ചിത്രം എഴുതുന്ന കവിത - - പി യുടെ കവിതയിലെ ചിത്രഭാഷയെക്കുറിച്ച് ഒരു അന്വേഷണം
- GCW MALAYALAM
- Feb 15
- 5 min read
Updated: Feb 15
ഡോ.സഞ്ജയകുമാർ.എസ്

പ്രകൃതിയുടെ അപാരതയും ജൈവികതയും തൊട്ടറിയാനുള്ള കഴിവ് പി കുഞ്ഞിരാമൻ നായർക്ക് ഉണ്ടായിരുന്നു എന്ന് അദ്ദേഹത്തിന്റെ കവിതകൾ വായിക്കുമ്പോൾ നമുക്ക് ബോധ്യപ്പെടും. അനുഭവങ്ങളെ വർണ്ണങ്ങളുടെയും രൂപങ്ങളുടെയും മായികമായ സങ്കലനമാക്കി പ്രതിഫലിപ്പിക്കുന്ന പദകല പി എന്ന കവിയെ വ്യത്യസ്തനാക്കുന്നു. പ്രകൃതിയെന്ന അനുഭവത്തെ സവിശേഷകരമായ രീതിയിൽ ആവിഷ്കരിക്കുക പി കവിതയുടെ മൗലികതയാണ്. ഒരേ അനുഭവം അല്ലെങ്കിൽ ആശയം വറ്റാത്ത ആവേശത്തോടെ, തീവ്രതയോടെ ആവിഷ്കരിക്കുവാൻ പീ-ക്ക് കഴിഞ്ഞിരുന്നു.പി കവിത അതിവിശാലമായ ഒരു ചിത്രപടമാണ്.അപാരമായ ഒരു ക്യാൻവാസിന്റെ തുടർച്ചയായി അവ പരസ്പരം ഇഴുകി ചേർന്നിരിക്കുന്നു.
പീ കവിതയുടെ ഏറ്റവും വലിയ സവിശേഷത അതിന്റെ ഇന്ദ്രിയസംവേദനമാണ് . ഒരു സാധാരണ വ്യക്തി ഇന്ദ്രിയങ്ങളെ ഉപയോഗിച്ചത് പോലെയല്ല പി അവയെ ഉപയോഗിച്ചത്.ധ്യാനം എന്നാൽ എന്ത് എന്ന് പ്രശസ്ത ദാർശനികനായ ജെ കൃഷ്ണമൂർത്തി വിവരിക്കുന്നുണ്ട്. ഏകാന്തമായ ഒരു സ്ഥലത്തിരുന്ന് കൊണ്ട് കണ്ണും മനസ്സും പൂട്ടി ലോകത്തെ മുഴുവൻ തന്നിൽ നിന്ന് അകറ്റി നിർത്തിക്കൊണ്ട് ഒരേ ബിന്ദുവിലേക്ക് പ്രജ്ഞ കേന്ദ്രീകരിച്ച് നിർത്തുന്ന യത്നമല്ല ധ്യാനം എന്ന് അദ്ദേഹം പറയുന്നു.സംവേദനം ചെയ്യപ്പെടുന്ന ഓരോ കണികയെയും തീഷ്ണതയോടെ ശ്രദ്ധിക്കുന്ന അവസ്ഥയിലേക്ക് പ്രജ്ഞയെ സ്വതന്ത്രമാക്കുന്നതിലാണ് യഥാർത്ഥ ധ്യാനമെന്ന് കൃഷ്ണമൂർത്തി പറയുന്നു. ഇതിൽ സംവേദനയന്ത്രത്തെ ഇഷ്ടപ്പെടുന്നതിലേക്ക് പരിമിതപ്പെടുത്തുന്ന പ്രജ്ഞയും യാഥാർത്ഥ്യത്തെ സ്വീകരിക്കാൻ സംവേദനയന്ത്രത്തെ തുറന്നിട്ടിരിക്കുന്ന പ്രജ്ഞയും തമ്മിലുള്ള അകലം വലുതാണ്. ഇതിൽ രണ്ടാമത്തെ തരം പ്രജ്ഞയാണ് പി.യെ പ്രകൃതിയോടിണക്കുന്നത്.
