top of page

ജനജീവിതവും ജീവിതവൃത്തിയും

ഒരു ദേശത്തിൻകതൈ

ഭാഗം -3 .

ഡോ.ഷിബു കുമാർ പി എൽ

കാർഷികവൃത്തിയുമായി ബന്ധപ്പെട്ട തൊഴിലുകളായിരുന്നു തെക്കൻതിരുവിതാംകൂറിൽ ആദ്യകാലത്ത് ഉണ്ടായിരുന്നത്. കൃഷിക്ക് അനുയോജ്യമായ വളക്കൂറുള്ള മണ്ണാണ് ഇവിടത്തത്. മലനാടുഭാഗങ്ങളിൽ കറുത്തമണ്ണ് സമൃദ്ധമാണ്. ഇടനാട്ടിൽ ചരൽമണ്ണും ചെമ്മണ്ണുമാണ്. തീരദേശങ്ങളിൽ മണലും തീരംവിട്ടുകഴിഞ്ഞാൽ കൃഷിഭൂമിയുമാണ്. ഓരോ പ്രദേശവും വിവിധതരം വിളകളുടെ ഭൂമിയാണെങ്കിലും എല്ലാപ്രദേശത്തും ഒന്നുപോലെ ചെയ്തുവന്നിരുന്നത് നെൽക്കൃഷിയായിരുന്നു. തോവാള, അഗസ്തീശ്വരം താലൂക്കുകൾ അന്നും ഇന്നും നെൽക്കൃഷിക്കു പേരുകേട്ട ഇടങ്ങളാണ്. തിരുവിതാംകൂറിന്റെ നെൽക്കലവറയായ 'നാഞ്ചിനാട്' ഈ രണ്ടു താലൂക്കുകളാണ്. നാഞ്ചിനാട്ടിലെ നെൽക്കൃഷിക്കു 'വിരിപ്പ്' എന്നു പറയും. വിരിപ്പുകൃഷി വർഷത്തിൽ രണ്ടുതവണ ചെയ്യുന്നു ഏപ്രിൽ-ജൂൺ മാസത്തെ കന്നിപ്പൂവിളയും രണ്ടാംപാദക്കൃഷിയായ സെപ്തംബർ-ഒക്‌ടോബർ മാസത്തെ കുംഭപ്പൂക്കൃഷിയുമാണ് പ്രധാനം (കന്യാകുമാരിജില്ല സെൻസസ് റിപ്പോർട്ട്:2011:6). കോതയാറിൽനിന്നുള്ള വെള്ളമാണ് ഇവിടത്തെ കൃഷിക്ക് ഉപയോഗിക്കുന്നത്.

