top of page

പെട്രോൾ

കഥ
ദീപാറാണി.

ആരോടും അധികം സംസാരിക്കാറില്ല എന്നതുമാത്രമായിരുന്നില്ല അയാളുടെ പ്രത്യേകതയായി ഞാൻ കണ്ടത്., ഒരു കുറ്റവാളിക്ക് ഉണ്ടായിരിക്കണം എന്ന് പൊതുവെ അംഗീകരിക്കപ്പെടുന്ന ഒരു ഗുണവും അയാളിലെനിക്ക് കാണാൻ കഴിഞ്ഞില്ല എന്നതാണ് സത്യം. ജയിലറായി അവിടേക്ക് സ്ഥലമാറ്റം കിട്ടിയിട്ട് ഒരു മാസമേ ആയിട്ടുള്ളൂവെങ്കിലും പല സന്ദർഭങ്ങളിലും ഞാനയാളെ ചോദ്യംകൊണ്ട് നേരിട്ടു. പക്ഷേ പ്രതികരണം വളരെക്കുറവ്. എല്ലാവരും ഏകദേശം സമന്മാരാകുന്ന ഒരു പൊതുയിടത്തിൽ ഒരാൾ മാത്രം വ്യത്യസ്തനാകുമ്പോൾ, ആ വ്യത്യസ്തത ശ്രദ്ധിക്കപ്പെടുന്നത് സ്വാഭാവികമല്ലേ? അയാളുടെ ക്രൈം റിക്കോർഡ്‌സ് പരിശോധിച്ചപ്പോൾ കൊലപാതകമാണ് കുറ്റകൃത്യം എന്ന് മനസ്സിലായി. ആരെ , എന്തിന് എന്നൊക്കെ അതിൽ രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും എഴുതപ്പെടാത്തതെന്തോ അയാളുടെ മൗനത്തിലുണ്ടെന്ന് ഞാനുറപ്പിച്ചു.


എന്റെ കണ്ണുകളും ചിന്തകളും അയാളെ പിന്തുടർന്നു. ഒരു കൊലയാളിക്കുവേണ്ട തീഷ്ണത, സന്ദർഭത്തിനുനസരിച്ച് രൂപപ്പെടുന്ന പക, കൈക്കരുത്ത് ഇതൊന്നും അയാളിലെനിക്ക് കാണാൻ കഴിഞ്ഞില്ല. അധ്യാപകനായ ഒരാൾ ഒരു കൊലപാതകിയാകുമോ?' എന്റെ പോലീസ് ബുദ്ധി പ്രവർത്തിച്ചതിന്റെ ഭാഗമായി, ഞാനയാളിലേക്കൊരു പാലമിട്ടു.


" മാഷേ .."


വർഷങ്ങൾക്കുമുമ്പ് കേട്ടുമറന്ന ആ വിളി അയാളിൽ ചില മാറ്റങ്ങളുണ്ടാക്കി. കണ്ണുകളിലൊരു തിളക്കം, അത് ചുണ്ടിലൊരു ചിരിയായി പരിവർത്തനം ചെയ്യപ്പെട്ടു'


" മാഷിനേറ്റവും ഇഷ്ടപ്പെട്ട കുട്ടിയാരായിരുന്നു. ?അവരെയൊക്കെ മാഷ് ഇപ്പഴും ഓർക്കാറുണ്ടോ?"


ഒരധ്യാപകന്റെ മനസ്സിലേക്ക് കയറാനുള്ള എളുപ്പവഴി കുട്ടികളാണല്ലോ! ഞാനിട്ട പാലം ഒന്നുകൂടി ബലപ്പെടുത്തി. ആ മനസ്സിലൂടെ ശബ്ദമുഖരിതമായ ഒരു സ്കൂളും അവിടെയെങ്ങും ഉയർന്നുകേട്ട മാഷേ വിളിയും മിന്നിമറയുന്നത് ഞാൻ കണ്ടു.


" മാഷ് ധാരാളം വായിക്കുമല്ലേ? ഞാനും സമയം കിട്ടുമ്പോഴൊക്കെ വായിക്കും. ഒറ്റയ്ക്കാകുമ്പോഴൊക്കെ വല്ലതും കുത്തിക്കുറിക്കും. വായനയല്ലേ മാഷേ നമ്മളെ വളർത്തുന്നത്?"


