തെക്കൻപാട്ടുകളിൽ കന്നടിയൻപോരിന്റെ പ്രാധാന്യം
- GCW MALAYALAM
- Jan 14
- 8 min read
Updated: Jan 15
പ്രീതാമോൾ.ആർ
ഡോ.അഞ്‍ജന വി. ആര്‍.

പ്രബന്ധസംഗ്രഹം
തെക്കൻ തിരുവിതാംകൂറിൽ ജനജീവിതത്തോടുചേർന്ന് നിൽക്കുന്ന അനുഷ്ഠാനാത്മകമായ കഥാ ഗാനങ്ങളാണ് തെക്കൻ പാട്ടുകൾ. സതീചരിതം, പോരുകഥ എന്നീ നിലകളിൽ ശ്രദ്ധേയമായ ഒരു തെക്കൻ പാട്ടാണ് കന്നടിയൻ പോര്. കന്നടിയന്റെ മകളായ വടുകച്ചിയ്ക്ക് കുലശേഖരത്തമ്പുരാനോടുള്ള പ്രണയവും അതിനെത്തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ഈ പാട്ടുകഥയുടെ ഉള്ളടക്കം. തെക്കൻ തിരുവിതാം കൂറിലെ ഭൂപ്രകൃതി, രാഷ്ട്രീയ സാഹചര്യങ്ങൾ, യാത്രാസംവിധാനങ്ങൾ, ആചാരാനുഷ്ഠാനങ്ങൾ, വിശ്വാസങ്ങൾ, തൊഴിൽ, സാമൂഹിക സാഹചര്യങ്ങൾ എന്നിവയെക്കുറിച്ചുള്ള വ്യക്തമായ ഒരു ചിത്രം ഈ പാട്ടിൽ നിന്ന് ലഭിക്കുന്നുണ്ട്.
താക്കോൽവാക്കുകൾ : തെക്കൻ പാട്ടുകൾ- പോര് കഥ- കന്നടിയൻ പോര് - ജാതിവ്യവസ്ഥ – ദായക്രമം – ആചാരാനുഷ്ഠാനങ്ങൾ
തിരുവിതാംകൂറിന്റെതെക്കൻപ്രദേശങ്ങളിൽപ്രചാരത്തിലിരുന്നവയാണ്തെക്കൻപാട്ടുകൾ. “തെക്കൻ തിരുവിതാംകൂറിലെ (തിരുവനന്തപുരം മുതൽ തെക്കോട്ടുള്ള പ്രദേശവും കന്യാകുമാരി ജില്ലയും) ജന ജീവിതത്തോട് ഗാഢമായി ബന്ധപ്പെട്ട ചരിത്രപരവും ഐതിഹ്യാധിഷ്ഠിതവുമായ അനുഭവങ്ങളുടെ സ്തോഭജനകമായ അപദാനങ്ങളാണ് ഈ പാട്ടുകളുടെ ഉള്ളടക്കം”1. തമിഴ് മലയാളങ്ങളുടെ സങ്കരഭൂമികയിലാണ് തെക്കൻപാട്ടുകൾ ജന്മം കൊണ്ടത്. അതുകൊണ്ടുതന്നെ തെക്കൻപാട്ടുകളിലെ ഭാഷയിലും സംസ്കാരത്തിലുമൊക്കെ ഈ സങ്കരസ്വഭാവം കാണാൻ കഴിയും. അനുഷ്ഠാന പ്രധാനങ്ങളായ തെക്കൻപാട്ടുകളിൽപ്രകീർത്തിക്കപ്പെടുന്നത് അപമൃത്യുവിന് ഇരയാകുന്ന പതിവ്രതകളായസ്ത്രീകൾ, രാജഭക്തരായ വീരന്മാർ, സേനാനികൾ, രാജാക്കന്മാർ തുടങ്ങിയവരാണ്. അപമൃത്യുവിന് ശേഷംഇവർ ശിവനിൽ നിന്ന് വരബലങ്ങൾ നേടി തമ്പുരാൻ,മാടൻ,യക്ഷി എന്നീരൂപങ്ങൾ കൈക്കൊള്ളുമെന്നും അത്തരം ദേവതകളെപ്രീതിപ്പെടുത്തിയാൽ അത് ജീവിതത്തിലെ സർവ്വഐശ്വര്യങ്ങൾക്കും കാരണമാകുമെന്നുമൊരു വിശ്വാസം ജനങ്ങൾക്കുണ്ടായിരുന്നു. സതീചരിതം, പ്രണയകഥ,ചരിത്രപരാമർശങ്ങൾ ഉൾക്കൊള്ളുന്ന കൃതി എന്നീ നിലകളിലെല്ലാം സവിശേഷ പ്രാധാന്യം അർഹിക്കുന്ന ഒരു തെക്കൻ പാട്ടാണ് കന്നടിയൻപോര്. കന്നടിയൻപോരിലൂടെ അന്നത്തെ സാമൂഹികസ്ഥിതി, വിശ്വാസങ്ങൾ, ആചാരാനുഷ്ഠാനങ്ങൾ, ചരിത്രപരമായ ഘടകങ്ങൾ എന്നിവയെകുറിച്ചുള്ള സൂചനകൾ ലഭിക്കുന്നു.`സാഹിത്യ ചരിത്ര’ത്തിൽ ഉള്ളൂർ ആണ് കന്നടിയൻപോര് എന്ന കഥാഗാനത്തെ സഹൃദയ സമക്ഷം മലയാളത്തിൽ ആദ്യമായി പരിചയപ്പെടുത്തുന്നത്. കന്നടിയൻപോരുകഥയുടെ ഏതാനും വരികൾക്കൊപ്പം കഥാസംഗ്രഹവും അതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. തെക്കൻപാട്ടുകൾ സതീചരിതങ്ങളും പോരുകഥകളും ഉൾക്കൊള്ളുന്നുണ്ട്. അതിൽ സതീചരിതം എന്ന നിലയിലും പോരുകഥ എന്നനിലയിലും സവിശേഷപ്രാധാന്യം അർഹിക്കുന്ന ഒരു തെക്കൻപാട്ടാണ് കന്നടിയൻ പോര്. ജീവിത മൂല്യങ്ങളിൽ ഉറച്ചു നിൽക്കുന്നവരും തങ്ങളുടെ ആദർശങ്ങൾ സംരക്ഷിക്കാൻ ജീവൻ പോലും ബലിയർപ്പിക്കാൻ തയ്യാറാക്കുന്നതുമായ സ്ത്രീകഥാപാത്രങ്ങളാണ് തെക്കൻ പാട്ടുകളിലുള്ളത്. അത്തരത്തിലുള്ള ഒരു കഥാപാത്രമാണ് കന്നടിയാൻ പോരിലെ വടുകച്ചിയമ്മ. ഏകമുഖമായ അനശ്വര പ്രണയത്തിന്റെ കഥ പറയുന്ന കന്നടിയൻ പോരിൽ അക്കാലത്തെ സാമൂഹിക വ്യവസ്ഥിതികളെ കുറിച്ചുള്ള സൂചനകൾ ലഭിക്കുന്നു. കന്നടിയൻ പോര് പാട്ടുകഥ തിക്കുറിശ്ശിഗംഗാധരൻ ‘വേണാടിന്റെകഥാഗാനങ്ങളി’ൽ പ്രസിദ്ധീകരിച്ചിട്ടുണ്ട് 3517 ശീലുകൾ ഈ കൃതിയിലുണ്ട്.
