പുതുകവിതകളിലെ പാരിസ്ഥിതികബോധം
- GCW MALAYALAM
- Feb 15
- 8 min read
Updated: Feb 15
ഡോ. ധന്യ. എസ്. പണിക്കർ

യത് തേ ഭൂമിം വിഖനാമി ക്ഷിപ്രം തദപി രോഹതു ।
മാ തേ മർമ്മ വിമൃഗ്യതേ, തേ ഹൃദയമർ പിപം..
(അഥർവവേദം)
ഞാൻ എന്താണോ നിന്നിൽ നിന്ന് കുഴിച്ചെടുത്തത് അത് എത്രയും വേഗം പൂർവ്വസ്ഥിതി പ്രാപിക്കട്ടെ . നിൻ്റെ ഹൃദയത്തെ പൂർണ്ണമാക്കുന്നതിന് ഞാൻ സമർത്ഥനല്ല. പ്രകൃതിയോടുള്ള സമീപനത്തിൽ പുലർത്തേണ്ട ജാഗ്രതയുടെ അടരുകൾ അഥർവ്വ വേദത്തിലെ ഈ മന്ത്രം സൂചിപ്പിക്കുന്നു. പ്രകൃതിയെ ഇല്ലായ്മ ചെയ്ത് അതിനെ നശിപ്പിച്ചിട്ട് അതിൽ നിന്ന് ഒന്നും തന്നെ സ്വാംശീകരിക്കാൻ തയ്യാറാകാത്തവരായ ഒരു ജനതയുടെ ദീർഘദർശനമാണ് പ്രകടമാകുന്നത്.
പരിസ്ഥിതി ബോധത്തിന്റെ ഉദാത്തവും സഹജവുമായ മാനങ്ങൾ ഉൾക്കൊള്ളുന്നവയാണ് ഭാരതീയ സാഹിത്യം .വേദങ്ങളും അഭിജ്ഞാനശാകുന്തളവും മേഘസന്ദേശവും രഘുവംശവും വാത്മീകിരാമായണവും എന്ന് തുടങ്ങി ഒട്ടുമിക്ക സംസ്കൃതകാവ്യങ്ങളും അനിർവചനീയങ്ങളായ പാരിസ്ഥിതിക അനുഭൂതികൾ ഉൾക്കൊള്ളുന്നവയാണ് .പ്രകൃതിയുമായി നിരന്തര ലയവും സ്നേഹവും പുലർത്തുക എന്ന വീക്ഷണം ഭാരതീയ പരിസ്ഥിതി സൗന്ദര്യദർശനം തന്നെയാണ്
പ്രകൃതിയുടെയും പരിസ്ഥിതിയുടെയും പാരസ്പര്യമാണ് ജീവിതത്തിന് അടിസ്ഥാനമായി തീരുന്നത് .അതിസൂക്ഷ്മമായ ജൈവഘടനയെ ബാധിക്കുന്ന അധിനിവേശം മനുഷ്യൻ്റെ നിലനിൽപ്പിന് തന്നെ വിഘാതമായി തീരുമെന്ന് പരിസ്ഥിതി സൗന്ദര്യശാസ്ത്രം കണ്ടെത്തുന്നു .പരിസ്ഥിതിയുടെ ഒരു ഭാഗം മാത്രമാണ് മനുഷ്യൻ എന്നും പരിസ്ഥിതിയുമായി ജീവിക്കാൻ ആവശ്യമായ പാരസ്പര്യം പുലർത്തേണ്ടതുണ്ടെന്നുമുള്ള ചിന്ത മനുഷ്യരിൽ നിന്ന് കൈമോശം വന്നപ്പോഴാണ് പരിസ്ഥിതിയെ നിയന്ത്രിക്കാനും വിനിയോഗിക്കാനുമുള്ള ശ്രമങ്ങൾ മനുഷ്യർ നടത്താനാരംഭിച്ചത്. വ്യാവസായികയുഗം പ്രകൃതിയെ തിരിച്ചറിയാനുള്ള മനുഷ്യൻറെ ശേഷിയെ ഇല്ലായ്മ ചെയ്യുകയും മനുഷ്യനെ പ്രകൃതിയിൽ നിന്ന് അകറ്റുകയും ചെയ്തു .മനുഷ്യ കേന്ദ്രമായ ആധുനികതയിൽ മനുഷ്യൻ്റെ ഉപയോഗത്തിനായി നിലകൊള്ളുന്ന ഒന്നാണ് പ്രകൃതി എന്ന ചിന്ത രൂഢമൂലമായി. പ്രകൃതി വിഭവങ്ങളുടെ അമിതമായ ഉപയോഗം പരിസ്ഥിതി സന്തുലിതാവസ്ഥയെ അപായപ്പെടുത്തുകയും പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുകയും ചെയ്തു. ആകാശവും വായുവും മണ്ണും മലിനമാക്കപ്പെടുന്ന അവസ്ഥകളെ പ്രതിരോധിക്കേണ്ടതിന്റെ അനിവാര്യതയാണ് ആധുനിക പാരിസ്ഥിതി ചിന്തകൾ ഉയർന്നു വരാൻ കാരണമായത്.
റെയ്ച്ചൽ കഴ്സന്റെ സൈലൻറ് സ്പ്രിങ് എന്ന കൃതിയാണ് പരിസ്ഥിതിയെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കുന്നതിൽ നിർണായകമായ പങ്കുവഹിച്ചത് .അതിനെ തുടർന്ന് 1978 - ൽ വില്യം റുക്വേർട്ട് ഹരിതനിരൂപണം എന്ന ഒരു സമീപന പദ്ധതിയെ രൂപപ്പെടുത്തുകയുണ്ടായി .പരിസ്ഥിതിയുമായി അഭേദ്യമായ ബന്ധമാണ് മനുഷ്യസംസ്കാരത്തിനുള്ളതെന്നും മനുഷ്യസംസ്കാരത്തെ അത് സ്വാധീനിക്കുന്നുണ്ട് എന്ന ചിന്തയുമാണ് പരിസ്ഥിതി വാദത്തിലേക്ക് നയിച്ചത്.
മലയാളത്തിൽ മാനുഷികതയിൽ ഊന്നി നിന്നു കൊണ്ടുള്ള പാരിസ്ഥിതിക സൗന്ദര്യശാസ്ത്രത്തെ ആഘോഷിക്കുകയാണ് വേണ്ടതെന്ന് ടിപി സുകുമാരൻ ‘പരിസ്ഥിതി സൗന്ദര്യശാസ്ത്രം ഒരു മുഖവുര’ എന്ന കൃതിയിലൂടെ ആഹ്വാനം ചെയ്യുന്നു .കെ.സി നാരായണനെ പോലെയുള്ളവർ പാരിസ്ഥിതിക സൗന്ദര്യശാസ്ത്രത്തെ പ്രതിബോധത്തിന്റെ സൗന്ദര്യത്മകതയായി വിലയിരുത്തുന്നു. ‘വർത്തമാനകാല മനുഷ്യൻ അവൻ അധിവസിക്കുന്ന ഭൂമിക്കും അവൻ ശ്വസിക്കുന്ന വായുവിനും ഏൽപ്പിക്കുന്ന പ്രത്യക്ഷവും ഭൗതികവുമായ ആഘാതങ്ങളാണ് എഴുപതുകളിലെ പരിസ്ഥിതി ബോധത്തിലും പരിസ്ഥിതി പ്രസ്ഥാനങ്ങൾക്കും രൂപം നൽകിയതെന്ന്’ കെസി നാരായണൻ നിരീക്ഷിക്കുന്നു.1 ഭൂമിയും ജലവും സസ്യവും ആണ് പരിസ്ഥിതി ശാസ്ത്രത്തെ സംബന്ധിക്കുന്ന മുഖ്യമായ പാരിസ്ഥിതികബിംബങ്ങൾ.പ്രകൃതിയിൽ മനുഷ്യൻ നടത്തുന്ന ഇടപെടലുകളാണ് പലപ്പോഴും കവികൾക്ക് കാവ്യവിഷയമായി തീരുന്നത്. നാടൻപാട്ടുകളിലും സംഘകാലസാഹിത്യത്തിലെ തിണ സങ്കല്പങ്ങളിലും ഒക്കെ തീവ്രമായ പാരിസ്ഥിതികചിഹ്നങ്ങൾകാണാം.
