top of page

കൊടുക്കാതെ കൊതിപ്പിക്കുന്ന നാട്ടു സമൃദ്ധിയും പരദേശ ജീവിതവും‘ആസാം പണിക്കാർ’- ഒരു പുനർവായന

സാഹിത്യവിമർശനം

ഡോ. കെ. റഹിം


മനുഷ്യന്റെ ജീവിത പുരോഗതിയുടെ ചരിത്രം പലായനങ്ങളുടെയും കുടിയേറ്റങ്ങളുടെയും ചരിത്രം കൂടിയാണ്. കേരളീയ സമൂഹത്തിന്റെ വളർച്ചയിലും സംസ്കാരത്തിലും പ്രവാസ ജീവിതത്തിന്റെ വലിയ സ്വാധീനമുണ്ട്. അന്യ രാജ്യങ്ങളിലും ഇതര സംസ്ഥാനങ്ങളിലും സംസ്ഥാനത്തിനുള്ളിലുമൊക്കെ ഇത്തരം പ്രയാണങ്ങളും അത് സൃഷ്ടിക്കുന്ന ജീവിത പരിണാമങ്ങളും കാലങ്ങളായി നമ്മുടെ ജീവിതപരിസരങ്ങളെ ചലനാത്മകമാക്കി നിർത്തുന്നുണ്ട്. ഇന്ന് മലയാളികൾ അന്യനാടുകളിലേക്ക് തൊഴിലും മെച്ചപ്പെട്ട ജീവിതസൗകര്യങ്ങളും അന്വേഷിച്ച് ചേക്കേറുമ്പോൾ, കേരളത്തിലേക്ക് ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള തൊഴിലാളികളുടെ ഒഴുക്ക് ശക്തമായിത്തീർന്നിരിക്കുകയാണ്.കേരളത്തിൽനിന്ന് ആസാമിലേക്ക് തൊഴിൽ തേടി പോയവരുടെ അനുഭവങ്ങളെ മുൻനിർത്തി 1941ൽ വൈലോപ്പിള്ളി രചിച്ച ‘ആസാം പണിക്കാർ’ എന്ന കവിതയുടെ പുനർവായന പ്രവാസ ജീവിതത്തിന്റെ സാമൂഹികാനുഭവങ്ങളെ പുനർനിർവചിക്കാൻ പ്രേരിപ്പിക്കുന്നതാണ്.

