ജീവിതമാകട്ടെ ലഹരി
- GCW MALAYALAM
- Apr 15
- 2 min read

കേരളീയ സമൂഹം ഇന്ന് നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധികളിലൊന്ന് ലഹരി ഉപയോഗവും അത് സൃഷ്ടിക്കുന്ന പ്രശ്നങ്ങളുമാണ്. നാടിൻറെ ഭാവിവാഗ്ദാനങ്ങളായി മാറേണ്ട യുവതലമുറ ഇന്ന് പലവിധം ലഹരികൾക്കടിമപ്പെട്ട് അക്രമാസക്തമായ ഒരു മാനസികാവസ്ഥയിലൂടെ കടന്നു പോകുകയാണ്. ഒരുകാലത്ത് മദ്യപാനം, പുകവലി തുടങ്ങിയവയായിരുന്നു പ്രധാന ലഹരി വസ്തുക്കൾ. ഇന്ന് അവയുടെ സ്ഥാനത്ത് എംഡിഎം എ ഉൾപ്പെടെയുളള രാസലഹരികൾ വ്യാപകമായി ഉപയോഗിക്കപ്പെടുന്നു. സർക്കാർതലത്തിൽ ലഹരിക്കെതിരെ നിരവധി പ്രചാരണ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെങ്കിലും ലഹരി ഉപയോഗവും ലഹരിപദാർത്ഥങ്ങളോടുള്ള ആകർഷണവും പൂർണമായി കുറയ്ക്കുവാൻ സാധിച്ചി ട്ടില്ല.
ജീവിതമാണ് ലഹരി എന്ന് സന്ദേശം ഉയർത്തി നിരവധി ബോധവൽ ക്കരണ പരിപാടികൾ ഔദ്യോഗികമായി സർക്കാർതലത്തിൽ സംഘടിപ്പിക്കുന്നുണ്ട്. ഇവയൊന്നും വേണ്ടത്ര ഫലപ്രാപ്തിയിൽ എത്തിയിട്ടില്ലെന്ന് സമീപകാലത്തെ പല സംഭവവികാസങ്ങളും തെളിയിക്കുന്നു. നമ്മുടെ സ്കൂളുകളിലെയും കോളേജുകളിലെയും പല വിദ്യാർത്ഥികളും ലഹരിമാഫിയയുടെ ഏജൻ്റുമാരായും ലഹരിവാഹകരായും പ്രവർത്തിക്കുന്നു എന്നത് ഏറ്റവും ദുഃഖകരമായ ഒരു സത്യമാണ്. ലഹരി ഉപയോഗിക്കുന്നവരിൽ ഭൂരിഭാഗവും നമ്മുടെ രാഷ്ട്രത്തിന്റെ ഭാവി നിർണയിക്കേണ്ട വിദ്യാർത്ഥികളും യുവതലമുറയുമാണെന്നത് തെളിയിക്കപ്പെട്ട വസ്തുതയാണ്.
ശാസ്ത്രസാങ്കേതികതയുടെ വളർച്ച ഒരു യന്ത്രസംസ്കാരത്തിലേക്ക് നമ്മളെ കൊണ്ടെത്തിച്ചിരിക്കുന്നു .മനുഷ്യൻറെ കൂട്ടായ്മകൾ എല്ലാം നഷ്ടപ്പെടുകയും എല്ലാവരും അവനവനിലേക്ക് മാത്രം ചുരുങ്ങുകയും ചെയ്തിരിക്കുന്നു. മൊബൈൽ ഫോണിന്റെയും ഇന്റർനെറ്റിന്റെയും ലോകം എല്ലാവിധമായ കൂട്ടായ്മകളിൽ നിന്നും ഒഴിഞ്ഞ് ഏകാന്തമായ ഒരു ജീവിതത്തിലേക്ക് ജനതയെ കൊണ്ടെത്തിച്ചിരിക്കുന്നു. ആഗ്രഹിക്കുന്നതെന്തും വിരൽത്തുമ്പിൽ ലഭിക്കുന്ന ഒരു ലോകത്ത് ബന്ധങ്ങൾക്കും സ്നേഹത്തിനും മാനുഷികതയ്ക്കും മൂല്യങ്ങൾക്കും വിലയില്ലാതായി. വയലൻസും ലഹരിയും യുവതയുടെ ഇഷ്ടവിഭവങ്ങളായിമാറി. കാതടിപ്പിക്കുന്ന ശബ്ദകോലാഹലങ്ങളോടുകൂടിയ ഡി.ജെ.കളും മറ്റും നമ്മുടെ നിത്യജീവിതത്തിൻറെ ഭാഗമായി മാറി. അക്രമാസക്തമായ ഒരു മാനസികാവസ്ഥയിലേക്ക് ലഹരി ഉപയോഗം നമ്മുടെ യുവതയെ മാറ്റി. അതിൻറെ പരിണിത ഫലമാണ് ക്യാമ്പസുകളിൽ റാഗിങ്ങിന്റെ രൂപത്തിലും കുടുംബങ്ങളിൽ സ്വന്തം അച്ഛനമ്മമാരെ പോലും കൊലപ്പെടുത്തുന്ന തരത്തിലും നാം കണ്ടത്. ജീവിതത്തിലെ ഏറ്റവും വലിയ ആനന്ദം ലഹരി ഉപയോഗിക്കുന്നതിലൂടെ ലഭിക്കും എന്ന് വിശ്വസിക്കുന്ന ഒരു തലമുറ ഇവിടെ രൂപപ്പെട്ടു കഴിഞ്ഞിരിക്കുന്നു.
