ഡോ. പികെ. സുമോദൻ
2024 ആഗസ്ത് പതിനാലാം തീയതി ലോകാരോഗ്യസംഘടനയുടെ ഡയറക്ടർ ജനറലായ ഡോ. ടെഡ്രോസ് ഗെബ്രിയേസസ് (Tedros Ghebreyesus) ‘എക്സിൽ’ ഇങ്ങനെ കുറിച്ചു: “ഡെമോക്രാറ്റിക്ക് റിപ്പബ്ലിക്ക് ഓഫ് കോംഗോയിലെ (സൌകര്യത്തിന് കോംഗോ എന്ന് വിളിക്കാം) മോശമായിക്കൊണ്ടിരിക്കുന്ന കുരങ്ങുവസൂരിയുമായി (Mpox) ബന്ധപ്പെട്ട സ്ഥിതിഗതികൾ പരിശോധിക്കുവാൻ ഒരു അടിയന്തര സമിതി രൂപീകരിക്കുന്നതായി കഴിഞ്ഞവാരത്തിൽ ഞാൻ എഴുതിയിരുന്നല്ലോ. ഇന്ന് ആ സമിതി കൂടുകയും കുരങ്ങുവസൂരി അടിയന്തര ശ്രദ്ധയർഹിക്കുന്ന ഒരു അന്താരാഷ്ട്ര പൊതുജനാരോഗ്യ പ്രശ്നമായി (Public Health Emergency of International Concern) പ്രഖ്യാപിക്കാൻ ശുപാർശ ചെയ്യുകയുമുണ്ടായി (നമുക്കിതിനെ ചുരുക്കത്തിൽ ആരോഗ്യ അടിയന്തരാവസ്ഥ എന്ന് വിളിക്കാം). ആ ശുപാർശ ഞാൻ അംഗീകരിച്ചു.”
എന്താണീ കുരങ്ങുവസൂരി? മൃഗങ്ങളെ ബാധിക്കുന്ന വസൂരിയാണ് കുരങ്ങുവസൂരി. 1958 ൽ ഡെന്മാർക്കിലെ ഒരു ഗവേഷണസ്ഥാപനത്തിൽ പഠനത്തിനായി വളർത്തിയ ഒരു കുരങ്ങിൽ നിന്നാണ് രോഗകാരിയായ വൈറസ് ആദ്യമായി വേർതിരിച്ചെടുത്തത്. അങ്ങനെയാണ് ഈ രോഗത്തിന് കുരങ്ങുവസൂരി എന്ന പേര് കിട്ടിയത്. 2022 ൽ കുരങ്ങുവസൂരിയുടെ ഇംഗ്ലീഷിലുള്ള പേരായ മങ്കിപോക്സിന് (Monkeypox) പകരമായി ലോകാരോഗ്യ സംഘടന എംപോക്സ് (Mpox) എന്ന പുതിയ പേര് നിർദ്ദേശിച്ചു. ഒരു വർഷത്തോളം രണ്ട് പേരുകളും ഒരുപോലെ ഉപയോഗിക്കാമെന്നും അതിന് ശേഷം മങ്കിപോക്സ് പൂർണമായി ഉപേക്ഷിക്കുകയും പകരം എംപോക്സ് എന്ന് മാത്രം ഉപയോഗിക്കാമെന്നുമായിരുന്നു തീരുമാനം. ലോകരോഗ്യസംഘടനയുടെ എല്ലാ പ്രസിദ്ധീകരണങ്ങളിലും ഇപ്പോൾ എംപോക്സ് എന്നാണ് ഉപയോഗിച്ചുവരുന്നത്.
