നിര്‍മ്മിതബുദ്ധിയും സിനിമയും
- GCW MALAYALAM
- Feb 15
- 6 min read
ഡോ. ബി. ശ്രീകുമാര്‍ സമ്പത്ത്

പ്രബന്ധസംഗ്രഹം
സിനിമപോലെ ജീവിതത്തിന്റെ സമസ്തഭാവങ്ങളും പ്രതിഫലിപ്പിക്കുന്ന മറ്റൊരു കലയില്ല. തികച്ചും സാങ്കേതികമായ ഈ കലാരൂപം ടെക്നോളജിയുടെ സഹായത്തോടെ അതിദ്രുതം വളര്‍ന്നു. ഭാഷയുടെയും ദേശത്തിന്റെയും വരമ്പുകള്‍ ഇല്ലാതാക്കുവാന്‍ സിനിമയെപ്പോലെ സാധിച്ച മറ്റൊരു കലയില്ല. നിര്‍മ്മിതബുദ്ധി ജീവിതത്തിന്റെ എല്ലാ മേഖലയും നിയന്ത്രിക്കുന്ന കാലമാണിത്. സാഹിത്യത്തിന്റെയും കലകളുടെയും മേഖലയിലേക്കുള്ള നിര്‍മ്മിതബുദ്ധിയുടെ വരവ് ലോകത്തെ അമ്പരിപ്പിക്കുന്ന ഒന്നായിരുന്നു. സ്വാഭാവികമായും സിനിമയുടെ പ്രവര്‍ത്തനമേഖലയെയും ആസ്വാദനത്തേയും നിര്‍മ്മിതബുദ്ധി നിയന്ത്രിച്ചു തുടങ്ങിയിരിക്കുന്നു. സിനിമയെ ഏറെ മുന്നോട്ടു കൊണ്ടുപോകുന്ന സാങ്കേതികവിദ്യയാണ് AI എന്നതില്‍ തര്‍ക്കമില്ല. എന്നാല്‍ നിര്‍മ്മിതബുദ്ധിയാല്‍ നിയന്ത്രിക്കപ്പെടുന്ന സിനിമ ചില പ്രശ്നങ്ങളും സൃഷ്ടിക്കുന്നുണ്ട്. ഇങ്ങനെയുള്ള ആശയങ്ങളാണ് പ്രബന്ധം ചര്‍ച്ചചെയ്യുന്നത്.
താക്കോല്‍ വാക്കുകള്‍: നിര്‍മ്മിതബുദ്ധി – കലാമേഖലയിലേക്കുള്ള നിര്‍മ്മിതബുദ്ധിയുടെ വരവ് – സിനിമയിലെ AI സ്വാധീനം – ഭാവി
നിര്‍മ്മിതബുദ്ധി (AI) ലോകത്തെ നിയന്ത്രിക്കുന്ന ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. അത് നമ്മുടെ ഭാഷ, കല, സാമൂഹികജീവിതം എന്നിവയെ രൂപപ്പെടുത്തുന്ന ഒരു പരിവര്‍ത്തനശക്തിയായി മാറിക്കഴിഞ്ഞു. ബോധപൂര്‍വ്വം തിരിച്ചറിയാനാവാത്തവിധം നിര്‍മ്മിതബുദ്ധിയുടെ സാധ്യതകള്‍ നാം ഉപയോഗിക്കുന്നു. നമ്മുടെ ജീവിതത്തിലെ നിത്യസാന്നിധ്യമായ മൊബൈല്‍ഫോണ്‍, നമുക്കു ലഭികുന്ന സര്‍ക്കാര്‍സേവനകള്‍, ബാങ്കിങ്ങ്, നമ്മുടെ യാത്രകള്‍ ഇവയെല്ലാം നിര്‍മ്മിതബുദ്ധിയാല്‍ നിയന്ത്രിതമാണ്. നിര്‍മ്മിതബുദ്ധിയെക്കുറിച്ചുള്ള അറിവില്ലായ്മ ആളുകളെ ദിനോസറുകളാക്കുന്ന കാലം വിദൂരമല്ല എന്ന് പ്രസ്താവിച്ചത് അമേരിക്കന്‍ വ്യവസായിയും സിനിമാനിര്‍മ്മാതാവുമായ മാര്‍ക്ക് ക്യൂബനാണ്.
1950കളില്‍ ജോണ്‍ മക്കാര്‍ത്തി തുടങ്ങിവെച്ച നിര്‍മ്മിതബുദ്ധി എന്ന ആശയം വളരെ പുതുമയുള്ളതായിരുന്നു. കമ്പ്യൂട്ടര്‍ടെക്നോളജി ആ സാധ്യതകളെ പരിപോഷിപ്പിച്ചുകൊണ്ട് അതിവേഗം വളര്‍ന്നു. മനുഷ്യനു തുല്യമായി പ്രവര്‍ത്തിക്കാന്‍ ശേഷിയുള്ള വിവേകബുദ്ധിയുള്ള യന്ത്രം എന്ന ആശയം ശാസ്ത്രത്തിന്റെ എക്കാലത്തെയും സ്വപ്നമായിരുന്നു. പുരോഗതിയിലേക്കുള്ള മനുഷ്യന്റെ പ്രയാണത്തെ ത്വരിതപ്പെടുത്തുക എന്നതുതന്നെയായിരുന്നു നിര്‍മ്മിതബുദ്ധി എന്ന സാങ്കേതികവിദ്യയുടെ ലക്ഷ്യം. ഇന്റര്‍നെറ്റ് സര്‍വ്വവ്യാപിയായിത്തീര്‍ന്നതും കുറഞ്ഞ നിരക്കിലുള്ള അതിന്റെ ലഭ്യതയും സാങ്കേതികവിദ്യയുടെ ഗുണഫലങ്ങള്‍ എല്ലാവരിലും എത്തിച്ചു. ന്യൂറല്‍ നെറ്റ് വര്‍ക്ക് (Neural Network), മെഷീന്‍ ലേണിങ്, ഡീപ് ലേണിങ് എന്നിങ്ങനെയുള്ള കമ്പ്യൂട്ടര്‍ അധിഷ്ഠിത സാങ്കേതികവിദ്യകള്‍ വളരെവേഗം പുരോഗമിക്കുകയാണ്. നിര്‍മ്മിതബുദ്ധി മനുഷ്യബുദ്ധിയെപ്പോലും മറികടന്ന് മനുഷ്യനെ ഭരിക്കുന്ന ഒന്നാവും എന്ന ചിന്ത ശാസ്ത്രജ്ഞര്‍ പോലും പങ്കുവെച്ചിട്ടുണ്ട്.