ഞാനതു പറത്തപ്പോൾ ഞങ്ങൾക്കിടയിലുള്ള ദൂരം കുറഞ്ഞുവന്നു. അങ്ങനെ വായിച്ച പുസ്തകങ്ങളും എഴുതിയിട്ടുള്ളതും എഴുതാനിരിക്കുന്നതുമായ കഥകളും ഞങ്ങൾക്ക് ചർച്ചാവിഷയങ്ങളായി. ഒരു ദിവസം ധൈര്യം സംഭരിച്ച് ഞാനാചോദ്യമങ്ങു തൊടുത്തു.?


"മാഷേ, നിങ്ങളെങ്ങനെയാ ഒരു കൊലപാതകിയായത്.?"


കുറച്ചുനേരം അയാൾ മൗനത്തെ കൂട്ടുപിടിച്ചു, ഞാനും..അയാൾ തുടർന്നു.,


"എന്റെ സാറേ അതൊക്കെപ്പറഞ്ഞാൽ ഒത്തിരിയൊണ്ട്. ഞങ്ങളുടെ നാട്ടിലെ സമീറയുടെ ചായക്കടയിൽ നിന്നും തുടങ്ങേണ്ടിവരും.


"സമീറയോ, അതാര്?"


എനിക്കുണ്ടായ ആകാംക്ഷ ഞാൻ മറച്ചുവച്ചില്ല.


"സാറിനറിയോ, അമ്മയുടെ മരണശേഷം എന്റെ ഭാര്യ ലീനയുടെ രുചിവൈവിധ്യങ്ങളുമായി ഞാനെന്റെ നാവിനെ പരിശീലിപ്പിക്കുകയായിരുന്നു. സമീറയുടെ കടയിൽ കയറുന്നതുവരെ , ലീനയുടെ കൈകൾ മാത്രമാണെന്നെ ഊട്ടിയത്. സ്കൂൾ, വീട് അങ്ങനെ ജീവിതചക്രം മുന്നോട്ട് നീങ്ങുകയാണ്. ഒരു ദിവസംഎന്റെ സുഹൃത്ത് വിനോദിന്റെ നിർബന്ധം കൊണ്ടുമാത്രം സമീറയുടെ കടയിൽ നിന്നും ഞാനൊരു ചായകുടിച്ചു. എനിക്കറിയാം ലീനയറിഞ്ഞാൽ പ്രശ്നമാകുമെന്ന്."


" ഓ, അത് ലീനയറിഞ്ഞ് നിങ്ങൾ തമ്മിൽ വഴക്കായല്ലേ?"


എന്നിലെ പോലീസുകാരന് തീരെ ക്ഷമയില്ല.


"എന്റെ സാറേ സമീറയുടെ ആ ചായ,, എന്താ പറയേണ്ടത്? എന്റെ അമ്മപോലും തോറ്റു പോകും. ഞാനാ ചായയിൽ വീണുവെന്ന് പറഞ്ഞാ മതീല്ലോ അവളുടെ കസ്റ്റമേഴ്സിന്റെ കൂട്ടത്തിൽ ഞാൻ എന്റെ പേരും എഴുതിച്ചേർത്തു."


"അതിരിക്കട്ടെ, ഈ സമീറയെങ്ങനെ, സുന്ദരിയാണോ?"


എന്നിലെ പുരുഷൻ ഒന്നുണർന്നു.


" ഞാനതൊന്നും ശ്രദ്ധിച്ചിരുന്നില്ല. കറുത്തു തടിച്ച ഒരു സ്ത്രീ അത്രമാത്രം. എന്നാൽ ചിലരൊക്കെയവളെ അടിമുടി നോക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്."


"ഈ ചായകുടിയാണോ നിങ്ങളെ കൊലപാതകിയാക്കിയത്?"


വീണ്ടും ഞാൻ പോലീസായി.


"ആദ്യം ചായ, പിന്നെ പലഹാരം, പിന്നെപ്പിന്നെ രാത്രിയിലേക്ക് ചോറും കറികളും അവൾ എനിക്കായി മാറ്റിവയ്ക്കാൻ തുടങ്ങി."


" അപ്പോൾ നിങ്ങളുടെ വീട്ടിൽ പ്രശ്നമായിക്കാണും അല്ലേ?"


ഞാൻ വീണ്ടും അയാളുടെ കഥ പറച്ചിലിന് തടസമുണ്ടാക്കി.


