യമുന . ടി
മറ്റു സാഹിത്യരൂപങ്ങളിൽ നിന്ന് വ്യത്യസ്തമായി പരിമിതമായ ഭാഷ ശില്പങ്ങളിൽ നിന്നുകൊണ്ട് വൈവിധ്യമായ ജീവിതാനുഭവങ്ങളെ ഏകാഗ്രമായി അവതരിപ്പിക്കുന്ന സാഹിത്യ രൂപമാണ് ചെറുകഥ .വിവിധ കാലഘട്ടങ്ങളിലായി നിരവധി ഭാവുകത്വ പരിണാമങ്ങൾക്ക് വിധേയമായ ഈ സാഹിത്യരൂപം മനുഷ്യ ജീവിതത്തിലെ നിരവധി പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ ഉള്ള ശേഷി കൈവരിച്ചിട്ടുണ്ട്.മലയാളത്തിന്റെ തനത് പാരമ്പര്യവും ഇന്ത്യൻ പാരമ്പര്യവും അതോടൊപ്പം പാശ്ചാത്യ സാഹിത്യവും ഈ സാഹിത്യരൂപത്തെ സ്വാധീനിച്ചു. "പുതിയ ഒരു സാഹിത്യരൂപം എന്ന നിലയിൽ ചെറുകഥ മലയാളത്തിൽ രൂപം കൊണ്ടത് പാശ്ചാത്യ സാഹിത്യത്തിൽ നിന്നും മാതൃക സ്വീകരിച്ചാണ് . എങ്കിലും നമ്മുടെ പ്രാക്തന കഥാപാരമ്പര്യത്തിന്റെ ഊർജ്ജം കൂടി അത് ഉൾക്കൊണ്ടിരുന്നുവെന്ന് കരുതാനുള്ള സൂചനകൾ ഉണ്ട് (കെ. എസ്. രവികുമാർ 2009 :28 ). 133 വർഷത്തെ പഴക്കമുള്ള ഈ സാഹിത്യരൂപം നാല് പതിറ്റാണ്ടോളം നീണ്ടുനിന്ന ശൈശവാവസ്ഥയ്ക്ക് ശേഷം മനുഷ്യ ജീവിതത്തിന്റെ വൈവിധ്യമാർന്ന അവസ്ഥകളെ അതിശക്തമായി ആഖ്യാനം ചെയ്യാനുതകുന്ന സാഹിത്യരൂപമായി വളർന്നു. പ്രമേയ സ്വീകരണത്തിലും ആഖ്യാന രീതിയിലും ധാരാളം പുതുമകൾ സ്വാംശീകരിക്കാൻ വിവിധ കാലഘട്ടങ്ങളിലെ മലയാള ചെറുകഥകൾക്ക് കഴിഞ്ഞിട്ടുണ്ട്. നവോത്ഥാനം , ആധുനികം, ഉത്തരാധുനികം ഇങ്ങനെ പല കാലങ്ങളായി ചെറുകഥകളുടെ ആഖ്യാന സവിശേഷതകളെ അടിസ്ഥാനമാക്കി കഥാസാഹിത്യത്തെ വിഭജിക്കാമെങ്കിലും ചില കഥാകൃത്തുക്കൾ വേറിട്ട വഴിയിലൂടെ സഞ്ചരിക്കുന്നവരാണ്. അത്തരം ഒരു എഴുത്തുകാരനാണ് ജി. ആർ. ഇന്ദുഗോപൻ .തന്റെ നോവലുകളിലും കഥകളിലും കുറ്റാന്വേഷണത്തിന്റെയും കൗതുകത്തിന്റെയും അംശങ്ങൾ നിക്ഷേപിക്കുന്ന ഒരു എഴുത്തുകാരനാണ് ഇദ്ദേഹം. മനുഷ്യമനസ്സ് ആർക്കും പെട്ടെന്ന് നിർവചിക്കാൻ കഴിയില്ല. പല സന്ദർഭങ്ങളിലും ആർക്കും പിടികൊടുക്കാതെ മുന്നോട്ടുപോകുന്ന ചിലരുണ്ട്. അവരെ ആർക്കും തിരിച്ചറിയാൻ കഴിയില്ല. പശ്ചിമഘട്ട സംരക്ഷണവും മനുഷ്യരുംമൃഗങ്ങളും തമ്മിലുള്ളസംഘർഷവും കാലാവസ്ഥാ വ്യതിയാനവും ഒക്കെ ചർച്ചയാകുന്ന സത്യാനന്തര ലോകത്തിൽ ഇന്ദുഗോപന്റെ കഥകളിലും നോവലുകളിലും മനുഷ്യരും മൃഗങ്ങളും കടന്നുവരുന്നുണ്ട്. ചില സന്ദർഭങ്ങളിൽ മനുഷ്യൻ ചിന്തിക്കുന്നത് ഞാൻ തന്നെയാണ് ദൈവം എന്നതാണ്. മനുഷ്യനിലെ മൃഗങ്ങൾ പുറത്തുവരുന്നത് ആർക്കും എത്തിച്ചേരാൻ പറ്റാത്ത നിഗൂഢ സ്ഥലികളിലാണ്. അതുപോലെ 1970 കളിൽ വളർന്നു വികസിച്ച ഇക്കോ ഫിലോസഫി എന്ന വിജ്ഞാന മേഖലയിലും നിലനിൽപ്പിന്റെ പ്രശ്നങ്ങൾ ചർച്ചചെയ്യുന്നുണ്ട്. പരിസ്ഥിതി പഠനങ്ങൾ മനുഷ്യന്റെ കുടിയേറ്റത്തെ രണ്ടുതരത്തിൽ കാണുന്നുണ്ട്. അതിനെ സഹാനുഭൂതിയോടെ കാണുന്ന സാഹിത്യവും പ്രകൃതിയെ ഇല്ലാതാക്കുന്നവരായി കാണുന്ന സാഹിത്യവും മലയാളത്തിൽ ഉണ്ട് . ഇങ്ങനെ പാരിസ്ഥിതികമായും ജൈവികമായും മനുഷ്യവാസനകളെയും മനുഷ്യന്റെ സ്വാർത്ഥതകളെയും കാണുന്ന വളരെ മനോഹരമായ ഒരു കഥയാണ് ഇന്ദു ഗോപന്റെ കരിമ്പുലി. ഈ കഥയുടെ സവിശേഷതകളെ കുറിച്ചുള്ള അന്വേഷണമാണ് ഈ ലേഖനം .