വടുക രാജ്യത്തിലെ രാജകുമാരിയാണ് വടുകച്ചി. വടുകരാജ്യത്തെ ശ്രേഷ്ഠയായ സ്ത്രീ എന്നർത്ഥമുള്ള വാക്കാണ് വടുകച്ചി. വടുകച്ചിയമ്മ, വടുവുച്ചി,വടുകകന്നി എന്നീ പേരുകളും കന്നടിയൻ പോരിൽ ഉപയോഗിച്ചു കാണുന്നുണ്ട്. കുലശേഖരതമ്പുരാൻ പാട്ടിൽ വടുകച്ചിയമ്മയ്ക്ക് ചെമ്പകം എന്ന പേരാണുള്ളത്. മറ്റു പാട്ട് കൃതികളിലെ പരാമർശങ്ങൾകൂടി കണക്കിലെടുക്കുമ്പോൾ അവരുടെ പേര് ചെമ്പകം തന്നെയാണെന്ന് മനസ്സിലാക്കാം. വടുകച്ചിയുടെ ഏകമുഖമായ പ്രണയകഥയാണ് കന്നടിയാൻപോരിൽ പരാമർശിക്കുന്നത്.
പോര്‍ക്കഥ കന്നടിയൻ പോരുകഥ തുടങ്ങുന്നത് പണ്ടാരങ്ങൾ എന്ന് വിശേഷിപ്പിക്കുന്ന ഒരു സമൂഹത്തെ പരാമർശിച്ചു കൊണ്ടാണ്. ഒരുകാലത്ത് കൊട്ടാരങ്ങളിൽ നിന്ന് കൊട്ടാരങ്ങളിലേക്ക് സഞ്ചരിക്കാനും രാജകൊട്ടാരങ്ങളിലെ വിശേഷങ്ങൾ പരസ്പരം കൈമാറാനും സ്വാതന്ത്ര്യം ഉണ്ടായിരുന്ന വ്യക്തികളാണ് പണ്ടാരങ്ങൾ. വാർത്താവിനിമയ സംവിധാനങ്ങൾ കുറവായിരുന്ന ആ കാലഘട്ടത്തിൽ ഇവരുടെ സേവനം വിലമതിച്ചിരുന്നു. ഇവർ കന്നടിയന്റെ രാജകൊട്ടാരത്തിൽ കുലശേഖരന്റെ ചിത്രം കൊണ്ടു വന്ന് കാണിച്ചതു മുതൽ രാജകുമാരിക്ക് കുലശേഖരനിൽ തീവ്രമായ അനുരാഗം ഉണ്ടാകുന്നു. പരിചാരികമാരുടെ വാക്കുകളിൽന്ന് രാജകുമാരിയുടെസ്വഭാവത്തിലെ മാറ്റത്തിനുള്ളകാരണം പിതാവായ കന്നടിയൻരാജാവ് മനസ്സിലാക്കി. കന്നടിയൻ സ്നേഹപൂർവ്വം മകളെ അരികിൽ വിളിച്ചുചോദിച്ചപ്പോൾ തെക്ക് ദിക്കിലുള്ള പാണ്ഡ്യവംശത്തിലെ കുലശേഖരതമ്പുരാൻ തന്നെ തന്റെ ഭർത്താവായി വരണമെന്ന് താൻ ആഗ്രഹിക്കുന്നുവെന്നും എത്രകാലം കാത്തിരുന്നാലും തനിക്ക് വാർദ്ധക്യം ബാധിച്ചാലും തന്റെ ജീവനുതന്നെ ഹാനി സംഭവിച്ചാലും കുലശേഖരതമ്പുരാനെയല്ലാതെ മറ്റൊരാളെ ഭർത്താവായി സ്വീകരിക്കാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും രാജകുമാരി മറുപടിപറഞ്ഞു. എഴുതിഫലിപ്പിക്കാനാകാത്ത അഴകോടുകൂടിയ ആ രാജാവിനെ തന്റെ വരനാക്കാൻ കഴിഞ്ഞില്ലെങ്കിൽ തന്റെ കണ്ണുനീർ തോരുകയില്ല. മറ്റൊരുരാജാവിന്റെ പത്നിയാകാൻ തനിക്ക് സാധിക്കുകയില്ല. അങ്ങനെ ഒരു അവസ്ഥ വന്നാൽ താൻ തീകുണ്ഡത്തിൽ ചാടി ജീവിതം അവസാനിപ്പിക്കുമെന്നും വടുകച്ചിയമ്മ മറുപടിപറഞ്ഞു. ഇവിടെ വടുകച്ചിയുടെ പ്രണയം ഏകപക്ഷീയമാണ്. ഒരിക്കൽപോലും കണ്ടിട്ടില്ലാത്ത കുലശേഖരനെ ചിത്രം കണ്ട് മോഹിക്കുന്ന വടുകച്ചി പ്രേമ സാക്ഷാൽക്കാരത്തിന് വേണ്ടി ഏതറ്റം വരെയും പോകാൻ തയ്യാറാകുന്നു. സുന്ദരിയും സുശീലയും ആയ തന്റെ മകളെ മാലയിട്ട് സ്വീകരിച്ചാൽ എണ്ണമറ്റ കുതിരകളും അളവറ്റ ധനവും ഗംഗാതടം വരെ വ്യാപിച്ചുകിടക്കുന്ന രാജ്യവും കുലശേഖരന് കന്നടിയൻ ദൂതൻ വഴി വാഗ്ദാനം ചെയ്യുന്നു. മിലക്കമെത്തകുതിരൈ പടൈയെല്ലൈയർ പൊൻ കുടുപ്പേൻ
മലർകുഴലെൻ മകളൈമാലൈയിട ചൊല്ലുമെന്റാൻ
ഗംഗൈ മട്ടു ആളുകിലുംകീർത്തി പെറ വാഴ്ന്തിടലാം
മങ്കൈ നല്ലാളെൻ മകളൈമാലൈയിട ചൊല്ലുമെന്റാർ’2
ദൂതൻ കുലശേഖരനെതേടി പോകുന്ന മാർഗ്ഗവർണ്ണനയും ഈ കൃതിയിൽ കാണാം.കുലശേഖരൻ തന്റെ പ്രിയമന്ത്രിയായ കാലിങ്കനിൽ നിന്ന് കന്നടിയന്റെ ദൂതൻ വന്ന വിവരം അറിയുന്നു. തുടർന്ന് കുലശേഖരനോട് തന്റെ ആഗമനോദ്ദേശ്യം ദൂതൻ വെളിപ്പെടുത്തുന്നു.
