top of page

കാടിന്റെ മുഖങ്ങൾ

Updated: Oct 15, 2024

ഡോ. സജീവ് കുമാർ എസ്.

ഡോ. കെ. റഹിം

കാടിനെയും അതിന്റെ ജൈവികതയെയും ആധുനികതയുടെ

മാനദണ്ഡങ്ങൾകൊണ്ടു വിലയിരുത്തിയതിലെ വൈരുദ്ധ്യങ്ങളെക്കുറിച്ചുള്ള അന്വേഷണമാണ് പി.പി. പ്രകാശന്റെ 'ഗിരി' എന്ന നോവലിൽ നടക്കുന്നത്. അപരിഷ്കൃതത്വത്തിന്റെ സൂചകങ്ങളായ ഇരുളും വന്യതയുമൊന്നുമല്ല കാടെന്നും അത് ആദിമമനുഷ്യന്റെ ഈടുവയ്പുകളുടെ ഉറവിടതലമായി അടയാളപ്പെടുത്തേണ്ട വ്യവസ്ഥാസ്ഥലിയാണെന്നും നോവൽ രേഖപ്പെടുത്തുന്നു. അതോടൊപ്പം ചരിത്രത്തിന്റെ വിപരീത യാത്രകളെയും ചില തിരിച്ചറിവുകളുടെ അനിവാര്യതയെയും അത് ഉൾവഹിക്കുന്നുണ്ട്. വൈശാഖൻ എന്ന അധ്യാപകന്റെയും ഗിരി എന്ന വിദ്യാർഥിയുടെയും ജീവിതങ്ങളിൽ നിന്നു കണ്ടെടുക്കേണ്ട ചില ചരിത്രബോധ്യങ്ങളിലേക്കാണ് നോവൽ നമ്മെ നയിക്കുന്നത്. കുയിലാന്തണ്ണിയെന്ന ഒരു പ്രാദേശിക വനപ്രദേശത്തിന്റെ സ്വത്വത്തിലൂടെ വെളിവാക്കപ്പെടുന്നത് പാർശ്വവത്കരിക്കപ്പെട്ടുപോകുന്ന അനേകം ദേശീയതകളാണ്. കാട് ഒരു പ്രതിരോധമായും അനേകം ചോദ്യങ്ങൾക്കുള്ള അവിതർക്കിത മറുപടിയായും നോവലിൽ ഉയർന്നുവരുന്നുണ്ട്. മനുഷ്യൻ വ്യവഹാരാർഥത്തിൽ ഒന്നായിരിക്കുമ്പോഴും വികസന സങ്കല്പങ്ങളാൽ തരംതിരിക്കപ്പെട്ട സാമൂഹിക ഘടനയിൽ അവൻ ഭിന്നനായിത്തീരുന്നതിന്റെ വൈരുദ്ധ്യം നോവലിൽ പ്രസ്ഫുടമാകുന്നുണ്ട്. കേവലമൊരു കഥാഖ്യാനത്തിനപ്പുറം നോവൽ കൃത്യമായൊരു സാമൂഹികലക്ഷ്യം നിറവേറ്റുന്നത് ഇത്തരത്തിൽ സർഗാത്മകമായ ഇടപെടൽ നടത്തുന്നതുകൊണ്ടാണ്.

ഊരാളി വിഭാഗത്തിലുള്ള ആദിവാസി കുടുംബങ്ങൾ കൂടുതലായി വസിക്കുന്ന കുയിലാന്തണ്ണി ഉൾഗ്രാമം പൂർണ്ണമായും വനമേഖലയാണ്. കട്ടപ്പനയിൽ നിന്നു നാല്പതു കിലോമീറ്ററിലധികം ദൂരമുള്ള ഈ സ്ഥലത്ത് വൈദ്യുതിയോ മറ്റ് ആധുനിക സൗകര്യങ്ങളോ എത്തിയിട്ടില്ല. കാടും കാട്ടറിവുകളുമായി അവിടെ കുറേ മനുഷ്യർ താമസിക്കുന്നു. അവിടത്തെ ട്രൈബൽ സ്കൂളിലേക്കാണ് തിരുവനന്തപുരത്തുനിന്ന് വൈശാഖൻ എന്ന അധ്യാപകൻ പുതിയ നിയമനവുമായി എത്തുന്നത്. വലിയൊരു ആശങ്കയോടെയാണ് അദ്ദേഹം യാത്രതിരിക്കുന്നത്. എന്നാൽ, കാടിനെയും ആദിവാസികളെയും പറ്റി വൈശാഖന്റെ സങ്കല്പധാരണകളെല്ലാം പിന്നീടു തകരുകയാണ് ചെയ്യുന്നത്. സ്വാഭാവികവും സത്യസന്ധവുമായി ജീവിക്കുന്ന കുറേ മനുഷ്യർ വൈശാഖനെ വിസ്മയിപ്പിക്കുന്നു.


