top of page

ഗുരുവിന്റെ കാഴ്ചകളും ഗിരിയുടെ കാഴ്ചപ്പാടുകളും

ഡോ. രശ്മി എന്‍.

സാഹിത്യസൃഷ്ടികളില്‍ ചിലത് രസിപ്പിക്കുകയും ചിലത് ചിന്തിപ്പിക്കുകയും ചിലത് മടുപ്പിക്കുകയും ചെയ്യാറുണ്ട്. എഴുത്തുകാരന്‍ സ്വീകരിക്കുന്ന പ്രമേയവും അത് അനുഭവിപ്പിക്കാന്‍ ഉപയോഗിക്കുന്ന ശൈലിയും ഭാഷയും ഇതില്‍ പ്രധാന പങ്കുവഹിക്കുന്നു. ചില സത്യങ്ങള്‍ നേരിട്ടുപറയുമ്പോള്‍ കേള്‍ക്കാന്‍ ഇമ്പമുള്ളതാകണമെന്നില്ല. എന്നാല്‍ കഥയും അതിലൂടെ ഈ സത്യങ്ങളും വളരെ ലളിതമായ ഭാഷയില്‍ കൂട്ടിക്കലര്‍ത്തി പറയുമ്പോള്‍ അത് വായനക്കാരനെ ആകര്‍ഷിക്കുന്നു. അത്തരത്തില്‍ വായിച്ചുതീര്‍ക്കാവുന്ന ഒരു സാഹിത്യസൃഷ്ടിയാണ് പി. പി. പ്രകാശന്റെ ഗിരി എന്ന നോവല്‍.  ദൈവം എന്ന ദുരന്തനായകന്‍ എന്ന നോവലിനുശേഷം പുറത്തിറങ്ങുന്ന സൃഷ്ടിയാണ് ഗിരി. 2022 ഡിസംബറില്‍ ഡി. സി. ബുക്സ് പ്രസിദ്ധീകരിച്ച ഈ കൃതി വളരെ മികച്ച ഒരു വായനാനുഭവമാണ് നല്‍കുന്നത്. ഗിരി എന്ന് കേള്‍ക്കുമ്പോള്‍ മലനിരകളെ ഓര്‍ക്കാത്ത ആളുകള്‍ വിരളമാണ്. പുസ്തകത്തിന്‍റെ കവര്‍പേജും ആ പേരും വായനക്കാരനെ ഉള്‍വനത്തിലേക്ക് കൂട്ടികൊണ്ടുപോകുന്നു.  അവിടെ എന്ത് സംഭവിക്കും ? ആരാണ് ഗിരി ? മലനിരകളെയാണോ എഴുത്തുകാരന്‍ ഉദ്ദേശിച്ചത് ? എന്നിങ്ങനെ ഒരുപാട് ചോദ്യങ്ങള്‍ മനസ്സില്‍ സൂക്ഷിച്ചാണ് വായനയിലേക്ക് കടക്കുന്നത്.

തിരുവനന്തപുരത്തുനിന്ന് തൊടുപുഴയിലേക്ക് യാത്ര ചെയ്യുന്ന വൈശാഖന്‍ എന്ന കഥാപാത്രത്തിന്‍റെ കാഴ്ചകളിലൂടെയാണ് നോവല്‍ സഞ്ചരിക്കുന്നത്. ഇടുക്കി എളമാങ്കുടിയ്ക്കടുത്തുള്ള കുയിലാന്തണ്ണിയിലെ ട്രൈബല്‍ സ്കൂളില്‍ അധ്യാപകനായി ആദ്യനിയമനം ലഭിച്ച സന്തോഷത്തിലും ചെറിയ ദുഃഖത്തിലും ആയിരുന്നു തൊടുപുഴയ്ക്കുള്ള വൈശാഖന്‍റെ യാത്ര. ഭാര്യ വീട്ടില്‍ ഒറ്റയ്ക്കാണെന്നതും കൈയ്യില്‍ പണം വളരെ കുറവാണെന്നതുമാണ് അദ്ദേഹത്തിന്‍റെ മനസ്സിനെ അലട്ടുന്ന വിഷമത്തിന് കാരണങ്ങള്‍. എങ്കിലും കാത്തിരുന്ന് ലഭിച്ച ജോലിയുടെ സന്തോഷവും ജീവിതം ഇനി മെച്ചപ്പെടുമെന്ന പ്രതീക്ഷയും അയാളെ ആഹ്ലാദിപ്പിക്കുന്നുണ്ട്. ‘ഹൈറേഞ്ചിലേക്കുള്ള യാത്ര പകല്‍ മതി’ എന്ന സുഹൃത്തിന്‍റെ ഉപദേശം ബസ്സിലെ ഓരോ യാത്രക്കാരെയും പുറത്തെ ഇരുട്ടിനെയും കാണുമ്പോള്‍ വൈശാഖന്‍ ഇടയ്ക്കിടെ ഓര്‍ക്കുന്നുണ്ട്. അതുകൊണ്ടു വൈശാഖന് ഒരു ചെറിയ ഭയം കലര്‍ന്ന യാത്രയാണിതെന്ന് വയനക്കാരനെ ബോധ്യപ്പെടുത്താന്‍ ആദ്യ അധ്യായത്തില്‍ തന്നെ എഴുത്തുകാരന് സാധിക്കുന്നുണ്ട്.  

 

കുയിലാന്തണ്ണിയിലെ കാഴ്ചയും കൂട്ടവും

നോവലിന്‍റെ കഥാപാത്രസൃഷ്ടി ഏറെ ശ്രദ്ധയാകര്‍ഷിക്കുന്നതാണ്. വൈശാഖന്‍ എന്ന അധ്യാപകന്‍റെ കുയിലാന്തണ്ണിയിലെ വ്യത്യസ്ത കാഴ്ചകളിലൂടെയും ഗിരി എന്ന വിദ്യാര്‍ത്ഥിയുടെ ആകാംക്ഷയോടെയുള്ള ചില ചോദ്യങ്ങളിലൂടെയും തീവണ്ടി കാണാനുള്ള അവന്‍റെ അതിയായ ആഗ്രഹത്തിലൂടെയും കുയിലാന്തണ്ണിക്കാരനായ അധ്യാപകന്‍ പ്രദീപിന്‍റെ കുയിലാന്തണ്ണിയെ മുന്‍നിര്‍ത്തിയുള്ള ഇടുക്കിയുടെ ചരിത്രവര്‍ണ്ണനകളിലൂടെയും നോവല്‍ വായനക്കാരന്‍റെ മനസ്സിലേക്ക് ഇറങ്ങിചെല്ലുന്നു.  സ്കൂള്‍ കേന്ദ്രീകരിച്ച് കഥ വികസിക്കുന്നതിനാല്‍ അധ്യാപകരും വിദ്യാര്‍ത്ഥികളും നാട്ടുകാരും തന്നെയാണ് മുഖ്യകഥാപാത്രങ്ങള്‍. ചെറിയ കഥാപാത്രങ്ങള്‍ക്ക് പോലും എഴുത്തുകാരന്‍ നോവലില്‍ പ്രത്യേക ഇടം നല്‍കിയിട്ടുണ്ട്.

