കണ്ടു .രജിനി ഓണത്തപ്പനായി. രജിനി ഓണദൈവമായി.
'രജിനിയെപ്പറ്റി എവനാവത് എതാവത് തപ്പാ സൊന്നാ സുട്ടിടുവെൻ .
അണ്ണൻ കടവുള് മാതിരിയെടാ .
മാതിരിയല്ല ,കടവുൾ താൻ .
തലൈവർ എല്ലാരെയും വന്ത് കാപ്പാറ്റിറ പെരിയ ആള്.
സിനിമകാണുമ്പോൾ രജിനിയുടെ ഡയലോഗെല്ലാം ശ്രദ്ധിച്ചു കേട്ടിരിക്കും.
ഒരുതടവൈ സൊന്നാൽ നൂറുതടവൈ സൊന്ന മാതിരി
മാസ്സുഡയലോഗുകൾ കേട്ടു കുളിരുകോരും . ആ ഡയലോഗുകൾ കാണാതെ പഠിക്കും . ഓണം കഴിഞ്ഞിട്ടു ക്ലാസ്സിൽ പോയി കഥ പറയാനുള്ളതാ.
സിനിമ കഴിഞ്ഞു ഉറക്കം തൂങ്ങുന്ന കണ്ണുകളുമായി വീട്ടിലെത്തും. പകൽമൊത്തം ഉറങ്ങും.വൈകുന്നേരം സിനിമ കാണാൻ വരാതിരുന്ന അനിയനും അനിയത്തിക്കും കഥ പറഞ്ഞുകൊടുക്കും.തല്ലുരംഗങ്ങൾ അവതരിപ്പിക്കാനാണ് കൂടുതൽ ഇഷ്ടം.ഡിഷും ഡിഷും ,കുറേ ഡിഷും ഡിഷും ഉണ്ടാകും രജിനിസിനിമകളിൽ.സ്റ്റണ്ട് രംഗങ്ങൾ പറയുമ്പോൾ അനിയത്തി മാറിയിരിക്കും.ഇല്ലെങ്കിൽ ഇടികൊണ്ടു അവൾ പിതുങ്ങും. രജിനിയെപ്പോലെ,നീട്ടിവളർത്തിയ മുടി കോതി ഒതുക്കും,ബനിയനും ഓവർ കോട്ടും ഇല്ലാത്തതുകൊണ്ടു ഷർട്ടും അതിന്റെ പുറത്തു അച്ചന്റെ വലിയ ഷർട്ടും ഇട്ടു ബട്ടൺസ് ഇടാതെ രജിനിഡയലോഗ് പറഞ്ഞുനടക്കും.
എല്ലാ സിനിമകളിലും രജനി നല്ലവനായിരുന്നു. മാവേലി സ്വപ്നം കണ്ട സമത്വസുന്ദരമായ ലോകം സിനിമകളിൽ നടപ്പിലാക്കിയ സ്റ്റാർ ,നന്മ മാത്രമേ നിലനില്ക്കാവൂ എന്ന് ആഗ്രഹിച്ച രജിനി.
കള്ളവും ചതിയും രജിനി പൊറുക്കൂല.മുടിച്ചിടുവേൻ.രജിനി ഭരിക്കുന്ന ലോകമാണ് വരേണ്ടത് .രജിനി നല്ലവനിൽ നല്ലവനായി ,മാതൃകാപുരുഷനായി. മാവേലിക്കഥയെ വെല്ലുന്നവയായിരുന്നു രജിനിക്കഥകൾ.
വലുതാകുമ്പോൾ ആരാകണം .മൂക്കള പിഴിഞ്ഞ് നിക്കറിൽ തേച്ചു ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു. രജിനി ആകണം.
2
തിരുവോണത്തിന് ഉച്ചയ്ക്കുശേഷം പ്രധാനം ഊഞ്ഞാലാട്ടമാണ്.