വസൂരി
കേരളമടക്കം ലോകത്തങ്ങോളമിങ്ങോളം കോടിക്കണക്കിന് മനുഷ്യജീവനുകൾ അപഹരിച്ച ഒരു മഹാമാരിയായിരുന്നു വസൂരി (small pox). വേരിയോള വൈറസ് (Variola virus) മൂലമുണ്ടാകുന്ന രോഗമാണ് വസൂരി. ലോകത്തിൽ ആദ്യമായി ഉപയോഗിച്ച വാക്സിൻ വസൂരിക്കെതിരെയായിരുന്നു. വസൂരി നിർമ്മാർജ്ജനത്തിനായി ലോകാരോഗ്യസംഘടന 1967 ൽ ഒരു ബൃഹത് പരിപാടി ആവിഷ്കരിച്ചു നടപ്പാക്കി. അതിന്റെ ഫലമായി ഓരോരോ രാജ്യങ്ങളിൽ നിന്നായി വസൂരി നിർമ്മാർജ്ജനം ചെയ്യപ്പെട്ടു. അവസാനത്തെ വസൂരി കേസ് രേഖപ്പെടുത്തിയത് 1977 ൽ സോമാലിയയിലാണ്. 1980 ൽ വസൂരി പൂർണ്ണമായും നിർമ്മാർജ്ജനം ചെയ്തതായി ലോകാരോഗ്യസംഘടന പ്രഖ്യാപിച്ചു. മൂവായിരത്തോളം വർഷങ്ങൾ മനുഷ്യവംശത്തെ മുൾമുനയിൽ നിർത്തിയ രോഗം കൂടിയാണ് വസൂരി. അതിദീർഘമായ ഈ സഹവാസത്തിലൂടെ വസൂരി മനുഷ്യസംസ്കാരത്തെ പലവിധത്തിലും സ്വാധീനിച്ചതായി കാണാം. കേരളസംസ്കാരത്തെ പ്രത്യേകിച്ചും. വസൂരിമാല എന്നൊരു ഉപദേവത തന്നെയുണ്ടല്ലോ കേരളത്തിൽ. മാത്രമല്ല വസൂരി എന്ന പേരിൽ കാക്കനാടൻ എഴുതിയ ഒരു പ്രശസ്ത നോവലുമുണ്ട്. ശരീരമാസകലം ദ്രാവകം നിറഞ്ഞ കുമിളകളാണ് വസൂരിയുടെ പ്രധാന ലക്ഷണം. രോഗം വന്നവരിൽ മുപ്പതുശതമാനത്തോളം മരണത്തിന് കീഴടങ്ങാനുള്ള സാധ്യതയുണ്ട്. രോഗം മാറിയവരിൽ മുഖത്തും മറ്റ് ശരീരഭാഗങ്ങളിലും ഒരിക്കലും മായാത്ത പാടുകൾ അവശേഷിക്കുകയും ചെയ്യും. രോഗിയുമായുള്ള സമ്പർക്കത്തിലൂടെയാണ് വൈറസ് പകരുന്നത്. ഇന്ന് ലോകത്തിൽ രണ്ട് പരീക്ഷണശാലകളിൽ മാത്രമാണ് ഗവേഷണങ്ങൾക്കായി വേരിയോള വൈറസ് സൂക്ഷിച്ച് വെച്ചിട്ടുള്ളത്. അമേരിക്കയിലെ സെന്റേർസ് ഫോർ ഡിസീസ് കൺട്രോൾ ആന്റ് പ്രിവൻഷനിലും (Centers for Disease Control and Prevention) റഷ്യയിലെ സ്റ്റേറ്റ് റിസർച്ച് ഓഫ് വൈറോളജി ആന്റ് ബയോടെക്ക്നോളജിയിലും (State Research Center of Virology and Biotechnology VECTOR in Koltsovo, Russia). ഈ പരീക്ഷണശാലകളിൽ നിന്നും ഏതെങ്കിലും വിധത്തിൽ വൈറസുകൾ പുറത്തുപോകുമോ അല്ലെങ്കിൽ ഭീകരവാദികൾ കൈക്കലാക്കുമോ എന്ന ഭയം പല ശാസ്ത്രജ്ഞരും പങ്കുവെയ്ക്കുന്നുണ്ട്. അതുകൊണ്ട് തന്നെ അവസാനത്തെ വേരിയോള വൈറസുകളും പൂർണ്ണമായും നശിപ്പിക്കണമോ എന്ന ചോദ്യം ലോകരോഗ്യസംഘടനയുടെ സവിശേഷ പരിഗണനയിലാണ്.
കുരങ്ങ് വസൂരി
വസൂരിയുണ്ടാക്കുന്ന വേരിയോള വൈറസിന്റെ അടുത്ത ബന്ധുവാണ് കുരങ്ങുവസൂരി വൈറസ്. രണ്ടും ഓർത്തോപോക്സ് (Orthopox) ജീനസിലെ അംഗങ്ങളാണ്. വസൂരിക്കും കുരങ്ങ് വസൂരിക്കും പുറമേ കുതിരവസൂരി (horsepox), പശുവസൂരി (cowpox), ഒട്ടകവസൂരി (camelpox) തുടങ്ങിയ രോഗങ്ങളുണ്ടാക്കുന്ന വൈറസുകളും ഓർത്തോപോക്സ് വൈറസുകളാണ്. ഇരട്ടക്കണ്ണികളുള്ള ഡി.എൻ.എ വൈറസ് ആണ് ഓർത്തോപോക്സ് വൈറസുകൾ. കോവിഡ് വൈറസ് പോലെ കൊഴുപ്പിന്റെ ആവരണവുമുണ്ട്. വസൂരി ബാധിച്ചവരെ പോലെ തന്നെ ശരീരത്തിൽ ദ്രാവകം നിറഞ്ഞ കുമിളകൾ പ്രത്യക്ഷപ്പെടുന്നതാണ് പ്രധാന ലക്ഷണം. അതിന്റെ കൂടെ പനി, തലവേദന, പേശീവേദന, പുറം വേദന, ക്ഷീണം, ലിംഫ് നോഡുകളിൽ വീക്കം തുടങ്ങിയവ ഉണ്ടായേക്കാം. വസൂരിയുമായി താരതമ്യം ചെയ്യുമ്പോൾ കാഠിന്യം കുറഞ്ഞ രോഗമാണ് കുരങ്ങുവസൂരി. വന്നുകഴിഞ്ഞാൽ ചികിൽസയില്ലാതെ തന്നെ ഏതാനും ആഴ്ചകൾക്കകം രോഗം ഭേദമാകും. എന്നാൽ കുട്ടികൾ, ഗർഭിണികൾ, രോഗപ്രതിരോധ ശക്തി കുറഞ്ഞവർ എന്നിവരിൽ രോഗം കഠിനമാകാം. മരണം സംഭവിക്കുകയുമാവാം. രോഗം മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്കൊ മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്കോ പകരാം.