പി പ്രകൃതിയെ അനുഭവിക്കുകയായിരുന്നു. എല്ലാവരും ഉറക്കമായാൽ വിളക്കണച്ച് തുറന്ന സ്ഥലത്ത് ഒറ്റയ്ക്കിരുന്ന് നക്ഷത്രം നിറഞ്ഞ നീലാകാശം നോക്കിയിരിക്കുകയാണ് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഗ്രന്ഥപാരായണം എന്ന് ഒരു അഭിമുഖത്തിൽ പി. പറയുന്നുണ്ട്. 2) ഇങ്ങനെ സംവേദനത്തിന്റെ സർവ്വവാതായനങ്ങളും തുറന്നിട്ടുകൊണ്ട് അതീവജാഗ്രതാവസ്ഥയിൽ നിലകൊള്ളുന്ന പ്രജ്ഞയിലൂടെ ഈ പ്രകൃതിയെ കാണുകയും കേൾക്കുകയും സ്പർശിക്കുകയും മണത്തറിയുകയും ചെയ്യുന്ന ദൃശ്യവും സ്പർശവും പി യിൽ അതിശക്തമായ ഇന്ദ്രിയശേഷിയായി കാണാൻകഴിയും. പ്രകൃതിയുടെ ഓരോ നിഴലനക്കവും വെളിച്ചത്തിനുണ്ടാകുന്ന അതിസൂക്ഷ്മവ്യതിയാനങ്ങളും വർണ്ണങ്ങളുടെ ഓരോ സവിശേഷതകളും പി കാണുന്നുണ്ട്. കുരുമുളക് ചെടിയെയും ചിതൽപ്പുറ്റിനേയും കട്ടുറുമ്പിനെയും അദ്ദേഹം കാണുന്നു. തളിരുകളുടെ മൃദുലതയും, മഞ്ഞിന്റെ നേർമയും, കാറ്റിൻ്റെ നനത്ത സ്പർശവും അദ്ദേഹം അറിയുന്നു. തീവ്രമായ ഒരു സംവേദനപ്രക്രിയയാണത്. ഇവിടെ കാവ്യപ്രപഞ്ചം ശൈലീകൃതമായ സംവേദനത്തെ നിഷേധിക്കുന്നു.
പ്രകൃതി, ഭൂതകാലം, കവിയുടെ തന്നെ ആന്തരികത ഇതായിരുന്നു കുഞ്ഞിരാമൻ നായരുടെ കാവ്യലോകം. പലപ്പോഴും കവിതയിൽ ഈ മൂന്നു ലോകങ്ങളും ഒന്നായി തീരുന്നുണ്ടായിരുന്നു എന്ന കെ പി അപ്പന്റെ നിരീക്ഷണം ഇവിടെ ശ്രദ്ധേയമാണ്. 3) ഇന്ദ്രിയസംവേദനം എന്ന പ്രതിഭാസത്തിലാണ് പി യുടെ കവിത മൗലികമാവുന്നത്. ശീലവൽകൃതമായ സംവേദനത്തെ മുഴുവൻ തകർത്തുകൊണ്ട് ഇന്ദ്രിയാനുഭവത്തിലേക്ക് നയിക്കുന്നു, പിയുടെ കവിത.
