top of page

കാലം അടയാളപ്പെടുത്തിയ കവിതകള്‍ - സെബാസ്റ്റ്യന്‍റെ കവിതകള്‍

Updated: Apr 15

രമിളാദേവി.പി.ആര്‍

പ്രബന്ധ സംഗ്രഹം

മലയാളത്തിലെ ഉത്തരാധുനിക കവികളില്‍ പ്രമുഖനാണ് സെബാസ്റ്റ്യന്‍. ഇന്നലെകളിലെ സ്വത്വബോധമുള്ള ചെറുതുകളെ ഇന്നിന്‍റെ ഒറ്റക്കുടക്കീഴില്‍ കൊണ്ടുവരാനുള്ള വ്യഗ്രതയാണ് ആധുനികതക്ക് ശേഷമുള്ള കാലം നമുക്ക് സമ്മാനിച്ചത്. ഉത്തരാധുനികതയുടെ പൊതുസ്വഭാവവും ഇതായിരുന്നു. പുതിയ ലോകസന്ദര്‍ഭത്തോടുള്ള പ്രതികരണം എന്ന നിലക്കാണ് ഈ പ്രവണത മലയാളസാഹിത്യത്തില്‍ കടന്നുവന്നത്. സമകാലിക ജീവിതാവസ്ഥകളോടുള്ള പ്രതിഷേധമായി അത് രൂപപ്പെടുകയായിരുന്നു.


കവിതയെ ഗൗരവമായി സമീപിക്കുകയും സാമൂഹ്യാവബോധത്തിന്‍റെ സൂക്ഷ്മതലങ്ങള്‍ ഇഴചേര്‍ത്ത് കാവ്യരചന നിര്‍വ്വഹിക്കുകയും ചെയ്ത കവിയാണ് സെബാസ്റ്റ്യന്‍. കാവ്യപ്രയോഗങ്ങളോ ആലങ്കാരികഭാഷയോ തീരെയില്ലാതെ ശക്തമായ ബിംബങ്ങളിലൂടെ ഗൗരവമേറിയ ഭാഷ സൃഷ്ടിച്ചാണ് ഈ കവി കാവ്യരചന നിര്‍വ്വഹിച്ചത്. സമകാലിക ജീവിതാവസ്ഥകളുടെ നേര്‍ക്ക് പിന്‍തിരിഞ്ഞുനില്‍ക്കുന്ന കവിയായിരുന്നില്ല അദ്ദേഹം. ഈ കവിതകള്‍ എങ്ങനെ സമൂഹത്തെയും കാലത്തേയും അടയാളപ്പെടുത്തുന്നു എന്നു കണ്ടെത്തുകയാണ് പ്രസ്തുത പ്രബന്ധം.