‘മുന്നിരുന്ത പാണ്ടിയർകൾ മൂതാക്കളാനവർകൾ
കന്നടിയൻ കിളൈ തനിൽ കല്യാണം ചെയ്തതുണ്ടോ’3
ഇതിനു മുൻപ് ഏതെങ്കിലും ഒരു പാണ്ഡ്യരാജാവ് കന്നടിയൻ ശാഖയിൽ നിന്ന് വിവാഹം കഴിച്ചിട്ടുണ്ടോ? എന്ന മറുചോദ്യമാണ് കുലശേഖരൻ ദൂതനോട് ചോദിക്കുന്നത്. അതുവരെ ഉണ്ടായിരുന്ന കീഴ് വഴക്കം എങ്ങനെയായിരുന്നോ ആ വിധത്തിൽ തന്നെ മുന്നോട്ടുപോയാൽ മതി എന്ന് രാജ്യസഭയിലുള്ളവർ ഒരേ സ്വരത്തിൽ പ്രതികരിക്കുകയും ചെയ്തു. സാമൂഹികമായ ഉച്ചനീചത്വങ്ങൾ പറഞ്ഞ് അവളുടെ പ്രണയാഭ്യർത്ഥന കുലശേഖരൻ നിരസിക്കുകയാണ് ചെയ്യുന്നത്. തന്റെ ആഗമനോദ്ദേശ്യം സഫലമാകാത്ത വേദനയോടെ ദൂതൻ കന്നടിയന്റെ സന്നിധിയിൽ തിരിച്ചെത്തുകയും തനിക്കുണ്ടായ അനുഭവങ്ങൾ രാജാവിന് മുന്നിൽ അവതരിപ്പിക്കുകയും ചെയ്തു. കുലശേഖരന്റെ അഴകും അന്തസ്സും ആഭിജാത്യവും സൈനിക ബലവും ധനസ്ഥിതിയും ദൂതന്റെ വാക്കുകളിൽ നിന്ന് കന്നടിയന്‍ മനസ്സിലാക്കുന്നു. മകളെ യാഥാർത്ഥ്യം പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ച മാതാപിതാക്കൾ പരാജയപ്പെടുന്നു. മാതാപിതാക്കളുടെയും ബന്ധുജനങ്ങളുടെയും സാന്ത്വന വചനങ്ങൾക്കൊന്നും വടുകച്ചിയുടെ മനസ്സിനെ പിന്തിരിപ്പിക്കാൻ കഴിഞ്ഞില്ല. വടുകച്ചിയോട് ഏറെ വാത്സല്യമുള്ള പിതാവായ കന്നടിയൻ രണ്ടാമതും ദൂതനെ ഈ ആവശ്യം പറഞ്ഞു കുലശേഖരന്റെ അരികിലേക്ക് അയക്കുന്നു. തനിക്ക് പറയാനുള്ളതെല്ലാം നേരത്തെ പറഞ്ഞു കഴിഞ്ഞെന്നും ആവശ്യമില്ലാത്ത കാര്യങ്ങൾ സഭയിൽ പറയുന്നത് അനുചിതമാണെന്നും എത്രയും പെട്ടെന്ന് ഇവിടെനിന്ന് പോകണമെന്നും ദൂതനോട് കുലശേഖരൻ ആവശ്യപ്പെട്ടു.
കുലശേഖരൻ അടിയന്തിരമായി മന്ത്രിമാരുടെ യോഗം വിളിച്ചെങ്കിലും കാലിങ്കൻ ഒഴികെയുള്ളവർ കന്നടിയന്റെ മകളെ സ്വീകരിക്കുന്നത് കുലശേഖരന്റെ സ്ഥാനത്തിനും കുലമഹിമയ്ക്കും ചേർന്നതല്ല എന്ന് ഒറ്റ സ്വരത്തിൽ അഭിപ്രായപ്പെട്ടു. എന്നാൽ കാലിങ്കനാകട്ടെ കന്നടിയന്റെ അപേക്ഷ നിരസിക്കുന്നത് ആപത്താണെന്ന് കുലശേഖരനോട് പറയുകയും ചെയ്തു. തന്റെ അഭിപ്രായത്തിന് എതിരാണെങ്കിൽ പോലും രാജനന്മയ്ക്കുവേണ്ടി മന്ത്രിയായ കാലിങ്കൻ അവർക്കൊപ്പം തന്നെ നിൽക്കുന്നു. കുലശേഖരൻ കന്നടിയന്റെ ദൂതനോട് കാര്യങ്ങൾ ധരിപ്പിക്കാൻ നിയോഗിക്കുന്നതും തന്റെ വിശ്വസ്ത മന്ത്രിയായ കാലിങ്കനെ തന്നെയാണ്. മഹത്തായ കുലത്തിൽ ജനിച്ച കുലശേഖരനെ വടുകച്ചി ആഗ്രഹിക്കുന്നത് തന്നെ മഹാപാതകമായിട്ടാണ് കാലിങ്കൻ ദൂതനോട് പറയുന്നത്. ഒരിക്കലും ചേരാത്ത ഈ ബന്ധത്തിന് നിൽക്കാതെ എത്രയും പെട്ടെന്ന് തിരിച്ചു പോകാൻ കാലിങ്കൻ കന്നടിയന്റെ ദൂതനോട് പറയുമ്പോൾ നിങ്ങൾക്ക് നാശം വരാൻ പോകുന്നെന്ന് ദൂതൻ മറുപടി കൊടുക്കുന്നുണ്ട്. ദൂതനെ പിടിച്ച് പുറത്താക്കാൻ കുലശേഖരൻ ഭടന്മാരോട് കൽപ്പിക്കുന്നു. വള്ളിയൂരിൽ താൻ അനുഭവിച്ച കഷ്ടപ്പാടുകൾ വർണ്ണനകൾക്കതീതമാണെന്നും ആക്ഷേപവും പരിഹാസവും വീമ്പ് പറച്ചിലുമൊക്കെയായി അപമാനിച്ചാണ് വള്ളിയൂർ കൊട്ടാരത്തിൽ നിന്ന് തന്നെ പറഞ്ഞയച്ച തെന്നുമുള്ള ദൂതന്റെ വാക്കുകൾ കേട്ട് കന്നടിയൻ ഏതു വിധേനയും തന്റെ മകളുടെആഗ്രഹം സാധിച്ചുകൊടുക്കാൻവേണ്ടി തയ്യാറെടുക്കുകയാണ്. മകളുടെ ആഗ്രഹപൂർത്തീകരണത്തിനായി പ്രധാനമായും മൂന്ന് യുദ്ധങ്ങളിൽ കന്നടിയൻ ഏർപ്പെടുന്നുണ്ട്. അവ കമ്പയാർ പോര്, പട്ടാപുരത്ത്പോര്, വള്ളിയൂർ പോര് എന്നിവയാണ്. മൂന്നു പോരുകളും അത് നടന്ന സ്ഥലത്തിന്റെ പേരിൽ അറിയപ്പെടുന്നു. വ്യക്തമായ മുന്നൊരുക്കവും യുദ്ധതന്ത്രങ്ങളും ഓരോ പോരിന്റെയും പ്രത്യേകതയാണ്. വിവാഹാലോചനയുമായി വള്ളിയൂർ കൊട്ടാരത്തിൽ പോയ ദൂതന്റെ രണ്ടാമത്തെ ദൗത്യവും പരാജയപ്പെട്ടപ്പോൾ യുദ്ധമല്ലാതെ മറ്റു മാർഗ്ഗമല്ലെന്ന് കന്നടിയൻ തിരിച്ചറിഞ്ഞു. വിവാഹദൗത്യത്തിന്റെ പരാജയവും യുദ്ധസന്നാഹങ്ങളും ചർച്ച ചെയ്യാൻ കന്നടിയൻ മന്ത്രിസഭ വിളിച്ചു കൂട്ടുന്നു. കമ്പയാർ, പട്ടാപുരം എന്നീ സ്ഥലങ്ങളിൽ വച്ച് കുലശേഖരനുമായി കന്നടിയൻ ഏറ്റുമുട്ടുന്നുണ്ടെങ്കിലും മൂന്നാമത്തെ യുദ്ധത്തിൽ കന്നടിയൻ കുലശേഖരനെ ബന്ദിയാക്കി. യുദ്ധത്തിൽ വിജയം നേടുകയല്ല കുലശേഖരതമ്പുരാന് ആപത്തൊന്നും കൂടാതെ തടവുകാരനായി പിടിക്കുക എന്നതായിരുന്നു കന്നടിയന്റെ ലക്ഷ്യം. അതുകൊണ്ട് വളരെ തന്ത്രപൂർവം കന്നടിയന്റെ സേന കുലശേഖരനെ പിടിക്കുകയാണ്. കുലശേഖര തമ്പുരാന്റെ തലയ്ക്ക് മീതെ മുത്തു കുടപിടിച്ച് നാലുചുറ്റും തുണികൊണ്ട് മറച്ച് ഒരു മഞ്ചലിലിരുത്തി ചുമന്നുകൊണ്ട് കന്നടിയന്റെ പാളയത്തിലേക്ക് കൊണ്ടുപോകുന്നു. മഞ്ചൽ അവിടെയെത്തിയാൽ തന്നെ ഉടൻതന്നെ കുലശേഖരതമ്പുരാനും വടുകച്ചിയും തമ്മിലുള്ള വിവാഹം നടത്താൻ എല്ലാ ഏർപ്പാടുകളും കന്നടിയൻ ചെയ്തിരുന്നു. ഈ സമയത്ത് മഞ്ചലിൽ അവശനായി കിടന്ന കുലശേഖരതമ്പുരാന് ബോധം തെളിഞ്ഞു. തന്റെ സഹോദരന്മാരെയും ബന്ധുക്കളെയും ഉപേക്ഷിച്ച് ശത്രുവിന്റെ മകളെ വിവാഹം കഴിക്കുന്നത് ഒരിക്കലും ഉചിതമാകില്ലെന്ന് കുലശേഖരന് മനസ്സിലായി. ശത്രുവിന്റെ കയ്യിൽ അകപ്പെട്ടതിനുശേഷം രക്ഷപ്പെടുന്ന കാര്യം ആലോചിച്ചിട്ട് ഒരു പ്രയോജനവുമില്ലെന്ന് തിരിച്ചറിഞ്ഞ കുലശേഖരതമ്പുരാൻ ജീവത്യാഗം ചെയ്ത് ശിവപാദം അണയുകയാണ് തന്റെ അഭിമാനത്തിന് നല്ലതെന്ന് തീരുമാനിച്ചു. തന്റെ കൈവശമുണ്ടായിരുന്ന ഉടവാൾ നെഞ്ചിൽ കുത്തിയിറക്കി തമ്പുരാൻ ആത്മഹത്യ ചെയ്തു. വടുകച്ചിമലയിൽ എത്തിച്ചേർന്നപ്പോൾ മഞ്ചലിനുള്ളിലേക്ക് നോക്കിയ കന്നടിയൻ രാജാവ് കുലശേഖരന്റെ ജഡംകണ്ട് തകർന്നുപോയി. ആ വാർത്ത മകളെ എങ്ങനെ അറിയിക്കും എന്നറിയാതെ അദ്ദേഹം വേദനിച്ചു. തന്റെ ഭാവി വരൻ ജീവൻ ത്യജിച്ചത് കണ്ടു ദുഃഖിതയായ കന്നടിയന്റെ മകൾ തമ്പുരാന്റെ ചിതയിൽ ചാടി ജീവത്യാഗം ചെയ്യാൻ നിശ്ചയിച്ചു. അതിനു തടസ്സം നിൽക്കരുതെന്ന് അച്ഛനോട് അപേക്ഷിച്ചു. താൻ കാരണം കുലശേഖരതമ്പുരാൻ മൃതിയടഞ്ഞതിനാൽ ലോകം തന്റെ മേൽ കുറ്റംചുമത്തുമെന്നും അത് തനിക്ക് സഹിക്കാനാവില്ലെന്നും രാജകുമാരി പറഞ്ഞു. കുലശേഖര തമ്പുരാനുമായുള്ള തന്റെ വിവാഹം നടത്തണമെന്നും അതിൽ നിന്നും താൻ ഒരിക്കലും പിന്മാറുകയില്ലെന്നും അവൾ അറിയിച്ചു.ധർമ്മസങ്കടത്തിലായ കന്നടിയൻ ഒടുവിൽ കല്യാണപ്പന്തൽ ഒരുക്കി കുലശേഖരന്റെ മൃതദേഹം കുളിപ്പിച്ച് പുതുവസ്ത്രങ്ങൾ ചാർത്തി മണ്ഡപത്തിൽ വരന്റെ സ്ഥാനത്ത് കൊണ്ടുവന്ന് കിടത്തി.തുടർന്ന് നവവധുവിനെപോലെ ഒരുങ്ങി നിന്ന മകളെ അവിടേക്ക് ആനയിച്ചു. കുലശേഖരന്റെ ഇടതുവശത്ത് പുത്രിയെ ഇരുത്തി അവളുടെ കൈകൾ കുലശേഖരന്റെ കൈമേൽ എടുത്തുവച്ച് കന്നടിയൻ വിവാഹ കർമ്മം നടത്തി. തുടർന്ന് ചന്ദനത്തടികൾ അടുക്കി ചിതയുണ്ടാക്കുകയും അതിൽ കുലശേഖരന്റെ മൃതശരീരം വെച്ച് ദഹിപ്പിക്കുകയും ചെയ്തു. ചിത കത്തിജ്ജ്വലിച്ചപ്പോൾ കന്നടിയന്റെ മകൾ അഗ്നിപ്രവേശം ചെയ്തു. അഗ്നി മധ്യത്തിൽ വടുകച്ചി സൂര്യചന്ദ്രന്മാരെ വണങ്ങിക്കൊണ്ട് പറഞ്ഞത് ലോകത്തിലെ എല്ലാ സ്ത്രീകളോടുമുള്ള വെളിപ്പെടുത്തലായിരുന്നു.
‘മിക്കതൊരുമങ്കൈയരേ വേറൊരു വർക്കി ച്ചൈ ഉത്താൽ
നിനൈത്ത് നിനൈത്തിരുപ്പതെല്ലാം നേരത്തുക്കു ഉതവാത്
അനൈത്തവർക്കും ചൊല്ലുകിറേൻ ആശൈവൈക്ക വേണ്ടാമോ’4
മറ്റൊരാളുടെ മേൽ നമുക്ക് ആശ വന്നാൽ വെറുതെയിരുന്ന് ചിന്തിച്ചിട്ട് ഒരു കാര്യവുമില്ല. ഇത്തരം ചിന്തകൾ നമുക്ക് പലതരത്തിലുള്ള ദുരിതങ്ങളും ഉണ്ടാക്കും. അതുകൊണ്ട് സ്ത്രീകൾ കണ്ടറിഞ്ഞ് പെരുമാറണം. തെക്കൻ പാട്ടുകളുടെ സവിശേഷതയായ ഗുണപാഠകഥനത്തിന് ഉദാഹരണമാണ് വടുകച്ചിയമ്മയുടെ ഈ വെളിപ്പെടുത്തൽ.
കുലശേഖരന്റെ ബന്ധുമിത്രാദികൾ ഈ ദുഃഖ വാർത്തയറിഞ്ഞ് ജീവത്യാഗം ചെയ്തു. വള്ളിയൂർ രാജവംശം സന്തതികൾ ഇല്ലാതെ അവസാനിച്ചു. കന്നടിയൻ തന്റെ മകളുടെ സന്തോഷകരമായ ജീവിതത്തിന് വേണ്ടി നടത്തിയ യുദ്ധത്തിൽ ഇരുവശത്തും കനത്ത ആൾനാശവും ധനനഷ്ടവും ആയിരുന്നു ഫലം. യുദ്ധത്തിലൂടെ ആർക്കും വിജയം ലഭിക്കുന്നില്ല എന്ന സത്യം ഈ പാട്ട് കഥ മുന്നോട്ട് വയ്ക്കുന്നു. പാപപരിഹാരാർത്ഥം കന്നടിയൻ ദാനധർമ്മങ്ങൾ നടത്തുന്നുണ്ട്. “വികാരനിർഭരമായ ഒരു പ്രേമകഥ പോർപ്പാട്ടിലൂടെ അസാധാരണമായ ഇതിവൃത്ത വികാസം നേടി കന്നടിയന്റെ പശ്ചാത്താപത്തിലും പാപം തീർക്കലിലും ശാന്തമായി കലാശിക്കുന്നു”5.