അധ്യാപനം എപ്പോഴും സമൂഹത്തില്‍ മാന്യതയും ബഹുമാനവും ലഭിക്കുന്ന തൊഴില്‍മേഖലയാണ്. പല അധ്യാപകരും ഇത് മനസ്സാലെ ആഗ്രഹിക്കുകയും ആഘോഷിക്കുകയും ചെയ്യുന്നവരാണ്. നോവലിലെ മിക്ക അധ്യാപകരും ഇതിനുദാഹരണമാണ്. എന്നാല്‍ ചില സമയങ്ങളില്‍ വൈശാഖനെപ്പോലുള്ളവര്‍ക്ക് ഈ അമിത ആദരവ് മാനസികപ്രയാസം സൃഷ്ടിക്കുന്നതായി കാണാം. പി. ടി. എ. പ്രസിഡന്‍റ്  രാമകൃഷ്ണന്‍റെ പെരുമാറ്റവും, ഗിരിയുടെ വീട്ടില്‍ പോയപ്പോള്‍ മാതാപിതാക്കള്‍ തന്‍റെ മുന്നില്‍ ഇരിക്കാതെ മാറിനിന്നതുമെല്ലാം വൈശാഖന് ബുദ്ധിമുട്ടുണ്ടാക്കുന്നത് കാണാം. വൈശാഖനെ കൂടാതെ അധ്യാപകരായ പ്രദീപ്, സത്താര്‍, മോഹനകൃഷ്ണന്‍, പത്മകുമാര്‍, ജോണ്‍സണ്‍, രാമചന്ദ്രന്‍ തുടങ്ങിയവരും ഹെഡ്മാസ്റ്റര്‍ മത്തായി സാറും പ്യൂണ്‍ തോമസുമാണ് സ്കൂളിലെ പ്രധാന ജീവനക്കാര്‍. പ്രദീപ് ഒഴികെയുള്ള മറ്റെല്ലാവരും ഇടുക്കി ജില്ലയ്ക്ക് പുറത്ത് നിന്നുള്ളവരാണ്. അതുകൊണ്ടുതന്നെ അവരുടെ പെരുമാറ്റത്തില്‍ അത് പ്രകടമായിരുന്നു. ഇവരെല്ലാം സ്വഭാവത്തില്‍ വ്യത്യസ്തരെങ്കിലും അധ്യാപകരെന്ന നിലയില്‍ കുറേ പൊതുസ്വഭാവം സൂക്ഷിക്കുന്നതായി നോവലിസ്റ്റ് ചൂണ്ടിക്കാട്ടുന്നുണ്ട്. ഉത്തരമില്ലാത്ത ചോദ്യങ്ങള്‍ വിദ്യാര്‍ത്ഥികളുടെ ഭാഗത്ത് നിന്നുവരുമ്പോള്‍ അവരെ ചോദ്യം ചോദിച്ച് മിണ്ടാതിരുത്തുന്നതിലും ചില ചോദ്യങ്ങള്‍ക്ക്/സംശയങ്ങള്‍ക്ക് മറുപടി നല്‍കാതെ പുച്ഛഭാവത്തില്‍ ചിരിക്കുന്നതും അവരോട് ചെറിയ തോതില്‍ ദേഷ്യപ്പെട്ട് സ്വന്തം ജാള്യത മറയ്ക്കുന്നതുമെല്ലാം പല സന്ദര്‍ഭങ്ങളിലായി അധ്യാപകരുടെ സ്വഭാവത്തില്‍ കാണാവുന്നതാണ്. ഗിരിയോടൊപ്പം ശനിയാഴ്ച മീന്‍ പിടിക്കാന്‍ പോകുമ്പോള്‍ അവന്‍റെ നിര്‍ദേശങ്ങളെ അധ്യാപകര്‍ തള്ളിക്കളയുന്നത് ശ്രദ്ധേയമാണ്.

“സാറേ നല്ലോണം നോക്കിക്കോണേ, തൂവല്‍ത്തണ്ട് വെള്ളത്തിലൂടെ മുങ്ങാതെ പോകുവാണേല്‍ മീന്‍ ചൂണ്ടലിന്‍റെ കൊളുത്തില്‍പ്പിടിച്ചിട്ടുണ്ടാകേല. പൊറകില്‍ പിടിച്ച് അങ്ങനെ കളിക്കുവാരിക്കും. അപ്പൊ വലിക്കരുത്.”

ഗിരി മീന്‍ പിടുത്തത്തിന്‍റെ തന്ത്രങ്ങള്‍ അടുത്തുനിന്ന് വിശദീകരിച്ചുകൊണ്ടിരുന്നു.

“തൂവല്‍ത്തണ്ട് വെള്ളത്തിലോട്ട് കുത്തനെ അങ്ങ് താന്ന് പോകുവാണേല്‍ ഒന്നും നോക്കാനില്ല, അങ്ങ് വലിച്ചോ, മീന്‍ ഒറപ്പാ.”

ഗിരി എല്ലാവരോടുമായി പറഞ്ഞു. സത്താറും തോമസും ഞങ്ങളിതൊക്കെ എത്ര കണ്ടതാ എന്ന ഭാവത്തില്‍ വെള്ളത്തിലേക്കുതന്നെ നോക്കി ഏകാഗ്രമായി  ഇരിക്കുകയാണ്. മാത്രവുമല്ല, ഇക്കണോമിക്സില്‍ എം.എ.യും ബി.എഡും കഴിഞ്ഞ തന്നെയാണോ ഇതൊക്കെ പഠിപ്പിക്കുന്നത് എന്നൊരു അധികാരഭാവം സത്താറിന്‍റെ മുഖത്ത് പ്രകടമായിരുന്നു. ഏതാനും നിമിഷങ്ങള്‍ക്കകം തന്‍റെ ചൂണ്ടയില്‍ കൊത്തുന്ന മീനിനെ പിടിച്ച് കരയ്ക്കെത്തിക്കും എന്ന മട്ടിലുള്ള ആ ഇരിപ്പ് കണ്ടപ്പോള്‍ വൈശാഖന് ഉള്ളില്‍ ചിരി വന്നു. ഗിരി ഇങ്ങനെ കൂടെക്കൂടെ ഓരോന്ന് പറയുമ്പോള്‍ വൈശാഖനും ചെറിയ ചില അസ്വസ്ഥതകള്‍ തോന്നാതിരുന്നില്ല. എങ്കിലും ഗിരിയോടുള്ള ഇഷ്ടം കൊണ്ട് ഗിരി പറയുന്നത് അനുസരിക്കുന്നതായി നടിച്ച് ചൂണ്ടയിലേക്ക് തന്നെ ശ്രദ്ധിച്ച് ഇരുന്നു.

“കുട്ടികള് പഠിപ്പിക്കുക അധ്യാപകര്‍ പഠിക്കുക കലികാലം എന്നല്ലാതെ എന്താ പറയാ!”

ചൂണ്ടച്ചരടിലെ തൂവല്‍ത്തണ്ടില്‍ നിന്ന് കണ്ണെടുക്കാതെ തോമസ് ഇങ്ങനെ പറഞ്ഞപ്പോള്‍, സത്താര്‍ തോമസ്സിനെയും ഗിരിയെയും രൂക്ഷമായി ഒന്നുനോക്കി. തോമസ്സ് വൈശാഖനെ ഇടം കണ്ണിട്ട് നോക്കി ചിരിച്ചു. പറയുന്നത് സാറന്മാര്‍ക്ക് ഇഷ്ടമല്ലെന്ന് മനസ്സിലാക്കി ഗിരി കുറേനേരത്തേക്ക് ഒന്നും മിണ്ടാതെ വൈശാഖന്‍റെ സമീപത്തായി ഇരുന്നു1.  വിദ്യാര്‍ത്ഥി അധ്യാപകര്‍ക്ക് നിര്‍ദേശം നല്‍കുന്നത് തങ്ങള്‍ക്ക് നാണക്കേടാണെന്ന് വിശ്വസിക്കുന്ന അധ്യാപകമനോഭാവം ഇവരില്‍ പ്രകടമാകുന്നത് ശ്രദ്ധേയമാണ്.

‘കാട് കേറിപ്പോയ അതേ വേഗത്തില്‍ പുഴയിലേക്കിറങ്ങിപ്പോയ ഗിരി, നിമിഷനേരം കൊണ്ട് കഴുത്തറ്റം വെള്ളമുള്ള പുഴയുടെ ആഴങ്ങളിലേക്കിറങ്ങി. കഴുത്തറ്റം വെള്ളത്തില്‍ നിന്ന് രണ്ടുകൈയ്യും ഉയര്‍ത്തിപ്പിടിച്ച് കൈയിലുള്ള കായ നന്നായി ഞെരടിയെടുത്ത് ഞൊടിയിടയില്‍ വെള്ളത്തില്‍ മുങ്ങി. ഏതാണ്ട് പത്ത് സെക്കന്‍റോളം വെള്ളത്തില്‍ മുങ്ങിയിരുന്ന ഗിരി, കൈയിലുള്ള ഞെരടിയ കായ വെള്ളത്തില്‍ കലര്‍ത്തിയതിനാലാവാം, ഒരുതരം കറുപ്പ് കലര്‍ന്ന പച്ചനിറം ജലോപരിതലത്തില്‍ പരന്നു. മുങ്ങിനിവര്‍ന്ന് വരുമ്പോഴേക്കും ഗിരിക്ക് ചുറ്റും കുറേ മീനുകള്‍ ബോധരഹിതരായി പൊങ്ങിക്കിടക്കുന്നത്  കണ്ട് കരയില്‍ നിന്നും സത്താര്‍ മീന്‍... മീന്‍ എന്ന് ഉറക്കെ വിളിച്ചു പറഞ്ഞു. പൊങ്ങിക്കിടക്കുന്ന മീനിനെ കണ്ട സന്തോഷത്തില്‍ തോമസ്സിന് ശബ്ദം പുറത്തുവന്നില്ല. അതുവരെ ദൂരെ മരം നോക്കിനടന്നിരുന്ന പത്മകുമാര്‍ ആദ്യമായി പുഴക്കരയിലേക്കോടി വന്നു. വൈശാഖന്‍ വിടര്‍ന്ന കണ്ണുകളോടെ ഗിരിയെത്തന്നെ നോക്കിനിന്നു’2.

