ഭാഗം 2
ഡോ.എം.എ.സിദ്ദീഖ്
It would be immoral and impractical to try to stop people who are lower down on the economic ladder for climbing up. We can't expect poor people to stay poor because rich countries emitted too many greenhouse gases, and even if we wanted to, there would be no way to accomplish it. Instead we need to make it possible for low- income people to climb the ladder without making climate change worse.
സമ്പത്തിന്റെ ഗോവണിയിലൂടെ മുകളിലേക്കുള്ള ദരിദ്രരുടെ കയറ്റത്തെ ആദർശവൽക്കരിക്കുന്ന ഈ പ്രസ്താവനകൾ ബിൽഗേറ്റ് എഴുതിയതാണ്.ഇത്തരം വാക്യങ്ങൾ അവയുടെ പ്രയോഗികതകൊണ്ട് ആകർഷകമെന്ന് തോന്നുമെങ്കിലും, അവയിൽ ഒളിപ്പിച്ചുവച്ചിരിക്കുന്ന ‘ദരിദ്രരുടെ നിസ്സഹായതയോടുള്ള പരിഹാസം’ എല്ലാവർക്കും തിരിച്ചറിയാനാവുകയില്ല. സമ്പന്നരാഷ്ട്രങ്ങളുടെ ജീവിതരീതികളല്ല ദരിദ്രരെ വീണ്ടും ദരിദ്രരാക്കുന്നതെന്ന് പറഞ്ഞുവയ്ക്കുന്ന ഈ വാക്കുകൾ സമ്പന്നതയുടെ ഉന്നതിയെക്കുറിച്ചുള്ള പ്രഘോഷണമാണ്.അദ്ദേഹം പറഞ്ഞുവരുന്നത് സമ്പന്ന രാജ്യങ്ങളുടെ കാർബൺ എമിഷന് ,ലോക പരിസ്ഥിതികാവസ്ഥകളുമായി ഒരു ബന്ധവുമില്ലെന്നാണ്.ക്യോട്ടോ ഉടമ്പടിയിൽ നിന്ന് വഴുതിമാറുന്നതിന് ഒന്നാംലോകരാജ്യങ്ങൾ സ്വീകരിച്ച അടവുകളും ഈ വാദത്തിൽനിന്ന് രൂപപ്പെട്ടതായിരുന്നു.മൂന്നാം ലോകരാജ്യങ്ങളിലെയും അവികസിത രാജ്യങ്ങളിലെയും കർഷകർ പിന്തുടരുന്ന കാലഹരണപ്പെട്ട സാങ്കേതികവിദ്യകളാണ് ലോക കാലാവസ്ഥാ വ്യതിയാനങ്ങളുടെ പ്രധാനകാരണമെന്നൊക്കെ പറയാതെ പറയാൻ ശ്രമിക്കുന്ന ഇത്തരം വാദഗതികളെ അപനിർമ്മിച്ചു കൊണ്ടുമാത്രമേ,കാലാവസ്ഥാ ഭാവുകത്വത്തെ സംബന്ധിച്ച ഒരു സിദ്ധാന്തത്തെ വികസിപ്പിക്കാൻ കഴിയൂ.മൂന്നാം ലോകരാജ്യങ്ങളുടെയും ദരിദ്രരാജ്യങ്ങളുടെയും എമിഷൻ ഒന്നാം ലോകങ്ങളുടെ ഹരിതഗൃഹ വാതകങ്ങളുടെ എമിഷനെക്കാൾ എത്രയോ കുറവാണെന്നതാണ് യാഥാർത്ഥ്യം.