ബന്ധങ്ങളുടെ കെട്ടുറപ്പും സൗഹൃദവും സന്തോഷവും പ്രണയവും ആർദ്രതയുമെല്ലാം മനുഷ്യഹൃദയങ്ങളിൽ നിന്ന് അകന്നു പോയിരിക്കുന്നു. ആണും പെണ്ണും ഇത്തരം ലഹരികളുടെ ചതിക്കുഴികളിൽ നിന്ന് മോചിതരല്ല. അണുകുടുംബങ്ങളുടെ വ്യാപനം ത്യാഗത്തിന്റെ മനോഭാവം കുട്ടികളിൽ ഉണ്ടാക്കുന്നില്ല. എല്ലാം വെട്ടിപ്പിടിക്കുന്ന എല്ലാം നേടിയെടുക്കുന്ന വിജയത്തിൻറെ സന്തോഷം മാത്രം അവർക്ക് പകർന്നു നൽകുന്ന രക്ഷിതാക്കളും ഒരളവിൽ യുവതയുടെ ഈ അവസ്ഥയ്ക്ക് കാരണക്കാരാണ്. പങ്കിടലിന്റെ യും ത്യജിക്കലിന്റെയും തോൽവിയുടെയും പാഠങ്ങൾ അവർക്ക് എവിടെ നിന്നും ലഭിക്കുന്നില്ല. അധ്യാപകർക്കും കൂടുതലായി ഒന്നും ചെയ്യാൻ കഴിയുന്നില്ല. എല്ലാവരും ജീവിതം വെട്ടിപ്പിടിക്കാനുള്ള ഓട്ടപ്പാച്ചലിലാണ്. ആർക്കും ആരുടെയും പ്രശ്നങ്ങൾ കേൾക്കുവാനോ പരിഹരിക്കുവാനോ സമയമില്ല.
കുടുംബത്തിൽ നിന്നും സമൂഹത്തിൽ നിന്നും മൂല്യങ്ങൾ ഒന്നും ലഭിക്കാതെ വളരുന്ന ഒരു തലമുറയെ ലഹരി മാഫിയയ്ക്ക് പെട്ടെന്ന് വലയിൽ വീഴ്ത്താൻ കഴിയും. പെട്ടെന്ന് പണം സമ്പാദിക്കാനുള്ള ഒരു കുറുക്കു വഴിയായി ലഹരിക്കടത്തും അനുബന്ധ പ്രവർത്തനങ്ങളും അവർ തെരഞ്ഞെടുക്കുന്നു. മത്സരാധിഷ്ഠിതമായ ഈ ലോകത്തിൻറെ പ്രക്ഷുബ്ധതകളിൽ നിന്ന് ഒഴിഞ്ഞുമാറാൻ വേണ്ടി പലരും ലഹരി ഉപയോഗത്തിലേക്ക് പോകുന്നു. ജീവിതാനന്ദം മുഴുവൻ കുടി കൊള്ളുന്നത് ലഹരിയിൽ ആണെന്ന വിശ്വാസത്തിലേക്ക് യുവതയെ വഴിതെറ്റിക്കാൻ ലഹരിയുടെ പ്രചാരകർക്കും ലഹരി മാഫിയയ്ക്കും പെട്ടെന്ന് സാധിക്കുന്നു. വിചാരത്തെക്കാൾ ഉപരി വൈകാരികമായി തീരുമാനം എടുക്കുന്ന ഒരു കാല ഘട്ടമാണ് യുവത്വത്തിൻ്റേത്. കൂട്ടത്തിലുള്ളവർ ചെയ്യുന്നതെന്തും പരീക്ഷിക്കുവാനുള്ള വ്യഗ്രത ഈ കാലഘട്ടത്തിൻറെ പ്രത്യേകതയാണ്. ആദ്യമാദ്യം ഒരു കൗതുകത്തിനായി തുടങ്ങി പിന്നീട് ലഹരിക്കടിമപ്പെട്ട് ജീവനും ജീവിതവും നഷ്ടപ്പെട്ടുപോയ അനവധി ആളുകൾ നമ്മുടെ സമൂഹത്തിലുണ്ട്. കുടുംബ ബന്ധങ്ങൾ കൂടുതൽ ഊഷ്മളമാവു കയും എല്ലാ പ്രശ്നങ്ങളും പരിഹരി ക്കാൻ കൂടെയുണ്ട് എന്നുള്ള ധൈര്യവും പിന്തുണയും കുട്ടികൾക്ക് കുടുംബത്തിൻറെ ഉള്ളിൽ നിന്ന് തന്നെ ലഭിക്കണം. സമൂഹവും അവരെ ചേർത്തു നിർത്തണം.
ജീവിതമാണ് ലഹരി എന്ന സന്ദേശം എല്ലാവരിലേക്കും എത്തുന്ന തരത്തിൽ നമ്മുടെ വീടുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സാംസ്കാരിക കേന്ദ്രങ്ങളിലും പ്രാർത്ഥനാലയങ്ങളിലും പൊതു ഇടങ്ങളിലും എല്ലാം സർക്കാരിനൊപ്പം ചേർന്നുകൊണ്ട് ലഹരിയുടെ വൻവിപത്തിൽ നിന്ന് യുവതയെ രക്ഷിക്കാനുള്ള ദൗത്യം നാം ഓരോരുത്തരും ഏറ്റെടുക്കേണ്ടതുണ്ട്. രാഷ്ട്ര പുരോഗതിക്കുള്ള നമ്മുടെ ഏറ്റവും വലിയ സംഭാവനയായി അത് മാറും.
ഡോ.ലാലു.വി
അസോസിയേറ്റ് പ്രൊഫസർ & വകുപ്പധ്യക്ഷൻ
മലയാളവിഭാഗം
സർക്കാർ വനിതാകോളേജ് തിരുവനന്തപുരം
Comentários