മാനിനമിളകുന്ന മാമലത്തണുപ്പേറി
മാകന്ദമകരന്ദമണവും പൂശി
കാമിതം നുകർന്നു മാങ്കാവു പുണർന്നു മൂളും
കാനന മണിഭ്യoഗനിനദം വീശി
കുട്ടിത്തം വിടും കൊച്ചു കുട്ടിപ്പിലാവിൻ മാറിൽ
മൊട്ടിടുമഴകൊളിപ്പട്ടുരുമ്മു
മംഗലക്കണിക്കുല പൊങ്ങിയ
മണിത്തെങ്ങിൽ -
ത്തങ്ങിയ മുരിങ്ങ തൻ കവിൾതിരുമ്മി
ചാരു പുഞ്ചിരിച്ചാറു ചോരുന്ന പുലരൊളി
ത്താരകത്തെക്കീഴക്കല്ലൂർ
കാവിൽ നിർത്തി
പാറ്റത്തിലണി നീലമാമല മണിക്കുഞ്ഞിൻ
പാദത്തിൽ മുറ്റിൽ
വെള്ളിത്തളകൾ കെട്ടി
വാനവമണിവേട്ട മാനിനി
കുളിക്കുന്നതേറനാലിച്ചിറയിൽ
ച്ചെന്താരു ചാർത്തി
കുഞ്ഞിക്കിണറ്റിൽപ്പറ്റും
പായലിലൊന്നു തത്തി
മഞ്ഞണി ധനുമാസത്തെന്നലെത്തി.
ഈ വരികളിൽ നിറയുന്ന ഇന്ദ്രിയാനുഭവത്തിൻ്റെ തീവ്രത നമ്മുടെ ശീലവൽകൃത സംവേദനത്തെ നിരാകരിക്കുന്നു.
വൈവിധ്യമാർന്നതും സങ്കീർണ്ണവുമായ അനുഭവങ്ങളും ചിന്തകളും ആശയങ്ങളും വിനിമയം ചെയ്യാൻ കഴിവുള്ള ഒരു പ്രത്യേക ഭാഷയായിട്ടാണ് പി പ്രകൃതിയെ ഉപയോഗിക്കുന്നത്. അദ്ദേഹം ചിന്തിക്കുന്നതും സ്വപ്നം കാണുന്നതും സംസാരിക്കുന്നതുമൊക്കെ പ്രകൃതിയിലൂടെയാണ്.
വിശ്വദർശനമാം നവ്യ
പ്രഭാ മണ്ഡലവേദിയിൽ
പ്രപഞ്ച കാവ്യം നിർമ്മിക്കൂ
വിശ്വനാഥൻ മഹാകവി
നീർത്തിവെച്ച മഹാകാവ്യമായി
ബ്രഹ്മാണ്ഡമണ്ഡലം
ഗോളമോരോന്നുമോരോരോ
ദീപ്ത കാവ്യാക്ഷരങ്ങളായ് (കവിയുടെ കണ്ണുനീർ ) എന്നീ
വരികളിൽ തെളിയുന്ന ദർശനം
പി.യുടെ കവിതയെ സംബന്ധിച്ചിടത്തോളം വാസ്തവമാണ്. പ്രകൃതിബിംബങ്ങൾ കാവ്യഭാഷയായി പരിണമിക്കുന്ന ഒരു ശൈലി- ഒരു പ്രതിരൂപാത്മക ഭാഷ- ചിത്രഭാഷ കവി വികസിപ്പിച്ചു.
പ്രകൃതിയിലെ നിറങ്ങളും രൂപങ്ങളും അവയുടെ പരിണാമങ്ങളും ചിത്രകാരൻ്റെ ദൃഷ്ടിയോടെ കാണാൻ പി യ്ക്ക് കഴിഞ്ഞിരുന്നു. എന്നാൽ ഒരു പ്രകൃതി നിരീക്ഷകൻ്റെ വർണനകളല്ല പി.യുടെ കവിത.പ്രകൃതിയുടെ ഭാഗമായി പ്രകൃതിയിൽ നിലകൊള്ളുന്ന ഒരു മനസ്സിൻ്റെ അനുഭവങ്ങളാണ്. ആഴവും കാമ്പുമില്ലാത്ത സൗന്ദര്യാരാധകനായ പഴഞ്ചൻ കവിയായിട്ടു മാത്രം വിലയിരുത്തപ്പെടുക എന്ന ദുര്യോഗമാണ് തൻ്റെ ജീവിതകാലത്തു പി.യ്ക്കുണ്ടായത്.പി.യെ സമീപിച്ച നിരൂപകരുടെ നോട്ടക്കണ്ണാടി പഴയതായിരുന്നു. കവിയുടെ അനുഭവവും കവിത നൽകുന്ന അനുഭവവും തമ്മിലുള്ള അകലം വളരെ ചെറുതാണ് പികവിതയിൽ.