ചരിത്രപരവും സാംസ്കാരികവുമായ പ്രാധാന്യം
തിരുനെൽവേലി ജില്ലയിൽ വള്ളിയൂരിൽ വടുകച്ചിയൂർ എന്ന പേരിൽ ഒരു പഞ്ചായത്തുണ്ട്. വടുകച്ചിയൂരിലെ പ്രസിദ്ധമായ ചരിത്ര സ്മാരകമായി ഇന്നും നിലനിൽക്കുന്നസ്ഥലമാണ് വടുകച്ചിമതിൽ. ഈ മതിലിനുള്ളിൽ വടുകച്ചിയമ്മയുടെ ആരാധനാ സ്ഥലവും കാണാം മേൽക്കൂരയില്ലാത്ത ഒരു വൃക്ഷച്ചുവട്ടിലാണ് വടുകച്ചിയമ്മയുടെ ബിംബം പ്രതിഷ്ഠിച്ചിരിക്കുന്നത്. കുലശേഖരതമ്പുരാനും വടുകച്ചിയമ്മയ്ക്കും തിരുവിതാംകൂറിൽ നിരവധി ആരാധനാലയങ്ങൾ ഉണ്ട്. എന്നാൽ അത്തരത്തിൽ ആരാധനാമൂർത്തിയാകാതെതന്നെ ജനഹൃദയങ്ങളിൽ നിറഞ്ഞുനിൽക്കുന്ന ഒരു കഥാപാത്രമാണ് കന്നടിയൻ. തിരുനെൽവേലി ജില്ലയിലെ ചേരമഹാദേവിയിലുള്ള സത്രങ്ങൾ,അമ്പലങ്ങൾ, കുളങ്ങൾ, വയലുകൾ, കനാൽ എന്നിവയും താമ്രപർണിനദിയിൽ കന്നടിയൻ നിർമ്മിച്ചതായി അറിയപ്പെടുന്ന അണക്കെട്ടും കന്നടിയന്റെ പേരിലാണ് അറിയപ്പെടുന്നത്.
മലയാളത്തിലെ നാടോടി ഗാനങ്ങളിൽ പ്രധാന വിഭാഗങ്ങളായ തെക്കൻ പാട്ടുകൾ പ്രാചീന ജീവിതത്തെയും സംസ്കാരത്തെയും പ്രതിഫലിപ്പിക്കുന്ന ചരിത്രരേഖകൾ കൂടിയാണ്. ചരിത്രപരമായി വിലപ്പെട്ട വിവരങ്ങൾ അടങ്ങിയ പാട്ടുകളാണ്തെക്കൻകഥാഗാനങ്ങൾ. ചരിത്ര ഗ്രന്ഥങ്ങളിൽ രേഖപ്പെടുത്താതെ പോയിട്ടുള്ള പല കാര്യങ്ങളും ഈ കഥാഗാനങ്ങളിൽ കടന്നുവരുന്നു. ചരിത്രകൃതികളിൽ നിന്ന് ലഭിക്കുന്നത് പലപ്പോഴും രാജാക്കന്മാരുടെ ചരിത്രം മാത്രമാണ്. എന്നാൽ ഇത്തരം കഥാഗാനങ്ങളിലൂടെ ചരിത്രകാലത്തെ സമൂഹത്തിന്റെ സജീവമായ ചിത്രങ്ങൾ, അടിസ്ഥാനവർഗ്ഗം ഏർപ്പെട്ടിരുന്ന തൊഴിലുകൾ, സമൂഹം അനുവർത്തിച്ചു പോരുന്ന ദായക്രമം തുടങ്ങിയവയെ കുറിച്ചുള്ള വിവരണങ്ങൾ ലഭിക്കുന്നു. ജാതീയമായ ഉച്ചനീചത്വങ്ങളെ കുറിച്ചുള്ള പ്രകടമായ സൂചനകൾ കന്നടിയൻപോരിൽ കാണാം. ഇവിടെ കുലശേഖരൻ വടുകച്ചിയെ നിരസിക്കുന്നതിനുള്ള പ്രധാനകാരണം ജാതി തന്നെയാണ്. പാണ്ഡ്യകുലം മഹത്തരമാണെന്നും കന്നടിയൻ താണകുലത്തിലുള്ള ആളാണെന്നുമുള്ള പരാമർശങ്ങൾ കന്നടിയാൻ പോരിലുണ്ട്.ജാതിശ്രേണിയിൽ താഴെ നിൽക്കുന്ന വടുകച്ചിയെ വിവാഹം ചെയ്താൽ സമൂഹം തന്നെ പരിഹസിക്കുമെന്ന ചിന്തയാണ് കുലശേഖരനെ നയിച്ചിരുന്നത്. കേരളത്തിലെ ജാതി വ്യവസ്ഥ എ ഡി എട്ടാംശതകത്തോടെ ആരംഭിക്കുന്നുവെന്ന് ചരിത്രപണ്ഡിതനായ എ ശ്രീധരമേനോൻ രേഖപ്പെടുത്തിയിട്ടുണ്ട്. പാട്ടിലെ കുറവർ, മറവർ കൊങ്കർ,മലുക്കർ, സിങ്കാളർ തുടങ്ങിയ വിഭാഗങ്ങളെ കുറിച്ചുള്ള പരാമർശങ്ങളിൽ നിന്ന് ജനങ്ങൾ ജാതീയമായി സംഘടിച്ചിരുന്നു എന്ന് മനസ്സിലാക്കാം. ഹിന്ദുമതത്തിലെ പതിനെട്ടുജാതി കളെ കുറിച്ചുള്ള പരാമർശവും കന്നടിയൻപോരിൽ കാണാം.
“നമ്മളല്ലോകിഴിഞ്ചകുലം മലൈരാശകുലം
അഞ്ചുതമ്പുരാക്കളുടെ കുലം പാണ്ഡി രാശകുലം”6
ഇങ്ങനെ പാണ്ഡ്യരുടെകുലത്തെ അപേക്ഷിച്ച് തങ്ങളുടേത് താഴ്ന്ന കുലമാണ് എന്ന് ജാതിയും കുലമഹിമയും കൃത്യമായി പ്രതിപാദിച്ചു കൊണ്ടാണ് മകളെ അവളുടെ ആഗ്രഹത്തിൽ നിന്നും പിന്തിരിപ്പിക്കാൻ മാതാപിതാക്കൾ ശ്രമിക്കുന്നത്. സമൂഹത്തിൽ നിലനിന്നിരുന്ന ഉച്ചനീചത്വങ്ങൾ ആഭരണങ്ങളുടെയും വസ്ത്രങ്ങളുടെ ഉപയോഗത്തിലും പ്രകടമായിരുന്നു എന്ന് കന്നടിയൻപോരിലെ കഥാപാത്രവർണ്ണനകളിൽ നിന്ന് മനസ്സിലാക്കാം. ദൂതന് മുന്നിൽ സർവ്വാഭരണവിഭൂഷിതനായിട്ടാണ് കുലശേഖരൻ കടന്നുവരുന്നത്. സമൂഹത്തിലെ മേൽത്തട്ടിലുള്ളവർ മാത്രമാണ് ഇത്തരത്തിലുള്ള ആഭരണങ്ങൾ അണിഞ്ഞിരുന്നതെന്ന് സൂചനകളിൽ നിന്ന് മനസ്സിലാക്കാം. വ്യത്യസ്തങ്ങളായ ജനവിഭാഗങ്ങളെ കുറിച്ചുള്ള പരാമർശങ്ങൾ കന്നടിയൻ പോരിൽ ഉണ്ട്.
