ദേവരാജൻ മാസ്റ്ററും ശക്തിഗാഥയും ; സംഗീതത്തിലെ വേറിട്ട സമീപനം.
- GCW MALAYALAM
- Jan 14
- 5 min read
Updated: Jan 15
അരുൺ. വി. കുമാർ

പ്രബന്ധസംഗ്രഹം
ജി ദേവരാജൻ മാസ്റ്റർ ആരംഭിച്ച സംഗീതപ്രസ്ഥാനമാണ് 'ശക്തിഗാഥ'. ശാസ്ത്രീയസംഗീതത്തിലെ സവിശേഷതകളും പാശ്ചാത്യസംഗീതത്തിലെ ഹാർമണിയും സമന്വയിപ്പിച്ച പുതുവഴിയാണിത്. മാസ്റ്റർ തുടക്കം കുറിച്ച ശക്തിഗാഥയിലെ അംഗമെന്ന നിലയിൽ പ്രസ്തുത ഗായകസംഘത്തിന്റെ തനതുവഴികളും സങ്കൽപ്പനങ്ങളും വിശകലനം ചെയ്യാനുള്ള ശ്രമമാണ് എന്റെ പ്രബന്ധം.
താക്കോൽവാക്കുകൾ
ശക്തിഗാഥ, ഹാർമണി, സ്വരസ്ഥാനങ്ങൾ, നാടോടിസംഗീതം, ജനപ്രിയസംഗീതം.
വികാരത്തിൻറെ ഭാഷയായ സംഗീതം സുകുമാരകലകളിൽ അത്യുന്നതസ്ഥാനം വഹിക്കുന്നു. ശില്പകല, ചിത്രകല, വാസ്തുവിദ്യ തുടങ്ങിയ സുകുമാരകലകളുടെ കാര്യത്തിൽ പ്രകൃത്യാതന്നെ ധാരാളം ആശയങ്ങൾ മനുഷ്യനു ലഭിച്ചിട്ടുണ്ട്. സമൃദ്ധമായ നിറവൈവിധ്യം, സസ്യങ്ങൾ, മൃഗങ്ങൾ, ധാതുക്കൾ, ഉദയസൂര്യൻ, നീലാകാശം, മഴവില്ല്, സമുദ്രം, സൗന്ദര്യത്തിന്റെ പ്രകൃതിജന്യരൂപങ്ങൾ, നിരവധിയായ പ്രകൃതിദൃശ്യങ്ങൾ ഇവയെല്ലാം ആശയങ്ങൾ വികസിപ്പിക്കുവാനും പുതിയ കലാസൃഷ്ടികളിലേക്ക് എത്തിച്ചേരുവാനും സഹായിച്ചിട്ടുണ്ട്. എന്നാൽ സംഗീതത്തിലെ പുതുമയും വൈവിധ്യവും മനുഷ്യന്റെ മാത്രം പ്രതിഭയിൽ നിന്നാണ് ഉരുത്തിരിയുന്നത്. ഇക്കാരണത്താൽ സംഗീതം ഇതര സുകുമാര കലകളിൽ നിന്നും ഏറെ ഉയർന്നുനിൽക്കുന്നു.
ഇന്ത്യൻ ശാസ്ത്രീയസംഗീതത്തെ കർണാടകസംഗീതം, ഹിന്ദുസ്ഥാനി സംഗീതം എന്നിങ്ങനെ പ്രധാനമായും രണ്ടു വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു. കൂടാതെ ഇന്ത്യൻ സംഗീതത്തിൽ നാടോടിസംഗീതം, ചലച്ചിത്രസംഗീതം, നാടകസംഗീതം, ലളിതസംഗീതം തുടങ്ങി നിരവധിയായ ഉപവിഭാഗങ്ങളുമുണ്ട്. ഇവയിൽ ചലച്ചിത്രസംഗീതം ആധുനികയുഗത്തിൽ ഏറ്റവും ജനകീയമായ സ്ഥാനം നേടിയിട്ടുണ്ട്. സംഗീതത്തിൻറെ അടിസ്ഥാനഭാഷയും ഭാവവും ഒന്നുതന്നെയാണെങ്കിലും നവീനവും വ്യത്യസ്തവുമായ ആവിഷ്കാരങ്ങൾക്ക് അത് വിധേയമായിട്ടുണ്ട്. സംഗീതത്തിൻറെ മികച്ച ചലച്ചിത്രാവിഷ്കരണങ്ങൾ വളരെ പെട്ടെന്ന് അവയെ മനുഷ്യഹൃദയങ്ങളിലേക്ക് എത്തിക്കുന്നു.
മലയാള ചലച്ചിത്രചരിത്രം 1928 - ൽ പുറത്തിറങ്ങിയ ജെ.സി. ഡാനിയേലിന്റെ ‘വിഗതകുമാരനിൽ’ ആരംഭിക്കുന്നു. പിന്നീട് 1938- ൽ പുറത്തിറങ്ങിയ ‘ബാലൻ’ എന്ന സശബ്ദചിത്രത്തിലൂടെ ചലച്ചിത്രഗാനചരിത്രവും ആരംഭിക്കുന്നു. ബാലനിലെ ഗാനങ്ങൾ എഴുതി ആലപിച്ചിരിക്കുന്നത് കവിയും ഗായകനുമായ മുതുകുളം രാഘവൻപിള്ളയാണ്.