താക്കോല്‍ വാക്കുകള്‍


ഫ്യൂഡലിസം - മുതലാളിത്തം- ആഗോളീകരണം- സ്വത്വബോധം - ഉത്തരാധുനികത -

ശിഥില ബിംബങ്ങള്‍ -സാംസ്കാരികാധിനിവേശം - വിപണിവല്‍ക്കരണം -

അരക്ഷിത മൂല്യബോധം- ബന്ധശൈഥില്യം- അന്യവല്‍ക്കരണം



കേരളീയസമൂഹത്തില്‍ ഫ്യൂഡലിസത്തില്‍നിന്നും മുതലാളിത്തത്തിലേക്കും അവിടെനിന്ന് ആഗോളീകരണത്തിലേക്കുമുള്ള ഗതിവേഗം വളരെ കൂടുതലായിരുന്നു. ആഗോളീകരണത്തിന്‍റെ സ്വാധീനഫലമായി തദ്ദേശസംസ്കാരങ്ങൾക്കുപകരം ലോകസംസ്കാരം രൂപംകൊണ്ടു. ഇത് ഒരു വാണിജ്യസംസ്കാരമാണ്. ഇതോടെ വ്യക്തിയുടെ കര്‍തൃത്വം സാമൂഹ്യനിഷ്ഠമായി സ്നേഹം, കരുണ, സഹകരണം തുടങ്ങിയ മൂല്യങ്ങളേക്കാള്‍, മത്സരം ലാഭം എന്നിവക്ക് പ്രാധാന്യമേറി. ഭാഷ, വിദ്യാഭ്യാസം, ഭക്ഷണരീതികള്‍, ഭരണരീതികള്‍, വേഷവിധാനം, കലാസ്വാദനം തുടങ്ങിയ മേഖലകളില്‍ ഈ മാറ്റം പ്രകടമാണ്. ഇന്നലെകളിലെ സ്വത്വബോധമുള്ള ചെറുതുകളെ ഇന്നിന്‍റെ ഒറ്റക്കുടക്കീഴില്‍ കൊണ്ടുവരാനുള്ള വ്യഗ്രതയാണ് ഇക്കാലം നമുക്കു സമ്മാനിച്ചത്. ഉത്തരാധുനികതയുടെ പൊതുസ്വഭാവവും ഇതായിരുന്നു. ഈ സവിശേഷത വളരെ വേഗംതന്നെ മലയാളസാഹിത്യത്തില്‍ കടന്നുവന്നത് പുതിയ ലോകസന്ദര്‍ഭത്തോടുള്ള പ്രതികരണം എന്ന രീതിയിലാണ്. സമകാലികജീവിതാവസ്ഥകളോടുള്ള ശക്തമായ പ്രതിഷേധം പ്രകടിപ്പിക്കാന്‍ ഇക്കാലത്തെ ഉത്തരാധുനിക കവികള്‍ തയ്യാറായി. അതുകൊണ്ടുതന്നെ ഇവ സാധാരണക്കാരനുമായി അടുത്തിടപഴകുന്നു.

'അവനവനിലും ഭാഷയിലും മാത്രം അനുരാഗബദ്ധമായ കാവ്യശീലങ്ങളില്‍നിന്ന് ചമയങ്ങളില്ലാത്ത സമകാലികജീവിതപരിസരത്തിലേക്കും ഭാഷയുടെ സൂക്ഷ്മഭാവങ്ങളിലേക്കും ചരിത്രത്തിലേക്കും ഉറ്റുനോക്കുന്ന കവിതയുടെ സജീവമായ യുവത്വം ഈ രചനകളെ ഉത്തരാധുനിക കാവ്യസംസ്കാരത്തിന്‍റെ തുടക്കമായി അടയാളപ്പെടുത്തുന്നു.' എന്ന് 'മഴക്കാല'ത്തിന്‍റെ അവതാരികയില്‍ പി.കെ.രാജശേഖരന്‍ രേഖപ്പെടുത്തുന്നു (രാജശേഖരന്‍.പി.കെ, മഴക്കാലം അവതാരിക (അന്‍വര്‍അലി), 1999). മനുഷ്യജീവിതത്തിന്‍റെ ശിഥിലമായ അവസ്ഥയിലേക്ക് വായനക്കാരനെ ആനയിക്കുവാന്‍ ഇക്കവികള്‍ തെരഞ്ഞെടുത്തത് ശിഥിലബിംബങ്ങളായിരുന്നു. കവിയുടേയും കവി ജീവിക്കുന്ന കാലത്തേയും അന്നത്തെ മൂല്യവിചാരത്തേയും സൂക്ഷ്മമായി പരിശോധിക്കുമ്പോള്‍ ലഭിക്കുന്ന തിരിച്ചറിവാണ് പുതുകവിതയുടെ ജീവന്‍. ആഗോളീകരണത്തിന്‍റെ ഭാഗമായി രൂപപ്പെട്ട വിപണിവല്‍ക്കരണത്തിന്‍റെ കെടുതികളെയും അതിനെത്തുടര്‍ന്നുണ്ടായ സാംസ്കാരികാധിനിവേശമനോഭാവത്തേയും ചൂണ്ടിക്കാട്ടുകയും പ്രതിരോധിക്കുകയും ചെയ്യാന്‍ ഈ കവിതകള്‍ക്ക് കഴിഞ്ഞു. മനുഷ്യാവകാശപ്രശ്നങ്ങള്‍, ദളിത്പ്രശ്നങ്ങള്‍, പരിസ്ഥിതിപ്രശ്നങ്ങള്‍, സ്ത്രീപ്രശ്നങ്ങള്‍, കച്ചവടമനോഭാവം എന്നിവയോടുള്ള ശക്തമായ പ്രതികരണമായിരുന്നു അവ.

കവിതയെ ഗൗരവമായി സമീപിച്ച് സാമൂഹ്യാവബോധത്തിന്‍റെ സൂക്ഷ്മാംശങ്ങള്‍ ഇഴചേര്‍ത്ത് വളരെ ലാഘവത്തോടുകൂടി കാവ്യരചന നിര്‍വ്വഹിക്കുന്ന കവിയാണ് സെബാസ്റ്റ്യന്‍. ആലങ്കാരികതയുടെ തടസ്സമില്ലാതെ കാര്യങ്ങള്‍ നേരിട്ട് പറയുന്ന ഒരു രീതിയാണ് അദ്ദേഹത്തിന്‍റെ കവിതകളില്‍ കാണുന്നത്. നമുക്കുചുറ്റും കാണുന്ന അരക്ഷിതമൂല്യബോധത്തിന്‍റേയും ബന്ധശൈഥില്യത്തിന്‍റേയും പ്രതിഫലനങ്ങള്‍ സാധാരണക്കാരന്‍റെ ജീവിതത്തെ പ്രതികൂലമായി ബാധിക്കുമ്പോള്‍ അവ കാണാതിരിക്കാന്‍ കവിയ്ക്കാവുന്നില്ല. നാഗരികത തച്ചുടക്കുന്ന ലോകത്തെക്കുറിച്ചോര്‍ത്ത് സെബാസ്റ്റ്യന്‍ വ്യാകുലപ്പെടുന്നു. ഈ പുതിയ ലോകം നമുക്ക് സമ്മാനിച്ചത് അന്യവല്‍ക്കരണത്തിന്‍റേയും, നിരാശാബോധത്തിന്‍റേയും, വര്‍ഗ്ഗവിഭജനത്തിന്‍റേയും, കച്ചവടസംസ്കാരത്തിന്‍റേയും, പ്രകൃതിനാശത്തിന്‍റേയും, അന്യംനിന്ന പ്രണയത്തിന്‍റേയും നാളുകളാണ്. സാമൂഹ്യജീവിതത്തിന്‍റെ പൊരുത്തക്കേട് മനസ്സിലാക്കിയ കവിക്ക് പ്രതികരിക്കേണ്ടിവരുന്നു. ഈ പ്രതികരണമാണ് സെബാസ്റ്റ്യന്‍റെ കവിത. ഈ പ്രതികരണം കവിതകളുടെ സൂക്ഷ്മവായനയില്‍ വ്യക്തമായി കണ്ടെത്താനാവും.

ആഗോളീകരണത്തോടെ ഗ്രാമീണത നാഗരികതക്ക് വഴിമാറുന്നു; എല്ലാ ബന്ധങ്ങളും വിപണി ഏറ്റെടുക്കുന്നു. അതിലൂടെയുണ്ടാകുന്ന നിരര്‍ത്ഥകമായ ബന്ധങ്ങളുടെ ഭീകരത സെബാസ്റ്റ്യന്‍ 'കാത്തുസൂക്ഷിക്കുന്നത്' എന്ന കവിതയില്‍ ഇങ്ങനെ വരച്ചുകാട്ടുന്നു.

'ഉയര്‍ന്നുവരുമ്പോള്‍

അന്തസ്സിനൊപ്പം

സ്നേഹവും ഉയരുമോ

പക

വെറുപ്പ്

എല്ലാം?

അതോ വീണടയുമോ?