തെക്കൻ തിരുവിതാംകൂറിലെ ദായക്രമങ്ങളെ കുറിച്ചുള്ളസൂചനകൾ തെക്കൻ കഥാ ഗാനങ്ങളിൽനിന്ന് ലഭിക്കുന്നുണ്ട്. കുലശേഖര പെരുമാൾ തമ്പുരാൻ പാട്ടിൽ രാജ്യാവകാശം അമ്മയോടാണ് ചോദിക്കുന്നത്. അമ്മയുടെ നിർദ്ദേശപ്രകാരം വള്ളിയൂരിൽ കോട്ടകെട്ടി കുലശേഖരനും സഹോദരന്മാരും ഭരണം തുടങ്ങി. അതുപോലെ കന്നടിയൻ തന്റെ അളവറ്റ ധനത്തിന്റെ ഏക അവകാശിയായി വിശേഷിപ്പിക്കുന്നത് തന്റെ മകളെയാണ്. തിരുവിതാംകൂറിൽ നിലനിന്നിരുന്ന മരുമക്കത്തായ സമ്പ്രദായങ്ങളിൽ നിന്ന് വ്യത്യസ്തമായി മക്കത്തായമാണ് വള്ളിയൂരിലും കാഞ്ചീപുരത്തും നിലനിന്നിരുന്നതെന്ന് കഥാഗാനത്തിൽ നിന്നും മനസ്സിലാക്കാം. ഭാഷാപരമായ സവിശേഷതകൾ വച്ച് നോക്കുമ്പോൾ തമിഴ്പ്രഭാവകാലമായ മധ്യഘട്ടത്തിനും ആധുനിക ഘട്ടത്തിനും ഇടയിലാണ് കന്നടിയൻ പോരിന്റെ സ്ഥാനമെന്ന് മനസ്സിലാക്കാം. കേരളപാണിനി മുന്നോട്ടുവയ്ക്കുന്ന നയങ്ങൾ, ഘട്ട വിഭജനം എന്നിവ കൃത്യമായി രീതിയിൽ പോരുകഥയിൽ പ്രവർത്തിക്കുന്നില്ല. സാധാരണ സംഭാഷണഭാഷയിൽ കടന്നുവരുന്ന പ്രാദേശികമായ അനേകം പഴഞ്ചൊല്ലുകൾ കന്നടിയാൻ പോരിലും കാണുന്നുണ്ട്. ഈ കൃതിയുടെ ജനകീയതയ്ക്ക് ഉദാഹരണമായി ഇതിനെ കണക്കാക്കാവുന്നതാണ്. ഒരു കാലഘട്ടത്തിൽ ഉപയോഗിച്ചിരുന്ന വീട്ടുപകരണങ്ങൾ ആ സംസ്കാരത്തെ കുറിച്ചുള്ള സൂചനകൾ നൽകുന്നു. മണ്ണിൽ പണിയെടുക്കുന്നവർ ഉപയോഗിക്കുന്ന കുട്ട, മൺവെട്ടി തുടങ്ങിയ പണിയായുധങ്ങളും മരം മുറിക്കാൻ ഉപയോഗിക്കുന്ന കോടാലിയുമൊക്കെ ഈ സമൂഹത്തിന് അന്യമായിരുന്നില്ല. കേരളത്തിൽ നിലവിലിരുന്ന അളവ് തൂക്ക സമ്പ്രദായത്തെക്കുറിച്ചുള്ള സൂചനകളും കന്നടിയൻ പോരിലുണ്ട്.
കന്നടിയന്റെ ദൂതന്റെ യാത്രയെക്കുറിച്ച് പറയുന്ന സന്ദർഭത്തിൽ അവർ കടന്നുപോകുന്ന ജനവാസ കേന്ദ്രങ്ങളെ കുറിച്ചുള്ള സൂചനകൾ ലഭിക്കുന്നുണ്ട്. മധുര, കാഞ്ചി,ചോഴനാട്, പട്ടാപുരം,വള്ളിയൂർ,ഓമല്ലൂർ തുടങ്ങി നൂറുകണക്കിന് പ്രദേശങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ കാണാം. ചേരപെരുമാളിന്റെ രാജകീയ പ്രൗഢിയെ കുറിച്ച് വിവരിക്കുന്ന സന്ദർഭത്തിൽ അദ്ദേഹത്തിന്റെ രാജ്യവിസ്തൃതി തിരുവഞ്ചിക്കര, തിരുവട്ടാർ, കുഴിത്തുറ, തിരുവനന്തപുരം, വർക്കല, കൊല്ലം, കൊച്ചി, കോഴിക്കോട് വരെ വ്യാപിച്ചിരിക്കുന്നുവെന്ന് പോരുകഥാകാരൻ പരാമർശിക്കുന്നുണ്ട് . അടിസ്ഥാന ജനവിഭാഗങ്ങളെയും ദേശചരിത്രത്തെയും സംബന്ധിച്ച നിരവധി ചിത്രങ്ങൾ തെക്കൻപാട്ടുകളിൽ ഉണ്ട്. തെക്കൻ തിരുവിതാംകൂറിലെ ഭൂപ്രകൃതിയുടെ സവിശേഷതകൾ കന്നടിയൻപോരിലും പരാമർശിച്ചിട്ടുണ്ട്.
ആചാരാനുഷ്ഠാനങ്ങള്‍, വിശ്വാസങ്ങള്‍
ആ കാലഘട്ടത്തിൽ നിലനിന്നിരുന്ന ആചാരാനുഷ്ഠാനങ്ങളെക്കുറിച്ചും കുഞ്ഞിന്റെ ജനനം, പ്രസവരക്ഷ,ചോറൂണ് വിദ്യാഭ്യാസം തുടങ്ങിയ വിവിധ ജീവിത സന്ദർഭങ്ങളെകുറിച്ചുള്ള പരാമർശങ്ങൾ കന്നടിയൻപോരിലുണ്ട്. മക്കത്തായം,സ്ത്രീധന സമ്പ്രദായം, ബഹുഭാര്യത്വം എന്നിവയെ കുറിച്ചുള്ള വിവരണം ഈ പാട്ടിലുണ്ട്. ഇവിടെ പ്രതിപാദിക്കുന്ന പല ചടങ്ങുകളും ആധുനിക സമൂഹത്തിലും നിലനിൽക്കുന്നവയാണ്. വടുകച്ചിയെ വിവാഹം ചെയ്താൽ അളവറ്റ സ്ത്രീധനം കന്നടിയൻ വാഗ്ദാനം ചെയ്യുന്നുണ്ട്. കള്ളമട അടയ്ക്കുന്നതിന് വേണ്ടി കന്നടിയൻ നടത്തുന്ന നരബലി, മൃഗബലിതുടങ്ങിയവ സൂചിപ്പിക്കുന്നത് അത്തരംഅനാചാരങ്ങൾ സമൂഹത്തിൽ ആ കാലഘട്ടത്തിൽ നിലനിന്നിരുന്നുവെന്ന്തന്നെയാണ്.