ആദ്യം ശിഷ്യന്‍റെ ഉപദേശം അരോചകമായി അധ്യാപകര്‍ക്ക് തോന്നിയെങ്കിലും അവന്‍റെ കഴിവില്‍ അവര്‍ അവനെ ആത്മാര്‍ത്ഥമായി അഭിനന്ദിച്ചു. അറിവിന്‍റെ കാര്യത്തില്‍ വലിപ്പചെറുപ്പമില്ലെന്നും അതില്‍ നാണക്കേട് തോന്നേണ്ടകാര്യമില്ലെന്നും ഇതേ അധ്യാപകര്‍ അംഗീകരിക്കുന്നുവെന്ന് നോവലിസ്റ്റ് വായനക്കാരനെ ബോധ്യപ്പെടുത്തുന്നത് ഗിരിയോടുള്ള അവരുടെ ബഹുമാനസൂചകമായ സ്നേഹപ്രകടനത്തിലൂടെയാണ്. ഇങ്ങനെ പല സന്ദര്‍ഭങ്ങളിലും ഗിരിയുടെ പ്രവൃത്തികളെ വൈശാഖനുള്‍പ്പെടുന്ന അധ്യാപകര്‍ ആദ്യം പരിഗണിക്കാതെ നിസ്സാരവല്‍ക്കരിക്കുന്നുവെങ്കിലും അതിന്‍റെ സത്യാവസ്ഥ തിരിച്ചറിയുമ്പോള്‍ അത് അംഗീകരിക്കുന്നതായും തിരുത്തുന്നതായും കാണാം. അതിനുദാഹരമാണ് ഏറുമാടത്തില്‍ ഗിരിയോടൊപ്പം രാത്രി താമസിക്കാനും കാട്ടാനക്കൂട്ടത്തെ കാണാനും പോകുന്ന വൈശാഖന്‍.

‘ഒറ്റക്കുതിപ്പിന് ഏറുമാടത്തിന് മുകളിലെത്തി ഗിരി വൈശാഖനെ വിളിച്ചു. വൈശാഖന്‍ മുകളിലേക്ക് നോക്കി തരിച്ചുനിന്നു. തൂങ്ങിയാടുന്ന ആ ഊഞ്ഞാലേണി അയാളുടെ സകല ആത്മവിശ്വാസവും തകര്‍ത്തു. അയാള്‍ ഏറുമാടത്തിനുമുകളിലേക്കും ഏണിയിലേക്കും മാറി മാറി നോക്കി. കുട്ടി മുകളിലും സാറ് താഴെയുമായുള്ള നില്പില്‍, കാട്ടിലെ തണ്ണുപ്പിനിടയിലും അയാള്‍ വിയര്‍ത്തു’3.

വിദ്യാര്‍ത്ഥിയ്ക്കുമുന്നില്‍ അധ്യാപകന്‍ നിസ്സഹായനും നിസ്സാരനുമായി പോകുന്നതായിരുന്നു വൈശാഖന്‍റെ പ്രശ്നം. ഗിരിയുടെ ഉപദേശം സ്വീകരിച്ച് അവന്‍റെ സഹായത്താല്‍ ഒരുവിധത്തില്‍ ഏറുമാടത്തിലെത്തിയ വൈശാഖന് വിജയിച്ച് കയറിയ കുട്ടിയായി തന്നെയും അധ്യാപകനായി ഗിരിയെയും ഒരുനിമിഷം തോന്നുന്നുണ്ട്.

‘ആ അരണ്ട മണ്ണെണ്ണ വെളിച്ചത്തിന്‍റെ നിഴലില്‍ ഗുരുശിഷ്യബന്ധത്തിന്‍റെ സമ്പന്നമായ വിനിമയചരിത്രം ഒരു നിമിഷം കീഴ്മേല്‍ മറിഞ്ഞു. വൃക്ഷത്തണലില്‍ ജ്ഞാനവൃദ്ധനായ ഗുരു പകര്‍ന്നുനല്‍കിയ അറിവിന്‍റെ ചരിത്രം വൃക്ഷത്തലപ്പത്തിരുന്ന് ശിഷ്യന്‍ തിരുത്തിയെഴുതുന്നത് ഗുരു അറിഞ്ഞു. തനിയ്ക്ക് അന്യമായ അറിവിന്‍റെ അജ്ഞാതരഹസ്യങ്ങളിലേക്ക് വിളക്ക് തെളിച്ച ശിഷ്യനെ ഗുരു വാത്സല്യത്തോടെ നോക്കി. കാടെന്ന ആദിമമായ അഭയസ്ഥാനത്തിലേക്കുള്ള വഴിയും വിളക്കുമായി ശിഷ്യന്‍ ഗുരുവിനുമുന്നില്‍ നിറഞ്ഞുനിന്നു. ഉള്ളില്‍ കനം വെച്ചുനിന്ന ഭയാന്ധകാരത്തെ ശിഷ്യന്‍ തെളിച്ച വെളിച്ചം വകഞ്ഞുമാറ്റുന്നതിന്‍റെ ആനന്ദം ഗുരുവില്‍ നിറഞ്ഞു’4.

അറിവ് പകര്‍ന്നുതരുന്നവനാണ് ഗുരുവെന്ന തിരിച്ചറിവ് വൈശാഖന് ഇവിടെ ഉണ്ടാകുന്നുണ്ട്. അതുവരെ ഗിരിയോടും അവന്‍റെ ഉപദേശങ്ങളോടും അയാള്‍ക്ക് മനസ്സില്‍ തോന്നുന്ന അസഹിഷ്ണുത  ഗിരിയുടെ ഈ കാടറിവിനുമുന്നില്‍ അത്ഭുതവും അവനോട് പ്രത്യേക വാത്സല്യവും ബഹുമാനവുമായി മാറുന്നത് ശ്രദ്ധേയമാണ്.

               അധ്യാപനം ഒരു തൊഴില്‍ മാത്രമല്ലെന്നും അത് ഒരു തലമുറയ്ക്ക് അറിവ് പകരുന്നതിനോടൊപ്പം ചരിത്രത്തെ പകര്‍ന്നുനല്‍കുന്നതിനുകൂടി ശ്രമിക്കണമെന്നും അതുവഴി നാടിന്‍റെ മാറ്റത്തിന് കൈകോര്‍ക്കേണ്ടവരാണെന്നും അത് സ്കൂളിന്‍റെ വികസനത്തില്‍ തുടങ്ങണമെന്നുമുള്ള ആശയം പ്രദീപ് എന്ന കുയിലാന്തണ്ണിക്കാരനായ അധ്യാപകനിലൂടെ നോവലിസ്റ്റ് പറയാതെ പറയുന്നു. ചില സന്ദര്‍ഭങ്ങളിലെല്ലാം  സ്വന്തം ഈഗോയെ മുന്‍നിര്‍ത്തി നിഷേധസ്വഭാവങ്ങള്‍ കാണിക്കുന്നുവെങ്കിലും തിരിച്ചറിവ് വരുമ്പോള്‍ തെറ്റ് തിരുത്തുന്ന അത് സമ്മതിക്കുന്ന അധ്യാപകരാണ് ഗിരിയിലുള്ളത്. അതിന് മികച്ച ഉദാഹരണങ്ങളാണ് ഹെഡ്മാസ്റ്റര്‍ മത്തായി സാറും അധ്യാപകന്‍ പത്മകുമാറും. സ്കൂളിന് പുതിയ കെട്ടിടം സര്‍ക്കാറില്‍ നിന്ന് ലഭിക്കുമ്പോള്‍ സ്ഥലപരിമിതി ചൂണ്ടിക്കാട്ടി ഹെഡ്മാസ്റ്റര്‍ അത് നിരസിക്കുന്നു. എന്നാല്‍ അധ്യാപകരും നാട്ടുകാരും പി.ടി.എ.യും ഒരുമിച്ച് നിന്ന് ആ പ്രശ്നം പരിഹരിക്കുമ്പോള്‍ സ്വന്തം തെറ്റ് മനസ്സിലാക്കി അത് തിരുത്താനും അവരെ അഭിനന്ദിക്കാനും മത്തായി സാറ് കാണിക്കുന്ന മനസ്സ് ശ്രദ്ധേയമാണ്. സ്കൂളിലെ പല തീരുമാനങ്ങള്‍ക്കും അഭിപ്രായമില്ലാത്ത/താല്‍പര്യമില്ലാത്ത കുയിലാന്തണ്ണിക്കാരെല്ലാം അപരിഷ്കൃതരാണെന്ന് പുച്ഛിക്കുന്ന ആളാണ് പത്മകുമാര്‍. എന്നാല്‍ ഗിരിയുടെ സാമര്‍ത്ഥ്യത്തെയും അവന്‍റെ ചില അറിവിനെയും അയാള്‍ അഭിനന്ദിച്ചത് വൈശാഖനെപ്പോലും അത്ഭുതപ്പെടുത്തുന്നുണ്ട്. ചുരുക്കത്തില്‍ നോവലിലെ കുയിലാന്തണ്ണിക്കാരനായ പ്രദീപ് ഒഴികെയുള്ള അധ്യാപകരെല്ലാം അപരിഷ്കൃതമായ ഈ നാട്ടില്‍ ജോലി ലഭിച്ചതിനാല്‍ അസ്വസ്ഥത മനസ്സില്‍ സൂക്ഷിക്കുന്നവരാണ്. ചില സന്ദര്‍ഭങ്ങളില്‍ ഈ അസ്വസ്ഥത പ്രകടമാണെങ്കിലും ഒരു പ്രശ്നം വരുമ്പോള്‍ സ്കൂളിന്‍റെ നേട്ടത്തിലും ഉയര്‍ച്ചയിലും ഒരേ മനസ്സോടെ പ്രവര്‍ത്തിക്കുന്നവരാണ് എന്നത് ശ്രദ്ധേയമാണ്.

