top of page

നെടുമങ്ങാട് നൂറ്റാണ്ടുകളിലൂടെ - ഒരു അപഗ്രഥനം

ഡോ. സന്ധ്യ ജെ. നായർ

അസ്സോസിയേറ്റ് പ്രൊഫസർ

ചരിത്ര വിഭാഗം

യൂണിവേഴ്സിറ്റി കോളേജ്

തിരുവനന്തപുരം


ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് പുറത്തിറക്കിയ ഒരു ഗ്രന്ഥമാണ് നാലു വാള്യങ്ങളിൽ പ്രസിദ്ധീകൃതമായ നെടുമങ്ങാട് നൂറ്റാണ്ടുകളിലൂടെ എന്ന ഗ്രന്ഥം. ചരിത്രരചന വിവിധ വ്യാഖ്യാനങ്ങളിലൂടെയും പുനരെഴുത്തുകളിലൂടെയും മുന്നേറുന്ന ഇക്കാലത്തു നെടുമങ്ങാടിനെക്കുറിച്ചും നെടുമങ്ങാടിന്റെ വിവിധ ഇടപെടലുകളിക്കുറിച്ചും, ചരിത്ര പ്രാധാന്യത്തെക്കുറിച്ചും വളരെ സമഗ്രമായി പ്രതിപാദിക്കുന്ന ഒരു ഗ്രന്ഥമാണ് ഇത്. കൃത്യമായ ഗവേഷണത്തിലൂടെ ഒരു പ്രദേശത്തിന്റെ ചരിത്രം അപഗ്രഥിക്കുക എന്നത് എത്രമാത്രം ശ്രദ്ധ വേണ്ടുന്ന ഒന്നാണ് എന്നുള്ളതിനുള്ള ഒരു ഉദാഹരണമായി ഈ ഗ്രന്ഥത്തെ കാണാം.

പ്രാദേശിക ചരിത്ര രചന- പരിണാമം കേരളത്തിൽ

പ്രാദേശിക ചരിത്രം എന്നത് ഭൂമിശാസ്ത്രപരമായി ഒരു പ്രത്യേക പ്രദേശത്തെയോ സ്ഥലത്തെയോ കുറിച്ചും അവിടെ നിലനിൽക്കുന്ന സാഹചര്യങ്ങളെക്കുറിച്ചും ഓരോ പ്രദേശവും എങ്ങനെയൊക്കെയാണ്, ആ പ്രദേശം ഏതൊക്കെ തലത്തിലൂടെയാണ് എന്നതിനെപ്പറ്റിയും,പരിണമിച്ചത്

എങ്ങിനെയാണ് സാംസ്കാരികമായും ചരിത്രപരമായും ഇതര സമൂഹങ്ങളോട് ഇടപഴകിയതു എന്നും, ഏതൊക്കെ തരത്തിലുള്ള വ്യവ്യഹാരങ്ങളിലൂടെയാണ് ഇത്തരമൊരു സമൂഹമോ പ്രദേശമോ, ചർച്ചയ്ക്കു അനുരൂപണമായ അവസ്ഥയിൽ രൂപപ്പെട്ടത് എന്നുമൊക്കെ പറയുന്നതാണ്. ഇങ്ങിനെയൊരു ഇടത്തെക്കുറിച്ചു ചരിത്രഗവേഷണത്തിന്റെ ഉപകരണങ്ങൾ ഉപയോഗിച്ച് പഠിക്കുമ്പോഴാണ് ആ പ്രദേശത്തിന്റെ ചരിത്രത്തിനു എഴുതാൻ കഴിയുന്ന തരത്തിൽ ഒരു ചരിത്ര പശ്ചാത്തലം ഉണ്ടാക്കിയെടുക്കാൻ കഴിയുന്നത്. പലപ്പോഴും ഇത്തരമൊരു പഠനം താരതമ്യേന ചെറിയ പ്രാദേശിക സമൂഹത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് ചെയ്യുക.