അയാൾ സ്കൂളിൽ പഠിപ്പിക്കുകയായിരുന്നില്ല. അവിടെ നിന്നു കുറെ പഠിക്കുകയായിരുന്നു. സ്കൂളിലെ എട്ടാം ക്ലാസുകാരൻ ഗിരി വൈശാഖനു പ്രിയപ്പെട്ടവനാകുന്നു. കാടിനെയും അതിന്റെ ഉൾക്കാഴ്ചകളെയും ഗിരി വൈശാഖനു കാട്ടിക്കൊടുക്കുന്നു. തീവണ്ടിയിൽ കയറുക എന്നതുമാത്രമായിരുന്നു ഗിരിയുടെ സ്വപ്നം. ഗിരി വൈശാഖനോട് ഏറ്റവും കൂടുതൽ സംശയം ചോദിച്ചിട്ടുള്ളത് തീവണ്ടിയെപ്പറ്റിയായിരുന്നു. തീവണ്ടി വലിയ വിസ്മയവും മോഹവുമായി ഗിരി കൊണ്ടുനടന്നു. അവനെ തീവണ്ടിയിൽ കയറ്റാം എന്നു വൈശാഖൻ വാക്കുകൊടുത്തിരുന്നു. ഇതിനിടയിൽ കുയിലാന്തണ്ണിയെയും ഇടുക്കിയെയും കുറിച്ചു വൈശാഖൻ കൂടുതൽ മനസ്സിലാക്കി. അതു താൻ പഠിച്ച സിലബസ് കേന്ദ്രീകൃത പാഠപുസ്തക വ്യവസ്ഥകൾക്കു പുറത്തുനിന്നുള്ള അറിവുകളായിരുന്നു. സ്കൂളിലെ എല്ലാ പ്രവർത്തനങ്ങളിലും വൈശാഖൻ ഇടപെട്ടു. അയാളുടെ ക്ലാസുകൾ കുട്ടികളെ യുക്തിബോധാത്മകതയിലേക്കു നയിക്കുന്നതായിരുന്നു. ഓരോ അറിവും വ്യത്യസ്തമാണെന്നും എല്ലാ വിജ്ഞാനവും എല്ലായിടത്തും ഒരുപോലെ പ്രയോഗക്ഷമമാവില്ലെന്നും അയാൾ തിരിച്ചറിഞ്ഞു. ആധുനിക വിദ്യാഭ്യാസത്തിന്റെ പേരിൽ പാരമ്പര്യ അറിവുകളെ തിരസ്കരിക്കുന്നതു ശരിയല്ല. എന്തിനെയും ശാസ്ത്രീയമായി വിശകലനം ചെയ്യാൻ വൈശാഖൻ കുട്ടികളെ പഠിപ്പിച്ചു. പഠനയാത്രയുടെ ഭാഗമായി വൈശാഖൻ കുട്ടികളെയും കൊണ്ട് തിരുവനന്തപുരത്തേക്ക് വരികയാണ്. പത്മനാഭസ്വാമിക്ഷേത്രവും കന്യാകുമാരിയും പത്മനാഭപുരം കൊട്ടാരവും മൃഗശാലയുമെല്ലാം അവർക്കു കാണിച്ചുകൊടുത്തു. ഗിരിയുടെ സ്വപ്നമായ തീവണ്ടിയാത്ര മാത്രം സാധ്യമായില്ല. അതിനുപകരമായി അവർ സിനിമ കാണാൻ കയറി. എന്നാൽ, ഗിരിക്കതു താങ്ങാൻ കഴിയാത്തതായിരുന്നു. അവന്റെ ചിന്തയിലൂടെ ട്രെയിൻ ചൂളംവിളിച്ചുകൊണ്ടു പാഞ്ഞു നടന്നു. സിനിമയുടെ ആകർഷണത്തെക്കാൾ ഹിതകരമായി തോന്നിയ തീവണ്ടിയുടെ ആകാരവിശേഷങ്ങളിലേക്ക് അവനിറങ്ങിപ്പോയി. വൈശാഖനും അധ്യാപകരും ആ രാത്രിയിൽ ഗിരിയെത്തേടി തീവണ്ടി സ്റ്റേഷനിലൂടെ അലഞ്ഞു. ഒടുവിൽ, ഒഴുകിവന്ന ഒരു തീവണ്ടിയുടെ മഞ്ഞ വെളിച്ചത്തിൽ ഗിരിയുടെ ചെരിപ്പുകൾ പാളങ്ങൾക്കിടയിൽ കിടക്കുന്നതായി വൈശാഖൻ കണ്ടു.