ആദ്യകാല മലയാളസിനിമകളിൽ പാട്ടുകൾക്ക് പ്രാധാന്യം നൽകിയിരുന്നെങ്കിലും തനിമയുള്ള സംഗീതം ഇല്ലായിരുന്നെന്നു പറയാം. അന്യഭാഷാഗാനങ്ങളുടെ ഈണങ്ങൾ ചെറിയ മാറ്റങ്ങളോടെ പകർത്തിയിരുന്നതിനാൽ സംഗീതസംവിധായകരുടെ ജോലി എളുപ്പമായിരുന്നു. ചലച്ചിത്രഗാനങ്ങളുടെ വ്യാപകമായ ജനപ്രീതിയും പ്രാധാന്യവും തിരിച്ചറിഞ്ഞ് ചലച്ചിത്രനിർമ്മാതാക്കൾ പിൽക്കാലത്ത് സമ്മിശ്രാഭിരുചികളുള്ള കേരളീയതനിറഞ്ഞ ഗാനങ്ങൾ ഉൾപ്പെടുത്തുന്നതിൽ പ്രത്യേകതാൽപര്യം കാണിച്ചുതുടങ്ങി. ആ കാലഘട്ടം ആയപ്പോഴേക്കും പ്രതിഭാധനരായ നിരവധി സംഗീതസംവിധായകർ ചലച്ചിത്രരംഗത്തേക്ക് കടന്നുവരാൻ തുടങ്ങി. ചലച്ചിത്രസംഗീതത്തിൽ സമൂലമായ മാറ്റങ്ങൾ കണ്ടുതുടങ്ങിയ കാലഘട്ടമായിരുന്നു അത്. വി. ദക്ഷിണാമൂർത്തി, എം.എസ്. ബാബുരാജ്, കെ.രാഘവൻ, ജി.ദേവരാജൻ എന്നീ പ്രമുഖ സംഗീതസംവിധായകരാലും അവർക്ക് കാവ്യാത്മകമായ വരികൾ ഒരുക്കിയ വയലാർ രാമവർമ്മ, പി.ഭാസ്കരൻ, ഒ.എൻ.വി കുറുപ്പ് തുടങ്ങിയ പ്രതിഭകളാലും ചലച്ചിത്രസംഗീതരംഗം സജീവമായി. ചലച്ചിത്രഗാനഗവേഷകർ ഈ കാലഘട്ടത്തെ മലയാളചലച്ചിത്രസംഗീതത്തിന്റെ സുവർണ്ണകാലഘട്ടമായി അടയാളപ്പെടുത്തുന്നു.
ചലച്ചിത്ര സംഗീതശാഖയ്ക്ക് ജനകീയ അടിത്തറയുണ്ടാക്കുന്നതിൽ ജി.ദേവരാജൻ മാസ്റ്ററും, കെ.രാഘവൻ മാസ്റ്ററും സുപ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. അതേസമയം വി.ദക്ഷിണാമൂർത്തിസ്വാമികൾ സ്വതസിദ്ധമായ ശാസ്ത്രീയസംഗീതത്തിന്റെ അടിത്തറയിൽ മലയാളേതര ദക്ഷിണേന്ത്യൻ ഭാഷകളിലും സംഗീതസംവിധാനം നിർവഹിക്കുകയുണ്ടായി. ഹിന്ദുസ്ഥാനിസംഗീതം, ഗസലുകൾ, ഖവാലി, മാപ്പിളപ്പാട്ടുകൾ, ഇവയുടെ ശൈലികൾ സ്വാംശീകരിച്ച് എം.എസ്. ബാബുരാജ് സംഗീതസംവിധാനം നിർവഹിച്ചപ്പോൾ രാഘവൻ മാസ്റ്റർ മലബാറിന്റെ തനത് നാടൻപാട്ടുകളുടെ ചുവടുപിടിച്ചും തെയ്യം, തിറ, തോറ്റംപാട്ട് തുടങ്ങിയ അനുഷ്ഠാനകലകളുടെ താളപദ്ധതികൾ ഉൾക്കൊണ്ടും ഗാനങ്ങൾ സംവിധാനം ചെയ്യുന്നതിൽ ശ്രദ്ധ ചെലുത്തി.
