top of page

പശ്ചാത്തല ശബ്ദസാന്നിദ്ധ്യങ്ങളുടെ അനുഭവലോകം: അയ്യപ്പനും കോശിയെയും അടിസ്ഥാനമാക്കി ഒരന്വേഷണം.

Updated: Oct 15, 2024

മഞ്ജുലക്ഷ്മി കെ. കെ.

ഗവേഷക, സാഹിത്യപഠന സ്കൂൾ.

തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാല.

തിരൂർ.

ചലച്ചിത്രപഠനം

സംഗ്രഹം

സിനിമ സാധ്യമാക്കുന്ന അനുഭവലോകത്തെ നിർണയിക്കുന്നതിൽ ശബ്ദങ്ങൾ വഹിക്കുന്ന പങ്ക് ശ്രദ്ധേയമാണ്. ഓരോ ശബ്ദത്തിനും തനതായ അസ്തിത്വമുണ്ട്. അവ കേൾക്കുക എന്ന അബോധപൂർവമായ പ്രവർത്തിയിലൂടെ ദൃശ്യാനുഭവത്തെ തീഷ്ണമാക്കുന്നു. ശബ്ദ സാധ്യതയെ ഇന്ന് ചലച്ചിത്രങ്ങൾ വളരെയധികം ഉപയോഗപ്പെടുത്തുന്നുണ്ട്. പശ്ചാത്തലത്തിൽ ഉയരുന്ന ഓരോ ശബ്ദവും നല്കുന്ന അർഥമാനങ്ങൾ വ്യത്യസ്തമാണ്. അതുകൊണ്ട് തന്നെ സൂക്ഷ്മമായ പ്രവർത്തിയായി ഇന്ന് ശബ്ദമിശ്രണം മാറിയിരിക്കുന്നു. ചലച്ചിത്രത്തിന്റെ പ്രമേയം, പശ്ചാത്തലം, സംഭാഷണത്തിന്റെ സ്വാഭാവികത തുടങ്ങി എല്ലാ ഘടകങ്ങളെയും ഫലപ്രദമായി നിർമ്മിച്ചെടുക്കാൻ പശ്ചാത്തല ശബ്ദത്തിന് സാധിക്കുന്നു. ഈ സാധ്യതകളെ മുൻനിർത്തി ശബ്ദവിപ്ലവം സൃഷ്ടിക്കുന്ന  സമകാലീന സിനിമകളെ സച്ചി സംവിധാനം ചെയ്ത ‘അയ്യപ്പനും കോശിയും’ എന്ന സിനിമയെ അടിസ്ഥാനമാക്കി കാഴ്ചയിൽ നിന്ന് മാറി കേൾവിയിലൂടെ പുനർവായിക്കുവാനാണ് പ്രബന്ധം ശ്രമിക്കുന്നത്.

 

താക്കോൽ വാക്കുകൾ : പശ്ചാത്തല ശബ്ദം, ചലച്ചിത്ര ജനുസ്, ഫോക്ക്.

 

                “ Films are 50 percent visual and  50 percent sond

                 Sometimes sound even overplays the visual”   -  David Lynch

 

