top of page

കലയും പ്രതിരോധവും

 സംഗീതം -6
രാജി .ടി.എസ്

സമൂഹത്തിൽ നിലനിൽക്കുന്ന സംസ്കാരത്തിൻറെ ഭാഗമാണ് കലകൾ. സാമൂഹിക വ്യവസ്ഥയുടെയും അതിലുള്ള അധികാരശ്രേണികളുടെയും  പ്രതിഫലനങ്ങൾ കലകളിൽ കാണാം. അധികാര വർഗ്ഗങ്ങൾക്കെതിരെ പ്രതിരോധം ഉയർത്താനും അധികാരാധിപത്യത്തെ ചെറുത്തുനിൽക്കാനും ദൃശ്യശ്രാവ്യ കലകളെ ഫലപ്രദമായി ഉപയോഗിക്കുന്നുണ്ട് എന്നതും ഒരു വസ്തുതയാണ്. സ്വേച്ഛാധിപത്യത്തിനെതിരെയും  ജനവിരുദ്ധ നയങ്ങൾക്കെതിരെയും ജനദ്രോഹനിയമങ്ങൾക്കെതിരെയും ലിംഗ - വർണ്ണ - ജാതി അസമത്വങ്ങൾക്കെതിരെയും  ശക്തമായി പ്രതികരിക്കാൻ ലോകമെമ്പാടും സംഗീത - നൃത്യാദി കലകളെ ഉപയോഗിക്കുന്നുണ്ട്. സമീപകാലത്ത് നവമാധ്യമങ്ങളിലൂടെ പ്രചരിച്ച, ജനശ്രദ്ധ ആകർഷിച്ച, ന്യൂസിലാൻഡിലെ പാർലമെൻറ് അംഗമായ ഹാന രഹിറ്റി മൈപി ക്ലാർക്കിൻ്റെ  വീഡിയോ ഏവർക്കും സുപരിചിതമായിരിക്കും. ‘മാവോറി’ (Maori) ജനതയും ബ്രിട്ടീഷ് സാമ്രാജ്യവുമായി 1840ൽ ഒപ്പുവെച്ച,   ന്യൂസിലാൻഡിന്റെ സ്ഥാപകരേഖയായ ‘വൈറ്റാങ്ങി’ (Waitangi) ഉടമ്പടിയെ പുനർനിർവ്വചിക്കാനുള്ള ബില്ലിനെതിരെയാണ് ഹാനയുടെ നേതൃത്വത്തിൽ പ്രതിപക്ഷ എംപിമാർ ‘ഹക്കാ’ എന്ന പരമ്പരാഗത മാവോറി നൃത്തം  നടത്തിയത്. ന്യൂസിലാൻഡ് പാർലമെൻറ് വിവാദബില്ല് അവതരിപ്പിക്കുക എന്ന ആദ്യ കടമ്പ കടന്നുവെങ്കിലും വ്യത്യസ്തമായ ഈ പ്രതിഷേധം ലോക ശ്രദ്ധ ആകർഷിച്ചു.