സംഗീതാസ്വാദകരുടെ ഹൃദയം കവർന്ന ഈണങ്ങളുടെ രാജാവാണ് ദേവരാജൻ മാസ്റ്റർ. വൈവിധ്യമാർന്ന രാഗങ്ങളുടെ ഉപയോഗം, നാടോടിഗാനങ്ങളുടെ അടിസ്ഥാന സൗന്ദര്യാവാഹനം, വ്യത്യസ്തമായ ആലാപനശൈലികളുടെ പ്രയോഗം, തൊഴിലാളിസമൂഹത്തിന്റെ വികാരങ്ങളുടെ ആവിഷ്കരണം എന്നീ പ്രത്യേകതകളാൽ അദ്ദേഹത്തിൻറെ ഗാനങ്ങൾ സംഗീതത്തിന്റെ ആത്മാവ് തൊട്ടറിഞ്ഞവയായി. ചരിത്രത്തിലെ ഏറ്റവും മികച്ച സംഗീതസംവിധായകരിൽ ഒരാളായി കണക്കാക്കപ്പെടുന്ന പരവൂർ ഗോവിന്ദൻ ദേവരാജൻ (1927- 2006) എന്ന ജി. ദേവരാജൻ മാസ്റ്റർ മുന്നൂറിലധികം മലയാള സിനിമകൾക്ക് സംഗീതസംവിധാനം നിർവഹിച്ചു. മലയാളത്തിന് പുറമേ ഇരുപതോളം തമിഴ് സിനിമകൾക്കും മൂന്ന് തെലുങ്ക് സിനിമകൾക്കും ഒരു കന്നട സിനിമയ്ക്കും സംഗീതം പകർന്നു. സംഗീതസംവിധാനത്തിൽ ദേവരാജൻ മാസ്റ്റർ പിന്തുടർന്നത് നവീനമായ സൃഷ്ടിമാർഗ്ഗമാണ്. സ്വകീയമായ സൃഷ്ടിവൈഭവത്തിലും ശൈലീവൈഭവത്തിലും യാതൊരു വിട്ടുവീഴ്ചയ്ക്കും അദ്ദേഹം തയ്യാറായിരുന്നില്ല.
സിനിമയുടെ പ്രമേയപരിസരത്തോട് അനുരഞ്ജനം ചെയ്യുന്ന വിധത്തിലാണ് ആദ്യകാലസിനിമകളിലെ ഗാനങ്ങൾ ചിട്ടപ്പെടുത്തിയിരുന്നത്. സ്നേഹം, ദുഃഖം, ഹാസ്യം, ഭക്തി, ആത്മീയത എന്നീ ഭാവലോകങ്ങളെ ആവിഷ്കരിക്കുവാൻ ഇതിവൃത്തത്തിനും, കഥയ്ക്കും യോജ്യമായ രീതിയിലുള്ള വരികളും സംഗീതവുമാണ് മുമ്പ് ചിട്ടപ്പെടുത്തിയിരുന്നത്. അസ്തിത്വമുള്ള ഗാനങ്ങളുടെ പിറവിക്ക് പ്രതിഭാവിശേഷമുള്ള കവികൾ ഉണ്ടായിരിക്കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണ്. ഒരു സിനിമയിലെ ഗാനങ്ങൾ ചിട്ടപ്പെടുത്തുന്നതിന് മുൻപ് തിരക്കഥാകൃത്തും, സംവിധായകനും മുഴുവൻ കഥയും സംഗീതസംവിധായകന് മനസ്സിലാക്കിക്കൊടുക്കണം എന്ന കാര്യത്തിൽ ദേവരാജൻമാസ്റ്റർക്ക് നിർബന്ധമുണ്ടായിരുന്നു.
കഥാസന്ദർഭങ്ങൾ മനസ്സിലാക്കുന്നത് പോലെതന്നെ ഗാനങ്ങളിലെ സാഹിത്യഗുണവും അദ്ദേഹം നിരവധിതവണ വായിച്ചു മനസ്സിലാക്കുകയും ശ്രദ്ധേയപദങ്ങൾ കുറിച്ചുവയ്ക്കുകയും ചെയ്യും. ശേഷം അനുയോജ്യമായ രാഗത്തിൽ അത് ചിട്ടപ്പെടുത്തും. പിന്നീട് ആ ഈണത്തെ മനനംചെയ്യുകയും വീണ്ടും ഓർക്കാൻ ശ്രമിക്കുകയും ചെയ്യും. ശ്രോതാക്കളുടെ ഹൃദയസ്പന്ദനങ്ങൾ നന്നായി മനസ്സിലാക്കിയിരുന്ന മാസ്റ്റർ പ്രസ്തുത ഈണം തനിക്ക് ഓർക്കാൻ കഴിയുന്നില്ലെങ്കിൽ ഉപേക്ഷിക്കുമായിരുന്നു. തനിക്ക് ഓർക്കാൻ സാധിക്കാത്തത് മറ്റൊരാൾ എങ്ങനെ ഓർത്തിരിക്കുമെന്ന സാമാന്യചിന്തയാണ് ഇതിന് കാരണം. മാസ്റ്റർ പിന്തുടർന്നിരുന്ന സംഗീതസംവിധാനത്തിന്റെ ആദ്യതത്വം ഇതാണ്.