ആധുനികോത്തര മലയാള കവിതകളിലെ പ്രകൃതി .ആധുനികകവിതകളിലെ പരിസ്ഥിതി ദാർശനികമായ ഗാംഭീര്യവും ചിന്താപരമായ ആഴവും ഉൾക്കൊള്ളുന്നവയാണ്. പുരോഗതിയുടെ വെളിച്ചം ജീവിതത്തെ സങ്കീർണ്ണമാക്കിയപ്പോഴാണ് പാരിസ്ഥിതിക ദർശനത്തിൽ അധിഷ്ഠിതമായ ഒരു ജീവിതത്തെക്കുറിച്ചുള്ള ചിന്തകൾ കവിതകളിൽ രൂപപ്പെട്ടത്.പരിസ്ഥിതിക്ക് മേൽ മനുഷ്യൻ്റെ ഇടപെടലുകൾ ആധുനിക കവികളെ അസ്വസ്ഥരാക്കിയിരുന്നു.
ആധുനികോത്തരകവിതകളിൽ അരങ്ങിന്റെ പശ്ചാത്തലമായി മാറ്റിനിർത്തപ്പെടുന്ന പ്രകൃതിയല്ല ദൃശ്യമാവുന്നത്. ജീവിതത്തോടും ജീവിതപരിസരങ്ങളോടും താദാത്മ്യം പ്രാപിച്ച് നിർണായക ശക്തിയായി പ്രകൃതി നിലകൊള്ളുന്നു .വിശാലമായ ലോകത്തിൻ്റെതല്ല തനിക്ക് ചുറ്റുമുള്ള ഇടങ്ങളുടെ മൂർത്തതയാണ് പ്രകൃതിയുടെ എന്നപോലെ മനുഷ്യൻ്റെയും സൂക്ഷ്മാവസ്ഥകളുടെ ചിത്രീകരണമാണ് ഈ കവിതകളിലേത്. പ്രകൃതിയെ ഈ കവിതകളിൽ പ്രചോദന ശക്തിയായും ജീവിതദർശനമായും സ്വീകരിക്കുന്ന മനുഷ്യൻ പുരോഗതി കൈവരിക്കുന്നത് ഇതര സത്തകളെ വിഗണിച്ചുകൊണ്ടാകരുതെന്നും മനുഷ്യൻ പ്രകൃതിയിൽ നിന്ന് അകന്നു പോകുമ്പോൾ അവൻ ബഹിഷ്കൃതനായിത്തീരുമെന്നുമുള്ള യാഥാർത്ഥ്യം പുതുകവിതകൾ തിരിച്ചറിയുന്നു.പ്രകൃതിയുടെ നേർക്കുള്ള കടന്നുകയറ്റങ്ങളെ അനുകമ്പയോടെയും ആശങ്കയോടെയും വീക്ഷിക്കുവാൻ പുതുകവിതകൾക്ക് കഴിയുന്നു. പ്രകൃതിയും മനുഷ്യനും പരസ്പര പൂരകങ്ങളായി വർത്തിക്കുന്നത് കൊണ്ട് തന്നെ ഒന്ന് ഇല്ലാതാകുന്ന അവസ്ഥ മറ്റതിനെ ബാധിക്കുന്നുണ്ട് .മനുഷ്യനും പ്രകൃതിയുമായുള്ള ജൈവിക ബന്ധം മനുഷ്യൻ്റെ വളർച്ചയ്ക്ക് നിദാനമായി തീരുന്നു എന്ന യാഥാർത്ഥ്യത്തെ വിസ്മരിക്കുന്നതാണ് പ്രകൃതിക്ക് മേലുള്ള കടന്നുകയറ്റങ്ങളായി മാറുന്നത്. .സാമ്പത്തിക നേട്ടങ്ങളെ മുൻനിർത്തിയുള്ള ഈ കടന്നുകയറ്റങ്ങൾ പാരിസ്ഥിതികമായ സന്തുലനാവസ്ഥയ്ക്കും ജൈവവൈവിധ്യത്തിനും കോട്ട മുണ്ടാക്കും എന്ന ചിന്തയാണ് ജാഗ്രതയുടെയും പ്രതിരോധത്തിന്റെയും പുതിയ തലങ്ങൾ സൃഷ്ടിക്കാൻ പുതുകവികളെ പ്രേരിപ്പിക്കുന്നത്.
പ്രകൃതിയെ ആരാധ്യദേവതയായി സങ്കൽപ്പിക്കുന്ന കാവ്യരീതിയിൽ നിന്ന് വിഭിന്നമായി പരിസ്ഥിതി പ്രശ്നങ്ങളെ ആർജ്ജവത്തോടെയും ശക്തിയോടെയും ആവിഷ്കരിക്കാൻ പുതുകവിതകൾക്ക് കഴിയുന്നുണ്ട് .മണ്ണിനെയും പ്രകൃതിയെയും അതിൽ അധിവസിക്കുന്ന ജനതയെയും അധികാരഘടനകൾ പരിക്കേൽപ്പിക്കുമ്പോൾ പ്രകൃതിയുടെ നിലനിൽപ്പ് തന്നെ ഭീഷണി നേരിടുന്നു.ആഗോളവൽക്കരണത്തിന്റെ രാഷ്ട്രീയ ഇടപെടലുകളിൽ പെട്ട് സ്വന്തം മണ്ണും ഭാഷയും പ്രകൃതിയും പാരമ്പര്യവും നഷ്ടമായി പോകുന്നതിന്റെ തീവ്രവേദന പുതുകവിതകളിൽ ദൃശ്യമാണ് .പ്രകൃതിയും മനുഷ്യനും തമ്മിലുള്ള സർഗാത്മകമായ പാരസ്പര്യവും ജൈവവൈവിധ്യങ്ങളുടെ നാശവും പ്രകൃതിനശീകരണവും കവിതകളെ സ്വാധീനിക്കുന്നുണ്ട്. ജൈവകേന്ദ്രമായ പാരിസ്ഥിതിക ചിന്തകളാണ്ആധുനിക മലയാള കവിതയുടെ മുഖ്യ വിഷയം. ഉറച്ചുനിൽക്കാൻ ഒരു മണ്ണും ജീവിക്കാൻ ഒരു ആവാസവ്യവസ്ഥയും അനിവാര്യമാണെന്ന് തിരിച്ചറിയുകയും പാരസ്പര്യത്തിന്റെയും സഹവർത്തിത്വത്തിന്റെയും മാനദണ്ഡങ്ങളാണ് പ്രകൃതിയോട് പുലർത്തേണ്ടതെന്നും പുതുകവികൾ തിരിച്ചറിയുന്നു. മണ്ണിലും പൂവിലും പുഴയിലും പുഴുവിലും മരങ്ങളിലും കുടികൊള്ളുന്ന ഊർജ്ജപ്രവാഹത്തെ തിരിച്ചറിയുന്ന കവിതകളായി പുതുകവിതകൾ നിലകൊള്ളുന്നു.