പക്ഷേ, ചോദിക്കരുത്

നമ്മിള്‍ തമ്മില്‍

എന്തു ബന്ധമെന്ന്

കാത്തുസൂക്ഷിക്കുന്ന

അന്തസ്സ്

എന്തെന്ന്' -


സുദൃഢമായ ബന്ധങ്ങള്‍ എന്നവകാശപ്പെടുമ്പോഴും അഭിനയിക്കുമ്പോഴും വ്യക്തിബന്ധങ്ങള്‍ യഥാര്‍ത്ഥത്തില്‍ ഇന്ന് എത്രത്തോളം ഗഹനമായ താണെന്ന് കവി സംശയിക്കുന്നു. സ്വത്വാവിഷ്കരണതലത്തിലേക്ക് കവിതയെ ആനയിക്കുകയാണിവിടെതാനാരെന്ന് എത്ര അന്വേഷിച്ചിട്ടും പിടികിട്ടാതെ അലയുന്ന ആധുനിക മനുഷ്യന്‍ ഏകാന്തതയുടേയും നിരാശയുടേയും തീ തിന്നുകൊണ്ടേയിരിക്കും. കളഞ്ഞുപോയ താക്കോല്‍ തേടി മൂന്ന്ലോകവും അലഞ്ഞിട്ടൊടുവില്‍ തന്നിലേക്കുതന്നെ മടങ്ങുന്ന മനുഷ്യനെ 'താക്കോല്‍' എന്ന കവിതയിലൂടെ കവി അവതരിപ്പിക്കുന്നു.

സെബാസ്റ്റ്യന്‍റെ കവിതകളില്‍ തെളിഞ്ഞുകാണുന്ന ബാഹ്യലോകം ശത്രുതയുടേതും ക്രൂരതയുടേതുമാണ്. അതിനിടയില്‍ ഞെങ്ങിഞെരുങ്ങുന്ന മനുഷ്യന്‍ തികച്ചും ഏകാകിയാണ്. എന്നാല്‍ അതിനോട് കവി നേരിട്ട് പ്രതികരിക്കുകയല്ല; ആ കാഴ്ചയില്‍നിന്ന് സാവധാനം ഉള്‍വലിയുകയാണ്. 'എളുപ്പം' എന്ന കവിതയില്‍ ക്രൂരമായ ലോകത്തുനിന്നും ഒളിച്ചോടാന്‍ വെമ്പുന്ന മനസ്സാണ് പ്രതിഫലിക്കുന്നത്.

റെയില്‍വേഗേറ്റില്‍ ബ്ലോക്കില്‍പെട്ട ബസ്സില്‍കുടുങ്ങിയ കവി വേഗം വീട്ടിലെത്താന്‍ ആഗ്രഹിക്കുന്നു. എന്നാല്‍ ബസ്സില്‍നിന്നും മോചനമില്ലാതെ അതിനൊപ്പംതന്നെ സഞ്ചരിക്കേണ്ടിവരുന്നു.

'അതുകൊണ്ട് എളുപ്പമായ്

സ്റ്റോപ്പിലെത്തുമ്പോള്‍

ചക്രംവിട്ട്

ഒരു ചാട്ടംചാടി ഇറങ്ങാം'

എന്ന പ്രതീക്ഷമാത്രം ബാക്കി. മുതിര്‍ന്ന മനുഷ്യന്‍റെ ഹൃദയശൂന്യത നിഷ്കളങ്കരെന്ന് നാം കരുതുന്ന കുട്ടികള്‍ക്കുകൂടി ബാധകമാണെന്ന് 'നര' എന്ന കവിത സൂചിപ്പിക്കുന്നു. അവര്‍ മുതിര്‍ന്നവരോടൊപ്പം അക്രമോത്സുകരാകുന്ന ചിത്രം വായനക്കാരനെ തെല്ലൊന്ന് ചിന്തിപ്പിക്കുകതന്നെ ചെയ്യും.

