top of page

കച്ചവട ഡയോസ്പോറയും സമുദ്രവ്യാപാരബന്ധങ്ങളും: കേരളത്തിലേക്കുള്ള സമുദ്രസഞ്ചാരങ്ങളുടെ ചരിത്രാത്മകവിശകലനം 

Trading Diaspora and Maritime Trade Relations: A Historical Analysis of Sea Voyages to Kerala
ഹർഷിത പി പി

 

                 ഓരോ നാടിന്റെയും ചരിത്രത്തെ നിർണ്ണയിക്കുന്നതിൽ അവിടുത്തെ ഭൂമിശാസ്ത്രപരമായ ഘടകങ്ങൾ മുഖ്യമായൊരു പങ്കുവഹിക്കുന്നു. ഭൂമിശാസ്ത്രം ദേശത്തിന്റെ ചരിത്രത്തെ സ്വാധീനിക്കുന്നതിനെപ്പറ്റി പ്രത്യേകപഠനം നടത്തിയ ഫ്രഞ്ചു പണ്ഡിതനാണ് ലൂസിയർ ഫെബർ. ഫെബർ അഭിപ്രായപ്പെട്ടതുപോലെ, മലകളും പുഴകളും സമുദ്രങ്ങളുമടങ്ങുന്ന പ്രകൃതി രാജ്യങ്ങൾ തമ്മിൽ അടുപ്പിക്കുകയോ വേർതിരിക്കുകയോ ചെയ്യുന്നുവെന്ന് ചരിത്ര രേഖകൾ തെളിവുകൾ നൽകുന്നു. കേരളചരിത്രം ഇത്തരത്തിൽ ഭൂമിശാസ്ത്രപരമായ പ്രത്യേകതകളുടെകൂടി ഫലമാണ്. കേരളത്തെ ഏറ്റവുമധികം സ്വാധീനിച്ച ഭൂമിശാസ്ത്രഘടകം സമുദ്രമാണ്. തെക്ക് മുതൽ വടക്ക് വരെ പരന്നുകിടക്കുന്ന പശ്ചിമഘട്ട മലനിരകളിൽ വളർന്നിരുന്ന കുരുമുളക്, ഏലം, കറുവാപ്പട്ട, ജാതിക്ക, ഇഞ്ചി, ചന്ദനം ഇത്യാദി പ്രധാനപ്പെട്ട സുഗന്ധദ്രവ്യങ്ങളും അമൂല്യരത്നങ്ങൾ, കംബളങ്ങൾ, തേക്ക്, ആനക്കൊമ്പ്, ലവംഗം മുതലായ വസ്തുക്കളുമാണ് ബി.സി. മൂവായിരം മുതൽക്കുതന്നെ വൈദേശികരെ കേരളത്തിലേക്കാകർഷിച്ചത്. പശ്ചിമേഷ്യയിലെയും യൂറോപ്പിലെയും വ്യാപാരികളുടെ ആകർഷണകേന്ദ്രമായിരുന്നു കേരളം. സുഗന്ധവ്യഞ്ജനങ്ങൾ നേടിയെടുക്കാൻ വിദേശവ്യാപാരികൾ നടത്തിയ സമുദ്രസഞ്ചാരമാണ് കേരളത്തിന്റെ ചരിത്രപരമായ വ്യക്തിത്വത്തെ പലതരത്തിൽ സ്വാധീനിച്ചതെന്ന് പറയാം. വാസ്തവത്തിൽ സമുദ്രാന്തരീയവാണിജ്യമായിരുന്നു ഇന്ത്യൻ സമുദ്രത്തിലെ മറ്റെല്ലാത്തരം ദീർഘദൂരശൃംഖലകളുടെയും നട്ടെല്ല്.

                എന്നാൽ സാഹിത്യം,  ചരിത്രം എന്നീ മേഖലകളെ കുറിച്ച് അന്വേഷിക്കുമ്പോൾ സമുദ്രം പഠനസാമഗ്രിയായി പരിഗണിക്കാറില്ല. എന്നാൽ ഇന്ന് സമുദ്രത്തെ ചരിത്രാന്വേഷണത്തിൻ്റെയും  സാംസ്കാരിക വിനിമയത്തിൻ്റേതുമായ ചാലകമായി കാണുന്നു. കോസ്മോപൊളിറ്റൻ പാഠങ്ങളെ തുറന്നുകാട്ടുന്ന നൂതന ചരിത്ര ഭാഷ്യം ഇവിടെ സാധ്യമാകുന്നു. സമുദ്രയാത്രയുടെ ചരിത്രം ആധുനികലോകത്തിൻ്റെ വികസനവുമായാണ് ബന്ധപ്പെട്ടുകിടക്കുന്നത്. യൂറോകേന്ദ്രിത ചരിത്രവീക്ഷണത്തിൽ നിന്നും മാറി, കരയിൽ നിന്നും കടലിലേക്കല്ല മറിച്ച് കടലിൽ നിന്നും  ലോകത്തെ നോക്കിക്കാണുമ്പോൾ വ്യക്തമാകുന്ന  ചരിത്രപാഠത്തെയാണ് സമുദ്രസാംസ്കാരിക പഠനം (Maritime - Cultural Studies) വ്യക്തമാക്കാൻ ശ്രമിക്കുന്നത്. സമുദ്രയാത്രകൾക്ക് നൂറ്റാണ്ടുകളുടെ ചരിത്രമുള്ള കേരളത്തിൻ്റെ നിസ്തുലമായ പങ്ക് ഭൗതികതെളിവുകളുടെയും സാഹിത്യസ്രോതസ്സുകളുടെയും പിൻബലത്തോടെ അവതരിപ്പിക്കേണ്ടതുണ്ട്. ഇതിനായി അനവധിയായ സ്രോതസ്സുകൾ നമുക്കുണ്ട് എന്നുള്ളതാണ് വാസ്തവം