നിര്‍മ്മിതബുദ്ധിയും ഭാഷയും
നിര്‍മ്മിതബുദ്ധി മനുഷ്യബുദ്ധിയോട് അടുപ്പം നേടിയത് ഭാഷയുടെ സമാര്‍ജ്ജനത്തിലൂടെയാണ്. മനുഷ്യന്റെ ഭാഷ പഠിക്കുവാനും വ്യാഖ്യാനിക്കുവാനും ഉപയോഗിക്കുവാനും കഴിയുന്ന തലത്തിലേക്ക് നിര്‍മ്മിതബുദ്ധിയെ വളര്‍ത്തിയെടുത്തത് വലിയൊരു വിജയമായിരുന്നു. നാച്ചുറല്‍ ലാംഗ്വേജ് പ്രോസസിങ് (NPL) ഭാഷയുടെ സങ്കീര്‍ണ്ണമേഖലകള്‍ സ്വായത്തമാക്കുവാന്‍ നിര്‍മ്മിതബുദ്ധിക്ക് കരുത്തുപകര്‍ന്നു. ഭാഷ ആത്യന്തികമായി ഒരു സാങ്കേതികഘടനയാണ്. ഭാഷയിലെ ചെറിയ ചെറിയ ആശയവിനിമയമാതൃകകളാണ് ആദ്യം നിര്‍മ്മിതബുദ്ധി ഗ്രഹിച്ചെടുത്തത്. എന്നാല്‍ ഭാഷയിലെ സര്‍ഗ്ഗാത്മകതപോലും ഇന്ന് അതിശയിപ്പിക്കുന്ന രീതിയില്‍ നിര്‍മ്മിതബുദ്ധി സ്വായത്തമാക്കിയിരിക്കുന്നു. സാഹിത്യവും മറ്റേത് കലാരൂപവും നിര്‍മ്മിതബുദ്ധിയുടെ സഹായത്തോടെ നമുക്കിന്ന് നിര്‍മ്മിച്ചെടുക്കാന്‍ സാധിച്ചിട്ടുണ്ട്. മനുഷ്യനു മാത്രം വിഹരിക്കുവാന്‍ കഴിഞ്ഞിരുന്ന കലയുടെ മേഖലയിലേക്ക് നിര്‍മ്മിതബുദ്ധി കടന്നു വരുമ്പോള്‍ ഉണ്ടാവുന്ന പ്രത്യാഘാതങ്ങള്‍ അനവധിയാണ്.
നിര്‍മ്മിതബുദ്ധിയും സിനിമയും
പത്തൊമ്പതാം നൂറ്റാണ്ടിന്റെ അന്ത്യദശകത്തില്‍ രൂപമെടുത്ത് അതിവേഗം പുരോഗതിയിലൂടെ കടന്നുപോയി നൂറ്റാണ്ടിന്റെ കലാരൂപമെന്ന നിലയില്‍ ശ്രദ്ധനേടിയ സിനിമ സാങ്കേതികതയുടെ സൃഷ്ടിയാണ്. സമൂഹത്തില്‍ നിലനില്‍ക്കുന്ന ഏതൊരു കലയുടേയും സ്വാധീനം സിനിമ ഉള്‍ക്കൊള്ളുന്നുണ്ട്. സിനിമയുടെ പ്രേക്ഷകരും വിവിധ തലങ്ങളിലുള്ളവരാണ്. പോപ്പുലര്‍ ആര്‍ട്ട് എന്ന വിഭാഗത്തില്‍ സിനിമയോളം ശ്രദ്ധനേടിയ മറ്റൊരു കലയില്ല. ദൃശ്യങ്ങളും ശബ്ദവും രേഖപ്പെടുത്തുന്നതില്‍ വന്നുചേരുന്ന ഏതുതരത്തിലുള്ള സാങ്കേതിക പുരോഗതിയും സിനിമയെ സ്വാധീനിച്ചിട്ടുണ്ട്.
