പാട്ടിന്റെ പാലാഴി
- GCW MALAYALAM
- Jan 15
- 2 min read
ഡോ. ധനലക്ഷ്മി സി

വേറിട്ട ആലാപന ശൈലിയും,സംഗീത സംവിധാന മികവും കൊണ്ട് സംഗീത ലോകത്തു തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച അസാമാന്യ പ്രതിഭയാണ് 'സ്വാമികൾ' എന്നറിയപ്പെടുന്ന വി. ദക്ഷിണാമൂർത്തി. മലയാള ഭാഷക്ക് പുറമെ തമിഴ്, ഹിന്ദി, എന്നീ ഭാഷകളിലും സംഗീത സംവിധാനം നിർവ്വഹിച്ചിട്ടുണ്ട്. മലയാള സിനിമാസംഗീത ശാഖയ്ക്ക് അദ്ദേഹം നൽകിയ സംഭാവനകൾ അതുല്യമാണ്. 125 ൽ പരം ചലച്ചിത്രങ്ങൾക്ക് അദ്ദേഹം സംഗീതസംവിധാനം നിർവ്വഹിച്ചിട്ടുണ്ട്.സംഗീത വിദ്യാർത്ഥികൾക്ക് എക്കാലവും പ്രചോദനം നൽകുന്നതാണ് അദ്ദേഹത്തിന്റെ ജീവിതവും സംഗീതലോകത്തെ സംഭാവനകളും..
ജീവിതരേഖ ബാങ്ക് ഉദ്യോഗസ്ഥനായിരുന്ന ഡി. വെങ്കടേശ്വര അയ്യരുടേയും പാർവ്വതി അമ്മാളുടേയും മകനായി 1919 ഡിസംബർ 9-ന് ആലപ്പുഴയിൽ ജനനം. മാതാപിതാക്കളുടെ എഴുമക്കളിൽ ഏറ്റവും മൂത്തയാളായിരുന്നു അദ്ദേഹം. 'സപ്തസ്വരങ്ങൾ പോലെ ഏഴുപേർ' എന്ന് അദ്ദേഹം പറയുമായിരുന്നു. താഴെ രണ്ട് അനുജന്മാരും നാല് അനുജത്തിമാരുമുണ്ടായിരുന്നു. ദക്ഷിണാമൂർത്തിക്ക് ചെറുപ്പം മുതൽക്കേ സംഗീതത്തിൽ ഉള്ള താത്പര്യം മൂലം, അദ്ദേഹത്തിന്റെ അമ്മ തന്നെയാണ് സംഗീതത്തിന്റെ ബാലപാഠങ്ങൾ അദ്ദേഹത്തിനെ പഠിപ്പിച്ചത്.
വളരെ ചെറു പ്രായത്തിൽ തന്നെ കർണാടക സംഗീതത്തിൽ അസാമാന്യമായ വൈഭവം പ്രകടമാക്കിയിരുന്ന അദ്ദേഹം പന്ത്രണ്ടാമത്തെ വയസ്സിൽ അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ അരങ്ങേറ്റം കുറിച്ചു . സംഗീതത്തിലുള്ള താൽപര്യം മൂലം പത്താം ക്ലാസിൽ പഠനം നിർത്തി ദക്ഷിണാമൂർത്തി കർണ്ണാടകസംഗീതം അഭ്യസിച്ചു. തിരുവനന്തപുരത്തുള്ള വെങ്കിടാചലം പോറ്റി ആയിരുന്നു അദ്ദേഹത്തിന്റെ ഗുരു. അദ്ദേഹത്തിന്റെ കീഴിൽ മൂന്നു വർഷം സംഗീതം അഭ്യസിച്ചു. പിന്നീട് കർണ്ണാടക സംഗീതത്തിൽ കൂടുതൽ അറിവ് നേടുകയും, ഇതിൽ വിദഗ്ദ്ധനാവുകയും ചെയ്തു. പതിനായിരത്തിലധികം വേദികളിൽ സംഗീതാർച്ചന നടത്തി.