ആധുനിക മനുഷ്യരുടെ സങ്കേതബദ്ധമായ അറിവും വികസന സങ്കല്പവുമാണ് നോവലിനെ സംഘർഷഭരിതമാക്കുന്നത്. കാടിന്റെ പാരമ്പര്യവും അതിന്റെ സാംസ്കാരികത്തനിമകളും തിരിച്ചറിയപ്പെടാതെ പോകുന്നത് നമ്മുടെ ചരിത്രപഠനത്തിന്റെ പ്രശ്നമാണ്. ചരിത്രം സഞ്ചരിക്കുന്ന

വിപരീത ദശകളെ നോവൽ കാട്ടിത്തരുന്നുണ്ട്. ഇന്നലത്തെ പ്രതാപങ്ങൾ ഇന്നു കാഴ്ച വസ്തുക്കൾ മാത്രമായ ചരിത്രാവശിഷ്ടമാണെങ്കിലും അവ വിചാരണ ചെയ്യപ്പെടാതിരിക്കാനാവില്ല. മനുഷ്യവിരുദ്ധമായ ഒരു പാരമ്പര്യത്തെ മഹത്തരമായി കണ്ടിരുന്ന ഇന്നലെകളെ പുതിയ കാലത്തെ കുട്ടികൾ ചോദ്യം ചെയ്യുന്നതിൽ അപാകതയില്ല. അവർ ഉന്നയിക്കുന്ന സംശയങ്ങളിൽ തെളിഞ്ഞുവരുന്നത് മാനുഷികമായ ചില പക്ഷപാതിത്വങ്ങളാണ്. പത്മനാഭസ്വാമിക്ഷേത്രത്തിലെ ചിത്രത്തൂണുകൾ ആരുണ്ടാക്കി എന്നത് ചരിത്രപ്രസക്തമായ ചോദ്യമാണ്. പക്ഷേ, അതിന്റെ ഉത്തരങ്ങളിൽ മാർത്താണ്ഡവർമ്മ എന്നു മുഴങ്ങിക്കേൾക്കുമ്പോഴാണ് ചരിത്രം ശീർഷാസനത്തിൽ നിന്നുപോകുന്നത്. അല്ലെങ്കിലും ഒന്നും ഉണ്ടാക്കിയവരുടേതല്ല ചരിത്രമെന്നും ചരിത്രത്തിൽ