നിരാശാജനകമായ ഈ ലോകത്ത് പ്രതീക്ഷയുടെ പുതുനാമ്പുകള്‍ വിരിയുന്നത് പലപ്പോഴും പ്രണയത്തിലൂടെയാണ്. അതുകൊണ്ടാണ് പണ്ടുകാലംതൊട്ടേ കവികള്‍ പ്രണയത്തെ പ്രകീര്‍ത്തിച്ചുവന്നത്. എന്നാല്‍ സെബാസ്റ്റ്യന്‍റെ കവിതകളിലെ പ്രണയം കാല്‍പനികമായ അനുഭൂതിയോ സ്വപ്നങ്ങളില്‍നിന്നും സ്വപ്നങ്ങളിലേക്കുള്ള യാത്രയോ അല്ല. പ്രണയിനിയുടെ കൊതിപ്പിക്കുന്ന ശരീരമോ, കാമുകന്‍റെ പ്രണയാതുരമായ ഹൃദയമോ ഒന്നും ഇവിടെ കാവ്യവിഷയമാവുന്നില്ല. പ്രണയത്തിന്‍റെ സൗന്ദര്യം സംരക്ഷിക്കാന്‍ ഒന്നായിത്തീരലിന്‍റെ നിര്‍വൃതിയിലേക്ക് കവി ആസ്വാദകരെ ആനയിക്കുന്നുമില്ല. മറിച്ച് ഒന്നുചേരാനുള്ള ആഗ്രഹമുണ്ടെങ്കിലും അതൊരിക്കലും സാധിക്കാത്ത സ്വപ്നംമാത്രമാണെന്ന തിരിച്ചറിവ് കവിയെ അലട്ടുന്നുണ്ട്.

'എത്ര ഇഷ്ടപ്പെടാം

ഒരാള്‍ക്ക് ഒരാളെ

ഉള്ളിന്‍റെ അറയില്‍

മറ്റെയാളെ

മുഴുവനോടെ അടച്ച്

താക്കോല്‍ മറ്റേതോ

ഭൂമിയിലേക്ക് കളഞ്ഞ്...'



എന്ന് 'ഉള്ളടക്കം 'എന്ന കവിതയില്‍ സൂചിപ്പിക്കുമ്പോള്‍ പ്രണയത്തിന്‍റെ സ്വാര്‍ത്ഥത അതിന്‍റെ പൂര്‍ണമായ അര്‍ത്ഥത്തില്‍ ഇവിടെ അനാവൃതമാവുന്നതുകാണാം. പ്രണയം അനശ്വരമാകണമെങ്കില്‍ പ്രേമഭാജനത്തെ മനസ്സിന്‍റെ ഉള്ളിലാക്കി ബന്ധിച്ച് ഒരിക്കലും മോചിപ്പിക്കാനാവാതെ, താക്കോല്‍ ഒരിക്കലും കിട്ടാത്തിടത്തേക്ക് വലിച്ചെറിയണമെന്നാണ് കവി പറയുന്നത്. വെറും പ്രഹസനം മാത്രമാവുന്ന പ്രണയത്തിന്‍റെ ജീര്‍ണിച്ച ചില ഏടുകള്‍ ഇവിടെ വായിച്ചെടുക്കാവുന്നതാണ്. പ്രണയത്തിന്‍റെ വഞ്ചനാത്മകമായ മുഖമാണ് 'അതിനെ' എന്ന കവിതയില്‍ തെളിയുന്നത്.

'പെട്ടെന്ന്

അത് തരളിതയായി

എന്നെ ആശ്ലേഷിച്ചുതുടങ്ങി

ഒടിഞ്ഞ കമ്പ്

നെഞ്ചില്‍ കുത്തിയിറക്കി

ആദ്യം

എന്‍റെ ഹൃദയത്തെ...'


കേരളത്തിന്‍റെ പച്ചപ്പും ജലസ്രോതസ്സുകളും ഗ്രാമത്തിന്‍റെ മറ്റെല്ലാ വശ്യതകളും നഷ്ടപ്പെടുന്നതില്‍ മലയാളമണ്ണിനെ സ്നേഹിക്കുന്ന ഒരു കവി ദുഃഖിക്കുന്നത് സ്വാഭാവികമാണ്. അത് സെബാസ്റ്റ്യനില്‍ കാല്‍പനികമായ ഒരനുഭൂതിയായല്ല; ഗൃഹാ തുരത്വമായല്ല ഉള്ളിന്‍റെയുള്ളില്‍നിന്നും പുറത്തേക്കുവരുന്ന രോഷമായി മാറുന്നു. ഭൂമിക്ക് അതിന്‍റെ എല്ലാ സൗഭാഗ്യങ്ങളും നഷ്ടമാകുന്നു. ചിരിയും, കരച്ചിലും, കാത്തിരിപ്പും, പ്രണയവും, പൂക്കാലവും, പുതുമഴയുമെല്ലാം. മൂര്‍ഖന്‍ കൊത്തിയ ചുണ്ടുകളും, ചിതലരിച്ച പ്രതീക്ഷകളും മാത്രമേ ഭാവിയിലുള്ളൂ. ഇങ്ങനെ പ്രണയശൂന്യമായ ലോകത്തെ കവി 'പ്രണയനിശ്ശൂന്യമായ മനസ്സിന്‍റെ ഓര്‍മ്മയ്ക്ക്' എന്ന കവിതയില്‍ അവതരിപ്പിക്കുന്നുണ്ട്. പ്രകൃതിയിലെ സ്വാഭാവിക സൗന്ദര്യത്തിന് പകരം വെക്കാന്‍ മറ്റൊന്നുമില്ല എന്ന തിരിച്ചറിവാണ് 'ഉമ്മറം' എന്ന കവിത