പലതരം വ്യവസ്ഥിതികൾക്കെതിരെ ഇത്തരം ശക്തവും ധീരവും ആയ നിലപാടെടുത്ത സ്ത്രീകളെ ചരിത്രത്തിൽ ഉടനീളം കാണാം. മല്ലിക - എ - ഗസൽ എന്നറിയപ്പെട്ട, പ്രശസ്ത പാക്കിസ്ഥാനി ഗസൽ ഗായികയായിരുന്ന ഇക്ബാൽ ബാനോ (1928 - 2009) നടത്തിയ പ്രതിഷേധം പ്രതിരോധത്തിന്റെ പ്രതീകമായും ഐതിഹാസികമായ സംഭവമായും ചരിത്രത്തിൽ ഇടം നേടിയ ഒന്നായിരുന്നു. 1977 മുതൽ 1988 വരെ പാക്കിസ്ഥാൻ ജനറൽ മുഹമ്മദ് സിയ - ഉൽ - ഹക്കിന്റെ നേതൃത്വത്തിലുള്ള സൈനികസ്വേച്ഛാധിപത്യത്തിൻ കീഴിലായിരുന്നു. 1986 ആയപ്പോഴേക്കും സിയയുടെ ഭരണം ജനങ്ങൾക്ക് മേൽ കടുത്ത നിയന്ത്രണങ്ങളും  അടിസ്ഥാന മനുഷ്യാവകാശങ്ങളുടെ ലംഘനവും നിറഞ്ഞതായി തീർന്നു. സാധാരണ ജനങ്ങളുടെ വസ്ത്രധാരണത്തിനു വരെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ പല രാജ്യങ്ങളിലും മതഭേദമെന്യേ സ്ത്രീകൾ പൊതുവായി ധരിച്ചിരുന്ന വസ്ത്രം ആയിരുന്നു സാരി. സിയയുടെ പട്ടാളഭരണത്തിൽ സാരി അനിസ്ലാമികമായി കണ്ടെത്തുകയും നിരോധിക്കപ്പെടുകയും ചെയ്തു. സാരി പൊതുമണ്ഡലത്തിൽ നിന്ന് നിരോധിക്കണമെന്ന ഉത്തരവ് സിയയുടെ ഭരണകൂടം പുറപ്പെടുവിച്ചതിന് തൊട്ടുപിന്നാലെ 1986 ഫെബ്രുവരി 13ന് പാക്കിസ്ഥാനിലെ ലാഹോറിലെ അൽ-ഹംറ ഹാളിൽ ഇഖ്ബാൽ ബാനോ കറുത്ത സാരി ധരിച്ച് ഗസൽ അവതരിപ്പിച്ചു. പുരോഗമനപരമായ വീക്ഷണങ്ങളും ഫാസിസ്റ്റ് വിരുദ്ധ രചനകളും കാരണം സിയയുടെ ഭരണകൂടത്തിന്റെ അപ്രീതി സമ്പാദിച്ച പ്രശസ്ത കവി ഫൈസ് അഹമ്മദ് ഫൈസിന്റെ (1911-1984) വാർഷിക അനുസ്മരണ ചടങ്ങ് ആയിരുന്നു വേദി. പ്രതിഷേധത്തിന്റെ നിറവും സിയയുടെ ഭരണകൂടം നിരോധിച്ച വസ്ത്രവും ധരിച്ച്,  കറുത്ത സാരിയിൽ തിളങ്ങിയ ബാനോ, മാർക്സിയൻ ചിന്താഗതിക്കാരനായിരുന്ന ഫൈസ് അഹമ്മദ് ഫൈസിന്റെ  പ്രസിദ്ധമായ ‘ഹം ദേഖേംഗേ’ എന്ന കവിത ഗസൽ രൂപത്തിൽ ആലപിച്ചു. ഫൈസിന്റെ കവിതകളുടെ ആരാധികയായിരുന്ന ബാനോയുടെ കച്ചേരി കേൾക്കാൻ അസാധാരണമാം വിധം വലിയ ജനക്കൂട്ടം എത്തിച്ചേർന്നിരുന്നു. ധാരാളം രാഷ്ട്രീയപ്രവർത്തകരും പൊതുജനങ്ങളും ഓഡിറ്റോറിയത്തിന് പുറത്ത് തടിച്ചുകൂടിയിരുന്നു. ഈ പ്രകടനം ഭാഗ്യവശാൽ റെക്കോർഡ് ചെയ്യപ്പെടുകയുണ്ടായി. യൂട്യൂബിൽ ആ ഗാനം ഇന്നും ലക്ഷക്കണക്കിന് ആരാധകരുടെ പിന്തുണയോടെ നിലനിൽക്കുന്നു.

 