സിനിമയെ മറ്റു കലകളില്‍ നിന്ന് വ്യത്യസ്തമാക്കുന്ന ഘടകം അതിന്റെ നിര്‍മ്മാണത്തിലുള്ള വലിയ മുതല്‍മുടക്കാണ്. സിനിമയുടെ ജനപ്രീതി എത്ര വലിയ ബജറ്റിലും ചിത്രമൊരുക്കാന്‍ നിര്‍മ്മാതാക്കളെ പ്രേരിപ്പിക്കുന്നു. എന്നാല്‍ ജനശ്രദ്ധ നേടാത്ത സിനിമകള്‍ വമ്പിച്ച സാമ്പത്തിക ബാധ്യതയും വരുത്തിവെയ്ക്കുന്നുണ്ട്. നിര്‍മ്മിതബുദ്ധി സിനിമയെ സ്വാധീനിക്കുന്നത് രണ്ട് തലങ്ങളിലായാണ്.
ഒന്ന്, നിര്‍മ്മിതബുദ്ധിയുടെ വരവിനുശേഷം സാങ്കേതികമായി മാറുന്ന നമ്മുടെ ലോകം റിയലിസ്റ്റിക്കായും സയന്‍സ് ഫിക്ഷന്‍ ഭാവനയിലും സിനിമയുടെ ഉള്ളടക്കത്തെ സ്വാധീനിക്കുന്നു. സാങ്കേതികവിദ്യയുടെ കണ്ടെത്തലുകള്‍ സാഹിത്യകൃതികളില്‍ അവ വരും മുമ്പെ പ്രവചിക്കപ്പെട്ടിരുന്നു. യാന്ത്രികരൂപവും ശക്തിയുമുള്ള കഥാപാത്രങ്ങള്‍ സാഹിത്യത്തില്‍ നേരത്തെതന്നെ പ്രത്യക്ഷപ്പെട്ടിരുന്നു.
‘ദി ക്രിയേഷന്‍ ഓഫ് ദ ഹ്യൂമനോയ്ഡ്സ്’ (The Creation of the Humanoids, 1962, അമേരിക്ക) എന്ന ചിത്രം യന്ത്രമനുഷ്യരുടെ വൈകാരികത പ്രമേയമാക്കി. സ്റ്റീഫന്‍ സ്പീല്‍ബര്‍ഗിന്റെ A.I. Artificial Intelligence എന്ന സിനിമ AI എന്ന വാക്കിനേയും അതിന്റെ സാധ്യതകളെയും പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തി. അതില്‍ യാഥാര്‍ത്ഥ്യമാകാവുന്ന സാങ്കേതികവിദ്യയ്ക്കൊപ്പം വിദൂരഭാവിയില്‍പ്പോലും ചിന്തിക്കാനാവാത്ത സാധ്യതകളും അവതരിപ്പിച്ചു.
സാങ്കേതികവിദ്യയുടെ കലാരൂപമായ സിനിമയില്‍ പുതിയ സാങ്കേതികസാധ്യതകളിലൂടെ ഏതു സാങ്കല്പികരംഗവും യാഥാര്‍ത്ഥ്യപ്രതീതിയോടെ അവതരിപ്പിക്കുവാന്‍ കഴിയുന്നുണ്ട്. നിര്‍മ്മിതബുദ്ധിയുടെ സാധ്യതകളും നിര്‍മ്മിതബുദ്ധി പുരോഗതിയിലൂടെ വിദൂരഭാവിയിലെങ്കിലും നമുക്കെത്തിച്ചേരാന്‍ കഴിയുന്ന ജീവിതാവസ്ഥകളും സിനിമ സമാന്തരമായി അന്വേഷിക്കുന്നു. ഇങ്ങനെ യന്ത്രങ്ങളെ സ്നേഹിക്കുന്ന വൈകാരികവസ്ഥയിലേക്ക് മനുഷ്യന്‍ എത്തിച്ചേരുന്നുണ്ട്. ഹ്യൂമനോയിഡുകളുടെ പ്രണയവും ജീവിതവും നമ്മുടെ ജീവിതംപോലെ ആസ്വാദ്യമാവുന്ന തലത്തിലേക്ക് എത്തിച്ചേരുന്നുണ്ട് Alita: Battle Angel (2019) പോലുള്ള സിനിമകളില്‍.
കച്ചവടസാധ്യതകളോടെ രചിക്കപ്പെട്ട കഥാപാത്രങ്ങളാണ് പലപ്പോഴും ഇത്തരം സിനിമകളില്‍ കാണപ്പെടുന്നത്. പുതുയുഗം സാധാരണ മനുഷ്യനെയും യാന്ത്രികമായ ജീവിതാവസ്ഥകളിലേക്ക് എത്തിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഇത്തരം യന്ത്രമനുഷ്യര്‍ നമ്മുടെ തന്നെ യാന്ത്രികമായ മനോഭാവങ്ങളെ പ്രതിനിധീകരിക്കുന്നുണ്ട്. ചതിക്കുന്ന മനുഷ്യര്‍ക്കിടയില്‍ ചതിക്കാത്ത ഹ്യൂമനോയ്ഡുകള്‍ എന്ന ആശയവും പരിഗണിക്കപ്പെടേണ്ടതുണ്ട്. ഭാഷാശേഷി, വൈകാരികത തുടങ്ങിയവയിലെല്ലാം ഒരു യാന്ത്രികമനോഭാവം മനുഷ്യരിലേക്കും കടന്നുകയറുന്ന കാലമാണിത്.
