തീരദേശ ജനതയുടെ പാരമ്പര്യ സ്വത്വനഷ്ടവും പ്രതിരോധവും
- GCW MALAYALAM
- Apr 15
- 5 min read

ഷോണിമ മോഹൻ
സംഗ്രഹം
മനുഷ്യനുമായി അഭേദ്യബന്ധം പുലർത്തുന്ന ഒരു അത്ഭുത പ്രതിഭാസമാണ് കടൽ. പ്രാചീനകാലം മുതൽക്കുതന്നെ കടലും കടലോരമനുഷ്യരും പരസ്പരം ബന്ധപ്പെട്ട് കിടക്കുന്നതായി കാണാം. തദ്ദേശീയരായ ഒരു ജനവിഭാഗമാണ് കടൽത്തീരജനത. പൂർണമായും കടലിനെ ആശ്രയിച്ചാണ് ഇവർ ജീവിക്കുന്നത്. അതുകൊണ്ടുതന്നെ കടലുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന എല്ലാ പ്രശ്നങ്ങളും അവിടത്തെ ജനതയുടെ ജീവിതത്തെ കൂടി സാരമായി ബാധിക്കുന്നു. തീരപ്രദേശവാസികളുടെ സംസ്കാരം രൂപപ്പെടുന്നത് കടലിൽനിന്നാണ്. അതുകൊണ്ടുതന്നെ കടലുമായി ബന്ധപ്പെട്ട ആചാരം, അനുഷ്ഠാനം, ഭാഷകൾ, കടൽജീവികൾ, കടലോരമനുഷ്യരുടെ ജീവിതം, അവരുടെ വേവലാതികൾ ഇവയെല്ലാംതന്നെ സ്വത്വത്തെ നിർണയിക്കുന്ന ഘടകങ്ങളാണ്. ഇത്തരത്തിൽ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന പാരമ്പര്യസ്വത്വത്തെയും തങ്ങൾക്ക് അനുഭവവേദ്യമായിക്കൊണ്ടിരിക്കുന്ന സ്വത്വസംഘർഷത്തെയും ഇവിടെ അടയാളപ്പെടുത്താൻ ശ്രമിക്കുന്നു.
താക്കോൽ വാക്കുകൾ
കടൽ, സ്വത്വം, സംസ്കാരം, തീരദേശം, മത്സ്യബന്ധനം
തീരദേശജനത പാരമ്പര്യവും സംസ്കാരവും
കേരളത്തിലെ മറ്റ് സമുദായങ്ങളിൽനിന്നും വ്യത്യസ്തമായി സമുദ്രവിഭവങ്ങളെ ഉപജീവനമാക്കിക്കൊണ്ട് തീരദേശപ്രദേശ ങ്ങളിൽ വസിക്കുന്ന ജനവിഭാഗമാണ് തീരദേശവാസികൾ. ഇവരുടെ സാമൂഹിക ജീവിതവും സംസ്കാരവും കടലുമായി ബന്ധപ്പെട്ടാണ് നിലകൊള്ളുന്നത്. പ്രധാനമായും അരയൻ, വാലൻ, നുളയൻ, മരക്കാർ, മുക്കുവൻ, മുകയൻ അരയവാത്തി എന്നീ പേരുകളിലാണ് കടൽത്തീരവാസികൾ അറിയപ്പെട്ടിരുന്നത്. ധീവരൻ എന്ന പൊതുനാമത്തിൽ ഈ ജനവിഭാഗത്തെ അറിയപ്പെട്ടു. മത്സ്യ ബന്ധനത്തെ കുലത്തൊഴിലായി സ്വീകരിച്ച് ഉപജീവനം നടത്തുന്ന വിഭാഗമാണ് ധീവര വിഭാഗം. ആദ്യകാലങ്ങളിൽ ഹിന്ദുമത വിശ്വാസികളായിരുന്ന ഇവർ കാലക്രമേണ മതപരിവർത്തനത്തിന് വിധേയരായി ക്രിസ്തുമതവും ഇസ്ലാംമതവും സ്വീകരിക്കാൻ തുടങ്ങി. മുസ്ലിംമതം സ്വീകരിച്ച ധീവരരെ 'പുയിസ്ലാം' എന്നായിരുന്നു വിളിച്ചിരുന്നത്.