അടുത്തകാലംവരെയും കലപ്പയും കാളയും നുകവും ഉപയോഗിച്ചുള്ള കൃഷിയാണ് സാർവത്രികമായിരുന്നത്. പുതിയകാലത്ത്,വലിയപാടങ്ങൾ ട്രാക്ടർ ഉപയോഗിച്ചും ചെറിയ വയലുകൾ സാമ്പ്രദായികരീതിയിലും ഉഴുതുനടന്നു. നാഞ്ചിനാട്ടിൽ ഉള്ളതുപോലെ നെൽക്കൃഷി വിളവൻകോട്, കല്ക്കുളം താലൂക്കുകളിലില്ല. നാമമാത്രകൃഷിയാണ് അവിടെ കാണാൻ കഴിയുന്നത്. അവിടങ്ങളിലെ നെൽക്കൃഷി മറ്റുവിളകളായ വാഴക്കൃഷിക്കും മരച്ചീനിക്കൃഷിക്കും വഴിമാറിക്കഴിഞ്ഞു. ആദ്യകാലത്തു വയലുകളിൽ വാഴക്കൃഷി വ്യാപകമായിരുന്നില്ല. ഇവിടത്തെ വയലുകളിൽ നെല്ലൊഴികെ ബാക്കി എല്ലാകൃഷിയും ഇന്നു പരീക്ഷിച്ചുപോരുന്നു. റബ്ബർ, വാഴ, തെങ്ങ്, അൽപ്പശി തുടങ്ങിയവയാണ് പകരക്കൃഷിയായി ചെയ്യുന്നത്. തോട്ടവിളകളെല്ലാം വയൽവിളകളായി മാറിക്കഴിഞ്ഞു. നെൽക്കൃഷി ലാഭകരമല്ലാത്തതും കടബാധ്യത ഉണ്ടാക്കുന്നതുമായപ്പോഴാണ് കർഷകർ മറ്റുകൃഷികളിലേക്കു തിരിഞ്ഞത്. മറുകൃഷികളിൽ ഏറ്റവും പ്രധാനപ്പെട്ടത് ഏത്തവാഴയാണ്. കേരളത്തിന്റെ പലഭാഗത്തേക്കും കയറ്റുമതിചെയ്യുന്ന ഏത്തക്കുലയുടെ നല്ലൊരുപങ്കും തെക്കൻതിരുവിതാംകൂറിലെ വയലുകളിൽനിന്നാണ് കൊണ്ടുപോകുന്നത്. നിലവിൽ കൽക്കുളം, അഗസ്തീശ്വരം, തോവാളപ്രദേശങ്ങളിൽ മാത്രമാണ് നെൽക്കൃഷിയുള്ളത്. ഇന്നു നെൽക്കൃഷി സാമ്പത്തികനഷ്ടമുണ്ടാക്കുന്ന ഒന്നായിത്തീർന്നു. റേഷൻകടകൾ വഴി ലഭിക്കുന്ന അരിയും മറ്റുസംസ്ഥാനങ്ങളിൽനിന്ന് മിതമായ വിലയ്ക്കു ലഭിക്കുന്ന അരിയും നെൽക്കൃഷിയോടുള്ള താത്പര്യം നശിപ്പിച്ചു. കഠിനാധ്വാനവും ശ്രദ്ധയോടുള്ള പരിപാലനവും നെൽക്കൃഷിക്ക് അത്യാവശ്യമായതിനാൽ പുതിയ തലമുറയ്ക്ക് ഇതിനോടുള്ള താല്പര്യമില്ലാതെയാക്കി.കൂടാതെ ഉല്പാദനക്ഷമമല്ലാത്ത നെൽവിത്തുകളും കാലാവസ്ഥാവ്യതിയാനവും നെൽക്കൃഷിയെ നഷ്ടക്കൃഷിയാക്കിമാറ്റി.

നെൽക്കൃഷി സാർവ്വത്രികമായിരുന്നകാലത്തു കൊയ്ത്തുകഴിഞ്ഞു, കുംഭം-മീനമാസങ്ങളിലെ കരിപ്പുസമയത്തു വയലിൽ ഉഴുന്ന്, പയർ, എള്ള് എന്നിവ ഇടക്കാലവിളയായി കൃഷി ചെയ്തിരുന്നു. ഒരു കുടുംബത്തിന് ഒരു വർഷത്തേക്ക് ആവശ്യമായ എള്ളും ഉഴുന്നും പയറും ഈ ഒറ്റവിളയിലൂടെ ലഭിക്കുമായിരുന്നു.


വെറ്റിലക്കൃഷിയും പറങ്കിമാവുകൃഷിയും ചില സ്ഥലങ്ങളിൽ കണ്ടുവരുന്നുണ്ട്. എല്ലായ്‌പോഴും നനവുവേണ്ട ചെടിയാണ് വെറ്റില. വിളവൻകോട്, കൽക്കുളം, നെയ്യാറ്റിൻകരത്താലൂക്കുകളിൽ മാത്രമാണ് ചെറിയതോതിലെങ്കിലും വെറ്റിലക്കൃഷിയുള്ളത്. പറങ്കിമാവുതോട്ടങ്ങൾ കൂടുതലും പൊക്കംകൂടിയ ഇടങ്ങളിലും പാറക്കെട്ടുകൾക്കിടയിലുമാണ് കണ്ടുവരുന്നത്. പരിപാലിച്ചുചെയ്യുന്ന വിളവല്ല ഇവിടെ പറങ്കിമാവുകൃഷി. മറ്റൊന്നും ചെയ്യാൻ കഴിയാത്തതുകൊണ്ടും കരകൾ തരിശായിക്കിടക്കാതിരിക്കാനും വേണ്ടിയാണ് പറങ്കിമാവുകൾ നടുന്നത്. പറങ്കിമാവിൽനിന്ന് വലിയതോതിലുള്ള ആദായമൊന്നും കിട്ടാറില്ല.അതുകൊണ്ട് അതിനെ ഒരു നാണ്യവിളയായോ തോട്ടവിളയായോ തെക്കൻതിരുവിതാംകൂറിൽ പരിഗണിച്ചിട്ടില്ല.