ഹ്യൂമനോയ്ഡുകള്‍ താരങ്ങളാവുന്ന കാലവും വന്നുകഴിഞ്ഞു. ‘സോഫിയ’ എന്ന ഹ്യൂമനോയ്ഡ് മനുഷ്യരെ രസിപ്പിക്കാന്‍ മാത്രമല്ല മനസ്സിലാക്കുന്ന പങ്കാളി കൂടിയാണ് എന്ന വിശേഷണം സവിശേഷശ്രദ്ധ നേടുന്നുണ്ട്. മലയാളത്തില്‍ AI സാങ്കേതികവിദ്യ പ്രമേയമാക്കുന്ന ചിത്രങ്ങള്‍ കുറവാണ്. AI സാങ്കേതികവിദ്യയുടെ സാധ്യതകള്‍ ഉപയോഗപ്പെടുത്തുന്നതിനേക്കാള്‍ നമ്മുടെ മാനുഷികമായ കഥകളിലെ മനുഷ്യത്വമില്ലായ്മ സറ്റയര്‍ രീതിയില്‍ രൂപപ്പെടുത്താന്‍ ഉപയോഗിക്കുന്ന കഥാംശം എന്ന നിലയിലാണ് റോബോട്ടുകള്‍ കഥകളില്‍ ഇടംനേടുന്നത്. 2019 –ല്‍ പുറത്തിറങ്ങിയ ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ ഈ രീതിയിലുള്ള ചിത്രമാണ്. യന്ത്രങ്ങള്‍ക്കു പോലും മനുഷ്യനേക്കാള്‍ നല്ല ബദലായി ഒരു വ്യക്തിയില്‍ സ്വാധീനം ചെലുത്താന്‍ കഴിയുമെന്ന കാഴ്ചപ്പാടാണ് ഈ സിനിമ അവതരിപ്പിച്ചത്. വികസിത രാജ്യങ്ങളില്‍ പ്രായമുള്ളവരെയും രോഗികളെയും പരിപാലിക്കുന്ന റോബോട്ടുകള്‍ ധാരാളമായി ഉപയോഗിക്കപ്പെടുന്നുണ്ട്. 2012-ല്‍ ‘റോബോര്‍ട്ട് ആന്റ് ഫ്രാങ്ക്’ എന്ന പേരില്‍ പുറത്തിറങ്ങിയ ചിത്രമാവാം ഇതിന്റെ പ്രചോദനം. സന്തോഷ് ശിവന്റെ സംവിധാനത്തില്‍ ഇറങ്ങിയ ‘ജാക്ക് n ജില്‍’ എന്ന ചിത്രം വേണ്ടത്ര ശ്രദ്ധ നേടിയില്ല. സയന്‍സ് ഫിക്ഷന്‍ ചിത്രങ്ങള്‍ വേണ്ടത്ര മേന്മയോടെ അവതരിപ്പിക്കുവാന്‍ മലയാളസിനിമ ഇനിയും പ്രാവീണ്യം നേടേണ്ടിയിരിക്കുന്നു. ലോകസിനിമ, മലയാളസിനിമ എന്ന വേര്‍തിരിവോടെയല്ല ഇത്തരം ചിത്രങ്ങള്‍ നമ്മുടെ പ്രേക്ഷകര്‍ കാണുന്നത്. അതുകൊണ്ടുതന്നെ വലിയ ക്യാന്‍വാസില്‍ വന്നാല്‍ മാത്രമേ അത്തരം ചിത്രങ്ങള്‍ സ്വീകരിക്കപ്പെടുകയുള്ളൂ.
നിര്‍മ്മിതബുദ്ധി, സിനിമയുടെ നിര്‍മ്മാണം മുതല്‍ പ്രദര്‍ശനവിജയം വരെയുള്ള പ്രയാണത്തെ വലിയതോതില്‍ സ്വാധീനിച്ചു തുടങ്ങിയിരിക്കുന്നു. സിനിമയുടെ ആദ്യദൗത്യം മികച്ച ഒരു തിരക്കഥയാണ്. തിരക്കഥ ഏതുമാവട്ടെ അതിന്റെ എല്ലാത്തരത്തിലുമുള്ള പൂര്‍ണ്ണതയ്ക്ക് നിര്‍മ്മിതബുദ്ധി സഹായകമാവും. ഒരു കഥയെ തിരക്കഥയാക്കി മാറ്റുവാനുള്ള AI ടൂളുകള്‍ നിലവില്‍ വന്നുകഴിഞ്ഞു. ഏതെല്ലാം തരത്തിലുള്ള ഷോട്ടുകളാണ് സീനിന്‍ അനുയോജ്യമെന്ന് കണ്ടെത്തി അവതരിപ്പിക്കുവാനും നിര്‍മ്മിതബുദ്ധിക്ക് കഴിയും. സ്റ്റോറിബോര്‍ഡ് സൃഷ്ടിക്കാനും ലൊക്കേഷനുകള്‍ നിര്‍ണ്ണയിക്കുവാനും AI സഹായിക്കും. വന്‍ സാമ്പത്തികബാധ്യതയും സമയദൈര്‍ഘ്യവും ആവശ്യപ്പെടുന്ന തിരക്കഥാരചനയും ലൊക്കേഷന്‍ കണ്ടെത്തലും ഇന്ന് AI വഴി അനായാസം നടക്കുന്നു. പല വലിയ സിനിമാവ്യവസായമേഖലകളിലും നിര്‍മ്മിതബുദ്ധിയ്ക്കെതിരെ സമരപരിപാടികള്‍ പോലും സംഘടിപ്പിക്കപ്പെട്ടു കഴിഞ്ഞു.