             വിവിധ വൻകരകളിൽ ഉൾപ്പെട്ട രാജ്യങ്ങൾ തമ്മിൽ പൗരാണിക കാലം മുതൽക്കേ കടൽ മാർഗ്ഗങ്ങളിലൂടെ വ്യാപാരം നടന്നിരുന്നു.  കിഴക്കും പടിഞ്ഞാറുമുള്ള രാജ്യങ്ങൾ തമ്മിൽ വ്യാപാരബന്ധങ്ങൾ വർധിപ്പിച്ചത് ചെങ്കടൽ, പേർഷ്യൻ ഉൾക്കടൽ, ഇന്ത്യൻമഹാസമുദ്രം എന്നിവയിലൂടെയുള്ള കടൽ മാർഗങ്ങളായിരുന്നു. നൂറ്റാണ്ടുകൾക്ക് മുമ്പേ തന്നെ കേരളത്തിന് അതിശക്തമായ വാണിജ്യപാരമ്പര്യമുണ്ടായിരുന്നു. മുൻകാല പഠനങ്ങൾ തെളിയിക്കുന്നത് പോലെ അറബികൾ, ചൈനീസ്, ഏഷ്യൻ-ആഫ്രിക്കൻ, പിന്നെ യൂറോപ്യൻ തുടങ്ങി നിരവധി രാജ്യങ്ങൾ കേരളത്തെ തേടിയെത്തി. വാണിജ്യ-ഗതാഗതം തീവ്രമാക്കി. ഈയൊരു സമുദ്രപാത ജനങ്ങൾ തമ്മിലുള്ള ആശയ വിനിമയത്തിനും സാംസ്കാരിക കൈമാറ്റത്തിനും അനന്തമായ സാധ്യതകൾ തുറന്നിട്ടു. എന്നാൽ പതിനെട്ടാം നൂറ്റാണ്ടിൻ്റെ അവസാനത്തിൽ ഈ തീരദേശ മേഖല ബ്രിട്ടീഷുകാർ അവരുടെ കുത്തകയാക്കി. ഇരുപതാം നൂറ്റാണ്ട് വരെ ഈ അടക്കി വാഴൽ തുടർന്നു. കൊളോണിയൽ കാലത്തിനു ശേഷവും വാണിജ്യ മേഖല പ്രവർത്തനക്ഷമമായിരുന്നുവെങ്കിലും മുൻകാലങ്ങളിലേതുപോലെ സാംസ്കാരിക കൈമാറ്റങ്ങളുടേതായിരുന്നില്ല.                 

 സമുദ്രസഞ്ചാരങ്ങളുടെ കേരളീയപാരമ്പര്യം 

                           ഒരു രാജ്യത്തിൻ്റെ സാമ്പത്തിക മേഖലയിൽ കപ്പൽഗതാഗതം മുഖ്യമായ പങ്കുവഹിക്കുന്നു. ഇന്ത്യയെ സംബന്ധിച്ചിടത്തോളം മൂന്ന് വശവും സമുദ്രത്താൽ ചുറ്റപ്പെട്ട ഭൂമിശാസ്ത്രപരമായ പ്രത്യേകത സമുദ്രയാത്രകൾക്കും സമുദ്രവാണിജ്യത്തിനും കാരണമായി.  ചരിത്രാതീതകാലം തൊട്ടുതന്നെ ഇന്ത്യ കപ്പൽ നിർമ്മാണത്തിൽ കഴിവ് തെളിയിച്ചിരുന്നു എന്ന് തെളിവുകൾ വ്യക്തമാക്കുന്നു. കടൽ യാത്രയ്ക്ക് പടിഞ്ഞാറൻ നാടുകളിലെ കപ്പലുകളേക്കാൾ ഏറെ മെച്ചമായിരുന്നു തേക്കുതടിയുടെ ചട്ടക്കൂടോട് കൂടിയ ഇന്ത്യൻ നൗകകൾ. ക്രിസ്ത്വാബ്ദം ആദ്യശതകങ്ങളിൽ സമുദ്രാന്തരവാണിജ്യത്തിൽ ഇന്ത്യക്കുണ്ടായിരുന്ന സ്ഥാനം സൂചിപ്പിക്കുന്നതാണ് സാഞ്ചുവിലും കനേരിയിലും മാത്രമല്ല ജാവയിലെ ബോറോബന്ദർ ക്ഷേത്രത്തിൽപ്പോലും കൊത്തിവെച്ചിട്ടുള്ള കപ്പലുകളുടെയും കപ്പൽച്ചേതങ്ങളുടെയും ചിത്രങ്ങൾ. പൗരാണിക ഇന്ത്യൻ നാവികർ കാലാവസ്ഥയിലെ മാറ്റത്തിനനുസരിച്ച് കടലിൻ്റെ സ്വഭാവം മാറുന്നതിനെക്കുറിച്ച്  മനസ്സിലാക്കിയിരുന്നു. ഓരോ കാലത്തെയും സൂര്യചന്ദ്രന്മാരുടെയും നക്ഷത്രങ്ങളുടെയും സ്ഥാനത്തെകുറിച്ചുള്ള ജ്യോതിശാസ്ത്രസംബന്ധിയായ അറിവ് തുറമുഖങ്ങളിലേക്കുള്ള പാത മനസ്സിലാക്കാൻ അവരെ സഹായിച്ചു. ജലഗതാഗതത്തെ സഹായിക്കുന്നതിന് മരം കൊണ്ട് നിർമ്മിച്ച ഉപകരണങ്ങളും അവർ ഉപയോഗിച്ചിരുന്നു. ദിക്കുകൾ മനസ്സിലാക്കാൻ സഹായിക്കുന്ന പക്ഷികളെ (ദിശകാക്കകൾ) അവരോടൊപ്പം കൊണ്ടുപോവുകയും അവർ പറക്കുന്നത് നോക്കി കര എവിടെയാണെന്ന് മനസ്സിലാക്കുകയും ചെയ്തിരുന്നു. ലക്ഷദ്വീപുകളിലെ മീൻപിടുത്തക്കാർ പാടുന്ന നാടൻപാട്ടുകളിൽ കാറ്റിൻ്റെ ഗതിയും തുറമുഖങ്ങളുടെ സ്ഥാനവും മനസ്സിലാക്കാനുള്ള സൂചനകൾ ധാരാളമുണ്ട്. ചരിത്രാതീതകാലത്തെ കപ്പലുകളുടെയും സമുദ്രസഞ്ചാരങ്ങളെയും കുറിച്ച് വ്യക്തമായ വിവരങ്ങൾ ലഭ്യമല്ല. എങ്കിലും  ഇക്കാലത്തുതന്നെ   ഹാരപ്പാ, മോഹൻജൊദാരോ എന്നീ അതിപുരാതന സംസ്കാരകേന്ദ്രങ്ങൾ വാണിജ്യത്തിലേർപ്പെട്ടിരുന്ന കാലത്ത് തന്നെ കേരളവും അതിന്റെ ഭാഗമായിരുന്നുവെന്ന് അവിടങ്ങളിൽ നടത്തിയ ഉൽഖനനങ്ങൾ തെളിവ് നൽകുന്നു. ഉദ്ദേശം 5000 വർഷങ്ങൾക്കുമുമ്പ് ഹാരപ്പൻ, സുമേറിയൻ സംസ്കാരിക കാലഘട്ടത്തിലും  ഇന്ത്യയും ബാബിലോണും  തമ്മിൽ കടൽ വഴിയുള്ള കച്ചവടം നൂറ്റാണ്ടുകളോളം തുടർന്നുപോന്നു.