ചരിത്രം
കുരങ്ങുവസൂരി ഒരു ആഫ്രിക്കൻ രോഗമാണ്. ദശാബ്ദങ്ങളായി ഈ രോഗം ചെറിയ തോതിൽ ആഫ്രിക്കൻ രാജ്യങ്ങളിൽ അവിടെയുമിവിടെയുമായി പൊട്ടിപ്പുറപ്പെടാറുണ്ട്. പ്രത്യേകിച്ചും മധ്യ ആഫ്രിക്കയിലും പശ്ചിമ ആഫ്രിക്കയിലും. പലതരത്തിലുള്ള സസ്തനികളാണ് ഈ വൈറസിന്റെ സ്വാഭാവികമായ സംഭരണ കേന്ദ്രങ്ങൾ (natural reservoirs) എന്നാണ് കരുതപ്പെടുന്നത്. ആദ്യമായി കുരങ്ങുവസൂരി മനുഷ്യരിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നത് 1970 ൽ കോംഗോയിലെ ബസൻകുസുവിലെ (Basnkusu) ഒരു ഒൻപത് വയസ്സുകാരനിലാണ്. 1980 ൽ വസൂരി നിർമ്മാർജ്ജനം ചെയ്യപ്പെട്ടത്തോടെ കുരങ്ങുവസൂരി കേസുകളുടെ എണ്ണം വർഷം തോറും കൂടിക്കൂടി വന്നു. ഒടുവിൽ 2022 ൽ കുരങ്ങുവസൂരി ഒരു മഹാമാരിയായി ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെട്ടു. ആഫ്രിക്കയുടെ പുറത്തും നിരവധി കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. അതോടെ ലോകാരോഗ്യ സംഘടന ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. വിവിധ രാജ്യങ്ങളുടെ സംഘടിതമായ ശ്രമത്തിലൂടെ രോഗം നിയന്ത്രണാധീനമാവുകയും 2023 മെയ് മാസത്തിൽ അടിയന്തരാവസ്ഥ പിൻവലിക്കുകയും ചെയ്തു. എന്നാൽ 2023 സപ്തംബറിൽ വൈറസിന്റെ മറ്റൊരു വകഭേദം (Clade 1b) കോംഗോയിൽ കണ്ടെത്തി. ഈ വകഭേദം കോംഗോയുടെ കിഴക്കൻ ഭാഗത്തും അയൽ രാജ്യങ്ങളിലും അതിവേഗം പടർന്നു പിടിച്ചു. അതോടെയാണ് തുടക്കത്തിൽ സൂചിപ്പിച്ചത് പോലെ ആഗസ്ത് 14 ന് ലോകാരോഗ്യസംഘടന ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. അപ്പോഴേക്കും കോംഗോയിൽ നിന്നുമാത്രം കുരങ്ങുവസൂരി എന്ന് സംശയിക്കുന്ന 18000 കേസുകളും 575 മരണങ്ങളും റിപ്പോർട്ട് ചെയ്തുകഴിഞ്ഞിരുന്നു. കോംഗോയ്ക്ക് പുറമേ ബുറുണ്ടി, കെനിയ, റുവാണ്ട, ഉഗാണ്ട എന്നീ രാജ്യങ്ങളിൽ നിന്നായി പുതിയ വകഭേദം മൂലമുണ്ടാകുന്ന 210 ലധികം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. ഇതിന് പുറമേ ആഫ്രിക്ക സന്ദർശിച്ച സ്വീഡനിലേയും, തായ്ലൻഡിലേയും ആളുകളിലും പുതിയ വൈറസ് കണ്ടെത്തി. കൂനിൻമേൽ കുരുവെന്ന പോലെ പടിഞ്ഞാറൻ കോംഗോയിലും അയൽ രാജ്യങ്ങളായ മധ്യ ആഫ്രിക്കൻ റിപ്പബ്ലിക്കിലും റിപ്പബ്ലിക്ക് ഓഫ് കോംഗോയിലും പഴയ വകഭേദവും (Clade 1a) പ്രത്യക്ഷപ്പെട്ടു. ഇതിന് പുറമേ കാമറൂൺ, ഐവറി കോസ്റ്റ്, ലൈബീരിയ, നൈജീരിയ, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിൽ മറ്റൊരു വകഭേദവും (Clade 2) കണ്ടെത്തി.