സിനിമയുടെ കാസ്റ്റിങ്ങ്, കഥയുടെ വിജയസാധ്യതകള്‍, ചരിത്രസാമഗ്രികളുടെ കണ്ടെത്തല്‍ ഇവയെല്ലാം ഇന്ന് AI വിജയിക്കുന്ന മേഖലകളാണ്. സിനിമയുടെ ഷൂട്ടിങ്ങിലും, വിര്‍ച്വല്‍ സിനിമറ്റോഗ്രഫി, എഡിറ്റിങ്ങ് ടൂളുകള്‍ എന്നിവയിലൂടെ ഷൂട്ടിങ്ങ് ദിനങ്ങളുടെ എണ്ണം കാര്യമായി കുറയ്ക്കാന്‍ നിര്‍മ്മിതബുദ്ധിയ്ക്ക് കഴിയുന്നുണ്ട്. കളറിങ്ങും ഗ്രേഡിങ്ങും എളുപ്പമാക്കി. ഡീപ് ഫേക്ക് ടെക്നോളജി (Deep fake Technology) സിനിമയുടെ കറക്ഷന്‍ എളുപ്പമാക്കി.
നിര്‍മ്മിതബുദ്ധിയും സിനിമയുടെ സാങ്കേതികതയും
സിനിമ സാങ്കേതികതയിലൂന്നി നില്‍ക്കുന്ന കലയായതിനാല്‍ അതിന്റെ രൂപഭാവങ്ങളെ മാറ്റിമറിക്കാന്‍ നിര്‍മ്മിതബുദ്ധിയ്ക്ക് കഴിയും. യുവതലമുറയുടെ ഭാവനയെ AI നിര്‍മ്മിത കഥകളും കഥാപാത്രങ്ങളും സ്വാധീനിച്ചു കഴിഞ്ഞു. പ്രാദേശികസിനിമകള്‍ എത്രത്തോളം നമ്മുടെ നാട്ടിലെ കുട്ടികളും യുവജനങ്ങളും മനസ്സിലാക്കുന്നു എന്ന വസ്തുതയും പഠിക്കപ്പെടേണ്ടതുണ്ട്.
ഒ.ടി.ടി പ്ലാറ്റ്ഫോമുകള്‍ നമ്മുടെ തിയേറ്ററുകളുടെ കാലം അവസാനിപ്പിച്ചിരിക്കുന്നു. ഒരു കലയെന്ന നിലയിലുള്ള സിനിമയുടെ അതിജീവനവും വളരെ ശ്രദ്ധയോടെ നിരീക്ഷിക്കേണ്ട കാര്യമാണ്. ‘മിന്നല്‍ മുരളി’ പോലുള്ള സിനിമകള്‍ പ്രദര്‍ശനവിജയം നേടുമ്പോള്‍ ഒരു ഹ്യൂമനോയ്ഡിന്റെ സവിശേഷതകളാണ് ആ കഥാപാത്രം പുലര്‍ത്തുന്നതെന്ന വസ്തുത മനസ്സിലാക്കേണ്ടതുണ്ട്.
സിനിമ ഏറ്റവും ആഴത്തില്‍ ജനതയെ സ്വാധീനിക്കുന്ന കലാരൂപമാണ്. വാണിജ്യസിനിമകളും ആര്‍ട്ട് സിനിമകളും എല്ലാക്കാലത്തും രൂപപ്പെട്ടിരുന്നു. AI നിയന്ത്രിത സിനിമകള്‍ വാണിജ്യഫോര്‍മുലകളാണ് പിന്തുടരുന്നത്. കലയെ ഒരു ഡേറ്റ ആയാണ് നിര്‍മ്മിതബുദ്ധി പരിഗണിക്കുന്നത്. അതിന്റെ വിജയഘടകങ്ങള്‍ അപഗ്രഥിക്കാനും അതിനെ ആവര്‍ത്തിക്കാനും നിര്‍മ്മിതബുദ്ധിക്ക് കഴിഞ്ഞേക്കാം. എന്നാല്‍ മൂല്യാധിഷ്ഠിതമായി അതിനെ കാണാന്‍ നിര്‍മ്മിതബുദ്ധിക്ക് സാധിക്കില്ല.
ആത്യന്തികമായി കല ചില ചേരുവകളുടെ കൃത്യമായ മേളനത്തിലൂടെ മാത്രം രൂപപ്പേടുന്ന ഒന്നല്ല. അതിന്റെ ഘടനയും ചേരുവകളും അപഗ്രഥിച്ചു മനസ്സിലാക്കുമ്പോള്‍ ആ ചേരുവകളിലൂടെ മറ്റൊന്ന് സൃഷ്ടിക്കാനായേക്കും. തികച്ചും മാനുഷികമായ ഉല്പന്നമായ കലയെ ഈ രീതിയില്‍ സൃഷ്ടിക്കാനാണ് നിര്‍മ്മിതബുദ്ധി ശ്രമിക്കുന്നത്. അവിടെ ഗൗരവമുള്ള ചില പ്രശ്നങ്ങള്‍ ഉടലെടുക്കുന്നു. ഈ കലാസൃഷ്ടിയുടെ ഉദ്ദേശ്യം എന്താണ്. വെറും വിനോദമാണോ?