കെ. കെ. പ്രൊഡക്ഷൻസിന്റെ ബാനറിൽ, കുഞ്ചാക്കോ നിർമ്മിച്ച് പുറത്തിറങ്ങിയ ‘നല്ല തങ്ക’ എന്ന ചിത്രത്തിനുവേണ്ടിയാണ് ആദ്യമായി ദക്ഷിണാമൂർത്തി സംഗീതസംവിധാനം നിർവ്വഹിച്ചത്. കെ. ജെ. യേശുദാസിന്റെ പിതാവായ അഗസ്റ്റിൻ ജോസഫായിരുന്നു ഈ ചിത്രത്തിലെ നായകൻ. ഈ ചിത്രത്തിലെ ഒരു ഗാനവും അഗസ്റ്റിൻ ജോസഫ് പാടുകയുണ്ടായി. യേശുദാസിനും, യേശുദാസിന്റെ മകൻ വിജയ് യേശുദാസിനും വിജയ്‌യുടെ പുത്രി അമേയയ്ക്കും ശ്രീ. ദക്ഷിണാമൂർത്തിയുടെ ഗാനങ്ങൾ പാടാൻ അവസരം ലഭിച്ചിട്ടുണ്ട്. തലമുറകളുടെ ഗുരുനാഥൻ എന്ന വിശേഷണത്തിന് ഏറ്റവും യോഗ്യനാണ് അദ്ദേഹം. ഗാനരചനയിൽ ആദ്യകാലത്ത് അഭയദേവും പിൽക്കാലത്ത് ശ്രീകുമാരൻ തമ്പിയുമാണ് ദക്ഷിണാമൂർത്തിയുടെ കൂടെ കൂടുതൽ തവണ സഹകരിച്ചത്. പി. ഭാസ്കരൻ, വയലാർ രാമവർമ്മ, ഒ.എൻ.വി. കുറുപ്പ് എന്നിവർക്കൊപ്പവും അദ്ദേഹം ധാരാളം ഗാനങ്ങൾ സൃഷ്ടിച്ചു. വിശ്വപ്രസിദ്ധ സംഗീതസംവിധായകൻ എ. ആർ. റഹ്മാന്റെ പിതാവ് ആർ. കെ. ശേഖർ കുറച്ച് ചിത്രങ്ങളിൽ ശ്രീ. ദക്ഷിണാമൂർത്തിയുടെ സഹായിയായി പ്രവർത്തിച്ചിട്ടുണ്ട്. അദ്ദേഹം പ്രശസ്തരായ പല ഗായകരുടേയും, സംഗീതസംവിധായകരുടേയും ഗുരുവും കൂടിയായിരുന്നു. പി. ലീല, പി. സുശീല, കല്ല്യാണി മേനോൻ, ഇളയരാജ തുടങ്ങിയവർ ഇവരിൽ ചിലരാണ്.
ഇടനാഴിയിൽ ഒരു കാലൊച്ച എന്ന ചിത്രത്തിനു ശേഷം സംഗീതസംവിധാന മേഖലയിൽ നിന്ന് ഒരു ഇടവേളയെടുത്ത അദ്ദേഹം ശാസ്ത്രീയസംഗീതരംഗത്ത് സജീവമായി പ്രവർത്തിച്ചു. 2008ൽ മിഴികൾ സാക്ഷി എന്ന ചിത്രത്തിലെ നാലു ഗാനങ്ങളൊരുക്കിയ ശ്രീ. ദക്ഷിണാമൂർത്തി അവസാനമായി സംഗീതസംവിധാനം ചെയ്ത ചിത്രം ശ്യാമരാഗം ആണ്. പാട്ടുകൾ ചിട്ടപ്പെടുത്തുന്നതിൽ സാഹചര്യങ്ങൾക്കും സന്ദർഭങ്ങൾക്കും മുൻഗണന നൽകിയിരുന്നു. പല പാട്ടുകളും ശ്രദ്ധയമായതിനു കാരണവും ഇതു തന്നെ.
പി ലീല, എൻ. സി. വസന്തകോകിലം, സി.കെ രേവമ്മ എന്നിവർ ആദ്യകാല ശിഷ്യരിൽ പ്രധാനികളാണ്. കർണാടക സംഗീതത്തിലെ അഗാധ പാണ്ഡിത്യം അദ്ദേഹം ചെയ്ത സിനിമാ ഗാനങ്ങളിൽ സ്പഷ്ടമാണ്. സാഹിത്യത്തിന് അനുയോജ്യമായ രാഗം തിരഞ്ഞെടുക്കുന്നതിൽ സ്വാമിയുടെ കഴിവ് പ്രശംസനീയമാണ്. 'വരികൾ കിട്ടുമ്പോൾ ഈണം മനസ്സിൽ വരും' എന്നാണ് സംഗീത സംവിധാനത്തെ കുറിച്ച് സ്വാമി പറഞ്ഞിട്ടുള്ളത്.