 കേരളീയരായ തൊഴിലാളികളുടെ പരദേശ ജീവിതത്തെയും അവിടെനിന്നുള്ള തിരിച്ചുവരവിനെയും അടിസ്ഥാനമാക്കി രചിച്ച ആസാം പണിക്കാർ എന്ന കവിതയിൽ സൂക്ഷ്മമായ ഒരു രാഷ്ട്രീയ ദർശനം വൈലോപ്പിള്ളി അവതരിപ്പിച്ചിട്ടുണ്ട്.ആസാമിലേക്ക് പണിക്കുപോയ തൊഴിലാളി സംഘങ്ങളുടെ ജീവിതാവസ്ഥയും മാനസിക സംഘർഷവുമാണ് കവിതയുടെ പ്രമേയം. അന്യദേശത്തേക്കുള്ള തൊഴിലാളികളുടെ യാത്രയുടെയും ജോലിയുടെയും കയ്പേറിയ അനുഭവങ്ങളും മാതൃദേശത്തേക്കുള്ള തിരിച്ചുവരവിന്റെ മധുരമായ സ്വപ്നങ്ങളും സന്നിവേശിച്ചിരിക്കുന്ന കവിത എന്നതിനപ്പുറം മാറാതെ നിൽക്കുന്ന നാട്ടു ജീവിതത്തിന്റെ സന്ദിഗ്ദ്ധാ വസ്ഥകളെ കൂടി അവതരിപ്പിക്കുകയാണ്. കവിതയുടെ ഒന്നാം ഖണ്ഡത്തിൽ ആസാമിലേക്ക് തൊഴിലാളികൾ യാത്രതിരിക്കാനിടയായ സാഹചര്യങ്ങളെയും രണ്ടാംഖണ്ഡത്തിൽ ആസാമിൽ നിന്ന് തിരികെയെത്തുന്ന തൊഴിലാളികളുടെ ഹൃദയ വികാരങ്ങളെയും അവതരിപ്പിക്കുന്നു. അവർ ആസാമിലെ അപകടകരമായ തൊഴിലിടങ്ങളിലേക്ക് പോകുന്നത് സന്തോഷത്തോടെയല്ല,മറിച്ച് ജന്മനാട്ടിലെ ജീവിതം പരമദയനീയമായിത്തീർന്ന അവസ്ഥയിൽ ഗത്യന്തരമില്ലാതെയുള്ള ഒരുതരം പലായനം തന്നെയായിരുന്നു. കണ്ണീരുവാർത്താൽ ചോറ് കിട്ടില്ലെന്ന തിരിച്ചറിവിൽ വീട്ടുകാരൊന്നും തൊഴിലാളികളുടെ പരദേശ യാത്രയെ എതിർത്തില്ല. നാട്ടിൽ ധാരാളമുള്ള അമ്പലങ്ങൾക്കോ പള്ളികൾക്കോ മനുഷ്യന്റെ പട്ടിണി മാറ്റാൻ സാധിക്കുകയില്ലെന്നു മാത്രമല്ല പടച്ചവൻ ഇപ്പോൾ പരദേശത്താണ് താമസിക്കുന്നതെന്നും നാടിന്റെ അവസ്ഥയെ മുൻനിർത്തി കവി ആഖ്യാനം ചെയ്യുന്നു. അമ്മനാട്ടിൽ സ്വന്തം ജീവിതത്തിന് സുഗമമായി മുന്നോട്ടുപോകാനാവില്ലെന്നബോധ്യത്തിൽ നിന്നാണ് തൊഴിലാളികൾ യാത്രയുടെ ഊർജ്ജം സംഭരിക്കുന്നത്.

 ‘ അറിയുമേ ഞങ്ങളറിയും   നീതിയും

 നെറിയും കെട്ടൊരീ പിറന്ന  നാടിനെ’

 എന്ന വിലയിരുത്തലിൽ അവർ എത്തിച്ചേരുന്നു. നീതിയും നെറിയും കെട്ട അമ്മ നാട്ടിൽ നിന്ന് പട്ടിണി മാറ്റാൻ മനുഷ്യൻ അന്യദേശത്തേക്ക് ത്തേക്ക് പലായനം ചെയ്യപ്പെടുമ്പോൾ സ്വന്തം നാട് എന്നനിലയിൽ എന്ത് അഭിമാനബോധമാണ് അവരിലുള്ളതെന്ന ചോദ്യം ഉയരുന്നു. വൈലോപ്പിള്ളി കവിതയുടെ പ്രധാന സവിശേഷതകളിലൊന്നായ വിരുദ്ധദ്വന്ദ്വങ്ങളുടെ സംഘർഷം ഇവിടെ കടന്നുവരുന്നുണ്ട്. പിറന്നുവീണ നാടാണെങ്കിലും ഈ നാട് സ്വർഗ്ഗമാണോ? അല്ലെങ്കിൽ എന്തുകൊണ്ട്? പ്രവാസ ജീവിതത്തിന്റെ വിഭിന്ന തലങ്ങളിൽ നിന്നുകൊണ്ട് ഈ ചോദ്യങ്ങളെ കവി പ്രശ്നവല്‍ക്കരിക്കുകയാണ്. ഇവിടെയാണ് അക്കാലത്തെ ജന്മിത്വത്തിന്റെയും സാമൂഹിക അസമത്വത്തിന്റെയും വിഴുപ്പുഭാണ്ഡം പേറുന്ന അമ്മനാടിന്റെ പക്ഷാഭേദത്തോട് മക്കളായ തൊഴിലാളികളിൽ വെറുപ്പും പകയും നിറയ്ക്കുന്നത്.