അടയ്ക്കാമരങ്ങൾ ധാരാളമുണ്ടെങ്കിലും അതും ആദായക്കൃഷിയായിട്ടു നടത്തുന്നില്ല. വയൽവരമ്പുകളിലെ തെങ്ങുകളുടെ ഇടയിലും കുളങ്ങളുടെ കരയിലും വഴിയരികിലും നട്ടുവളർത്തുന്ന വെറും മരമായിട്ടാണ് അടയ്ക്കാമരത്തെ കണ്ടുവരുന്നത്. ഓരോ കുടുംബത്തിനും വെറ്റിലമുറുക്കിന് ആവശ്യമായ അടയ്ക്കയ്ക്കുവേണ്ടിമാത്രമാണ് കവുങ്ങ് നടുന്നതും പരിപാലിക്കുന്നതും. ആവശ്യം കഴിഞ്ഞു ബാക്കിവരുന്നത് വില്ക്കും കാസർകോട്, കണ്ണൂർഭാഗങ്ങളിൽ കാണുന്നതുപോലെ വ്യാവസായികാടിസ്ഥാനത്തിൽ അടയ്ക്കാക്കൃഷി ഇവിടെ സാർവ്വത്രികമായിട്ടില്ല. നാട്ടിലെ ഉത്സവങ്ങൾക്കു കൊടികയറുമ്പോൾ സ്ഥിരം കൊടിമരമില്ലാത്ത അമ്പലങ്ങളിൽ താൽക്കാലികകൊടിമരമായിട്ട് ഉപയോഗിക്കുന്നത് അടയ്ക്കാമരത്തെയാണ്. കവുങ്ങ് എന്നാണ് ഈ മരം ഇവിടെ അറിയപ്പെടുന്നത്. വ്യാവസായികാടിസ്ഥാനത്തിൽ കൃഷിചെയ്തിരുന്നെങ്കിൽ നിലവിൽ തെങ്ങുകൃഷിയെക്കാൾ ലാഭകരമാകുമായിരുന്നു കവുങ്ങുവളർത്തൽ. എന്നാൽ തെക്കൻതിരുവിതാംകൂറുകാർ അതിനും വേണ്ടത്ര ഗൗരവം നൽകുന്നില്ല. കവുങ്ങിന്റെ പാളകൊണ്ടുള്ള ഉല്പന്നങ്ങൾക്ക് ഇന്ന് അന്താരാഷ്ട്രവിപണിയിൽ ആവശ്യക്കാർ ഏറെയാണ്. എന്നിട്ടും ഇന്നാട്ടുകാർ അതിന്റെ വിപണിസാധ്യത പ്രയോജനപ്പെടുത്താതെ പരമ്പരാഗതകൃഷികളും റബ്ബർക്കൃഷിയും ചെയ്യാനാണു താല്പര്യപ്പെടുന്നത്.


