കെ .എ .ബീന
പത്തു നാല്പത്തഞ്ചു കൊല്ലം മുന്‍പാണ്. രാവിലെ മുതല്‍ അമ്മൂമ്മ തിരക്കിലായിരുന്നു. അമ്മൂമ്മ പുറത്ത് പോകുന്നത് ഒരു സംഭവമായിരുന്നു. പതിവില്ലാത്തത്. മുണ്ടും പുളിയിലക്കര നേര്യതും തലേന്ന് തന്നെ കഞ്ഞിപ്പശ മുക്കി ഉണക്കിയെടുത്തു അമ്മാവനെ ഏല്പിച്ചിരുന്നു.ഇസ്തിരിയിടാന്‍.ചിരട്ട ചുട്ടെടുത്തു കനലുണ്ടാക്കി ഇസ്ത്രിപ്പെട്ടി ചൂടാക്കി അമ്മാവന് മുണ്ടും നേര്യതും രാവിലെ തന്നെ ശരിയാക്കിയിരുന്നു.
അമ്മൂമ്മ ഒരുങ്ങിയിറങ്ങുമ്പോള്‍ ഞാന്‍ വാശിപിടിച്ചു,കൂടെ പോകാന്‍ .സാധാരണ പതിവുള്ളതാണ്.കല്യാണങ്ങള്‍, ബന്ധു വീട് സന്ദര്‍ശനങ്ങള്‍ .അമ്മൂമ്മയുടെ യാത്രകള്‍ അവിടേക്കൊക്കെയാണ്. സന്തോഷത്തോടെ അമ്മൂമ്മ കൊണ്ട് പോകും.
അന്ന് പക്ഷെ സാധ്യമല്ല എന്ന് ഉറപ്പിച്ച് പറഞ്ഞ്,അമ്മൂമ്മ ചെമ്പരത്തി ചുവടു കടന്നു വയല്‍ വരമ്പത്തു കൂടെ പോയി.ശാഠ്യം പിടിച്ചു കരഞ്ഞ എന്നെ ആശ്വസിപ്പിക്കാന്‍ അപ്പൂപ്പന് പറഞ്ഞു തന്ന കഥയില്‍ നിന്നാണ് തിരഞ്ഞെടുപ്പിനെ കുറിച്ച് ആദ്യമായി അറിഞ്ഞത്,അമ്മൂമ്മ വോട്ടു ചെയ്യാന്‍ പോയതാണ് എന്ന് മനസ്സിലാക്കിയത്.ഓണം പോലെ വിഷു പോലെ പ്രധാനപ്പെട്ട ഒരു ദിവസമാണ് തിരഞ്ഞെടുപ്പ് എന്ന് ഉറപ്പായതും അന്ന് തന്നെ.
അമ്മൂമ്മ മടങ്ങി വന്നപ്പോള്‍ അപ്പൂപ്പന് പകുതി തമാശയോടെ ചോദിച്ചു.
“ആര്‍ക്കാ വോട്ട് ചെയ്തത്?”
അമ്മൂമ്മ ചിരിച്ചു കൊണ്ട് പറഞ്ഞു.
“അത് എന്തിനാ അറിയുന്നത്? എന്റെ വോട്ട് എന്റെ കാര്യം അല്ലെ?”
പിന്നാലെ നടന്നു ഞാനും ചോദിച്ചു.അമ്മൂമ്മ പറഞ്ഞില്ല,അമ്മയും പറഞ്ഞില്ല. ആര്‍ക്കു വോട്ടു ചെയ്തെന്ന് . വോട്ട് ഏറ്റവും വലിയ സ്വകാര്യത ആണെന്ന് ഞാന്‍ പഠിച്ചത് അങ്ങനെ ആണ്.
വടക്കേ ഇന്ത്യയിലെ വിവിധ നിയോജക മണ്ഡലങ്ങളില്‍ തിരഞ്ഞെടുപ്പ് മാമാങ്കം കണ്ടു നടക്കുേമ്പോൾ ഒരുപാട് സ്ത്രീകളോട് അമ്മൂമ്മയോട് പണ്ട് ചോദിച്ച ചോദ്യം ഞാന്‍ ചോദിച്ചു.
മൗനമായിരുന്നു ഭൂരിപക്ഷത്തിന്റെയും മറുപടി.ഇത് തങ്ങളുടെ വിഷയമല്ല എന്ന മട്ട് . മറുപടി പറഞ്ഞവരാകട്ടെ അമ്പരപ്പിച്ചു.
അസംഗഡിലെ ഉഷയും ഫൈസബാദി ലെ കൈകശയും അമേതിയിലെ സബൂരയും സുല്‍ത്താന്‍പൂരിലെ സുനിതയും ഒക്കെ പറഞ്ഞത് ഒരേ മറുപടി.