               ഹൈറേഞ്ചിലേക്കുള്ള യാത്രയില്‍ ബസ്സില്‍ വെച്ച് വൈശാഖന്‍ പരിചയപ്പെടുന്ന നിരഞ്ജന്‍ എന്ന ചെറുപ്പക്കാരനിലും കട്ടപ്പനയിലെത്തുമ്പോള്‍ രാത്രി അഭയം നല്‍കുന്ന പാര്‍ട്ടിപ്രവര്‍ത്തകനിലും തുടങ്ങി കുയിലാന്തണ്ണിയിലെ ഓരോ മനുഷ്യനിലും നന്മ പ്രകടമാണെന്ന് വൈശാഖനിലൂടെ നോവലിസ്റ്റ് സൂചിപ്പിക്കുന്നു. അപരിചിതനായ ഒരു മനുഷ്യന്‍റെ ബുദ്ധിമുട്ടുകള്‍ തിരിച്ചറിഞ്ഞ നിരഞ്ജനും അവന്‍റെ അമ്മയും കട്ടപ്പനയിലെ പാര്‍ട്ടിപ്രവര്‍ത്തകനും കുയിലാന്തണ്ണിയിലെത്തി ഉച്ചനേരത്ത് ചായ ചോദിച്ചപ്പോള്‍ പൈസ വാങ്ങാതെ ചോറ് നല്‍കിയ ഹോട്ടലുടമയും നന്മയുടെ പ്രതീകങ്ങളായി വൈശാഖന്‍ കാണുന്നവരാണ്. ആദ്യമായി കാണുന്ന ഒരാളോട് ഇത്രയും ബഹുമാനത്തോടെ/സ്നേഹത്തോടെ പെരുമാറുന്നതില്‍ നിന്നും ഹൈറേഞ്ചിലെ ജനങ്ങളുടെ സ്വഭാവം പ്രകടമാകുന്നുണ്ട്. കുയിലാന്തണ്ണിയിലെത്തിയതിനുശേഷമുള്ള നാളുകളില്‍ പരിചയപ്പെടുന്ന നാട്ടുകാരും ഇതില്‍ നിന്നും വ്യത്യസ്തരല്ല. ഗിരിയുടെ മാതാപിതാക്കളും പി.ടി.എ. പ്രസിഡന്‍റ് രാമകൃഷ്ണനും എഴുത്തുകാരന്‍ പേര് നല്‍കാത്ത കുറേ ജനങ്ങളും സ്നേഹത്തിന്‍റെ ഉത്തമമാതൃകകളാണ്.

               നോവലിലെ എടുത്തുപറയേണ്ട മറ്റ് രണ്ട് കഥാപാത്രങ്ങളാണ് അഭിസാരികയായ മറിയയും കുയിലാന്തണ്ണിക്കാരുടെ വൈദ്യനായ മോഹനന്‍ ഡോക്ടറും. മോഹനന്‍ എങ്ങനെ കുയിലാന്തണ്ണിക്കാരുടെ വൈദ്യനായെന്നും അയാളുടെ ജീവിതകഥയും നോവലിനെ മറ്റൊരു തലത്തിലേക്കെത്തിക്കുന്നു. അടിമാലിയില്‍ സഭ നടത്തുന്ന ഒരു ആശുപത്രയിലെ ജീവനക്കാരനായിരുന്നു മോഹനന്‍. പിന്നോക്കസമുദായക്കാരനായ മോഹനന് എല്‍ദോസ് അച്ചന്‍റെ സഹായത്താലാണ് ജോലി ലഭിക്കുന്നത്. ജോലി നല്‍കിയാല്‍ ക്രിസ്തീയവിശ്വാസത്തിലേക്ക് വരുമെന്ന അച്ചന്‍റെ പ്രതീക്ഷ തെറ്റിക്കാതെ  കാര്യസാധ്യത്തിനുള്ള നന്ദിപ്രകടനം എന്ന മട്ടില്‍ മാമോദീസ മുങ്ങി മോഹനന്‍ മോനായിയായി മാറുകയും ചെയ്യുന്നുണ്ട്.  എന്നാല്‍ തന്‍റെ പിതൃക്കളുടെ ആണ്ടുബലി ദിവസം ബലിയര്‍പ്പിച്ചത് തെറ്റായിപ്പോയെന്ന അച്ചന്‍റെ കണ്ടുപിടുത്തം “കാര്‍ന്നോന്മാര്‍ക്ക് ബലിയിടുന്നതില്‍ കര്‍ത്താവിനെന്താണ് പ്രശ്നം?”5 എന്ന ചോദ്യത്തിലേക്ക് അയാളെ നയിക്കുകയും പിതൃക്കളെ നിഷേധിച്ചുള്ള വിശ്വാസം വയ്യെന്ന തീരുമാനത്തില്‍ ജോലി ഉപേക്ഷിച്ച് നാടുവിട്ട് കുയിലാന്തണ്ണിയിലെത്തുകയും ചെയ്തു. പിന്നെ പതിയെ പതിയെ അദ്ദേഹം അവിടുത്തെ ഡോക്ടറായി മാറി.

മറിയയുമായുള്ള ബന്ധം അദ്ദേഹത്തിന്‍റെ മരണം വരെ പ്രിയപ്പെട്ടതായിരുന്നു. മറിയ മറ്റ് പുരുഷന്മാരില്‍ നിന്ന് വ്യത്യസ്തമായി മോഹനന്‍ എന്ന മോനായിയെ  കാമുകസ്ഥാനത്ത് വാഴിച്ചു. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം തന്‍റെ അസ്തിത്വം എപ്പോഴും വേട്ടയാടികൊണ്ടിരുന്നു. മറിയയോടൊപ്പം ശയിക്കുമ്പോള്‍ അദ്ദേഹം മോനായിയായി മാറി. കുയിലാന്തണ്ണിയിലേക്കുള്ള കുട്ടിഡോക്ടര്‍മാരുടെ വരവ് മോഹനന്‍ ഡോക്ടറുടെ അവസ്ഥ മോശമാകുന്നതിന് കാരണമായി. പതിയെ മനസ്സുതകര്‍ന്ന് അദ്ദേഹം മരണത്തിനു കീഴടങ്ങി. തന്നെ സ്നേഹിച്ച ഏക പുരുഷന്‍റെ വേര്‍പാട് മറിയയെ മാനസികമായി ബാധിച്ചു. പകല്‍ അദ്ദേഹത്തിന്‍റെ പരിശോധനാസ്ഥലത്തും രാത്രി തന്‍റെ തൊഴിലിലും മറിയ ആത്മാര്‍ത്ഥമായി ജോലി ചെയ്തു. പരിശോധനാസ്ഥലത്തെ അതുവരെ തുറക്കാത്ത മുറി തുറന്ന മറിയ കണ്ടത് കര്‍ത്താവും കൃഷ്ണനും ഒരുമിച്ച്, ഭസ്മവും കുരിശും നിലവിളക്കും വെച്ച ഒരു പൂജാമുറിയായിരുന്നു. നോവലിലൂടെ മതവിശ്വാസങ്ങളുടെ കടുംപിടുത്തങ്ങള്‍ സാധാരണ മനുഷ്യനെ വേട്ടയാടുന്നതെപ്രകാരമാണെന്നും ദൈവവിശ്വാസമെന്നത് മതകേന്ദ്രീകൃതമാകുമ്പോള്‍ മനുഷ്യന്‍ അനുഭവിക്കുന്ന മാനസികബുദ്ധിമുട്ടുകളും മോഹനന്‍ എന്ന മോനായി എന്ന കഥാപാത്രത്തെ മുന്‍നിര്‍ത്തി ചൂണ്ടിക്കാട്ടുന്നു. മോഹനന്‍ ഡോക്ടറുടെ മരണശേഷം ആ നാട്ടിലെ പലരും അസുഖബാധിതരാകുമ്പോള്‍ ദുഃഖിക്കുകയും അദ്ദേഹത്തിന്‍റെ പരിശോധനാസ്ഥലത്ത് വന്ന് കാണിക്ക വച്ച് പ്രാര്‍ത്ഥിച്ചപ്പോള്‍ രോഗശമനം ലഭിച്ചതായും പറഞ്ഞുപോന്നു. അതോടെ മറിയ ഈ വിശ്വാസസംരക്ഷകയായി മാറുകയും ലഭിച്ച കാണിക്കകളില്‍ വലിയൊരു പങ്ക് സ്കൂളിലെ കുട്ടികള്‍ക്ക് ഭക്ഷണത്തിനായി നല്‍കുകയും, പാവപ്പെട്ട പെണ്‍കുട്ടികളുടെ വിവാഹത്തിനായി ബാക്കി പണം ഉപയോഗിക്കുകയും ചെയ്യുന്നുണ്ട്. പണത്തിനുവേണ്ടി വേശ്യാവൃത്തി സ്വീകരിച്ച മറിയ പക്ഷെ, ഈ പ്രവൃത്തിയോടെ അഭിസാരിക എന്ന പേരില്‍ നിന്നും മാറി നാട്ടുകാര്‍ക്ക് പ്രിയപ്പെട്ടവളായി മാറുന്നുണ്ട്. ചുരുക്കത്തില്‍ ലാഭേച്ഛയില്ലാതെ മറ്റുള്ളവരെ സഹായിക്കുന്നവരാണ് പൊതുവെ നോവലിലെ ഓരോ കഥാപാത്രങ്ങളും. നോവലിന്‍റെ ആദ്യം കാണുന്ന ഹൈറേഞ്ച് യാത്ര സൂക്ഷിക്കണമെന്ന സുഹൃത്തിന്‍റെ ഉപദേശത്തെ നിഷ്പ്രഭമാക്കുന്നതാണ് വൈശാഖന്‍റെ അനുഭവങ്ങള്‍.