ആയതിനാൽ തന്നെ പ്രാദേശിക ചരിത്രമെന്നത് കേവലമൊരു ദേശത്തിന്റെ മാത്രം ചരിത്രമാണ് എന്നാണ് കരുതപ്പെടാറുള്ളത്. എന്നാൽ പ്രാദേശിക ചരിത്രം എന്നത് കേവലം ഒരു ദേശചരിത്രമല്ല, മറിച്ചു ഒരു നിശ്ചിത ഭൂമിശാസ്ത്രപരമായ പ്രദേശത്തെ മുൻകാല സംഭവങ്ങളെക്കുറിച്ചുള്ള സമഗ്രമായ പഠനമാണ് അത്. വൈവിധ്യമാർന്ന തെളിവുകളിലൂടെ വിവിധ തലത്തിലുള്ള താരതമ്യങ്ങളിലോടെ കൃത്യമായ ഒരു ചട്ടക്കൂടിൽ സ്ഥാപിച്ചെടുക്കുന്നതാണ്. ഇത്തരമൊരു ചരിത്ര നിർമിതിയിൽ വാക്ചരിത്രവും,വിവിധ തരത്തിലുള്ള വ്യാഖ്യാനങ്ങളും ഉൾക്കൊള്ളുന്നവയാണ് എന്നതാണ് മറ്റൊരു വശം.

പ്രാദേശിക ചരിത്ര രചനയുടെ തുടക്കം പാശ്ചാത്യ രാജ്യങ്ങളിൽ പതിനെട്ടാം നൂറ്റാണ്ടോടു കൂടിയാണ്. എന്നാൽ മൂഷകവംശം, രാജതരംഗിണി പോലുള്ള രചനകൾ ഇന്ത്യയിൽ ഇത്തരം രചനകൾ പുതിയത് അല്ല എന്ന് തെളിയിക്കുന്നു. എന്നാൽ ആദ്യകാല രചനകൾ ഒക്കെ തന്നെ വ്യക്തികളെയോ, രാജാക്കന്മാരെയോ, രാജവംശങ്ങളെയോ കുറിച്ചുള്ളതായിരുന്നു. പ്രദേശങ്ങളെക്കുറിച്ചുള്ള സമഗ്രമായ ചരിത്ര രചനാ രീതി പിന്നെയും വളരെക്കാലത്തിനു ശേഷമാണ് ഉരുത്തിരിയുന്നത്. ഇത്തരമൊരു ചരിത്ര രചനയിൽ മിക്കപ്പോഴും ഇടപെടാറുള്ളത് പ്രാദേശിക ചരിത്ര കെട്ടിടങ്ങളോ മറ്റ് ചരിത്രപരമായ സ്ഥലങ്ങളോ സംരക്ഷിക്കുന്നതിനായി രൂപീകരിക്കപ്പെടുന്ന പ്രാദേശിക സമൂഹങ്ങളോ, ഗ്രൂപ്പുകളോ, സ്വതന്ത്രമായി പ്രവർത്തിക്കുന്ന അമേച്വർ ചരിത്രകാരന്മാരോ വിവിധ സംഘടനകളിൽ ജോലി ചെയ്യുന്ന ആർക്കൈവിസ്റ്റുകളോ ആണ് എന്നുള്ളതാണ് ഏറ്റവും വലിയ പ്രത്യേകത. കേരളത്തെ സംബന്ധിച്ച് അത്തരമൊരു പ്രാദേശിക ചരിത്ര രചനയുടെ കാലഘട്ടം വളരെ സമഗ്രമായി തുടങ്ങുന്നത് ജനകീയാസൂത്രണവുമായി ബന്ധപ്പെട്ടു നടത്തിയ വികസന രേഖകളിലൂടെയാണ്. ഇത്തരം വികസന രേഖകൾ എഴുതുന്നതിനായി വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവരുടെയും, അധ്യാപകരുടെയും, ഉദ്യോഗസ്ഥരുടെയും, വ്യത്യസ്ത രാഷ്ട്രീയ പ്രസ്ഥാനങ്ങളിൽ പ്രവർത്തിച്ചിരുന്നവരുടെയും, ശാസ്ത്ര സാഹിത്യ പരിഷദ് പോലുള്ള സംഘടനകളിൽ പ്രവർത്തിച്ചിരുന്നവരുടെയും ഒരു കൂട്ടായ്മ

ഉണ്ടാക്കിയെടുത്തതിലൂടെയായിരിന്നു.