ചന്ദ്രികയിൽ അലിയുന്നു ചന്ദ്രകാന്തം, ആകാശം ഭൂമിയെ വിളിക്കുന്നു, മരുഭൂമിയിൽ മലർ വിടരുകയോ, വൈക്കത്തഷ്ടമി നാളിൽ ഞാനൊരു വഞ്ചിക്കാരിയെ കണ്ടു, വാകപ്പൂമര, അവൾ ചിരിച്ചാൽ, ഒന്നു ചിരിക്കു സഖീ, കന്യാമറിയമേ തായേ, വൃശ്ചിക പൂ നിലാവേ പിച്ചക പൂനിലാവേ, നിന്റെ മിഴിയിൽ നിലോല്പലം, മുല്ലപ്പൂ പല്ലിലോ മുക്കുറ്റി കവിളിലോ അല്ലിമലർ മിഴിയിലോ ഞാൻ മയങ്ങി, മനോഹരി നിൻ മനോരഥത്തിൽ മലരോടു മലർ, നനഞ്ഞ നേരിയ പട്ടുറുമാൽ സുവർണ്ണ നൂലിലെ അക്ഷരങ്ങൾ, കാക്കക്കുയിലേ ചൊല്ലൂ കൈ നോക്കാനറിയാമോ, കാർകൂന്തൽ കെട്ടിൽ എന്തിനു വാസന തൈലം, ആലാപനം അനാദിമധ്യാന്തമീ വിശ്വചലനം, താരകരൂപിണി നീയെന്നുമെന്നുടെ, ദേവീ ശ്രീ ദേവീ തേടി വരുന്നു ഞാൻ, സന്ധ്യക്കെന്തിനു സിന്ദൂരം, ചന്ദനത്തിൽ കടഞ്ഞെടുത്തൊരു സുന്ദരീശില്പം, ആറാട്ടിനാനകൾ എഴുന്നള്ളി തുടങ്ങിയവ അദ്ദേഹത്തിന്റെ പ്രസ്തമായ ഗാനങ്ങളിൽ ചിലതു മാത്രം.
വൈക്കത്തപ്പന്റെ ഭക്തനായിരുന്ന സ്വാമി മൂന്നര കൊല്ലക്കാലം മുടങ്ങാതെ വൈക്കം ക്ഷേത്രത്തിൽ നിർമ്മാല്യ ദർശനം നടത്തുകയുണ്ടായി. 1942 ൽ മദ്രാസിൽ താമസം ആരംഭിച്ചു. തന്റെ 6 വയസ്സിൽ 27 കൃതികൾ അറിയാമായിരുന്ന അദ്‌ഭുത പ്രതിഭ ആയിരുന്നു അദ്ദേഹം. കർണാടക സംഗീതത്തിലെ പ്രാവീണ്യം അദ്ദേഹം ചെയ്തിട്ടുള്ള എല്ലാ ഗാനങ്ങളിലും ദൃശ്യമായിരുന്നു. അദ്ദേഹം രാഗമാലികയിൽ ചെയ്തിട്ടുള്ള സിനിമാ ഗാനങ്ങൾ ശ്രദ്ധേയമാണ്. ‘മനോഹരി നിൻ’, ‘മനസ്സിലുണരൂ ഉഷ സന്ധ്യയായി’, ‘സ്വപ്‌നങ്ങൾ’… എന്നിവ ശ്രദ്ധേയമായ രാഗമാലിക ഗാനങ്ങളാണ്. രാഗങ്ങൾ തിരഞ്ഞെടുക്കുന്നതും, ഒരു രാഗത്തിൽ നിന്നും മറ്റൊരു രാഗത്തിലേക്കുള്ള സഞ്ചാരവും എല്ലാം ആ അസാമാന്യ പ്രതിഭയുടെ പാണ്ഡിത്യത്തിന്റെ ദൃഷ്ടാന്തങ്ങളാണ്. "പാട്ടു പാടി ഉറക്കാം ഞാൻ" എന്ന താരാട്ടു പാട്ട് മലയാളം കണ്ട എക്കാലത്തെയും മികച്ച താരാട്ടു പാട്ടുകളിൽ ഒന്നാണ്. ശ്രീ ശ്രീകുമാരൻ തമ്പി, സ്വാമിയെ വിശേഷിപ്പിച്ചത് "താരാട്ടു പാട്ടുകളുടെ മുത്തശ്ശൻ " എന്നാണ് .