ഇല്ലാതെപോയവരാണ് ശരിക്കുള്ള സൃഷ്ടികർത്താക്കളെന്നും നാം തിരിച്ചറിഞ്ഞു വരുന്നതേയുള്ളൂ. ആ തിരിച്ചറിവിനിടയിലും പഴകി ജീർണ്ണിച്ച രാജകീയതയുടെ ആചാരങ്ങൾ തിരിച്ചുവരവിനുള്ള തയ്യാറെടുപ്പുകൾ നടത്തുന്നതും നാം കാണുന്നുണ്ട്. കാടിന്റെ മധ്യത്തിൽ വളർന്ന കുട്ടികൾ നാഗരികതയുടെ ചരിത്രം പഠിക്കുമ്പോൾ വിസ്മയപ്പെട്ടു പോകുന്നത് അതിലെ മനുഷ്യവിരുദ്ധത മനസ്സിലാക്കിയിട്ടാണ്. പൊതുവഴിയിൽ നടന്നുപോയവർ, പട്ടിണി മാറ്റാൻ കൂലി ചോദിച്ചവർ, മുട്ടിനു താഴെ മുണ്ടുടുത്തു പോയവർ, അനുവാദമില്ലാതെ മാറുമറച്ചവർ, അക്ഷരം ദാഹിച്ച് വിദ്യാലയ മുറ്റത്തു ചെന്നവർ, സ്വന്തം കുഞ്ഞിനെ ഇഷ്ടമുള്ള പേരു ചൊല്ലി വിളിച്ചവർ, ദാഹിച്ചുവലഞ്ഞപ്പോൾ പൊതുകിണറ്റിലെ വെള്ളം കുടിച്ചവർ - ഇങ്ങനെ ചരിത്രത്തിലെ കുറ്റവാളികൾ അവർക്കു മുന്നിൽ ഉയർന്നു വരികയായിരുന്നു. കൊട്ടാരക്കെട്ടുകളും രാജവാഴ്ചയുടെ അവശേഷിപ്പുകളും നമ്മെ പഠിപ്പിക്കുന്ന ചരിത്രം സമൂഹഗതിയിൽ നിന്നു മാറ്റി നിർത്തപ്പെട്ടവനെ വീണ്ടെടുക്കുക എന്നതാണ്. കാട് അപ്രകാരം മാറ്റി നിർത്തപ്പെട്ട ചരിത്ര ഭൂമികയാണ്. മഹാശിലയുഗകാലത്ത് ജീവിച്ചിരുന്ന മനുഷ്യരുടെ പാരമ്പര്യമാണ് അവഗണിക്കപ്പെട്ടത്. സ്കൂളിലെ അധ്യാപകനായ പ്രദീപ് ഇത്തരത്തിൽ കൃത്യമായ ചരിത്രനിരീക്ഷണം തന്നെ നടത്തുന്നുണ്ട്. ചേരഭരണകാലത്തെ കാനനപാതകളും ഇടുക്കിയുടെ പല പ്രദേശങ്ങളിൽ നിന്നും കണ്ടെടുക്കപ്പെട്ട റോമൻ നാണയങ്ങളും മറയൂരിലെയും മതികെട്ടാൻ ചോലയിലെയും മുനിയറകളും ചരിത്രപഠനത്തിന്റെ മുഖ്യധാരകളിൽ നിന്ന് അകറ്റപ്പെട്ടത് പരിശോധിക്കപ്പെടേണ്ടതാണ്. കാട് വേർതിരിക്കപ്പെട്ടുപോയത് വാക്കുകൾ കൊണ്ടുകൂടിയാണ്. ആദിമനിവാസികളെ ആദിവാസിയാക്കിയ വർണ്ണ വ്യവസ്ഥയിലെ രാഷ്ട്രീയം നോവൽ ഒരു പ്രശ്നമായിത്തന്നെ ഉയർത്തുന്നുണ്ട്. വൈശാഖൻ, പ്രദീപുമായും ഗിരിയുമായും സംസാരിക്കുമ്പോൾ സൃഷ്ടിക്കപ്പെടുന്ന നിങ്ങൾ/ഞങ്ങൾ ദ്വന്ദ്വത്തിൽ മാറ്റിനിർത്തപ്പെടലിന്റെ ഒരു ലീനരോദനം മുഴങ്ങുന്നുണ്ട്. ആ വാക്കിനു മുന്നിൽ ആ അപരാധിത്വമെല്ലാം ഏറ്റെടുത്തുകൊണ്ട് വൈശാഖൻ ചൂളിപ്പോകുന്നതു കാണാം. സത്യത്തിൽ വൈശാഖൻ നടക്കുന്നത് അധ്യാപനത്തിലേക്കല്ല; ശിഷ്യത്വത്തിലേക്കാണ്.