തീരദേശ ജനത വസിക്കുന്ന ഇടത്തെ 'തുറ' എന്നാണ് അറിയപ്പെട്ടിരുന്നത്. "ഭൂമിശാസ്ത്രപരമായി കേരളത്തെ കാട്, നാട്, തുറ എന്ന് മൂന്നായി തരംതിരിക്കാം. നീണ്ടകടലോരമായ തുറയുടെ സാന്നിധ്യം കേരളീയന്റെ ഭക്ഷണ വ്യവസ്ഥയടക്കം നിർണയിക്കുന്നതിൽ നല്ലൊരു പങ്കുവഹിച്ചിട്ടുണ്ട്. പ്രതികൂല സാഹചര്യങ്ങളിൽനിന്നും കേരളത്തെ സംരക്ഷിക്കാനും വിദേശരാജ്യ ങ്ങളിലേക്കുള്ള വാണിജ്യബന്ധത്തിനും തുറ കാരണമായി തീർഞ്ഞിട്ടുണ്ട്".(1) തുറയിലെ ഭരണാധികാരിയെ തുറയിലച്ഛൻ എന്ന് പറയുന്നു. കടൽത്തീരത്തെ ജനജീവിതത്തെ നിയന്ത്രിക്കുന്നതിൽ തുറയിലച്ഛന്റെ പങ്ക് ശ്രദ്ധേയമാണ്. കടൽത്തീര ജനത അവരുടേതായ ആചാര വിശ്വാസങ്ങളെ വച്ചുപുലർത്തി ജീവിക്കുന്നവരാണ്. കടലമ്മയെയാണ് അവർ ദൈവമായി ആരാധിക്കുന്നത്. മരക്കഷണത്തെ ദൈവമായി സങ്കൽപ്പിക്കുന്ന രീതിയും ധീവരർക്കിടയിൽ നിലനിന്നിരുന്നു. കടൽത്തീര ജനത ഉപജീവനമാർഗമായി തിരഞ്ഞെടുത്തിരുന്നത് പാരമ്പര്യമായി പകർന്നു കിട്ടിയിട്ടുള്ള മത്സ്യബന്ധനത്തെ യാണ്. ഇത്തരം കടൽത്തൊഴിലുകൾ ചെയ്യുന്നതിന് അവരുടെ ആചാരങ്ങൾക്കും വിശ്വാസങ്ങൾക്കും വളരെ ഏറെ പ്രാധാന്യ മുണ്ട്. വള്ളം കടലിൽ ഇറക്കുമ്പോൾ മുക്കു വൻ തന്റെ തലയിൽ കെട്ടിയിരിക്കുന്ന മുണ്ട് അഴിച്ചു അരയിൽ കെട്ടുന്നത് പതിവുണ്ട്. ഇത് കടലിനോടുള്ള വിനയത്തിന്റെ പ്രതീകമായാണ് കണക്കാക്കുന്നത്. വള്ളത്തിൽ ചെരുപ്പ് ഇട്ടുകൊണ്ട് പ്രവേശനം അനുവദിച്ചിരുന്നില്ല. അങ്ങനെ ചെയ്താൽ അത് കടലമ്മയ്ക്ക് ഇഷ്ടമാകില്ലെന്നാണ് വിശ്വാസം. കൂടാതെ വള്ളം ആദ്യമായി കടലിലേക്ക് ഇറക്കുമ്പോൾ ഭക്ഷണം കരക്കാർക്കു നൽകുന്നത് ഒരു ആചാരമായാണ് കടൽത്തീരജനത കണ്ടിരുന്നത്. ആദ്യകാലങ്ങളിൽ ചാളത്തടിയിലും ചെറിയ വള്ളങ്ങളിലുമായിരുന്നു അവർ മത്സ്യബന്ധനം നടത്തിയിരുന്നത്. എന്നാൽ ഇപ്പോൾ ഫൈബർ വള്ളങ്ങളും ട്രോളിംഗ് ബോട്ടുകളും കടന്നുവന്നതോടെ പരമ്പരാഗത