താക്കോൽ വാക്കുകൾ :കുടിയേറ്റം, മനുഷ്യ-മൃഗ സംഘർഷം, വേട്ടക്കാർ , ആഖ്യാനഭംഗി,മൂല്യബോധം . കുടിയേറ്റത്തിൻ്റെ രാഷ്ട്രീയം
കേരളത്തിലെ സാമൂഹ്യ വ്യവസ്ഥയുടെ പ്രധാന ഏടാണ് കുടിയേറ്റം. 1920 മുതൽ തിരുവിതാംകൂറിൽ നിന്നും മലബാറിലേക്ക് ധാരാളം പാവപ്പെട്ട കർഷകർ കുടിയേറിപ്പാർത്തിട്ടുണ്ട്. തിരുവിതാംകൂറിലെ തുണ്ട് കിടപ്പാടം വിറ്റ കാശുമായി മലബാറിൽ വന്ന് സ്ഥലം വാങ്ങി കൃഷിചെയ്ത് ജീവിക്കുക എന്നതായിരുന്നു അവരുടെ ലക്ഷ്യം. അപൂർവ്വം ആളുകൾ വിളകൾ ഉത്പാദിപ്പിച്ച് സമ്പന്നരാവുക എന്ന ലക്ഷ്യത്തോടെയും കുടിയേറ്റം നടത്തിയിട്ടുണ്ട്. "വിഷകന്യക " എന്ന നോവൽ കുടിയേറ്റത്തിന്റെ കഥ പറയുന്നു. നോവലിന്റെ ആമുഖത്തിൽ പൊറ്റക്കാട് ഈ കൃതി എഴുതാനുള്ള സാഹചര്യത്തെക്കുറിച്ച് പറയുന്നുണ്ട്. "അറിഞ്ഞോ അറിയാതെയോ ഒരു ഐക്യ കേരളത്തിന്റെ ആദ്യപടവുകൾ വെട്ടിയിറക്കിയ ഈ തിരുവിതാംകൂർ സഹോദരന്മാരോട് എനിക്ക് ഒരു സ്നേഹം തോന്നിപ്പോയി. യാതൊരു ഗവൺമെന്റിന്റെയും പിന്തുണയോ അനുഭാവമോ ലഭിക്കാതെ ഉറച്ച സ്വാശ്രയ ബോധത്തോടും ഒടുങ്ങാത്ത ധൈര്യത്തോടും കൂടി പുതിയൊരു നാട്ടിൽ ജീവിതം നാട്ടിയ അത്ഭുതകരമായ അധ്വാനശീലത്തോടു കൂടിയ ഇക്കൂട്ടരെ അഭിനന്ദിക്കുക തന്നെ വേണം. എന്നാൽ അവരോടുള്ള ബഹുമാനത്തെക്കാളും അവരുടെ കഷ്ടപ്പാടുകൾ കണ്ടുളവായ സഹതാപമാണ് പ്രധാനമായും ഈ നോവൽ എഴുതാൻ പ്രേരിപ്പിച്ചത് " (എസ്. കെ പൊറ്റെക്കാട് 1985 ) .ഇവിടെ കുടിയേറ്റം എങ്ങനെയാണ് കേരളീയ ജനതയുടെ ഐക്യത്തിന് കാരണമായത് എന്ന
ചിന്തയാണ് ഉള്ളത്.
കുടിയേറ്റം ബഹുസാംസ്ക്കാരികതയുടെ വളർച്ചയ്ക്ക് കാരണമാകുന്നു എന്ന നിരീക്ഷണവുമുണ്ട്. "ഇരുപതാം നൂറ്റാണ്ടിൽ ഗതാഗത വിപ്ലവത്തിന്റെയും സാങ്കേതിക പുരോഗതിയുടെയും അധിനിവേശങ്ങളുടെയും ഫലമായി കുടിയേറ്റങ്ങളുടെ തോത് വർദ്ധിച്ചു. പ്രകൃതി വിഭവങ്ങളും മൂലധനവും പോലെ മനുഷ്യരും, തൊഴിലും സുഖസൗകര്യങ്ങളും തേടി ആഗോളമായി നീങ്ങിക്കൊണ്ടിരിക്കുന്നു. അതിനാൽ ഭൂഭാഗങ്ങളിലും പ്രത്യേകിച്ച് നഗരങ്ങളിൽ ബഹുസാംസ്ക്കാരികത ഒരു യാഥാർത്ഥ്യമായിരിക്കുന്നു"
(ജി.മധുസൂദനൻ2009 : 105).