ദൃശ്യ-ശ്രാവ്യ കലയായ സിനിമയിൽ കാഴ്ചയും കേൾവിയും ഒരേപോലെ സംവേദനക്ഷമമാകുമ്പോഴും കേൾവി എന്ന ഉപബോധാനുഭവത്തെ രണ്ടാം തട്ടിൽ ഉൾപ്പെടുത്തിയാണ് പലപ്പോഴും പരിഗണിച്ചുപോരുന്നത്. കാഴ്ചയിൽ മാത്രം കേന്ദ്രീകരിച്ച ആവിഷ്കാരമാണ് ചലച്ചിത്രത്തിന്റെ ആദ്യ നാളുകളിൽ സാധ്യമായിരുന്നത്. ദൃശ്യത്തിന്റെയും  ശബ്ദത്തിന്റെയും അതുല്യമായ സംയോജനമാണ് ചലച്ചിത്രത്തെ മികവുറ്റത്താക്കുന്നതെന്ന തിരിച്ചറിവ് പിന്നീടുള്ള ഘട്ടങ്ങളിൽ പശ്ചാത്തല ശബ്ദത്തെയും അതിന്റെ സ്വാഭാവിക മിശ്രണത്തെയും സവിശേഷമായ രീതിയിൽ പരിഗണിക്കാനിടയാക്കി. ചലച്ചിത്രം വിഭാവനം  ചെയ്യുന്ന ദൃശ്യം പൊലിപ്പിക്കുന്നതിനും, അതിന്റെ സ്വാഭാവികത നിലനിർത്തുന്നതിനും,  സാങ്കേതികയുടെ സഹായത്തോടെ ശബ്ദങ്ങൾ മിശ്രണം ചെയ്യാനാരംഭിച്ചു. ഇത്  ദൃശ്യത്തിന് എത്താൻ സാധിക്കാത്ത അനുഭവതലത്തിലേക്ക് ചലച്ചിത്രത്തെക്കൊണ്ടെത്തിച്ചു. പരിമിതികൾ ഒരുപാട് വന്നെങ്കിലും ചലച്ചിത്രത്തിന്റെ വളർച്ചയോടൊപ്പം ശബ്ദ മിശ്രണത്തിൽ ഉണ്ടായ പരീക്ഷണങ്ങളും പുരോഗമിച്ചു.  


ശബ്ദം : കലയും സങ്കേതവും

ചലച്ചിത്ര നിർമ്മാണത്തിന്റെ ആദ്യ ഘട്ടങ്ങളിൽ തന്നെ ശബ്ദമേഖലയിലെ  ആലോചനകൾ ആരംഭിക്കുന്നുണ്ട്. കാഴ്ച സാധ്യമാക്കുന്ന അനുഭവതലത്തെ ആഴത്തിൽ കാഴ്ചക്കാരിലേക്ക് സംവേദിപ്പിക്കുന്നത് വഴി, ശബ്ദപദത്തിലെ ഓരോ ശബ്ദവും ആഖ്യാനത്തെയും ആസ്വാദനത്തെയും കൃത്യമായി നിർവചിച്ചു. ഇത് സാങ്കേതിക വശത്തിനപ്പുറത്ത് കലാരൂപം എന്ന നിലയിലുള്ള   ശബ്ദത്തിന്റെ വളർച്ചയെ പ്രത്യക്ഷവൽക്കരിക്കുന്നു. ശബ്ദ സവിധാനം, സംഗീത സംവിധാനം എന്നിങ്ങനെ പ്രധാനപ്പെട്ട രണ്ട് മേഖലകളാണ് സിനിമയിൽ പ്രവർത്തിക്കുന്നത്. ഇവ യഥാക്രമം സംഗീതാത്മക ശബ്ദങ്ങളുടെ സംവിധാനവും, സംഗീത സംഗീതേതര ശബ്ദങ്ങളുടെ സംവിധാനവുമാണ്.  സിങ്ക് സൌണ്ട്1 (Synchronized sound), ലൊക്കേഷൻ സൌണ്ട്2, പൈലറ്റ് സൌണ്ട് തടങ്ങി അനേകം സാധ്യതകളും ,അതിന്റെ സാങ്കേതിക വശങ്ങളും  ചലച്ചിത്രങ്ങൾ പരീക്ഷിച്ചു തുടങ്ങി. റെക്കോർഡിസ്റ്റ്, സൌണ്ട് എഡിറ്റർ, മിക്സിങ് എൻജിനിയർ, സൌണ്ട് സൂപ്പർവൈസർ, ഫൈനൽ മിക്സിങ് എൻജിനിയർ എന്നിങ്ങനെ നിരവധി ഡിപ്പാർട്ട്മെന്റുകൾ ഇതോടൊപ്പം രൂപംകൊണ്ടു. കഥാപരമായി കെട്ടുറപ്പ് ഇല്ലാത്ത സിനിമകൾ പോലും പശ്ചാത്തല സംഗീതത്തിന്റെയും, പാട്ടുകളുടെയും പിൻബലത്തിൽ വിജയം കൈവരിക്കുന്ന രീതിയും സംജാതമായി. ദൃശ്യം ഓർക്കുമ്പോൾ ശബ്ദം മനസിൽ വരുന്നതും, ശബ്ദം കേൾക്കുമ്പോൾ ദൃശ്യം ഓർക്കുന്നതും ദൃശ്യവും ശബ്ദവും തമ്മിലുള്ള ഈ പാരസ്പര്യത്തെ കുറിക്കുന്നു.