മത്സ്യബന്ധനരീതി പാടെ മാറിയിരിക്കുകയാണ്. മീൻപിടിക്കാനായി ഉപയോഗിച്ചിരുന്നത് ഡിസ്ക്കോവല, ഒഴുക്കുവല, പരുത്തവല, കമ്പവല മുതലായ വലകളാണ്. ചകിരി, കയർ തുടങ്ങിയ പ്രകൃതിവിഭവങ്ങൾ കൊണ്ടായിരുന്നു കമ്പവലകൾ നിർമ്മിച്ചി രുന്നത്. മീനുകൾ വരുന്ന സാഹചര്യം, മീനിന്റെ ചലനം വെള്ളത്തിന്റെ നിറം എന്നിവ പരിശോധിച്ചു മീനുകളെ മനസ്സിലാക്കാനുള്ള കഴിവ് മുക്കുവന്മാർക്കുണ്ടായിരുന്നു കടലിലെ ഒഴുക്കിനെ 'നീര്' എന്നാണ് ഇവർ വിളിച്ചിരുന്നത്. കരയിൽനിന്നും ആഴക്കട ലിലേക്ക് ഒഴുകുന്ന നീരിനെ കരനീരൊന്നും കടലിൽനിന്ന് കരയിലേക്ക് വരുന്ന നിരീനെ പൊറനീര് എന്നുമാണ് പറയുന്നത്. "ദിക്കുമായി ബന്ധപ്പെട്ട് വേർതിരിക്കപ്പെട്ട ആറുതരം നീരുകളുണ്ട്. തെക്കുനിന്ന് വടക്കോട്ട് ഗതിയുള്ളത് തെക്കൻനീരും കിഴക്ക് ദിശയിൽ നിന്ന് വടക്ക് പടിഞ്ഞാറ് ദിശ ലക്ഷ്യമാക്കി വരുന്നത് തെങ്ങര നീരുമാണ്. അയല, മത്തി മുതലായ മത്സ്യങ്ങൾ ഈ നീരിലാണ് ധാരാളമായി കാണുക".(2) മേനീര്, ഉള്ളുനീര് തുടങ്ങിയ നീരുകളും ഇവർക്കിടയിലുണ്ട്.
ഇന്നത്തെ സമൂഹത്തിൽ മത്സ്യബന്ധനത്തിന് ഇപ്പോൾ ഉപയോഗിക്കുന്ന ജിപിഎസ് രീതിയൊന്നും പഴമക്കാർക്കിടയിൽ ഉണ്ടായിരുന്നില്ല. കാറ്റിന്റെ ഗതി അനുസരിച്ചായിരുന്നു മത്സ്യബന്ധനത്തിനായി കടലിൽ പോയിരുന്നത്. ഇതിനായി അവർ ഒൻപതു തരം കാറ്റുകളെയാണ് നിരീക്ഷിച്ചിരുന്നത്. വാടക്കൊണ്ടൽ, നേര്കൊണ്ടൽ, കുറിഞ്ച ക്കാറ്റ്, വാടക്കോട, കമ്പാൻകോട, നേര് കമ്പാൻ, കമ്പാൻ കൊണ്ടൽ തുടങ്ങിയ പേരുകളിലാണ് കാറ്റുകൾ അറിയപ്പെട്ടി രുന്നത്. അതോടൊപ്പം തന്നെ ദിശ കണ്ടുപിടിക്കാനായി നക്ഷത്രത്തെയാണ് ഇവർ ആശ്രയിച്ചിരുന്നത്. നക്ഷത്രങ്ങൾ ഇവർക്കിടയിൽ 'വെള്ളി' എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. നക്ഷത്രങ്ങളുടെ എണ്ണ ത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ദിശ നിർണയിച്ചിരുന്നത്. മുഴുക്കോൽ വെള്ളി, വെളുപ്പുവെള്ളി ആറാമി, കുരിശുവള്ളി എന്നിവയാണ് ഇവരുടെ ദിശ നിർണയിക്കുന്ന നക്ഷത്രങ്ങൾ. മൂന്ന് നക്ഷത്രങ്ങൾ ഒരുമിച്ച് നില കൊള്ളുന്നതിനെയാണ് 'മുഴുക്കോൽ വെള്ളി' എന്നു പറയുന്നത് വെളുപ്പാൻ കാലത്ത് പ്രത്യക്ഷപ്പെടുന്ന നക്ഷത്രത്തെ 'വെളുപ്പ് വെള്ളി' എന്നും ആറ് നക്ഷത്രങ്ങളെ ഒരുമിച്ച് കണ്ടാൽ 'ആറാമി' എന്നും നാല് നക്ഷത്രങ്ങൾ കൂടിച്ചേർന്ന് കുരിശിന്റെ രൂപത്തിൽ പ്രത്യക്ഷപ്പെട്ടാൽ' കുരിശു വെള്ളി' എന്നും പറയപ്പെടുന്നു ഇത്തരത്തിലുള്ള പരമ്പരാഗതമായ അറിവുകളെല്ലാം ഇന്ന് അപ്രത്യക്ഷമായിരിക്കുകയാണ്. പകരം കോമ്പസും ജിപിഎസും ഉപയോഗിക്കുന്ന രീതിയാണ് ഇന്ന് നിലവിലുള്ളത്. പാരമ്പര്യമായി പകർന്നു കിട്ടിയിട്ടുള്ള ഇത്തരം പല അറിവുകളും മൺമറഞ്ഞു പോകുന്ന ഒരു സാഹചര്യമാണ് കടൽത്തീര ജനതയിൽ ഇന്ന് കാണാൻ കഴിയുന്നത്. ഇത്തരത്തിൽ ജീവിതചര്യയിലുള്ള മാറ്റങ്ങൾ ജനതയെ സ്വത്വ സംഘർഷത്തിലേക്ക് നയിക്കുന്ന അവസ്ഥ സംജാതമാകുന്നു.
സാമ്പത്തികം, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിൽ പിന്നോക്കം നൽകുന്ന ജനവിഭാഗമാണ് തീരദേശവാസികൾ. മത്സ്യ ബന്ധനം മുഖ്യതൊഴിലായി ചെയ്തുവരുന്ന ഇവർക്ക് നിരവധി പ്രശ്നങ്ങളും പ്രതിസന്ധികളും അഭിമുഖീകരിക്കേണ്ടതായി വരുന്നുണ്ട്. ഇത് അവരെ സ്വത്വസങ്കർഷത്തിലേക്ക് നയിക്കുന്നു. പ്രകൃതിദുരന്തങ്ങളും കാലാവസ്ഥാവ്യതിയാനവും മത്സ്യബന്ധന തൊഴിലാളികളെ ദുരിതത്തിലേക്കാണ് നയിക്കുന്നത്. മാറിമറിയുന്ന കാലാവസ്ഥ, സുനാമി, തിര ഇടിച്ചിൽ മുതലായവ തീരദേശവാസികളുടെ ജീവഹാനിക്കും വസ്തുക്കളുടെ നാശനഷ്ടത്തിനും കാരണമായിത്തീരുന്നു. ഒന്നോ രണ്ടോ മുറികൾ മാത്രമുള്ള കോൺക്രീറ്റ് വീടുകളിലാണ് തീരദേശവാസികൾ മിക്കവരും താമസിക്കുന്നത്. പ്രകൃതി ദുരന്തങ്ങളും കടലാക്രമണങ്ങളും വീടുകളുടെ നാശത്തിന് കാരണമായിത്തീരുന്നു.
