top of page

ജനായത്തഭാഷയുടെ വഴിയും പൊരുളും

ഡോ.കെ.പി. രവിചന്ദ്രൻ

ആമുഖം

ഭാഷയുടെ ജനാധിപത്യജീവിതം ഒരു സമൂഹത്തിന്റെ രാഷ്ട്രീയ സാംസ്കാരിക മണ്ഡലങ്ങളിലെ ജനാധിപത്യജീവിതത്തെ ആശ്രയിച്ചിരിയ്ക്കുന്നു.ഭാഷയുടെ പരിണാമചരിത്രത്തിൽ ആ സമൂഹത്തിന്റെ രാഷ്ട്രീയസാമൂഹികചരിത്രവും ഉള്ളടങ്ങുന്നു. ഒരു സമൂഹത്തിന്റെ ഉയർച്ചതാഴ്ചകൾ ആ സമൂഹത്തിന്റെ ഭാഷയിൽ അടയാളപ്പെടുന്നുണ്ട്. ഭാഷയിൽ വിവേചനത്തിന്റേയും വിമോചന ത്തിന്റേയും മൂല്യങ്ങൾ പ്രകടമാകുന്നത് അങ്ങനെയാണ്. കേരളത്തിൽ ചരിത്രപരമായി രൂപപ്പെട്ട നിരവധി രാഷ്ട്രീയ സാമൂഹിക സംഘർഷങ്ങളുടെ ചൂടേറ്റ് പരിണമിച്ചുണ്ടായതാണ് ആധുനിക മലയാളഭാഷ. സാമൂഹികവും സാംസ്കാരികവും രാഷ്ട്രീയവുമായ പരിവർത്തനങ്ങളുടെ മാധ്യമമായിത്തന്നെയാണ് മലയാളഭാഷ നിലനിന്നുപോരുന്നത്.

സ്വാതന്ത്ര്യം, ജനാധിപത്യം, സമത്വം, സാഹോദര്യം,മാനവികത,മാനവികാനന്തരത തുടങ്ങിയ ആധുനികവും ആധുനികാനന്തരവുമായ മൂല്യങ്ങളുമായി സംവദിച്ചും അവയെ സ്വാംശീകരിച്ചുമാണ് ഭാഷ മുന്നോട്ടുപോകുന്നത്. മാതൃഭാഷയും നവോത്ഥാനവും ജനാധിപത്യവും തമ്മിൽ ഏറ്റവും കൂടുതൽ ബന്ധം സൂക്ഷിയ്ക്ക പ്പെടുന്നത് കേരളത്തിലാണ് എന്ന ഡോ. പി. പവിത്രന്റെ (2014:15) നിരീക്ഷണം ഇതോടൊപ്പം ചേർത്തു വായിക്കാം. മലയാളഭാഷയുടെ ജനാധിപത്യവല്ക്കരണ പ്രക്രിയയെ ത്വരിപ്പിച്ച പ്രത്യക്ഷവും പരോക്ഷവുമായ നിരവധി ഘടകങ്ങളുണ്ട്. മനുഷ്യന്റെ ബോധപൂർവമായ ഇടപെടലാണ് സാമൂഹ്യമാറ്റത്തെ ശക്തമാക്കു ന്നത്. ഓരോകാലത്തെ ഭാഷയുടെ ഉണർവ്വുകൾക്കു പിന്നിലും ബോധ പൂർവമായ ഇടപെടലുകൾ ഉണ്ട്.

 

ജനായത്തഭാഷ

ഭാഷയുടെ രാഷ്ട്രീയപ്രയോഗമാണ് ജനാധിപത്യം. ഭാഷയുടെ വിനിമയത്തിലൂടെയാണ് സാമൂഹിക ബന്ധങ്ങളും സാമൂഹികവ്യവ സ്ഥകളും നിലനിൽക്കുന്നത്. വിനിമയം മാതൃകാപരമാകുന്നതാണ് ഭാഷയിലും സമൂഹത്തിലും ജനാധിപത്യം പ്രവർത്തിക്കുന്നതിന്റെ തെളിവ്. ശാസ്ത്രവും സാങ്കേതികവിദ്യയും ഭാഷയില്ലാതെ പ്രവർത്ത നക്ഷമമാകുന്നില്ല.  ജ്ഞാനത്തിന്റേയും മൂല്യങ്ങളുടേയും പ്രസരണവും ഭാഷയില്ലാതെ സാധ്യമല്ല. സാമൂഹികസാംസ്കാരിക പരിവർത്തനങ്ങളെ ഭാഷയാണ് സാധ്യമാക്കുന്നതെന്നാണ് ഇതിനർത്ഥം. ജനാധിപത്യം ഒരു ഭാഷാബന്ധം കൂടിയാണെന്ന ഹെബർമാസിന്റെ നിരീക്ഷണം ഇവിടെ പ്രസക്തമാണ്. 