എം.പി പോളിൻ്റെ സൗന്ദര്യ നിരീക്ഷണം എന്ന ഗ്രന്ഥത്തിലെ ചിത്രകലയും കാവ്യകലയും എന്ന ലേഖനത്തിൽ കാവ്യകലയേയും ചിത്രകലയേയും താരതമ്യത്തിനു വിധേയമാക്കുന്നു."നിശ്ചലാവസ്ഥയുടെ വർണനയിൽ ചിത്രത്തിനുള്ള സ്ഫുടതയും യഥാർത്ഥ പ്രതീതിയും കാവ്യത്തിനില്ലയെന്നും കവിതയുടെ സ്വകീയ മണ്ഡലത്തിൽ ചിത്രകലയ്ക്ക് സാധിക്കുകയില്ല കവിക്ക് ദൃശ്യകലയും അദൃശ്യ ലോകവും ഒന്നുപോലെ സ്വാധീനമാണ്. എന്നും എം.പി പോൾ പറയുന്നു. 4) ഇതിൽ നിന്നു കവിതയ്ക്കുള്ള മാധ്യമപരമായ സ്വാതന്ത്ര്യം വ്യക്തമാകുന്നതാണ്. ഭൂഭാഗ ചിത്രങ്ങളുടെ ( Landscape) സാങ്കേതിക മികവ് പി.യുടെ ഭാവന പുലർത്തുന്നുണ്ട്. റൊമാൻ്റിസിസവുമായി വികസിച്ചുവന്ന ചിത്രകലയിലെ ഇംപ്രഷിനിസത്തോടാണ് പി.യുടെ ആഖ്യാനത്തിനു ചേർച്ചയുള്ളത്.
ഇന്ന് ലോകത്തിലെ കലാസ്വാദകർക്കിടയിൽ ഏറ്റവും പ്രചാരമുള്ള ചിത്രങ്ങളിൽ ചിലവ ഇംപ്രഷണിസ്റ്റ് ചിത്രങ്ങളാണ് .മോനെ, പിസ്സാറെ, റ്റേഗാ, റെന്വാർ, സിസ് ലി എന്നീ ഇംപ്രഷണിസ്റ്റ് ചിത്രകാരന്മാർ വളരെ പ്രശസ്തരാണ്.1872-ൽ ക്ലോഡ് മോനെ രചിച്ച ഇംപ്രഷൻ - സൂര്യോദയം 5, എന്ന ചിത്രമാണ് ലോകത്തിലെ ആദ്യത്തെ ഇംപ്രഷണിസ്റ്റ് ചിത്രമായി കണക്കാക്കുന്നത്. " വെറും കണ്ണുമാത്രം"മോനെയെപ്പറ്റി പോൾ സെസാൻ പറഞ്ഞു. " പക്ഷെ എന്തൊരു കണ്ണ് എന്ന് മോനെയുടെ ചിത്രങ്ങൾ കാണുന്ന ആരും പറഞ്ഞുപോകും. ബാഹ്യ വസ്തുക്കളും പ്രകാശകിരന്നങ്ങളുമാണ് ഇംപ്രഷനിസത്തിൽ മുഖ്യമായത്. കവിയും പണ്ഡിതനുമായ ജൂലെ ലപ്പോർഗ് (1860-1887) impressionism എന്ന പുസ്തകത്തിൽ പറയുന്നു "പ്രകൃതിയും നേത്രവുമായുള്ള വിനിമയത്തിൽ കണ്ണിൻ്റെ സംവദനക്ഷമത നേരിട്ടുപയോഗിക്കുന്നു ഇംപ്രഷണിസ്റ്റ് ചിത്രകാരൻ ഉജ്വലമായ രംഗങ്ങൾ ഇങ്ങനെ ഉൾക്കൊള്ളുക മൂലം തൻ്റെ വിദ്യാഭ്യാസത്തിലൂടെയോ മറ്റു മാനസിക താത്പര്യങ്ങളിലൂടെയോ ഉള്ള പരിമിതികൾക്കുപരിയായി ജന്മവാസനയിലൂടെയുണ്ടായിരുന്ന ഒരു തരം ദർശനം നേടിയെടുക്കുന്നു.