ഒരു ചിത്രകാരന്‍ ഉപയോഗിക്കുന്ന നിറങ്ങള്‍ രൂപപ്പെടുത്തുന്നത് അവയുടെ കെമിക്കല്‍ സ്വഭാവങ്ങള്‍ മനസ്സിലാക്കുന്ന ശാസ്ത്രജ്ഞാനത്തിലൂടെയാണ്. ആ അറിവ് ചിത്രകലയെ ഒരുപാട് മുന്നിലെത്തിക്കുന്നു. ദീര്‍ഘകാലം നിലനില്‍ക്കുന്ന ചിത്രങ്ങള്‍ രൂപപ്പെടുത്താം. അനേകം നിറഭേദങ്ങള്‍ സൃഷ്ടിക്കാം. എന്നാല്‍ ചിത്രം രൂപപ്പെടുന്നത് ചില ലക്ഷ്യങ്ങളോടെയാണ്. സമൂഹത്തെ മനസ്സിലാക്കിയ കലാകാരന്റെ സമൂഹത്തിനായുള്ള സന്ദേശമാണ് ആ സൃഷ്ടി. ഒരുതരത്തില്‍ കോപ്പികള്‍ സൃഷ്ടിക്കുന്ന ജോലിയാണ് നിര്‍മ്മിതബുദ്ധി ചെയ്യുന്നത്. അതിന് കലയുടെ മാധ്യമധര്‍മ്മമില്ല.
സിനിമയെ സംബന്ധിച്ചിടത്തോളം ഏതാണ്ട് ഭൂരിഭാഗം പ്രക്രിയകളും സാങ്കേതികമാണ്. എന്നാൽ സാങ്കേതികമായ ആ രൂപപ്പെടലിന് പിന്നിൽ അതിന്റെ ജീവനായി നിലകൊള്ളുന്ന ഒരു ജീവിതചിത്രണം ഉണ്ട്. അത് ഒരു തിരക്കഥാകൃത്തും സംവിധായകനും അവരുടെ സംവിധായകരും ചേർന്ന് രൂപപ്പെടുത്തുന്ന ഒരു മാനുഷിക പ്രക്രിയയാണ്. അത് അല്പം ചിലവേറിയ ഒന്നാവാം. ഒരുപക്ഷെ അത് നിർമ്മാതാവിന് ലാഭകരമല്ലാത്ത അവസ്ഥയും ഉണ്ടാവാം. അങ്ങനെ നിർമ്മാതാവിന്റെ ഭാഗത്തുനിന്നുള്ള നീക്കങ്ങളാണ് AI സാങ്കേതികവിദ്യയുടെ അമിതമായ ഉപയോഗം സിനിമയിലെത്തിക്കുന്നത്. എന്നാൽ ഇങ്ങനെയുള്ള അഭിരുചികൾ ഭാവിയിൽ സൃഷ്ടിക്കാൻ പോകുന്ന പ്രശ്നങ്ങളെക്കുറിച്ച് അയാൾ ബോധവാനല്ല. പുതുമകൾ സൃഷ്ടിക്കുന്ന സിനിമ എന്ന മാധ്യമത്തിന്റെ വളർച്ചയായി AI നിര്‍മ്മിതികളെ രേഖപ്പെടുത്തുകയും ചെയ്യുന്നുണ്ട്.
‘ദ്രുതഗതിയിലുള്ള സാങ്കേതികവിദ്യയുടെ വളർച്ച സമൂഹത്തിൽ ഒരു മരവിപ്പ് സൃഷ്ടിക്കുന്നതിനെക്കുറിച്ചുള്ള ആലോചനകൾ നീൽ ഹേസ്റ്റ്മാൻ എന്ന മാധ്യമഗവേഷകൻ 1963ൽ തന്നെ പങ്കുവെക്കുന്നുണ്ട്. അന്ന് അതിനുപയോഗിക്കുന്ന പദം ഭാവിയെക്കുറിച്ചുള്ള നടുക്കം (Future Shock) എന്നതാണ്. അതേ പേരിൽ പിന്നീടിറങ്ങിയ ആല്‍വിന്‍ ടോഫ്ലര്‍ എന്ന അമേരിക്കന്‍ എഴുത്തുകാരന്റെ പുസ്തകം വലിയ പ്രചാരം നേടുകയുണ്ടായി. അന്നത്തെ ആകുലതകള്‍ കൂടുതലും കേന്ദ്രീകരിച്ചത് മാറിമറിഞ്ഞിരുന്ന സാമൂഹികക്രമങ്ങളില്‍ ആയിരുന്നു’1.
ഇന്ന് കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമായിരിക്കുന്നു. നിര്‍മ്മിതബുദ്ധിയുടെ വരവ് സിനിമയില്‍ ഏറെപ്പേരുടെ ജോലി നഷ്ടപ്പെടുത്തുന്നു എന്നത് ആദ്യംതന്നെ ശ്രദ്ധിക്കപ്പെട്ടു. ഹോളിവുഡ് പോലെയുള്ള വന്‍കിട സിനിമാമേഖലയില്‍ തിരക്കഥാരചന ശ്രമകരമായ ജോലിയാണ്. AI സാങ്കേതികവിദ്യയുടെ വരവോടെ നിര്‍മ്മാതാക്കള്‍ എഴുത്തുകാരെ ഒഴിവാക്കുന്നു എന്ന ആശങ്ക പ്രബലമായി. ദീര്‍ഘകാലം നീണ്ടുനില്‍ക്കുന്ന സമരപരമ്പരകള്‍ അവിടെ അരങ്ങേറി. അതൊരു പ്രശ്നം തന്നെയായി ഗവണ്‍മെന്റും ശ്രദ്ധിച്ചിരുന്നു.