 ഭാഷകൊണ്ട് നിർണയിയ്ക്കപ്പെടുന്ന ദേശത്തെക്കുറിച്ചുള്ള സങ്കല്പം ആധുനികമാണ്. ദേശഭാഷ മാതൃഭാഷയാണ്. ആധുനികവ്യക്തി മാതൃഭാഷയിലൂടെയാണ് ദേശരാഷ്ട്രവുമായി ബന്ധപ്പെടുന്നത്. 1956 ജനുവരി1-ന് ഔപചാരികമായി രൂപപ്പെട്ടത് ‘മലയാളികളുടെ മാതൃഭൂമി’യായ ആധുനികകേരളമായിരുന്നു. ഭാഷയെ അടിസ്ഥാനപ്പെടുത്തി നടത്തിയ ദേശനിർമ്മിതിയുടെ രാഷ്ട്രീയമാണതിൽ പ്രവർത്തിച്ചത്. ദേശത്തിന്റെ ഒന്നിപ്പിനുള്ള ബലമായി കണ്ടെടുക്കപ്പെട്ടത് ഭാഷയായിരുന്നു. ഫ്യൂഡൽ ബന്ധങ്ങളിൽനിന്നു ജനാധിപത്യ ത്തിലേയ്ക്കുള്ള രാഷ്ട്രീയ മാറ്റത്തെക്കൂടി അടയാളപ്പെടുത്തുന്നതാണ് കേരളപ്പിറവി. ആഭ്യന്തരവും ബാഹ്യവുമായ നിരവധി പരിണാമങ്ങൾക്കും പരിവർത്ത നങ്ങൾക്കും വിധേയമായി ജനാധിപത്യജീവിതം ശീലിച്ചു കഴിഞ്ഞിരുന്നു അപ്പോഴേയ്ക്കും മലയാളഭാഷ.  ആധുനികമാവാൻ ദേശവും ഭാഷയും നടത്തിയ ശ്രമങ്ങളുടെ പരിണതഫലമായിരുന്നു അത്. പഴയ മൂന്നു നാട്ടുരാജ്യങ്ങളുടെ രാഷ്ട്രീയവും ഭൂമിശാസ്ത്ര പരവുമായ കൂടിച്ചേരലായാണ് ഐക്യകേരളം എന്ന ആധുനികകേരളം ഉണ്ടാകുന്നത്. ഭൂമിശാസ്ത്ര അതിരുകളെ ഭാഷ യാണ് ആദ്യം പൊളിച്ചുകളഞ്ഞത്. ഭരണപരവും രാഷ്ട്രീയവുമായ ഒന്നിയ്ക്കലിന്റെ താല്പര്യം പിൽക്കാലത്താണ് യാഥാർത്ഥ്യമായത്. കൊച്ചിയും തിരുവിതാംകൂറും മലബാറും ആദ്യം മുതലേ ഭാഷാപരമായും പിന്നീട് രാഷ്ട്രീയപരമായും ഏകീകരിയ്ക്കപ്പെട്ടു. രാജവാഴ്ച യ്ക്കും കോളനിവാഴ്ചയ്ക്കും പകരം ജനാധിപത്യം പ്രയോഗ ത്തിലായി. അക്ഷരമാലയും വ്യാകരണ നിയമങ്ങളുമുള്ള കേവല അസ്ഥികൂടമായല്ല ഭാഷ ജീവിയ്ക്കുന്നത്. നാനാവിധ ജീവിതവ്യവഹാരങ്ങളിലൂടെ തിടംവച്ചും പുഷ്ടിപ്പെട്ടും പരിണമിച്ചുമാണ്. സാമൂഹ്യജീവിതം തന്നെയാണ് ഭാഷയായി മാറുന്നത്. ഭാഷയിലെ പദകോശങ്ങൾ ജീവിതാവിഷ്കാരത്തിനുള്ള ജീവ കോശങ്ങളാണ്. സാമൂഹിക വിനിമയങ്ങളും രാഷ്ട്രീയവും സാംസ്കാരികവുമായ ചലനങ്ങളും ഭാഷയുമായി ബന്ധപ്പെട്ടല്ലാതെ സാധ്യമല്ല. മനുഷ്യജീവിതത്തിലെ ഓരോ പരിണാമഘട്ടങ്ങളേയും ഭാഷ സ്വാംശീകരിയ്ക്കുന്നുണ്ട്. രാഷ്ട്രീയവും സാംസ്കാരികവും സാങ്കേതികവുമായ മനുഷ്യന്റെ വളർച്ച ഭാഷയുടെ വളർച്ച തന്നെയാണ്. ഭാഷ ചിന്തയേയും പ്രവൃത്തിയേയും സാധ്യമാക്കു ന്നതോടൊപ്പം ചിന്തയും പ്രവൃത്തിയും ഭാഷയെ നവീകരിയ്ക്കുകയും ചെയ്യുന്നു. ഭാഷയും സമൂഹവും തമ്മിൽ നടക്കുന്നത് ഇത്തരത്തിലൊരു ഉഭയദിശാപ്രവർത്തനമാണ് .

 

മലയാളഭാഷ - വൈവിധ്യവും പരിണാമവും

 ആധുനീകരണത്തിനും മാനകീകരണത്തിനും വിധേയമായ ഭാഷയാണ് ഇന്നത്തെ മലയാളം. ഭാഷാഭേദങ്ങളെ ഒഴിവാക്കിക്കൊണ്ട് പൊതുവായ ഭാഷയും ലിപിരൂപവും സ്വീകരിയ്ക്കലാണ് മാനകീകരണം. നാട്ടിൽ നിലനിന്ന ബഹുസ്വരമായ ഭാഷാപാരമ്പര്യം ഇതോടെ ഇല്ലാതാവുന്നുണ്ട്. മലയാളഭാഷ മാനകീകരിയ്ക്കപ്പെടുന്നതിനുമുമ്പ് വിവിധ ജാതിമതവിഭാഗങ്ങൾക്ക് സ്വന്തം എഴുത്തുരീതിയും സംസാര ഭാഷയുമുണ്ടായിരുന്നു. അറബിമലയാളവും സുറിയാനി മലയാളവുമുണ്ടായിരുന്നു. പ്രാദേശികവും സാമൂഹികവുമായ ഭാഷാദേദങ്ങൾ ഉണ്ടായിരുന്നു. വട്ടെഴുത്തും കോലെഴുത്തും ആര്യഎഴുത്തും ലിപികളായി പഴയ കാലത്ത് പ്രചാരത്തിലുണ്ടാ യിരുന്നു.