ആഗോളവൽക്കരണ കാലത്തെ പ്രകൃതി
ആഗോളവൽക്കരണത്തിന്റെയും നവസാങ്കേതികവിദ്യയുടെയും കുതിച്ചുചാട്ടത്തിനിടയിൽ പ്രകൃതിക്ക് വന്നുചേരുന്ന പരിണാമങ്ങളെ സൂക്ഷ്മമായി അടയാളപ്പെടുത്താൻ പുതുകവിതകൾക്ക് കഴിയുന്നുണ്ട്.പരിസ്ഥിതിയെ കുറിച്ചുള്ള ഗൗരവതരമായ ചിന്തകകൾ പുതുകവിതകളുടെ സൗന്ദര്യശാസ്ത്രത്തെ നിർണായകമായി സ്വാധീനിക്കുന്നുണ്ട് .ആഗോളവൽക്കരണ കാലത്തെ കേരളീയജീവിതത്തെ ആധുനികോത്തരതയുടെ രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങളും അധീശാധികാര വ്യവസ്ഥിതിയും സ്വാധീനിക്കുന്നതെങ്ങനെ എന്ന് ചില ചിതറിയ കാഴ്ചകളിലൂടെ അടയാളപ്പെടുത്തുന്ന കവിയാണ് സെബാസ്റ്റ്യൻ.ശാസ്ത്രസാങ്കേതിക വിദ്യയുടെ വളർച്ച ഭൂഗോളത്തെ നെല്ലിക്കയോളം ആക്കി ഉള്ളം കൈയിൽ വെച്ച് തരുമ്പോൾ നഷ്ടമായി പോകുന്ന പ്രകൃതിയെ ‘കരതലാമകം’ എന്ന കവിതയിൽ കവി ഇങ്ങനെ രേഖപ്പെടുത്തുന്നു.
‘കുന്നുകൾ ചുട്ടുപഴുത്ത് ലോഹം പോലെ
ഇരുളും പച്ചയും കുറഞ്ഞ
കാടിൻ്റെ അടയാളങ്ങൾ
അവിടെ ഇവിടെ പണ്ട് പുഴ പാഞ്ഞ പാടുകൾ2
ചുട്ടു പഴുത്ത മൊട്ടക്കുന്നുകളും ഇരുളിമയും പച്ചപ്പില്ലാത്ത കാടിൻ്റെ അവശേഷിപ്പുകളും പുഴ ഒഴുകിയതിന്റെ പാടുകളും നഷ്ടമായ പ്രകൃതിയെക്കുറിച്ചുള്ള ഓർമ്മക്കുറിപ്പുകളായി മാറുന്നു.
മണ്ണിനെയും പുഴയെയും കച്ചവടച്ചരക്കാക്കുന്ന സമീപകാല കേരളം റിയൽ എസ്റ്റേറ്റ് മാഫിയയുടെ പിടിയിലമരുന്നതിനെ ആവിഷ്കരിച്ച കവിതയാണ് ‘റിയൽ എസ്റ്റേറ്റ്’. ഓളങ്ങൾ ഇല്ലാത്ത തെളിഞ്ഞ പുഴയെയും മേഘങ്ങളില്ലാത്ത തെളിഞ്ഞ വാനത്തെയും സമകാല കേരളീയ ജീവിതവ്യവസ്ഥിതി വിപണിമൂല്യമുള്ളതാക്കി തീർക്കുന്നു.പ്രകൃതിവിഭവങ്ങളെ കമ്പോളത്തിൽ ലേലവസ്തുവാക്കി മാറ്റുന്ന ഭൂമാഫിയകളുടെയും റിയൽ എസ്റ്റേറ്റ് മാഫിയകളുടെയും ചെയ്തികൾക്കെതിരായുള്ള പ്രതിഷേധവും താക്കീതുമായി ഈ കവിത മാറുന്നു.
വിറ്റും വാങ്ങിയും
തീർന്നു പോയ ഭൂമിയുടെ
ഇടപാടുകാരെ
കണ്ണു വയ്ക്കല്ലേ
ഈ മുതലിനെ 3
പുഴയുടെ ജൈവികത അതിൽ നിറയുന്ന ഓളങ്ങളാണ്. ഓളങ്ങൾ നിറയും മുമ്പ് അനങ്ങാതെ തുളുമ്പാതെ പുഴയെ ഉയർത്താനും മേഘങ്ങൾ നിറയും മുമ്പ് അടരാതെ വീഴാതെ വാനത്തെ താഴ്ത്താനുമുള്ള ശ്രമങ്ങൾ പരിസ്ഥിതിയെ പോലും വില്പനച്ചരക്കാക്കുന്ന ഉപഭോഗാസക്തി വർത്തമാനകാല മനുഷ്യരെ ഗ്രസിച്ചിരിക്കുന്നതിന്റെ സൂചകങ്ങളാണ്. അതിനാലാണ് ഭയാശങ്കകളോടെ ഈ മുതലിനെയും വില്പനച്ചരക്കാക്കരുതേയെന്ന അഭ്യർത്ഥന കവി മുന്നോട്ടുവയ്ക്കുന്നത്.
പരിസ്ഥിതിക്കുമേലുള്ള അധിനിവേശങ്ങളുടെ തീവ്രത വ്യക്തമാക്കിത്തരുന്ന കവിതയാണ് സെബാസ്റ്റ്യൻ്റെ ആൽബം. മൈതാനങ്ങളെ തുന്നിക്കെട്ടി ഒരു ആൽബം ഉണ്ടാക്കാൻ ശ്രമിക്കുന്നവന് കാണാനാവുന്നത് മഴവെള്ളം കെട്ടിക്കിടക്കുന്ന ശൂന്യമായ മൈതാനങ്ങളെയാണ്. ചരിത്രത്തിലും രാഷ്ട്രീയത്തിലും പലകാലങ്ങളിലായി നവോത്ഥാനത്തിന്റെ പുതിയ പാഠങ്ങൾ സൃഷ്ടിച്ച ഗാന്ധിജിയും ശ്രീനാരായണഗുരുവും എകെജിയും കൃഷ്ണപിള്ളയും ജനങ്ങളെ അഭിസംബോധന ചെയ്തിരുന്ന മൈതാനങ്ങൾ ഇന്ന് പശുക്കൾ മേയുന്നവയും കുട്ടികൾ ക്രിക്കറ്റ്കളിക്കുന്നവയുമായി മാറിയിരിക്കുന്നു.സർക്കസ് കൂടാരങ്ങൾ കൊണ്ട് നിറഞ്ഞിരുന്ന മൈതാനങ്ങളും പലപല മുദ്രാവാക്യങ്ങൾ കൊണ്ടും പലനിറത്തിലുള്ള കൊടികൾ കൊണ്ടും അലങ്കരിക്കപ്പെട്ടിരിക്കുന്ന മൈതാനങ്ങളും മതപ്രസംഗ പരമ്പരകൾ കൊണ്ട് മുഖരിതമായിരുന്ന മൈതാനങ്ങളും തുന്നിക്കെട്ടുമ്പോൾ വലിപ്പച്ചെറുപ്പങ്ങൾ അല്പം അഭംഗി ഉണ്ടാക്കിയെങ്കിലും ചരിത്രത്തിൽ രേഖപ്പെടുത്തിയവയായിരുന്നു.