നിത്യജീവിതത്തിന് ആവശ്യമുള്ളതുമാത്രം പ്രകൃതിയിൽ നിന്നെടുക്കുക എന്ന തത്ത്വചിന്തകൂടി ദാരിദ്ര്യത്തിൽ ഉള്ളടങ്ങിയിട്ടുണ്ട്. ദാരിദ്ര്യമാണ്. സുവിശേഷത്തിൻ്റെ ജീവൻ എന്ന്, ഫ്രാൻസിന് പാപ്പ ഒരിക്കൽ പറയുകയായി. സമ്പന്നന്റെ സ്വർഗ്ഗപ്രവേശനത്തെ, സൂചിക്കുഴയിലൂടെയുള്ള ഒട്ടകത്തിൻറെ പ്രവേശനത്തോടുപമിച്ച ബൈബിളിലെ തത്ത്വചിന്ത ഇതാണ്.സമ്പത്തുമാത്രമാണ് പ്രതിസന്ധികളെ അതിജീവിക്കുന്നതിനുള്ള ഒരേയൊരു മാർഗമെന്ന ഗേറ്റ്സിൻ്റെ 'ദാരിദ്ര്യവിചാരണ', സാഹിത്യത്തിലും ആവർത്തിക്കപ്പെടാം. അവ ജീവിതത്തെ ആവിഷ്കരിക്കുന്നത് സാമ്പത്തികഭദ്രതയുടെ കെട്ടിച്ചമച്ച ഭക്തിപരിവേഷത്തിലായിരിക്കും. ഇന്ത്യൻ ടെലിവിഷൻ സീരിയലുകൾ ആവിഷ്‌കരിക്കുന്നത് ഈയൊരു സാമ്പത്തിക ജീവിതത്തെയാണ്.
ഇതിനർത്ഥം കർഷകർ പുതിയ സാങ്കേതിക വിദ്യയെ സ്വീകരിക്കാനേ പാടില്ലെന്നല്ല. അതു സ്വീകരിക്കുന്നത് അവരുടെ നിത്യജീവിതത്തിൻ്റെ പാരിസ്ഥിതികതയെ നിരസിച്ചു കൊണ്ടാവരുതെന്നു മാത്രം. ഇത്, ഹിന്ദ്‌സ്വരാജിലൂടെ ഗാന്ധി വ്യക്തമാ ക്കിയിട്ടുള്ള രാഷ്ട്രീയമാണ്. അതിനൊരു വ്യക്തമായ ഇക്കോസഫി തന്നെയുമാണ്.
സാമ്രാജ്യത്വ ജീവിതരീതി പാരിസ്ഥിതികമല്ല എന്നതുപോലെ പ്രധാനമാണ്, കാലാവസ്ഥാ ദുരന്തങ്ങൾക്കെതിരെയുള്ള മുതലാളിത്ത പരിഹാരമാർഗ്ഗങ്ങളും സ്വീകാര്യമല്ല എന്നത്.
19-ാം നൂറ്റാണ്ടിലും ഇരുപതാം നൂറ്റാണ്ടിന്റെ അവസാനംവരെയും , മുതലാളിത്തം അതിനെതിരെയുള്ള ഏതു വിമർശനത്തെയും കണ്ടിരുന്നത്. അവ പ്രത്യയശാസ്ത്ര പരമായ വായാടിത്തങ്ങളാണ് (ideological jargon) എന്ന നിലയിലായിരുന്നെങ്കിൽ, ആഗോളതാപനകാലത്തെ മുതലാളിത്ത വിമർശനങ്ങളെ അത് അങ്ങനെയല്ല കാണുന്നത്. ഇന്ന്, അത്തരം വിമർശന ങ്ങൾക്ക് ആഗോളസ്വീകാര്യത ഏറിയിരിക്കുന്നു. പാരിസ്ഥിതികദുർബ്ബല രാജ്യങ്ങളുടെയും കാലാവസ്ഥാദുരന്തങ്ങളുടെയും യഥാർത്ഥമായ ചിത്രങ്ങളാണ് ഇന്ന് അത്തരം വിമർശനങ്ങളെ നയിക്കുന്നത്.ഇതിനകം തന്നെ ലോകസാമൂഹികബോധത്തിൽ (ആഗോളമനശ്ശാസ്ത്രത്തിൽ) വളർന്നുകഴിഞ്ഞ ഈ വിമർശനധാര ഏകശിലാമയമായ ഒന്നല്ല. ആഗോളതാപനത്തിന്റെ ദുരിതങ്ങൾ ഭൂമിയിലെല്ലായിടത്തും തുല്യനിലയിലല്ല സംഭവിക്കുന്നത് എന്നതുകൊണ്ടാണങ്ങനെ. അതുകൊണ്ടാണ് അന്തർദ്ദേശീയകാലാവസ്ഥാ നിയമത്തിൽ, ഈ പ്രതിസന്ധികളെയും അവയുടെ പരിഹാരമാർഗ്ഗങ്ങളെയും common but differentiated responsibilities, എന്നു വിളിച്ചിരിക്കുന്നത്.