കാടിന്റെ സ്വാഭാവികമായ ആവാസവ്യവസ്ഥയെ തകർത്ത് ആധിപത്യം നേടിയവരാണ് കുടിയേറ്റക്കാർ എന്ന ഒരു പ്രതിലോമ ചിന്തയും കുടിയേറ്റക്കാരെക്കുറിച്ചുണ്ട്. കാടിൻ്റെ കാവൽക്കാരായി സർക്കാർ നിയമിച്ച നാല് ഉദ്യോഗസ്ഥരും ഒരു കരിമ്പുലിയുമാണ് ഈ കഥയിൽ കാടിന്റെ ഉള്ളറകളിലേക്ക് സഞ്ചരിക്കുന്നത് . സെയ്ദ് എന്ന ഫോറസ്റ്റ് റേഞ്ചറുടെ ഔദ്യോഗിക ജീവിതത്തിന് വിരാമം ഇടുന്നതിന് മുമ്പുള്ള അവസാന യാത്രയാണിത് .കാട്ടിലെ ദൈവമാണ് താനെന്ന ചിന്തയും അയാൾക്കുണ്ട്. തന്റെ ഔദ്യോഗിക ജീവിതത്തിനിടയിൽ കാടിന്റെ കാവൽക്കാരൻ എന്ന രീതിയിൽ ധാരാളം ബഹുമതികളും അയാൾക്ക് കിട്ടിയിട്ടുണ്ട് . കാടിറങ്ങിയ കരിമ്പുലിയെ മറ്റൊരു കാടിന്റെ ഉള്ളറകളിലേക്ക് എത്തിക്കുക എന്ന അവസാനത്തെ ജോലി കഴിഞ്ഞാൽ അയാൾക്ക് യാത്രയയപ്പ് ചടങ്ങാണ് . സഹപ്രവർത്തകർ അയാളെക്കുറിച്ച് പുകഴ്ത്തുമ്പോൾ അയാൾക്ക് പോലും അത് അസ്വസ്ഥത ഉണ്ടാക്കുന്നുണ്ട് . അങ്ങനെ മറ്റാർക്കും കൊടുക്കാത്ത ഒരു യാത്രയയപ്പ് കൊടുക്കാൻ അവർ പദ്ധതി ഇടുമ്പോൾ അത് അയാളുടെ പിൽക്കാല ജീവിതത്തെ മുഴുവൻ ബാധിക്കുന്ന രീതിയിലുള്ള ഒരു സംഭവമായി മാറുന്നു. കഥയിൽ വളരെക്കുറച്ചു മാത്രം സംസാരിക്കുന്ന ,ആദ്യ ഭാഗത്ത് യാതൊരു പ്രാധാന്യവും ഇല്ല എന്ന് തോന്നിക്കുന്ന കഥാപാത്രമായ ഫോറസ്റ്റ് വാച്ചർ ചെല്ലക്കുട്ടൻ പിന്നീട് ഇതിലെ പ്രധാന കഥാപാത്രമായി മാറുന്നു. കാടിന്റെ രക്ഷകർഎന്ന ഭാവിക്കുന്ന ഉദ്യോഗസ്ഥർക്ക് നേരെ അയാൾ തൊടുത്തു വിടുന്ന അമ്പുകൾ പോലുള്ള ചോദ്യങ്ങൾ അവരെ അസ്വസ്ഥരാക്കുന്നു. ചെല്ലക്കുട്ടൻ അറിയാതെ കരിമ്പുലിയെ കൊന്ന് മേലുദ്യോഗസ്ഥന് കാഴ്ചവയ്ക്കാൻ മറ്റുള്ളവർ ഒരുങ്ങുമ്പോൾ അവരുടെ ആജ്ഞാനുവൃത്തിയാകാൻ മാത്രമേ അയാൾക്ക് സാധിക്കുന്നുള്ളൂ. പിന്നീട് പുലിയിറച്ചി കഴിക്കാൻ അവനെ നിർബന്ധിക്കുമ്പോൾ " സാർ എന്ത് ചെയ്താലും ഞാൻ കഴിക്കില്ല" എന്ന് അവൻ പറയുന്നുണ്ട്. അയാൾ ഒരു കുടിയേറ്റക്കാരനാണെന്നും പേര് ജോർജ് മാത്യു ചെല്ലക്കുട്ടൻ എന്നാണെന്നുംതിരിച്ചറിയുന്ന ഡ്രൈവർ ടൈറ്റസ് പുച്ഛത്തോടെ കാട് മുഴുക്കെ വെളുപ്പിച്ച് നശിപ്പിച്ചവന്മാർ നിന്ന് ന്യായം പറയുകയാണെന്ന് അവന്റെ അസ്ഥിത്വത്തെ കളിയാക്കുന്നുണ്ട് ചെല്ലക്കുട്ടൻഅതിനു മറുപടി പറയുന്നത് ഇങ്ങനെയാണ് "ഞങ്ങള് പട്ടിണി മാറ്റാൻ വന്നു കേറിയതാ സാറേ .