അതിനെക്കാളുപരി യന്ത്രങ്ങള്‍ രചിക്കുന്ന കഥകള്‍ ആസ്വദിക്കാന്‍ ഒരുങ്ങുന്ന ഒരു ജനവിഭാഗത്തെക്കുറിച്ചും നാം ചിന്തിക്കേണ്ടിയിരിക്കുന്നു. അവരുടെ സൗന്ദര്യസങ്കല്പങ്ങളും ജീവിതവീക്ഷണവും എന്തായിരിക്കും. അവരുടെ മൂല്യസങ്കല്പങ്ങള്‍ എങ്ങനെയായിരിക്കും രൂപപ്പെടുക. പുതിയ തലമുറയെക്കുറിച്ചാണ് ഏറെ ആശങ്കകളുണ്ടാവുക. അവരില്‍ നിന്നാണ് ഭാവിയിലെ ഭരണകര്‍ത്താക്കളും കലാകാരന്മാരും ശാസ്ത്രജ്ഞന്മാരും ഉണ്ടാവുന്നത്. വളരെ ആശങ്കാകുലമായ ചോദ്യങ്ങളാണ് നമുക്കുമുന്നില്‍ ഉയരുന്നത്.
നിര്‍മ്മിതബുദ്ധി സൃഷ്ടിക്കുന്ന കലയുടെ ആസ്വാദനത്തില്‍ തൃപ്തരാവുന്ന ജനവിഭാഗം ഇന്നത്തെ തലമുറയില്‍നിന്ന് ഏറെ വിഭിന്നരായിരിക്കും. അവരുടെ സര്‍ഗ്ഗാത്മകത ഏതുരീതിയിലാണ് സൃഷ്ടിക്കപ്പെടുന്നത് എന്നും ആലോചിക്കേണ്ടതുണ്ട്. മനുഷ്യഭാവനയുടെ ജനിതകപരിണാമം എന്ന ഭീതി അവിടെ ഉയര്‍ന്നുവരുന്നു.
ഹ്യൂമനോയ്ഡുകളും സിനിമയും
മനുഷ്യന്റെ സ്വഭാവമുള്ള യന്ത്രമനുഷ്യന്‍ എന്ന ആശയം സിനിമ പണ്ടുമുതല്‍ക്കേ പങ്കുവെച്ചിട്ടുണ്ട്. ആദ്യം കൗതുകം മാത്രം പകര്‍ന്ന ഈ ആശയം നിര്‍മ്മിതബുദ്ധി ഇന്ന് ജീവിതത്തിലും യാഥാര്‍ത്ഥ്യമാക്കിയിരിക്കുന്നു.
ഹ്യൂമനോയ്ഡുകളുമായുള്ള മനുഷ്യന്റെ ബന്ധത്തില്‍ സിനിമ വലിയൊരു പങ്കുവഹിക്കുന്നുണ്ട്. കോര്‍പ്പറേറ്റ് താല്പര്യങ്ങള്‍ പലപ്പോഴും ജനതയില്‍ അടിച്ചേല്‍പ്പിച്ച സിനിമ ഇവിടെയും അപകടകരമായ പ്രവണതകള്‍ കൊണ്ടുവരുന്നു. ഹ്യൂമനോയ്ഡുകളുടെ കഥകള്‍ പറയുന്ന സിനിമകള്‍ കുട്ടികളിലും കൗമാരപ്രായക്കാരിലും വലിയ സ്വാധീനം ഉണ്ടാക്കുന്നുണ്ട്. അവയുടെ മനുഷ്യാതീതമായ പ്രവര്‍ത്തനങ്ങള്‍ സമൂഹത്തെ ഏറെ സ്വാധീനിക്കുന്നു. മനുഷ്യനിലുള്ള താല്പര്യം കുറയുന്നു എന്നതാണ് ഏറെ ശ്രദ്ധിക്കേണ്ടത്. മാത്രമല്ല സ്വന്തം ജീവിതത്തില്‍ ഹ്യൂമനോയ്ഡുകളെ അനുകരിക്കുന്ന പ്രവണതയും ഉണ്ടാകുന്നു.
ഈ ഘട്ടത്തില്‍ ഹ്യൂമനോയ്ഡുകളെ വിവാഹം ചെയ്യാനൊരുങ്ങുന്ന തലമുറയെക്കുറിച്ചും ശാസ്ത്രം ചിന്തിച്ചു തുടങ്ങിയിരിക്കുന്നു. അവയുടെ വിപണനം വലിയൊരു കച്ചവടമേഖലയായി വളര്‍ന്നു തുടങ്ങിയിട്ടുണ്ട്. 2016 ഫെബ്രുവരി 14ന് സോഫിയ എന്ന ഹ്യൂമനോയ്ഡ് റോബോട്ട് അവതരിപ്പിക്കപ്പെട്ടു. മനുഷ്യന്റെ പങ്കാളി എന്നാണ് ഡേവിഡ് ഹാന്‍സന്‍ എന്ന ശാസ്ത്രജ്ഞന്‍ ഇതിനെ അഭിസംബോധന ചെയ്തത്. ‘എല്ലാത്തരത്തിലും മനുഷ്യന് പകരമാകുന്ന ഒരു ബദല്‍ സമൂഹത്തിന്റെ നിര്‍മ്മിതിയാണ് ഇവിടെ ലക്ഷ്യംവയ്ക്കുന്നത്. ഈ സാഹചര്യത്തിലാണ് മനുഷ്യരുടെ സൗന്ദര്യസങ്കല്പം എപ്രകാരമാണ് ഇത്തരം യന്ത്രങ്ങളുടെ വൈകാരികഘടനയായി മാറുന്നതെന്ന് ചിന്തിക്കേണ്ടിവരുന്നത്.’2
ഹ്യൂമനോയ്ഡുകളോടുള്ള മനുഷ്യവര്‍ഗ്ഗത്തിന്റെ മനോഭാവങ്ങള്‍ രൂപപ്പെടുന്നതില്‍ സിനിമ വലിയൊരു പങ്കുവഹിക്കുന്നു. മനുഷ്യനെ സ്നേഹിക്കാനുള്ള താല്പര്യം നഷ്ടപ്പെടുകയും ഹ്യൂമനോയ്ഡുകളെപ്പോലുള്ള യാന്ത്രികവൈകാരികത ഇഷ്ടപ്പെടുകയും ചെയ്യുന്ന സമൂഹം അപകടകരമാണ്.