സംഗീതം ഒരു പ്രകടനകലയാണ്. വാക്കും അർത്ഥവും പോലെ സംഗീതവും സാഹിത്യവും സമഞ്ജസമായി രാഗം, ഭാവം, സാഹിത്യം, ഈണം, സ്വരസ്ഥാനങ്ങളുടെ പ്രയോഗം എന്നിവ കൃത്യമായി ഒന്നിക്കുമ്പോൾ അതൊരു വിശിഷ്ടകൃതിയായി രൂപപ്പെടും. ദേവരാജൻ മാസ്റ്ററുടെ ഗാനങ്ങൾ എല്ലാം തന്നെ ഇതിന് ഉത്തമോദാഹരണങ്ങളാണ്. കാവാലം നാരായണപ്പണിക്കർ രചിച്ച ‘പുലരിത്തൂമഞ്ഞുതുള്ളിയിൽ’ എന്നഗാനം ‘ചാരുകേശി’ രാഗത്തിലാണ് മാസ്റ്റർ സംഗീതം ചെയ്തിരിക്കുന്നത്.
‘പുലരിത്തൂമഞ്ഞുതുള്ളിയിൽ
പുഞ്ചിരിയിട്ടു പ്രപഞ്ചം
ഭാരംതാങ്ങാനരുതാതെ
നീർമണി വീണുടഞ്ഞു......
വീണുടഞ്ഞു’
ഈ ഗാനം തുടങ്ങുന്നത് ‘പുലരി’ എന്ന വാക്കിലാണ്. ആദ്യാക്ഷരമായ പകാരത്തിന് നൽകിയിരിക്കുന്ന സ്വരം സപ്തസ്വരങ്ങളിൽ അഞ്ചാമത്തേതായ പഞ്ചമമാണ്. ഇവിടെ ശാസ്ത്രീയസംഗീതത്തിലെ സ്വരാക്ഷരപ്രയോഗം കാണാൻകഴിയും. മധ്യസ്ഥായിപഞ്ചമത്തിൽ ആരംഭിക്കുന്നതുകൊണ്ടുതന്നെ ‘പുലരി’ എന്ന വാക്ക് ശ്രോതാക്കളുടെ മനസ്സിൽ നല്ലൊരുതുടക്കമായി അടയാളപ്പെടുത്തപ്പെടും. ‘തൂമഞ്ഞുതുള്ളിയിൽ’ എന്ന പദത്തിൽ ഒരു ശോകഭാവവും ‘പുഞ്ചിരിയിട്ടു പ്രപഞ്ചം’ എന്ന വാക്കുകളിൽ ഹർഷഭാവവും ചേർന്നപ്പോൾ അത് ശ്രുതിമധുരമായ ചാരുകേശിയായി. ‘ഭാരംതാങ്ങാനരുതാതെ’ എന്ന പദങ്ങളിൽ ‘ഭാരം’ എന്ന വാക്കിൽ അന്തരഗാന്ധാരവും ശുദ്ധമധ്യമവും ചേർന്നുവന്നപ്പോൾ കൂടുതൽ സുന്ദരമായി. ‘നീർമണി വീണുടഞ്ഞു’ എന്ന വരിയിൽ ‘ഉടഞ്ഞു’ എന്ന വാക്കിന് ശുദ്ധമധ്യമം നൽകുകവഴി അതിലെ ദുഃഖഭാവം പ്രകടമായി. ഈ ആശയവും മനോഭാവവും ഉറപ്പിക്കാനായി ‘വീണുടഞ്ഞു’ എന്ന വാക്ക് ആവർത്തിക്കുമ്പോൾ ശുദ്ധധൈവതത്തിൽ നിന്നും മന്ത്രസ്ഥായി ഷഡ്ജത്തിലേക്ക് എത്തുകയും അതുവഴി ആ വാക്കിലെ നിരാശയും ദുഃഖവും ശ്രോതാക്കളുടെ ഹൃദയത്തിലേക്ക് എത്തിക്കുവാനും അദ്ദേഹത്തിന് സാധിച്ചു.
സാധാരണക്കാരനായ ശ്രോതാവിനെ സംബന്ധിച്ചിടത്തോളം സാങ്കേതികവിശകലനങ്ങൾ ആവശ്യമില്ലെങ്കിലും അത്തരം അറിവുകൾ ആസ്വാദനത്തെ കൂടുതൽ ശക്തമാക്കും. കലാമണ്ഡലം കൃഷ്ണൻനായർ പ്രകൃതിയെ സൂക്ഷ്മമായി നിരീക്ഷിക്കുവാൻ ദേവരാജൻമാസ്റ്ററെ പ്രോത്സാഹിപ്പിച്ചിരുന്നു. പ്രകൃതിയിലെ ചലനങ്ങളെയും മാറ്റങ്ങളെയുമെല്ലാം സൂക്ഷ്മമായി നിരീക്ഷിച്ച് അവയെ ഗാനങ്ങളിൽ പകർത്തുന്ന ഒരേയൊരു സംഗീതസംവിധായകൻ താനാണെന്ന് ദേവരാജൻമാസ്റ്റർ പറയുമായിരുന്നു. നാടൻപാട്ടുകൾ, സംഘഗാനങ്ങൾ, ഭക്തിഗാനങ്ങൾ, നഴ്സറിഗാനങ്ങൾ തുടങ്ങിയ വ്യത്യസ്തമേഖലകളിൽ അദ്ദേഹം സംഗീതസംവിധാനം നിർവഹിച്ചിട്ടുണ്ട്. യുഗ്മഗാനങ്ങൾ, പ്രണയഗാനങ്ങൾ, വിപ്ലവഗാനങ്ങൾ. വേദാന്തകൃതികൾ, തോണിപ്പാട്ടുകൾ, മാപ്പിളപ്പാട്ടുകൾ, അറബിഗാനങ്ങൾ, പശ്ചാത്തലഗാനങ്ങൾ തുടങ്ങി സർവ്വതോമുഖമായ ഗാനശാഖകളിലും അദ്ദേഹം തന്റെ മുഖമുദ്ര പതിപ്പിച്ചിട്ടുണ്ട്. ശാസ്ത്രീയസംഗീതം അടിസ്ഥാനമാക്കി ദേവരാജൻമാസ്റ്റർ സംഗീതം നൽകിയ ഗാനങ്ങൾ ഗഹനശാസ്ത്രീയഗാനങ്ങൾ, ലളിതശാസ്ത്രീയഗാനങ്ങൾ, രാഗമാലികകൾ, നൃത്തഗാനങ്ങൾ എന്നിങ്ങനെ നാലായിതിരിക്കാം. അദ്ദേഹത്തിൻറെ ഷഡ്കാലപല്ലവികൾ എക്കാലത്തെയും മൂല്യവത്തായ രചനകളായി കണക്കാക്കാവുന്നതാണ്.