വിശന്നപ്പോ, കൃഷി നശിപ്പിക്കാൻ വന്ന അഞ്ചാറു കാട്ടുപന്നികളെ പിടിച്ചു തിന്നിട്ടുണ്ട്. അഞ്ചാറ് വേട്ടക്കാരൊക്കെ കാണും . പക്ഷേ, എസ്റ്റേറ്റുണ്ടാക്കിയതും ക്വാറി ഉണ്ടാക്കിയതുമൊന്നും ഞങ്ങളല്ല, നാട്ടീന്ന് ദുഷ്ടലാക്കിന് വന്നവരാ. ഞങ്ങളല്ല. കാടിനെ തൊട്ടാ ചെലപ്പോഞങ്ങൾക്കും പൊള്ളും . "( ഇന്ദുഗോപൻ 2021 :22). താൻ കാടിന്റെ വാച്ചർ ആണെന്നും കാട്ടിലെ മൃഗത്തെ തിന്നാത്തത് എന്റെ ചോറാണ് അതെന്റെ നിയമമാണ്" എന്നും ചെല്ലക്കുട്ടൻ പ്രതികരിക്കുമ്പോൾ നീ കാട്ടുമുയലിനെ എറിഞ്ഞു കൊന്നത് എന്തിനാണെന്ന് ഡ്രൈവർ ടൈറ്റസ് ചോദിക്കുന്നുണ്ട് "അത് ആ പുലിക്ക് തിന്നാനാ. അതീ ന്യായമുണ്ട്." എന്ന് ചെല്ലക്കുട്ടൻ പറയുമ്പോൾ കാടിന്റെ നീതിബോധമാണ് അതിൽ പ്രതിഫലിക്കുന്നത്. വിശക്കുന്ന ജീവിക്ക് ഇരയെ കൊടുക്കുക എന്നത് കർത്തവ്യ നിർവഹണത്തിന്റെ ഭാഗമാണ്. എന്നാൽ മനുഷ്യൻ അവന്റെ സ്വാർത്ഥതയ്ക്ക് വേണ്ടി ഒരു മൃഗത്തെ കൊല്ലുന്നു എന്നത് ന്യായമല്ല എന്ന ലോകതത്വമാണ് ചെല്ലക്കുട്ടൻ പറയുന്നത്.
കാടിറങ്ങുന്ന വന്യത
ജി ആർ ഇന്ദുഗോപന്റെ കഥകളുടെ ഒരു സവിശേഷത യഥാർത്ഥ സംഭവങ്ങൾക്ക് നൽകുന്ന പ്രാധാന്യമാണ്. കരിമ്പുലി വായിച്ചു കഴിയുമ്പോൾ സഹൃദയ മനസ്സുകളിൽ ഒരു സംശയം തോന്നാം. ഈ കഥ എവിടെയോ കേട്ടതാണല്ലോ എന്ന് . കാരണം സമകാലിക ലോകത്തിലെ ധാരാളം സംഭവങ്ങൾ ഇതുമായി ബന്ധമുള്ളതാണ്. പഴയകാലത്ത് കാടുകളിൽ മാത്രം കണ്ടിരുന്ന പുലിയും കാട്ടുപോത്തും ആനയും ഒക്കെ ഇന്ന് നാടിറങ്ങിത്തുടങ്ങി. മനുഷ്യന്റെ കയ്യേറ്റങ്ങൾ കാടിന്റെ പാരിസ്ഥിതിക സന്തുലനാവസ്ഥ ഇല്ലാതാക്കുകയും കാടിനെ മാത്രം ആശ്രയിച്ച് ജീവിക്കുന്ന മൃഗങ്ങൾക്ക് ജീവിതം അസാധ്യമാവുകയും ചെയ്യുന്നു. ഇത് നിരന്തരമായ മനുഷ്യ മൃഗ സംഘർഷങ്ങളിലേക്ക് നയിക്കുന്നു. നിഷ്കളങ്കരായ മനുഷ്യരുടെ നാശത്തിനും ഇത് കാരണമാകുന്നു. ഇതിന് പരിഹാരം കാണാൻ സർക്കാറുകൾക്ക് സാധിക്കുന്നില്ല. കാറിടങ്ങുന്ന വന്യമൃഗങ്ങളെ കെണി വെച്ചു പിടിച്ച്ഒരിടത്ത് പാർപ്പിച്ച് മറ്റൊരു കാട്ടിൽ കൊണ്ടു വിടുക എന്നതാണ് ഇന്ന് സ്വീകരിക്കുന്ന ഒരു പ്രധാന തന്ത്രം. അത് എത്രമാത്രം പ്രായോഗികമാണ് എന്നത് മറ്റൊരു സംശയം. കരിമ്പുലി എന്ന കഥയിലും ഇത്തരം ഒരു പരീക്ഷണ കഥ പറയുന്നുണ്ട്. ഫോറസ്റ്റ് സർവീസിലെ ഉയർന്ന ഉദ്യോഗസ്ഥരുടെ സംഭാഷണത്തിൽ നിന്നാണ് കഥയുടെ ആരംഭം. കണ്ണൂർ ഫ്ലൈയിംഗ് സ്ക്വാഡ് റിച്ചാർഡ് സാർ ,റേഞ്ചർ സെയ്ദിനോട് മൈസൂർ ഭാഗത്തെ ജന്മിമാർ ഫാം ഹൗസിൽ വളർത്തുന്ന പുലിയാണ് കാടിറങ്ങി നാട്ടിലെത്തിയതെന്നും പുലിയെ കാട്ടിലേക്ക് കൊണ്ടുപോകുമ്പോൾ ജന്മിമാരുടെ ഗുണ്ടകൾ പിറകെ വരാമെന്നും തോക്കിൽ ഉണ്ട കരുതിയിരിക്കണം എന്നും പറയുമ്പോൾ എല്ലാം അനധികൃതമാണെന്ന സൂചനയാണ് തരുന്നത് .