ഈ അവതരണത്തോടുള്ള  ആസ്വാദകരുടെ പ്രതികരണം ആവേശഭരിതമാണ്. ബാനോ കവിത ആലപിക്കാൻ തുടങ്ങുമ്പോൾ തന്നെ ജനക്കൂട്ടം കരഘോഷം മുഴക്കി തുടങ്ങി. ഗസലിന്റെ താളത്തിനൊപ്പം കയ്യടിക്കുകയും ഓരോ വരികളെയും അഭിനന്ദിക്കുകയും കവിതയുടെ ഏറ്റവും സ്വേച്ഛാധിപത്യവിരുദ്ധമായ വരികളിൽ എത്തുമ്പോൾ ജനക്കൂട്ടം ആവേശഭരിതമായി മുദ്രാവാക്യം വിളിക്കുകയും ചെയ്യുന്നത് ആ റെക്കോർഡിങ്ങിൽ കേൾക്കാവുന്നതാണ്. ഇൻക്വിലാബ് സിന്ദാബാദ് എന്ന് ഇടതുപക്ഷ മുദ്രാവാക്യം ജനക്കൂട്ടം ആവർത്തിക്കുന്നതും കേൾക്കാം. ജനറൽ മുഹമ്മദ് സിയാ-ഉൽ-ഹക്കിന്റെ ഭരണത്തിനും ആജ്ഞയ്ക്കും എതിരായ ഈ പ്രവർത്തി ഭരണകൂടത്തിന്റെ അടിച്ചമർത്തലിലേക്കും, പരിപാടിയുടെ സംഘാടകരെ പീഡിപ്പിക്കുന്നതിലേക്കും, ദേശീയ വേദികളിൽ ഗായികയായി പ്രത്യക്ഷപ്പെടുന്നതിൽ നിന്നും  ബാനോയെ വിലക്കുന്നതിലേക്കും കാരണമായി. സംഘാടകരുടെയും പങ്കെടുത്തവരിൽ പലരുടെയും വീടുകളിൽ റെയ്ഡ് നടത്തി. 'ഹം ദേഖേംഗെ'യുടെ നിരവധി കോപ്പികൾ കണ്ടു കെട്ടുകയും നശിപ്പിക്കപ്പെടുകയും ചെയ്തു. 2019 ൽ ഇന്ത്യയിലെ പൗരത്വ ഭേദഗതി നിയമ പ്രതിഷേധത്തിനിടയിലും ഈ ഗാനം ഉയർന്നു കേട്ടു.



 

വർഗ്ഗ - വർണ്ണ - ജാതി - മതവ്യവസ്ഥകളും, ആചാരങ്ങളും,  അനാചാരങ്ങളും ആഴത്തിൽ വേരോടിയ ഇന്ത്യൻ സമൂഹത്തിൽ കലകൾക്ക് പ്രാധാന്യമുണ്ട്. സ്വഭാവികമായും ഇതിൻ്റെ അനുരണനങ്ങൾ കലകളിലും ഉണ്ടാവുന്നു. ഇന്ത്യൻ സൂഹത്തിൽ കാലഭേദമെന്യേ വിവിധതരത്തിലും തലത്തിലും അധികാരശ്രേണികൾ നിലനിന്നു പോരുന്നു. ജാതിമേൽക്കോയ്മയും പുരുഷാധിപത്യവും പ്രകടമായി നിലനിന്നിരുന്ന ഒരു കാലഘട്ടം കർണാടകസംഗീതത്തിനും ഉണ്ടായിരുന്നു. ഇന്നത്തെ സാമൂഹ്യസ്ഥിതിയിൽ ഇത് ദൃശ്യ-അദൃശ്യ അവസ്ഥയിൽ ആണ്; പ്രിവിലേജ്‌ഡ്‌ ആയ വ്യക്തികൾക്ക് അദൃശ്യമായ നിലയിലും, പിന്നാക്കജാതിയിൽ ഉള്ളവർക്ക് ദൃശ്യമായ നിലയിലും. ഇത്തരത്തിലുള്ള ജാതി - ലിംഗ വിവേചനങ്ങൾക്കെതിരെ സുശക്ത നിലപാട് സ്വീകരിച്ച സംഗീതജ്ഞയാണ് ബാംഗ്ലൂർ നാഗരത്നമ്മാൾ. തമിഴ്നാട്ടിലെ തഞ്ചാവൂർ ജില്ലയിലെ തിരുവൈയ്യാറിൽ നടക്കുന്ന ത്യാഗരാജ ആരാധനയിൽ സ്ത്രീകളുടെ പങ്കാളിത്തം ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ചരിത്രപ്രാധാന്യമുള്ള ഒരു സംഭവം നടന്നിരുന്നു. സംഗീത ത്രിമൂർത്തികളിൽ ഒരാളായ ശ്രീ.ത്യാഗരാജസ്വാമികളുടെ (1767-1847) സമാധിദിനമായ പുഷ്യബഹുളപഞ്ചമിയിൽ അദ്ദേഹത്തിൻറെ പഞ്ചരത്ന കൃതികൾ ആലപിച്ചുകൊണ്ട് സംഗീതജ്ഞർ ആരാധന നടത്തുന്നു. ത്യാഗരാജസ്വാമിക്ക് അദ്ദേഹത്തിൻറെ സമാധി സ്ഥിതി ചെയ്യുന്ന സ്ഥലത്ത് ഒരു ക്ഷേത്രം ഉൾക്കൊള്ളുന്ന സ്മാരകം നിർമ്മിച്ചത് ബാംഗ്ലൂർ നാഗരത്‌നമ്മാൾ എന്ന ദേവദാസി വംശജയാണ്.