തുടന്നുണ്ടായ കാലഘട്ടമെന്നത്, കേരളത്തിന്റെ ചരിത്ര രചനയെ ആഴത്തിൽ സ്വാധീനിച്ച കാലമാണ്. അത് വരെയും ഉണ്ടായിരുന്ന ചരിത്ര വസ്തുതകളിൽ നിന്ന് മാറി ചരിത്രം അരികുകളിലൂടെയും വശങ്ങളിലൂടെയും നടക്കാൻ തുടങ്ങി. അതിന്റെ മുഖ്യധാരയിലേക്കു ധാരാളം വ്യക്തികൾ കടന്നു വന്നു. അവരിൽ പലരും ചരിത്രം ആഴത്തിൽ പഠിച്ചവരായിരുന്നില്ല. എന്നിട്ടും തങ്ങളാൽ ആവുന്ന വിധത്തിൽ പൊടിപ്പും തൊങ്ങലുമില്ലാതെ, യാഥാർഥ്യ ബോധത്തോടെ അവർ ചരിത്രത്തെ കോർത്തിണക്കി. അവരോടൊപ്പം ഒരു പുതു തലമുറ ചരിത്രാന്വേഷികളും കൂടി കൈകോർത്തതോടു കൂടിയാണ് ഇന്ന് കാണുന്ന തരത്തിലേക്ക് പ്രാദേശിക ചരിത്ര പഠനം എത്താൻ തുടങ്ങിയത്. രാജാക്കന്മാരുടെയും വരേണ്യവർഗ്ഗത്തിന്റെയും, ചില കുടുംബങ്ങളുടെയും സ്തുതി പാഠങ്ങളിൽ നിന്ന് മാറി സാധാരണക്കാരന്റെ കൂടി ചരിത്രം എഴുതപ്പെടാൻ തുടങ്ങി. ഭാഷ പോലും വരേണ്യ വർഗ്ഗത്തിന്റെയാണ് ശരിയെന്നു അവകാശപ്പെട്ടിരുന്നിടത്തു നിന്ന്, കടലിന്റെയും പുഴയുടെയും

കാറ്റിന്റെന്റെയും ഗതി വിഗതികൾക്കനുസരണമായാണ് അവ രൂപപ്പെടുന്നതെന്നും, ഒന്നും മറ്റൊന്നിനേക്കാൾ താഴെയല്ല എന്ന തോന്നലിനെ ഉണ്ടടക്കിയെടുത്തതും. ഈ ചരിത്രബോധം മനുഷ്യനിൽ ഉണ്ടായ വലിയ ഒരു മാറ്റമായി നമുക്ക് കാണാം.