ചരിത്രമെന്ന കഥ ഉയര്‍ത്തുന്ന ചോദ്യങ്ങള്‍

               യഥാര്‍ത്ഥചരിത്രത്തെ വളച്ചൊടിച്ച് പുതുചരിത്രം രചിക്കുന്ന കാലഘട്ടമാണിത്. നോവലിന്‍റെ ആദ്യഭാഗം മുതല്‍ പ്രദീപ് എന്ന അധ്യാപകനിലൂടെ പല ചരിത്രസംഭവങ്ങളും അതിലെ അപാകതകളും നോവലിസ്റ്റ് പറഞ്ഞുവയ്ക്കുന്നുണ്ട്. എന്നാല്‍ നോവലിന്‍റെ അവസാനഭാഗത്ത് ട്രൈബല്‍ സ്കൂളിലെ ഓരോ വിദ്യാര്‍ത്ഥികളുടെയും സംശയങ്ങളും ചോദ്യങ്ങളും പല ചരിത്രസംഭവങ്ങളെയും വീണ്ടും ചിന്തിപ്പിക്കാന്‍ വായനക്കാരനെ പ്രേരിപ്പിക്കുന്നു. നാം ഇന്ന് ആഘോഷിക്കുന്ന/അഭിമാനിക്കുന്ന പല നേട്ടങ്ങളിലും  സൃഷ്ടികളിലും ചതിയുടെയും വഞ്ചനയുടെയും കഥകള്‍ ഒളിച്ചിരിക്കുന്നുവെന്ന് നോവല്‍ ഓര്‍മ്മപ്പെടുത്തുന്നു. അധ്യാപകരായ/അഭ്യസ്തവിദ്യരായ  ആളുകളെ ചരിത്രത്തിലെ ചതികളെക്കുറിച്ച് ചിന്തിപ്പിക്കുന്നതില്‍ ആ വിദ്യാര്‍ത്ഥികള്‍ വഹിച്ച പങ്ക് ചെറുതല്ലെന്നത് ശ്രദ്ധേയമാണ്. പൊതുബോധത്തിന്‍റെ മികച്ച കാഴ്ചകളായി കാണുന്ന പല സൃഷ്ടികള്‍ക്കുനേരെ ഇത്തരത്തില്‍ ആദിമനിവാസികളുടെ പുതുതലമുറ ചോദ്യമുയര്‍ത്തുമ്പോള്‍ പുരോഗമനവാദികളെന്ന് സ്വയം മേനിനടിക്കുന്ന ഭൂരിപക്ഷത്തിന്‍റെ തലകുനിയുന്നതും ഉത്തരമില്ലാതാവുന്നതും ശ്രദ്ധേയമാണ്.       

               പത്മനാഭസ്വാമിക്ഷേത്രത്തില്‍ രാജാവ് സന്ദര്‍ശനത്തിനെത്തുമ്പോഴുള്ള ക്രമീകരണവും അതുമായി ബന്ധപ്പെട്ട് ഗിരിയ്ക്കുണ്ടാകുന്ന സംശയവും അതിനുള്ള പ്രദീപിന്‍റെ മറുപടിയും ശ്രദ്ധേയമാണ്. ജനാധിപത്യകാലത്തും രാജാവിന് വിലയുണ്ടെന്ന് സമാകാലികസാഹചര്യങ്ങളില്‍ നിന്ന് നമുക്കറിയാവുന്നതാണ്. പത്മനാഭപുരം കൊട്ടാരം മാര്‍ത്താണ്ഡവര്‍മ്മയുടെ നിര്‍മ്മിതിയാണെന്ന് ചരിത്രം പഠിച്ചവര്‍ക്കെല്ലാം അറിയാം. എന്നാല്‍ മാര്‍ത്താണ്ഡവര്‍മ്മയ്ക്ക് കൊത്തുപണി അറിയുമോ എന്ന വിദ്യാര്‍ത്ഥികളുടെ ചോദ്യത്തിന് ഉണ്ടാക്കിയത് ഏതോ ഒരു ശില്പിയാണെന്ന ഗൈഡിന്‍റെ മറുപടി വിദ്യാര്‍ത്ഥികളില്‍ വീണ്ടും സംശയം ജനിപ്പിക്കുന്നു. അപ്പോള്‍ ആ ശില്പി ആരെന്ന ചോദ്യത്തിന് ചിരി മാത്രമാണ് അയാളുടെ ഉത്തരം. ഉത്തരമില്ലാത്ത ചിരി മാത്രം പുതുതലമുറയുടെ ഇത്തരം ചോദ്യങ്ങള്‍ക്ക് മറുപടിയായി നല്‍കേണ്ടിവരുന്നത് ചരിത്രസത്യങ്ങളെ വളച്ചൊടിക്കുമ്പോഴാണ് എന്നതാണ് യാഥാര്‍ത്ഥ്യം. ‘അല്ലെങ്കിലും ഉണ്ടാക്കിയവരാരുണ്ട് ചരിത്രത്തില്‍ ?’ എന്ന പ്രദീപിന്‍റെ ആത്മഗതം പക്ഷെ, മറ്റാരും ശ്രദ്ധിക്കുന്നില്ലെന്നത് ശ്രദ്ധേയമാണ്.

“ഇതൊക്കെ ഉണ്ടാക്കിയ തച്ചനെ ഒന്നുകില്‍ കൊന്നുകളഞ്ഞിട്ടുണ്ടാവും, അല്ലെങ്കില്‍ അങ്ങേരുടെ കൈ വെട്ടികളഞ്ഞുകാണും.”

“അയ്യോ അതെന്തിനാ!”

“അതോ? അത് അയാള്‍ മറ്റൊരു കൊട്ടാരത്തിലും ഇതുപോലെ ഒന്നുണ്ടാക്കാതിരിക്കാന്‍”.