‘എന്നാൽ വയലുകളുടെ കുളങ്ങളുടെ കാടുകളുടെ കൃഷിയിടങ്ങളുടെ
ആൽബം വേണ്ടെന്നു വെച്ചു കിട്ടുക പ്രയാസം” 4
എന്ന് കവി സൂചിപ്പിക്കുമ്പോൾ കേരളത്തിൽനിന്ന് തിരോഭവിച്ചു കൊണ്ടിരിക്കുന്ന വയലുകളുടെയും കുളങ്ങളുടെയും കൃഷിയിടങ്ങളുടെയും കാടുകളുടെയും സൂക്ഷ്മചിത്രമാണ് വ്യക്തമാകുന്നത്. ഇവയൊക്കെ അപ്രത്യക്ഷമാകുന്നതോടെ റിയൽ എസ്റ്റേറ്റ് വ്യവസായം ഇല്ലാതെയാക്കുന്ന അവസാന പച്ചപ്പിനെക്കുറിച്ചുള്ള സൂചന കൂടി കവി നൽകുന്നു വർത്തമാനകാല കേരളീയ സമൂഹം ഇല്ലാതെയാക്കുന്ന കാർഷിക സംസ്കൃതിയെയും ജലസ്രോതസ്സുകളെയും കുറിച്ചുള്ള സൂചനകളും കവി നൽകുന്നു. എന്നാൽ ആൽബത്തിന്റെ താളുകളിൽ കലുഷിതമായ ഭൂസമരങ്ങളുടെയും ജീവിതായോധനത്തിനു വേണ്ടിയുള്ള പ്രതിരോധസമരങ്ങളുടെയും ചിത്രങ്ങൾ കൂടി തുന്നിച്ചേർത്തിട്ടുള്ളത് വർത്തമാനകാല രാഷ്ട്രീയത്തിന്റെ ചരിത്രം കൂടിയാണ്.
“വലിപ്പ ചെറുപ്പങ്ങൾ അല്പം അഭംഗി ഉണ്ടാക്കും എങ്കിലും
വിശേഷപ്പെട്ട മറ്റൊരാൽബം ഉണ്ടാക്കുന്നു
മുത്തങ്ങ മേപ്പാടി നെല്ലിയാമ്പതി ചെങ്ങറ
എല്ലാം കോർത്ത് തുന്നിക്കെട്ടി….”5
അതിജീവനത്തിനായുള്ള സമരങ്ങൾ കലുഷിതമാകുന്ന കാലത്തിൻ്റെ രേഖാചിത്രം കൂടിയാണിത്.
‘മറുകര’ എന്ന കവിതയും സെബാസ്റ്റ്യൻ പാരിസ്ഥിതികാവബോധത്തെ പ്രകടമാക്കുന്നു. നിർഭയമായി നിലകൊണ്ടിരുന്ന പ്രകൃതി സംഭീതിയുടെയും ഉത്കണ്ഠയുടെയും പ്രശ്നപരിസരങ്ങളിലേക്ക് വ്യതിചലിക്കുന്നു.
“ഇലകളെ
എത്ര നേരമായി ഇങ്ങനെ
വിറ കൊള്ളുന്നു
പുഴയിലെ കാറ്റോ
നിങ്ങളെ വിറപ്പിക്കുന്നത്
അതോ ഭയമോ ആനന്ദമോ”6
ജീവജാലങ്ങളും പ്രകൃതിയും മനുഷ്യരെ പേടിക്കുകയും വിറകൊള്ളുകയും ചെയ്യുന്നത് തങ്ങളുടെ വിനാശത്തിന് കാരണമായവരെ കുറിച്ചുള്ള ഓർമ്മകളാലാണ്. മനുഷ്യകേന്ദ്രിതമായ വീക്ഷണത്തിനപ്പുറമുള്ള പാരിസ്ഥിതിക ബോധ്യങ്ങളെയും മനുഷ്യനും പ്രകൃതിയും തമ്മിലുള്ള പാരസ്പര്യത്തിന്റെ കണ്ണികളകന്ന് പൊരുത്തക്കേടുകൾ രൂപപ്പെടുന്നതിനെയും കുറിച്ച് കവി ആകുലപ്പെടുന്നു.
ജീവിതത്തിൽ നിന്നും പ്രകൃതിയിൽ നിന്നും അന്യമായി പോകുന്ന കാഴ്ചകളെ കവി ആവിഷ്കരിക്കുന്നു. ഗ്രാമജീവിതത്തിൻ്റെ ചൈതന്യത്തെ വിതയേറ്റിയ പാടങ്ങളിൽ യന്ത്രങ്ങൾ തേരോട്ടം നടത്തുന്നതിന്റെ ആവിഷ്കാരമാണ് സെബാസ്റ്റ്യൻ ‘വീര്യം’ എന്ന കവിത. കന്നിക്കൊയ്ത്തും മകരകൊയ്ത്തും നടത്തിയിരുന്ന പാടങ്ങളിൽ നിന്ന് കൊയ്ത്തു പാട്ടുകൾ കേൾക്കാതെയാകുകയും ദിനോസറുകളെ പോലെയുള്ള യന്ത്ര ജീവികൾ തല ഉയർത്തിയും താഴ്ത്തിയും കിടന്നും ഇരുന്നും എല്ലാത്തിനെയും തച്ചുടയ്ക്കുന്ന അവസ്ഥയെയും കവി സൂചിപ്പിക്കുന്നു.
“നാളെ
ഇര തേടി പോകും
ഊഴവും കാത്തു ചിലർ
അവിടെത്തന്നെ കിടക്കും
പെറ്റും പെരുകും”7
പാടവും പറമ്പും കാടും തിന്നു തീർക്കുന്ന യന്ത്രഭീമന്മാർ പ്രകൃതിവിരുദ്ധമായ വികസനപ്രക്രിയയുടെ സൂചകങ്ങളാണ്. കാർഷിക സംസ്കൃതിയിൽ നിന്നകന്നു പോകുന്ന ജനത തത്വദീക്ഷയില്ലാത്ത വികസന സങ്കൽപ്പങ്ങൾക്ക് പിന്തുണ പ്രഖ്യാപിക്കുന്നതിലൂടെ മനുഷ്യത്വ വിരുദ്ധവും പ്രകൃതിവിരുദ്ധവുമായ സമീപനങ്ങളെയാണ് സ്വാംശീകരിക്കുന്നത്. വഴിയരികിലെ നാട്ടുമാവിൽ നിറഞ്ഞു തൂങ്ങുന്ന ഉണ്ണിമാങ്ങകൾ ഫലസമൃദ്ധമായ ഒരു കാലത്തിൻറെ ഓർമ്മക്കുറിപ്പുകളായി അവശേഷിക്കുന്നു.