വെള്ളംകൊള്ളി കുടുംബക്കാരുടെ വലിയ പുളിച്ചി മാവിൻകൊമ്പിൽ അപ്പുക്കുട്ടൻമാമൻ പനനാരുകൊണ്ടും പൊച്ചംകൊണ്ടും പിരിച്ചുണ്ടാക്കിയ കൂറ്റൻ കയർകൊണ്ട് ഊഞ്ഞാൽ കെട്ടിത്തരും ആ ഊഞ്ഞാൽ നാട്ടുകാർക്കുള്ളതാണ്.കരക്കാർ എല്ലാവരും ഇവിടെക്കിടന്നാടും.ഞാൻ ആടാൻ ഒന്നും പോകാറില്ല. ഊഞ്ഞാലിൽ കേറുമ്പോത്തന്നെ എനിക്ക് വല്ലാത്ത മനംപുരട്ടലും ഛർദ്ദിയും വരും.മാറിനില്ക്കുന്ന എനിക്ക് ഊഞ്ഞാൽആട്ടലാണ് ജോലി. തിരുവോണത്തിന് ഉച്ചയ്ക്കുശേഷം ഈ പുളിച്ചിമാവിന്റെ മൂട്ടിൽ ഊഞ്ഞാലാട്ട മത്സരമുണ്ട്.തൊണ്ടുവെട്ടുക എന്നാണ് മത്സരത്തിന്റെ പേര്.ഇരുന്ന് ആടാൻ പാടില്ല.നിന്നാടണം. ആരും ആട്ടിക്കൊടുക്കാനും പാടില്ല.നിന്നാടി മാവിന്റെ താഴ്ന്ന ചില്ലയുടെ തുമ്പു തൊട്ടുവരുക അതാണ് മത്സരം.അപൂർവംപേരെ ജയിച്ചിട്ടുള്ളൂ.
അന്നത്തെ മത്സരത്തിൽ സുലോചനണ്ണൻ തൊണ്ടുവെട്ടുകയാണ്. മാവ് വയലിനും കരവഴിക്കും ഇടയിലാണ്. താഴെ നെൽവയലും കുറച്ചു വാഴയുമുണ്ട് . അതിനപ്പുറത്ത് ആറുമല്ല തോടുമല്ലാത്ത ഒരു സാധനം ഒഴുകി പോകുന്നുണ്ട്.ഏലായിലെ കൃഷി നടക്കുന്നത് ഈ ആറ്റിലെ വെള്ളം കൊണ്ടാണ്. സുലോചനണ്ണൻ പറന്നാടുകയാണ്.അണ്ണൻ തൊണ്ടു വെട്ടിത്തള്ളുകയാണ്. നാട്ടുകാരെല്ലാം പ്രോത്സാഹിപ്പിച്ചു വിടുകയാണ്. അവസാനം അണ്ണൻ മാവിന്റെ ചാഞ്ഞകൊമ്പിന്റെ തുമ്പത്തുതൊട്ടെന്നു മാത്രമല്ല നന്നായി പിടിക്കുകയും ചെയ്തു.ഉടൻ തന്നെ കൈയുടെ പിടുത്തം വിടേണ്ടതാണ്.അത് ഒരുനിമിഷം അണ്ണൻ മറന്നു .ഊഞ്ഞാൽ തിരികെ വന്നു .എന്നാൽ അണ്ണൻ തിരികെ വന്നില്ല.അണ്ണൻ മാവിന്റെ തുമ്പിലായി. അണ്ണന്റെ ഭാരം താങ്ങാൻ കൊമ്പിനായില്ല . കൈ വിട്ടുപോവുകയും മാവിൻ കൊമ്പിൽ നിന്നുതൂങ്ങി ആടുകയും ചക്ക വീഴുന്നതുപോലെ മാങ്കൊമ്പോടുകൂടി വാഴയുടെ മണ്ടയിലൂടെ അണ്ണൻവയലിൽ ഊർന്നിറങ്ങി.
'സുലോയനൻ ഊഞ്ഞാലീന്നു വീഴ്ന്നെ' . കണ്ടു നിന്നവർ വിളിച്ചുകൂവി.
നിലവിളിയായി കൂട്ടനിലവിളിയായി എല്ലാവരും ഓടി വന്നു.
എന്റെ മക്കളേ ,
അണ്ണന്റെ അമ്മ കോമളമാമി ഓടിവന്നു .
'കള്ള ഉച്ചുപൊട്ടികൾ എല്ലാംകൂടി എന്റെ പിള്ളയെ മരത്തി കേറ്റി താഴെയിട്ടു കൊന്നാ.എനിക്കു കൊള്ളിയുംകൊടവും ഒടയ്ക്കേണ്ട ചെറുക്കനാണ് .കന്നിമിന്നിയാ കണ്ട ചെറുക്കൻ .ആരെങ്കിലും ആശൂത്രിയില് കൊണ്ടുപോ .മാമി കൈകാലു കുഴഞ്ഞു കരഞ്ഞു
സുലോചനണ്ണൻ ചാടി എഴിച്ചു.