 

  കേരളത്തിലെ വിവിധ പ്രദേശങ്ങളാൽ ജീവിയ്ക്കുന്ന വ്യത്യസ്ത ആദിവാസിഗോത്ര വർഗക്കാർക്ക് അവരുടെ സ്വന്തം ഭാഷയുണ്ട്. അതിനെ സങ്കര ഭാഷയെന്നോ ഭാഷാഭേദമെന്നോ ചുരുക്കിക്കാണുകയാണ് പതിവ്. കേരളം മലയാളികളുടെ മാതൃഭൂമിയായപ്പോൾ ആദിവാസികൾ ഭാഷാപരമായും സാംസ്കാരികമായും അന്യത്വം അനുഭവിച്ചു. പാരിസ്ഥിതിക ഭാഷാശാസ്ത്രസങ്കല്പനമായ ഭാഷാപരിസ്ഥിതി മുൻനിർത്തി പരിശോധിച്ചാൽ കേരളത്തിലെ എല്ലാ ആദിവാസിവിഭാഗത്തിനും സവിശേഷമായ ഭാഷയുണ്ടെന്ന് അംഗീകരിയ്ക്കൻ കഴിയുമെന്ന് ജോസഫ് കെ. ജോബ് (2016 :359 ) എഴുതുന്നു.

 

 സാമൂഹികാവശ്യങ്ങളാണ് ഏതൊരു ഭാഷയേയും ചലിപ്പിയ്ക്കുന്നതും പരിവർത്തി പ്പിയ്ക്കുന്നതും. കുടിയേറ്റങ്ങളും വാണിജ്യബന്ധങ്ങളും മതപ്രചാര ണങ്ങളും വിദ്യാഭ്യാസപ്രവർത്തനങ്ങളും ഭരണ വ്യവസ്ഥകളുമെല്ലാം മലയാള ഭാഷയെ ചലിപ്പിക്കുകയും പരിവർത്തിപ്പിയ്ക്കുകയും ചെയ്തു. അന്യഭാഷകളിൽനിന്ന് ധാരാളം കടം കൊണ്ടു. ആദ്യകാലത്ത് തമിഴിൽ നിന്നും സംസ്കൃതത്തിൽ നിന്നുമായിരുന്നെങ്കിൽ പിൽക്കാലത്ത് ഡച്ച്,പോർട്ടുഗീസ്,അറബി,ചൈനീസ്,ഗ്രീക്ക്, ലാറ്റിൻ, മറാത്തി ഭാഷകളിൽ നിന്ന്. ഇംഗ്ലീഷ് ഭാഷയിൽ നിന്നുള്ള കടം കൊള്ളൽ ഇപ്പോഴും തുടരുന്നു.

    AD-9 മുതൽ 14 വരെ നൂറ്റാണ്ടുകൾ മലയാളത്തിന്റെ സ്വതന്ത്രാസ്തിത്വം തെളിഞ്ഞു വരുന്ന കാലമായി ഭാഷാ ചരിത്രകാരമാർ വിലയിരുത്തുന്നു. 15-ആം നൂറ്റാണ്ടിനുശേഷമുണ്ടായ രാഷ്ട്രീയമാറ്റങ്ങളും ഭരണ ധ്രുവീകരണങ്ങളും ഭാഷയെ സ്വാധീനിച്ചു,

 

ഭാഷയും ആധുനീകരണവും

മലയാളത്തിന്റെ ആധുനീകരണത്തിന് കോളനീകരണവും മിഷനറി പ്രവർത്തനവും വഹിച്ച പങ്ക് വലുതാണ്. അച്ചടിയുടെ വരവ് പ്രാദേശികഭാഷകളെ ഉത്തേജിപ്പി യ്ക്കുകയും ഒരു പൊതുമണ്ഡല ത്തെ സൃഷ്ടിക്കാൻ സഹായിക്കുകയും ചെയ്തു. പാശ്ചാത്യ വിദ്യാഭ്യാസ പ്രചാരണവും പാഠപുസ്തകങ്ങളുടെ നിർമ്മാണവും വിജ്ഞാന വ്യാപനത്തിനു കാരണമായി. വ്യാകരണവും നിഘണ്ടുക്കളും വൈജ്ഞാനിക കൃതികളും അച്ചടിയ്ക്കപ്പെട്ടു. അധ്യാപനത്തിനും അധ്യയനത്തിനും മലയാളം ഉപയോഗിയ്ക്കാൻ മിഷനറിമാർ ശ്രദ്ധിച്ചു. ഐതിഹ്യങ്ങൾക്കു പകരം ചരിത്രമെഴുതിയും നാടോടി സാഹിത്യം സമാഹരിച്ചും ഭാഷയെ ചലിപ്പിച്ചു. കോളനീകരണത്തിനു വിധേയമാകുന്നതോടൊപ്പം തദ്ദേശീയജനത സ്വന്തം ഭാഷയിലേ യ്ക്കും സാഹിത്യത്തിലേയ്ക്കും ചരിത്രത്തിലേയ്ക്കും ഉന്മുഖരായി. അങ്ങനെ കൊളോണിയൽ ആധുനികത ദേശീയതയുടെ സൃഷ്ടിക്കും കാരണമായി.

 

നിഘണ്ടുക്കളും വ്യാകരണകൃതികളുമുണ്ടാകുന്നത് ഭാഷയുടെ മാനകീകരണത്തിന്റെ ഭാഗമായാണ്. ഭാഷാസൂത്രണമെന്നത് ആധുനികമായ സങ്കല്പമാണെങ്കിലും ലീലാതിലകം മുതലുള്ള വ്യാകരണ ഗ്രന്ഥങ്ങൾ ഭാഷയെ തിരിച്ചറിഞ്ഞു വ്യവസ്ഥപ്പെടുത്തുന്ന ധർമ്മമാണ് ചെയ്തത്. ഭാഷാസൂത്രണത്തിലൂടെയാണ് മാനകീകരണം നടത്തുന്നത്. ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, ഭാഷാസമിതികൾ, ഭാഷാപ്രസ്ഥാനങ്ങൾ എന്നിവയുടെ ഇടപെടലിലൂടെ പിൽക്കാലത്താണ് മലയാളഭാഷയുടെ മാനകീകരണം പൂർത്തിയായത്.