“ വീട്ടിലെ പുരുഷന്മാര് പറയുന്നവര്‍ക്ക് വോട്ട് ചെയ്യും “
ചിലര്‍ പറഞ്ഞു
“ആപ് ബോലോ.. ഉസ്കോ മേം വോട്ട് കരേഗ..(നിങ്ങള്‍ പറയൂ, ഞാന്‍ അവര്‍ക്ക് വോട്ടു ചെയ്യാം..)”
ആരൊക്കെ മത്സരിക്കുന്നു എന്ന് പോലും അറിയില്ല എന്ന് നിഷ്കളങ്കമായി പലരും വ്യക്തമാക്കി. തിരഞ്ഞെടുപ്പ് തങ്ങളുടെ കാര്യമേയല്ല എന്ന് പറയാന്‍ അവര്‍ ആരും തന്നെ മടിച്ചതുമില്ല..
അവര്‍ തിരക്കിട്ട് സന്ദര്‍ശകര്‍ക്ക് വേണ്ടി അകത്തു ചായയും പലഹാരങ്ങളും ഉണ്ടാക്കുമ്പോള്‍ പുറത്ത് പുരുഷന്മാര് തിരഞ്ഞെടുപ്പ് തരംഗങ്ങള്‍ തലനാരിഴ കീറി വിലയിരുത്തി കൊണ്ടേയിരുന്നു .എവിടെയും അങ്ങനെ ആയിരുന്നു.കവലകളില്‍, ചായക്കടകളില്‍,വീട്ടുമുറ്റങ്ങളില്‍ പുരുഷന്മാര് രാജ്യത്തിന്റെ ഭാവി നിര്‍ണയിക്കുന്നതിന്റെ ചര്‍ച്ചകളില്‍ തന്നെ ആയിരുന്നു.. ഒരിടത്തും സ്ത്രീയെ കണ്ടില്ല.അത് സ്ത്രീയുടെ വിഷയമേ അല്ല എന്ന് ഓരോ നിമിഷവും വ്യക്തമാക്കി തന്നു കൊണ്ടേ ഇരുന്നു.
പാതിയോളം വരുന്ന വോട്ടര്‍മാര്‍ - ഇന്ത്യന്‍ ജനാധിപത്യത്തിന്റെ വിധിയെഴുത്ത് അവരുടേത് കൂടി ആണെന്ന് സ്വാതന്ത്ര്യം കിട്ടി ഇക്കാലമത്രയും കഴിഞ്ഞിട്ടും അവര്‍ അറിഞ്ഞിട്ടില്ല ,അറിയാന്‍ ഒട്ടു അനുവദിക്കുന്നുമില്ല എന്ന് തോന്നി . ഇന്ത്യന്‍ ഗ്രാമങ്ങളില്‍ ഇന്നും സ്ത്രീയും രാഷ്ട്രീയവും മോരും മുതിരയും പോലെ തന്നെ നിലനില്ക്കുന്നു എന്ന് വേദനയോടെ തന്നെ ഉള്‍ക്കൊള്ളാനാണ് തിരഞ്ഞെടുപ്പ് കാഴ്ചകള്‍ അവസരം തന്നത്.
ഇന്ത്യന്‍ സ്ത്രീ ഇന്നും പിന്നാമ്പുറത്ത് തന്നെ എന്ന് ഉത്തരേന്ത്യന്‍ ഗ്രാമങ്ങള്‍ പഠിപ്പിച്ചു കൊണ്ടേ ഇരുന്നു.ഗോതമ്പ് പാടങ്ങളില്‍ , കിണറ്റു വക്കില്‍, അടുക്കളകളില്‍ അവരുണ്ട്.ശബ്ദങ്ങളില്ലാതെ. മുഖമില്ലാതെ.
പക്ഷെ എന്നിട്ടും അവര്‍ തിരഞ്ഞെടുപ്പിനെ കാത്തിരിക്കുന്നു.
അവര്‍ക്ക് പുറംലോകം കാണാന്‍ അവസരം കിട്ടുന്ന അപൂര്‍വ്വം ദിവസങ്ങളില്‍ ഒന്നാണ് തിരഞ്ഞെടുപ്പ് ദിവസം.അത് കൊണ്ട് തന്നെ ആ ദിവസത്തിനു വേണ്ടി ഒരുങ്ങുന്നു, പുതിയ വേഷങ്ങള്‍ വാങ്ങുന്നു.മോടിയോടെ വോട്ടു ചെയ്യുന്നു.