'നിങ്ങളെ ആര് ചത്തത് കെളവീ'
അണ്ണന് ദേഷ്യം വന്നു. മാനം കെടുത്താതെ കണ്ണുമുമ്പീന്നു പോയിയെന്നേ '
വീഴുന്ന സമയത്ത് കൈയിൽ മാഞ്ചില്ല ഉണ്ടായിരുന്നതുകൊണ്ടു പാരച്യൂട്ടിൽ വന്നിറങ്ങിയതുപോലെയാണ് അണ്ണൻ വാഴയുടെ മണ്ടയിലൂടെ വന്നു വീണത്.കാലിൽ ചെറിയ പോറലല്ലാതെ വേറെ ഒന്നുമില്ല തലയിൽ പറ്റിയിരുന്ന കരിയില, അണ്ണൻ കൈകൊണ്ടു തട്ടിക്കളഞ്ഞു. തൊണ്ടുവെട്ടിൽ അണ്ണൻ ജയിച്ചു.വീഴുന്ന വരവില് വാഴക്കൈയിലായ അണ്ണന്റെ ലുങ്കി ആരോ വാഴയില വെട്ടിത്താഴ്ത്തി അണ്ണനു കൊടുത്തു.വിജയശ്രീലാളിതനായി അണ്ണന് അത് ഏറ്റുവാങ്ങി.ഊഞ്ഞാലാട്ടം തത്കാലം സമാപ്തം.
3
മൂന്നാം ഓണത്തിന് സ്പെഷ്യൽ ക്രിക്കറ്റുകളി ഉണ്ടാകും അക്കരക്കരയും ഇക്കരക്കരയും തമ്മിലാണ് ഇൻഡ്യ-പാക് പോരാട്ടം.. ഇക്കരയിൽ പ്രദീപ്, ഞാൻ, ലിപു എന്നിവരാണ് പ്രധാനകളിക്കാർ. ഓൾറൗണ്ടറെന്നാണ് ഞാൻ എന്നെക്കുറിച്ചു പറഞ്ഞുനടക്കുന്നത്.അക്കരക്കരയിലെ ബിനു, സുനിൽ ,രമേശ് ,ലുട്ടാപ്പി എന്നീ മഹാരഥന്മാരാണ് കളിക്കാർ.ഏലാകളിയുടെ നിയമങ്ങളാണ് പാലിക്കേണ്ടത്. ഒരറ്റത്തെ വിക്കറ്റ്(കുറ്റി)ഓലമടലാണ്.മറ്റേഅറ്റത്ത് തൊറപ്പയാണ് കുത്തിനിർത്തിയിരിക്കുന്നത് .വൈകുന്നേരം അമ്മയ്ക്ക മുറ്റം തൂക്കാനുളളതുകൊണ്ട് അതിനുമുമ്പു കളിനിർത്തേണ്ടതുണ്ട്. വിജയണ്ണന്റെ വീടിന്റെ മുറ്റത്തു പന്തു വീണാൽ സിക്സ്. അണ്ണന്റെ വീട്ടിലെ ഓടിൽ വീണാൽ ഔട്ട്. സ്ട്രെയിറ്റ് അടിച്ചു ചാണകക്കുഴിയിൽ വീണാൽ സിംഗിൾ , ഭവാനി അമ്മൂമ്മയുടെ റബ്ബർ വിളയിൽ വീണാൽ രണ്ടു റൺ .കീപ്പറുടെ ബാക്കിൽ ടു റൺ.പടപ്പിന്റെ ഇടയിൽ അടിച്ചാൽ റൺ ഇല്ലെന്നു മാത്രവുമല്ല അടിച്ചവൻതന്നെ പന്തു ചെന്നെടുക്കണം .ലെഫ്റ്റ് സൈഡിൽ എത്ര അടിച്ചാലും റണ്ണില്ല. ലെഫ്റ്റ് നിൽക്കാൻ ആളില്ല.അതുകൊണ്ടു റൺ അനുവദിക്കില്ല . പൂഞ്ചിപ്ലാവിന്റെ മൂട്ടിലാണ് കളി നടക്കുന്നത്.എല്ലാംകൂടെ നാലഞ്ചു പേരെ ഉള്ളൂ.ഒരുത്തൻ വിക്കറ്റ് കീപ്പറാവും. എല്ലാരും ലെഗ് സൈഡിലാണ് അടിക്കുന്നത് അതുകൊണ്ട് ആ സൈഡിൽ ആളെ വേണം. ലെഫ്റ്റ് സൈഡിൽ ചാനലാണ് .