വെള്ളനാട് രാമചന്ദ്രൻ നെടുമങ്ങാടിന്റെ ചരിത്രകാരൻ

വികസനരേഖകളുടെ എഴുത്തിനായി തുടങ്ങിയ അന്വേഷണമാണ് വെള്ളനാട് രാമചന്ദ്രൻ എന്ന ചരിത്രകാരനെ സൃഷ്ടിച്ചത്. ചരിത്രം പഠിച്ചില്ലെങ്കിൽ കൂടിയും കൃത്യമായ സങ്കേതങ്ങൾ ഉപയോഗിച്ച് അദ്ദേഹം നടത്തിയ ഇത്തരം രചനകൾ രണ്ടു പ്രദേശങ്ങളുടെ ചരിത്രം പുറത്തേക്കു കൊണ്ട് വരാൻ സഹായിച്ചു. അദ്ദേഹം ആദ്യമായി നടത്തിയ രചന, സ്വന്തം നാടായ വെള്ളനാടിനെക്കുറിച്ചായിരുന്നു. വെള്ളനാട് -ചരിത്രവും പരിണാമവും എന്ന പുസ്തകം പിൽക്കാലത്തു ഇന്ത്യയിലെ ഏറ്റവും വലിയ പ്രാദേശിക ചരിത്ര ഗ്രന്ഥമായി ലിംക ബുക്ക് ഓഫ് റെക്കോർഡ്ൽ എത്തപ്പെട്ടത് തന്നെ ആ പുസ്തകത്തിന്റെ പ്രാധാന്യം കൊണ്ടായിരുന്നു. തുടർന്ന് നടന്ന അദ്ദേഹത്തിന്റെ അന്വേഷണങ്ങളും ഗവേഷണങ്ങളുമാണ്, നെടുമങ്ങാടിന്റെ ചരിത്രത്തിനെപുറത്തേക്കു “നെടുമങ്ങാട് നൂറ്റാണ്ടുകളിലൂടെ' എന്ന നാലു ഭാഗങ്ങളിലായി പുറത്തിറങ്ങിയ പുസ്തകം. കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച ഈ പുസ്തകം ഇത്തരത്തിൽ ഒരു പ്രദേശത്തെക്കുറിച്ചു മാത്രമായി പഠിച്ചു. എഴുതപ്പെട്ട ഏറ്റവും വലുതും സമഗ്രവുമായ ഒന്നാണ്. ആയതിനാൽ തന്നെ ഇനി വരാനിരിക്കുന്ന കാലത്തു ഏതെല്ലാം തരത്തിലുള്ള അംഗീകാരങ്ങൾ ഈ പുസ്തകത്തെ തേടിവരുമെന്നു ഇപ്പോഴേ പ്രവചിക്കാനാവില്ല. വെള്ളനാടിന്റെയോ നെടുമങ്ങാടിന്റെയോ ചരിത്രം അന്വേഷിക്കുക എന്നതിനേക്കാളുപരി മറ്റു പല സ്ഥലങ്ങളുടെയും വസ്തുതകളുടെയും സംഭവങ്ങളുടെയും ചരിത്രം അന്വേഷിക്കുകയും അവയെല്ലാം തന്നെ വരുന്ന തലമുറയ്ക്ക് വേണ്ടി പ്രസിദ്ധീകരിച്ചു കൊണ്ട് തന്നിൽ നിക്ഷിപ്തമായ കർമം വളരെ കൃത്യമായി ചെയ്യുന്ന ഒരു ചരിത്രാന്വേഷിയാണ് അദ്ദേഹം.

നെടുങ്ങനാടിന്റെ ചരിത്രം പുരാവൃത്തത്തിലൂടെ

സ്ഥലനാമം എന്നത് ഒരു തിരിച്ചറിയൽ ഘടകം മാത്രമല്ല ഒരു ദേശത്തിന്റെ ഭൂപ്രകൃതിയും ജന പ്രകൃതിയും സംസാരവും ആചാരവും അനുഷ്ടാനനവും എല്ലാം തെളിച്ചെടുക്കുവാൻ ഉള്ള ഘടകം ആണെന്ന വാദത്തോടെയാണ് നെടുമങ്ങാടിന്റെ പ്രാദേശിക ചരിത്രത്തിലേക്ക് വെള്ളനാട് പ്രവേശിക്കുന്നത്. ഏതൊരു നാടിന്റെയും പേരും ചരിത്രവും തമ്മിൽ ഇഴപിരിയാതിരിയിരിക്കുന്ന ബന്ധമാണ് ആ തലത്തിൽ നിന്ന് ചരിത്രത്തെ പിരിച്ചെടുക്കാൻ വെള്ളനാടിനെ പ്രേരിപ്പിക്കുന്നത്. വിവിധ കാലഘട്ടനങ്ങളിൽ വിവിധ പേരുകളിലാണ് നെടുമങ്ങാട് അറിയപ്പെട്ടിരുന്നത്. അതിനു വ്യത്യസ്ത കാരണങ്ങളെ വെള്ളനാട് ചൂണ്ടിക്കാണിക്കുന്നു. ആ പേരിന്റെ ചരിത്രം, സംഘ കാലത്തിനു മുന്നേ തുടങ്ങി ഇന്നത്തെ തലത്തിലേക്ക് എങ്ങിനെയെത്തി എന്നത് പെരുകാരുടെ സ്ഥലങ്ങളുടെ അതിരുകളുടെ അടയാളപ്പെടുത്തലിലൂടെ തൊഴിൽ രീതികളിലൂടെ, വികസിക്കുന്നു. വെൽ നിലങ്ങളിലൂടെ, ഊരുകളിലൂടെ,