 

1903 ൽ വെണ്ണക്കല്ലിൽ തീർത്ത ഒരു ചെറിയ സ്മാരകമന്ദിരം സമാധി സ്ഥലത്ത് സ്ഥാപിക്കുകയും ത്യാഗരാജന്റെ ബഹുമാനാർത്ഥം വാർഷികസംഗീതോത്സവങ്ങൾ നടത്തി വരികയും ചെയ്തിരുന്നു. എന്നാൽ സമാധിയിൽ ആരാധന നടത്തുന്നതുമായി ബന്ധപ്പെട്ടുള്ള തർക്കം കാരണം ആരാധകർ രണ്ട് ചേരിയിൽ ആവുകയും വൈരാഗ്യത്തോട് കൂടി പരസ്പരം പ്രവർത്തിക്കുകയും ചെയ്തു. എതിർ ഗ്രൂപ്പുകൾ മത്സരക്കച്ചേരികൾ നടത്തുകയും അധികം താമസിയാതെ തന്നെ സമാധിയുടെ പരിപാലനം തകരാറിൽ ആവുകയും സമാധി ജീർണാവസ്ഥയിൽ ആവുകയും ചെയ്തു. ഈ അവസരത്തിലാണ് പ്രശസ്തസംഗീതജ്ഞയും പണ്ഡിതശ്രേഷ്ഠയും ധനാഢ്യയുമായിരുന്ന നാഗരത്നമ്മ സമാധി പുനസ്ഥാപിക്കാനുള്ള പരിപാടികളിൽ ഏർപ്പെടുന്നത്. നാഗരത്നമ്മ ത്യാഗരാജന്റെ സമാധി സ്ഥിതിചെയ്യുന്ന സ്ഥലം ഏറ്റെടുക്കുകയും സ്വന്തം സാമ്പത്തികസ്രോതസ്സുകൾ ഉപയോഗിച്ച് സ്മാരകം നിർമ്മിക്കുകയും ചെയ്തു. ത്യാഗരാജവിഗ്രഹം ക്ഷേത്രത്തിൽ പ്രതിഷ്ഠിക്കുകയും ദിവസവും പൂജകൾ നടത്താനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തുകയും ചെയ്തുകൊണ്ട്  1921 ൽ ക്ഷേത്രം സമർപ്പിക്കപ്പെട്ടു. സമാധി സ്മാരകം നവീകരിക്കപ്പെട്ടുവെങ്കിലും അതിന് കാരണഭൂതയായ നാഗരത്നമ്മയെ സംഗീതോത്സവത്തിൽ പങ്കെടുക്കുന്നതിൽ നിന്നും അന്നത്തെ പുരുഷമേധാവിത്വ സംഗീതലോകം തടഞ്ഞു. അക്കാലത്ത് ദേവദാസികൾ അല്ലാതെ കുടുംബം എന്ന വ്യവസ്ഥിതിയിൽ നിന്നുമുള്ള സ്ത്രീകൾ പൊതുവേദികളിൽ പാടുകയോ നൃത്തം ചെയ്യുകയോ ചെയ്യാറില്ലായിരുന്നു. ദേവദാസിനൃത്തമോ ഗാനമോ അവതരിപ്പിക്കില്ലെന്നും മറിച്ചു ദേവ സന്നിധിയിൽ ഹരികഥ മാത്രമേ പറയൂ എന്ന് ബോധ്യപ്പെടുത്തിയെങ്കിലും പുരുഷകലാലോകം നാഗരത്നമ്മയെ മാറ്റിനിർത്തി. തൻറെ മുന്നിലുള്ള ഈ തടസ്സത്തെ വെല്ലുവിളിയായി സ്വീകരിച്ചുകൊണ്ട് സ്ത്രീകളെ മാത്രം ഉൾപ്പെടുത്തി കൊണ്ടുള്ള സമാന്തര സംഗീതോത്സവം നാഗരത്നമ്മ സംഘടിപ്പിച്ചു. അവരുടെ ക്ഷണം സ്വീകരിച്ച് വിവിധ സ്ഥലങ്ങളിൽ നിന്നും ദേവദാസി വംശജകളായ സംഗീതജ്ഞമാർ തിരുവയ്യാറിലേക്ക് ഒഴുകിയെത്തി. പരസ്പരം പോരടിച്ചുകൊണ്ടിരുന്ന ‘പെരിയ കച്ചിക്കും’(major group) ‘ചിന്ന കച്ചിക്കും’(minor group) ഒപ്പം ‘പെൺകൾ കച്ചിയും’ സംഗീത ആരാധന നടത്തി. സ്ത്രീകൾക്ക്  പക്കമേളക്കാരായിരിക്കാൻ വിമുഖത കാണിച്ച പുരുഷന്മാർക്ക് മുന്നിലൂടെ സ്ത്രീകളായ പക്കമേളക്കാർ അണിനിരന്നുകൊണ്ട് അവതരിപ്പിച്ച സംഗീതോത്സവം ജനപ്രീതി പിടിച്ചുപറ്റി. ഒടുവിൽ 1941ൽ നാഗരത്‌നമ്മയുടെ ശ്രമങ്ങൾക്ക് ഫലം കണ്ടു. സംഗീതോത്സവത്തിൽ സ്ത്രീകൾക്കും പുരുഷന്മാർക്കും പാടാനുള്ള അവസരം കൈവന്നു.