'ഉമ്മറത്ത്

ആരുമില്ല

പൂമരമില്ല

പൂച്ചെടിയില്ല

.....

ഉമ്മറത്ത്

മേഘപ്പത

പുരട്ടി

വൃത്തിയായി

ക്ഷൗരം ചെയ്ത

ഭൂമി'


ഉണ്ണിറിതു കാണുന്ന ഭൂമി, കിണര്‍, മരുപ്പച്ച, മാന്ദ്യം, എന്നിട്ട്, ഭൂമിയില്‍ ഋതുക്കള്‍ വന്നു, കാലവര്‍ഷം, പഴയ തുടങ്ങിയ കവിതകളിലും പ്രകൃതിയോടുള്ള മനുഷ്യരുടെ ഇടപെടലുകള്‍ കൃത്യമായി വരച്ചിടുന്നുണ്ട്.

അടിച്ചമര്‍ത്തപ്പെട്ടവന്‍റെ അനുഭവവും സംഘര്‍ഷവും കവി ഒരിക്കലും കാണാതിരുന്നിട്ടില്ല. അത് വര്‍ഗ്ഗചൂഷണത്തിന്‍റെ തന്നെ രാഷ്ട്രീയമായി മാറുന്നു. സാംസ്കാരിക അസമത്വത്തെ വളരെ കൃത്യമായി രേഖപ്പെടുത്തുന്ന കവി, സ്വത്വം നഷ്ടപ്പെടുന്ന കച്ചവടക്കാരനേയും അടിച്ചമര്‍ത്തപ്പെട്ടവരോടുള്ള കച്ചവടക്കാരുടെ മനോഭാവത്തേയും 'വില്‍പ്പന' എന്ന കവിതയിലൂടെ ആവിഷ്കരിക്കുന്നു. മറ്റാര്‍ക്കും എന്തും സംഭവിക്കട്ടെ, സ്വന്തം വില്‍പ്പന നടന്നാല്‍ മതി എന്നാണ് അവരുടെ ചിന്ത. 'സമീപദൃശ്യം ' എന്ന കവിതയില്‍ കായലോരത്ത് നിര്‍ത്തിയിട്ട ബോട്ടുകളും അവയ്ക്കിടയില്‍ കെട്ടിക്കിടക്കുന്ന മലിനജലവും ആശ്രയിച്ച് ജീവിക്കുന്ന ഒരുകൂട്ടം ജനങ്ങളെ നമുക്കുകാണിച്ചുതരുന്നു.

'അവക്കിടയില്‍

കെട്ടിക്കിടക്കുന്ന

ഇരുണ്ടവെള്ളം

അതില്‍ കറുത്തമനുഷ്യര്‍

കുളിക്കുന്നു, തുടിക്കുന്നു, വിസര്‍ജ്ജിക്കുന്നു.'

ഈ കാഴ്ച ഉല്ലാസയാത്ര നടത്തുന്നവര്‍ക്ക് കൗതുകകരമായി തോന്നുന്നു. തോറ്റുകൊണ്ടിരിക്കുന്നവന്‍റെ യഥാര്‍ത്ഥചിത്രംതന്നെയാണ് നാം ഇവിടെ കാണുന്നത്. പൊതുസമൂഹത്തിലേക്കുള്ള അവന്‍റെ കാല്‍വെപ്പാണ് നമ്മുടെ ലക്ഷ്യം.