തിരഞ്ഞെടുപ്പ് കാലത്ത് സാരിക്കച്ചവടം പൊടിപൊടിക്കുന്നു.കടകളില്‍ മാത്രമല്ല.ഗ്രാമങ്ങളില്‍ വീടുവീടാന്തരം സാരികള്‍ വില്കാന് നടക്കുന്ന ധാരാളം കോളെജ് വിദ്യാര്‍ഥികളുണ്ട്.ചിലര്‍ ട്രക്കുകള്‍ വാടകക്ക് എടുത്തു സാരിക്കടകള്‍ ആക്കി മാറ്റി കച്ചവടം നടത്തുന്നു.ജാന്പൂര് പട്ടണത്തിലെ ഗൌരബാട്ശാപൂര് നിവാസികള്‍ ആയ കോളേജ് വിദ്യാര്‍ഥികള്‍ മുഹമെദ് സാജിദ്, കുനാല്‍ കശ്യപ്, വിശാല്‍ കശ്യപ് ഒക്കെസാരിക്കച്ചവടം വഴി തിരഞ്ഞെടുപ്പ് കാലത്ത് പത്തു കാശുണ്ടാക്കാന്‍ തന്നെ തീരുമാനിച്ചവരാണ്.സ്ത്രീ വോട്ടര്‍മാരുടെ ക്യൂവില്‍ പുതിയ സാരികള്‍ ധരിക്കാത്തവര്‍ ഉണ്ടാകരുതെന്ന് അവര്‍ സ്ത്രീകളെ ബോധവല്‍ക്കരിക്കുന്നു.
ദിവസം നൂറു സാരികള്‍ വരെ ഈ കുട്ടികള്‍ വിൽക്കുന്നുണ്ട്, എഴുപത്തഞ്ചു രൂപയുടെ സാരികള്‍ക്കാണ് ഡിമാണ്ട് കൂടുതല്‍.
സാരികള്‍ വാങ്ങി സ്ത്രീകള്‍ കാത്തിരിക്കുന്നു,തങ്ങളെ ഭരിക്കുന്നവരെ തീരുമാനിക്കാന്‍.അവര്‍ ആരെന്നു പോലുമറിയാതെ.
തിരഞ്ഞെടുപ്പ് കാലം കാത്തിരിക്കുന്ന സ്ത്രീകളില്‍ ധാരാളം വിധവകള്‍ ഉണ്ട്. വൃന്ദാവനത്തിലെ വിധവകള്‍ ഉള്‍പ്പെടെ.ജീവിതം പൂര്‍ണമായും കൊട്ടിയടക്കപ്പെട്ട അവര്‍ക്കും വോട്ടുണ്ട്.അത് കൊണ്ട് തന്നെ മറ്റൊരു ദിവസവും പുറത്തിറങ്ങുന്നത് പ്രോത്സാഹിക്കപ്പെടില്ലെങ്കിലും വോട്ടിംഗ് ദിവസം അവര്‍ക്കും വിലയുണ്ടാവുന്നു. ഒരു ദിവസം മാത്രം നീളുന്ന ആ വില ആസ്വദിക്കാന്‍ അവര്‍ നിശ്ചയമായും പോളിംഗ് ബൂത്തിലേക്ക് ചെല്ലുന്നു.
രാഷ്ട്രീയത്തിലെ സ്ത്രീയുടെ അദൃശ്യതയെക്കുറിച്ച് കേരളത്തില്‍ വച്ച് വേവലാതിപ്പെട്ടത് വെറുതെ ആയിരുന്നു എന്ന് ബോധ്യമാക്കുന്നത് ആയിരുന്നു ഉത്തരേന്ത്യന്‍ അനുഭവം.തുലനം ചെയ്യാന്‍ പോലും കഴിയാത്തത്ര വൈരുധ്യം കേരളത്തിലെ സ്ത്രീകളും ഉത്തരേന്ത്യന്‍ സ്ത്രീകളും തമ്മില്‍ ഇന്നും നിലനില്ക്കുന്നു എന്നത് പരമാര്‍ത്ഥം തന്നെ.
നാല്പ്പത്തഞ്ചു വർഷം മുന്‍പ് അമ്മൂമ്മ പറയാന്‍ തയ്യാറാകാത്ത മറുപടി- ആ ചോദ്യത്തിന്റെ അര്‍ഥം പോലും ഇന്നും മനസ്സിലാക്കാന്‍ കഴിയാത്ത വടക്കേ ഇന്ത്യയിലെ സഹോദരിമാര്‍ വഴി എത്ര പോകാനുണ്ടെന്ന് ഓര്‍മിപ്പിക്കുന്നു.
കെ.എ.ബീന
എഴുത്തുകാരി,
മാധ്യമ പ്രവർത്തക