പച്ചപ്പുകൾ കരിഞ്ഞുപോകുന്ന ഒരു ലോകത്തെ ഭരിക്കുന്നത് കമ്പോള താൽപര്യങ്ങളും ഉപഭോഗാത്മകതയും സ്വാർത്ഥതയും ആണ് മനുഷ്യജീവിതത്തിന്റെ നിലനിൽപ്പ് തന്നെ ഇല്ലാതെയാക്കുന്ന വിധത്തിൽ പ്രകൃതി ചൂഷണത്തിന് വിധേയമായിക്കൊണ്ടിരിക്കുന്നു. പ്രകൃതിക്ക് മേൽ ആധിപത്യം നേടാനും നിയന്ത്രണം ഉറപ്പിക്കാനുമുള്ള ശ്രമങ്ങൾ മനുഷ്യമനസ്സുകളെ മരുഭൂമികളാക്കി മാറ്റുന്നുവെന്ന് കവി ആശങ്കപ്പെടുന്നു. പിൻകാലുകൾ ഭൂമിയിൽ ഉറപ്പിച്ച് മുൻകാലുകൾ കൊണ്ട് നക്ഷത്രങ്ങളിൽ സ്പർശിച്ച് സ്നേഹവും സ്വാതന്ത്ര്യവും ഉള്ള ഒരു പ്രപഞ്ചത്തിലേക്ക് ചാടാൻ ഈ കവി ആഗ്രഹിക്കുന്നു. ഇന്നത്തെ സാമൂഹ്യവ്യവസ്ഥയിൽ അന്ധമായ കമ്പോളവൽക്കരണത്തിന്റെ ഫലമായി മണ്ണ് എല്ലാം മണലായും കൃഷിഭൂമി കോൺക്രീറ്റ് സൗധങ്ങളായും പരിണമിക്കുന്നു. വെള്ളവും വായുവും മലിനമാവുകയും ചെയ്യുന്നു. അതിൻ്റെ ഫലമായി അന്തരീക്ഷത്തിലും കാലാവസ്ഥയിലും ഉണ്ടാകുന്ന വ്യതിയാനത്തെ കാണാതിരിക്കാനാവില്ല. ശ്രേണിവത്കൃതവും ചൂഷണാത്മകവുമായ വർഗ്ഗവിഭജന ക്രമം സാമൂഹികവ്യവസ്ഥയിലും പരിസ്ഥിതിയിലും ആഘാതങ്ങൾ സൃഷ്ടിക്കുന്നു എന്ന് ക്രിസ്റ്റഫർ മാനസ് നിരീക്ഷിക്കുന്നു.8
മാഞ്ഞു പോകുന്ന മനുഷ്യരെ കുറിച്ചെന്ന പോലെ മാഞ്ഞു പോകുന്ന പ്രകൃതിയെ കുറിച്ചും ആകുലനാകുന്ന കവിയാണ് എസ്. ജോസഫ്. പ്രകൃതിയുമായി പാരസ്പര്യത്തിൽ കഴിയുന്ന മനുഷ്യൻ്റെ ചിത്രം ജോസഫിൻ്റെ കവിതകളിലുണ്ട്. എങ്കിലും എവിടെയൊക്കെയോ ഭീതിദമായി പ്രകൃതിയെ വേട്ടയാടുന്ന മനുഷ്യൻ്റെ ചിത്രങ്ങളും ആ കവിതക്കൾക്കന്യമല്ല . മനുഷ്യരും മൃഗങ്ങളും പക്ഷികളും എല്ലാം ജീവിതത്തോടു ചേർന്നു നില്ക്കുന്നവയായി കവിതയിൽ നിലകൊള്ളുന്നു. സമരസപ്പെട്ട് ജീവിക്കുന്നവരുടെ ഇടയിലേക്ക് അവരുടെ സ്വാസ്ഥ്യം നഷ്ടപ്പെടുത്തുകയും അവരിൽ ആശങ്കകളും ആകുലതകളും ജനിപ്പിക്കുന്ന അധിനിവേശത്തിൻ്റെ പ്രത്യയശാസ്ത്രങ്ങൾ കടന്നു കയറുന്നതായി ‘പെങ്ങൾ ‘ എന്ന കവിതയിലൂടെ സൂചിപ്പിക്കുന്നു. മക്കൾ മരിച്ചു പോയവളായ കവിയുടെ പെങ്ങളും ഭർത്താവും കുന്നിൽ പ്ലാവിൻ്റെയും മാവിൻ്റെയും തണലുകൾക്ക് താഴെ കുറച്ചു മണ്ണു വാങ്ങി വീടു വച്ച് താമസിച്ചിരുന്നു. അവരുടെ വീടിൻ്റെ മുറ്റത്തെ കിണറ്റിൽ പരൽ മീനിൻ്റെ തിളക്കങ്ങൾ ഓളങ്ങൾ സൃഷ്ടിച്ചിരുന്നു.. ദുഃഖിതരെങ്കിലും പ്രകൃതിയിൽ സ്വാസ്ഥ്യം നേടിയിരുന്ന അവരുടെ ജീവിതത്തിൻ്റെ സ്വച്ഛതയെ ഇല്ലാതെയാക്കാൻ മണ്ണുമാന്തി യന്ത്രങ്ങൾ വരുകയും വീടിനു ചുറ്റുമുള്ള കുന്നിനെ കള്ളന്മാരെ പോലെ കവർന്നെടുക്കുകയും ചെയ്തു. ഒരു കുഞ്ഞു പീഠഭൂമിയായി അവശേഷിക്കുന്ന പെങ്ങളുടെ പറമ്പും അതിനു മേലുള്ള വീടും കവിയുടെ ചങ്കു പൊട്ടിക്കുന്നു. തൻ്റെ പെങ്ങളുടെ അവസ്ഥയിൽ കവിയുടെ പ്രതികരണം ഇങ്ങനെയാണ്.
“കുന്നെടുത്തവൻ ഒരു
കുഴിയായി വെന്തുരുകണം
മണ്ണു വിറ്റു തേടിയവ
ഒരു പിടി മണ്ണാകണം
മലയിടിക്കുന്ന മലയാളികൾ
മലയാളികളല്ലല്ലോ
കുന്നെടുത്തവൻ ഒരു
കുഴിയായി വെന്തുരുകണം”9
പ്രകൃതിയിൽ നിന്ന് അപഹരിക്കുന്നതൊന്നും ശാശ്വതമല്ലെന്നും അതു തിരിച്ച് പ്രകൃതിയിലേക്ക് തന്നെ ലയിക്കുമെന്നും കവി പ്രത്യാശിക്കുന്നു. പ്രകൃതിധ്വംസക പ്രവർത്തനങ്ങളിലേർപ്പെടുന്നവർ അതിൻ്റെ പ്രത്യാഘാതം അനുഭവിക്കുക തന്നെ വേണമെന്ന ജാഗ്രതയും കവി പുലർത്തുന്നു. ലോഭമോഹങ്ങളും സ്വാർത്ഥചിന്തകളും മാത്രം വച്ചു പുലർത്തുന്ന കാലം യന്ത്രക്കൈകൾ കൊണ്ട് പ്രകൃതിയുടെ നന്മകളെയും ആവാസ വ്യവസ്ഥയെയും ഇല്ലാതാക്കുന്നു.
പരിസ്ഥിതിയുടെ അതിജീവനത്തിനെ ക്കുറിച്ചുള്ള ആകുലതകളും സന്ദേഹങ്ങളുമാണ് ‘ചിലർ മാത്രം’ എന്ന കവിതയിലൂടെ എസ് ജോസഫ് ആവിഷ്കരിക്കുന്നത്. മനുഷ്യർ നേരിടേണ്ടി വരുന്ന ജലദൗർലഭ്യത്തെ കുറിച്ചും പരിസ്ഥിതി വിനാശത്തെക്കുറിച്ചും ചിന്തിക്കാൻ ചില മനുഷ്യർ മാത്രമേയുള്ളൂ. അധിനിവേശത്തിൻ്റെ ചങ്ങലക്കണ്ണികൾ മുറുകുമ്പോൾ ചില മനുഷ്യരെങ്കിലും പരിസ്ഥിതിയുടെയും മനുഷ്യൻ്റെയും ഭാവിയെക്കുറിച്ചുള്ള ആശങ്കകൾ പങ്കുവയ്ക്കുന്നു. മനുഷ്യൻ്റെ ദുരാർത്തിയും വിവേചനമില്ലായ്മയും സൃഷ്ടിക്കുന്ന പാരിസ്ഥിതിക പ്രശ്നങ്ങളെക്കുറിച്ച് ആകുലരാകുന്ന ചിലരെയാണ് ചിലർ മാത്രം എന്ന കവിതയിൽ കവി ആവിഷ്കരിക്കുന്നത്. ചിലർ മാത്രം വെള്ളമില്ലാതാകുന്നു എന്ന യാഥാർത്ഥ്യം വിളിച്ചു പറയുന്നുണ്ട്. ചിലർ മാത്രമാണ് പാറകളെ കുറിച്ച് വ്യാകുലപ്പെടുന്നത്. ചിലർ കുന്നുകൾക്ക് കാവലായി കൂട്ടിരിക്കുകയും ചെയ്യുന്നു. ചിലർ ഗോത്രമനുഷ്യരെപ്പറ്റി സംസാരിക്കുന്നുണ്ട്. ചിലർ വീടു നഷ്ടപ്പെട്ടവർക്കൊപ്പം വഴിക്കവലയിൽ ആശങ്കാകുലരായി നിലകൊള്ളുന്നു. ചിലർ മാത്രം ഉത്തരം കിട്ടാത്ത ചോദ്യങ്ങൾക്ക് ഉത്തരം തേടിപ്പോകുന്നു. ഇതൊക്കെ പരിസ്ഥിതിയുടെ ഭാവിയെക്കുറിച്ചുള്ള ചിന്തകളാലാണ്. ലോകത്തെയും പ്രകൃതിയെയും കീഴടക്കാനുള്ള വ്യാമോഹം കൊണ്ട് തത്ത്വദീക്ഷയില്ലാതെ പ്രവർത്തിക്കുമ്പോൾ പരിസ്ഥിതിയുടെ നിലനില്പിനെക്കുറിച്ചുള്ള ആശങ്കയെ ഏറ്റുവാങ്ങാൻ ആരെങ്കിലുമൊക്കെ വേണ്ടതുണ്ടെന്ന ചിന്ത കവി അവശേഷിപ്പിക്കുന്നു.