 ‘ അതിഥികൾക്കെല്ലാമമര ലോകമി-

  ക്കിതവി ഞങ്ങൾക്കു നരക ദേശവും

  മദിപ്പിക്കും,കനിക്കിനാവുകൾ കാട്ടി-

  ക്കൊതിപ്പിക്കും പക്ഷേ കൊടുക്കുകില്ലവൾ ‘

മറ്റു ദേശങ്ങളിൽ നിന്ന് വരുന്നവർക്ക് സ്വർഗ്ഗമായി തോന്നുന്ന ഈ നാട് തങ്ങൾക്ക് നരകദേശം തന്നെയാണെന്നു തൊഴിലാളികൾ സാക്ഷ്യപ്പെടുത്തുന്നു. ഈ നരകത്തിൽ നിന്നുള്ള മോചനമാണ് അന്യ നാട്ടിലേക്കുള്ള യാത്രയുടെ പ്രേരണ. പാവപ്പെട്ട മനുഷ്യരെ കനിക്കിനാവുകൾ കാട്ടിക്കൊതിപ്പിച്ചിട്ട് അത് കൊടുക്കാതിരിക്കുന്ന ദുഷ്ടയായ തള്ളയത്രേ ഈ നാട്. നാടിനെ കുറിച്ചുള്ള അസംതൃപ്തിയിൽ നിന്നും പരാതിയിൽ നിന്നുമാണ് പരദേശയാത്രയ്ക്ക് പ്രേരണയുണ്ടാകുന്നത്. അന്യനാട്ടിലെ ജോലിയും ജീവിതവും കഷ്ടത നിറഞ്ഞതും അപകടകരവുമാണെന്ന് അറിയാമെങ്കിലും ജന്മനാട് ഒരു വിധത്തിലും തങ്ങൾക്ക് അഭയമാകുന്നില്ല എന്ന ബോധ്യമാണ് അവരെ അവിടെയെത്തിക്കുന്നത്. വിയർപ്പിനു കൂലിയും വിശപ്പിനു ചോറും ലഭിക്കുമെന്ന പ്രതീക്ഷയിൽ പുറപ്പെടുന്ന തൊഴിലാളികൾ,

 ‘ കൊതിച്ചോണം ഞങ്ങൾ കഴിയട്ടേ, പിന്നെ -

  പടച്ചോനല്ലെങ്കിൽ ചെകുത്താനേൽക്കട്ടെ!’

എന്നാണ് പറയുന്നത്.പലായനങ്ങളും കുടിയേറ്റങ്ങളുമെല്ലാം മനുഷ്യന്റെ അതിജീവന പോരാട്ടങ്ങളുടെ പല മാർഗങ്ങളിൽപ്പെട്ടതാണ്. വിശപ്പിനേക്കാൾ ഭീകരമല്ല മരണമെന്ന തിരിച്ചറിവിൽ നാടുവിട്ടു പോകുന്നവന്റെ നാടിനെ കുറിച്ചുള്ള ഗൃഹാതുരത്വാനുഭൂതികൾക്ക് വലിയ പകിട്ടൊന്നുമുണ്ടാകില്ല.

അതൊക്കെ ഉണ്ടു നിറയുന്നവന്റെ ദേവഭാവനാ ദർപ്പണം മാത്രമാണെന്ന യാഥാർത്ഥ്യം കൂടി ഈ കവിതയിൽ വൈലോപ്പിള്ളി ധ്വനിപ്പിക്കുന്നുണ്ട്. കവിതയുടെ രണ്ടാം രണ്ടാംഖണ്ഡത്തിൽ ആസാമിൽ നിന്ന് തിരികെ നാട്ടിലേക്കു വരുന്ന തൊഴിലാളികളുടെ നാടിനോടുള്ള കാല്പനികാഭിനിവേശത്തെയും അവതരിപ്പിക്കുന്നുണ്ട്.