മരച്ചീനിക്കൃഷി

ഇടനാടുകളിൽ മരച്ചീനി ഒരു പ്രധാനഭക്ഷ്യക്കൃഷിയാണ്. അരിയുല്പാദനത്തിൽ സ്വയംപര്യാപ്തത നേടാത്ത കേരളത്തിൽ ഒരുകാലത്തു പട്ടിണിയും ദാരിദ്ര്യവും മാറ്റുന്നതിൽ മരച്ചീനിക്കൃഷി വലിയ പങ്കുവഹിച്ചിരുന്നു. ആദ്യകാലത്തു കരകളിലായിരുന്നു മരച്ചീനിക്കൃഷി ചെയ്തിരുന്നത്. ഇന്നു വയലുകളിലും ചെയ്തുവരുന്നു. ഇവിടത്തെ കരമരച്ചീനിയെക്കാൾ വയൽമരച്ചീനിക്കു സ്വാദും വേവും കൃത്യമാണ്.

ഫലവൃക്ഷങ്ങളായ മാവ്, പ്ലാവ്, പപ്പായ, മറ്റു വൃക്ഷങ്ങളായ പുളി, കറിവേപ്പില, നെല്ലിമരം എന്നിവ പുരയിടങ്ങളിൽ വീട്ടാവശ്യത്തിനായി വളർത്തുന്നു. വാണിജ്യാടിസ്ഥാനത്തിൽ ഇവയ്ക്കു വലിയ സാധ്യതകൾ ഉണ്ടായിരുന്നിട്ടും അവയെ ആ രീതിയിൽ ഇവിടെ കൃഷിചെയ്തുവരുന്നില്ല.

അഗസ്തീശ്വരം, കല്ക്കുളം, വിളവൻകോടുതാലൂക്കുകളിൽ കരിമ്പനകൾ ധാരാളമായി കണ്ടുവരുന്നു. പനയിൽനിന്നു നൊങ്കും അക്കാനിയും കള്ളും ലഭിക്കുന്നു. അക്കാനി കാച്ചിയാണ് കരിപ്പട്ടി തയ്യാറാക്കുന്നത്. കരിപ്പട്ടി ഔഷധക്കൂട്ടുകൾക്ക് ഉപയോഗിക്കുന്ന ഒരു ചേരുവയാണ്. നാടാർ, ചാന്നാർസമുദായത്തിൽപ്പെട്ടവരാണ് പനയിൽ കയറുന്നത്. തെങ്ങുപോലെ പ്രധാനമാണ് തെക്കൻതിരുവിതാംകൂറുകാർക്ക് പനയും. തെക്കിന്റെ കല്പവൃക്ഷമെന്നാണ് പനകൾ അറിയപ്പെടുന്നത് (കന്യാകുമാരിജില്ല സെൻസസ് റിപ്പോർട്ട്:2011:34).


റബ്ബർക്കൃഷി

മരച്ചീനിയും പ്ലാവും മാവും പനയും അടങ്ങിയ മരങ്ങൾ നിന്നിരുന്ന ഭൂമികളെല്ലാം ഇന്ന് റബ്ബർമരത്തിനു വഴിമാറിക്കൊടുത്തുകഴിഞ്ഞു. കന്യാകുമാരിജില്ലയുടെ തീരദേശത്തൊഴികെ ബാക്കിയെല്ലായിടത്തും റബ്ബർക്കൃഷി വ്യാപകമാണ്. ആറുകാണി, തടിക്കാരക്കോണം, പത്തുകാണി തുടങ്ങിയ മലയോരമേഖലകളിലായിരുന്നു ആദ്യം റബ്ബർക്കൃഷി തുടങ്ങിയതെങ്കിലും അതിന്റെ ലാഭസാധ്യത ജില്ലയിലാകെ വ്യാപിച്ചു. അധികംതാമസിയാതെ റബ്ബർക്കൃഷി മറ്റുകൃഷികളെയെല്ലാം പിൻതള്ളി മുൻപന്തിയിൽ വരുകയും ചെയ്തു. ഉയർന്നപ്രദേശങ്ങളിൽ മാത്രം കണ്ടിരുന്ന റബ്ബർ ഇന്നു കന്യാകുമാരിജില്ലയിലെ മധ്യവർഗ്ഗകുടുംബക്കാരുടെ പ്രധാനവരുമാനസ്രോതസ്സായി മാറി.


 

6 views0 comments
bottom of page