6)കാഴ്ചയ്ക്ക് പിന്നിലെ മനസ്സിനെ ബഹിഷ്കരിച്ച് പ്രകാശവും വസ്തുക്കളും തമ്മിൽ കൂടിച്ചേരുമ്പോൾ ദൃശ്യമാകുന്ന സൗന്ദര്യസംസ്കാരമാണ് ഇംപ്രഷണിസ്റ്റുകൾ രൂപപ്പെടുത്തിയത്. ഇംപ്രഷണിസ്റ്റുകൾക്ക് എല്ലാം ലാൻഡ്സ്കേപ്പായിരുന്നു.പ്രകൃതിയെ നിഷ്ക്കളങ്കമായി കണ്ടു കൊണ്ട് അതിൻ്റെ സവിധത്തിലേക്ക് ഇറങ്ങിച്ചെല്ലുകയും അതിൻ്റെ സത്തയിലേക്ക് സൗന്ദര്യത്തിലേക്ക് നമ്മെ ലയിപ്പിക്കുകയാണ് ഇംപ്രഷണലിസം ചെയ്തത്.കലാചിന്തകനായ ഹെർബർട്ട് റീഡ് ഈ അന്തരീക്ഷ സൃഷ്ടിയെക്കുറിച്ച് എഴുതി "പ്രകൃതി ദൃശ്യകല സവിശേഷമായും കാല്പനികമാവുകയും അന്തരീക്ഷ സൃഷ്ടിയെ പ്രകൃഷ്ട അനുഭവാവിഷ്ക്കാരത്തിനേക്കാൾ സൃഷ്ടിക്കുവേണ്ടിയുള്ള ഒന്നാക്കുകയും ചെയ്തു. 7) പ്രകൃതിയിലേക്കുള്ള തിരിച്ചറിവായിരുന്നല്ലോ കാല്പനികതയുടെ കാവൽ.ആത്യന്തികമായി നമുക്ക് നമ്മെക്കുറിച്ചുണ്ടായിരുന്ന കാഴ്ചപ്പാടിനെ മാറ്റിമറിച്ചു കാല്പനികത. ഭൂപ്രദേശ ചിത്രങ്ങളുടെ പ്രചോദനമാണ് പ്രകൃതിയെ തിരിച്ചറിയാൻ കല്പനിക കവികളെ പ്രേരിപ്പിച്ചത്.കീറ്റ്സും ഷെല്ലിയും മലഞ്ചെരിവുകളുടെ വന്യതയെക്കുറിച്ച് പാടിയത്.പ്രകൃതി എന്ന യഥാർത്ഥ സത്തയെത്തേടുവാൻ പ്രചോദകമായത് ചിത്രകലയുടെ സ്വാധീനം തന്നെയാണെന്ന് കലാസാംസ്കാരിക പരിണാമത്തിൽ തിരിച്ചറിഞ്ഞിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് പി.കുഞ്ഞിരാമൻ നായരുടെ ചിത്രാധിഷ്ഠിതമായ ഭാവനയെ സൂക്ഷ്മമായി പരിശോധിക്കേണ്ടത്.
മലയാളത്തിൽ അനന്യമെന്നു പറയാവുന്ന ദൃശ്യപരമായ കാവ്യശൈലിയാണ് പി.യുടേത്.കേൾക്കുകയോ വായിക്കുകയോ ചെയ്യുന്നതിലുപരിയായി കാണേണ്ട കവിതയാണത്.