" അതിനു വീട്ടിലറിഞ്ഞില്ലല്ലോ, ഞാൻ ഫുൾ ഡയറ്റിങ്ങിലാണെന്നും ബ്ലഡ് ചെക്ക് ചെയ്തപ്പോൾ കൊളസ്ട്രോളും ഷുഗറും കൂടുതലാണെന്നും അതുകൊണ്ട് രാത്രി ദക്ഷണം ഒഴിവാക്കുകയാണെന്നും ഞാൻ ലീനയെ ധരിപ്പിച്ചു' പാവം അവളത് വിശ്വസിക്കുകയും ചെയ്തു. വൈകിട്ട് നടക്കാനെന്നും പറഞ്ഞ് ഞാനെന്നും വീട്ടിൽ നിന്നിറങ്ങും'"

ഒരു ദിവസം രാത്രിയിൽ ചോറ് കഴിച്ചോണ്ടിരുന്ന എന്നോട് സമീറ ഒരു ചോദ്യം ചോദിച്ചു. ഞാൻ ഞെട്ടിത്തരിച്ചുപോയി, അവൾ ചോദിക്കുവാ, മാഷ് മാർക്കേസിന്റെ ഏകാന്തതയുടെ നൂറ് വർഷങ്ങൾ വായിച്ചിട്ടുണ്ടോ, മാജിക്കൽ റിയലിസത്തിനെക്കുറിച്ച് മാഷിന്റെ അഭിപ്രായമെന്താ? വായിലേക്കിട്ട ചോറ് താഴേക്കിറങ്ങാതെ ഞാൻ കണ്ണും തളളി ഇരുപ്പായി. അങ്ങനെ അന്തം വിട്ടിരുന്ന എനിക്ക് വീണ്ടും പ്രഹരമേല്പിച്ചുകൊണ്ട് അവൾ പറഞ്ഞതെന്താണെന്നറിയോ സാറിന്? മാഷ് എഴുത്തുകാരനാണല്ലേ? മാഷിനെ കണ്ടാലേ അറിയാമെന്ന്. സത്യംപറഞ്ഞാൽ അപ്പോൾ അവളെനിക്ക് ഈ ലോകത്തെ ഏറ്റവും സുന്ദരിയായി തോന്നി. "


"എന്നിട്ട്?"


" രാച്ചിയമ്മയുടെ കരുത്തിനെയും കരുതലിനെയും കുറിച്ച്, ഭ്രാന്തൻവേലായുധന്റെ സ്നേഹിക്കപ്പെടാനുള്ള തൃഷ്ണയെക്കുറിച്ച്, വിമലയുടെ കാത്തിരിപ്പിനെക്കുറിച്ച്, കുട നന്നാക്കുന്ന ചോയിയെക്കുറിച്ച്... അങ്ങനെ വായിച്ചറിഞ്ഞ, ഹൃദയത്തിലേറ്റിയ കഥാപാത്രങ്ങളെക്കുറിച്ച് അവൾ വാചാലയാകാൻ തുടങ്ങി. എന്റെ കഥകളുടെ നല്ലൊരു വായനക്കാരിയും നിരൂപകയുമായി. സത്യത്തിൽ പിന്നീടുള്ള എന്റെ ജീവിതം അവളെന്ന ബിന്ദുവിൽ തളച്ചിടുകയായിരുന്നു."


അയാൾ പറഞ്ഞുകൊണ്ടേയിരുന്നു.


" നിങ്ങൾക്കപ്പോഴേക്കും സമീറയോട് പ്രേമം തോന്നിത്തുടങ്ങിയിരുന്നു, അതുകൊണ്ട്‌ ലീനയെ ഒഴിവാക്കണമെന്ന് നിങ്ങൾ ആഗ്രഹിച്ചു. അങ്ങനെ വളരെ ആസൂത്രിതമായി നിങ്ങളവരെ വകവരുത്തി. അതല്ലേ സത്യം?"


അതു ചോദിക്കുമ്പോൾ എന്റെ ശബ്ദം ഉയർന്നിരുന്നു. അയാൾ രണ്ടു കൈകൊണ്ടും ചെവികൾപൊത്തി അലറി


" ഇല്ലാ, ഞാനങ്ങനെ ചിന്തിച്ചിട്ടില്ല..'


" ശാന്തനാകൂ, ഞാൻ വെറുതെ ചോദിച്ചതാ"


അയാളെ അനുനയിപ്പിക്കാൻ ഞാൻ ശ്രമിച്ചു. അയാൾ ദൂരേക്ക് നോക്കിയിരുപ്പായി. അയാളുടെ കൺകോണിൽ നിന്നും കണ്ണുനീർ കഴുത്തിലൂടെ ഒലിച്ചിറങ്ങുന്നത് ഞാൻ കണ്ടു. ഞാൻ വളരെ പതുക്കെ ചോദിച്ചു.