ചാനലിൽ വീണാൽ ഔട്ട് . നിയമം ബിസിസിഐയുടെതല്ല. വെള്ളംകൊള്ളി ഏലയുടെ തനിനിയമം. മത്സരിക്കുന്നവർ കളിക്കാനുള്ള പന്തുകൊണ്ടുവരണം .ജയിക്കുന്നവർക്കു തോറ്റവരുടെ പന്തു കൊടുക്കണം.അതാണ് സമ്മാനം പലപ്പോഴും നമ്മൾ തോൽക്കാറുണ്ട്. എതിർടീമിന് ജയിക്കാൻ അവസാനഓവറിൽ ഒന്നോരണ്ടോ റൺ വേണ്ടി വരുന്ന സന്ദർഭത്തിൽ നമ്മൾ തന്ത്രപരമായി കളി ഒരുക്കും. നമ്മുടെ പന്ത് നഷ്ടമാകാൻ പോവുകയാണ് എന്ന നഗ്നസത്യം നമ്മൾ തിരിച്ചറിയും .( തോൽക്കുന്നത് പുത്തരിയല്ല.പക്ഷേ ,പന്ത് പോയാൽ വേറെ വാങ്ങൽ അടുത്തകാലത്തു നടക്കൂല.അതിനുള്ള പൈസ ഒപ്പിക്കാൻ വലിയ പാടാ-കളി ജയിക്കുന്നതിനെക്കാളുംപാട്).വിജയണ്ണന്റെ വീടിന്റെ ഭാഗത്ത് ഫീൽഡ് ചെയ്യുന്നവരോട് വിജയണ്ണന്റെ വീടിന്റെ മുറ്റത്ത് ഇറങ്ങി നിൽക്കാൻ പറയും. സിക്സ് അടിക്കാൻ പാകത്തിന് ബൗളർ പന്ത് ബാറ്റ്മാന് എറിഞ്ഞുകൊടുക്കും. ബാറ്റ്സ്മാൻ കയ്യും കാലും മറന്നു ബാറ്റ് വീശും. അത് വിജയണ്ണന്റെ വീടും കഴിഞ്ഞ് വന്നു വീഴും .അപ്പഴേക്കും അവിടെ കാത്തു നിൽക്കുന്ന ലിപു പന്ത് എടുത്തോണ്ട് ആറ്റുവരമ്പു കേറി ലെഫ്റ്റ് സൈഡ് ഓടി വേലുക്കുട്ടിമാമന്റെ കടയുടെ അടുത്തുള്ള വഴിയേ താഴെ ഇറങ്ങും.നഷ്ടപ്പെട്ട പന്ത് തേടി നമ്മളെല്ലാം അവിടെ എത്തും.ഈ സമയംകൊണ്ടു ലിപു പന്തു വീട്ടിൽ കൊണ്ടുവയ്ക്കും. എന്നിട്ടു പന്തുതേടാൻനമ്മുടെ കൂടെ ചേരും .
ഒടുവിൽപന്തു കിട്ടാത്തതുകൊണ്ടു കളി സമനിലയായതായി പ്രഖ്യാപിക്കും .
ആരും ജയിച്ചുമില്ല,തോറ്റുമില്ല .രണ്ടുപന്തു കിട്ടുകയും ചെയ്തു..
കളി അങ്ങനെ സമാധാനാപരമായി കഴിയും.
ഓണവും കഴിയും.
ഓണത്തെ വെറുത്തുപോകുന്നത് പിറ്റേദിവസം അവിട്ടം മുതലാണ്.തലേ ദിവസം മിച്ചം വന്ന കറികളെല്ലാം പഴങ്കൂട്ടാനാക്കി എല്ലാ ദിവസവും വിളമ്പിത്തരും.സാമ്പാർ ഒരാഴ്ചയോളം നമ്മളെ വിടാതെ പിന്തുടരും.അച്ചാറുകളെ മാത്രമാണ് അല്പമെങ്കിലും സഹിക്കാൻ പറ്റുന്നത്.അങ്ങനെ ഓണം മടുക്കും.അപ്പോഴേക്കും സ്കൂൾ തുറക്കും .പിന്നെ അടുത്ത ഓണം വരണം.അതുവരെ കാത്തിരിപ്പാണ് .
വീണ്ടും
അടുത്തവർഷമാകാൻ.
രജനികാന്ത്, തൊണ്ടുവെട്ട് ,ക്രിക്കറ്റ്.
ഓണം ഓർമ്മയുടെ ഉത്സവമാകുന്നു.