‘ഇടം ‘എന്ന കവിതയിൽ തോടിൻ്റെ വക്കത്തുള്ള അമ്മവീടിനെയും ആ വീടിരിക്കുന്ന ഗ്രാമത്തെയും അധിനിവേശം നിഷ്കാസനം ചെയ്യാൻ ശ്രമിക്കുമ്പോൾ കവി തൻ്റെ ഗ്രാമത്തെ ഇല്ലായ്മ ചെയ്യരുതേ എന്ന അഭ്യർത്ഥന മുന്നോട്ടു വയ്ക്കുന്നു. കളയും വിളയും നിറഞ്ഞ പാടങ്ങളും കവലയിലെ ചായക്കടകളും ചൊറുതനവും പനച്ചേനയും പച്ചിലപാമ്പുകളും കവിതകുറിക്കുന്ന കയ്യാലകളും ഗ്രാമത്തിന്റെ മുഖശ്രീകളാണ്. ഗ്രാമീണ ലോകത്തിൻ്റെ പ്രതിനിധികളായ മനുഷ്യരെയും സസ്യജാലങ്ങളെയും നിശ്ചലതയിലേക്ക് തിരോഭവിപ്പിക്കരുതെന്ന അപേക്ഷയും കവിക്കുണ്ട്. പ്രകൃതിയുടെ ലയവിന്യാസങ്ങളിൽ ഭാഗഭാക്കാകുന്ന മനുഷ്യർ പ്രകൃതിയുമായുള്ള അടുപ്പം ജീവിതത്തിൻ്റെ ശീലമാക്കിയവരായിരുന്നു. പ്രകൃതി ചിഹ്നങ്ങൾ കൊണ്ട് സമ്പന്നമായ കവിതകൾ,മനുഷ്യരും മൃഗങ്ങളും പക്ഷികളും സസ്യങ്ങളും എല്ലാം ഇടചേരുന്ന സജീവമായ ഒരു വസ്തുപ്രപഞ്ചമായി ജോസഫിന്റെ കവിതകൾ നിലകൊള്ളുന്നു.
ആഗോളീകരണ കാലത്ത് വസ്തുവൽക്കരിക്കപ്പെട്ട പ്രകൃതിയെയും ആദിവാസിയെയും കേന്ദ്രമാക്കിക്കൊണ്ട് രചിച്ച കവിതയാണ്’ കാടുകളുടെ ഗാനം’. പ്രകൃതിയെ ജീവവായുവായി കണ്ടിരുന്ന,പരസ്പരം ബഹുമാനിച്ചും അംഗീകരിച്ചും പ്രകൃതിയുടെയും മനുഷ്യന്റെയും പ്രതിനിധികളായി ജീവിച്ചവരാണ് ഗോത്രനിവാസികൾ. കാടുകളുടെ ഗാനം പാടാനും മരങ്ങളെ സ്നേഹിക്കാനും മൃഗങ്ങളുമായി ഉടമ്പടി ഉണ്ടാക്കാനും പുല്ലുകൊണ്ട് പുരമേയുന്ന വിദ്യ പുല്ലിൽ തന്നെ ഉണ്ടെന്ന് മനസ്സിലാക്കാനും കഴിയുന്നവരാണ് അവർ .കാട്ടാറും താഴ്ചകളും നിരപ്പുകളും തേടാനും മരങ്ങളിൽ നിന്ന് മരങ്ങളിലേക്ക് തേനീച്ചകൾ പാറുന്നതിന്റെ രഹസ്യങ്ങൾ കണ്ടെത്താനും അവർക്കറിയാം കാർമേഘങ്ങൾ കുന്നിൻ ഉച്ചിയിൽ മുഴുകുന്നതിന്റെ പിന്നിലെ രഹസ്യം അവർ തിരിച്ചറിയുന്നുണ്ട്.പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ബന്ധത്തിൻ്റെ ഉദാത്തതലങ്ങൾ സൃഷ്ടിക്കുന്നവരായിരുന്ന ഒരു ജനതയുടെ നേർക്ക് പ്രകൃതിധ്വംസനത്തിന്റെ പ്രത്യയശാസ്ത്രങ്ങൾ പകർന്നുകൊണ്ട് ആധുനികതയുടെ വികസനസങ്കല്പങ്ങൾ അധീശത്വം പുലർത്തുമ്പോൾ കവി സ്വാഭാവികമായും ചോദിച്ചു പോകുന്നു.
“ആദിവാസികൾ കാടുകളുടെ ഗാനം പാടുന്നു
അവർ പാടേണ്ട എന്നാണെങ്കിൽ പിന്നെ ആര് പാടും”10
പ്രകൃതിയുടെ സ്വാഭാവികമായ ജൈവികതയെ ഉൾക്കൊള്ളുന്ന വംശത്തിന് ആധുനികതയുടെ ചൂഷണാധിഷ്ഠിതമായ പ്രത്യയശാസ്ത്രം ഉൾക്കൊള്ളാൻ സാധിക്കുകയില്ല .പ്രകൃതിയുടെ നന്മയും തിന്മയും ഉൾക്കൊണ്ടുകൊണ്ട് ജീവിക്കുന്ന ഗോത്രജനതയ്ക്കാണ് പ്രകൃതിയുടെ ഉൾത്തടിപ്പുകൾ അറിയാൻ കഴിയുന്നത്.അവർക്ക് കാടിൻ്റെ ഗാനം പാടാൻ കഴിഞ്ഞില്ലെങ്കിൽ മറ്റാർക്കും അത് പാടാൻ അവകാശമില്ലെന്ന് കവി ഓർമിപ്പിക്കുന്നു. അധിനിവേശത്തിന്റെയും അധീശത്വത്തിന്റെയും പ്രത്യയശാസ്ത്രങ്ങൾ ആദിമ ജനതയിൽ നിന്ന് പ്രകൃതിയെ അടർത്തി മാറ്റുന്നു.