കുയിലാന്തണ്ണിയിലെ പ്രാദേശികതയിൽ ആധുനികവിദ്യാഭ്യാസം അപ്രസക്തമാകുന്നുവെന്ന നേരറിവ് നോവലിൽ തെളിഞ്ഞുകിടപ്പുണ്ട്. തങ്ങളുടെ ചുറ്റിലുമുള്ള അനേകം സസ്യജന്തുവൈവിധ്യത്തോടൊപ്പം

സ്വാഭാവികമായി ജീവിക്കുന്ന മനുഷ്യർ പ്രകൃതിയോടു സമരസപ്പെടുകയാണ് ചെയ്യുന്നത്. അവരെ നമ്മുടെ അറിവുകൾ പഠിപ്പിക്കുന്നതിലെ യുക്തി നോവലിൽ ചോദ്യം ചെയ്യപ്പെടുന്നുണ്ട്. അവരുടേതായ സയൻസും സാമൂഹ്യപാഠവും അവർക്കുണ്ട്. അതിന്മേലാണ് നാം കൃത്രിമമായ അറിവിന്റെ അധിനിവേശം നടത്തുന്നത്. നാട്ടറിവുകൾ തിരസ്കരിക്കപ്പെടുന്ന വിദ്യാഭ്യാസ പദ്ധതിയാണ് അവർക്കു മുന്നിൽ ക്ഷേമപദ്ധതിയായി നാം വച്ചുനീട്ടുന്നത്. ശാസ്ത്രത്തിന്റെ പല കണ്ടുപിടുത്തങ്ങളുടെയും ആദിരൂപം നാടോടിജനത വികസിപ്പിച്ച പലതരം നാട്ടറിവുകളിലുണ്ടെന്ന വസ്തുത എന്തുകൊണ്ടോ അവഗണിക്കപ്പെടുന്നു. നമ്മുടെ വിദ്യാഭ്യാസരീതിയും പാഠഭാഗങ്ങളും ഇത്തരം ജനവിഭാഗത്തെ ഉൾക്കൊള്ളുന്നതുമല്ല. പരിഷ്കൃത ജനസമൂഹത്തിനിണങ്ങുംവിധം സൃഷ്ടിക്കപ്പെട്ടിട്ടുള്ള പാഠ്യപദ്ധതി പഠിപ്പിക്കുമ്പോൾ വൈശാഖൻ പ്രതിക്കൂട്ടിലാകുന്ന ഒരു സംഭവം നോവലിലുണ്ട്. വൈശാഖൻ ആറ്റൂരിന്റെ പ്രശസ്ത കവിതയായ മേഘരൂപൻ പഠിപ്പിക്കുകയാണ്. അടിമുടി ആനബിംബങ്ങൾ പതിഞ്ഞുകിടക്കുന്ന ആ കവിത ആസ്വാദ്യമായി പഠിപ്പിക്കാൻ പറ്റുന്ന സാധ്യതകളും വിശദീകരണക്ഷമതയും ഉള്ള ഒന്നാന്തരം സർഗാത്മക ശില്പമാണ്. അതിന്റെ കാവ്യഭംഗിയും ആശയഭംഗിയും ഉൾക്കൊണ്ടുതന്നെ വൈശാഖൻ പഠിപ്പിച്ചു തുടങ്ങി. മേഘരൂപന്റെ വൈകാരികതയിലേക്കു കുട്ടികളെ കൊണ്ടുപോകുന്നതിനായി കാട്ടുകൊമ്പന്റെ നില്പ്പും നടപ്പും പൊടിപ്പും തൊങ്ങലും വച്ചു വർണ്ണിച്ചു പി. കുഞ്ഞിരാമൻ നായർ എന്ന കവിയെക്കുറിച്ചുള്ളതാണ് ഈ കവിതയെന്ന് ആമുഖമായിപ്പറഞ്ഞ്, ആനയുടെ തലപ്പൊക്കവും കുട്ടിക്കൊമ്പന്റെ കുറുമ്പും വാക്കുകൾക്കൊത്ത ഭാവത്തിൽ വിവരിച്ചുകൊണ്ടിരിക്കെ, ക്ലാസിൽ അസാധാരണമായ ഒരു മൗനം പടരുന്നത് വൈശാഖൻ ശ്രദ്ധിച്ചു. കുട്ടികളെല്ലാവരും ഒരു കുട്ടിയെ നോക്കുന്നതും അവരുടെ മുഖത്താകെ ദുഃഖം പടരുന്നതും വൈശാഖൻ കണ്ടു. മുമ്പത്തെ മാസം ആ കുട്ടിയുടെ അച്ഛനെ ആന ചവിട്ടിക്കൊന്ന സംഭവം അവരുടെ ഓർമ്മയിലേക്കു വന്നു. ആ ഞെട്ടിക്കുന്ന നഷ്ടാനുഭവമുള്ള കുട്ടികളെ സംബന്ധിച്ച് ആന കാവ്യബിംബങ്ങളിലെ സർഗാനുഭൂതിയല്ല. രതീഷ് എന്ന ആ കുട്ടി അച്ഛനോടൊപ്പം കമ്പം മേട്ടിനടുത്ത് മീൻ പിടിക്കാൻ പോയതായിരുന്നു. അവന്റെ മുന്നിൽ വച്ചായിരുന്നു അച്ഛനെ ആന ആക്രമിച്ചത്. തങ്ങളുടെ ചരിത്രം ഒഴിവാക്കപ്പെടുകയും മറ്റുള്ളവരുടെ പരിണാമചരിത്രവും നാഗരിക വികാസവും പഠിക്കുകയും ചെയ്യേണ്ടിവരുന്നതിലും സിലബസ് അപകടങ്ങളുണ്ട്.