 

ഇന്ത്യൻസമൂഹത്തിൽ കാലഭേദമെന്യേ വിവിധതരത്തിലും തലത്തിലും അധികാരശ്രേണികൾ നിലനിന്നു പോന്നിട്ടുണ്ട്.  ഇത്തരത്തിലുള്ള അധികാരശ്രേണിയാണ് ഫ്യൂഡലിസവും തുടർന്നത്. ഭൂമിയുടെ  ഉടമസ്ഥാവകാശം മനുഷ്യന് മേലുള്ള അധികാരത്തിൻ്റെ ഹേതുവായി ജാതിവ്യവസ്ഥയ്ക്ക് ഒപ്പം ഫ്യൂഡലിസത്തിൽ പ്രവർത്തിക്കുന്നു. നാടുവാഴികളും ഭൂപ്രഭുക്കന്മാരും കരപ്രമാണിമാരും അടങ്ങുന്ന വരേണ്യവർഗ്ഗത്തിൻറെ ചിന്താധാരകൾ സമൂഹപൊതുബോധത്തെ സ്വാധീനിക്കുകയും ഇത്തരം സ്വാധീനങ്ങൾ കലകളിലും സാഹിത്യങ്ങളിലും പ്രകടമാവുകയും ചെയ്തു. കീഴാളജനതയെ ഈ പരിസരങ്ങളിൽ അടുപ്പിച്ചില്ല, കീഴാളജീവിതത്തെ ചർച്ച ചെയ്യുന്ന സാഹിത്യസൃഷ്ടികൾ ഉണ്ടായതുമില്ല.ഫ്യൂഡൽവ്യവസ്ഥയുടെ അധികാരം പ്രയോഗിക്കപ്പെട്ടത്  ഭൂരിപക്ഷമുള്ള കീഴാള ജനതയിലാണ്. മലയാള സിനിമയുടെ ആദ്യനായികയായ പി . കെ റോസിക്ക് ജനിച്ച നാടുപേക്ഷിച്ച് പോകേണ്ടിവന്നതിനു പിന്നിൽ ഉള്ള കാരണവും മറ്റൊന്നല്ല. അവരുടെ സിനിമ റിലീസ് ചെയ്ത ആദ്യദിവസം തന്നെ നായർ ഭൂപ്രഭുക്കന്മാരിൽ നിന്നും അതിക്രമം നേരിടേണ്ടി വന്നു. സിനിമയിൽ ആയാൽ പോലും, ചേരമർ സമുദായത്തിലെ ഒരു ദളിത് സ്ത്രീ, നായർ സ്ത്രീയുടെ വേഷം കൈകാര്യം ചെയ്തതിലും മറ്റൊരു പുരുഷനുമായി പ്രണയരംഗങ്ങൾ അഭിനയിക്കുന്നതിലും സഹികെട്ട  സവർണ്ണ സമുദായത്തിലെ പുരുഷന്മാർ സ്ക്രീൻ വലിച്ചുകീറി സിനിമപ്രദർശനം തടസ്സപ്പെടുത്തി. ജന്മികളുടെ ആക്രമണം തൻ്റെ കുടിൽ കത്തിക്കുന്ന അവസ്ഥയിൽ എത്തിയപ്പോൾ  കേരളത്തിൽനിന്ന് പലായനം ചെയ്യാൻ റോസി നിർബന്ധിതയാക്കപ്പെടുകയും ചെയ്തു. ശിഷ്ടകാലം തൻറെ പൂർവ്വകാലസ്വത്വം മറച്ചുവെച്ചാണ് തമിഴ്നാട്ടിൽ അവർ ജീവിച്ചത്. ഒരിക്കൽപോലും സ്വന്തം നാട്ടിലേക്ക് തിരികെ എത്തുവാൻ അവർ ഒരുക്കമായിരുന്നുമില്ല. 1935ൽ പുറത്തിറങ്ങിയ മലയാളത്തിലെ ആദ്യത്തെ ഫീച്ചർ ഫിലിം ആയ വിഗതകുമാരന്റെ സംവിധായകനും നിർമാതാവും അഭിനേതാവുമായിരുന്നു ജെ.സി ഡാനിയേലിന്റെ ജീവിതവും ഇതോടൊപ്പം തകർക്കപ്പെട്ടു എന്ന് കാണാം. പിന്നാക്ക ജാതിയിൽപ്പെട്ട നാടാർ ക്രിസ്ത്യൻ സമുദായാംഗമായിരുന്ന അദ്ദേഹവും നഷ്ടങ്ങൾ മാത്രം സ്വീകരിച്ചുകൊണ്ട് സിനിമാമേഖല വിട്ടുപോയി.