“മണ്ണിനെ ആശ്രയിച്ച് മരവും മരത്തെ ആശ്രയിച്ച് ശാഖയും ശാഖയെ ആശ്രയിച്ച് പഴവും പഴത്തെ ആശ്രയിച്ച് നമ്മളും മണ്ണിൽ മരം പോലെ മരത്തിൽ ശാഖ പോലെ ശാഖയിൽ ഇല പോലെയും ആദിവാസികൾ കഴിഞ്ഞിരുന്നു എന്ന പാട്ട് പരിസ്ഥിതിപരമായ ഐക്യം അവരുടെ ജീവിത സത്യമായിരുന്നു എന്ന സൂചന നൽകുന്നു.ആധുനികത ഏതാനും വർഷങ്ങൾ കൊണ്ട് അവരെ ഈ ഇണക്കത്തിൽ നിന്ന് കുടിയിറക്കി.കേടായ വെള്ളവും അശുദ്ധമായ വായവും വിഷധൂസരമായ അന്തരീക്ഷവും സംവേദനതീക്ഷ്ണത കൂടുതലുള്ള ആദിവാസികളെ കൂടുതൽ ബാധിക്കുന്നു” എന്ന് കൽപ്പറ്റ നാരായണൻ നിരീക്ഷിക്കുന്നു.11
ഭൂമിയിൽനിന്ന് ഇല്ലാതായിക്കൊണ്ടിരിക്കുന്ന വൃക്ഷങ്ങളെക്കുറിച്ചുള്ള വേദനകൾ എസ് ജോസഫിന്റെ കവിതകളിലുണ്ട്. ‘മൂന്നു മരങ്ങൾ’ എന്ന കവിതയിൽ ഇലഞ്ഞിയും ഓടമരവും പുന്നമരവും ഒക്കെ ബാല്യകാലത്ത് തനിക്ക് നിത്യപരിചിതമായിരുന്ന വൃക്ഷങ്ങളാ യിരുന്നു എന്ന് കവി രേഖപ്പെടുത്തുന്നു. ഇലഞ്ഞിപ്പൂമണവും ഓടപ്പഴത്തിൻ്റെ രുചിയും പേടിപ്പെടുത്തുന്ന വലിയ ഇലകളും തടിയുമുള്ള പുന്നമരവും കവിയുടെ മനസ്സിൽ സൃഷ്ടിച്ച കുളിർമ വർഷങ്ങൾക്കിപ്പുറവും നിലനിൽക്കുന്നു. എന്നാൽ ആഗോളവത്ക്കരണത്തിന്റെയും ആധുനികവത്ക്കരണത്തിന്റെയും ആധിപത്യം പ്രകൃതിയെ നിത്യഹരിതമാക്കിയിരുന്ന ഇത്തരം മരങ്ങളെ അപ്രത്യക്ഷമാക്കുന്നു. പാറപ്പുറങ്ങളും ചതുപ്പുമുണ്ടായിരുന്ന ഇടങ്ങളും അതിനു സമീപം നിന്നിരുന്ന നാട്ടുവൃക്ഷങ്ങളും അപ്രത്യക്ഷമായിരിക്കുന്നു. ഒരു പുന്നമരം കാണാനുള്ള ആഗ്രഹം കവിയിലിന്നുണ്ട്. നാട്ടുവൃക്ഷങ്ങൾ ഇല്ലാതെയാകുന്നതിന്റെയും അതിൽ അധിവസിച്ചിരുന്ന സൂക്ഷ്മജീവികൾക്ക് ഇടമില്ലാതെ പോകുന്നതിന്റെയും വേദന കവിയെ അലട്ടുന്നു. പരിസ്ഥിതിയെ സംബന്ധിക്കുന്ന സൂക്ഷ്മമായ അവബോധം എസ് ജോസഫിന്റെ കവിതകളെ വേറിട്ടതാക്കുന്നു. പ്രകൃതി സത്യമാണെന്നും ആ സത്യത്തോട് ചേർന്ന് ജീവിക്കുമ്പോഴാണ് മനുഷ്യജീവിതം സാർത്ഥകമാകുന്നത് എന്നും ഈ കവി വിശ്വസിക്കുന്നു. പുല്ലുകൊണ്ട് പുരമേയുന്ന വിദ്യ പുല്ലിൽ തന്നെയുണ്ടെന്നു പറയുന്ന കവി പ്രപഞ്ചത്തിന്റെ സൂക്ഷ്മതയെ തിരിച്ചറിയുന്നുണ്ട്. നദിയും കുന്നും കല്ലും മഴയും കുളവും ഭൂമിയും നീർക്കോലിയും പരൽ മീനും തവളയും പൂച്ചയും പൊട്ടലും തോടും എല്ലാം കവിയുടെ സൂക്ഷ്മപ്രകൃതിയുടെ ഭാഗമായി കവിതകളിൽ നിലകൊള്ളുന്നു.
വർത്തമാനകാലത്തിൽ പരിസ്ഥിതി നേരിടുന്ന ഭീതിദമായ അവസ്ഥയെ ആവിഷ്കരിക്കുന്ന കവിതകളാണ് വീരാൻകുട്ടിയുടേത്. അധീശപ്രത്യയശാസ്ത്രങ്ങളും അധികാരവ്യവസ്ഥകളും മുതലാളിത്തത്തോട് ചേർന്നുനിന്ന് പ്രകൃതിധ്വംസനത്തിൽ ഏർപ്പെടുന്നതിന്റെ ചിത്രങ്ങൾ വീരാൻകുട്ടിയുടെ കവിതകളിലുണ്ട്. പാരിസ്ഥിതികദുരിതങ്ങൾ നഗരം എന്നോ ഗ്രാമം എന്നോ ഭേദമില്ലാതെ എല്ലായിടത്തും വ്യാപിക്കുന്നതിന്റെ സൂചനകൾ ഉൾക്കൊള്ളുന്ന കവിതയാണ് ‘നാട്ടിൽനിന്ന് മടങ്ങുമ്പോൾ’. ഗ്രാമങ്ങളിൽ നിന്നുപോലും തിരോഭവിച്ചുകൊണ്ടിരിക്കുന്ന ഭൂപ്രകൃതിയും സസ്യങ്ങളും പക്ഷികളും കവിയെ ആകുലപ്പെടുത്തുന്നു. നഗരവാസികൾ നാട്ടിൽ പോയി തിരികെ മടങ്ങുമ്പോൾ എന്റെ ഫോട്ടോ എടുക്കുമോ എന്ന് ചോദിക്കുന്ന വയൽ തത്തയും തന്റെ പാട്ടിനെ റിങ്ടോൺ ആയി കൊണ്ടുപോകുമോ എന്ന് വഴിയരികിലെ മരത്തിലിരുന്ന് വിളിച്ചു ചോദിക്കുന്ന കുയിലും ഗ്രാമങ്ങളിൽ നിന്നുപോലും അപ്രത്യക്ഷമായി കൊണ്ടിരിക്കുന്ന പക്ഷികളുടെയും മൃഗങ്ങളുടെയും മരങ്ങളുടെയും പ്രതിനിധികളാണ്.
“ഇനിയത്തെ തവണ വരുമ്പോൾ
കാണാൻ പറ്റിയില്ലെങ്കിലോ
എന്നൊരു കരച്ചിൽ
അതിൽ ഉണ്ടായിരുന്നത് മാത്രം
ഒരു ഫോണിലും പതിഞ്ഞില്ല”12
നാട്ടിൽ നിന്നും മടങ്ങുന്നവരോട് ഇനിയുള്ള വരവിൽ തങ്ങളെ കാണാൻ പറ്റാതെ വന്നാലോ എന്ന സംശയം കൊണ്ടാണ് തങ്ങളുടെ ഫോട്ടോ എടുക്കാൻ ജന്തുജാലങ്ങൾ ആവശ്യപ്പെടുന്നത്. ദുർബലരും ലോലരുമായ ജീവികൾ ഭൂമിയിൽ നിന്ന് ചിറകുവിടർത്തി ഇല്ലാതെയാകുന്ന കാലം അതിവിദൂരമല്ല. ഗ്രാമങ്ങളും അധിനിവേശത്തിന്റെ സ്വാധീനത്താൽ നഗരങ്ങളായി തീരും. പ്രകൃതിയുടെ ജൈവവ്യവസ്ഥകൾ ഭൂമിയിൽ നിന്നും തീർത്തും നിഷ്കാസിതരാകുമെന്ന ഉത്കണ്ഠ കവി പുലർത്തുന്നു.