ഗിരിനിരകളെ തൊടാതെ സമതലങ്ങളിലൂടെ മാത്രം കൂകിപ്പായുന്ന തീവണ്ടിയാണ് ഗിരിയുടെ പ്രശ്നം. അത് പാർശ്വവത്കരണത്തിന്റെ മറ്റൊരു പ്രതിഷേധവഴികൂടെയാണ്. തനിക്കു സ്വായത്തമാകാത്തതിനെ നേടിയെടുക്കാനുള്ള പരിശ്രമത്തിന്റെ ഭാഗമായാണ് ഗിരി പരാജിതനാകുന്നത്. അതു ബഹുവിധേന ആവർത്തിക്കപ്പെടുന്ന അവശ ജനവിഭാഗങ്ങളുടെ പോരാട്ടത്തിന്റെ സൂചകമാണ്. നഗരത്തിൽ നിന്നുവന്ന വൈശാഖൻ ഗിരിക്ക് അന്യനായതിലും ഈ വൈചാരിക പ്രശ്നം അലയടിക്കുന്നുണ്ട്. എല്ലാവരെയും ഉൾക്കൊള്ളുന്ന ഒരു തീവണ്ടി ഇനി എന്നാണ് പുറപ്പെടുക? എല്ലാവരെയും എന്താണ് സിലബസിൽ ഉൾപ്പെടുത്താനാവുക? വൈശാഖൻ ഗിരിക്കു നൽകുന്ന ഒരു തീവണ്ടി ടിക്കറ്റ് ഗിരിക്കു പുസ്തകത്താളിലെ മയിൽപ്പീലി മാത്രമാണ്. എല്ലാവരും ഇരുന്നു പഠിക്കുന്ന ക്ലാസിൽ കയറാനാകാതെ ഇപ്പോഴും മഴനനഞ്ഞു നിൽക്കുന്ന (മഴയത്തു നിർത്തിയിരിക്കുന്നു?) ആ കുട്ടി ഇനിയും നേടാനുള്ള സിംഹാസനങ്ങളുടെ സൂചകമാണ്. നാഗരിക മനുഷ്യന്റെ സ്വാർത്ഥതയും സംശയാസ്പദ മനസ്സും വ്യത്യസ്തനെന്ന കൃത്രിമ ഭാവം കൊണ്ടുള്ള സ്വയം ഉൾവലിയലുമൊക്കെ നോവൽ സൂക്ഷ്മമായി ആവിഷ്കരിച്ചിട്ടുണ്ട്. കാടിനു പുറത്തുള്ളവർ മറ്റുള്ളവർക്കായി ഒന്നും ത്യജിക്കാൻ സന്നദ്ധരല്ല. കാടിനകത്തേക്കു കടക്കുംതോറും വൈശാഖൻ തന്നെത്തന്നെ തിരിച്ചറിയുകയാണ്. ചെറിയ ജീവിതമെങ്കിലും വലിയ സംഘർഷങ്ങളുമായി ജീവിക്കുന്ന കുറേ നിഷ്കളങ്ക കഥാപാത്രങ്ങൾ നോവലിലുണ്ട്. ഗിരി, നിരഞ്ജൻ, പ്രദീപ്, മറിയ, മോഹനൻ ഡോക്ടർ തുടങ്ങിയവരെല്ലാം അനേകം വ്യത്യസ്തതകളാണ്. കാട് അതിന്റെ സമസ്ത ഭാവങ്ങളോടെയും ഇവിടെ പൂത്തുനിൽക്കുന്നു. അതിവിശിഷ്ടമായ ഒരു ഗുരുശിഷ്യബന്ധത്തിന്റെ ആഖ്യാനത്തിലൂടെ ആധുനികസമൂഹം ശ്രദ്ധിക്കേണ്ട ജനകീയ പ്രശ്നങ്ങളിലേക്ക് വായനക്കാരനെ വഴിനടത്തുന്ന മികച്ച നോവൽ ശില്പമാണ് "ഗിരി.