 കേരളീയ പ്രകൃതിയുടെ പ്രചോദനാത്മകമായ ദൃശ്യങ്ങൾ തൊഴിലാളികളിലു ണ്ടാക്കുന്ന ഹർഷോന്മാദത്തെ ചിത്രീകരിക്കുമ്പോൾത്തന്നെ നാട്ടിലെത്തിച്ചേർന്നാൽ അവർക്ക് അഭിമുഖീകരിക്കേണ്ടി വരുന്ന സാമൂഹിക യാഥാർത്ഥ്യങ്ങളെയും നാടിന്റെ അടിസ്ഥാനസ്വഭാവത്തെയും കൂടി ഈ ഭാഗത്ത് ഭംഗിയായി സൂചിപ്പിക്കുന്നുണ്ട്. അമ്മയെന്ന നിലയിൽ മക്കൾക്കുള്ള ഹൃദയബന്ധം നിഷേധിക്കാൻ കഴിയാതിരിക്കുമ്പോൾത്തന്നെ പക്ഷാഭേദം കാട്ടുകയോ ക്രൂരമായി അവഗണിക്കുകയോ ചെയ്യുന്ന മാതാവിനെ നിസ്വാർത്ഥമായി സ്നേഹിക്കാൻ മക്കൾക്ക് കഴിഞ്ഞെന്നുവരില്ല. അങ്ങനെയുള്ള അമ്മനാടാണിതെന്ന ബോധവും അതുകാരണമുള്ള അതൃപ്തിയും തിരികെയെത്തുന്ന തൊഴിലാളികളിൽ കുടികൊള്ളുന്നുണ്ട്. വിരുദ്ധഭാവങ്ങളുടെ സംഘർഷം ഇവിടെ ദൃശ്യമാകുന്നു. വിപരീതദ്വന്ദ്വങ്ങളെ ഇരു ഭാഗങ്ങളിൽ നിർത്തി അതിന്റെ സംഘർഷാത്മകത സൃഷ്ടിച്ച് സൂക്ഷ്മ യാഥാർത്ഥ്യത്തിലേക്ക് നമ്മുടെ ശ്രദ്ധ ക്ഷണിക്കുന്ന വൈലോപ്പിള്ളിയുടെ കവന തന്ത്രം ഈ കവിതയിലും കാണാൻ സാധിക്കും.

 ‘ അറിയുമേ ഞങ്ങൾ അറിയുമീ നാടു

  നരകമാക്കിടും നരകീടങ്ങളെ

  പഹയന്മാരോടു പകരം വീട്ടട്ടേ

  പകയിൽ നീറുന്ന വരുന്ന കാലങ്ങൾ’-

 എന്നാണ് തൊഴിലാളികൾക്കനുഭവപ്പെടുന്ന സ്വന്തം നാടിന്റെ ദുരിത പർവത്തെ ചൂണ്ടിക്കാട്ടുന്നത്. നാടിനെ നരകമാക്കുന്ന നരകീടങ്ങളെ തൊഴിലാളികൾ തിരിച്ചറിയുന്നതായി കവി വ്യക്തമാക്കുന്നുണ്ട്. ആരാണ് ഈ നരകീടങ്ങൾ? തൊഴിലാളികളുടെ ന്യായമായ അവകാശങ്ങൾ പോലും നിഷേധിക്കുന്ന അമ്മനാട്ടിലെ ജന്മികളും മേലാളന്മാരുമാണവർ. ആ പഹയൻമാരോട് വരുംകാലം പകരം ചോദിക്കുമെന്ന പ്രതീക്ഷയും അവർക്കുണ്ട്. കത്തുന്ന വയറിന്റെ വിശപ്പടക്കാൻ പോയ അവർ തിരിച്ചുവരുന്നത് ഹൃദയത്തിന്റെ വിശപ്പടക്കാനാണ്. അവരെ സംബന്ധിച്ചിടത്തോളം ഹൃദയത്തിന്റെ വിശപ്പ് നരകതുല്യമായ ഈ നാടിനോടുള്ള പ്രതിപത്തിയല്ല, സ്വന്തം കുടുംബത്തോടുള്ള സ്നേഹം മാത്രമാണ്. അതായത് നാടല്ല, വീടാണ് ഇവർക്ക് തിരികെയെത്താനുള്ള പ്രേരണ. ഇന്നു കാലം മാറിയപ്പോൾ സ്വന്തം കുടുംബത്തെ അന്യദേശത്തേക്കു പറിച്ചുമാറ്റി കൊണ്ടു പോകാനുള്ള ശേഷിയുള്ളവർ ആ വഴിക്കാണ് നീങ്ങുന്നതെന്ന് കാണാം. അതുകൊണ്ടുതന്നെ നാടിനോടുള്ള പ്രത്യേക താല്പര്യമെന്നതിനപ്പുറം മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങളുള്ള ഇടങ്ങളിലേക്ക് കുടിയേറുക എന്നത് തന്നെയാണ് പ്രവാസ ജീവിതത്തിന്റെ മനശാസ്ത്രം എന്ന് സൂക്ഷ്മതലത്തിൽ വൈലോപ്പിള്ളി ഈ കവിതയിൽ വ്യക്തമാക്കുന്നു.