നാടുകളിലൂടെ ഇടവകകളിലൂടെ അത് വികസിക്കുന്നു. അങ്ങിനെ പതിനാലാം നൂറ്റാണ്ടു വരെ ഇളവെള്ളൂർ നാട്, ഇളവേണാട് എന്നും പതിനെട്ടാം നൂറ്റാണ്ടുവരെ പേരകത്തു നാട്ടകം എന്നും പിന്നീട് നെടുമങ്ങാട് എന്നും പേരുകൾ വന്ന വഴിയെ കൃത്യമായ പുരാരേഖകളിലൂടെയും സാഹിത്യത്തിലൂടെയും മറ്റു സാധ്യതകളിലൂടെയും അദ്ദേഹം വിശദീകരിക്കുന്നു.

ഇളവെള്ളൂർ നാട് എന്ന നെടുമങ്ങാടിന്റെ പ്രാചീന നാമം ഒരു പ്രത്യേക സ്ഥലത്തെ ഉദ്ദേശിച്ചല്ല മറിച് ഒരു വിശാലമായ കാർഷിക പ്രദേശത്തിന്റെ ഉദ്ദേശിച്ചാണെന്നു വ്യക്തം. ഓരോരോ കാലഘട്ടങ്ങളിൽ ഓരോ തരത്തിലായിരുന്നു കൃഷി രീതികൾ എന്നും അവ എങ്ങിനെയെല്ലാം കാലത്തിനനുസരിച്ചു കാലത്തിനനുസരിച്ചു മാറുന്നു എന്നും സമഗ്രമായി തന്നെ അദ്ദേഹം അവതരിപ്പിക്കുന്നു. ഒരു കാലഘട്ടത്തിൽ തിരുവിതാംകൂറിന്റെ തന്നെ ഏറ്റവും വലിയ നാണ്യവിളകൾ ഉല്പാദിപ്പിക്കപ്പെട്ടിരുന്നത് പോലും നെടുമങ്ങാടിൽ നിന്നായിരുന്നുവത്രെ.

ചരിത്രം അപഗ്രഥിക്കുമ്പോൾ സ്ഥലനാമങ്ങൾക്കുള്ള പ്രാധ്യാന്യം എത്രമാത്രം ഉണ്ടെന്നുള്ള വ്യക്തമാക്കുന്നതാണ് ഇതിൽ പറയുന്ന

ഓരോ പേരുകളും. അതോടൊപ്പം നാടിൻറെ ഭൂപ്രകൃതി ഒരു ദേശത്തിന്റെ സംസ്കാരത്തെയും ചരിത്രത്തെയും ഏറ്റവുമധികം സ്വാധീനിക്കുന്ന ഒരു ഘടകമാണ് പ്രസ്തുത ദേശത്തെ ഭൂപ്രകൃതിയും കാലാവസ്ഥയും. കിള്ളിയാറിന്റെ സാന്നിധ്യം നെടുമങ്ങാടിനെ എത കണ്ടു സ്വാധീനിക്കുണ്ട് എന്നും, ഒരു പക്ഷെ ഇന്ത്യയിൽ ആദ്യമായി ഒരു നദീ സംയോജനത്തിനെതിരായി നടന്ന സമരം എന്ന് 1815 -16 കാലഘട്ടത്തിൽ ഉണ്ടായ ഒരു ഭരണ തീരുമാനത്തെപ്പറ്റിയും അതിനെതിരായി നടന്ന ജനകീയ കൂട്ടായ്മയുടെ വിജയവും അനാവരണം ചെയ്യുന്നതിലൂടെ ചരിത്രം എങ്ങിനെയൊക്കെ ഓരോ പ്രദേശത്തിന്റെയും ഭാവിയെ നിർവചിക്കുന്നു എന്നും അദ്ദേഹം അസന്ഗ്ഗിത്തം പറയുന്നു.