അതോടൊപ്പം കാടിന്റെ സന്തുലനാവസ്ഥയെ തകർക്കുന്നതിൽ മനുഷ്യർക്ക് ,അതും കാടിന്റെ സംരക്ഷകർ എന്ന് ഭാവിക്കുന്ന ഉദ്യോഗസ്ഥർക്ക് നല്ല പങ്കുണ്ടെന്ന സൂചനയും ഈ കഥ തരുന്നുണ്ട്. സെയ്ദിൻ്റെ കീഴുദ്യോഗസ്ഥർ അയാളെ പുകഴ്ത്തുന്നത് "കാട്ടു കള്ളന്മാർക്കും എസ്റ്റേറ്റ് മാഫിയക്കും എല്ലാം സാറിനെ വലിയ ഇഷ്ടമാ . സാറൊരു മുതലായിരുന്നു സാറേ " (ഇന്ദുഗോപൻ 2021: 14 ) . ഇതിൽ നിന്നെല്ലാം കാടിന്റെ രക്ഷകർ ശിക്ഷകരായി മാറുമ്പോഴുള്ള ദുരനുഭവങ്ങളാണ് കഥാകൃത്ത് പങ്കുവെക്കുന്നത്.വേട്ടക്കാരും ഇരകളും :
szഅധികാരം മനുഷ്യരെ പല മോശമായ പ്രവൃത്തികളും ചെയ്യാൻ പ്രേരിപ്പിക്കും. അസാമാന്യമായ കരുത്ത് നേടിയ ദുഷ്ട മൃഗമാണ് മനുഷ്യൻ. ഏറ്റവും ദുർബലനായവൻ മുതൽ കരുത്തൻ വരെ ഒരൊറ്റ മനുഷ്യനിലൂടെ പുറത്തുവരാം എന്ന് ഇന്ദുഗോപൻപറയുന്നുണ്ട്. അധികാര വർഗ്ഗത്തിന്റെ അഹങ്കാരം അവരെ സാഹസികകൃത്യങ്ങൾക്ക് പ്രേരിപ്പിക്കുന്നു. സെയ്ദ് എന്ന പ്രധാന കഥാപാത്രം പറയുന്നുണ്ട്. "എനിക്ക് ഒന്നൂടൊന്ന് കാട് കാണണം അധികാരത്തോടെ , അവസാനമായിട്ട് "(ഇന്ദുഗോപൻ2021 :14). അതുപോലെ പുലിയെ കൊന്നശേഷം ദൂരെ നിന്ന് ആരോ വരുന്നത് കാണുമ്പോൾ വിമൽ എന്ന ഉദ്യോഗസ്ഥൻ പറയുന്നുണ്ട് "ആരോ വരട്ടെ സാറേ ,നമ്മള് കാട്ടിലെ ദൈവങ്ങളാ, അറിയ്യോ?"(ഇന്ദുഗോപൻ 2021:19). ഇവിടെയെല്ലാം അധികാരം മനുഷ്യന് ഏത് നീചമായ പ്രവർത്തിക്കും പ്രേരിപ്പിക്കും എന്ന സൂചനയാണുള്ളത്. " ചെല്ലക്കുട്ടൻ നായാട്ടുകാരനായിരുന്നെങ്കിൽ ഞങ്ങളെ ഇടി കൊണ്ട് പരിപ്പിളകിയേനെ " ഇന്ദുഗോപൻ: 16). എന്ന് ഡ്രൈവർ പറയുമ്പോഴും ഈ ഒരു അധികാര ഭ്രാന്ത് തന്നെയാണ് പ്രകടമാകുന്നത് . കാടിനെ നശിപ്പിക്കുന്ന യഥാർത്ഥ വേട്ടക്കാർ ഈ ഉദ്യോഗസ്ഥരാണെന്നും ഇരകളായി മാറുന്നത് കാടിനെആത്മാർത്ഥമായി സ്നേഹിക്കുന്ന ആദിവാസികളും കുടിയേറ്റക്കാരും ആണെന്നും കഥാകൃത്ത് പറയുന്നുണ്ട് .ഉദ്യോഗസ്ഥർ പുലിയിറച്ചി ഉണ്ടാക്കിയതിന്റെ ബാക്കി ചെല്ലക്കുട്ടനെ കൊണ്ട് കഴിക്കാൻ പ്രേരിപ്പിക്കുന്നതും വിസമ്മതിക്കുന്ന അയാളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്നതും എല്ലാം അധികാര പ്രമത്തതയുടെ അടയാളങ്ങൾ തന്നെ. അവസാനം സെയ്ദിനു തിരിച്ചറിവ് ഉണ്ടാവുന്നുണ്ട് കാട് പണി തന്നതാ എനിക്ക്; ഇതുവരെ ചെയ്തതിനെല്ലാം കൂട്ടിച്ചേർത്ത്. തീർന്നില്ല. ഇനി കാട് ഇതെല്ലാം തിരിച്ചു തുപ്പും . ആ തോലും പല്ലും നഖവും ഒക്കെ ഇന്നല്ലെങ്കി നാളെ ....അതുമായി ആരെങ്കിലും പിടിയിലാകും. " ( ഇന്ദുഗോപൻ 2021 :24 ).അധികാരികളുടെ ഭീഷണിക്ക് വഴങ്ങാത്ത, കാടിനെ സ്നേഹിക്കുന്ന ചെല്ലക്കുട്ടൻ അവരുടെ ഇരയായി പുലിക്കൂട്ടിൽ കിടക്കേണ്ടി വരുന്ന നിസ്സഹായത സമകാലിക സമൂഹത്തിന്റെ അധികാര വ്യവസ്ഥിതിയ്ക്കു നേരെയുള്ള വെല്ലുവിളി തന്നെയാണ്.