മുഖംമൂടിയണിഞ്ഞ് അവനവനല്ലാതാവാനുള്ള തത്രപ്പാടിലാണ് എല്ലാ മനുഷ്യരും. അതിനായി നിരന്തരം നാം അഭിനയിച്ചുകൊണ്ടേയിരിക്കുന്നു. ഇതിന്‍റെ നേര്‍ചിത്രമാണ് 'പൂജ്യന്‍' എന്ന കവിത.

'റോഡുവക്കിലെ

വീട്ടുമുറ്റത്ത്

അഞ്ചുവയസ്സുകാരന്‍

പൊട്ടിച്ച

തല്ലിപ്പടക്കത്തിന്‍

ശബ്ദം കേള്‍ക്കെ

നുറുങ്ങിവീണു

ഫിറ്റുചെയ്തതെല്ലാം'


അങ്ങനെ ചമയങ്ങളെല്ലാം ചിതറിത്തെറിച്ച് കേവലമനുഷ്യനായിത്തീര്‍ന്ന സാധാരണക്കാരന്‍റെ ജീവിതത്തെ സമര്‍ത്ഥമായിത്തന്നെ ഇവിടെ വരച്ചുകാട്ടുന്നു.

സ്ത്രീപുരുഷബന്ധങ്ങളിലെ വ്യത്യസ്തമാനങ്ങളെ അവതരിപ്പിക്കുന്ന രചനകളാണ്

അ-ദ്ദേഹം, ഒട്ടിച്ച നോട്ട്, സ്കൂട്ടര്‍ എന്നിവ.

'നാനോടെക്നോളജിയുടെ വിരുതുകൊണ്ട് ലോപിച്ച

പൂര്‍വ്വരൂപത്തിലാക്കാനാകാത്ത

ഒരു കൊച്ചുഭൂമിയിലാണ് ഇപ്പോള്‍ നമ്മള്‍'


എന്ന് കരതലാമലകത്തില്‍ കവി പറയുമ്പോള്‍ മനുഷ്യന്‍ മനുഷ്യനല്ലാതാവുന്ന ഭീകരത പ്രകടമാവുന്നു. പരസ്യം നിയന്ത്രിക്കുന്ന സാധാരണജീവിതത്തെ 'ഞാണില്ലാത്ത വില്ല് അമ്പില്ലാതെ പൊഴിയുന്നു' എന്ന കവിതയില്‍ വളരെ റിയലിസ്റ്റിക്കായി അവതരിപ്പിക്കുന്നു.

'ആ വാക്കുകളുടെ

മാസ്മരികതയാല്‍ വശീകരിക്കപ്പെട്ട്

അവളുടെകൂടെ പോസ് ചെയ്തുനില്‍ക്കുമ്പോള്‍

തൊട്ടപ്പുറത്തെ പരസ്യം;

you peep in to my privacy

your privacy being not at all yours

വര്‍ത്തമാനകാലത്തിന്‍റെ ദുരയുടേയും നെറികേടിന്‍റേയും നേര്‍ചിത്രണമാണ് സ്വര്‍ഗ്ഗീയം. ബിസിനസ്സുകാരനായ മകന്‍ ശ്മശാനത്തില്‍ ഫ്ളാറ്റ് പണിതുയര്‍ത്തുന്നു. ശ്മശാനം കുഴിച്ച് മണ്ണ് കോരുമ്പോള്‍ ഒരു കാര്യം ശ്രദ്ധിക്കണമെന്ന് പറയുന്നു.

'തേഞ്ഞ തലയോടും

വളഞ്ഞ മുതുകെല്ലും

കാരിരുമ്പായ കയ്യെല്ലുകളും കിട്ടിയാല്‍

മാറ്റിവെക്കണം.

ചുമടേറ്റി, ഭാരംവലിച്ച്

തെരുവില്‍ക്കിടന്ന് മരിച്ച അപ്പനെ

അവിടെയാണ് അടക്കിയതെന്ന്

പറഞ്ഞുകേള്‍ക്കുന്നു.