സഹായക ഗ്രന്ഥങ്ങൾ

1. പി.പി. പ്രകാശൻ, ഗിരി, ഡി സി. ബുക്സ്, കോട്ടയം, ഡിസംബർ, 2022

2.പി. കെ. രാജശേഖരൻ, ഏകാന്ത നഗരങ്ങൾ, ഡിസി ബുക്സ്, കോട്ടയം, സെപ്തംബർ, 2011

3.ക്രിസ് വില്യംസ്, പരിസ്ഥിതിയും സോഷ്യലിസവും (വിവർത്തനം: രതി മേനോൻ, ഡി.സി. ബുക്സ്, കോട്ടയം, ആഗസ്റ്റ് 2013

4.പി പവിത്രൻ, കോളനിയനന്തരവാദം, കൈരളി ബുക്സ്, കണ്ണൂർ, ഡിസംബർ 2010


 

ഡോ. സജീവ് കുമാർ എസ്.

അസോസിയേറ്റ് പ്രൊഫസർ

മലയാളവിഭാഗം

സർക്കാര് വനിതാ കലാലയം

തിരുവനന്തപുരം - 695 014

9446969458


ഡോ. കെ. റഹിം

അസോസിയേറ്റ് പ്രൊഫസർ

ബി.ജെ.എം. ഗവ. കോളേജ് ചവറ, കൊല്ലം

9446275517

Comments

Rated 0 out of 5 stars.
No ratings yet

Add a rating
No^v F-Un-äÀ
-tUm. em-ep-. hn-v

Ìm^v FUnäÀ
tUm.KwKmtZhn. Fw

ÌpUâv FUn-äÀ
cXojv Fk


ഇഷ്യു എഡിറ്റർ v
ഡോ. അമ്പിളി ആർ.പി.
FUntäm-dnb t_mÀUv 
AwK§Ä
tUm.kPohv IpamÀ Fkv 
tUm. Zo] _n Fkv 
tUm.tkXpe£van Fw Fkv 
-tUm A-¼n-fn- B-À- ]n-
-
ഡോ. ശ്രീലക്ഷ്മി എസ്.കെ
_nµp. F Fw
Pqen F 
a©p sI BÀ
Publishers Name:          
Dr.Lalu.V,
Head of the Department, Department of Malayalam, Govt College for Women, Thiruvananthapuram pin 695014   
Mob:9446457996         
email:gcwmalayalam2023@gmail.com            laluvatl@gmail.com 

Unssk³ & te Hu«vv
cXojv. Fkv

aebmfhn-`m-Kw
kÀ¡mÀ h\nXmtImtfPv 
Xncph\´]pcw

©GCW VAIKNJAANIKA MALAYALAM ONLINE 2024

bottom of page