                              പുതിയ സാമ്രാജ്യങ്ങൾ സൃഷ്ടിക്കുന്നതിൽ ശ്രദ്ധാലുക്കളായ ചോളരാജാക്കന്മാർ വിദൂര സ്ഥലങ്ങളായ ദ്വീപുകളിലും ദ്വീപസമൂഹങ്ങളിലും ഇന്ത്യൻ സംസ്കാരത്തിൻ്റെയും പൈതൃകത്തിന്റെയും വ്യാപനത്തിലും ശ്രദ്ധ പതിപ്പിച്ചു എന്ന് പുരാതന ഇന്ത്യൻകപ്പലോട്ടത്തിൻ്റെ ആധികാരിക വക്താക്കളിൽ ഒരാളായ ആർ.കെ. മുഖർജി പ്രതിപാദിച്ചിട്ടുണ്ട്. സമുദ്രസഞ്ചാരങ്ങളുടെയും വാണിജ്യത്തിന്റെയും കപ്പൽ നിർമ്മാണത്തിന്റെയും പുരോഗതിയോടൊപ്പം വൈവിധ്യവും ഗുണമേന്മയും നിർമ്മാണകൗശലവും ചേർന്ന ഇന്ത്യൻ നിർമിത വസ്തുക്കളുടെ ലഭ്യതയും വർദ്ധിച്ചു. കടൽ വഴിയുള്ള വ്യാപാരം ഇന്ത്യയുടെ സാമ്പത്തിക-സാമൂഹിക ഭദ്രത ഉറപ്പുവരുത്തി. പിന്നീട്  ക്രിസ്തുവർഷം ഏഴ്, എട്ട് നൂറ്റാണ്ടുകളിൽ കുരുമുളക്, ഏലം, ചുക്ക് തുടങ്ങിയ സുഗന്ധവ്യഞ്ജനങ്ങളിലുള്ള വിദേശവ്യാപാരം അഭിവൃദ്ധി പ്രാപിക്കുന്ന കാലത്ത് കേരളീയരിൽ നല്ലൊരു പങ്കും സമുദ്രസഞ്ചാരത്തിൽ  നിന്ന് അവരെ വിലക്കുന്ന വിശ്വാസങ്ങളിലും ആചാരങ്ങളിലും കുടുങ്ങിക്കിടന്നിരുന്നു. ഈ സാഹചര്യം നിലനിൽക്കെയാണ് സമുദ്രാന്തരവാണിജ്യത്തിലേക്ക് അറബികളും പേർഷ്യക്കാരും തുർക്കികളും എത്യോപ്യർ, ചൈനക്കാർ എന്നിവരും കേരളീയവാണിജ്യബന്ധത്തിൽ പ്രധാന പങ്കാളികളാകുന്നത്.