ന്യൂഡെയ്‌ജിയുടെ കാലാവസ്ഥാഭാവന
ഗഗഡ്‌ജു ഭാഷ അറിയുന്ന ഏറ്റവും അവസാനത്തെ മനുഷ്യനായിരുന്നു ന്യൂഡെയ്‌ജി(Big Bill Neidjie). 2002-ൽ അദ്ദേഹം അന്തരിച്ചു. ഭാഷ നഷ്‌ടപ്പെടുന്നതിൻ്റെ ഒരു പാരിസ്ഥിതികസ്മാരകം മാത്രമല്ല അദ്ദേഹം; കാവ്യഭാവനയുള്ള ഒരു ചെടി കൂടിയായിരുന്നു. ‘ഗഗഡ്‌ജു മനുഷ്യൻ’ എന്ന അദ്ദേഹത്തിന്റെ കവിത ഇങ്ങനെയാണ്. 'A warning from the Golden Toad’ൽ ടിം ഫ്ലാനെറി ഈ കവിത ഉദ്ധരിക്കുന്നുണ്ട്.
ഞങ്ങൾ ഭൂമിയിലൂടെ നടക്കുന്നു
മുകളിലിരുന്ന് മഴവില്ല് കാക്കും പോലെ
ഞങ്ങൾ പരിപാലിക്കുന്നു
പക്ഷേ, താഴെയെന്തോ ഉണ്ട്
ഭൂമിയ്ക്കടിയിൽ
ഞങ്ങൾക്കറിയില്ല
നിങ്ങൾക്കും അറിയില്ല
എന്താണു നിങ്ങൾക്കു ചെയ്യേണ്ടത്?
നിങ്ങൾ തൊട്ടാൽ നിങ്ങൾക്കൊരു
ചുഴലിക്കാറ്റു ലഭിച്ചേക്കാം
അല്ലെങ്കിൽ ഒരു കനത്ത മഴ
അതുമല്ലെങ്കിൽ വെള്ളപ്പൊക്കം
ഇവിടെ മാത്രമാവില്ല
നിങ്ങൾ മറ്റൊരിടത്തെ ആരെയെങ്കിലും
എവിടെയെങ്കിലും വച്ച് കൊന്നേക്കാം
മറ്റൊരു രാജ്യത്തുവച്ച് കൊന്നേക്കാം
നിങ്ങൾക്കയാളെ തൊടാനേ കഴിയുന്നില്ല.
ന്യൂഡെയ്‌ജിയുടെ കവിത ഖരാവസ്ഥയിലെ കവിതയല്ല. ഭൂമിയെ കാക്കുന്നവർക്കു മാത്രം ലഭിക്കുന്ന ഒരു വെളിപാടിന്റെ കവിതയാണ്. ടച്ച് സ്ക്രീൻ ജനകീയതയുടെ കാലത്തല്ല ഈ കവിത എഴുതപ്പെട്ടത്. അതിനൊക്കെ മുൻപാണ്. 2001 ലാണ്.ഈ കവിതയുടെ ഉള്ളിൽ,അബോധമായി വായിച്ചെടുക്കാവുന്ന വിധം കാലാവസ്ഥാരാഷ്ട്രീയത്തിന്റെ ഒരു ഭാവനയുണ്ട്.
ഈ ഭാവന തികഞ്ഞ പരിസ്ഥിതികാവബോധത്തോടെ ഭൂതലത്തെ സ്‌പർശിക്കുമ്പോൾ ലഭിക്കുന്ന ദുരന്തജ്ഞാനമാണ്. വെള്ളപ്പൊക്കവും ചുഴലിക്കാറ്റും കനത്തമഴയുമൊക്കെ അടങ്ങുന്ന പാരിസ്ഥിതികദുരന്തത്തിന്റെ കദനമാണത്. ഒരു വ്യക്തിയുടെ ക്രിയകൾ, മറ്റൊരു വ്യക്തിയുടെ നാശത്തിനു കാരണമാവുന്ന പാരിസ്ഥിതികതയാണത്.ഒരു രാഷ്ട്രത്തിന്റെ ജീവിതം മറ്റൊരു രാഷ്ട്രത്തെ ബാധിക്കുന്നതാണിത്.
കാലാവസ്ഥാവ്യതിയാനത്തിന്റെ ആഘാതങ്ങൾ ഈ കവിതയിലേതുപോലെയാണ് ദുരന്തങ്ങൾ നിർമ്മിച്ചുകൊ ണ്ടിരിക്കുന്നത്. ആഗോളദക്ഷിണ രാജ്യങ്ങളിൽപ്പെടുന്ന മാലിദ്വീപിന്റെയും എത്യോപ്യയുടെയും അവസ്ഥകൾ അതാണു പറയുന്നത്. സമുദ്രനിരപ്പുയരുന്നതു കാരണം മാലിദ്വീപിലെ ഗ്രാമങ്ങൾ പലതും മുങ്ങൽ ഭീഷണിയിലാണ്. പരമ്പരാഗത ജീവിത മാർഗങ്ങൾ പലതും അപകടാവസ്ഥയിലുമായിക്കഴിഞ്ഞു. എട്ടുലക്ഷം മനുഷ്യരെയാണ് എത്യോപ്യയിലെ വരൾച്ച ഗുരുതരമായി ബാധിച്ചത്. എത്യോപ്യയുടെ പ്രതിശീർഷ കാർബൺ വിസർജ്ജനം വെറും 0.06 ടൺ ആണെന്നോർക്കുക. അമേരിക്കയുടേതാകട്ടെ 20 ടണ്ണും. പ്രകൃതിയെ കുറച്ചു പരിക്കേ ൽപ്പിക്കുന്നവർ അനുഭവിക്കുന്ന കൂടിയ ഈ ആഘാതത്തിന്റെ ആഗോളീയത (globality) യാണ് നൂഡെയ്‌ജിയുടെ കവിതയിലെ 'നിങ്ങൾ മറ്റൊരിടത്തെ ആരെയെങ്കിലും എവിടെയെ ങ്കിലും വച്ച് കൊന്നേക്കാം' എന്ന വരികൾ അബോധമായി ആവിഷ്കരിക്കുന്നത്. അതിന്റെ സെൻസിബിലിറ്റി ഖരാവസ്ഥയിലുള്ളതോ ദ്രാവകാവസ്ഥയിലുള്ളതോ അല്ല; വാതകാവസ്ഥയിലുള്ളതാണ്. അതാണ് പുതിയ കാലത്തിന്റെ സാഹിത്യഭാവുകത്വം.
'സർവ്വംസഹയായ ഭൂമി'
ആഗോളതാപത്തെയും അതുണ്ടാക്കുന്ന അനന്തമായപ്രശ്നങ്ങളെയും അനുഭവിച്ചുകൊണ്ടിരിക്കുന്ന ഭൂമിയെ നമ്മുടെ പാരിസ്ഥിതികഭാവുകത്വം ആദ്യകാലത്തൊക്കെ വിളിച്ചിരുന്നത് 'സർവ്വംസഹയായ ഭൂമി' എന്നായിരുന്നു.ഈ വിളി ചരിത്രനിഷേധവും, മനുഷ്യനാണ് ഭൂമിയുടെ അധിപതി എന്ന വിചാരത്തിൽ നിന്ന് രൂപം കൊള്ളുന്നതുമാണ്. മനുഷ്യൻ ഭൂമിക്കുമേൽ ആധിപത്യം സ്ഥാപിച്ച ആന്ത്രാപ്പൊസീൻയുഗത്തിന്റെ യുക്തി തന്നെയാണ് ആ വിളിയിൽ നിറഞ്ഞിരിക്കുന്നതും.ഇന്നും, പരിസ്ഥിതി ബോധമെന്നാൽ സർവ്വംസഹയായ ഭൂമിയുടെ വേദനയാണ് എന്നൊക്കെ ഉരുവിടുന്ന പഴഞ്ചൻ പ്രമാണക്കാരെ എവിടെയും കാണാം.അവർ പാരിസ്ഥിതിക ഭാവുകത്വം സഞ്ചരിച്ചെത്തിയ വാതക സെൻസിബിലിറ്റിയെ മനസ്സിലാക്കിയവരല്ല.