അത്

നെടുമങ്ങാടിന്റെ ചരിത്രമാണ് ഒന്നാം വാല്യത്തിൽ പ്രധാനമായും ചർച്ച ചെയ്യുന്നതെങ്കിൽ രണ്ടാം വാല്യം മുഖ്യമായും ചർച്ച ചെയ്യുന്നത് നെടുമങ്ങാടിന്റെ വികസന ചരിത്രത്തെപ്പറ്റിയാണ്. അത് വിവിധ കാലഘട്ടങ്ങളിൽ രൂപം കൊണ്ട് പ്രസ്ഥാനങ്ങളിൽ തുടങ്ങി വ്യത്യസ്ത പോരാട്ടങ്ങളിലൂടെ അനാവരണം ചെയ്യപ്പെടുന്നു.കോൺഗ്രസ് പാർട്ടിയുടെ പ്രവർത്തനങ്ങൾ പൊന്നറ ശ്രീധർ ലും, കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ചരിത്രം പി.ജി. വേലായുധനെ നായരിലും ആരംഭിക്കുന്നതിനെക്കുറിച്ചും കടന്നു പോയ മാര്ഗങ്ങളെക്കുറിച്ചും വളരെ വ്യക്തമായി തന്നെ പറയുന്നു. ഏതെങ്കിലും ഒരു നേതാവിന് മാത്രം അവകാശപ്പെട്ടതല്ല ഈ പ്രസ്ഥാനങ്ങൾ എന്നുള്ളത് വ്യക്തമാക്കുന്ന തലത്തിലാണ് പ്രസ്ഥാനങ്ങളെപ്പറ്റി അദ്ദേഹം എഴുതിയിരിക്കുന്നത്. അതിനു സമാനമാണ് പോരാട്ടങ്ങളേക്കുറിച്ചുള്ള ചരിത്രത്തിന്റെ അവലോകനവും. കല്ലറ പാങ്ങോടു സ്വാതന്ത്ര്യ സമരം, നെടുമങ്ങാട് ചന്ത സമരം, വട്ടിയൂർക്കാവ് സമ്മേളനം, 1954 ലെ ട്രാൻസ്പോർട് സമരം, കുടികിടപ്പവകാശ സമരങ്ങൾ, പൊന്നാംചുണ്ട്, എസ്റ്റേറ്റ് സമരങ്ങൾ തുടങ്ങി നെടുമങ്ങാടിന്റെ മണ്ണിനെ സ്പർശിച്ച എല്ലാ സമരങ്ങളെക്കുറിച്ചും സംഘടനാ പ്രവർത്തനങ്ങളെക്കുറിച്ചും ഒക്കെ വളരെ ആധികാരിമായി വിലയിരുത്തപ്പെടുമ്പോൾ ഒരു നാടിൻറെ ചരിത്രത്തെ എത്ര കണ്ടു ചുരുക്കേണ്ടി വരുന്നു എന്ന് നമുക്ക് മനസിലാവും. എന്നാൽ ആ ചുരുക്കൽ പിന്നാലെ വരുന്ന തലമുറയ്ക്ക് ഒരു റഫറൻസ് കൂടിയാവുന്നു എന്നതിലാണ് അതിന്റെ പ്രാധാന്യം. 1950 കളിൽ തുടങ്ങിയ പുതിയ രാഷ്ട്രീയ സമവാക്യങ്ങളെപ്പറ്റിയും 1952 ലെ തിരു കൊച്ചി തെരഞ്ഞെടുപ്പ്, മണ്ഡല പുനർനിർണയം, പിൽക്കാല തെരെഞ്ഞെടുപ്പുകളുടെ ചരിത്രം തെരെഞ്ഞെടുപ്പ് പ്രചാരണം ഒക്കെ അക്കാലത്തിന്റെ നേർചിത്രങ്ങളാണ്. ഒരു തരത്തിൽ അതെല്ലാം കേരളത്തിന്റെ തന്നെ രാഷ്ട്രീയ ചരിത്രത്തിന്റെ അടിയൊഴുക്കുകളുടെ പ്രതിഫലനം കൂടിയാണ്. നെടുമങ്ങാടിന്റെ റെവന്യൂ പിരിച്ചു തുടങ്ങുന്നതും വിവിധ കാലങ്ങളിൽ റെവന്യൂ അടിസ്ഥാനമാക്കി മണ്ണിനെ തിരിച്ചിരുന്നതും വളരെ വ്യക്തമായി തന്നെ അദ്ദേഹം പ്രതിപാദിക്കുന്നു. റെവന്യൂവുമായി ബന്ധപ്പെട്ട പ്രയോഗങ്ങളെപ്പറ്റിയും പദങ്ങളെപ്പറ്റിയും ഉള്ള സമഗ്രമായ വിവരണം ഇതിൽ കാണാം. ഓരോ പ്രദേശത്തും നിലനിന്നിരുന്ന നീതിന്യായ വ്യവസ്ഥകളെക്കുറിച്ചും ക്രമസാധന രീതികളെക്കുറിച്ചും വിദ്യാഭാസം, ബാങ്കിങ് വാർത്താവിനിമയ സംവിധാങ്ങൾ ഒക്കെയും ഇതിൽ പ്രദിപാദിക്കുന്നു.