“അതെന്താ മറ്റൊരു കൊട്ടാരത്തില്‍ അങ്ങനെയൊന്നുണ്ടാക്കിയാല്‍?”6

ഗിരിയുടെ ചോദ്യത്തിന് മറുപടിയായി ഗൈഡ് ഒന്ന് ചിരിക്കുക മാത്രം ചെയ്തു. ശില്പിയേക്കാള്‍ പ്രാധാന്യം രാജാവിനാണ് എന്ന പൊതുബോധ ബുദ്ധി വിദ്യാര്‍ത്ഥികള്‍ക്ക് ദഹിക്കുന്നില്ലെന്നത് ചിന്തനീയമാണ്. ഇതേ സംശയങ്ങള്‍ തന്നെയാണ് ചിത്രവധം നടത്തുന്ന ഉപകരണം കണ്ടപ്പോഴുള്ള അവരുടെ പ്രതികരണം. കുറ്റവാളികളെ ശിക്ഷിക്കുന്ന രീതി ഗൈഡ് യാതൊരു ഭാവഭേദവുമില്ലാതെ വിവരിക്കുന്നത് കുട്ടികളില്‍ ആകാംക്ഷ സൃഷ്ടിക്കുന്നു. “രാജാക്കന്മാര്‍ കുറ്റം ചെയ്താലും ഇങ്ങനെ തന്നെ ചെയ്യ്വോ?” എന്ന ഒരു വിദ്യാര്‍ത്ഥിയുടെ പെട്ടെന്നുള്ള ചോദ്യത്തില്‍ അധ്യാപകരും അമ്പരക്കുന്നുണ്ട്. രാജകൊട്ടാരത്തിലൂടെ നടക്കുന്ന ഓരോ നിമിഷവും പ്രദീപ് ചരിത്രത്തിലേക്ക് തിരിച്ചുപോയി. പല ശിക്ഷാവിധികളോടെ ശിക്ഷിക്കപ്പെട്ട പൂര്‍വ്വികരുടെ നിലവിളി അയാളെ മറ്റൊരു ലോകത്തേക്ക് കൊണ്ടുപോകുന്നുണ്ട്. “മേല്‍ജാതിക്കാര്‍ക്ക് അയിത്തമെങ്കില്‍ അവരല്ലേ ഓടേണ്ടത്” എന്ന ഗിരിയുടെ അയിത്തത്തെക്കുറിച്ചുള്ള ചോദ്യങ്ങളാണ് പ്രദീപിനെ വീണ്ടും ചിന്തയില്‍ നിന്നും മാറ്റുന്നത്. “ഓടേണ്ടാത്തവരെ ഓടാന്‍ പഠിപ്പിച്ചപ്പോഴാണ് അയിത്തം പ്രവര്‍ത്തിച്ചു തുടങ്ങിയത്” എന്ന പ്രദീപിന്‍റെ മറുപടി ചരിത്രത്തിനുനേരെയുള്ളതാണ്.

മറ്റൊരു സന്ദര്‍ഭത്തില്‍ പത്മനാഭസ്വാമിക്ഷേത്രത്തിലേക്ക് അയിത്തം കല്പിച്ചിരുന്ന പൂര്‍വ്വികരെപ്പറ്റി പ്രദീപ് വൈശാഖനോട് പറയുന്നുണ്ട്. ഇന്ന് ആ വാതിലൂടെ അകത്ത് കടക്കുമ്പോഴാണ് അയാള്‍ അത് ഓര്‍ക്കുന്നത്.

“ചരിത്രം അങ്ങനെയാണ് പ്രദീപേ, എപ്പോഴും അതിന്‍റെ വിപരീതത്തിലേക്ക് സഞ്ചരിച്ചു കൊണ്ടേയിരിക്കും.”

“പക്ഷെ, ക്ഷേത്രപ്രവേശനത്തില്‍ ഒരു ചതിയുണ്ട് സാറേ, ജാതിക്കുത്തക ഇപ്പോഴും നിലനില്‍ക്കുന്ന ക്ഷേത്രങ്ങളില്‍ കയറുകയാണ് പ്രധാനം എന്നുവന്നപ്പോള്‍ വലുതായത് ക്ഷേത്രവും ജാതിയുമാണ്, കയറിയവരല്ല.”

“എങ്കിലും കയറുക എന്നത് അത്ര ചെറിയ കാര്യമായിരുന്നില്ല.”7

പ്രദീപിന്‍റെ ഈ അഭിപ്രായം എത്ര സത്യസന്ധമാണെന്ന് ഒന്ന് ചിന്തിച്ചുനോക്കിയാല്‍ മനസ്സിലാകും. കയറിയവര്‍ വീണ്ടും പ്രധാന്യമില്ലാത്തവരായി അയിത്തക്കാരായി മാറിയ കാഴ്ചതന്നെയാണ് നമുക്കുള്ളത്. എന്നാല്‍ കയറുകയല്ലേ പ്രധാനം എന്ന വൈശാഖന്‍റെ അഭിപ്രായം പൊതുബോധത്തിന്‍റേതാണ്.   അതുവരെ കുയിലാന്തണ്ണിയും സ്കൂളും മാത്രമായിരുന്ന നോവല്‍ കേരളത്തിന്‍റെ പരിഷ്കൃത ജീവിതത്തിലേക്കും വളച്ചൊടിക്കപ്പെട്ട് ആഘോഷമാക്കുന്ന സത്യങ്ങളിലേക്കും വിരല്‍ ചൂണ്ടുകയും വായനക്കാരനെ ചിന്തിപ്പിക്കുകയും ചെയ്യുന്നു. ചരിത്രം ഒരു വലിയ കെട്ടുകഥയാണെന്ന് ഈ കുട്ടികളിലൂടെയും അധ്യാപകനായ പ്രദീപിലൂടെയും നോവലിസ്റ്റ് ഓര്‍മ്മപ്പെടുത്തുന്നുണ്ട്.


കാട് കാണുന്ന ‘നാട്ടു’കാരും നാട് കാണുന്ന കൂട്ടുകാരും

               പരിഷ്കൃതരെന്ന് സ്വയം അഹങ്കരിക്കുന്നവരാണ് നാട്ടിലെ ഓരോ വ്യക്തികളും. അതുകൊണ്ടു തന്നെ കാടും ആദിമനിവാസികളും അവര്‍ക്ക് അപരിഷ്കൃതരാണ്. നോവലില്‍ നാട്ടില്‍ നിന്നും ജോലിക്കെത്തുന്ന ഓരോ വ്യക്തികളുടെ നോട്ടത്തിലും ഭാവത്തിലും പെരുമാറ്റത്തിലും ഇത് പ്രകടമാണ്. എളമാങ്കുടിയില്‍ നിന്നും കുയിലാന്തണ്ണിയിലേക്കുള്ള യാത്രയില്‍ വൈശാഖന്‍ കാണുന്ന കാഴ്ചകളും അയാളുടെ ചിന്തകളും ഭയത്തിലധിഷ്ഠിതമാണ്. നാട്ടിലെ ആളുകളെ സംബന്ധിച്ചിടത്തോളം കാട് ഒരു പേടിസ്വപ്നം തന്നെയാണ്. കടലിനെപ്പറ്റിയും കാടിനെപ്പറ്റിയുമുള്ള കഥകള്‍ ഓര്‍ത്തെടുക്കാന്‍ ശ്രമിക്കുന്ന വൈശാഖനെ ചില ചോദ്യങ്ങള്‍ അലട്ടുന്നുണ്ട്.  ‘അതെന്താവും കാടിനെക്കുറിച്ച് നല്ല കഥകളൊന്നും കേള്‍ക്കാത്തത് ? കാടെന്തുകൊണ്ടാണ് എപ്പോഴും ഭീകരവും ഭീതിദവുമായ സങ്കല്പമായിപ്പോയത്?’8 അതിന് അയാള്‍ ഓര്‍ത്തെടുക്കുന്ന ഉത്തരം പണ്ട് മാഷ് കുമാരനാശാന്‍റെ സീത ക്ലാസില്‍ പഠിപ്പിച്ചതാണ്. ‘കാട് മരണത്തിന്‍റെയും ഭീതിയുടെയും ചിഹ്നമാണെന്നും, അടുത്തൊരു നിമിഷത്തില്‍ ഭൂമി പിളര്‍ന്ന് മരണത്തിലേക്ക് പോകുന്ന സീതയെ ഇരുത്താന്‍ പറ്റിയ ഇടമാണ് ആശ്രമത്തിനും കാടിനുമിടയിലുള്ള അതിര്‍ത്തിയെന്നും അത് ജീവിതത്തിനും മരണത്തിനുമിടയിലുള്ള ഇടമാണെന്നും’ അന്ന് മാഷ് വിശദീകരിച്ചതും അദ്ദേഹം ഓര്‍ക്കുന്നു. കാടിനെക്കുറിച്ചുള്ള ഈ അധമസങ്കല്പത്തിന്‍റെ കാരണം ആലോചിക്കുന്നുണ്ട് വൈശാഖന്‍. സ്കൂളിലെത്തുന്ന വൈശാഖനോട് ഹെഡ്മാസ്റ്ററുടെ ചോദ്യവും ഉപദേശവും നാട്ടിലെ പൊതുബോധത്തെ അടയാളപ്പെടുത്തുന്നതാണ്.

“ആദ്യ പോസ്റ്റിങ്ങാ അല്യോ?

വല്യ ക്വാളിഫിക്കേഷനൊക്കെയുണ്ടല്ലോ? എന്നിട്ടും ഈ പട്ടിക്കാട്ടില്‍ തന്നെ വന്നുപെട്ടല്ലോ... നല്ല യോഗാ...