സാമൂഹ്യ നിയന്ത്രണങ്ങൾ, അടിസ്ഥാനവിദ്യാഭ്യാസത്തിന്റെ അഭാവം, സാമ്പത്തികമായ പരാശ്രയത്വം എന്നിവയും തീരദേശവാസികൾക്ക് അനുഭവിക്കേണ്ടി വരുന്ന മറ്റു പ്രശ്നങ്ങളാണ്. കുടുംബ ദാരിദ്ര്യത്തെ തുടർന്ന് വിദ്യാഭ്യാസ സാധ്യത ഇവർക്ക് ലഭ്യമാകാത്ത സ്ഥിതി നില നിൽക്കുന്നു. കേരളത്തിലെ തീരപ്രദേശ വാസികളിൽ സാങ്കേതികവിദ്യാഭ്യാസം ലഭിച്ചിട്ടുള്ള മത്സ്യത്തൊഴിലാളികൾ വളരെ കുറവ് മാത്രമാണ്. ഉന്നതവിദ്യാഭ്യാസമേഖല പരിശോധിച്ചാലും തീരദേശവാസികളുടെ നില വളരെ പരിതാപകരമാണ്. മത്സ്യത്തൊഴിലാളികൾ അടക്കമുള്ള ഇത്തരം പാർശ്വവൽക്കരിക്കപ്പെട്ട ജനവിഭാഗങ്ങൾക്കായുള്ള സർക്കാർ പദ്ധതികളോ സ്കോളർഷിപ്പുകാളോ ഒന്നും തന്നെ ഇവർക്ക് ലഭ്യമാകുന്നില്ല. ഇത്തരത്തിൽ സാമ്പത്തികവും സാമൂഹികമായ പിന്തുണയില്ലായ്മ ഇവരുടെ വിദ്യാഭ്യാസത്തെ ബാധിക്കുന്നുണ്ട്.
തീരദേശഭൂമിയുടെ നഷ്ടമാണ് തീരദേശജനത അഭിമുഖീകരിക്കുന്ന മറ്റൊരു പ്രശ്നം. പ്രകൃതിദുരന്തങ്ങളിൽ നിന്നും ഉണ്ടാകുന്ന നഷ്ടത്തോടൊപ്പം തന്നെ വിഴിഞ്ഞംപദ്ധതികൾ പോലുള്ള മുഖ്യധാര ഉന്നമനത്തിനു വേണ്ടിയുള്ള വികസനപദ്ധതികൾ തീരദേശജനതയുടെ ഭൂമിയുടെ നഷ്ടത്തിന് കാരണ മായിത്തീരുന്നു. "കഴിഞ്ഞ കുറെ വർഷങ്ങളായി തീരപ്രദേശത്ത് ഉപയോഗ ശൂന്യമായ ഭൂമിയുടെ ലഭ്യത കുറഞ്ഞുവരികയാണ്. കടലുകയറുന്നതും റോഡിന്റെ ആവശ്യത്തിനായി ഭൂമി ഏറ്റെടുക്കുന്നതും തീരദേശവാസികളുടെ കൈവശമുള്ള ഭൂമി നാമമാത്രമായി തീരുന്ന തിന് കാരണമാകുന്നു".(3)
ജൈവസമ്പന്നമായ കടൽമേഖലകളിൽ കടൽആവാസ വ്യവസ്ഥയ്ക്ക് തന്നെ കോട്ടം തട്ടുന്ന പദ്ധതി യാണ് വിഴിഞ്ഞംതുറമുഖ പദ്ധതി. കടലിൽ അനധികൃതമായി പുലിമുട്ടുകൾ നിർമ്മി ക്കുന്നത് സമീപ കടലോരപ്രദേശത്തെ സാരമായി ബാധിക്കുന്നുണ്ട്. തീരദേശ ശോഷണവും വീടുകളും മറ്റും കടലിനിര യാകുന്നതും ഇതിന്റെ പ്രധാന പ്രത്യാഘാത ങ്ങളാണ്. അതോടൊപ്പം തന്നെ അവരുടെ സംസ്കാരത്തിന്റെ പ്രതീകങ്ങൾ ആയിരുന്ന പരമ്പരാഗതമായി നിലനിന്നിരുന്ന മത്സ്യ ബന്ധനരീതിയും മറ്റും പാടെ തുടച്ചുമാറ്റേണ്ടതായി വരുന്നു. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ തീരദേശവാസികളുടെ സംസ്കാരം തന്നെ അന്യം നിന്നുപോകുന്നതിന് കാരണമായി തീരും. ഈ വികസനപദ്ധതി ഒരു വിധത്തിൽ സാമ്പത്തിക ദുരന്തമായതുകൂടാതെ, നിരവധി പരിസ്ഥിതിക ദുരന്തങ്ങൾക്കും കാരണമാകുന്നു. അതിനാൽ, വികസനത്തിന്റെ മറവിൽ മറഞ്ഞിരിക്കുന്ന പ്രശ്‌നങ്ങളെക്കൂടി പരിഗണിക്കേണ്ടത് അത്യാവശ്യമാണ്. ഇത്തരം പ്രശ്നങ്ങൾ എല്ലാംതന്നെ തീരദേശജനതയുടെ സ്വത്വത്തെയും സംസ്കാരത്തെയും ഒരു പോലെ ബാധിക്കുന്നവയാണ്.
കടൽത്തീര സ്ത്രീസ്വത്വം
ക്രിസ്തീയ മതവിശ്വാസികളായ മത്സ്യത്തൊഴിലാളികൾക്കിടയിൽ പരമ്പരാഗതമായ വിശ്വാസങ്ങൾ ശക്തമായി നിലനിൽക്കുന്നുണ്ട്. പ്രത്യേകിച്ച് ശകുനം, നന്മ, തിന്മ തുടങ്ങിയ കാര്യങ്ങൾക്ക് അവർ പ്രാധാന്യം നൽകിയിരുന്നു. കടൽത്തീരസമൂഹത്തിൽ സ്ത്രീകൾക്ക് ശക്തമായ സ്ഥാനം നൽകിയിട്ടുണ്ടെങ്കിലും കടലിനെ അമ്മയായി കാണുന്ന പാരമ്പര്യമുള്ള ഇവർ സ്ത്രീകളെ കടലിലോ കടലോരത്തോ പോകാനായി അനുവദിച്ചിരുന്നില്ല. മത്സ്യ വിപണനത്തിന്റെ ആവശ്യങ്ങൾക്കായി സ്ത്രീകൾ കടൽത്തീരത്ത് എത്താറു ണ്ടെങ്കിലും മത്സ്യബന്ധനത്തിനിടയിൽ അവർക്ക് കടലിലേക്കു ഇറങ്ങാൻ വിലക്കാ യിരുന്നു. അതോടൊപ്പംതന്നെ മുടിയഴിച്ചിട്ട് കടൽപ്പുറത്തു നിൽക്കാൻ സ്ത്രീകൾക്ക് അനുമതി ലഭിച്ചിരുന്നില്ല. പുരാതനകാലത്ത് സ്ത്രീകൾക്ക് കല്പിച്ചുകൊടുത്ത ശുദ്ധി-അശുദ്ധി ആശയങ്ങളോടൊപ്പം ഈ വിലക്കുകളും സമൂഹത്തിൽ വ്യാപകമായി നിലനിന്നിരുന്നു. സമൂഹത്തിലെ ഈ വിശ്വാസങ്ങൾ, സമീപകാലത്ത് മാറ്റ ങ്ങൾക്ക് വിധേയമായിട്ടുണ്ട്. ഇന്നത്തെ കാലത്ത് പുരുഷൻമാരെപ്പോലെ തന്നെ സ്ത്രീകൾ കടലിൽപോകുകയും മത്സ്യബന്ധനം നടത്തുകയും ചെയ്യാറുണ്ട്.