മൂന്നാം വാല്യം പ്രധാനമായും ചർച്ച ചെയ്യുന്നത് സാമൂഹിക രൂപീകരണത്തെക്കുറിച്ചും, ഭക്ഷണം, തൊഴിൽ ഗൃഹം, വീട്ടാചാരങ്ങൾ ഭാഷ, ലിപി ലിഖിതങ്ങൾ എന്നിവയെപ്പറ്റിയാണ്. ജാതി അനുസരിച്ചും അല്ലാതെയുമുള്ള സാമൂഹിക നിലകളെക്കുറിച്ചും, അവരുടെ തൊഴിൽ രീതികൾ, ഭക്ഷണക്രമം ഒക്കെ ഇതിൽ ആധികാരികമായ രേഖകൾ കാണാം. നെടുമങ്ങാടിന്റെ തനതു ഗോത്രവർഗമായ കാണിക്കരെക്കുറിച്ചും ഇതര ജനവിഭാഗത്തെപ്പറ്റിയുമുള്ള വിവരങ്ങൾ വളരെ പ്രാധാന്യമർഹിക്കുന്നതാണ്. ആചാരങ്ങളെക്കുറിച്ചു പറയുമ്പോൾ പുതു തലമുറയ്ക്ക് കെട്ടുപോലും പരിചയമില്ലാത്ത ഒട്ടനവധി ആചാരങ്ങളെക്കുറിച്ചുള്ള വിശദമായ വിവരണം കാണാം, ഇരുപത്തിയെട്ടും വരിച്ചിലും കുംഭ മകം, മേടചിത്തിര ഒക്കെ ചില ഉദാഹരണങ്ങൾ മാത്രം. തിരുവനന്തപുരം ജില്ലയുടെ ഭാഗമായിരിക്കുമ്പോഴും, തനതായ ഒരു ഭാഷരീതിയും പ്രയോഗരീതിയും ഇവിടെ കാണാൻ കഴിയും.