                 സുമേറിയക്കാരും ബാബിലോണിയക്കാരും കഴിഞ്ഞാൽ കേരളവുമായുള്ള ബന്ധത്തിൽ മികച്ചുനിന്നത് റോമും ഗ്രീസുമായിരുന്നു. ബി.സി. മൂന്നാം നൂറ്റാണ്ടിൽ റോമൻ നാണയങ്ങൾക്ക് ഇടിവ് സംഭവിക്കുകയും ആധിപത്യം ക്ഷയിക്കാൻ തുടങ്ങുകയും ചെയ്തതോട് കൂടിയാണ് പൗരസ്ത്യദേശങ്ങളുമായുള്ള വ്യാപാരത്തിന്റെ കുത്തക അറബികളുടെ കൈകളിലേക്കെത്തുന്നത്. എന്നാൽ റോമാക്കാരുടെ ആധിപത്യകാലത്തും അറബികൾ കേരളവുമായി വ്യാപാരബന്ധത്തിലേർപ്പെട്ടിരുന്നു എന്നതിന് തെളിവുകളുണ്ട്. അതുവരെ ആർക്കുമറിയാതിരുന്ന ചെങ്കടൽ  തീരത്തെ തുറമുഖങ്ങളിൽ നിന്നും കേരളത്തിലെ തുറവുഖങ്ങളിലേക്ക് നേരിട്ട് കപ്പലോടിക്കാൻ കഴിയുമെന്ന അറബികളുടെ അറിവായിരുന്നു അവരെയതിന് സഹായിച്ചത്. ഗ്രീക്ക് നാവികനും വ്യാപാരിയുമായിരുന്ന ഹിപ്പാലസ്  എ.ഡി. 45 - 47 വർഷങ്ങൾക്കിടയിൽ ‘മൺസൂൺ’ എന്നറിയപ്പെടുന്ന കാലവർഷക്കാറ്റുകളുടെ ഗതിക്രമം കണ്ടെത്തുന്നതുവരെ അറബികളുടെ മാത്രം വ്യാപാരരഹസ്യമായി ഈ പാത നിലകൊണ്ടു. (‘മൺസൂൺ’ എന്ന വാക്ക് തന്നെ  ‘മൌസിം’ എന്ന അറബിപദത്തിൽ നിന്ന് നിഷ്പദിച്ചുണ്ടായതാണെന്നാണ് അഭിജ്ഞമതം) പ്രകൃതിശക്തികളെ മനുഷ്യനുപയോഗിക്കുന്ന രീതിയിൽ ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള ഹിപ്പാലസിന്റെ ഈ കണ്ടുപിടിത്തം പ്രാചീനകാലഘട്ടത്തിലെ വ്യാപാരവിപ്ലവത്തിലേക്കാണ് നയിച്ചത്.

കച്ചവട ഡയോസ്പോറകൾ

               കഴിഞ്ഞ നൂറ്റാണ്ടിലെ അവസാന ദശകങ്ങളിൽ പുതിയ സിദ്ധാന്തങ്ങളെയും സങ്കല്പങ്ങളെയും അടിസ്ഥാനമാക്കി കച്ചവട കേന്ദ്രങ്ങളെയും കച്ചവടത്തെയും പറ്റി ശ്രദ്ധേയങ്ങളായ പഠനങ്ങൾ ഉണ്ടായിട്ടുണ്ട്. അത്തരം സങ്കൽപനങ്ങളിൽ ഒന്നാണ് കച്ചവട ഡയോസ്പോറകൾ. അനുബന്ധ ശൃംഖലകളിൽ അപരിചിതമായ സമൂഹങ്ങൾക്കിടയിൽ ജീവിക്കുന്ന വ്യാപാരികളുടെ കമ്മ്യൂണിറ്റികൾ എന്ന അർത്ഥത്തിൽ ഫിലിപ്പ് ഡി. കർട്ടിൻ ആവിഷ്കരിച്ച പദമാണ് ട്രേഡിംഗ് ഡയസ്പോറസ് അഥവാ കച്ചവട ഡയോസ്പോറകൾ. അന്താരാഷ്‌ട്ര വ്യാപാരത്തിന്റെ ഫലമായിട്ടാണ് കച്ചവട ഡയസ്‌പോറകൾ രൂപപ്പെട്ടത്. വിത്തുകൾ ഫലത്തിൽ നിന്നും പൊട്ടിച്ചിതറുക എന്നർത്ഥം വരുന്ന ഗ്രീക്ക് പദത്തിൽ നിന്നാണ് ഡയസ്പോറ എന്ന വാക്ക് ഉണ്ടാകുന്നത്.  പ്രത്യക്ഷത്തിൽ ചിന്നിച്ചിതറി കിടക്കുന്നതും എന്നാൽ സാംസ്കാരികമായി പാരസ്പര്യം പുലർത്തുന്നതുമായ ഒരു ജനതയാണ് ഡയസ്പോറ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. സമുദ്രാന്തര വാണിജ്യബന്ധങ്ങളുടെ നേരിട്ടുള്ള ഫലമാണ് കച്ചവട-സാംസ്കാരിക ഡയോസ്പോറകൾ. കേരളത്തിൽ ജൂതന്മാരുടെയും ക്രിസ്ത്യാനികളുടെയും ഇസ്ലാം മതക്കാരുടെയും ആവിർഭാവം ഇത്തരത്തിലുള്ള ഡയസ്പോറകളുടെ രൂപത്തിലാണ്. അതായത് ഈ സമൂഹങ്ങൾക്കെല്ലാം  കേരളത്തിൽ മതേതരമായ ഉല്പത്തിയാണുള്ളത്.