                         ചലച്ചിത്ര ജനുസ് നിർണയത്തിലും പശ്ചാത്തല ശബ്ദം കൃത്യമായ പങ്ക് വഹിക്കുന്നുണ്ട്. സിനിമയുടെ മൂഡ്, ദൃശ്യാനുഭവം നലകുന്ന തീവ്രത, പരോക്ഷ ധ്വനികൾ, കഥാപാത്രങ്ങളുടെ ആന്തരിക ലോകം എന്നിവ അനാവരണം ചെയ്യാൻ പശ്ചാത്തല ശബ്ദങ്ങൾ സഹായകമായി. മുനവിധികളില്ലാതെ ശബ്ദപദത്തെ സമീപിച്ച് ചലച്ചിത്രം ആവശ്യപ്പെടുന്ന ആഖ്യാനപരിസരത്തോട് ചേർത്തുവെക്കുമ്പോഴാണ് ശബ്ദമിശ്രണം ഒരു സാങ്കേതിക പ്രവർത്തി  എന്നതിനുപുറമേ ഒരു കലയായി പരിണമിക്കുന്നത്.


അയ്യപ്പനും കോശിയും: പ്രതിരോധത്തിന്റെ ശബ്ദം

നായക പ്രതിനായക ദ്വന്ദങ്ങളുടെ സ്ഥിരം സമവാക്യങ്ങൾ പൊളിച്ചെഴുതിയ സിനിമയാണ് 2020 ൽ പ്രദർശനത്തിനെത്തിയ സച്ചി സംവിധാനം നിർവഹിച്ച ‘അയ്യപ്പനും കോശിയും’. ബിജു മേനോൻ അവതരിപ്പിക്കുന്ന ‘അയ്യപ്പൻ നായർ’ എന്ന പോലീസ് സബ് ഇൻസ്പെക്ടറും, പൃഥ്വിരാജിന്റെ ‘കോശി കുര്യൻ’ എന്ന റിട്ടയർഡ് ഹവീൽദാറും, ഒരു പ്രത്യേക ഘട്ടത്തിൽ സംഘർഷാത്മകമായ ബന്ധത്തിൽ എത്തുന്ന സാഹചര്യത്തിലാണ് ചലച്ചിത്രം അതിന്റെ ചടുലതാളം കൈവരിക്കുന്നത്. കാഴ്ച്ചക്കാരെ ഏതെങ്കിലും ഒരു പക്ഷക്കാരാക്കുന്ന സ്ഥിരം ദൃശ്യ-ശ്രാവ്യ രീതികളിൽ നിന്ന് മാറി പക്ഷം ചേർക്കലിനെ  ചലനാത്മകമാക്കുന്ന പശ്ചാത്തല ശബ്ദസാധ്യതയെ ഇവിടെ ‘ജേക്സ് ബിജോയ്’ സമർഥമായി ഒരുക്കുന്നു. കഥയുടെ ആദ്യ ഭാഗത്തെ സബ് ഇൻസ്പെക്ടർ അയ്യപ്പൻ നായരിൽ നിന്ന് ‘മുണ്ടൂർ മാടൻ’ എന്ന അപകടകാരിയായ കഥാപാത്രത്തിലേക്കുള്ള മാറ്റത്തെ ഫോക് ഛായയോടെയാണ് പിന്നീട് അവതരിപ്പിക്കുന്നത്.