കർണാടക സംഗീതത്തിലെ മേജർ രാഗങ്ങളെ അതിന്റെ അന്തഃസത്ത ചോരാതെ സിനിമാ സംഗീതത്തിന്റെ ലാളിത്യത്തിലേക്ക് ഇണക്കി ചേർക്കാൻ സ്വാമിക്ക് സാധിച്ചു. ഖരഹരപ്രിയ, തോടി, ബേഗഡ, ശങ്കരാഭരണം തുടങ്ങിയ രാഗങ്ങൾ സ്വാമിയുടെ കയ്യിൽ ഭദ്രമായിരുന്നു. ‘പുലയനാർ മണിയമ്മ’, ‘മനോഹരി നിൻ മനോരഥത്തിൽ’, ‘ഉത്തരാസ്വയംവരം’, ‘സന്ധ്യക്കെന്തിനു സിന്ദൂരം’, ‘കാർകൂന്തൽ കെട്ടിലെന്തിനു വാസന തൈലം’, തുടങ്ങി പത്തിലധികം ഗാനങ്ങൾ ഖരഹരപ്രിയ രാഗത്തിൽ തന്നെ ചിട്ടപ്പെടുത്തിയിട്ടുണ്ട്. തോടി രാഗത്തിൽ ചിട്ടപ്പെടുത്തിയ ‘ആലാപനം’ എന്ന ഗാനം, കർണാടക സംഗീതത്തിലെ ‘എമിജെസിതേ’, ‘ശ്രീകൃഷ്ണം ഭജ മാനസ’ പോലെയുള്ള കർണാടക സംഗീത കൃതികളിലെ രാഗ സഞ്ചാരത്തെ അനുസ്മരിപ്പിക്കുന്നതാണ്. ‘ഇന്നലെ നീയൊരു’ എന്ന ബേഗഡ രാഗത്തിലുള്ള പാട്ട് ആരംഭിക്കുന്നത് സനിധപ എന്ന മന്ത്രസ്ഥായി സഞ്ചാരത്തിലാണ്. ആ രാഗഭാവം കൊണ്ടുവരാൻ ഇതിലും മികച്ച ഒരു പ്രയോഗം ഉണ്ടോ എന്ന് സംശയമാണ്. 'ആറാട്ടിനാനകൾ എഴുന്നള്ളി'എന്ന പ്രശസ്തമായ ഗാനം ആനന്ദഭൈരവി രാഗത്തിന്റെ മൂർത്തീകരണം പോലെയാണ്. കർണാടക സംഗീതത്തിലെ രാഗങ്ങളുടെ ശാസ്ത്രീയത അറിയാത്ത ആസ്വാദകരുടെ മനസ്സിൽ, തന്റെ വശ്യ ലളിത സുന്ദര സംഗീതത്താൽ അവയ്ക്ക് സ്വീകാര്യത നേടി കൊടുക്കാൻ സംഗീതത്തിന്റെ ഈ ഭീഷ്മാചാര്യനു കഴിഞ്ഞു.
കാവ്യമേളം, ചന്ദ്രോത്സവം എന്നീ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ധാരാളം ഭക്തി ഗാനങ്ങൾക്ക് സംഗീത സംവിധാനം നിർവഹിച്ചിട്ടുണ്ട്. 8 ഓപെറകൾ, 3 നൃത്ത നാടകം എന്നിവക്കും സംഗീത സംവിധാനം നിർവഹിച്ചിട്ടുണ്ട്. അദ്ദേഹം ത്യാഗബ്രഹ്മം, ആത്മദീപം, സത്യമിത്രം എന്നിങ്ങനെ 3 പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്. ഇവയിൽ ആദ്യത്തെ 2എണ്ണം തമിഴിലും, സത്യമിത്രം മലയാളത്തിലും ആണ് രചിച്ചിട്ടുള്ളത്.