പകരുന്ന രീതി
രോഗികളുമായുള്ള സമ്പർക്കത്തിലൂടെയാണ് വൈറസ് പകരുന്നത്. സ്പർശനം, ചുംബനം, ലൈംഗിക ബന്ധം, ശ്വസിക്കുമ്പോൾ തെറിക്കുന്ന തുള്ളികൾ (respiratory droplets) തുടങ്ങിയവയിലൂടെയെല്ലാം വൈറസ് പകരാം. രോഗം ബാധിച്ച മൃഗങ്ങളിൽ നിന്നും രോഗം പകരാം. അത്തരം മൃഗങ്ങളെ കൈകാര്യം ചെയ്യുമ്പോഴും ഭക്ഷിക്കുമ്പോഴും വൈറസ് ശരീരത്തിൽ കയറാം. അതേപോലെ വസ്ത്രത്തിലൂടെയും ആശുപത്രി ഉപകരണങ്ങളിലൂടെയും മറ്റും വൈറസ് ബാധിക്കാനുള്ള സാധ്യതയുണ്ട്.
രോഗനിർണയവും ചികിൽസയും
തൊലിയിലുള്ള കുമിളകളിൽ നിന്ന് ശേഖരിച്ച പദാർത്ഥങ്ങളാണ് രോഗനിർണയത്തിന് ഉപയോഗിക്കുന്നത്. പി. സി. ആർ സാങ്കേതിക വിദ്യ ഉപയോഗിച്ച് വൈറസിന്റെ ജനിതക ഘടന തിരിച്ചറിയുകയാണ് ചെയ്യുന്നത്. കുരങ്ങുവസൂരി വൈറസിനെതിരെ പ്രത്യേക ചികിൽസയൊന്നും ലഭ്യമല്ലെങ്കിലും വസൂരിക്കെതിരെ ഉപയോഗിക്കുന്ന മരുന്നുകളും വാക്സിനും കുരങ്ങുവസൂരിക്കെതിരെ ഫലപ്രദമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇവയുടെ ഉപയോഗം ലോകാരോഗ്യസംഘടന അംഗീകരിച്ചിട്ടുമുണ്ട്.
കുരങ്ങുവസൂരിയും കേരളവും
കഴിഞ്ഞ തവണ (2022-23) ഇന്ത്യയിലെ ആദ്യത്തെ കുരങ്ങുവസൂരി കേസ് റിപ്പോർട്ട് ചെയ്തത് കേരളത്തിൽ നിന്നാണ്. 2022 ജൂലൈ 14 ന്. യു.എ.ഇ. യിൽ നിന്ന് വന്ന ഒരാളിലാണ് രോഗം സ്ഥിരീകരിച്ചത്. ജൂലൈ 22 ന് യു.എ.ഇ. യിൽ നിന്ന് വന്ന മറ്റൊരാളിലും കുരങ്ങുവസൂരി സ്ഥിരീകരിച്ചു. 22 വയസ്സുള്ള ആ ചെറുപ്പക്കാരൻ ചികിൽസയിലിരിക്കേ ജൂലൈ 31ന് മരണത്തിന് കീഴടങ്ങി. ഈ രണ്ട് കേസുകൾക്ക് പുറമേ 2022 ൽ ആറ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്യപ്പെട്ടു. എല്ലാ കേസുകളും ഗൾഫ് രാജ്യങ്ങളിൽ നിന്ന് വന്നവരിലായിരുന്നു. ഈ വർഷം ഇതുവരെ കേരളത്തിൽ നിന്നും കുരങ്ങുവസൂരി റിപ്പോർട്ട് ചെയ്തിട്ടില്ല. എങ്കിലും ജാഗ്രത പുലർത്തേണ്ടത് അത്യന്താപേക്ഷിതമാണ്. കോവിഡുമായി ബന്ധപ്പെട്ട് നമ്മൾ സ്വീകരിച്ച എല്ലാ മുൻകരുതലുകളും കുരങ്ങുവസൂരിക്കെതിരേയും സ്വീകരിക്കാം.
അധിക വായനയ്ക്ക്
Arita I (2011). Smallpox: should we destroy the last stockpile? Expert Rev. Anti Infect. Ther. 9(10), 837–839.
WHO (2024). Mpox Global strategic preparedness and response plan. World Health Organization, Geneva.