വിണ്ണിൻ്റെയുത്സവ പന്തലിൻ താഴെയായ്
പൊന്നു കെട്ടിച്ചതഴകൾ
തൈതെങ്ങുകൾ
സ്വച്ഛതയ്ക്കൂഞ്ഞാലിലാടുവാൻ
ചാരത്തു പച്ചക്കടലായ
മരയാൽ മരത്തിനു
പിന്നിലോകോവിലിൻ താഴികക്കുടം
അമ്പലമുറ്റത്തുകാർ വണ്ടുതേൻകണ
മുണ്ടു മുരളുന്ന ചെന്താമരക്കുളം
കണ്ണാടി വീട്ടിലെ മാനസപ്പൊയ്കയിൽ
നിന്നു വരുന്നു വന്നുള്ള ഹംസങ്ങളും
ആനന്ദതീർത്ഥമുറഞ്ഞു നിൽക്കുന്നതാ
മാമണിപ്പൊയ്ക തന്നൊത്ത നടുവിലായ്
നിത്യ പ്രഭാവം പുലർത്തും
നവരത്ന നിർമ്മിതമായുള്ളൊരത്ഭുത മന്ദിരം. 8)
ചിത്രകാരൻ്റെ ഭാവുകത്വം ഈ വർണ്ണനയിൽ നാം അനുഭവിക്കുന്നു.പി കവിത ദൃശ്യസാംസ്കാരത്തിൻ്റെ വ്യത്യസ്ത സ്വഭാവങ്ങൾ കാണിക്കുന്നുണ്ട്.
(ഒന്ന് ) തുറന്ന കണ്ണുകളോടെ പി.എന്ന വ്യക്തിലോകത്തെ കണ്ടിരുന്നു. കാഴ്ചകളോടുള്ള ആസക്തി പി കവിതയിലെഴുതുന്നതു പോലെ
അന്തിക്കു ചെമ്പകം പൂത്ത പടിക്കലേക്കെന്തിനോ
ദാഹിച്ചു ചെല്ലുന്നു കണ്ണുകൾ
(മാഞ്ഞു മറഞ്ഞ പൂക്കാലം) ദാഹിച്ചു ചെല്ലുന്ന കണ്ണ് കാഴ്ചകളോടുള്ള പ്രത്യേക ആസക്തിയെ സൂചിപ്പിക്കുന്നു. നമ്മുടെ കാഴ്ചാശീലങ്ങളെ ( ശീലവൽകൃതം) മറികടക്കുന്നതാണ് പി.യുടെ നോട്ടങ്ങൾ. സാധാരണക്കാരൻ്റെ നോട്ടത്തിൽ നിന്ന് വ്യതിരിക്തമാണ് ചിത്രകാരൻ്റെ നോട്ടങ്ങൾ. പ്രകൃതിയിലെ രൂപങ്ങളെയും വർണങ്ങളെയും അവയുടെ വൈവിധ്യത്തോടെ അതിസൂക്ഷ്മമായി പി. കണ്ടെടുക്കുന്നു.
(രണ്ട് ). നിറങ്ങളോടുള്ള ആസക്തി പി. കവിതയുടെ മറ്റൊരു സവിശേഷതയാണ്
നീല, വെളുപ്പ്, ചുവപ്പ്, കറുപ്പ് ,സ്വർണ്ണ നിറം, വെള്ളി നിറം എന്നീ നിറങ്ങൾ പി.കവിതകളിൽ നിറഞ്ഞു നില്ക്കുന്നുണ്ട്. ഈ നിറങ്ങളുടെ ഉറവിടങ്ങളുമായി ബന്ധപ്പെട്ട അർത്ഥകല്പനയോടെയാണ് കവി വർണപദങ്ങൾ ഉപയോഗിച്ചിരിക്കുന്നത്. ഉദാഹരണമായി നീലനിറത്തിൻ്റെ വാഹകരായി കടൽ, ആകാശം എന്നിവയാണ് കവിതയിൽ പ്രത്യക്ഷപ്പെടുന്നത്.അപാരത എന്ന സങ്കല്പം ധ്വനിപ്പിക്കാനാണ് കവി നീലനിറം ഉപയോഗിക്കുന്നത്. അപാരതയ്ക്ക് ആധ്യാത്മികമായ ഒരർത്ഥം കവി കല്പിച്ചിരിക്കുന്നതിനാൽ ആദ്ധ്യാത്മിക ഭാവം നിറയുന്ന സന്ദർഭങ്ങളിൽ കടലോ ആകാശമോ കവിതയിൽ പ്രത്യക്ഷപ്പെടുന്നു.
