ജ്വാലാമുഖി തലകുനിക്കുമ്പോൾ സംഭവിക്കുന്നതെന്ത്?
- GCW MALAYALAM
- Oct 14, 2024
- 1 min read
Updated: Oct 15, 2024
സൗരഭ്യ പി എസ്
കവിത

അതിർത്തിയിൽ
ഒരു വെടിയൊച്ച മുഴങ്ങി.
കൊട്ടാരത്തിൽ,
സിംഹാസനത്തിലെത്തിയപ്പോഴേക്കും
ഒച്ച ഒരു തേങ്ങലായി തീർന്നിരുന്നു.
അതിർത്തിയിലെ കാറ്റിൽ
ചോരമണം പടർന്നു.
കഴുകന്
ഇറച്ചിക്കഷ്ണമാകേണ്ടവൾ
അന്നു രാത്രി സുഖമായുറങ്ങി.
ഉറക്കത്തിൽ അവളൊരു സ്വപ്നം കണ്ടു.
സുന്ദരിയായ ഒരു നഗ്നരൂപം
തെരുവിലൂടെ
രാജധാനിയിലേക്ക് ആനയിക്കപ്പെടുന്നു.
പരിചാരക വൃന്ദം
പനിനീരും പൂക്കളും വിതറി
അവളുടെ ഉഷ്ണത്തെ അകറ്റുന്നു.
ഏതോ ഒരു പട്ടാളക്കാരൻ ചാർത്തിയ
മംഗല്യസൂത്രം മാത്രമായിരുന്നു
അവളുടെ ശരീരത്തിലുണ്ടായിരുന്നത്.
ജ്വാലാമുഖി* തെരുവിലൂടെ നടന്നു.
നഗ്നമായ വീഥി
മേൽക്കൂരയില്ലാത്ത കുടിലുകൾ
മരമില്ലാത്ത കാടുകൾ
മറയില്ലാത്ത കണ്ണുകൾ.
വീഥിയുടെ അറ്റത്ത്
കവലയുടെ ഒത്ത നടുവിൽ
വളരെ ഉയരത്തിൽ
രാജാവിന്റെ പ്രതിമയുണ്ട്.
നാണമില്ലാത്ത രാജാവ്
അവളെ നോക്കുന്നു.
ജ്വാലാമുഖിക്ക് നാണം തോന്നി
അവൾ മുഖം കുനിച്ചു.
മുഖത്തു നിന്നും പതിച്ച ജ്വാലയിൽ
രാജാവും രാജ്യവും വെന്തമരുന്നു.
ദൂരേക്ക് തെറിച്ചുവീണ
പ്രതിമയുടെ തലപ്പാവ് കൊണ്ട്
അഞ്ചു വയസ്സുള്ള രണ്ട് കുട്ടികൾ
രാജാവും റാണിയും കളിക്കുന്നു.
ബ്രേക്കിംഗ് ന്യൂസിൽ
യാഗാഗ്നിയിൽ പ്രാണത്യാഗം ചെയ്ത
സതീദേവി എന്ന യുവതി.
അവളുടെ കത്തിക്കരിഞ്ഞ ശവശരീരവുമായി
സെക്രട്ടേറിയറ്റ് പടിക്കൽ….
ഭർത്താവ് പരമശിവൻ !
ശവശരീരം
അമ്പത്തൊന്നു കഷ്ണങ്ങളാക്കി
സംസ്കരിക്കാൻ
മഹാൻ മഹാവിഷ്ണുവിന്റെ നിർദ്ദേശം.
പാറമേൽ വച്ച നാവ്
ഇപ്പോഴും ജ്വലിക്കുന്നതിനാൽ
അവിടെ
ക്ഷേത്രം പണിയാൻ
അടിയന്തിര ഉത്തരവ്….
*പിതാവിനാൽ അപമാനിതയായി യാഗാഗ്നിയിൽ ആത്മഹത്യ ചെയ്ത സതീദേവിയുടെ ശവശരീരവുമായി സംഹാരതാണ്ഡവമാടിയ ശിവഭഗവാന്റെ കോപം ശമിപ്പിക്കുവാനായി മഹാവിഷ്ണു സതിയുടെ ശരീരം അമ്പത്തിയൊന്ന് കഷ്ണങ്ങളാക്കി ഭൂമിയിലേക്കിട്ടു. ജ്വാലയടങ്ങാത്ത നാവ് വീണ സ്ഥലമാണ് ജ്വാലാമുഖി ക്ഷേത്രം എന്നാണ് വിശ്വാസം.
Comentarios