 ആധുനികതയുടെ ഘട്ടത്തിൽത്തന്നെ മലയാളത്തിലെ പ്രമുഖരായ പല എഴുത്തുകാരും ഡൽഹി ഉൾപ്പെടെയുള്ള ഇന്ത്യൻ നഗരങ്ങളിൽ ചേക്കേറുകയും അവിടത്തെ ജീവിതസൗകര്യങ്ങൾ അനുഭവിച്ചുകൊണ്ട് നാടിനെ കുറിച്ചുള്ള മധുരസ്മരണകൾ അയവിറക്കുകയും ചെയ്തവരാണ്. നാഗരിക ജീവിതത്തിന്റെ ഭാഗമായി മാറിയ അവർ കേരളം എന്ന ദേശത്തെയും ഗ്രാമഭംഗിയെയും കാല്പനിക വിഷാദത്തോടെ ആവിഷ്കരിച്ച് പ്രവാസത്തിന്റെ സംത്രാസങ്ങളെ ഉദാത്ത സൃഷ്ടികളാക്കി മാറ്റാനും ശ്രമിച്ചിട്ടുണ്ട്. പക്ഷേ, പരദേശത്തിരുന്ന് മഴവിൽക്കൊടിയുടെ മുനമുക്കി ദേശത്തിന്റെ നന്മകളെ വാഴ്ത്തിപ്പാടാൻ വെമ്പുന്നവരോട് ഈ നാടിന്റെ പൊതുവായ സ്ഥിതി ഏവർക്കും സ്വീകാര്യമായ നിലയിലല്ല എന്നാണ് വൈലോപ്പിള്ളി പറയുന്നത്.

 ‘ നിറഞ്ഞിരിക്കിലും ദരിദ്രമീ രാജ്യം

  നിറന്നിരിക്കിലുംവികൃതമാണെ’ന്നാണ്. എങ്കിലും ഇവിടെനിന്നു സ്നേഹിക്കാനും ആശിപ്പാനും ദുഃഖിക്കാനും കഴിയുന്നത് തന്നെ ഒരു സുഖമാണെന്ന് സ്വയം ആശ്വസിക്കാനും ശ്രമിക്കുന്നുണ്ട്. സൂക്ഷ്മതലത്തിൽ ചിന്തിക്കുമ്പോൾ എല്ലാം ഉണ്ടായിട്ടും ആവശ്യക്കാർക്കും അർഹതയുള്ളവർക്കും വേണ്ടത് നൽകാതെ പിടിച്ചു വച്ചിരിക്കുന്ന അമ്മ നാടിനോടുള്ള വലിയ പരിഭവമാണ് ഇവിടെ തികട്ടി വരുന്നതെന്നു കാണാം. അന്യദേശത്തു നിൽക്കുന്നവന് നാട്ടിലേക്കുള്ള വരവ് താൽക്കാലികമായ ഒരു അഭിനിവേശം എന്നതിനപ്പുറം ശക്തമായ ഒരു അതിജീവനമാർഗ്ഗമൊന്നുമല്ലെന്ന് കവി സൂചിപ്പിക്കുന്നുണ്ട്. നാടിന്റെ സാംസ്കാരിക ബിംബങ്ങളോട് വിധേയപ്പെട്ടിരിക്കുന്ന തൊഴിലാളികൾ അന്യദേശത്തായിരുന്നപ്പോഴും പരദൈവങ്ങൾക്കു നേർച്ചകൾ കരുതുന്നതായി പറയുന്നു. വൈകാരികമായ ഈ അടുപ്പം ഹൃദയത്തിൽ സൂക്ഷിക്കുമ്പോഴും അസ്പൃശ്യരായിട്ടാണ് നാട് തങ്ങളെ കാണുന്നതെന്ന സങ്കടച്ചീളുകൾ അവരുടെ തൊണ്ടയിൽ കുരുങ്ങിക്കിടക്കുന്നതിന്റെ വിമ്മിട്ടം ഇവിടെ പ്രകടമാകുന്നു. അമ്മനാട്ടിലെ അരക്ഷിതത്വത്തെ കുറിച്ചോർത്ത് വ്യാകുലമാകുന്നതിന്റെ ആത്മസംഘർഷങ്ങൾ കൂടി ആസാമിൽ പോയിവരുന്ന തൊഴിലാളികൾ അനുഭവിക്കുന്നുവെന്നു വൈലോപ്പിള്ളി സൂക്ഷ്മമായി ചിത്രീകരിക്കുന്നുണ്ട്. വീട്ടിൽ തങ്ങളെ കാത്തിരിക്കുന്ന പ്രേമക്കൊടികളെയും ഓമൽ കുരുന്നുകളെയും കാണാനുള്ള ഉത്സാഹത്തിലെത്തുന്ന അവരുടെ സ്ഥിതി ആശാവഹമൊന്നുമല്ല.