മലയാള സിനിമകൾ റിയലിസ്റ്റിക് സിനിമകൾ ആണെന്ന് വിലയിരുത്തപ്പെടുമ്പോഴും അത് രേഖപെടുത്തുന്നത് വരേണ്യവർഗ്ഗ വ്യവസ്ഥിതികളെയാണ് . ഏതു കലാരംഗമായാലും അവയുടെ വളർച്ചയുടെ സഞ്ചാരപഥങ്ങളിൽ ദളിതരുടെ സംഭാവനകളും ശ്രമങ്ങളും രേഖപ്പെടുത്തിയതായി കാണാൻ കഴിയില്ല. ജാതീയമായ വിവേചനവും ലിംഗപരമായ അസമത്വവും  പിന്നാക്ക സമുദായങ്ങളിൽപ്പെട്ട സ്ത്രീകൾക്ക് നേരിടേണ്ടി വരുന്നു. തടസ്സങ്ങളെ സ്വന്തം പ്രതിഭയാൽ നിഷ്പ്രഭമാക്കിക്കൊണ്ട് മുന്നേറിയ ജീവിതങ്ങളും നമ്മുടെ മുന്നിലുണ്ട്. അങ്ങനെ വിജയിച്ചവരെ വരേണ്യതയുടെ മൂടുപടം അണിയിച്ചു നിർത്താനും സമൂഹം ശ്രദ്ധിച്ചിട്ടുണ്ട്.  അല്ലെങ്കിൽ വരേണ്യ വർഗ്ഗത്തിൻറെ ഭാഗമായി നിലനിൽക്കാൻ അവരും ശ്രമിച്ചിട്ടുണ്ട്. മനുഷ്യനിർമ്മിതമായ അനാചാരങ്ങൾക്കും വിവേചനങ്ങൾക്കും ഇടയിൽ സാമൂഹ്യവിപത്തുകൾക്കെതിരായി പ്രതിരോധം തീർത്തും പ്രതിഷേധം അറിയിച്ചും കല വളർന്നുകൊണ്ടിരിക്കുന്നു.

 
രാജി .ടി.എസ്

അസിസ്റ്റൻ്റ് പ്രൊഫസർ

സംഗീത വിഭാഗം

സർക്കാർ വനിതാ കലാലയം

 

 

 

 

 

 

 

0 comments
bottom of page