ദേവരാജൻമാസ്റ്ററുടെ സംഗീതസപര്യയിലെ ഏറ്റവുംവലിയ ചിന്തയും സ്വപ്നവുമായിരുന്നു ‘ശക്തിഗാഥ’ എന്ന ഖൊയർ ഗായകസംഘം. സ്വരങ്ങളുടെ ശക്തി അഥവാ സംഗീതത്തിന്റെ ശക്തി ഓംകാരത്തിൽ ആണെന്ന് ദേവരാജൻമാസ്റ്റർ വിശ്വസിച്ചിരുന്നു. എല്ലാ എഴുത്തുകളിലും എവിടെയെങ്കിലും ഓംകാരം അദ്ദേഹം ആലേഖനം ചെയ്യുമായിരുന്നു. ഒ.എൻ.വി. കുറുപ്പുമായി ഈ ആശയങ്ങളിന്മേലുള്ള സംവാദങ്ങൾ ‘ശക്തിഗാഥ’ എന്ന പേരിന്റെ പിറവിക്കു വഴിതെളിച്ചു. ‘ശക്തിഗാഥ’ രൂപപ്പെടുത്തിയിരിക്കുന്നത് വ്യത്യസ്തമായ ആശയങ്ങളും സംഗീതവും സ്വരസഞ്ചാരങ്ങളും രാഗങ്ങളും യോജിപ്പിക്കുമ്പോൾ ഉണ്ടാകുന്ന ഹാർമണി എന്ന സംവിധാനത്തിലാണ്.
1997- ലാണ് ദേവരാജൻമാസ്റ്റർ ‘ശക്തിഗാഥ’ ഖൊയർ ഗായകസംഘം രൂപീകരിച്ചത്. 1995-96 കാലഘട്ടത്തിൽ തിരുവനന്തപുരത്തെ സംഗീത വകുപ്പുകളുള്ള വിവിധകലാലയങ്ങളിലെ വിദ്യാർത്ഥികളുടെ ശബ്ദാഭിരുചി പരീക്ഷ നടത്തിയാണ് ഇതിലേക്കുള്ള ഗായകരെ തിരഞ്ഞെടുക്കപ്പെട്ടത്. പാടുന്നതിന്റെ സ്ഥായി അനുസരിച്ച് ടെനർ, ബാസ്സ്, സുപ്രണോ, ആൾട്ടോ എന്നിങ്ങനെ നാലു വിഭാഗമായി ഗായകരെ തിരഞ്ഞെടുത്ത് വ്യക്തിഗതപരിശീലനം നൽകുന്ന രീതിയായിരുന്നു ശക്തിഗാഥയിൽ അവലംബിച്ചിരുന്നത്. ഇതിൽ ടെനർ, ബാസ് എന്നീ വിഭാഗങ്ങൾ പുരുഷഗായകരും സുപ്രണോ, ആൾട്ടോ എന്നീ വിഭാഗങ്ങൾ സ്ത്രീഗായകരും ആയിരുന്നു കൈകാര്യംചെയ്തിരുന്നത്. ഓരോ വിഭാഗത്തിലും നാലുപേർ വീതം 16 ഗായകരും ഉപകരണസംഗീതവിദഗ്ധരും ഭാഗഭാക്കായി. വ്യത്യസ്തസ്ഥായികളിൽ പാടാനുള്ള കഴിവിന്റെ അടിസ്ഥാനത്തിലും ചേർന്നുപാടുമ്പോൾ ഹാർമണി ലഭിക്കുന്നതരത്തിലുള്ള ശബ്ദമികവിന്റെ അടിസ്ഥാനത്തിലുമാണ് ഗായകരെ തെരഞ്ഞെടുത്തത്.