              ചില പ്രദേശങ്ങളിലെ സംസ്കാരങ്ങളും പ്രത്യയശാസ്ത്രങ്ങളും ലോകത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിലുള്ള അവരുടെ സ്വാധീനം ആഗോള ലോകത്തിൽ അവരുടെ പ്രാധാന്യത്തെ അടയാളപ്പെടുത്തി.  ബി.സി രണ്ടായിരത്തിൽ അസീറിയൻ വ്യാപാരികൾ  തങ്ങളുടെ സാധനങ്ങൾ വിൽക്കുന്നതിനായി  അനറ്റോലിയൻ പെനിൻസുലയിലേക്ക്  പോയതാണ് പ്രവാസികളുടെ വ്യാപാരത്തെക്കുറിച്ചുള്ള ആദ്യത്തെ പരാമർശം.  അവരവിടെ ‘അർദ്ധ -സ്ഥിരതാമസക്കാരായി’ താമസിച്ചതിന്റെ ഫലമായാണ് ട്രേഡിംഗ് ഡയസ്പോറകൾ സൃഷ്ടിക്കപ്പെട്ടത്.  വിസ്കോൺസിൻ യൂണിവേഴ്സിറ്റി - യൌ ക്ലെയർ അസീറിയൻ വ്യാപാരികളെ Stayers and Movers എന്നിങ്ങനെ വിഭജിക്കുന്നു. അനറ്റോലിയൻ ഉപദ്വീപിൽ സ്ഥിരതാമസമാക്കിയ വ്യാപാരികളാണ്  താമസക്കാർ (stayers).  അതേസമയം Movers തങ്ങളുടെ സാധനങ്ങൾ വിൽക്കാൻ വേണ്ടി അങ്ങോട്ടും ഇങ്ങോട്ടും യാത്ര ചെയ്തവരാണ്.

               പതിനഞ്ചാം നൂറ്റാണ്ടിനുമുമ്പ് വ്യാപാരം നടത്തിയിരുന്നവർക്ക് ലോക പ്രദേശങ്ങൾക്കിടയിൽ അസമമായ ബന്ധങ്ങൾ സൃഷ്ടിക്കാൻ കഴിഞ്ഞു. ആധുനിക കാലത്തെ അന്താരാഷ്ട്ര ബന്ധങ്ങളിൽ നിന്ന് വ്യത്യസ്തമായിരുന്നു ആ കൊടുക്കൽ വാങ്ങലുകൾ. രാഷ്ട്രീയബന്ധത്തിന് പകരം വിവിധ പ്രദേശങ്ങളുമായി സാംസ്കാരികവും സാമ്പത്തികവുമായ ബന്ധങ്ങൾ സൃഷ്ടിക്കാൻ വ്യാപാര പ്രവാസികൾക്ക് കഴിഞ്ഞു. ട്രേഡിംഗ് ഡയസ്‌പോറകൾ സൃഷ്ടിക്കുന്നതിന് നിരവധി കാരണങ്ങളുണ്ട്, അവയിൽ ചിലത് ലോകത്തിന്റെ പ്രത്യേക പ്രദേശങ്ങളിൽ ലഭ്യമല്ലാത്ത ഉൽപ്പന്നങ്ങളുടെ ഡിമാൻഡ്, ലോകത്തെ ചെറിയ നഗര രാഷ്ട്രങ്ങളായി വിഭജിച്ചു. ബാക്കിയുള്ളവയുമായി സാമ്പത്തികവും സാംസ്കാരികവുമായ ബന്ധം സൃഷ്ടിക്കാൻ അവരാഗ്രഹിക്കുകയും ചെയ്തു. ചില പ്രദേശങ്ങളിൽ താമസിക്കുന്ന ആളുകളുടെ സന്നദ്ധതയും വിദേശത്ത് അവരുടെ കമ്മ്യൂണിറ്റികൾ സൃഷ്ടിക്കാനും അവരാൽ പ്രതിനിധീകരിക്കപ്പെടാനുമുള്ള താല്പര്യവും ഇതിനു കാരണമായി. ആധുനിക ലോകവ്യവസ്ഥ ഒരു പരിധിവരെ  പട്ടണങ്ങളുടെ ഒരു  ദ്വീപസമൂഹമായിരുന്നു. അതിൽ യൂറോപ്പിലെ നഗര കേന്ദ്രങ്ങൾ (ബ്രൂഗസ്, ഗെൻ്റ്, ജെനോവ, വെനീസ്), മിഡിൽഈസ്റ്റ് (കെയ്‌റോ, ഏദൻ, ഹോർമുസ്),  ഏഷ്യ (സമർകണ്ട്,  കോഴിക്കോട്, കാഞ്ചീപുരം,  മലാക്ക, ക്വാൻഷോ, ഹാങ്‌സോ) എന്നിവ പരസ്പരം വ്യാപാരം വഴി ബന്ധിപ്പിച്ച് ഒരു പൊതുവാണിജ്യ സംസ്കാരത്തിൽ പങ്കുചേർന്നു.                   