ഇന്ന് ഈ ദുരന്തങ്ങൾ നേരിടുന്ന ഭൂമിയും ചരിത്രപരമായ ഭൂമിയാണ്.അതിൻ്റെ ഏതൊരു വിലാപവും ,ഏതൊരു പ്രതികരണവും ആ നിലയിൽ ചരിത്രപരമാണ്.ഇതിനെ റൊമെയ്ൻ ഫെല്ലി വിശദീകരിക്കുന്നത് ഇങ്ങനെയാണ്.”കഴിഞ്ഞ കുറെക്കാലങ്ങളിലെ മനുഷ്യരുടെ നിത്യജീവി തത്തിന്റെ കൂട്ടുകൾ (fabrics) ഘനീഭവിച്ചുണ്ടായതാണ് ഇന്നത്തെ ചരിത്രപരമായ പ്രകൃതി. ഏറെക്കാലം നീണ്ടുനിന്നതും ആഗോളസ്വഭാവമുള്ളതുമായ ഒരു ചരിത്രത്തിൻ്റെ ഫലമാണത്. അതിൽ അധികാരബന്ധങ്ങൾ, വസ്‌തുക്കൾ, ഊർജ്ജം, ജീവിവർഗ്ഗങ്ങൾ മുതലായവയുടെ കൈമാറ്റമുണ്ട്. ചൂഷണത്തിന്റെയും അടിമത്തത്തിൻ്റെയും സംസ്‌കാരങ്ങളുടെയും സാമ്പത്തിക ശേഖരണങ്ങളുടെയും ചരിത്രമുണ്ട്. ഇതൊന്നും അവിചാരിതമായി സംഭവിച്ചതല്ല.”
സർവ്വംസഹയായ ഭൂമി വാദക്കാർ പറയുന്ന ഗൃഹാതുരഭൂമിയെക്കുറിച്ചല്ല ഫെല്ലി എഴുതുന്നതെന്നു വ്യക്തമാണ്. നിത്യജീവിതത്തിൻ്റെ കൂട്ട് (fabric of the daily life) എന്ന് ഫെല്ലി പറയുന്നത് വ്യവസായവൽക്കരണകാലം മുതൽ മനുഷ്യർ എങ്ങനെ പ്രകൃതിയെ കൈകാര്യം ചെയ്യുന്നു എന്നതിന്റെ കൂടി ചരിത്രമാണ്. പ്രകൃതിയെ കടന്നു കയറി ആവോളം ആഹരിക്കാമെന്ന് കരുതിക്കൊണ്ടിരുന്ന കൊളോണിയൽ മനശ്ശാസ്ത്രത്തിന്റെ കാലത്താണ് ബിഭൂതി ഭൂഷൺ ആരണ്യക് എഴുതിയത്. ഒരുവശത്ത് പ്രകൃതിചൂഷണത്തിനുവേണ്ടിയുള്ള മനുഷ്യരുടെ ആർത്തി. മറുവശത്ത് വന്യതയുടെ ശക്തിയും അഗാധമായ സൗന്ദര്യവും. ഈ വൈരുധ്യത്തിനുള്ളിലൂടെ വരച്ചിട്ട വനശക്തിയാണ് ആരണ്യകിന്റെ ബലം.