                   പ്രതിരോധത്തിന്റെയും പ്രതിഷേധത്തിന്റെയും  ശക്തിമത്തായ ശബ്ദമായാണ് ‘ഫോക് മ്യൂസിക്കി’നെ പൊതുവേ പരിഗണിച്ച് പോരുന്നത്. പ്രാദേശികവും, നാടോടിയുമായ ആഖ്യാനങ്ങളോട് ചേർത്ത് വെക്കുമ്പോൾ അവ കൂടുതൽ ആഴത്തിലുള്ള അനുഭവം സാധ്യമാക്കുന്നു. സാമ്പത്തികവും, സാമൂഹികവും, സാംസ്കാരികവുമായ എല്ലാതരം അധികാരങ്ങളെയും പ്രതിനിധീകരിക്കുന്ന രൂപ ഭാവത്തോടെ പ്രത്യക്ഷപ്പെടുന്ന ‘കോശി കുര്യനെ’ വെസ്റ്റേൺ മ്യൂസിക്കിന്റെ പതിഞ്ഞ താളത്തോടെയാണ് സംവിധായകൻ അവതരിപ്പിക്കുന്നത്. അയാളുടെ ബലഹീനതയേയും, അഹന്തയേയും  ഒരേ പോലെ ഉൾക്കൊള്ളാൻ പശ്ചാത്തല ശബ്ദത്തിന് സാധിക്കുന്നു.  എന്നാൽ മറുവശത്ത് സംഗീതത്തിന്റെ രൂപത്തിലും ഉള്ളടക്കത്തിലും സംബോധന ചെയ്ത് പോന്നിരുന്ന വരേണ്യ രീതികളിൽ നിന്ന് മാറി പ്രതിഷേധവും, പ്രതിരോധവുമായി മാറുന്ന, അധികാര കേന്ദ്രങ്ങളെ അസ്വസ്ഥമാക്കുന്ന ഫോക് ലൌണ്ട് മ്യൂസിക് രീതിയെ ‘മുണ്ടൂർ കുമ്മാട്ടി’ എന്ന പ്രാദേശിക ആഖ്യാനത്തോട് ചേർത്ത് വെക്കാൻ സംഗീത സംവിധായകൻ ശ്രമിക്കുന്നു.

                  കോശി കുര്യൻ പ്രതിനിധീകരിക്കുന്ന വരേണ്യതയുടെ എല്ലാതരം പ്രിവിലേജും അടങ്ങുന്ന അധികാര വർഗ്ഗത്തിനെ, നിരന്തരം സംഘർഷത്തിലാക്കുന്ന, ഭയപ്പെടുത്തുന്ന ഫോക്ക് എലമെന്റ് ആയി ഇവിടെ പശ്ചാത്തല ശബ്ദം മാറുന്നു. കഥാതന്തുവിനെ മുന്നോട്ട് കൊണ്ടുപോകുന്ന ഘടകം മാത്രമല്ല ഈ സംഗീതം മറിച്ച് കാലങ്ങളായി അമർച്ച ചെയ്യപ്പെടുന്ന വിഭാഗത്തിന്റെ പ്രതിരോധ സ്വരം കൂടിയാണ്. ‘മുണ്ടൂർ കുമ്മാട്ടി’ എന്ന പ്രാദേശിക ആഖ്യാനത്തോട് അയ്യപ്പൻ നായരെ ചേർത്തുവെക്കുമ്പോൾ, കാലങ്ങളായി നിലനിന്നു പോന്നിരുന്ന അധികാര ചിഹ്നങ്ങളുടെ മേൽ കൈയ്യാളുന്ന വിജയാഹ്വാനമായും  പശ്ചാത്തല ശബ്ദങ്ങൾ മാറുന്നുണ്ട്.