നിര്‍മ്മിതബുദ്ധിയും സിനിമയുടെ ഭാവിയും
AI സാങ്കേതികവിദ്യ സിനിമയുടെ ഭാവി ശോഭനമാക്കുന്ന ടെക്നോളജിയാണ്. ഡിജിറ്റല്‍ സാങ്കേതികവിദ്യയുടെ വരവോടെ സിനിമ സാധാരണക്കാര്‍ക്കും പ്രാപ്യമായി. മികച്ച തിരക്കഥാകൃത്തുക്കളും സംവിധായകരും നടീനടന്മാരും സിനിമയിലേക്ക് പ്രവഹിച്ചു. എഴുത്തുകാരന് പേന എന്നപോലെ സംവിധായകന് സ്വാതന്ത്ര്യം നല്‍കുന്ന ഒന്നായി മാറി സിനിമയുടെ ടെക്നോളജിയും. അതിശയകരമായ രംഗങ്ങള്‍ സ്വാഭാവികതയോടെ ചിത്രീകരിക്കാന്‍ AI ടൂളുകള്‍ സഹായിച്ചു.
എന്നാല്‍ നിര്‍മ്മിതബുദ്ധിയുടെ ഈ നല്ലവശങ്ങള്‍ക്ക് മറുപുറമായി ചില ഇരുണ്ട ഭാവിയും കാത്തിരിക്കുന്നുണ്ട്. മനുഷ്യന്റെ നിയന്ത്രണങ്ങള്‍ക്കപ്പുറത്തേക്ക് നിര്‍മ്മിതബുദ്ധി ഉപയോഗിക്കപ്പെടുമ്പോള്‍ ആ ഭാവന യന്ത്രഭാവനയായി മാറാം. കലയുടെ മൂല്യവത്തായ പദവി തന്നെ ചോദ്യം ചെയ്യപ്പെട്ടേക്കാം.
കലാകാരന്റെ സ്ഥാനമാനങ്ങള്‍ക്കുതന്നെ നിര്‍മ്മിതബുദ്ധി ഭീഷണിയാവുന്ന കാലം വിദൂരമല്ല. സാമ്പത്തികലാഭം മാത്രം ലക്ഷ്യമാക്കുന്ന നിര്‍മ്മാണക്കമ്പനികള്‍ അവരുടെ രാജ്യത്തുനിന്നും കലാകാരനെ ഒഴിവാക്കിയേക്കാം. മാനുഷികമായ സൃഷ്ടിയാണ് എല്ലാക്കാലത്തും കല. അതിന്റെ സാങ്കേതികതയാണ് നിര്‍മ്മിതബുദ്ധി ഉള്‍ക്കൊള്ളുന്നത്. മാതൃകകളാണ് AI സൃഷ്ടിക്കുന്നത്. പുതിയ ഒന്നിനെ സൃഷ്ടിക്കാന്‍ മനുഷ്യന്റെ ബുദ്ധിക്കും ഭാവനയ്ക്കും മാത്രമേ കഴിയുകയുള്ളൂ. എല്ലാ കലകള്‍ക്കും എന്നപോലെ സിനിമയ്ക്കും ഇത് ബാധകമാണ്.
കുറിപ്പുകള്‍
ദീപക് പി., നിര്‍മ്മിതബുദ്ധിക്കാലത്തെ സാമൂഹിക രാഷ്ട്രീയജീവിതം, പുറം 402.
ഇജാസ് സി., നിര്‍മ്മിതബുദ്ധിയും പൊതുബോധ സൗന്ദര്യസങ്കല്പവും (ലേഖനം), നിര്‍മ്മിതബുദ്ധിയിലേക്കുള്ള നോട്ടങ്ങള്‍, പുറം 165.
സഹായകഗ്രന്ഥങ്ങള്‍
ദീപക് പി., നിര്‍മ്മിതബുദ്ധിക്കാലത്തെ സാമൂഹിക രാഷ്ട്രീയജീവിതം, ഡി. സി ബുക്സ്, കോട്ടയം, 2023.
സംഗീത കെ., (ഡോ.), ഫൗസിയ പി. എ., (ഡോ.), നിര്‍മ്മിതബുദ്ധി ഭാവിയിലേക്കുള്ള നോട്ടങ്ങള്‍, മലയാളവിഭാഗം, കെ. കെ. ടി. എം ഗവ. കോളേജ്, പട്ടാമ്പി.
വൈജ്ഞാനികം, സര്‍വ്വവിജ്ഞാനകോശം ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരണം (ഒക്ടോബര്‍ - ഡിസംബര്‍ 2023), കേരള സര്‍വ്വവിജ്ഞാനകോശം ഇന്‍സ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം.
ഡോ. ബി. ശ്രീകുമാര്‍ സമ്പത്ത്
അസ്സോസിയേറ്റ് പ്രൊഫസര്‍
മലയാളവിഭാഗം
യൂണിവേഴ്സിറ്റി കോളേജ്
തിരുവനന്തപുരം
Commenti