ആഖ്യാന രീതി
വനം വകുപ്പ് ഉദ്യോഗസ്ഥർ തമ്മിലുള്ള സംഭാഷണത്തിലൂടെ ആരംഭിക്കുന്ന കഥയിൽ ഒരുപാട് നിഗൂഢതകൾ ഒളിപ്പിക്കുന്നുണ്ട്. ഒരു പുലിയും നാലു മനുഷ്യരും ചേർന്ന് ഉൾക്കാട്ടിലേക്ക് നടത്തുന്ന യാത്ര യഥാർത്ഥത്തിൽ മനുഷ്യമനസ്സ്നിഗൂഢമാണ് എന്ന തിരിച്ചറിവും വായനക്കാരന് നൽകുന്നു . കാടകങ്ങൾ പോലെ മനുഷ്യമനസ്സും നിഗൂഢതയുടെ ഇടമാണ്.സത്യാനന്തര ലോകത്തെ നീതിബോധം ഇതിൽ ചോദ്യചിഹ്നം ആവുന്നുണ്ട് . ഉദ്യോഗസ്ഥർ തമ്മിലുള്ള സംഭാഷണത്തിലൂടെ അവരുടെ സ്വഭാവ സവിശേഷതകൾ വ്യക്തമാകുന്നു. അതോടൊപ്പം "കാട്ടുചെടിത്തുമ്പുകൾ വണ്ടിയിൽ കടന്നു മടങ്ങി , പച്ചചതഞ്ഞ ഗന്ധം"തുടങ്ങിയ വരികൾ വായനക്കാരനെ കാട്ടിലേക്ക് നയിക്കുന്നു. നമ്മൾ അറിയാത്ത അനുഭവിക്കാത്ത ഒരു അത്ഭുതവും സെയ്ദ് സാറിനില്ല ഈ കാട്ടിൽ എന്നുപറയുമ്പോൾ കാടിനെ എത്രമാത്രം ചൂഷണം ചെയ്യുന്നവരാണ് ഈ ഉദ്യോഗസ്ഥർ എന്ന് വ്യക്തമാകും .അതുപോലെ കഥയിൽ പുലിയെ കൊല്ലുന്ന സ്ഥലം ഒരു ബുദ്ധ നഗരം ആണെന്നതുംഅതിന്റെ ചില അവശിഷ്ടങ്ങൾ അവിടെ ഉണ്ട് എന്നതും ആക്ഷേപഹാസ്യം ഉണ്ടാക്കുന്നു. ദൃശ്യപരതയ്ക്ക് പ്രാധാന്യം നൽകുന്നതാണ് ഓരോ വിവരണങ്ങളും. വണ്ടിക്ക് മുന്നിലേക്ക് വീഴുന്ന മലയണ്ണാന്റെ കാഷ്ടവും മരത്തിൽ ബഹളം വയ്ക്കുന്ന കുരങ്ങന്മാരും വനത്തിന്റെ പ്രതീതി സൃഷ്ടിക്കുന്നു. കാടിന്റെ ഇരുട്ടിൽ നിന്നും ദൂരെ നിന്നും വരുന്ന ചൂട്ട് കാണുന്നതും വായിൽ എല്ലിൻ കഷണവുമായി നിൽക്കുന്ന കുറുക്കനും എല്ലാം കാടിന്റെ സൗന്ദര്യത്തിന്റെ അടയാളങ്ങളാണ്. പുലി ഒഴിഞ്ഞ കൂട്ടിൽ പിടിച്ച് ചെല്ലക്കുട്ടൻ നിൽക്കുമ്പോൾ കാട് ഇടയ്ക്കിടെ ഇലകളും വള്ളികളും ചില്ലകളും ആയി അവനെ സ്പർശിച്ചു തൊട്ടുതഴുകി എന്ന് കഥാകൃത്ത് പറയുമ്പോൾ കാടിന്റെ യഥാർത്ഥ സംരക്ഷകർ, കാടിനെ സ്നേഹിക്കുന്നവർ ആരാണെന്ന് ആസ്വാദകർക്ക് ബോധ്യമാകുന്നു. സംഭാഷണത്തിലൂടെ വികസിക്കുന്ന കഥാതന്തുവും വായനക്കാരിൽ ജിജ്ഞാസ ഉളവാക്കുന്ന സംഭവപരമ്പരകളും ഇന്ദു ഗോപന്റെ കഥയുടെ സവിശേഷതയാണ്.