 

   അക്ഷരമാലയും ലിപികളും സാഹിത്യവും പദസമ്പത്തും സ്വന്തമാകുമ്പോഴാണ് ഒരു ഭാഷ സ്വതന്ത്രഭാഷയാകന്നത്. ഗുണ്ടർട്ടിനെപ്പോലുള്ള മിഷനറിമാർ ഈ മേഖലയിൽ വലിയ പ്രയത്നം ചെയ്തു. അതിന്റെ തുടർച്ചയിലാണ് കേരളവർമ്മയും ഏ.ആർ. രാജരാജവർമ്മയും പ്രവർത്തിച്ചത്. മലയാളഭാഷയുടെ കരുത്തും പ്രയോഗശേഷിയും സമർത്ഥിയ്ക്കുകയാണ് ജോർജ്ജ്മാത്തനും കേരളപാണിനിയുമടക്കമുള്ള വൈയാകരണന്മാർ ചെയ്തത്. പുതിയവിജ്ഞാനങ്ങൾ ഉൾക്കൊള്ളാനും ആവിഷ്കരിയ്ക്കാനും മലയാളം സന്നദ്ധമാകുന്നത് 19-ആം നൂറ്റാണ്ടിലാണ്. പ്രാദേശിക ഭേദങ്ങളെ ഒഴിവാക്കിക്കൊണ്ട് ഗദ്യത്തിന്റെ മാനകീകരണം അച്ചടിയിലൂടെ ഉറപ്പിക്കപ്പെടുന്നത് ഇക്കാലത്താണ്.

 

  മലയാളത്തിന്റ ലിഖിത കാവ്യപാരമ്പര്യം പാട്ടെന്നും മണിപ്രവാളമെന്നും ഭാഷാടി സ്ഥാനത്തിൽ വിഭജിയ്ക്കപ്പെട്ടിരുന്നു. ത്രൈവർണി കരെന്നും ത്രൈവർണികേതരരെന്നുമുള്ള വർണപരമായ വിഭജനം ഭാഷയ്ക്കും കാവ്യരീതിയ്ക്കും ബാധകമാക്കുകയായിരുന്നു. സമൂഹത്തിലെ ഉപരിവിഭാഗങ്ങളിലെ വർണപരവും ഭാഷാപരവും കാവ്യപരവുമായ ഈ വിഭജനം പിൽക്കാലത്ത് മാഞ്ഞു പോകുന്നുണ്ട്. ഭാഷയുടെയും കാവ്യരീതിയുടേയും തമിഴ് പാരമ്പര്യത്തെ ഒഴിവാക്കി സംസ്കൃത ബന്ധത്തിൽ അതിനെ ഉറപ്പിച്ചുകൊണ്ട്  എഴുത്തച്ഛൻ മാനകപുരുഷനായി, എഴുത്തച്ഛന്റെ എഴുത്ത് ആധുനികമലയാളമെന്നു വിളിക്കപ്പെട്ടു.

 

ഭാഷയുടെ ജനാധിപത്യവൽക്കരണം

ആഭ്യന്തരമായ ജനാധിപത്യവൽക്കരണം ഓരോ കാലത്തും  ഭാഷയിൽ നടക്കേണ്ടതാവശ്യമാണ്. ജാതിശ്രേണീകരണത്തിന്റെ ഭാഷ മാനകമലയാളത്തിൽ കാണാൻ പ്രയാസമാണ്. എന്നാൽ സാമൂഹ്യവിവേചനഭാഷാരൂപങ്ങൾ വ്യവഹാരങ്ങളിൽ ധാരാളമായുണ്ട്. അധിനിവേശപരമായ അധികാര വ്യവസ്ഥകളാണ് ഭാഷയിലും ഉച്ചനീചത്വം സൃഷ്ടിയ്ക്കുന്നത്. ലിംഗം, ജാതി, മതം, വംശം, വർണം, ഡിസെബിലിറ്റി, തൊഴിൽ ഇവയുടെയെല്ലാം അടിസ്ഥാനത്തിൽ വിവേചനഭാഷ നിലനിൽക്കുന്നുണ്ട്. ഭാഷയിൽ വർഗ്ഗപരമായ ഉള്ളടക്കമുണ്ടാകുന്നത് സ്വാഭാവി കമാണ്. സമൂഹത്തിലെ അധീശ പ്രത്യയശാസ്ത്രത്തിന്‌ ഭാഷ വിധേയപ്പെടുന്നതിലൂടെയാണിതു സംഭവിയ്ക്കുക. ഭാഷയിലെ സൂചക സൂചിത ബന്ധങ്ങളിൽ കലരുന്ന കൃത്രിമത്വമാണിതിന്റെ തെളിവ്. സാമൂഹ്യപ്രശ്നങ്ങളെ മറച്ചുവയ്ക്കുന്നതരം പ്രത്യയശാസ്ത്രപ്രവർത്തനങ്ങളെ പ്രതിരോധിച്ചു കൊണ്ടേ ഭാഷയുടെ ജനാധിപത്യവൽക്കരണം മുന്നോട്ടു കൊണ്ടുപോകാനാവൂ.

 

   ഭാഷാ ദേശീയതകളുടെ സംഘാടനത്തിലൂടെയാണ് ഫെഡറലിസം നിലനില്ക്കുന്നത്. ഫെഡറലിസത്തിന്റെ ശക്തി ഭാഷകളുടെ പുരോഗതിയെ ആശ്രയിച്ചിരിയ്ക്കുന്നു. തദ്ദേശഭാഷകളുടെ പ്രയോഗവൽ ക്കരണത്തിലൂടെയാണ് നിയമപരവും ഭരണപരവുമായ മണ്ഡലങ്ങൾ ജനാധിപത്യപരവും അപകോളനീകരണപരവുമാകുന്നത്. സാമ്പത്തിക മേഖലയുടെ  അഭിവൃദ്ധിയും ഭാഷയുടെ പ്രയോഗവുമായി  ബന്ധിതമാണ്.