                       കച്ചവടത്തിലും വ്യാപാരത്തിലും പ്രഗൽഭരായ വണിക്കുകൾ കൂടുതൽ  സാമ്പത്തികലാഭത്തിന് വേണ്ടി തങ്ങളുടെ ദേശം വിട്ടു മറ്റു ദേശങ്ങളിലേക്ക് പോയി താമസമുറപ്പിക്കുക എന്നത് സാധാരണമായിരുന്നു. പുതിയ പ്രദേശത്ത് അവർ ആദ്യം അതിഥികളെപ്പോലെയായിരിക്കും.  വാസമുറപ്പിച്ച പ്രദേശത്തെ ഭാഷയും ആചാരമര്യാദകളും ഒക്കെ പഠിക്കുകയും തങ്ങളുടെ രാജ്യത്തുനിന്ന് വരുന്നവരുടെയും ആതിഥേയരാജ്യത്തുള്ളവരുടെയും ഇടയിൽ വ്യാപാര കാര്യങ്ങളിൽ ഇടനിലക്കാരായി പ്രവർത്തിക്കുകയും ചെയ്യും. വ്യവസായപൂർവ്വകാലത്ത് വ്യാപാരികൾക്കും രാജാക്കന്മാർക്കിടയിലുമുള്ള കച്ചവട ഉടമ്പടികൾ,  തർക്കങ്ങൾ, പാണ്ടികശാലകളിലെ സൗകര്യങ്ങൾ, ചരക്കുകളുടെ ലഭ്യത, തുടങ്ങിയവയെക്കുറിച്ചുള്ള പ്രശ്നങ്ങൾ സാധാരണമായിരുന്നു. ഇവ പരിഹരിക്കുന്നതിന് ഫലപ്രദമായ  മാർഗം കച്ചവട ഡയോസ്പോറകളുടെ  രൂപീകരണമായിരുന്നു.

             കേരളത്തിൽ പതിനഞ്ചാം നൂറ്റാണ്ടിന് മുന്നെ എത്തിച്ചേർന്ന കച്ചവട ഡയോസ്പോറകളെ stayers, movers എന്ന വിഭജനത്തിൻ കീഴിൽ കൊണ്ടുവരാൻ സാധിക്കും. തുടക്കത്തിൽ പരാമർശിച്ചത് പോലെ, കേരളവുമായി സമുദ്രാന്തരവാണിജ്യത്തിലേർപ്പെട്ട സുമേറിയ, ബാബിലോണിയ, റോം, ഗ്രീസ്, ചൈന, എത്യോപ്യ എന്നീ രാജ്യങ്ങൾ കേരളത്തിൽ തങ്ങളുടെ സാധനങ്ങൾ വിൽക്കാനും വാങ്ങാനുമായി വന്നവരാണ് (movers). എന്നാൽ  യഹൂദർ, അറബികൾ, ക്രിസ്ത്യാനികൾ എന്നിവർ  stayers ആണ്. വിദൂരവും വിഭിന്നവുമായ പ്രദേശങ്ങളുമായുള്ള കച്ചവട ബന്ധങ്ങളുടെ ഫലമായിട്ടാണ് കേരളത്തിൽ മതങ്ങൾ പ്രചരിക്കുന്നത്. കേരളീയ സമൂഹ രൂപീകരണത്തിലെ ശക്തമായ ഘടകങ്ങളാണ് ഇസ്ലാംമതവും ക്രിസ്തുമതവും.  കച്ചവടത്തിലും വ്യാപാരത്തിനും സാധ്യതകളുണ്ടായിരുന്ന വർത്തകകേന്ദ്രങ്ങളിലാണ് അവർ താമസം ഉറപ്പിച്ചതുതന്നെ. അതിഥിസമൂഹങ്ങളെ ആതിഥേയസമൂഹം പലതരത്തിലാണ് സ്വീകരിച്ചിരിക്കുന്നത്. കേരളത്തിലെ സമൂഹം അവരെ സൗഹാർദ്ദത്തോടെ സ്വീകരിക്കുകയാണ് ചെയ്തത്.  ഇവിടെ കച്ചവട പ്രമാണിമാർക്ക് ആനുകൂല്യങ്ങളും ബഹുമതികളും പതിച്ചുകൊടുത്തതായി ചരിത്രരേഖകൾ സാക്ഷ്യപ്പെടുത്തുന്നു.