"പിന്നെ, നിങ്ങളെന്തിനാ അവരെ ചുട്ടുകൊന്നത്?"


അയാൾ ശക്തമായി പ്രതികരിക്കുമെന്ന് ഞാൻ പ്രതീക്ഷിച്ചു. പക്ഷേ വളരെ ശാന്തനായി തുടർന്നു.


"പിന്നീട്, ഞാൻ വീടെത്താൻ കൂടുതൽ വൈകാൻ തുടങ്ങി. ചർച്ചകൾ മണിക്കൂറുകളോളം നീളും, പല ദിവസങ്ങളിലും ലീനയെന്നോട് പിണങ്ങാൻ തുടങ്ങി."


" ഇനിയെങ്കിലും നിങ്ങൾ കാര്യത്തിലേക്ക് വരൂ. എന്താണന്ന് സംഭവിച്ചത്?"


"അന്ന് ഞാൻ സ്കൂൾ കഴിഞ്ഞ് വീടെത്തിയപ്പോൾ ഒരു നാലരയായിക്കാണും' ഞാൻ ചെന്നുകയറുമ്പോൾ ലീന വളരെ വേഗത്തിലെന്തൊക്കെയോ വാരിക്കൂട്ടിയിടുന്നു നോക്കിയപ്പോൾ എന്റെ അലമാരയിൽ സൂക്ഷിച്ചിരുന്ന പുസ്തകങ്ങൾ, വാരികകൾ, എന്റെ കഥയുടെ കൈയെഴുത്ത് പ്രതികൾ . ഞാനന്ധാളിച്ചു പോയി, ഞാനവളോട് ചോദിച്ചു സാറേ, ലീനാ നീയെന്താ കാണിക്കുന്നേന്ന്, അവളുടെ ഭാവം മാറി, ഞാനവളെ ചതിക്കുകയായിരുന്നെന്നും അവൾക്കെല്ലാം മനസ്സിലായെന്നും അവൾ പറത്തു ഞാൻ പറഞ്ഞതൊന്നും അവൾ കേട്ടില്ല. സന്ധ്യാസീരിയലുകളിലെ പല വേഷപ്പകർച്ചകളിലൂടെ അവൾ കടന്നുപോയി."


അയാൾ കുറച്ചുനേരം നിർത്തി. പറയാൻ പോകുന്ന കാര്യത്തിന്റെ ഭീകരത അയാളുടെ മുഖത്ത് പടർന്നു


" അവസാനം, വാരിക്കൂട്ടിയ പുസ്തകങ്ങളിൽ അവൾ പെട്രോളൊഴിച്ചു. ഞാനവളെ തടയാൻ ശ്രമിച്ചെങ്കിലും ഒരു തീപ്പെട്ടിക്കമ്പിനാൽ തീയാളിയിരുന്നു., പുസ്തകങ്ങളിലും അവളുടെ ദേഹത്തും. സ്കൂൾ വിട്ടുവന്ന എന്റെ മക്കൾ കണ്ടത് രക്ഷിക്കണേന്ന് വിളിക്കുന്ന ലീനയെയും, സാരമായി പൊള്ളലേറ്റുനിൽക്കുന്ന എന്നെയുമാണ്. ഞാനൊന്നും തിരുത്താൻ പോയില്ല. ആ തീ നാളങ്ങളോടൊപ്പം എരിഞ്ഞടങ്ങിയത് എന്റെ ജീവിതവും ആത്മാഭിമാനവുമാണ്."


അയാൾ കരയാൻ തുടങ്ങി, എന്നിട്ട് പറഞ്ഞു,


"സാറേ,, ഈ പെണ്ണുങ്ങൾ പാവങ്ങളാ, നമ്മൾ മസിലു പിടിക്കാതെ അവരെ ചേർത്തു നിർത്തണം, വാരിക്കോരി സ്നേഹിക്കണം"


ഞാൻ തിരിഞ്ഞുനടക്കുമ്പോൾ, ചില പുതിയ തിരിച്ചറിവുകളോടൊപ്പം അയാളുടെ ഒരു ചോദ്യവും മനസ്സിലങ്ങനെ തികട്ടി വന്നു.


" അവൾക്കാരാ സാറേ പെട്രോൾ വാങ്ങിക്കൊടുത്തത്?"


 

5 views0 comments
bottom of page