 ‘ പണക്കിഴി ചൊട്ടിപ്പലരും  ഞങ്ങളിൽ

  പ്പനിപ്പൊതികളായ്‌ വരുന്നുവെങ്കിലും

  പുനഃസമാഗമക്കുളിർമ്മ താനിന്നോ-

രനർഘ സമ്പത്തി, നമുക്കു സമ്പുഷ്ടി’

എന്നു തൊഴിലാളികൾ സ്വയം ആശ്വാസം കണ്ടെത്തുന്നതായി അവതരിപ്പിക്കുമ്പോഴും പുനഃസമാഗമത്തിന്റെ കുളിർമ മാത്രം കൊണ്ട് മുന്നോട്ടുള്ള ജീവിതം ഭദ്രമാകില്ലെന്ന യാഥാർത്ഥ്യത്തെ സൂചനകളിലൂടെ കവി ധ്വനിപ്പിക്കുകയും ചെയ്യുന്നു.ആരോഗ്യവും യൗവനവും നഷ്ടപ്പെട്ട് ചൊട്ടിയ പണക്കിഴിയുമായി എത്തിയ തൊഴിലാളികളെ ഈ നാട് എങ്ങനെയായിരിക്കും സ്വീകരിക്കുക എന്ന ചോദ്യത്തെക്കൂടി ഇവിടെ പൊതിഞ്ഞു വച്ചിട്ടുണ്ട്. ചുരുക്കത്തിൽ അമ്മനാടിന്റെ വാൽസല്യപൂരത്തെ കുറിച്ചുള്ള കാല്പനിക വിഷാദമല്ല, മറിച്ച് അതിജീവനത്തിന്റെ പോരാട്ട വഴികളാണ് എക്കാലത്തെയും പ്രവാസജീവിതത്തിന്റെ അടരുകളെ നിർണയിച്ചിട്ടുള്ളതെന്ന സത്യം ‘ആസാം പണിക്കാരു’ടെ ആന്തരിക ചൈതന്യമായി നിലകൊള്ളുന്നു.

 

ഗ്രന്ഥസൂചി

  • വൈലോപ്പിള്ളി ശ്രീധരമേനോൻ,വൈലോപ്പിള്ളിസമ്പൂർണ്ണ കൃതികൾ, വാല്യം-1 കറന്റ് ബുക്സ് തൃശൂർ,2013

  • ശിവദാസ് കെ കെ, പ്രവാസം പ്രതിനിധാനവും സർഗാത്മകതയും, ഇൻസൈറ്റ് പബ്ലിക്ക, 2019



0 comments

Related Posts

bottom of page