                 മുണ്ട് മടക്കികുത്തിയും, മസിൽ പെരുപ്പിച്ചും, ആയുധ സന്നാഹത്തോട് കൂടിയും എതിരാളിയെ ഭയപ്പെടുത്തുന്ന, അതുമല്ലെങ്കിൽ കരുത്ത് തെളിയിക്കുന്ന സ്ഥിരം രീതി ഇവിടെ കാണുന്നില്ല.  മറിച്ച് പശ്ചാത്തല ശബ്ദം നല്കുന്ന സൂചനയിലൂടെയാണ് എതിരെ വരുന്നവന്റെ അധികാരം നിഷ്പ്രഭമാകുന്നത്. അയ്യപ്പൻ നായരുടെ ഭാര്യ ‘കണ്ണമ്മ’യെ വിരട്ടാൻ കോശി കുര്യൻ വരുന്ന സീൻ ശ്രേദ്ധേയമാണ്. കണ്ടു പരിചയിച്ച സ്ഥിരം സന്നാഹങ്ങളുമായി വന്നലറുന്ന കോശിയെ വെറും ഒരു ഡയലോഗിലൂടെ വിറപ്പിക്കുന്ന കണ്ണമ്മ. അത് പ്രേക്ഷകരെ ബോധ്യപ്പെടുത്തുന്നത് ഫോക്ക് ടച്ചിലുള്ള  പശ്ചാത്തലത്തിന്റെ പിൻബലം കൊണ്ടാണ്. കണ്ണമ്മയുടെ കരുത്ത് അവരുടെ നടത്തത്തിലും ഭാവത്തിലും സമ്മേളിപ്പിക്കുന്നതിൽ സംഗീതം വലിയ പങ്ക് വഹിക്കുന്നുണ്ട്. “ആദക്കച്ചക്ക ആദക്കച്ചക്ക..” എന്നു തുടങ്ങുന്ന വായ്ത്താരി പശ്ചാത്തലത്തിൽ നിരന്തരം പതിഞ്ഞ താളത്തിൽ തുടങ്ങി തീവ്രമാകുന്നു. ഈ തീവ്രതയാണ് ഓരോ സീനിനെയും സമർഥമായി വരച്ചിടുന്നത്. ചലച്ചിത്രത്തിന്റെ ക്ലൈമാക്സിൽ അയ്യപ്പനും കോശിയും തമ്മിൽ തുല്യ ശക്തികളെ പോലെ ഏറ്റുമുട്ടുമ്പോഴും സ്ഥിര സാന്നിധ്യമായ സംഗീതം ദൃശ്യതയിൽ നിന്ന് മാറി കഥയെ ചടുലമാക്കുന്നു.

 