കടൽത്തീര ഭാഷാസ്വത്വം
മറ്റു സമുദായങ്ങളിൽനിന്നും വ്യത്യസ്തമായി വാമൊഴിയായി പകർന്നു കിട്ടിയിട്ടുള്ള ചില ഭാഷാപ്രയോഗങ്ങൾ കടപ്പുറം ജനതകൾക്കിടയിൽധാരാളം ഉണ്ട്. ഇതിനെ 'കടപ്പുറപാസ' എന്ന പദം കൊണ്ടാണ് സൂചിപ്പിക്കുന്നത്. ചില നീട്ടലും കുറുക്കളും ഈ ഭാഷയിൽ പ്രത്യക്ഷമാകുന്നതായി കാണാം. ഇത്തരം വാമൊഴിഭാഷാപ്രയോഗങ്ങൾക്ക് ഉദാഹരണമായി കടൽപ്പാട്ടുകളെയും, അമ്പിയിടൽകളെയും കണക്കാക്കാം. മുൻ തലമുറകളിൽനിന്ന് കൈമാറിവന്ന സംസ്കാരത്തിന്റെ ഭാഗമാണ് ഇത്തരം വാമൊഴിഭാഷകൾ. കാലപരമായും ദേശപരമായും ഇത്തരം വാമൊഴിപ്പാട്ടുകൾക്ക് വ്യാപനം സംഭവിക്കാറുണ്ട്. മത്സ്യബന്ധനം കുല ത്തൊഴിലായി സ്വീകരിച്ച ഇവർ വള്ളം കടലിൽ ഇറക്കുമ്പോഴും, ആഴക്കടലിലേക്ക് തുഴഞ്ഞുപോകുമ്പോഴും, മീനിനെ വലവീശി പിടിക്കുമ്പോഴും, വള്ളം കരയ്ക്ക് അടുപ്പി ക്കുമ്പോഴുമെല്ലാം കടൽപ്പാട്ടുകളും മറ്റും പാടി ജോലിയുടെ ആയാസം കുറയ്ക്കാറുണ്ട്. ഈ പാട്ടുകളെല്ലാംതന്നെ കടൽമലയാളത്തിലാണ് രൂപപ്പെട്ടിട്ടുള്ളത്. ഇത്തരം ഭാഷാപ്രയോഗങ്ങളും പാട്ടുകളും അവരുടെ സ്വത്വത്തെ അടയാളപ്പെടുത്തുന്നതിൽ പ്രധാനപങ്കു വഹിക്കുന്നുണ്ട്.
ഇത്തരത്തിൽ തൊഴിൽ, ഭാഷ, തുടങ്ങി നിരവധി പാരമ്പര്യ സ്വത്വങ്ങളാൽ നിർമ്മിതമാണ് തീരദേശജനത. എന്നാൽ സമൂഹത്തിലെ ചില പരിവർത്തനങ്ങൾക്ക് വിധേയമായി തങ്ങളുടെ സ്വത്വം നഷ്ടപ്പെട്ടു കൊണ്ടിരിക്കുമ്പോഴും അതിനെതിരെ പ്രതികരിക്കാനായി അവരെ പ്രാപ്ത മാക്കുന്നത് അവരിലെ കൂട്ടായ്മ ബോധമാണ്. വെള്ളപ്പൊക്കം, മണ്ണടിച്ചിൽ മുതലായ പ്രകൃതിദുരന്തങ്ങളിൽപ്പോലും നമുക്ക് കൈത്താങ്ങായി നിൽക്കാനുള്ള അവരുടെ കരുത്തിനു പ്രതിഫലമായി അവരുടെ പാരമ്പര്യസ്വത്വത്തെ സംരക്ഷിക്കേണ്ടത് നമ്മുടെ സമൂഹത്തിന്റെ കടമ കൂടിയാണ്.