           ജൂതപ്രവാസികൾ ആദ്യകാല ആധുനിക ലോകപ്രവാസികളിൽ ഏറ്റവും പഴക്കമേറിയതും  ശക്തവുമായ ഒന്നായി കണക്കാക്കപ്പെടുന്നു.  പോർച്ചുഗീസുകാർ ദക്ഷിണാഫ്രിക്കൻ തീരത്തിലൂടെ ഇന്ത്യയിലേക്കുള്ള പാത കണ്ടെത്തിയതിലൂടെ ഇന്ത്യയിലേക്കുള്ള ജൂതന്മാരുടെ കുടിയേറ്റം അടയാളപ്പെടുത്താം. വജ്രവ്യാപാരത്തിന്നുമുമ്പ്, പോർച്ചുഗലിലെ യഹൂദന്മാർ അക്ഷര വാഹകരായും വിവർത്തകരായും ഏജന്റമാരായും ജോലി ചെയ്തിരുന്നു.  ഇന്ത്യയിൽ പോർച്ചുഗീസ് വ്യാപനം തുടർന്നപ്പോൾ, ജൂതന്മാർക്ക് അവരുടേതായ സമൂഹങ്ങൾ സൃഷ്ടിക്കാനും അവരുടെ മതപാരമ്പര്യങ്ങൾ ആചരിക്കാനും കഴിഞ്ഞു. ഡച്ച് സഞ്ചാരിയായ ജെ.വാൻ ലിൻഷോട്ടൻ സൂചിപ്പിച്ചതുപോലെ, "ഗോവയിലും കൊച്ചിയിലും  പോലെ  ഇന്ത്യയിലെ  എല്ലാ സ്ഥലങ്ങളിലും ധാരാളം  മൂറുകളും  ജൂതന്മാരും ഉണ്ട്. ഇന്ത്യക്കാർക്ക് അവരുടെ സിനഗോഗുകൾ ഉണ്ട്. അവരുടെ നിയമമനുസരിച്ച് അവർ എല്ലാ ചടങ്ങുകളും ഉപയോഗിക്കുന്നു. മൂറുകൾക്കും  ജൂതന്മാർക്കും  ഇന്ത്യയിൽ  അവരുടെ മതങ്ങൾ ആചരിക്കാൻ കഴിഞ്ഞുവെന്ന്  ലിൻഷോട്ടന്റെ പ്രസ്താവന വ്യക്തമായി വിശദീകരിക്കുന്നു.  ഇന്ത്യൻ ഉപദ്വീപിനുള്ളിൽ കമ്മ്യൂണിറ്റികൾ സൃഷ്ടിക്കാനും അവരുടെ സംസ്കാരവും മതവും സംരക്ഷിക്കാനും അവർക്ക് കഴിഞ്ഞു എന്നാണ് ഇതിനർത്ഥം. ഇന്ത്യക്കാരെപ്പോലെ  ജീവിക്കുന്നതിനുപകരം  യഹൂദർ തങ്ങളുടെ വ്യക്തിത്വം കാത്തുസൂക്ഷിക്കാൻ സഹായിച്ച പ്രവാസികളെ സൃഷ്ടിച്ചുവെന്ന്  ഇത്തരം ഉദാഹരണങ്ങൾ  ശക്തമായി സൂചിപ്പിക്കുന്നു.  ഇന്ത്യയിലെ ജൂതന്മാർക്ക് യൂറോപ്പിൽ നിന്ന് വ്യത്യസ്തമായി അവരുടെ മതം വ്യാപാരം ചെയ്യാനും ആചരിക്കാനും കഴിഞ്ഞു.

              മധ്യകാലഘട്ടത്തിലെ കോഴിക്കോട്ടെ ഇസ്ലാമിക സമൂഹം ഡയോസ്പോറകളുടെ പ്രവർത്തനത്തിനു ഉത്തമോദാഹരണമാണ്. കോളനിപൂർവ്വകാലത്തെ കേരളത്തിൽ നഗരവത്കരണത്തിന്റെ ഒരു ചാലകശക്തിയായിരുന്നു മുസ്ലീം ഡയോസ്പോറകൾ. വടക്ക് ഏഴിമല മുതൽ തെക്ക് കൊല്ലം വരെയുള്ള തീരദേശ വാണിജ്യകേന്ദ്രങ്ങളിൽ ഇസ്ലാമിക കുടിപ്പാർപ്പുകളുടെ ശൃംഖല തന്നെയുണ്ടായിരുന്നു.  കോഴിക്കോട്ടെത്തിയ മുസ്ലിം കച്ചവടക്കാരുടെ സംസ്കാരം അവിടെയുണ്ടായിരുന്ന ജനങ്ങളിൽ നിന്നും തീർത്തും വ്യത്യസ്തമായിരുന്നു. ആഹാരം, വസ്ത്രം എന്നിവയിൽ തങ്ങളുടേതായ രീതി പിന്തുടരുമ്പോൾ പാർപ്പിടത്തിന്റെ കാര്യത്തിൽ തദ്ദേശീയരുടെ സമ്പ്രദായം തന്നെയായിരുന്നു. കൊല്ലത്തു വാസമുറപ്പിച്ചിരുന്ന ക്രിസ്ത്യൻ വ്യാപാരികൾക്ക് ഐങ്കമ്മാളരുടെ സേവനം കൂടി ഉറപ്പുവരുത്തുന്ന തരിസാപ്പള്ളി ലിഖിതം, പള്ളിയുടെ ദൈനംദിന ചിലവുകൾക്ക് സാമൂതിരി നൽകിയ സംഭാവനകൾ പ്രദിപാദിക്കുന്ന മുച്ചുന്തിപ്പള്ളി ലിഖിതം എന്നിവ കച്ചവടക്കാർക്കു വേണ്ടുന്ന സേവനം ചെയ്തു കൊടുക്കാൻ ഭരണവർഗം മുന്നോട്ട് വന്നതിന് തെളിവാണ്. സാമൂതിരിയുടെ നാവികപ്പടയുടെ നേതൃത്വം മാപ്പിളമാർക്കായിരുന്നു. പീരങ്കിപ്പടയിലെ പടയാളികളും അവർ തന്നെയായിരുന്നു. കോഴിക്കോടുള്ള സകല മാപ്പിളമാരുടെയും അധികാരം, മുക്കുവന്മാർ, കമ്മാളന്മാർ തുടങ്ങിയവരിൽ നിന്നും സമ്മാനങ്ങൾ സ്വീകരിക്കാനും ചുങ്കം പിരിക്കാനുമുള്ള അവകാശം തുടങ്ങിയവ കോഴിക്കോട്ടെ കോയയ്ക്ക് സാമൂതിരി നൽകിയ അധികാരങ്ങളിൽ ഉൾപ്പെട്ടിരുന്നു. സാമൂതിരിയുടെ സാമ്പത്തിക-രാഷ്ട്രീയ താല്പര്യങ്ങളായിരിക്കാം ഇതിനുപിന്നിലെങ്കിലും കേരളീയ സാമൂഹികാന്തരീക്ഷത്തിൽ സമാധാനപരമായ സഹവർത്തിത്വം വളർന്നുവരാൻ സഹായകമായി.