അതിൽ ഒരിടത്ത്, മോഹൻപുര റിസർവ്വ് ഫോറസ്സിന്റെ തെക്കുവശത്തെ വനഭൂമി ലേലം വിളിക്കാൻ ചെന്ന സത്യചരൺ അവിടത്തെ വനരാജാവായ ദോബരു പന്ന വീരവർദിയെ കണ്ടുമുട്ടുന്നുണ്ട്. ദീർഘചരിത്രമുള്ള ഒരു വനരാജവംശത്തിലെ അപ്പോഴത്തെ രാജാവാണത്. സാന്താൾ കലാപകാലത്തെ നേതാവായിരുന്ന ദോബരു പന്ന കമ്പനിയോടും (ബ്രിട്ടീഷുകാരോടും) യുദ്ധം ചെയ്തിട്ടുണ്ട്. രാജവംശത്തിനു വേണ്ടിയല്ല, കാടിനു വേണ്ടിയാണ് അവർ സമരം ചെയ്‌തിട്ടുണ്ടാവുക. വലിയ മലമുകളിലെ പ്രാചീന രാജസ്ഥാനങ്ങളെ കാട്ടാൻ തങ്ങളെ കൊണ്ടുപോയ
ദോബരു രാജാവിനൊപ്പം തിരിയെ മലയിറങ്ങുമ്പോൾ സത്യചരൺ വന മഹിഷങ്ങളുടെ ദേവനായ ടാണ്ഡാബാരോയെയും കാണുന്നു. ടാണ്ഡാബാരോ ഇല്ലായിരുന്നെങ്കിൽ, നാട്ടിലെ നാഗരികർ ഇതിനുമുന്നേ തൊലിക്കും കൊമ്പുകൾക്കും വേണ്ടി കാട്ടിലെ പോത്തുകളെ മുഴുവൻ നശിപ്പിച്ചേനെ എന്ന് അവർ വിശ്വസിക്കുന്നു.
ഈ വിശ്വാസമൊക്കെ കാടറിവുകളിൽ നിന്നു വന്നതാണ്. കാടറിവ് സൂക്ഷ്‌മവും ജാഗ്രത്തുമാണ്. കാടിൻ്റെ ഒറ്റയൊറ്റ ബലങ്ങളെ എടുത്തു കാട്ടുന്ന അനുഭവമാണത്. സത്യചരൺ എന്ന കൊൽക്കത്തക്കാരൻ ബാബു, അനാര്യമായ ഈ കാടറിവ് പഠിച്ചെടുക്കുന്നതിൻ്റെ ആഖ്യാനമാണ് വാസ്തവത്തിൽ ആരണ്യകം. 'സത്യചരൺ' കാടിനെ വിശദീകരിക്കുന്നത് കാടു കണ്ടിട്ടില്ലാത്തവർക്ക് കാടുകാണുന്ന പ്രതിതിയുണ്ടാക്കുന്നു.വെറും പ്രതീതിയല്ല അതിശക്തമായ അനുഭവ പ്രതീതി.
സാഹിത്യ വിജ്ഞാനമനുസരിച്ച് ഇത് സൗന്ദര്യാത്മകാനുഭവം (aesthetic experience) ആണ്. പരിചിതവും അപരിചി തവുമായ കോഡുകൾ ഉപയോഗിച്ച് നേരത്തെയുള്ള അറിവുകളെ വികസിപ്പിക്കുകയോ ഇതേവരെയില്ലാത്ത അറിവുയരത്തിലേക്ക് മനസ്സിനെ നയിക്കുകയോ ആണിത്. കുഞ്ചൻ നമ്പ്യാരുടെ കല്യാണസഗന്ധികത്തിലുമുണ്ട് ഇതുപോലൊരു വനവിവരണം. എന്നാൽ, ആരണ്യകത്തിലേതുപോലെ കാല്‌പനികമല്ല നമ്പ്യാരുടെ വിവരണം. ജീവജാതിപരമായ വിവരണാത്മകതയാണ് നമ്പ്യാരുടേത്. ഭീമസേനന്റെ വനയാത്രയുടെ ഇടയിലെ ഒരു കാഴ്ചയാണത്.