ന്യൂ പാരഡൈസ് ഹോംസിന്‍റെ

ഏറ്റവും മുകളിലെ നിലയില്‍

കല്ലറപണിത് അടക്കാനാണ്

ചുമ്മാ കിടക്കട്ടെ.' ഭയാനകമായ ഭാവിയിലേക്ക് വിരല്‍ചൂണ്ടുന്നതാണ് ഈ കവിത.

ഇങ്ങനെ വര്‍ത്തമാനകാലത്തിന്‍റെ ഞെരുക്കങ്ങള്‍ പലപ്പോഴും സെബാസ്റ്റ്യന്‍റെ കവിതക്ക് വിഷയമാവുന്നു. ആഗോളീകരണത്തെത്തുടര്‍ന്നുണ്ടായ സാംസ്കാരികമാറ്റം സമൂഹത്തെ തകിടംമറിച്ചു. ഈ ദുരവസ്ഥയോര്‍ത്ത് കവി സങ്കടപ്പെടുന്നുണ്ട്. യഥാര്‍ത്ഥജീവിതത്തിന്‍റെ നേര്‍ചിത്രണവും പ്രതിരോധവുമാണ് കവിയുടെ കടമയെങ്കില്‍ അതില്‍ സെബാസ്റ്റ്യന്‍ പൂര്‍ണമായും വിജയിച്ചു എന്നുതന്നെ പറയാം.

സഹായകഗ്രന്ഥങ്ങള്‍

1 അന്‍വര്‍ അലി, മഴക്കാലം, 1999, ഡി.സി.ബുക്സ്, കോട്ടയം

2 ദേവേശന്‍ പേരൂര്‍, പുതുകാലം പുതുകവിത, 2010, ഇന്‍സെറ്റ് ബുക്സ്,

കോഴിക്കോട്

3 രാജേഷ്.എം.ആര്‍, വിമര്‍ശനത്തിന്‍റെ വഴികള്‍, 2010, പായല്‍ ബുക്സ്, കണ്ണൂര്‍

4 സുധാകരന്‍.സി.ബി, ഉത്തരാധുനികത, 1999, ഡി.സി.ബുക്സ്, കോട്ടയം

5 സെബാസ്റ്റ്യന്‍, സെബാസ്റ്റ്യന്‍റെ കവിതകള്‍, 2011, ഡി.സി.ബുക്സ്, കോട്ടയം.


 
രമിളാദേവി.പി.ആര്‍

അസിസ്റ്റന്‍റ് പ്രൊഫസര്‍

സാമൂതിരി ഗുരുവായൂരപ്പന്‍ കോളേജ്

കോഴിക്കോട്

ഫോണ്‍ : 9961639365

Comments

Rated 0 out of 5 stars.
No ratings yet

Add a rating
No^v F-Un-äÀ
-tUm. em-ep-. hn-v

Ìm^v FUnäÀ
tUm.KwKmtZhn. Fw

ÌpUâv FUn-äÀ
cXojv Fk


ഇഷ്യു എഡിറ്റർ v
ഡോ. അമ്പിളി ആർ.പി.
FUntäm-dnb t_mÀUv 
AwK§Ä
tUm.kPohv IpamÀ Fkv 
tUm. Zo] _n Fkv 
tUm.tkXpe£van Fw Fkv 
-tUm A-¼n-fn- B-À- ]n-
-
ഡോ. ശ്രീലക്ഷ്മി എസ്.കെ
_nµp. F Fw
Pqen F 
a©p sI BÀ
Publishers Name:          
Dr.Lalu.V,
Head of the Department, Department of Malayalam, Govt College for Women, Thiruvananthapuram pin 695014   
Mob:9446457996         
email:gcwmalayalam2023@gmail.com            laluvatl@gmail.com 

Unssk³ & te Hu«vv
cXojv. Fkv

aebmfhn-`m-Kw
kÀ¡mÀ h\nXmtImtfPv 
Xncph\´]pcw

©GCW VAIKNJAANIKA MALAYALAM ONLINE 2024

bottom of page