ഓ, നിങ്ങളായിട്ട് ഇനി ഇവറ്റകളെ നന്നാക്കാനൊന്നും പോകണ്ടെന്നേ. ഇത് അത്ര പെട്ടെന്ന് നന്നാവുന്ന ഇനങ്ങളല്ല. അല്ലെങ്കിലും ഇപ്പൊ ഈ ആദിവാസിക്കൂട്ടങ്ങളെ നന്നാക്കീട്ട് നമുക്കെന്നാ കിട്ടാനാ....ഹ... ഹ.... ഹ...”9 

നോവലില്‍ ഹെഡ്മാസ്റ്ററും പത്മകുമാര്‍ എന്ന അധ്യാപകനുമൊക്കെ ആദിവാസികളോട് നാട്ടുകാര്‍ സ്വീകരിക്കുന്ന പെരുമാറ്റത്തിന്‍റെ പ്രതീകങ്ങളാണ്. പ്രദീപ് കുയിലാന്തണ്ണിക്കാരനാണെന്നും ആദിവാസിയാണെന്നുമുള്ള അടക്കം പറച്ചിലും അയാളുടെ ചരിത്രവിവരണങ്ങള്‍ക്ക് ലഭിക്കുന്ന പരിഹാസച്ചിരികളും ഇതിനോട് ചേര്‍ത്ത് വായിക്കാവുന്നതാണ്. ഗിരിയുടെ തീവണ്ടിയെക്കുറിച്ചുള്ള ചോദ്യങ്ങളും തീവണ്ടിയില്‍ കയറിയ സാറിന് ഏറുമാടത്തില്‍ കയറാന്‍ ഇത്ര ബുദ്ധിമുട്ടാണോ എന്ന ചോദ്യവും അവന്‍റെ നിഷ്കളങ്കമായ അറിവില്ലായ്മയായി വൈശാഖന്‍ കരുതുന്നതും എല്ലാ ആഴ്ചയും തീവണ്ടിയെക്കുറിച്ചുള്ള ആകാംക്ഷ നിറഞ്ഞ ചോദ്യം അയാളെ അലോസരപ്പെടുത്തുന്നതും ഇതിനോട് ചേര്‍ത്ത് വായിക്കാം.

മേഘരൂപന്‍ എന്ന കവിത പഠിപ്പിക്കുമ്പോള്‍ ആനയെ സൂചിപ്പിച്ചത് ഒരു കുട്ടിയെ വേദനിപ്പിക്കുന്നതില്‍ നിന്നും കാട്ടിലെ ആനയല്ല കവിയുടെ ആന എന്ന തിരിച്ചറിവില്‍ വൈശാഖന്‍ എത്തുന്നു. കാട്ടുമൃഗങ്ങളെക്കുറിച്ച് നാട്ടിലുള്ളവര്‍ക്ക് ഒന്നും അറിയില്ലെന്നും നാട്ടിലുള്ളവര്‍ക്ക് ആന തെച്ചിക്കോട്ട് രാമചന്ദ്രനും, മംഗലാംകുന്ന് സദാശിവനുമൊക്കെയാണെന്നും അയാളോര്‍ക്കുന്നു. ഭാവനയില്‍ പല രൂപങ്ങള്‍ നല്‍കാനും അലങ്കാരത്തിനുമല്ലാതെ കാട്ടുമൃഗങ്ങളെപ്പറ്റി പരിഷ്കൃതരെന്ന് അഭിമാനിക്കുന്നവര്‍ക്ക് എന്തറിയാം എന്ന തിരിച്ചറിവിലാണ് അയാള്‍ ആ ക്ലാസ്സില്‍ നിന്നും പുറത്തിറങ്ങുന്നത്.  രാത്രി കാട്ടാനക്കൂട്ടത്തെ കണ്ട് ഏറുമാടത്തില്‍ നിന്നും  തിരിച്ചിറങ്ങുന്നതും ഇതേ തിരിച്ചറിവില്‍ തന്നെയാണ്. തങ്ങളെ ഉപദ്രവിക്കുന്ന കാട്ടുമൃഗങ്ങളെ മാത്രം തിരിച്ച് ഭയപ്പെടുത്തുന്ന രീതിയാണ് കാട്ടില്‍ ജീവിക്കുന്ന ജനതയ്ക്കുള്ളത്. എന്നാല്‍ തിരുവനന്തപുരത്തെ മൃഗശാല കാണാന്‍ സ്കൂളിലെ കുട്ടികളെ കൊണ്ടുവന്നപ്പോഴാണ് വൈശാഖന് മറ്റൊരു തിരിച്ചറിവുണ്ടാകുന്നത്. വിനോദയാത്രയിലെ സ്ഥിരം കാഴ്ചയായ മൃഗശാലയും കൂട്ടിലടച്ച മൃഗങ്ങളും ആ കുട്ടികളെ സംബന്ധിച്ചിടത്തോളം എത്ര അരോചകമായ കാഴ്ചയാണ്. മൃഗങ്ങളെ എന്തിനാണ് കൂട്ടിലടച്ചതെന്ന ഗിരിയുടെ ചോദ്യത്തിന് ജനങ്ങള്‍ക്ക് കാണാനും ആസ്വദിക്കാനുമാണെന്ന മറുപടി അവന് തീരെ ദഹിക്കുന്നില്ല. സ്വതന്ത്രമായി വിഹരിക്കുന്ന കാട്ടില്‍ നിന്നും മനുഷ്യര്‍ക്ക് ആസ്വദിക്കാനായി പിടിച്ച് കൂട്ടിലടച്ചത് സര്‍ക്കാര്‍ ആണ് എന്ന മറുപടി ഗിരിയുടെ യുക്തിയ്ക്ക് നിരക്കാത്തതായിരുന്നു. നാട്ടിലെ രീതികളും സ്കൂളുകളിലെ സ്ഥിരം പ്രഹസനങ്ങളും ട്രൈബല്‍ സ്കൂളിനെ സംബന്ധിച്ചിടത്തോളം അരോചകമാണെന്ന് വൈശാഖന്‍ തിരിച്ചറിയുന്നു. മുന്‍പ് അധ്യാപകരിലാരോ പറഞ്ഞ മറുപടി അയാള്‍ ഓര്‍ക്കുന്നുണ്ട്. ഇവര്‍ക്ക് എന്ത് വേണമെന്ന് ഭൂരിപക്ഷമായ നമ്മളല്ലേ തീരുമാനിക്കുന്നത് ? അവര്‍ക്കെന്ത് വേണമെന്ന് അവരോട് അന്വേഷിക്കുന്നില്ലല്ലോ എന്ന അഭിപ്രായം ശരിയാണെന്നും സിസ്റ്റം മാറി ചിന്തിക്കേണ്ടതുണ്ടെന്നും വൈശാഖനോടൊപ്പം വായനക്കാരനും തിരിച്ചറിയുന്നു.

               പ്രദീപിനോടും ഗിരിയോടും സംസാരിക്കുന്ന സമയത്തെല്ലാം ഞങ്ങളും നിങ്ങളുമെന്ന വേര്‍തിരിവ് വൈശാഖന്‍ ശ്രദ്ധിക്കുന്നുണ്ട്. അയാള്‍ അത് ചൂണ്ടിക്കാട്ടി തിരുത്താന്‍ ശ്രമിച്ചുവെങ്കിലും അവര്‍ അത് ശ്രദ്ധിക്കുന്നില്ല എന്നതാണ് വാസ്തവം. തങ്ങളെ അപരിഷ്കൃതരായി കാണുന്നവരില്‍ നിന്നും മാറിനില്‍ക്കാന്‍ അവര്‍ ശ്രമിക്കുന്നുണ്ട്. നമ്മള്‍ എന്ന് പൊതുവെ പറഞ്ഞ് അകത്ത് അയിത്തം കല്പിക്കുന്നവരെ നിങ്ങളായി അവര്‍ മാറ്റിനിര്‍ത്തുന്നു. സ്വന്തം സ്വത്വത്തില്‍ അഭിമാനിക്കുന്ന മറ്റുള്ളവരെ അപമാനിക്കാത്ത ഒരു ജനതയെ ഇവിടെ കാണാം.

“സാറേ, ഞങ്ങളെ നിങ്ങള്‍ ആദിവാസികള്‍ ആദിവാസികള്‍ എന്നല്ലേ വിളിക്കുന്നേ. ആ പേരിന്‍റെ കൂടെ രണ്ടക്ഷരം കൂട്ടിയൊന്നു നീട്ടിവിളിച്ചു നോക്കിയേ.”

അപ്രതീക്ഷിതമായി പ്രദീപ് അങ്ങനെ ആവശ്യപ്പെട്ടപ്പോള്‍ വൈശാഖന്‍ ശരിക്കും കുഴങ്ങി....