ഉപസംഹാരം

ദൃശ്യവും ശബ്ദവും ചലച്ചിത്രത്തെ ഒരുപോലെ നിർണയിക്കുന്ന ഘടകങ്ങളാണ്. സമകാലീന സന്ദർഭത്തിൽ ശബ്ദമിശ്രണത്തിന്റെ സാധ്യതകളെ ചലച്ചിത്രങ്ങൾ കൃത്യമായി ഉപയോഗിച്ച് തുടങ്ങി. സാങ്കേതിക പ്രവർത്തി എന്നതിലുപരി കലാപരമായ ആവിഷ്കാരമായും ശബ്ദ മിശ്രണം മാറിയിരിക്കുന്നു അതിനൊരു ഉദാഹരണമായി അയ്യപ്പനും കോശിയെയും വിലയിരുത്താം. ദൃശ്യമാക്കാത്ത പലതിനെയും ദ്യോതിപ്പിക്കാനുള്ള ശബ്ദങ്ങളുടെ കഴിവിനെ പ്രസ്തുത ചിത്രം പ്രത്യക്ഷീകരിക്കുന്നു. കഥാപാത്രങ്ങളുടെയും കഥയുടെയും ആന്തരിക തലത്തിലേക്ക് സഞ്ചരിക്കാൻ ശബ്ദങ്ങൾ പങ്ക് വഹിക്കുന്നതിനോടൊപ്പം  ഫോക്ക് കൾച്ചറിന്റെ ഊർജവും പ്രതിരോധവും കഥയുടെ ചടുലത നഷ്ടമാകാതെ അവസാനം വരെ കൊണ്ടുപോകാൻ ജേക്സ് ബിജോയ് എന്ന സംഗീത സംവിധായകന് സാധിച്ചതായി മനസ്സിലാക്കാം. പശ്ചാത്തല ശബ്ദത്തിന് പുറമെ പാട്ടുകളിലും കടന്നു വരുന്ന ഫോക്ക്, ഈ പ്രതിരോധത്തെ കൂടുതൽ ആഴത്തിൽ ഉറപ്പിക്കുന്നു. 

 

കുറിപ്പുകൾ

1.  ചലച്ചിത്രദൃശ്യങ്ങളുടെ  ചിത്രീകരണത്തോടൊപ്പം തന്നെ ഓഡിയോ റെക്കോർഡ് ചെയ്യുന്ന രീതി. സംഭാഷത്തിന്റെയും, ശബ്ദങ്ങളുടെയും സ്വാഭാവികത നിലനിർത്താനാണ് പൊതുവേ ഈ രീതി പിന്തുടരുന്നത്’

2.  ചിത്രീകരണ സമയത്ത് അവിടെയുള്ള ശബ്ദങ്ങൾ യഥാതഥമായി റെക്കോർഡ് ചെയ്ത്  പിന്നീട് ആവശ്യത്തിന് ഉപയോഗിക്കുന്ന രീതി.

 

ഗ്രന്ഥസൂചി

1.  Kathryn Kalinak,2010, Film music A very Short Introduction, Oxford University press.

2.  കൃഷ്ണനുണ്ണി ടി., 2011, ചലച്ചിത്രത്തിന്റെ  ശബ്ദം, ചിന്ത പബ്ലിക്കേഷൻസ്, കോഴിക്കോട്.

3.  സച്ചി, 2020, അയ്യപ്പനും കോശിയും, ഗോൾഡ് കോയിൻ മോഷൻ പിക്ചർ കമ്പനി.

Comments

Rated 0 out of 5 stars.
No ratings yet

Add a rating
No^v F-Un-äÀ
-tUm. em-ep-. hn-v

Ìm^v FUnäÀ
tUm.KwKmtZhn. Fw

ÌpUâv FUn-äÀ
cXojv Fk


ഇഷ്യു എഡിറ്റർ v
ഡോ. അമ്പിളി ആർ.പി.
FUntäm-dnb t_mÀUv 
AwK§Ä
tUm.kPohv IpamÀ Fkv 
tUm. Zo] _n Fkv 
tUm.tkXpe£van Fw Fkv 
-tUm A-¼n-fn- B-À- ]n-
-
ഡോ. ശ്രീലക്ഷ്മി എസ്.കെ
_nµp. F Fw
Pqen F 
a©p sI BÀ
Publishers Name:          
Dr.Lalu.V,
Head of the Department, Department of Malayalam, Govt College for Women, Thiruvananthapuram pin 695014   
Mob:9446457996         
email:gcwmalayalam2023@gmail.com            laluvatl@gmail.com 

Unssk³ & te Hu«vv
cXojv. Fkv

aebmfhn-`m-Kw
kÀ¡mÀ h\nXmtImtfPv 
Xncph\´]pcw

©GCW VAIKNJAANIKA MALAYALAM ONLINE 2024

bottom of page