ശക്തിഗാഥയിലെ ഗാനങ്ങൾ സംവിധാനമികവുകൊണ്ടും പുതുമകൊണ്ടും വേറിട്ട് നിൽക്കുന്നവയാണ്. മിക്കഗാനങ്ങളും ‘ഫോർപാർട്ട് ഹാർമണി’യിൽ തന്നെ സംഗീതം ചെയ്തവയാണ്. എല്ലാ ഗാനങ്ങളും ദേവരാജൻ മാസ്റ്റർ തന്നെ പൂർണമായും സ്വരപ്പെടുത്തി ഗായകർക്കും ഉപകരണസംഗീതജ്ഞർക്കും നൽകിയിരുന്നു. ഗാനങ്ങളിലെ പ്രീലൂഡ്(Prelude), ഇന്റർലൂഡ്(Interlude) എന്നീ ഭാഗങ്ങളിൽ ഉപകരണസംഗീതത്തിന് പകരം കോർഡ്സ്(Chords) പാടുന്ന പ്രയോഗരീതിയാണ് അദ്ദേഹം അവലംബിച്ചിരുന്നത്. പ്രീലൂഡ് എന്നത് ഗാനത്തിന് തുടക്കത്തിലും ഇന്റർലൂഡ് എന്നത് പല്ലവിക്കും അനുപല്ലവിക്കും ചരണങ്ങൾക്കും ഇടയിലുമുള്ള ഉപകരണവാദനമാണ്. ഇതിലൂടെ ഗായകർക്ക് കൂടുതൽ പ്രാധാന്യം നൽകുന്നതിന് അദ്ദേഹം ശ്രമിച്ചിരുന്നു. തിരുവനന്തപുരം കരമനയിലെ മാസ്റ്ററുടെ വസതിയിൽ എല്ലാ വാരാന്ത്യങ്ങളിലും ഗുരുകുല സമ്പ്രദായത്തിൽ ഗായകർക്ക് പരിശീലനം നൽകിയാണ് ശക്തിഗാഥ രൂപപ്പെടുത്തിയെടുത്തത്. നീണ്ടകാലത്തെ പരിശീലനത്തിനുശേഷം 1997 ഫെബ്രുവരി പതിനേഴാം തീയതി തിരുവനന്തപുരം ടാഗോർ തിയേറ്ററിൽ ഉദ്ഘാടനം ചെയ്യപ്പെട്ട ശക്തിഗാഥ ദേവരാജൻ മാസ്റ്ററുടെ വ്യത്യസ്തമായ സംഗീതസമീപനത്തിന്റെ ഉത്തമോദാഹരണമാണ്.
ഗായകരെ തിരഞ്ഞെടുത്ത് ശാസ്ത്രീയ അടിത്തറ ഉറപ്പിച്ചതിനു ശേഷമുള്ള ഒന്നരവർഷത്തെ സാധകത്തിന്റെ ഫലമാണ് ശക്തിഗാഥ. ഗാനങ്ങളുടെ തിരഞ്ഞെടുപ്പിൽ സാധ്യമാകുന്നത്ര വ്യത്യസ്തത പുലർത്താൻ മാസ്റ്ററിന് സാധിച്ചു. അക്കാലത്ത് ലഭ്യമായിരുന്ന ഏറ്റവും മികച്ച ശബ്ദസംവിധാനങ്ങളും സാങ്കേതികവിദ്യകളും പിന്നണിയും അദ്ദേഹം ഉപയോഗിച്ചിരുന്നു.
വ്യത്യസ്തവിഭാഗങ്ങളിലുള്ള 22 ഗാനങ്ങളാണ് ശക്തിഗാഥയിൽ ആദ്യമായി അവതരിപ്പിച്ചത്. കല്യാണിരാഗത്തിൽ ‘ഓം ഗുരുർബ്രഹ്മ..’, എന്ന ഗുരുസ്മരണയിൽ തുടങ്ങുന്ന ഖൊയർ, ബെങ്കിംചന്ദ്ര ചാറ്റർജിയുടെ ‘വന്ദേമാതര’വും, ശഹാനയിൽ ചിട്ടപ്പെടുത്തിയിട്ടുള്ള പരമ്പരാഗത പ്രാർത്ഥനാഗാനമായ ‘അർക്ക സൂര്യ ദിവാകര’യും വ്യത്യസ്തത നിലനിർത്തിക്കൊണ്ടുതന്നെ അവതരിപ്പിച്ചു. കുമാരനാശാൻറെ ‘സങ്കീർത്തനം’ എന്ന കവിതയിലെ ‘ചന്തമേറിയ പൂവിലും’ എന്ന് തുടങ്ങുന്ന വരികൾ രണ്ട് വ്യത്യസ്ത മെലഡികളുടെ പ്രയോഗത്തിലൂടെ ഖൊയർ രൂപത്തിൽ അവതരിപ്പിക്കപ്പെട്ടു. ദേശഭക്തിഗാനങ്ങളുടെ ഗണത്തിൽ മയൂരം വിശ്വനാഥശാസ്ത്രികളുടെ ‘ജയതി ജയതി ഭാരതമാതാ’, പി.ബി. ശ്രീനിവാസന്റെ ‘ജയഹോ ഭാരത്മാതാ കീ’, ‘നേരു ചാച്ചാ സിന്ദാബാദ്’, പ്രേംധവന്റെ ‘യെ വക്ത് കി ആവാസ് ഹെ മിൽകെ ചലോ’ തുടങ്ങിയ ഗാനങ്ങൾ ഹാർമണിരൂപത്തിൽ തന്നെ അവതരിപ്പിച്ചു. മുഹമ്മദ് ഇഖ്ബാലിന്റെ ‘സാരേ ജഹാം സേ അച്ഛാ’ പാടിപ്പതിഞ്ഞ ഈണത്തിൽനിന്നും അർത്ഥവാക്പ്രാസങ്ങൾക്ക് അനുയോജ്യമായ പുതു ഈണംനൽകി അവതരിപ്പിച്ചു. 'സാ രേ' എന്ന തുടക്കത്തിനു 'സ' 'രി' എന്ന സ്വരങ്ങളും, 'പർബത് യെ സബ്സേ ഊഞ്ച' എന്ന ഭാഗത്തു താരസ്ഥായിസഞ്ചാരങ്ങളും നൽകുക വഴി വരികളിലെ ആശയം വ്യക്തമായി ശ്രോതാവിലേക്കെത്തിക്കുവാൻ അദ്ദേഹത്തിന് സാധിച്ചു.