കേരളത്തിന്റെ കടലോരജീവിത പാരമ്പര്യം നൂറ്റാണ്ടുകളോളം രൂപപ്പെട്ട സമ്പന്നമായ ചരിത്രത്തിന്റെ സാക്ഷിയാണ്. ഇവിടത്തെ ജനതയുടെ ജീവിതവും സംസ്കാരവും കടലോടൊപ്പം തന്നെ വളർന്നുവന്നുകൊണ്ടിരിക്കുകയാണ്. മുക്കുവർ, നുളയർ, അരയർ, വലയർ, കണക്കർ തുടങ്ങിയ മത്സ്യബന്ധനം കുല ത്തൊഴിലാക്കിമാറ്റിയ കടൽത്തീരജനതയിൽ ആഴത്തിലുള്ള കടലറിവുകൾ നിലനിൽക്കുന്നതായി കാണാം. കടലിനെ തൊട്ടറിഞ്ഞ ഈ ജനതയുടെ അറിവുകൾ സമ്പന്നമാണെന്ന് പറയാം. എന്നാൽ ആധുനിക സാങ്കേതിക സംസ്കാരത്തിന്റെ പ്രത്യാഘാതം കടൽത്തീരജനതയുടെ ജീവിതത്തെയും പാരമ്പര്യത്തെയും സ്വത്വത്തെയും ഒരുപോലെ ബാധിക്കുന്നു. പ്രകൃതി വിഭവങ്ങളെ നശിപ്പിച്ചുകൊണ്ട് ഈ നാട്ടിന്റെ സമൃദ്ധി സൃഷ്ടിക്കാൻ ശ്രമിക്കുന്ന പുരോഗമനങ്ങളുടെ ആഘാതം അവിടത്തെ ജനതയുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ സൃഷ്ടിക്കുന്നു. പരമ്പരാഗതമായി കൈക്കൊണ്ടു പോന്നിരുന്ന കടൽപ്പാട്ടുകളും കടൽ അറിവുകളും ഇന്ന് നഷ്ടമായി ക്കൊണ്ടിരിക്കുകയാണ്. പാരമ്പര്യവും പരി സ്ഥിതിയും തമ്മിലുള്ള ആഴത്തിലുള്ള ബന്ധത്തിന് വിഘാതം സൃഷ്ടിക്കുന്നതോ ടൊപ്പം തന്നെ സാമൂഹികം, സാംസ്കാരികം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിൽ നിന്നും അപരവൽക്കരിക്കപ്പെടുന്ന കടൽജനതയുടെ പ്രശ്നങ്ങളെക്കുറിച്ചും ഇവിടെ പറഞ്ഞു വയ്ക്കുന്നു.
കുറിപ്പുകൾ
അജിത് കുമാർ. എൻ, കേരള സംസ്കാരം, 2004,പുറം 5
ഡോ ശ്രീകുമാർ ടി. ടി, നാട്ടറിവുകൾ കടലറിവുകൾ,2004,പുറം 19-20
സിദ്ധിക്ക് റാബിയത്ത്, മത്സ്യബന്ധന മേഖലയുടെ രൂപരേഖ, 2021, പുറം 15
ഗ്രന്ഥസൂചി
അനിൽകുമാർ ഡി., ഭാഷയുടെ പാഠങ്ങളും ഭാവനയുടെ ആഴങ്ങളും, ലോഗോസ് ബുക്സ്, ആഗസ്റ്റ് 2022.
പനിപിള്ള റോബർട്ട്., കടലറിവുകളും നേരഭവങ്ങളും, ചിന്ത പബ്ലിഷേഴ്സ് ജൂലൈ 2018.
വസുമതി രേഖ., കടൽ മനുഷ്യൻ ജീവിതം, കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ജനുവരി 2013.
ശ്രീകുമാർ ടി. ടി.ഡോ., നാട്ടറിവുകൾ കടലറിവുകൾ, ഡിസി ബുക്സ്, മാർച്ച്, 2004.
റാബിയത്ത് സിദ്ധിക്ക്., കടലാളരുടെ ജീവനവും അതിജീവനവും കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, നവംബർ 2021.
ഷോണിമ മോഹൻ
ഗവേഷക
സർക്കാർ വനിതാ കോളേജ്, തുരുവനന്തപുരം
Comments