സത്യസന്ധതയുടെ ആൾരൂപങ്ങൾ
പ്രധാന കഥാപാത്രങ്ങളായ ഉദ്യോഗസ്ഥരും പുലിയും കഴിഞ്ഞാൽ ഇതിലെ പ്രാധാന്യമുള്ള രണ്ട് കഥാപാത്രങ്ങൾ ഫോറസ്റ്റ് വാച്ചർ ചെല്ലക്കുട്ടനും ഇൻഫോമർ18 എന്ന ആദിവാസിയും ആണ് . കാടിന്റെ യഥാർത്ഥ രക്ഷകരാണിവർ . ഇവർ നിഷ്ക്കളങ്കരാണ്. മറ്റുള്ളവരുടെ മൂല്യബോധമല്ല ഇവരെ നയിക്കുന്നത് .അധികാരത്തിലുള്ളവരുടെ ആജ്ഞാനുവർത്തികളായ ഇവർക്ക് കാടുമായി ബന്ധമുള്ള കാര്യങ്ങളിൽ സ്വന്തമായ തീരുമാനമുണ്ട് . മേലുദ്യോഗസ്ഥർ പറയുന്ന ജോലികൾ എല്ലാം ചെല്ലക്കുട്ടൻ ചെയ്യുന്നുണ്ട് . പക്ഷേ കാട്ടിലെ മൃഗത്തെ കൊല്ലാനോ തിന്നാനോ അവൻ കൂട്ടുനിൽക്കുന്നില്ല . അവിടെ അവനു ഉദ്യോഗസ്ഥരെ ഭയവും ഇല്ല . അതുപോലെ കാട്ടിൽ ജീവിക്കുന്ന ആദിവാസി സമൂഹത്തിന്റെ പ്രതിനിധിയാണ് ഐ 18. കാട്ടിൽ നടക്കുന്ന ഓരോ കാര്യങ്ങളും കൃത്യമായി അറിയുകയും ഉദ്യോഗസ്ഥർക്ക് കൈമാറുകയും ചെയ്യുന്ന അയാൾ സെയ്ദും സംഘവും കരിമ്പുലിയുടെ അവശിഷ്ടങ്ങൾ മറവ് ചെയ്യുന്നത് ദൂരെ നിന്ന് കാണുകയും അതിനെ കുറിച്ചുള്ള വിവരം സെയ്ദിന് കൈമാറുകയും ചെയ്യാൻ വേണ്ടി അവിടേക്ക് വരുന്നു. ഉദ്യോഗസ്ഥരുടെ കാപട്യം തിരിച്ചറിയാത്ത അയാൾ സെയ്ദ് വിരമിക്കുകയാണെന്ന് പറഞ്ഞപ്പോൾ പറഞ്ഞ മറുപടി ഇനിയുള്ള ആളിനെ ഞാൻ കണ്ടെത്തിക്കഴിഞ്ഞു. സാറിനെ പോലെ മിടുക്കനായ ഒരാളെ കാടിനോടൊക്കെ ഇത്തിരി സ്നേഹമുള്ള ..... ഇന്ദുഗോപൻ2021 :20 ) എന്നാണ് . കോടതിയിൽ പോലും പേര് വെളിപ്പെടുത്താത്ത വിശ്വസ്തനായ ഈ ഇൻഫോർമർ കാടിന്റെ രക്ഷകനാണ് .സെയ്ദിനും വളരെ നല്ല അഭിപ്രായമാണ് അയാളെക്കുറിച്ച് . ഒരു ആനക്കൊമ്പ് കേസിൽ സ്വന്തം തന്തയ്ക്കെതിരെ തെളിവ് തന്നുതുടങ്ങിയതാ അവൻ. അപ്പോ ഓർത്തോളണം ,അവന്റെ മനോനില . "(2021: 21 ) അധികാരവും സമ്പത്തും കൊണ്ട് എന്തും ചെയ്യാം എന്ന് ധരിക്കുന്ന ഉദ്യോഗസ്ഥ സമൂഹത്തിന് നേരെ സത്യസന്ധതയുടെയും മൂല്യബോധത്തിന്റെയും സന്ദേശം എത്തിക്കുന്ന ഈ കാടിന്റെ മക്കൾ കാട്ടു കള്ളന്മാരുടെ പേടിസ്വപ്നമാണ്. ഐ18ന്റെ വെളിപ്പെടുത്തലും ചെല്ലക്കുട്ടന്റെ ധൈര്യവും സെയ്ദിൻ്റെയും സംഘത്തിന്റെയും അധികാരമോഹങ്ങൾക്കുമേൽ കടിഞ്ഞാൺ ഇടുന്നു.