സ്വാമി, കണ്ണൂർ ജില്ലയിലെ മക്രേരിയിലെ ആഞ്ജനേയ ക്ഷേത്രത്തിൽ ഒരു സരസ്വതി മണ്ഡപം പണി കഴിപ്പിച്ചു. 2000 ൽ സ്വാമി തുടങ്ങി വച്ച അഖണ്ഡ സംഗീത ആരാധന ഇന്നും തുടർന്നു വരുന്നു. സ്വാമിയോടുള്ള ആദര സൂചകമായി, അദ്ദേഹത്തിന്റെ നൂറാമത് ജന്മവാർഷികത്തോട് അനുബന്ധിച്ചു കേരള സർക്കാർ ടൂറിസം വകുപ്പ് ശ്രീ വി. ദക്ഷിണാമൂർത്തി മെമെന്റോ മ്യൂസിയം, മക്രേരി ക്ഷേത്രത്തിൽ പണി കഴിപ്പിച്ചു. 2018 ഡിസംബർ 27 നു ഉദ്‌ഘാടനം ചെയ്ത ഈ മ്യൂസിയത്തിൽ സ്വാമിയുടെ പുരസ്കാരങ്ങളും അവാർഡുകളും സൂക്ഷിച്ചിട്ടുണ്ട്. സ്വാമിയുടെ പേരിൽ ദക്ഷിണാമൂർത്തി സംഗീതോത്സവം പെരിങ്ങോട്ടുകരയിലും, വൈക്കത്തും നടന്നു വരുന്നു. സ്വാമിയുടെ മറ്റൊരു പ്രധാന സംഭാവന, 108 കൃതികൾ അടങ്ങുന്ന 'രാഗാഭരണം' എന്ന പേരിൽ പ്രസിദ്ധീകരിച്ച പുസ്തകമാണ്. ഓരോ രാഗത്തിന്റെയും പേരുകൾ സാഹിത്യത്തോടൊപ്പം വളരെ മികവോടെ ചേർത്താണ് ഈ കൃതികൾ രചിച്ചിരിക്കുന്നത്. 1971-ൽ മികച്ച സംഗീതസംവിധായകനുള്ള കേരള സംസ്ഥാനസർക്കാറിന്റെ ചലച്ചിത്രപുരസ്കാരം, 1998-ൽ ജെ.സി.ഡാനിയൽ പുരസ്കാരം, സംഗീത പരമാചാര്യ, സ്വാതി പുരസ്‌കാരം എന്നിവ അദ്ദേഹത്തിന് ലഭിച്ച ബഹുമതികളിൽ ചിലതു മാത്രമാണ്. കോട്ടയം മഹാത്മാ ഗാന്ധി സർവകലാശാല അദ്ദേഹത്തെ ഡോക്ടറേറ്റ് നൽകി ആദരിച്ചു. വളരെ ലളിതമായ ജീവിതം നയിച്ച ആളാണ് സ്വാമി. സിനിമാ സംഗീത ലോകവും, കർണാടക സംഗീത ലോകവും അദ്ദേഹത്തോട് ഒരു പോലെ കടപ്പെട്ടിരിക്കുന്നു. 2013 ആഗസ്റ്റ് 2-നു 94-ആം വയസ്സിൽ ചെന്നൈയിലെ മൈലാപൂരിലെ വസതിയിൽ ഹൃദയസ്തംഭനത്തെത്തുടർന്ന് അന്തരിച്ചു ഒരു ആയുഷ്കാലം മുഴുവൻ, സംഗീതത്തിനായി സമർപ്പിച്ച ആ മഹാനുഭാവന്റെ കലാജീവിതം തലമുറകൾക്ക് പ്രചോദനമാണ്. പണ്ഡിതരുടെയും, പാമരരുടെയും മനസ്സിൽ പാട്ടിന്റെ പാലാഴി തീർത്ത ആ അതുല്യകാലാകാരൻ, ലോകമുള്ളിടത്തോളം,സംഗീതമുള്ളിടത്തോളം തന്റെ സൃഷ്ടികളിലൂടെ ജീവിക്കും..
സൂചന
ഡോ. ധനലക്ഷ്മി സി
അസിസ്റ്റന്റ് പ്രൊഫസ്സർ
സംഗീത വിഭാഗം
സർക്കാർ വനിതാ കോളേജ്
ഫോൺ : 9496579742
ഇമെയിൽ : dhanu.dhana82@gmail.com
Comentários