വയലാറിൻറെ വരികൾക്ക് ദേവരാജൻ മാസ്റ്റർ ആദ്യമായി ഈണം നൽകിയ ‘ബലികുടീരങ്ങളേ’, പിരപ്പൻകോട് മുരളി എഴുതിയ ‘ലാൽസലാം സഖാക്കളേ’, ‘വരികയായി വരികയായി’, അംശി നാരായണപിള്ളയുടെ 'വരിക വരിക സഹജരേ' എന്നിവയായിരുന്നു ശക്തിഗാഥയിൽ ഉൾപ്പെടുത്തിയിരുന്ന വിപ്ലവഗാനങ്ങളിൽ പ്രധാനമായവ.
1898 ൽ പെരുമ്പുഴ ഗോപാലകൃഷ്ണൻ രചിച്ച ‘മലയാളത്തിലെ മുതൽ മാസം’ എന്ന ഗാനം മലയാളമാസങ്ങളുടെ സവിശേഷതകൾ വിവരിക്കുന്നതാണ്. രാഗതാളമാലികയായാണ് മാസ്റ്റർ ഈ ഗാനം ചിട്ടപ്പെടുത്തിയിട്ടുള്ളത്‍. ചിങ്ങം മുതൽ കർക്കിടകം വരെയുള്ള മാസങ്ങളെ വർണ്ണിച്ചു പന്ത്രണ്ടു രാഗങ്ങളിലും വേറിട്ട താളങ്ങളിലും ശക്തിഗാഥ അവതരിപ്പിക്കുമ്പോൾ അത് കേരളീയജീവിതത്തിന്റെ ഒരു നേർക്കാഴ്ചയായി മാറി. ഒ.എൻ.വി യുടെ 'നല്ല ഭൂമിയും’ ‘കാലമാം പൊന്നരയാലിന്റെ ചില്ലയിൽ’ എന്ന നാട്ടരാഗത്തിൽ ചിട്ടപ്പെടുത്തിയ ഗാനവും പി. ഭാസ്കരന്റെ ‘അറബിക്കടലിലൊരലയടിച്ചാൽ’ എന്ന രാഗമാലികയും വ്യത്യസ്ത ശ്രവ്യാനുഭൂതിയാണ് നൽകുന്നത്.
അന്യഭാഷാഗാനങ്ങളിൽ പ്രശസ്ത ഗാനരചയിതാവും പിന്നണിഗായകനും അസമിലെ രാഷ്ട്രതന്ത്രജ്ഞനും ആയിരുന്ന ഭൂപന്‍ ഹസാരികയുടെ ബംഗാളിയിലുള്ള ‘ദോലാ ഹെ ദോലാ’, ‘ബിസ്തീർണ്ണൊ ദുപരേർ’ എന്നിവ ശ്രോതാക്കൾക്ക് പുതിയ അനുഭവമായി. തെലുങ്ക്, ഹിന്ദി, സംസ്കൃതം, തമിഴ് തുടങ്ങിയ ഭാഷകളിലെ ഗാനങ്ങളും ശക്തിഗാഥയിൽ ഉൾപ്പെടുത്തിയിരുന്നു. ത്യാഗരാജസ്വാമികളുടെ പൂർണ്ണചന്ദ്രിക രാഗത്തിൽ ചിട്ടപ്പെടുത്തിയിരിക്കുന്ന ‘തെലിസി രാമ ചിന്തനതോ’ എന്ന കൃതിയും ഹാർമണിവൽക്കരിച്ച് ശക്തിഗാഥയിൽ പാടിയിരുന്നു. പതിനഞ്ചാം നൂറ്റാണ്ടിലെ അരുണഗിരിനാഥരുടെ തിരുപ്പുകഴ്, സൂർദാസിന്റെ ഹിന്ദിഭജൻ എന്നിവ വളരെ ശ്രദ്ധേയമായി. 'ജനഗണമന'യുടെ രണ്ടാമത്തെ ചരണമായ 'അഹരഹ തവ ആഹ്വാന പ്രചരിത' എന്ന ഭാഗമാണ് ശക്തിഗാഥയിൽ അവതരിപ്പിച്ചിരുന്നത്‍. ‘സ്വരലയ’യുടെ നാന്ദിഗീതമായ ‘സ്വരം സ്വരം സ്വരലയം’ എന്ന ഒ.എൻ.വി യുടെ ഗാനവും 2000 ത്തിൽ ‘മാനവീയം’ എന്ന പരിപാടിക്ക് വേണ്ടി തയ്യാറാക്കിയ ‘പുതിയ സഹസ്രാബ്ദമേ’ എന്ന സംഘഗാനവും ശക്തിഗാഥയുടെ മികവറിയിച്ചവയാണ്.