നക്ഷത്രമാർഗ്ഗത്തിലെത്തിക്കിളർന്നോരു
വൃക്ഷങ്ങൾ കണ്ടുടൻ വിസ്‌മയിച്ചീടിനാൻ
ലക്ഷ്യകോട്യർബുദം ധൂളീപരാർദ്ധവും
ലക്ഷീകരിക്കയില്ലെ ണ്ണിത്തുടങ്ങിയാൽ
താലം തമാലവും നക്തമാലങ്ങളും
സാലം രസാലവും ഹിന്താലജാലവും
അർജ്ജുനം കേസരം നീലം പലാശവും
സർജ്ജുകം ഖർജ്ജുരകാരസ്‌കരങ്ങളും
ചൂതം പനസവും ശിംബികാചമ്പകം
മാതുലംഗങ്ങളും മാകന്ദവൃന്ദവും
പുന്നാഗനാഗപ്രിയാളദ്രുമങ്ങളും
ശശ്വത്തണലുള്ള പേരാൽസമൂഹവും
വീട്ടിയും തേക്കും തിലകദ്രുമങ്ങളും
ചോട്ടിൽപ്പതിക്കും ചുഴലിവൃക്ഷങ്ങളും
അത്തിയുമിത്തിയും പിന്നെപ്പരത്തിയും പുത്തലഞ്ഞീകൃതമാലജാലങ്ങളും
മന്ദാരകുന്ദകുരണ്ഡഷണ്ഡങ്ങളും
കന്ദരാളങ്ങളും കാട്ടുപുഷ്‌പങ്ങളും
തിന്ത്രിണീവൃക്ഷങ്ങൾ വംശദ്രുമങ്ങളും
ലന്തവൃക്ഷങ്ങളും ജംബൂകദംബവും
ജംബീരവൃക്ഷവും ശിഗുദുമങ്ങളും
തുംബീലതങ്ങളും താംബുലിക്കൂട്ടവും
ഗുഞ്ജാനികുഞ്ജവും മല്ലികാവല്ലിയും
മുഞ്ഞവല്ലികളും മാലതീജാലവും
ഇപ്രകാരം പുഷ്‌പവല്ലിത്യണങ്ങളാൽ
തൽപ്രദേശം മഹാഘോരം വനാന്തരം
ക്ഷിപ്രം പ്രവേശിച്ചു ഭീമസേനൻമുദാ
തൽപ്രദേശം കണ്ടു സന്തുഷ്‌ടമാനസൻ
ഈ വനവിവരണം, ഇതേ രൂപത്തിൽ വായനക്കാരെ പ്രയാസപ്പെടുത്തിയെന്നുവരാം. പലതരം സസ്യലതാതികളുടെ വിവരണം കൊണ്ട് നമ്പ്യാർ ശ്രമിക്കുന്നത് ഭൗതികമായ ഒരു വനദൃശ്യ നിർമ്മിതിയ്ക്കാണ്. തുള്ളൽ രംഗാവതരണത്തിൽ ഈ വിവരണങ്ങൾക്കകത്തുകൂടിയാണ് ഭീമസേനൻ്റെ വനയാത്ര നടക്കുക.
ഈ വനവിവരണത്തിനു മറ്റൊരു സവിശേഷത കൂടിയുണ്ട്. നമ്പ്യാരുടെ വനവിജ്ഞാനമാണത്. നമ്പ്യാർ കടന്നുപോയ വനങ്ങളുടെ ഒരു മാതൃക ഈ വിവരണത്തിലുണ്ട്.അനുഭവങ്ങളുടെ ഒരു ജ്ഞാ നചിത്രണം.അത്, ആ കാലത്തിൻ്റെ ചിത്രവും ആ കാലത്തിന്റെ സസ്യപ്രകൃതിയുമാണ്.അങ്ങനെയുള്ള സാഹിത്യ വിവരണങ്ങളിൽ നിന്ന് അക്കാലത്തെ പ്രകൃതിയുടെ മാതൃകകളെ നമുക്ക് പുനഃസൃഷ്ടിക്കാൻ കഴിയും.ഇത്തരം സാഹിത്യ മാതൃകകൾ കാലാവസ്ഥാഭാവുകത്വ പഠനത്തിൽ വലിയ സഹായം ചെയ്യുന്നവയാണ്.