ഉദാ:
നീല രത്നാമരം മന്ദ്ര ശംഖനാദം മുഴക്കവേ
ഗിരി ശ്രേണികൾ നിഷ്പന്ദം
മൂകരായ് തൊഴുതുനില്പായ്
(പൊന്നമ്പലം)
നീല സദസ്സിലലിഞ്ഞൊന്നു പാടുവാൻ
ധീരവ ശാന്തി തൻ തേൻ നുകരാൻ
(കാടിൻ്റെ മടിയിൽ)
നീലനിറത്തോടുള്ള കവിയുടെ ആസക്തി മന:ശാസ്ത്രപരമായ വിശകലനം അർഹിക്കുന്നതാണ്. കടൽ, ആകാശം ഇവ കൂടാതെ മല, നിലാവ്, മേഘം, പൂക്കൾ എന്നിവയൊക്കെ തന്നെ പി.ക്ക് നീലയാണ്.
നീലമലയും കടലും കാക്കും
മാമലനാടിൻ തിരുനടയിൽ
( നീരാഞ്ജനം)
താമരമൊട്ടിലെ നീല -
ഭൃംഗമായ് നീയുണരൂ
(നീരാഞ്ജനം)
ഓണം വന്നോ ഓണം വന്നോ
നിൻ തറവാട്ടിൽ നീലമലേ
( പൊന്നോണം)
വ്യോമം നീലമലയിൽ നാം കണ്ടോ
മാമലയിലൊരമ്പലമില്ലേ
മുമ്പു നീലമലയിൽ നാം കണ്ടോ
രമ്പലത്തിലിന്നുത്സവമല്ലാ
(അർദ്രാദർശനം)
നീരവ നീരദമാല കദംബങ്ങൾ
നീളുന്ന നീലമലകൾ തോറും
(ഒരു കടങ്കഥ)
പി.യുടെ കവിതയിൽ നീല നിറത്തിലേക്കുള്ള ചലനം പരമശക്തിയിൽ വിലയം പ്രാപിക്കാനുള്ള ജീവജാലങ്ങളുടെ ത്വരയായി വ്യാഖ്യാനിക്കപ്പെടുന്നു.
ആകാശത്തിലേക്കു പറക്കുന്ന പക്ഷികൾ, സമുദ്രത്തിലേക്കു കുതിക്കുന്ന നദികൾ തുടങ്ങി രീതിയിലുള്ള പി .യുടെ പ്രയോഗങ്ങൾ ഇതിനെ സൂചിപ്പിക്കുന്നുണ്ട് (മൂന്ന്) വെളിച്ചത്തോട് ഒരു പ്രത്യേക അഭിനിവേശം തന്നെയുണ്ട് പിയ്ക്ക് സ്വർണ്ണം, വെള്ളി നിറങ്ങൾ വെളിച്ചത്തിന് രൂപഭേദങ്ങളായി പി.യുടെ കവിതയിൽ നിറയുന്നുണ്ട്.
ഇതിൽ സ്വർണ്ണ നിറത്തിൻ്റെ വാഹകരാകുന്നത് പ്രഭാത സൂര്യൻ, കണിക്കൊന്ന, നെൽക്കതിരുകൾ എന്നിവയാണ്. സ്വർണ നിറത്തിന് സമൃദ്ധി, ഐശ്വര്യം എന്നിവയോടുള്ള ബന്ധം വളരെ പ്രധാനം.കണിക്കൊന്ന കേരള പ്രകൃതിയിൽ സ്വർണ വർണം നിറച്ച്സമൃദ്ധിയുടെയും തൻമൂലം സംസ്കൃതിയുടേയും പ്രതീകവർണത്തെ കുറിക്കുന്നു. ചിങ്ങപ്പൊൻവെയിൽ, സൗവർണ്ണ പ്രഭാതം, പ്രാചിതൻ പൊൻകോവിൽ, " പൊന്നിൻ കസവുകൾ നെയ്തു തള്ളും മഞ്ഞുമുകിൽ സ്നഹം തഴപ്പിൽ കാണാ മുജ്വല സ്വർണ്ണ ദീപം" എന്നിങ്ങനെ നിരവധി സുവർണ കല്പനകൾ നിറഞ്ഞു നില്ക്കുന്നു. ഇങ്ങനെ സ്വർണനിറം ഉത്തേജിതമായ മനോനിലയുടെയും സമൃദ്ധിയുടെയും സൂചകമായിത്തീരുന്നു.