വ്യത്യസ്ത സംഗീതശൈലികളും സംവിധാനങ്ങളും ഇഴചേർത്ത് പുതിയ ആശയങ്ങളും സൃഷ്ടികളും രൂപപ്പെടുത്തുന്നതിനുള്ള പ്രയത്നവും ആർജ്ജവവും അദ്ദേഹത്തിനുണ്ടായിരുന്നു. ശുദ്ധസംഗീതത്തിൻറെ പ്രയോക്താക്കളിൽ ഒരാളായി കണക്കാക്കാവുന്ന ദേവരാജൻ മാസ്റ്റർ തൻറെ രചനകളിൽ സാധാരണക്കാരന്റെ മനസ്സിനെ സ്വാധീനിക്കുന്ന തരത്തിലുള്ള ലാളിത്യവും തനിമയും സൂക്ഷിച്ചിരുന്നു. ശക്തിഗാഥ ഒരു മാധ്യമമാക്കി അദ്ദേഹം സാധ്യമാക്കാൻ ശ്രമിച്ചതും സമൂഹത്തിനോടും സംഗീതത്തിനോടും അദ്ദേഹത്തിനുള്ള വ്യത്യസ്തമായ കാഴ്ചപ്പാടും വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളും ആയിരുന്നു. ദേശീയോത്ഗ്രഥനം, മതസൗഹാർദ്ദം എന്നീ ആശയങ്ങൾ നിറഞ്ഞ ഗാനങ്ങൾ ഉൾപെടുത്തുക വഴി രാഷ്ട്രീയത്തിലും മതത്തിലും സൗഹൃദങ്ങൾ വളർത്തുവാനും അതുവഴി സമൂഹത്തിലെ നാനാവിധമായ പ്രശ്നങ്ങൾക്ക് പരിഹാരമാകുവാനും 'ശക്തിഗാഥ' ഒരു പ്രേരകശക്തിയാകുമെന്ന് മാസ്റ്റർ വിശ്വസിച്ചിരുന്നു.

ശക്തിഗാഥയുടെ ആദ്യപരിപാടി 1997 ഫെബ്രുവരി പതിനേഴാം തീയതി വഴുതക്കാട് ടാഗോർ തീയേറ്ററിൽ അരങ്ങേറിയപ്പോൾ.
ഗ്രന്ഥസൂചി
1. ജി ദേവരാജൻ - ദേവഗീതികൾ - വരികളുടെ സമാഹാരം. ഓതെന്റിക് ബുക്ക്സ്, തിരുവനന്തപുരം. ഓഗസ്റ്റ് 2007
2. ജി ദേവരാജൻ - സംഗീതശാസ്ത്രനവസുധ - ഒലിവ് പബ്ലിക്കേഷൻസ്, കോഴിക്കോട്, സെപ്തംബർ 2010.
3. പ്രൊഫ. പി സാംബമൂർത്തി - സൗത്ത് ഇന്ത്യൻ മ്യൂസിക് - ഇന്ത്യൻ മ്യൂസിക് പബ്ലിഷിങ് ഹൗസ് -ബുക്ക് 1.
4. പ്രൊഫ. പി സാംബമൂർത്തി - ഹിസ്റ്ററി ഓഫ് ഇന്ത്യൻ മ്യൂസിക് - ഇന്ത്യൻ മ്യൂസിക് പബ്ലിഷിങ് ഹൗസ്, 2005.
5. വി ടി മുരളി - സംഗീതത്തിന്റെ കേരളീയ പാഠങ്ങൾ - കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം, 2008.
അരുൺ വി കുമാർ,
അസിസ്റ്റന്റ് പ്രൊഫസർ,
സംഗീതവിഭാഗം,
ആർ എൽ വി ഗവ: കോളേജ് ഓഫ് മ്യൂസിക്
ആൻഡ് ഫൈൻ ആർട്സ്, തൃപ്പൂണിത്തുറ, ഏറണാകുളം- 682301
Email: arunvdharan@gmail.com
Comments