“നാനിലമും കീർത്തിപെറ നരപെലിയുംതാൻ കൊടുത്ത്
ആനൈ തന്നെ തലൈയറുത്ത് അലങ്കാരവെലിയുമിട്ട്”7
ഇവിടെ രാജാവിന്റെ നിർദ്ദേശപ്രകാരമാണ് നരബലിയും മൃഗബലിയുമൊക്കെ നടക്കുന്നത്. വരാൻ പോകുന്ന അനർത്ഥങ്ങളുടെ മുന്നോടിയായി ദുശ്ശകുനങ്ങളെ ചിത്രീകരിക്കുകയെന്നതും തെക്കൻ കഥാഗാനങ്ങളുടെ പൊതുസ്വഭാവമാണ്. കന്നടിയൻ പോരിൽ വിശ്വാസവഞ്ചകനായി കടന്നുവരുന്ന ജ്യോതിഷിയാണ് ശകുനങ്ങളെ കുറിച്ച് പറയുന്ന കഥാപാത്രം. ശകുനങ്ങളിൽ ഉള്ള വിശ്വാസങ്ങൾ ഇന്നും സമൂഹത്തിൽ നിലനിൽക്കുന്നുണ്ട്. മൂങ്ങയുടെ മൂളലും ഗൗളിയുടെ ചിലയ്ക്കലുമൊക്കെ ആധുനികസമൂഹത്തിൽപോലും പ്രചാരത്തിലുണ്ട്. മനുഷ്യന് കാണാൻ കഴിയാത്ത പലതും മറ്റു ജീവജാലങ്ങൾക്ക് കാണാൻ കഴിയുമെന്നും ആസന്നമായി സംഭവിക്കാൻ പോകുന്ന കാര്യങ്ങളെക്കുറിച്ച് അവർ നൽകുന്ന സൂചനകളാണ് ശകുനങ്ങളെന്നും വിശ്വസിക്കുന്ന ജനതയാണ് ഇത്തരം വിശ്വാസങ്ങൾക്ക് പിന്നിലുള്ളത്. കാലി വളർത്തൽ,ആശാരിപ്പണി, നെയ്ത്ത്,എണ്ണയാട്ട് പല്ലക്ക് ചുമക്കൽ, കൃഷിപ്പണി തുടങ്ങി ജനജീവിതവുമായി ബന്ധപ്പെട്ട് നിൽക്കുന്ന വ്യത്യസ്ത തൊഴിലുകളെ കുറിച്ചുള്ള പരാമർശം ഈ കൃതിയിൽ കാണാം. ലോക ചരിത്രത്തിൽ ഏത് യുദ്ധവും വിജയിക്കും പരാജിതനും ഒരുപോലെ നഷ്ടങ്ങൾ മാത്രമേ സമ്മാനിച്ചിട്ടുള്ളൂ. ഇവിടെ കന്നടിയൻ പോരിലും നഷ്ട കണക്കുകൾ മാത്രമേ പറയാനുള്ളൂ. താൻ കാരണം ഒരു രാജ്യവും രാജാവും കുലവും തന്നെ നശിച്ചുപോയി എന്നോർത്ത് വിലപിക്കുന്ന കന്നടിയൻ ആധുനിക സമൂഹത്തിൽ യുദ്ധം വരുത്തി വയ്ക്കുന്ന വിനാശത്തെക്കുറിച്ച് സൂചന നൽകുന്നു. സ്ത്രീപുരുഷബന്ധത്തെ കുറിച്ചുള്ള നിരവധി പരാമർശങ്ങൾ തെക്കൻ കഥാ ഗാനങ്ങൾ കാണാം. ബഹുഭാര്യാത്വം ആ കാലഘട്ടത്തിൽ സർവ്വസാധാരണമായിരുന്നു എന്ന് കന്നടിയൻ പോരിൽ നിന്ന് നമുക്ക് മനസ്സിലാക്കാം. ഭാര്യമാരുടെ എണ്ണം കൂടുന്നത് രാജപ്രതാപത്തിന്റെ സൂചനയാണെന്ന് കാലിങ്കൻ അഭിപ്രായപ്പെടുന്നത് ഇതിന് ഉദാഹരണമാണ്.
ജാതിബോധവും അപവാദഭയവും ആ കാലഘട്ടത്തിലെ ജനങ്ങളെ നിയന്ത്രിച്ചിരുന്നു.ആത്മാഭിമാനം ജീവനേക്കാൾ മഹത്തരമായി കരുതിയിരുന്നു.ആത്മാഭിമാനം നിലനിർത്തുന്നതിന് വേണ്ടിയാണല്ലോ കുലശേഖരൻ ജീവത്യാഗം ചെയ്യുന്നത്. തന്റെ ബന്ധുക്കളെല്ലാം മരിച്ചു കഴിഞ്ഞിട്ട് താൻ മാത്രം ജീവിച്ചിരിക്കുന്നത് തന്റെ അഭിമാനത്തിന് യോജിച്ചതല്ലെന്ന് കുലശേഖരൻ കരുതി. നിരാലംബരാകുന്ന സ്ത്രീകളും ആത്മഹത്യയുടെ മാർഗം സ്വീകരിച്ചിരുന്നു എന്ന് കന്നടിയൻ പോരിൽനിന്ന് മനസ്സിലാക്കാം. ഈ പോര്കഥയിലെ കുലശേഖരന്റെ പത്നിമാരുടെ ജീവത്യാഗം അതാണ് സൂചിപ്പിക്കുന്നത്. ഭർത്താവിന്റെ മരണാനന്തരം ആ കാലഘട്ടത്തിൽ ജീവിക്കുന്ന ഒരു സ്ത്രീയുടെ നില ഏറെ ദയനീയമായിരുന്നു. ഒരു വിധവ സമൂഹത്തിൽ ജീവിച്ചിരിക്കുമ്പോൾ അനുഭവിക്കേണ്ടിവരുന്ന സംഘർഷങ്ങളെക്കാൾ ഭേദം മരണമാണെന്ന ചിന്തയാകണം പലപ്പോഴും സ്ത്രീകളെ സതി അനുഷ്ഠിക്കാൻ പ്രേരിപ്പിച്ചിരുന്നത്. പിന്നീട് ഭർത്താവിന്റെ ചിതയിലേക്ക് ജീവനോടെ ഭാര്യയെ തള്ളിയിടുന്ന അവസ്ഥയിലേക്ക് ഈ ആചാരങ്ങൾ മാറി. കുടുംബത്തിൽ ഒരു സതിയുള്ളത് മഹത്വമായി കരുതുന്ന തലത്തിലേക്ക് ആചാരങ്ങളും വിശ്വാസങ്ങളും പരിണമിച്ചു.