 

   ഭാഷയുടെ മാനകീകരണം ജനാധിപത്യത്തിലേയ്ക്കുള്ള അതതു ഭാഷാസമൂഹങ്ങളുടെ സ്വാഭാവികപരിണാമമാണ്. വ്യത്യസ്തതകളും വൈരുദ്ധ്യങ്ങളും സൃഷ്ടിയ്ക്കുന്ന പ്രതിബന്ധങ്ങളെ  മറികടക്കുന്ന ഏകോപനസാധ്യതയാണ് ഭാഷയുടെ മാനകീകരണം. ഭാഷ എല്ലാവർക്കും ഒരേപോലെ പ്രാപ്യമാക്കാനും പ്രയോഗി യ്ക്കാനുമുള്ള അവസരം അങ്ങനെയാണ് ലഭ്യമായത്.

 

ഭാഷയുടെ നവോത്ഥാനം

അച്ചടിയുടെ ആവിർഭാവം, പത്രമാസികകളുടെ പ്രചാരം, നവോത്ഥാന പ്രസ്ഥാനങ്ങളുടെ പ്രവർത്തനം, ദേശീയസ്വാതന്ത്ര്യ സമരപ്രവർത്തനങ്ങൾ എന്നിങ്ങനെ യുള്ള ചരിത്രസന്ദർഭങ്ങളിലൂടെയാണ് മലയാളഭാഷയും കേരളജനതയും ജനാധിപത്യബോധത്തിലേയ്ക്കു കടക്കുന്നത്. സമൂഹത്തിലെ പരിവർത്തനം ഭാഷയിലും തിരിച്ചും സ്വാധീനം ചെലുത്തിക്കൊണ്ടിരുന്നു. സ്വാതന്ത്ര്യബോധമാണ് മലയാള ഭാഷയെ നവീകരിയ്ക്കുകയും ചൈതന്യവത്താക്കുകയും ചെയ്ത പ്രധാനപെട്ട ഒരു ഘടകം. വ്യക്തിസ്വാതന്ത്ര്യം, മനുഷ്യസ്വാതന്ത്ര്യം, രാഷ്ട്രസ്വാതന്ത്ര്യം എന്നീ വിപുല മായ ആശയങ്ങളാൽ ഭാഷ നവോത്ഥാന കാലത്ത് മുഖരിതമായി.  വിവിധ ആഖ്യാനരൂപങ്ങളിലൂടെ ഭാഷ സാമൂഹികവും സാംസ്കാരികവും രാഷ്ട്രീയവുമായി കരുത്താർജ്ജിച്ചു. വിവിധ വിവേചനരൂപങ്ങളെ ഭാഷ മറികട ക്കുകയും തുല്യതയുടേയും സാഹോദര്യത്തിന്റേയും പദാവലികൾ ഭാഷയിൽ പൊട്ടിമുളയ്ക്കുകയും ചെയ്തു. ദേശീയപ്രസ്ഥാനവും സാമൂഹികപ്രസ്ഥാനങ്ങളും അവയുടെ മൂല്യങ്ങൾ ഭാഷയിൽ പ്രക്ഷേപിച്ചു. ജനപ്രിയ സാഹിത്യരൂപങ്ങളായി കഥയും കവിതയും നോവലും നാടകവും മാറുന്നത് ഇക്കാലത്താണ് .കമ്മ്യൂണിസ്റ്റാശയങ്ങളും സമത്വസങ്കല്പങ്ങളും ഭാഷയിലും സമൂഹത്തിലും വേരുറപ്പിച്ചത് ജനകീയമായ ആഖ്യാനങ്ങളിലൂടെയാണ്. ജാതിവിരുദ്ധത, ചൂഷണവിരുദ്ധത, യുദ്ധവിരുദ്ധത,സ്ത്രീതുല്യത,മാനവസാഹോദര്യം എന്നിവ ഭാഷയിലെ പ്രബലമൂല്യങ്ങളായി. ഭാഷയ്ക്കു പുതിയ പദാവലികളും ആശയ ഗ്രന്ഥികളുമുണ്ടായി.

 

സാക്ഷരതയും ഗ്രന്ഥശാലകളും

   ഭാഷയെ ആന്തരികമായി ബലപ്പെടുത്തുന്നതും ഭാഷയെ ഭാഷാസമൂഹത്തിലെ എല്ലാവർക്കും പ്രാപ്യമാക്കുന്നതും ഭാഷയുടെ ജനാധിപത്യവല്ക്കരണത്തിന്റെ തലങ്ങളാണ്. മാറിവരുന്ന കാലത്തിന്റെ ചിന്തകളേയും അറിവുകളേയും അനുഭൂതി കളേയും ഉൾക്കൊള്ളുന്ന തിലൂടെയാണ് ഭാഷ ആന്തരികമായി കരുത്താർജ്ജിയ്ക്കു ന്നത്. സമൂഹത്തിലെ മുഴുവൻ പേർക്കും ഭാഷയിലൂടെ വിനിമയവും വ്യവഹാരവും സാധ്യമാകുന്ന അവസ്ഥ ഇതോടൊപ്പം സൃഷ്ടിയ്ക്ക പ്പെടേണ്ടതുണ്ട്. കേരളത്തിൽ ഭാഷയും സാഹിത്യവും വിജ്ഞാനവും കൂടുതൽ പേരിലേയ്ക്ക് എത്തിച്ചേരാ നിടയാക്കിയത് വിദ്യാഭ്യാസ പ്രവർത്തനങ്ങളാണ്. മിഷനറിക്കാലം മുതലുള്ള വിദ്യാഭ്യാസപ്രവർത്തനങ്ങളുടെ ചരിത്രം കേരളത്തിനുണ്ട്. വിദ്യാഭ്യാസം സാർ വത്രികമാക്കാനുള്ള രാഷ്ട്രീയ നയങ്ങളും നിലപാടുകളും സ്വാതന്ത്ര്യാനന്തരം വിശേഷിച്ച് സംസ്ഥാനരൂപീകരണകാലം മുതൽ കേരളത്തിൽ ശക്തിപ്പെ ടുന്നുണ്ട്. വായനശാലകൾ, ഗ്രന്ഥശാലാ പ്രസ്ഥാനം എന്നിവയുടെ വ്യാപനത്തിലൂടെയും സംഭവിച്ചത് ഭാഷയുടെ ജനാധിപത്യവല്ക്കരണമാണ്.