നാലാമത്തെ വാല്യം പ്രധാനമായും പറയുന്നത് വിവിധ മത സ്വാധീനങ്ങളെക്കുറിച്ചും കായികസംസ്കാരത്തെക്കുറിച്ചും ഒക്കെയെയാണ്. കല-കായിക സംസ്കാരത്തെക്കുറിച്ചു പറയുമ്പോൾ വിവിധയിനം കളികളായ അരിപ്പൊരികളി, കിളിത്തട്ടു കുടു കുടു കളി എന്നിവയെപ്പറ്റിയും പഴയകാല സാംസ്കാരിക ഇനങ്ങളായ ചാറ്റുപാട്ടു, വിൽപ്പാട്ടു, ഭദ്രകാളിപ്പാട്ടു എന്നിവയെപ്പറ്റിയും ഒക്കെ വിശദമായ വിവരണം കാണാൻ കഴിയുന്നു. സ്ഥലനാമങ്ങളുടെ ഉത്ഭവത്തെക്കുറിച്ചു സ്വന്തം അഭിപ്രായം ചേർത്ത് വയ്ക്കുന്നതോടൊപ്പം തന്നെ വിവിധ ഗൃഹ നാമങ്ങളെക്കുറിച്ചും അദ്ദേഹം പ്രതിപാദിക്കുന്നു. ഉഴപ്പക്കോണം, ഊരാളിക്കൊണം, ഊര്കോണം, എന്നിങ്ങനെ കോണുകളിൽ അവസാനിക്കുന്ന പേരുകൾ പോലെയാണ് കോടുകളിലും, ഊരുകളിലും മലകളിലും ഒക്കെ അവസാനിക്കുന്ന പേരുകൾ. ഇതെല്ലം തന്നെ വിവിധ കൃഷിരീതികളുമായും തൊഴിൽ രീതികളുമായും ബന്ധപ്പെട്ടിരിക്കുന്നുവെന്നും അതുപോലെ ഭൂമിശാസ്ത്രപരമായ കൂടി ഇതിനെ സ്വാധീനിക്കുന്നുവെന്നും അദ്ദേഹം പറയുന്നു. പിന്നെ ഈ നാട്ടിൽ നിലവിലുണ്ടായിരുന്ന വിവിധ കഥകളെക്കുറിച്ചും ഒട്ടനവധി മിത്തുകളെക്കുറിച്ചും ഒക്കെ പറഞ്ഞു പോകുമ്പോൾ നെടുമങ്ങാട് എന്ന ദേശത്തിന്റെ ഏറ്റവും സമഗ്രമായ ചരിത്ര ആഖ്യായികയാണ് നമുക്ക് വായിക്കാൻ കഴിയുക .

കൃത്യമായ ഗ്രന്ഥസൂചിയും അനുബന്ധങ്ങളും സൂചിപ്പിക്കുന്നത് എത്രമാത്രം സമയവും ഗവേഷണവും ഇതിനു വേണ്ടി ചെലവഴിച്ചു എന്നതാണ്. വരാനിരിക്കുന്ന കാലത്തു ഈ പ്രദേശത്തെക്കുറിച്ചോ, പഴയകാല സംഭവങ്ങളുടെ ചരിത്രത്തെക്കുറിച്ചോ അന്വേഷിക്കുന്നവർക്കുള്ള ആദ്യ റഫറൻസ് ഗ്രന്ഥമായി ഇതിനെ ഉപയോഗിക്കാം എന്നുള്ളതാണ് ഈ നാലു വാല്യങ്ങൾ നല്കുന്ന ഏറ്റവും വലിയ സംഭാവന. ഇത്തരത്തിൽ ഇന്ത്യയിൽ തന്നെ

ആദ്യമായി പുറത്തിറങ്ങിയ ഈ ഗ്രന്ഥത്തിനെയും രചയിതാവിനെയും അർഹമായ പുരസ്കാരങ്ങൾ തേടിയെത്തും എന്നുള്ളതിൽ യാതൊരു സംശയവുമില്ല.


 




26 views0 comments
bottom of page