ഉപസംഹാരം:
സാഹിത്യത്തിന്റെ വിശാലമായ വഴിയിൽ വേറിട്ട രീതിയിൽ ചിന്തിക്കുന്ന ഒരു എഴുത്തുകാരനാണ് ജി. ആർ. ഇന്ദു ഗോപൻ . നിലവിലിരിക്കുന്ന യാഥാർത്ഥ്യങ്ങളെ കാണാതെ നമുക്ക് മുന്നോട്ട് പോകാൻ ആവില്ല . കുറ്റാന്വേഷണവും അധികാരവും എല്ലാം അദ്ദേഹത്തിന്റെ കഥകളിലും നോവലുകളിലും നിരന്തരം കടന്നു വരുന്നു. കാടിനെ പശ്ചാത്തലമാക്കിയ കരിമ്പുലി എന്ന കഥയിലും ധാരാളം നിഗൂഢതകൾ സൂക്ഷിക്കാനും വായനക്കാരിൽ ജിജ്ഞാസ യുണർത്താനും കഥാകാരന് കഴിയുന്നുണ്ട്. അധികാരസ്ഥാനത്ത് ഇരിക്കുന്ന മനുഷ്യൻ ചിലപ്പോൾ താൻ ദൈവമാണെന്ന് ചിന്തയിലേക്ക് വരെ എത്തിച്ചേരാം. എന്നാൽ ചില സന്ദർഭങ്ങളിൽ അവനെ ദൈവം പോലും രക്ഷിച്ചില്ലെന്നും വരാം. നാഗരിക മനുഷ്യൻ സഞ്ചരിച്ചിട്ടില്ലാത്ത അറിയാത്ത കാടനുഭവങ്ങളെ അനുഭവവേദ്യമാക്കാനും ഈ കഥയ്ക്ക് കഴിയുന്നു. കഥാകാരനോടൊപ്പം കാടിന്റെ ഗന്ധം ആസ്വദിച്ച് കാട്ടുവഴികൾ കണ്ട് കാട്ടിലെ മൃഗങ്ങൾക്ക് ഒപ്പം സഞ്ചരിക്കാൻ ആസ്വാദകനെ പ്രേരിപ്പിക്കുന്ന ഒരു ഭാഷാരീതിയാണ് ഇതിൽ . നാഗരികന്റെ ഒളിക്യാമറകളെക്കാൾ ശക്തമായ നിരീക്ഷണ പാടവമുള്ള കാടിന്റെ മക്കൾ ഉണ്ട് എന്ന് അധികാരമോഹികൾക്ക് തിരിച്ചറിയാൻ കഴിയുന്നു . കുടിയേറ്റത്തെ പ്രശ്നവൽക്കരിക്കുന്ന ഈ കഥയിൽ സാധാരണക്കാരായ കുടിയേറ്റക്കാർ കാടിനെ സ്വന്തമായാണ് കാണുന്നത് എന്ന തിരിച്ചറിവുണ്ടാകും. ഒരു പഴയ ബുദ്ധ നഗരത്തിലാണ് പുലിയെ കൊല്ലാനുള്ള ഇടം കണ്ടെത്തുന്നതെന്നതും ചിന്തനീയമാണ്. ചെറിയ വാക്കുകളിലൂടെ വായനക്കാരുടെ മനസ്സിൽ മുറിവേൽപ്പിക്കാൻ കഥാകൃത്തിന് കഴിയുന്നുണ്ട്. കരിമ്പുലിയെ കൊന്ന വെടിയുണ്ട കാണാതെ പരിഭ്രമിക്കുന്ന ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ ആധി ചെന്നെത്തേണ്ടത് മനുഷ്യമനസ്സിലേക്കാണ് . കാടിന്റെ സംരക്ഷണം മനുഷ്യ ജീവിതത്തിന്റെ മുഴുവൻ കരുതൽ ആണെന്ന ഓർമ്മപ്പെടുത്തൽ കൂടിയാണീ കഥ. കാരുണ്യവും മൂല്യബോധവും നഷ്ടപ്പെട്ട സമകാലികസമൂഹത്തിൽ, മനുഷ്യത്വം മരവിക്കാത്ത മനസ്സുമായി ജീവിക്കുന്ന കാടിൻ്റെ മക്കൾ അവരുടെ പ്രവൃത്തികളിലൂടെ പ്രകാശം പരത്തുന്നു.
സഹായക ഗ്രന്ഥങ്ങൾ
1. രവികുമാർ കെ . എസ്. (ഡോ). 2009 ചെറുകഥ വാക്കും വഴിയും .കോട്ടയം :നാഷണൽ ബുക്ക്സ്റ്റാൾ.
2.ഇന്ദുഗോപൻ ജി.ആർ (2021)കരിമ്പുലി മാതൃഭൂമി ആഴ്ചപ്പതിപ്പ് ഓഗസ്റ്റ് 8.കോഴിക്കോട്: മാതൃഭൂമി ബുക്സ്.
3.പൊറ്റെക്കാട് എസ്. കെ (1985 )വിഷകന്യക . കോട്ടയം :നാഷണൽ ബുക്ക്സ്റ്റാൾ.
4.മധുസൂദനൻ. ജി.( 2009) ഭാവുകത്വം 21ാം നൂറ്റാണ്ടിൽ .കോട്ടയം: കറൻ്റ്ബുക്സ്.
യമുന ടി.
അസിസ്റ്റൻറ് പ്രൊഫസർ
മലയാള വിഭാഗം
ഗവൺമെൻറ് കോളേജ് കോടഞ്ചേരി
കോഴിക്കോട് ജില്ല
പിൻ. 673580ഫോൺ നമ്പർ 9400214794yamunavrindavan@gmail.com