 ദീർഘദൂരവ്യാപാരം, സാങ്കേതിക കൈമാറ്റം, സാമ്രാജ്യത്വ - കൊളോണിയൽ സംരംഭങ്ങൾ,  മിഷണറി പ്രവർത്തനങ്ങൾ,  അടിമക്കച്ചവടം, ആഗോള മുതലാളിത്തത്തിന്റെ വികസനം എന്നിവ സ്ഥാപിക്കുന്ന പ്രക്രിയയിൽ നിർണ്ണായകമായ വിധത്തിൽ ട്രേഡിംഗ് ഡയസ്പോറകൾ പങ്കുവഹിച്ചു. അടിമക്കച്ചവടത്തിന്റെയും  കൊളോണിയലിസത്തിന്റെയും  സ്ഥാപനത്തിലേക്ക് നയിച്ചു എന്നതൊഴിച്ചാൽ വിവിധ രാജ്യങ്ങൾ തമ്മിലുള്ള ആശയവിനിമയവും ദീർഘദൂരവ്യാപാരവും ആഗോള വിപണികളുടെ വികാസവും    സാധ്യമാക്കിയതിൽ കച്ചവട ഡയോസ്പോറകൾ ഒരു പ്രധാന മുൻനിരയായിരുന്നു.  അതിനു  പുറമേ, ആതിഥേയരാജ്യവും  വ്യാപാരിയും തമ്മിൽ  സംസ്കാരങ്ങളുടെയും  ആശയങ്ങളുടെയും  സാങ്കേതികവിദ്യയുടെയും  കൈമാറ്റം നടത്തുന്നതിനും പ്രവാസികൾ കാരണമായി. അതിപൗരാണിക കാലം മുതൽക്കെയുള്ള കേരളത്തിന്റെ സമുദ്രാന്തരവാണിജ്യം ഇത്തരത്തിലൊരു ക്രോസ് ട്രേഡിംഗ് സംസ്കാരം സൃഷ്ടിക്കുന്നതിനും വലിയൊരളവിൽ പങ്കുവഹിച്ചു.

 

 

 

❖     ഗ്രന്ഥസൂചി

  1. പ്രൊഫ.എസ്.അച്യുതവാര്യർ, കേരള സംസ്കാരം, സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാംഗ്വേജ്, തിരുവനന്തപുരം, 2012

  2. പി.കെ ഇബ്രാഹിം കുഞ്ഞി, മുസ്ലിമിങ്ങളും കേരള സംസ്കാരവും, കേരള സാഹിത്യ അക്കാദമി,  2008

  3. ഡോ.കെ.കെ.എൻ.കുറുപ്പ്, സമൂഹം ചരിത്രം സംസ്കാരം, പൂർണ്ണ പബ്ലിക്കേഷൻസ്,

4.      ഡോ.എം.ഗംഗാധരൻ, വാണിജ്യകേരളം, ഡി.സി. ബുക്സ്, 2013     

  1. എം.ജി.എസ്.നാരായണൻ, ചരിത്രം വ്യവഹാരം കേരളവും ഭാരതവും, കറന്റ് ബുക്സ്,  2015

  2. ഡോ.ടി.ആർ രാഘവൻ, ഇന്ത്യൻ കപ്പലോട്ടത്തിന്റെ ചരിത്രം,  കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്,  2016

7.      ക്യാപ്റ്റൻ കെ.പി. രാജൻ, കേരളം: തുറമുഖ ചരിത്രങ്ങളിലൂടെ, പിയാനോ പബ്ലിക്കേഷൻസ്, 2012

8.      വേലായുധൻ പണിക്കശ്ശേരി, പ്രാചീനകേരളത്തിന്റെ വാണിജ്യബന്ധങ്ങൾ, ഡി.സി.ബുക്ല്, 2018

9.      വേലായുധൻ പണിക്കശ്ശേരി, കേരളചരിത്രപഠനങ്ങൾ, കറന്റ് ബുക്സ്, 1998

  1. ഡോ.ശംസുല്ല ഖാദിരി (പരി:വി.അബ്ദുൽ ഖയ്യൂം), പ്രാചീന മലബാർ,  അദർ ബുക്സ്,  2010

  2. ഡോ.പി.ബി.സാലിം, എ.എസ്.ഹാഫിസ് മുഹമ്മദ്,  എം.സി.വസിഷ്ഠ്,    (എഡിറ്റേഴ്സ്), മാതൃഭൂമി  ബുക്സ്, 2011

12.   കേരളചരിത്രം vol 1 & 2 , കേരള ഹിസ്റ്ററി അസോസിയേഷൻ,   1974                                                                                                                                       

  1. Jawaharlal Nehru, The Discovery of India, Meridian Books (UK),2008

  2. Kennedy,  Early Commerce between India and Babylon, journal of Royal Asiatic Society, 1898

  3. Mahmood Kooria, Michael Naylor Pearson, Malabar In the Indian Ocean, Oxford university press , 2018

  4. R.C.Majumdar,Ancient India, motilal Banarsidass,1977    

  5. M.R.Raghava Warrier, Urban Experience in Mediaeval Kerala:  The Early Phase, paper presented to the ICHR seminar on Inscriptional Terms,  1989

  6. Robin Cohen, Global Diasporas : An introduction , Routledge , 2022

    

 

ഹർഷിത പി പി

ഗവേഷക

മലയാള-കേരളപഠനവിഭാഗം

കാലിക്കറ്റ് യുണിവേഴ്സിറ്റി

                                                                                                      

  

 

                    

           

            

                 

       

 

0 comments
bottom of page