 

   ആശയാദർശങ്ങളിലൂടെയും ചിന്ത, പ്രവൃത്തി, ഭാവന എന്നിവയിലൂടെയുമാണ് ഓരോ സമൂഹവും ഊർജ്ജസ്വലമാകുക. ഭാഷയിലൂടെയാണിത് ആവിഷ്ക രിയ്ക്കപ്പെടുന്നത്. വൈജ്ഞാനികവും അനുഭുതിപരവുമായ തലങ്ങളുടെ സംയോജനത്തിലൂടെയാണ് ഭാഷയും സമൂഹവും വളരുന്നതും മുന്നോട്ടുപോകുന്നതും. അതിനാൽ സാഹിത്യാവിഷ്കാരങ്ങൾ മാത്രമല്ല സാങ്കേതികവും വൈജ്ഞാ നികവും തത്വചിന്താപരവുമായ ആഖ്യാനങ്ങളും ഭാഷയുടെ കരുത്തിന്റേയും സൃഷ്ട്യുന്മുഖതയുടേയും അടയാളമാണ്.

 

സാഹിത്യ സംഘടനകൾ

  ഭാഷയുടെ രാഷ്ട്രീയം തിരിച്ചറിയുന്ന പ്രസ്ഥാനങ്ങൾ രൂപപ്പെടാൻ സ്വാതന്ത്ര്യാനന്തരം പതിറ്റാണ്ടുകൾ കഴിയേണ്ടിവന്നു. എന്നാൽ ഔദ്യോഗികരൂപത്തിൽ സാഹിത്യ സംഘടനകൾ കുറവായിരുന്നെങ്കിലും സ്വാതന്ത്ര്യത്തിനു മുമ്പും പിമ്പും നിരവധി സാഹിത്യകൂട്ടായ്മകൾ പ്രാദേശികമായി കേരളത്തിൽ പ്രവർത്തിച്ചുവന്നിരുന്നു. അവയെല്ലാം സാഹിത്യരചനയിലും ആസ്വാദനത്തിലും മാത്രം സവിശേഷമായി ഊന്നുന്നവയായിരുന്നു. കവി സമാജം, സമസ്ത കേരളസാഹിത്യപരിഷത്ത് എന്നീ സംഘങ്ങൾ സാഹിത്യത്തിൽ മാത്രമൊതുങ്ങാതെ ഭാഷയെ വിശാലമായി കാണാൻ തയ്യാറാകുന്നുണ്ട്.

 

    മലയാളത്തിലെ ആദ്യത്തെ സാഹിത്യസംഘടനയായിരുന്നു കവി സമാജം. പിൽക്കാലത്തത് ഭാഷാപോഷിണിസഭയായി മാറുന്നുണ്ട്. എഴുത്തുകാരെ പ്രോൽസാഹിപ്പിക്കുകയും സഹായിക്കുകയും ചെയ്യുന്നതിലായിരുന്നു കവിസമാ ജത്തിന്റെ ഊന്നൽ. എന്നാൽ ഭാഷയ്ക്ക് ഐകരൂപ്യം വരുത്തുക, ഭാഷയിൽ വ്യാകരണഗ്രന്ഥങ്ങളും സാഹിത്യചരിത്രങ്ങളും നിർമ്മിയ്ക്കുക എന്നെല്ലാമുള്ള ലക്ഷ്യങ്ങൾ ഭാഷാപോഷിണി സഭയ്ക്കുണ്ടായിരുന്നു.

 

   കേരളത്തിലുണ്ടായി വന്ന ദേശീയമായ ഉണർവിന്റെ പ്രത്യക്ഷ സ്വാധീനത്തിലാണ് സമസ്ത കേരളസാഹിത്യപരിഷത്ത് രൂപപ്പെടുന്നത്. ദേശാഭിമാനം ഭാഷാഭിമാനമായപ്പോൾ സ്വന്തം ഭാഷയെ അഭിവൃദ്ധിപ്പെടുത്താനുള്ള നാനാവിധ പ്രവർത്തനങ്ങൾ സംഘടന നടത്തി. മലയാള ഭാഷാപോഷണം എന്ന അജണ്ട 1927 ൽ തന്നെ സമസ്തകേരള സാഹിത്യപരിഷത്തിനുണ്ടായിരുന്നു. മലയാള സർവകലാശാല എന്ന ആവശ്യം അക്കാലത്തു തന്നെ സംഘടന ഉയർത്തുന്നുണ്ട്.1937-ൽ തുടങ്ങിയ ജീവൽ സാഹിത്യസംഘടന തുടങ്ങിവച്ച ‘കല സാമൂഹ്യപുരോഗതിയ്ക്ക്’ എന്ന നിലപാട് മലയാളഭാഷാസാഹിത്യത്തിൽ തുറന്ന പൊതു സംവാദമണ്ഡലം മലയാളിയുടെ എല്ലാത്തരം ആവിഷ്കാരങ്ങളേയും ഉൾക്കൊള്ളുന്ന ഒന്നായി വളർന്നുവെന്ന് ഡോ.പി.പി പ്രകാശൻ ചൂണ്ടി ക്കാട്ടുന്നുണ്ട്(2019:109).