വിപണിയുടെ മൂല്യത്തിൽ മാത്രം പ്രകൃതിയെ സമീപിക്കുന്നവർക്ക് മുന്നിൽ നിശബ്ദരായി നിൽക്കേണ്ടിവരുന്ന മനുഷ്യരുടെ ചിത്രമാണ് ‘തൊട്ടുമുമ്പ്’ എന്ന കവിതയിലൂടെ വീരാൻകുട്ടി ആവിഷ്കരിക്കാൻ ശ്രമിക്കുന്നത്. ആകാശം ഇടിഞ്ഞുവീണാലും തോളിൽ താങ്ങിക്കൊള്ളാമെന്ന ആത്മവിശ്വാസം പേറുന്ന നെടുംപാതകളുടെ ഇരുപുറവും ഉശിരൻ മരങ്ങൾ നിൽക്കുന്നു. തങ്ങളെ ആരും ഒന്നും ചെയ്യില്ല എന്ന കൂസലില്ലായ്മ കൊണ്ട് കുന്നുകൾ കുത്തനെ നിൽക്കുകയും ചെയ്യുന്നു. ലോകാവസാനത്തോളം അവിടെത്തന്നെ ഉണ്ടാകുമെന്ന് സമാധാനത്തിലാണ് മഞ്ഞുകാലങ്ങളിൽ ഉറങ്ങിയും വേനലിൽ പൊട്ടിച്ചിരിച്ചുമാണ് പുഴകൾ കഴിയുന്നത്. ഈ പ്രകൃതി പ്രതിഭാസങ്ങളൊക്കെ പ്രകൃതി ധ്വംസനത്തിൻ്റെ മുറിവുകൾ ഏറ്റുവാങ്ങേണ്ടി വരുന്ന കാലം വിദൂരമല്ല എന്നു തിരിച്ചറിഞ്ഞ് മുന്നറിയിപ്പ് നല്കാനാവാതെ ദുർബലരായി മനുഷ്യർ മാറുന്നു.
“നമുക്കു മിണ്ടാതിരിക്കുക
അവരാഹ്ലാദിക്കട്ടെ
തൂക്കിലിടുവാനുള്ള വിധി
വെറുതെ വിട്ടുവെന്നു കേട്ട് തുള്ളിച്ചാടുന്ന
ഭാഷയറിയാത്ത ഗ്രാമീണരെപ്പോലെ.”14
പ്രകൃതിവിഭവങ്ങളെയും പരിസ്ഥിതിയെയും ഭൂമിയെയും ക്ഷയിപ്പിക്കുന്ന വികസനപ്രക്രിയകൾ വിനാശത്തിൻ്റെതാണെന്നും പരിസ്ഥിതി വിനാശത്തിനെതിരെ പ്രതിരോധത്തിൻ്റെ മാർഗ്ഗങ്ങൾ അവലംബിക്കേണ്ടവർ നിശ്ശബ്ദരായും ഭീരുക്കളായും പ്രതികരണശേഷിയില്ലാത്തവരായി മാറുകയും ചെയ്യുന്നുവെന്നും കവി സൂചിപ്പിക്കുന്നുണ്ട്. പ്രതിരോധിക്കേണ്ട സമൂഹം നിഷ്ക്രിയരായി മാറുന്നത് വിനാശത്തിൻ്റെ ആഴം വർദ്ധിപ്പിക്കുമെന്ന തിരിച്ചറിവും കവി പ്രകടമാക്കുന്നു.
പ്രകൃതിയിലേക്ക് മനുഷ്യനെ ആഴത്തിൽ ക്ഷണിക്കുകയും പ്രകൃതി സാന്ത്വനമാവുകയും ചെയ്യുന്നവയാണ് പുതുകവിതകൾ. പ്രതിരോധത്തിൻ്റെ പുതിയ പാഠങ്ങൾ സൃഷ്ടിക്കുവാനും ഈ കവിതകൾക്ക് കഴിയുന്നു. ഭൂമിയിൽ നിന്നെടുക്കുന്നതെന്തോ അത് വേഗം മുളച്ചു വരട്ടെയെന്നും പരിപാവനയായ ഭൂമിയുടെ ഹൃദയത്തെ പിളർത്താതിരിക്കട്ടെ എന്നും സൂചിപ്പിക്കുന്ന അഥർവവേദ സൂക്തത്തെ ഉൾക്കൊള്ളുന്നവയാണ് പുതുകവിതകളിലെ പാരിസ്ഥിതിക ബോധ്യങ്ങൾ.
സഹായക ഗ്രന്ഥങ്ങൾ
1. കെ.സി നാരായണൻ പ്രതിബോധത്തിൻ്റെ സൗന്ദര്യശാസ്ത്രം പുറം (70-71)
2 സെബാസ്റ്റ്യൻ - ഇരുട്ടുപിഴിഞ്ഞ് - (പുറം 30)
3. സെബാസ്റ്റ്യൻ - സെബാസ്റ്റ്യൻ്റെ കവിതകൾ - റിയൽ എസ്റ്റേറ്റ് (പുറം - 34)
4.സെബാസ്റ്റ്യൻ -സെബാസ്റ്റ്യൻ്റെ കവിതകൾ - ആൽബം (പുറം 24)
5 അതേ കവിത
6 സെബാസ്റ്റ്യൻ - സെബാസ്റ്റ്യൻ്റെ കവിതകൾ -മറുകര - (പുറം 28)
7.സെബാസ്റ്റ്യൻ - സെബാസ്റ്റ്യൻ്റെ കവിതകൾ - വീര്യം പ്രുറം 74)
8.At a time when a blind social mechanism the market is turning soil into and covering fertile land with concrete ,poisoning air and water and producing sweeping climatic and atmospheric changes.We cannot ignore the impact that can aggresive hierrarchial and exploitative class society has on the natural world.(What is Social Ecology)
Social Ecology and Communalism (page22)
9.എസ്. ജോസഫ് -ചന്ദ്രനോടൊപ്പം - പെങ്ങൾ പുറം 48)
10.എസ്. ജോസഫ് - മഞ്ഞ പറന്നാൽ - കാടുകളുടെ ഗാനം (പുറം 59)
11. കല്പറ്റ നാരായണൻ - ചുണ്ടുകളിൽ കവിതയും കാലുകളിൽ ചിലങ്കയുമായി പിറന്നു വീണവർ ഇപ്പോൾ നൃത്തം ചെയ്യാത്തതെന്ത്? വികസനികളുടെ കളിപ്പാട്ടം .
12. വീരാൻകുട്ടി - നാട്ടിൽ നിന്നു മടങ്ങുമ്പോൾ - വീരാൻകുട്ടിയുടെ കവിതകൾ (പുറം 293)
13. വീരാൻകുട്ടി - നിശ്ശബ്ദതയുടെ റിപ്പബ്ലിക്ക് -തൊട്ടു മുൻപ് (പുറം 67).
ഡോ. ധന്യ. എസ്. പണിക്കർ
അസിസ്റ്റന്റ് പ്രൊഫസർ
മലയാള വിഭാഗം
മഹാരാജാസ് കോളേജ്
എറണാകുളം
Comments