“സാറ് ബുദ്ധിമുട്ടണ്ട, ഞാന്‍ തന്നെ പറയാം. ‘ആദിമനിവാസികള്‍’. ആദിവാസികള്‍ എന്നുകേള്‍ക്കുമ്പോള്‍ കുളിക്കാതെ മുടിവെട്ടാതെ മുഷിഞ്ഞവേഷവുമിട്ട് ഇങ്ങനെ നടക്കുന്ന ഒരാളുടെ ചിത്രമല്ലേ സാറിന്‍റെ മനസ്സില്‍ വരുന്നത് ? എന്നാല്‍ ‘ആദിമനിവാസികള്‍’ എന്നു കേള്‍ക്കുമ്പോഴോ ? ഭൂമിയുടെ യഥാര്‍ത്ഥ അവകാശികളായ ആദിമമനുഷ്യര്‍ എന്ന അര്‍ത്ഥവും! രണ്ടക്ഷരത്തിന്‍റെ ഒരു കളി!”10 ആധുനികമനുഷ്യന്‍റെ വലിയൊരു ചതിയുടെ കഥയാണ് രണ്ടക്ഷരങ്ങളുടെ കളിയായി പ്രദീപ് ചൂണ്ടിക്കാട്ടിയത്. ആദിമനിവാസികളില്‍ നിന്നും ആദിവാസികളിലേക്കുള്ള മാറ്റം ഭൂമിയുടെ യഥാര്‍ത്ഥ അവകാശികളില്‍ നിന്നും അഭയാര്‍ത്ഥികളിലേക്കുള്ള മാറ്റമായിരുന്നു എന്ന് നിസംശയം പറയാം. ചരിത്രം അത് തെളിയിക്കുന്നുണ്ട്.     ഗിരിയുടെ കഥാപാത്രം നോവലില്‍ പ്രത്യക്ഷപ്പെടുമ്പോള്‍ മുതല്‍ അവനോടൊപ്പം തീവണ്ടി എന്ന സ്വപ്നവുമുണ്ട്. മലകള്‍ കയറിവരുന്ന തീവണ്ടി എന്തേ സായിപ്പ് കണ്ടുപിടിക്കാത്തതെന്ന സംശയവും തീവണ്ടിയില്‍ വൈശാഖന്‍ സാറിനോടൊപ്പം സഞ്ചരിക്കുന്ന ആ കാഴ്ചയും പൂര്‍ത്തിയാകാത്ത സ്വപ്നമായി അവശേഷിക്കുന്നു. തിരക്ക് മൂലം വിനോദയാത്രയില്‍ നിന്നും ആ പ്ലാന്‍ ഒഴിവാക്കുന്നത് വൈശാഖന്‍ അതീവ ദുഃഖത്തോടെയെങ്കിലും ഗിരിയ്ക്ക് അത് വലിയ തിരിച്ചടിയായിരുന്നു. റെയില്‍പ്പാളത്തില്‍ നിന്നും അവന്‍റെ ചെരുപ്പുകള്‍ മാത്രം ലഭിക്കുന്ന നോവല്‍ ദുരന്തപര്യവസായിയാണ്. എന്നിരുന്നാലും മറ്റ് കുട്ടികളും അസംബ്ലിയുമായി ഗിരിയില്ലാതെ സ്കൂള്‍ വീണ്ടും പ്രവര്‍ത്തിക്കുന്നുവെന്നത് അവസാന അധ്യായത്തില്‍ കാണാം. വൈശാഖന്‍ എന്ന അധ്യാപകനും ഗിരി എന്ന വിദ്യാര്‍ത്ഥിയും തമ്മിലുള്ള ആത്മബന്ധത്തിനപ്പുറത്തേക്ക് ഇവരുടെ കാഴ്ചകളും ചോദ്യങ്ങളും ചിന്തകളും ഒരുപാട് വായനക്കാരനെ ചിന്തിപ്പിക്കുന്നുണ്ട്. പ്രദീപിന്‍റെ ദേശചരിത്ര വിവരണത്തില്‍ തുടങ്ങി കേരളചരിത്രത്തിലെ പല വളച്ചൊടിക്കലുകളിലേക്കും നോവല്‍ മിഴിതുറക്കുന്നുണ്ട് എന്നത് ശ്രദ്ധേയമാണ്.

ചരിത്രത്തിലും വര്‍ത്തമാനത്തിലും ആദിവാസിജനതയുടെ ജീവനും സ്വപ്നങ്ങള്‍ക്കും കാഴ്ചകള്‍ക്കും പ്രസക്തിയേതുമില്ല എന്ന പൊതുബോധകേന്ദ്രീകൃത സത്യത്തില്‍ തന്നെ നോവല്‍ അവസാനിക്കുന്നുവെന്നത് ശ്രദ്ധേയമാണ്. ഗിരിയുടെ അസാന്നിധ്യം സ്കൂളിലോ ആ നാട്ടില്‍ തന്നെയോ ഒരിടത്തും ചര്‍ച്ചയാകുന്നേയില്ല. ഭൂമിയുടെ യഥാര്‍ത്ഥ അവകാശികളുടെ ഇത്തരം അസാന്നിധ്യങ്ങളും അപ്രത്യക്ഷമാകലും ഇന്നും തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. ആധുനികരെന്ന് സ്വയം വിശേഷിപ്പിക്കുന്ന തിരക്കിന്റെ തേരാളികള്‍ ഇത്തരം പ്രശ്നങ്ങളെയും ഒഴിവാകലുകളെയും അറിയാന്‍ ശ്രമിക്കുകയോ അറിഞ്ഞാല്‍ തന്നെ അവഗണിക്കുകയോ ചെയ്യുന്നുവെന്ന യാഥാര്‍ത്ഥ്യം ഗിരി എന്ന നോവല്‍ അടിവരയിട്ടുപറയുന്നുണ്ട്. മറ്റൊരുവാക്കില്‍ ‘നമ്മളെല്ലാം’ എന്ന് അഭിമാനത്തോടുകൂടി പറയുന്ന ഓരോ മനുഷ്യന്‍റെയും കള്ളത്തരങ്ങള്‍ക്ക് മീതെ സ്വയം വിമര്‍ശനപരമായി ഉയര്‍ന്നുവരുന്ന ഒരു ചോദ്യചിഹ്നത്തിന്‍റെ പേരായി മാറുന്നു ഗിരി.

              

കുറിപ്പുകള്‍

  1. പി. പി. പ്രകാശന്‍. ഗിരി. പുറം. 91 – 91.

  2. അതേ പുസ്തകം. പുറം. 93.

  3.  അതേ പുസ്തകം. പുറം. 156.

  4. അതേ പുസ്തകം. പുറം. 158 - 159.

  5. അതേ പുസ്തകം. പുറം. 122.

  6. അതേ പുസ്തകം. പുറം. 202.

  7. അതേ പുസ്തകം. പുറം. 193 – 194.

  8. അതേ പുസ്തകം. പുറം. 47.

  9. അതേ പുസ്തകം. പുറം. 60.

  10.  അതേ പുസ്തകം. പുറം. 183.

 

ഗ്രന്ഥസൂചി

പ്രകാശന്‍ പി. പി. ഗിരി. കോട്ടയം : ഡി.സി.ബുക്സ്. 2022.

 

ഡോ. രശ്മി. എന്‍

നടുവക്കുന്നേല്‍ വീട്

കാല്‍വരിമൗണ്ട്, കട്ടപ്പന

ഇടുക്കി – 685 515


Comments

Rated 0 out of 5 stars.
No ratings yet

Add a rating
No^v F-Un-äÀ
-tUm. em-ep-. hn-v

Ìm^v FUnäÀ
tUm.KwKmtZhn. Fw

ÌpUâv FUn-äÀ
cXojv Fk


ഇഷ്യു എഡിറ്റർ v
ഡോ. അമ്പിളി ആർ.പി.
FUntäm-dnb t_mÀUv 
AwK§Ä
tUm.kPohv IpamÀ Fkv 
tUm. Zo] _n Fkv 
tUm.tkXpe£van Fw Fkv 
-tUm A-¼n-fn- B-À- ]n-
-
ഡോ. ശ്രീലക്ഷ്മി എസ്.കെ
_nµp. F Fw
Pqen F 
a©p sI BÀ
Publishers Name:          
Dr.Lalu.V,
Head of the Department, Department of Malayalam, Govt College for Women, Thiruvananthapuram pin 695014   
Mob:9446457996         
email:gcwmalayalam2023@gmail.com            laluvatl@gmail.com 

Unssk³ & te Hu«vv
cXojv. Fkv

aebmfhn-`m-Kw
kÀ¡mÀ h\nXmtImtfPv 
Xncph\´]pcw

©GCW VAIKNJAANIKA MALAYALAM ONLINE 2024

bottom of page