 

ഭാഷാ പ്രസ്ഥാനങ്ങൾ- പോരാട്ടങ്ങൾ

 

  കമ്പോളവൽക്കരണവും സ്വകാര്യവൽക്കരണവും 1980-കളിൽ കേരളത്തിൽ ശക്തിപ്പെട്ടു വന്നു. ഇംഗ്ലീഷ് മീഡിയം സ്ക്കൂളുകൾ വ്യാപിയ്ക്കുകയും മലയാളഭാഷയോടുള്ള അയിത്തം ബഹുമാന്യമായിത്തീരുകയും ചെയ്തു. മലയാളത്തെപ്പറ്റി പറയുന്നതുപോലും പരിഹാസ്യമായിത്തീർന്ന ഇക്കാലത്താണ് ഭാഷയെ തിരിച്ചുപിടിയ്ക്കാനുള്ള പ്രവർത്തനപദ്ധതികളുമായി ഭാഷാപ്രസ്ഥാനങ്ങൾ രൂപ പ്പെടുന്നത്. 1989 ൽ തിരുവനന്തപുരം കേന്ദ്രമാക്കി ‘മലയാളസാഹിതി’യും എറണാം കുളം കേന്ദ്രമാക്കി ‘മലയാള സംരക്ഷണ വേദി’യും രംഗത്തെത്തുന്നുണ്ട്. 2009- ൽ വടകര വച്ച് മലയാളഐക്യവേദിയും രൂപപ്പെട്ടു. ഈ ഭാഷാപ്രസ്ഥാന ങ്ങളുടെയെല്ലാം കൂട്ടായ്മയിലൂടെ ‘ഐക്യമലയാള പ്രസ്ഥാനം’ എന്ന സമരസംഘടനയുണ്ടായത്  2010 ലാണ് .

 

   ഭരണവും വിദ്യാഭ്യാസവും മലയാള ത്തിൽ’ എന്ന ശക്തമായ മുദ്രാവാക്യവുമായാണ് മലയാളഐക്യവേദിയുടെ പിറവി. വിജ്ഞാന ഭാഷയായി മലയാളത്തെ വികസിപ്പിയ്ക്കണമെന്ന കാഴ്ചപ്പാടിലൂന്നി മലയാള ഐക്യവേദി പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തി. 2017 ൽ നിരവധി പുരോഗമനസംഘടനകൾ ഒന്നിച്ചു ചേർന്ന് മാതൃഭാഷാവകാശ മുന്നണിയ്ക്കു രൂപം നല്കി. മലയാളം മാത്രമല്ല കേരളത്തിലെ ഭാഷാന്യൂനപക്ഷങ്ങളുടേയും ആദിവാസികളുടേയും മാതൃഭാഷകളും അംഗീകരി യ്ക്കപ്പെടുകയും മാനിയ്ക്കപ്പെടുകയും വേണമെന്ന നിലപാടായിരുന്നു ഐക്യമലയാള പ്രസ്ഥാനം ഉയർത്തിക്കൊണ്ടു വന്നത്. രാഷ്ട്രീയ പാർട്ടികളുടേയും മുന്നണികളുടേയും തെരഞ്ഞെടുപ്പു പ്രകടനപത്രികയിലെ അജണ്ട യാക്കി അതു മാറ്റുന്നതിൽ ഐക്യമലയാള പ്രസ്ഥാനം വിജയിക്കുകയും ചെയ്തു. ഭരണകൂടവും ജനതയുമായുള്ള ബന്ധത്തെ സൗന്ദര്യാത്മകവും വൈജ്ഞാനികവുമായ മേഖലകളെ ജനാധിപത്യവല്ക്കരിയ്ക്കുന്നതിനാണ് മാതൃഭാഷയിലൂന്നിയ സമരം ലക്ഷ്യമാക്കുന്നതെന്ന് ഡോ.പി.പവിത്രൻ(2014:257) ഓർമ്മിപ്പിയ്ക്കുന്നു.

 

മലയാളവും സാമ്പത്തികഭാഷാ മാതൃകയും

ഭാഷ ആശയവിനിമയോപാധിയും സൗന്ദര്യാത്മകപ്രതിഭാസവും ആകുന്നതോടൊപ്പം ഉല്പാദനഘടകം കൂടിയാണ് എന്നതു മറന്നുകൂടാ. ഒരു സമൂഹത്തിന്റെ ഉപജീവനരീതിയിലും-ഉല്പാദനവ്യവസ്ഥകളിലും ആ സമൂഹത്തിന്റെ ഭാഷ വഹിയ്ക്കുന്ന പങ്ക് നിർണായകമാണ്. ഉല്പാദന ഉപജീവന വ്യവസ്ഥകളിൽ ഭാഷ വഹിയ്ക്കുന്ന പങ്കിനെ ആശ്രയിച്ചിരിയ്ക്കുന്നു ആ ഭാഷയുടെ വളർച്ച.മലയാളഭാഷ നിലവിൽ അഭിമുഖീകരിയ്ക്കുന്ന പ്രശ്നം സാമ്പത്തികമാണെന്ന് പി ശ്രീകുമാർ നിരീക്ഷിയ്ക്കുന്നുണ്ട്. ഈ പ്രശ്നം രൂപപ്പെട്ട സാമ്പത്തിക ക്രമത്തിനുള്ളിൽ നിന്നു തന്നെ അതിനുള്ള പരാഹാരവും അദ്ദേഹം നിർദ്ദേശിയ്ക്കുന്നു. എല്ലാ ഭാഷകരും തങ്ങളുടെ ഭാഷയുടെ വികസനത്തിനായി നേരിട്ടോ അല്ലാതെയോ തങ്ങളുടെ ഭാഷയ്ക്കു തിരിച്ചു നൽകേണ്ടതുണ്ടെന്ന ദർശനത്തെയ ടിസ്ഥാനമാക്കുന്ന സാമ്പത്തിക മാതൃകയാണത്.