വെളിച്ചവും നിറങ്ങളും തമ്മിലുള്ള പ്രതിപ്രവർത്തനം കാരണം പ്രകൃതിയിൽ മരവിക്കപ്പെട്ട മുഹൂർത്തങ്ങളില്ല എന്ന അടിസ്ഥാനമാണ് ഇംപ്രഷണിസ്റ്റ് ചിത്രകലയുടെ അടിസ്ഥാനം. ശൈലീകൃതമായ കാഴ്ചകളെ നിരാകരിച്ച് വെളിച്ചം നിറങ്ങളിൽ സൃഷ്ടിക്കുന്ന സൂക്ഷ്മവ്യതിയാനങ്ങൾ മനസ്സുതുറന്നു നിരീക്ഷിക്കുകയും ഓരോ ദൃശ്യത്തിൻ്റെയും സ്വഭാവിക പൂർണ്ണത അനുഭവിക്കുകയുമായിരുന്നു ഇംപ്രഷണിസ്റ്റ് കല, പി.യുടെ ആഖ്യാനശൈലി ഇംപ്രഷണിസ്റ്റു ദർശനത്തോടു ചേർന്നു നില്ക്കുന്നു.
ഗ്രന്ഥസൂചി:
1.Krishnamoorthy.J, Commentaries On living, Krishnamoorthy publications, Chennai, 1975
2.കുഞ്ഞിരാമൻ നായർ.പി (അഭിമുഖം: അക്കിത്തം) മാതൃഭൂമി ആഴ്ചപ്പതിപ്പ്, 1970 മേയ് 3
3. അപ്പൻ കെ.പി, ചരിത്രത്തെ നിങ്ങൾക്കൊപ്പം കൂട്ടുക, ഡി.സി ബുക്സ്, കോട്ടയം, 2008
4. ജ്യോതിഷ്കുമാർ അജയപുരം,കവിതയുടെ രഥോത്സവം, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം, 2002
5. ബഷീർ.കെ, അനന്തത - സ്ഥലം, ചിത്രതലം, സാംസ്ക്കാരികതലം, ഫിഷർ പബ്ലിക്കേഷൻസ്, കൊച്ചി, 2001
6. കവിതാ ബാലകൃഷ്ണൻ, ആധുനിക കേരളത്തിൻ്റെ ചിത്രകല
ആശയം, പ്രയോഗം, വ്യവഹാരം, കേരള ഭാഷാ ഇൻസ്റ്റിസ്റ്റൂട്ട്, തിരുവനന്തപുരം, 2007
7. രാമവർമ്മ ,കെ.ടി. ചിത്രകലാ പ്രസ്ഥാനങ്ങളിലൂടെ, പൂർണ പബ്ലിക്കേഷൻസ്, കോഴിക്കോട്, 2006
8. കുഞ്ഞിരാമൻ നായർ.പി, സമ്പൂർണ്ണ കൃതികൾ, (വാല്യം -ഒന്ന്, രണ്ട് ) ഡി.സി ബുക്സ്, കോട്ടയം, 2005
ഡോ.സഞ്ജയകുമാർ.എസ്
അസോസിയേറ്റ് പ്രൊഫസർ
മലയാള വിഭാഗം
ഗവ.ആട്സ് ആൻറ് സയൻസ് കോളേജ്, നിലമ്പൂർ
Comments