ഉപദര്‍ശനങ്ങള്‍
തെക്കൻ പ്രദേശത്തിലെ അടിസ്ഥാന ജനവിഭാഗങ്ങളെക്കുറിച്ചുള്ള വ്യക്തമായ ചിത്രം കനടിയൻ പോരുകഥയിൽ നിന്ന് ലഭിക്കുന്നുണ്ട്. മക്കത്തായം, സ്ത്രീധന സമ്പ്രദായം, ബഹുഭാര്യത്വം എന്നിവയെ കുറിച്ചുള്ള വ്യക്തമായ സൂചനകൾ ഈ പാട്ടിലുണ്ട്. ജാതീയമായ ഉച്ചനീചത്വം ശക്തമായിരുന്ന ഒരു സാമൂഹിക വ്യവസ്ഥയാണ് ആ കാലഘട്ടത്തിൽ നിലനിന്നിരുന്നത്. വടുകച്ചിയുടെ വിവാഹാഭ്യർത്ഥന കുലശേഖരൻ നിരസിക്കുന്നത് ജാതിയുടെ പേരിലാണ്. ജാതിബോധവും അപവാദ ഭയവും ആ കാലഘട്ടത്തിലെ സ്ത്രീപുരുഷബന്ധങ്ങളെ നിയന്ത്രിച്ചിരുന്നുവെന്ന് ഇതിൽ നിന്ന് മനസ്സിലാക്കാം. കാലിവളർത്തൽ, ആശാരിപ്പണി, നെയ്ത്ത്, എണ്ണയാട്ട്, കൃഷിപ്പണി, കെട്ടിടംപണി തുടങ്ങി വ്യത്യസ്ത തൊഴിലുകളെ കുറിച്ചുള്ള പരാമർശവും ഉണ്ട്. തലമുറകൾ കൈമാറിവരുന്ന തൊഴിൽ, തൊഴിലുപകരണങ്ങൾ എന്നിവയോട് ആദരവ് പുലർത്തിയിരുന്ന ഒരു ജനവിഭാഗത്തെ കന്നടിയൻ പാട്ടിൽ കാണാം. ആ കാലഘട്ടത്തിൽ ഉപയോഗിച്ചിരുന്ന യാത്രാസംവിധാനത്തെക്കുറിച്ച് പോര് കഥയിൽ പരാമർശമുണ്ട്. കന്നടിയൻ വടുകച്ചിയുടെയും കുലശേഖരൻ തമ്പുരാന്റെയും ഓർമ്മയ്ക്കായി നിർമ്മിച്ചിട്ടുള്ള സ്മാരകങ്ങളുടെ ശില്പ ചാതുരിയും നിർമ്മാണ വൈദഗ്ധ്യവും ആ കാലഘട്ടത്തിന്റെ വാസ്തുവിദ്യാപാരമ്പര്യത്തെ ഓർമിപ്പിക്കുന്നു. തമിഴ് രീതിയിലുള്ള നാടോടി ഭാഷയിലാണ് രചിക്കപ്പെട്ടിട്ടുള്ളതെങ്കിലും സാധാരണ സംഭാഷണ ഭാഷയിൽ കടന്നുവരുന്ന പ്രാദേശികമായ അനേകം പഴഞ്ചൊല്ലുകൾ ഈ കൃതിയിലുണ്ട്. മലയാളത്തിലെ തെക്കൻ പാട്ടുകളിൽ പ്രഥമ ഗണനീയമായ കന്നടിയൻ പോരുകഥ തെക്കൻ തിരുവിതാംകൂറിലെ ജനതയുടെ സംസ്കാരത്തെയും ജീവിതരീതിയെയും പ്രതിഫലിപ്പിക്കുന്ന ചരിത്രരേഖകൾ കൂടിയാണെന്ന് ഈ ഉദാഹരണങ്ങളിൽ നിന്ന് നമുക്ക് മനസ്സിലാക്കാം.
കുറിപ്പുകൾ
1.തെക്കൻ കഥാ ഗാനങ്ങൾ( പഠനം) ഡോ. തിക്കുറിശ്ശി ഗംഗാധരൻ,കേരള ഭാഷാഇൻസ്റ്റിറ്റ്യൂട്ട്,
തിരുവനന്തപുരം, ഒന്നാം പതിപ്പ്, 2005, ആമുഖം
2.വേണാടിന്റെകഥാഗാനങ്ങൾ, ഡോ.തിക്കുറിശ്ശിഗംഗാധരൻ, സാഹിത്യകൈരളിപ്രസിദ്ധീകരണം,
തിരുവനന്തപുരം, നവംബർ 2011,പുറം 202
3.അതേ പുസ്തകം പുറം 209
4.അതേ പുസ്തകം പുറം374
5.അതേ പുസ്തകം, അവതാരിക, കാവാലം നാരായണപ്പണിക്കർ, പുറം 14
6.ബിനു ബി. എസ് കുലശേഖര പെരുമാൾ തമ്പുരാൻപാട്ട് പ്രിയദം ബുക്സ് തിരുവനന്തപുരം 2011 പുറം 52
7.വേണാടിന്റെകഥാഗാനങ്ങൾ, ഡോ.തിക്കുറിശ്ശിഗംഗാധരൻ, സാഹിത്യകൈരളിപ്രസിദ്ധീകരണം,പുറം 303
ഗ്രന്ഥസൂചി
1. അച്യുതൻ എം, കവിതയും കാലവും: ഉപന്യാസങ്ങൾ, സാഹിത്യപ്രവർത്തകസഹകരണസംഘം കോട്ടയം 1985
2. കുഞ്ഞൻപിള്ള ശൂരനാട് (എഡി) പൊന്നിറത്താൾ കഥ, മാനുസ്ക്രിപ്റ്റ് ലൈബ്രറി കേരള സർവകലാശാല, തിരുവനന്തപുരം, ഒന്നാം പതിപ്പ്, 1954
3. ഗംഗാധരൻ തിക്കുറിശ്ശി ഡോ.,തെക്കൻ കഥാ ഗാനങ്ങൾ പഠനം , കേരള ഭാഷാഇൻസ്റ്റിറ്റ്യൂട്ട്,
തിരുവനന്തപുരം. ഒന്നാം പതിപ്പ്. 2005
4. ഗംഗാധരൻ തിക്കുറിശ്ശി ഡോ.,വേണാടിന്റെ കഥാ ഗാനങ്ങൾ,സാഹിത്യ കൈരളി പ്രസിദ്ധീകരണം, തിരുവനന്തപുരം,ഒന്നാം പതിപ്പ്.2011
5. ജോർജ് കെ എം (എഡിറ്റർ) ശുദ്ധമലയാള ശാഖ: സാഹിത്യ ചരിത്രം പ്രസ്ഥാനങ്ങളിലൂടെ, 2015, പത്താം പതിപ്പ്
6. പദ്മകുമാരി ജെ. പ്രൊഫ.,തെക്കന്‍ പാട്ടുകള്‍ പാഠവും പഠനവും, കേരളസാഹിത്യ അക്കാഡമി, ഒന്നാം പതിപ്പ്. 2009
7. ബിനു ബി. എസ് കുലശേഖര പെരുമാൾ തമ്പുരാൻപാട്ട് പ്രിയദം ബുക്സ് തിരുവനന്തപുരം, ഒന്നാം പതിപ്പ്.2011
8. രാമവർമ്മ അപ്പൻ തമ്പുരാൻ, ദ്രാവിഡവൃത്തങ്ങളും അവയുടെ ദശാപരിണാമങ്ങളും.,കേരളോദയം പ്രസ്, ഒന്നാം പതിപ്പ്, 1930
9. ശ്രീധരമേനോൻ എ, കേരള സംസ്കാരം, ഡിസി ബുക്സ് , കോട്ടയം, മൂന്നാം പതിപ്പ്,2007
ലേഖനസൂചി
1. ത്രിവിക്രമൻ തമ്പി.ജി ഡോ. തെക്കൻ പാട്ടിലെ സവിശേഷതകൾ, വിജ്ഞാനകൈരളി,മാർച്ച് 1985
പ്രീതാമോൾ.ആർ
അസിസ്റ്റന്റ് പ്രൊഫസർ അസോസിയേറ്റ് പ്രൊഫസര്‍
മലയാളവിഭാഗം
ആർ.ജി.എം.ഗവണ്മെന്റ് കോളേജ്
പാലക്കാട്
ഡോ.അഞ്‍ജന വി. ആര്‍.
മലയാളവിഭാഗം
ഗവ. കോളേജ് ചിറ്റൂര്‍
അട്ടപ്പാടി, പാലക്കാട്
Comments