 

   മലയാളഭാഷയുടെ ഗുണഫലം അനുഭവിച്ച് ഇംഗ്ലീഷ് ഉൽപ്പാദന ഭാഷയായ മേഖലകളിൽ പ്രവർത്തിയ്ക്കുന്നവരിൽനിന്ന് ചെറിയതോതിൽ ഭാഷാ 

നികുതി പിരിയ്ക്കാവുന്നതാണെന്ന നിർദ്ദേശമാണ് അതിലൊന്ന്.  കേരളത്തിൽ ഇംഗ്ലീഷ് വിനിമയ ഭാഷയായ വലിയൊരു ഉപഭോഗ കമ്പോളം വികസിച്ചുവന്നിട്ടുണ്ട്. ഇവിടെ വിൽക്കപ്പെടുന്ന ഉൽപ്പന്ന ങ്ങളിലെല്ലാം ഉൽപ്പന്നങ്ങളുടെ പേരുവിവരങ്ങൾ മലയാളത്തിൽ കൊടുക്കുകയും അത്തരം ഉൽപ്പന്ന ങ്ങൾക്ക് സർക്കാർ ഒരു ശതമാനം വിൽപ്പന നികുതി കുറയ്ക്കുകയും വേണം എന്നതാണ് രണ്ടാമത്തെ നിർദ്ദേശം. കേരളത്തിലെ മാറിയ സമ്പദ് വ്യവസ്ഥയുടെ സ്വഭാവം പരിഗണിച്ച് ഭാഷയുടെ വികസനത്തെ മുൻ നിർത്തിയ വതരിപ്പിച്ച ഈ സാമ്പത്തികഭാഷാ മാതൃക (ശ്രീകുമാർ പി 2016: 143,144 )ഏറെ ശ്രദ്ധേയമാണ്.

 

ഉപസംഹാരം

നവോത്ഥാനത്തിന്റെയും ആധുനികതയുടേയും വേലിയേറ്റങ്ങളിൽ പലവിധ കലക്കങ്ങളിലൂടെയും തെളിച്ചങ്ങളിലൂടെയും മലയാളം കടന്നുപോയിട്ടുണ്ട്. സാഹിത്യമലയാളവും സാങ്കേതികമലയാളവും വൈജ്ഞാനികമലയാളവും ശാസ്ത്രമലയാളവും ധൈഷണിക മലയാളവും രാഷ്ടീയമലയാളവും അവതാരകമലയാളവുമായി ഇന്ന് ഭാഷയ്ക്കു പടർച്ച സംഭവിച്ചിട്ടുണ്ട്. ഏതു ജ്ഞാനസന്ദർഭങ്ങളോടും സംവദിയ്ക്കാവുന്ന ധൈഷണികതയിലേക്ക് മലയാളഭാഷ സഞ്ചരിച്ചതിന്റെ തെളിവാണിത്. നവോത്ഥാനത്തിന്റേയും ആധുനികതയുടേയും കാലത്തിനുശേഷമുളള പുതിയ മൂല്യങ്ങളിലേയ്ക്ക് ഭാഷ ഇന്ന് ഉണർന്നുകഴിഞ്ഞിട്ടുണ്ട്. മനുഷ്യകേന്ദ്രിതത്വത്തെ കയ്യൊഴിയുന്ന സർവജീവജാലങ്ങളേയും ഭൂമിയുടെ അവകാശികളായി മനസ്സിലാക്കു ന്ന മൂല്യമാണത്.

 

ഉന്നതമായ രാഷ്ട്രീയബോധ്യങ്ങളിലൂടെയും മൂല്യാധിഷ്ഠിതമായ ജീവിതസമീപന ങ്ങളിലൂടെയുമാണ് ഭാഷയെ ശക്തിപ്പെടുത്തേണ്ടത്. അരികുവല്ക്കരിയ്ക്കപ്പെട്ടവരുടെ ശബ്ദമായി മാറാനാണ് പുതിയ കാലത്തിന്റെ ജനാധിപത്യബോധം ഭാഷയെ പ്രാപ്തമാക്കുന്നത്.  ജനാധിപത്യരാഷ്ട്രീയസമൂഹവും പൊതുമണ്ഡലവും പരസ്പരം സജീവവും അർത്ഥപൂർണവുമായ വിനിമയത്തിലേർപ്പെടുമ്പോഴാണ് ഭാഷ വിമോചനോപാധിയാകുന്നത്.

 

സഹായകഗ്രന്ഥങ്ങൾ

 

  1. ഗിരീഷ്.പി.എം,(ഡോ).2018. മലയാളം ദിക്കും ദിശയും, ഇൻസൈറ്റ് പബ്ലിക്ക, കോഴിക്കോട്.

  2. ജോസഫ് ,കെ.ജോബ്,2016: ഭാഷാ പരിസ്ഥിതിയുടെ വർത്തമാനവും ആദിവാസിമൊഴികളും,ജോസഫ്സ്കറിയ.ഡോ.(എഡി.)ഭാഷയുടെവർത്തമാനം എൻ.ബി.എസ്,കോട്ടയം

  3. നാരായണൻ,എം.ജി.എസ്,(ഡോ), 2016:ദേശചരിത്രവുംഭാഷാചരിത്രവും,ജോസഫ്സ്കറിയ.ഡോ.(എഡി.),ഭാഷയുടെവർത്തമാനം എൻ.ബി.എസ്, കോട്ടയം

  4. പവിത്രൻ,പി,2014:മാതൃഭാഷയ്ക്കു വേണ്ടിയുള്ള സമരം. മലയാള ഐക്യവേദി

  5. പ്രകാശൻ പി.പി.(ഡോ.)2019, ഭാഷാസാഹിത്യപഠനം സൌന്ദര്യവും രാഷ്ട്രീയവും,കേരളഭാഷാഇൻസ്റ്റിറ്റ്യൂട്ട്,തിരുവനന്തപുരം.

  6. ശ്രീകുമാർ,പി,2016:മലയാളഭാഷാവികസനം-ഒരുസാമ്പത്തിക മാതൃക, ഭാഷയുടെ വർത്തമാനം, ജോസഫ് സ്കറിയ  ഡോ.(എഡി.) എൻ.ബി.എസ് 

 

ഡോ.കെ.പിരവിചന്ദ്രൻ,

അസോസിയേറ്റ്പ്രൊഫസ്സർ,

മലയാളവിഭാഗം, ഗവ.വിക്ടോറിയ കോളേജ്,പാലക്കാട്,678001

               

 

 

 

 

 

 


0 comments
bottom of page