top of page

‘‘പ്രണയഭാവുകത്വപരിണാമവും ധ്വംസനാത്മക സ്ത്രീത്വവും മാധവിക്കുട്ടിയുടെ ചെറുകഥകളിൽ’’

ഡോ. രമ്യ ആർ.

സാഹിത്യത്തിൽ സ്ത്രീക്ക് ശരീരം അവളുടെ സ്വത്വാവിഷ്‌ക്കാരത്തിനുള്ള ഉപാധിയാണെന്ന തിരിച്ചറിവ് ഏറെ സ്പഷ്ടമാകുന്ന രചനകളാണ് മാധവിക്കുട്ടിയുടെ പ്രണയകേന്ദ്രിതമായ ചെറുകഥകൾ. അവയിൽ പ്രണയം, ദാമ്പത്യം തുടങ്ങിയ സ്ത്രീ പുരുഷബന്ധത്തിന്റെ മാറ്റങ്ങളെ ആദർശാത്മകതയുടെ ബാഹ്യാവരണങ്ങൾ കൊഴിച്ചുകളഞ്ഞ് വിമർശനാത്മകമായി മാധവിക്കുട്ടി അവതരിപ്പിച്ചു. ഇക്കാര്യത്തിൽ അവർ പുലർത്തിയ ധീരത ചെറുകഥയെ മാത്രമല്ല മലയാളസാഹിത്യത്തിലെ സ്ത്രീപ്രതിനിധാനത്തെത്തന്നെ പുതിയ തലങ്ങളിലേക്ക് നയിക്കാൻ പര്യാപ്തമായിരുന്നു. ചരിത്രത്തിന്റെ ഭാഗമായ അംഗീകൃതമൂല്യങ്ങൾ, ശിക്ഷാവിധികൾ, സാമൂഹികക്രമങ്ങൾ എന്നിവ കാരണം സദാചാരത്തിന്റെ ബലിയാടുകളായിത്തീരുന്ന സ്ത്രീപുരുഷൻമാർ വ്യക്തിസ്വാതന്ത്ര്യത്തേയും സ്‌ത്രൈണാഭിലാഷങ്ങളേയും ഹനിക്കുന്നു. വിപ്ലവാത്മക പുരോഗമനവീക്ഷണമുള്ള മാധവിക്കുട്ടി ഈ യാഥാസ്ഥിതികതയെ അംഗീകരിക്കുന്നില്ല എന്നുമാത്രമല്ല ശരീരബദ്ധമല്ലാത്ത നൈസർഗികപ്രണയത്തിനായി തന്റെ നായികമാർക്ക് അവസരമൊരുക്കുകയും അത് അസാൻമാർഗ്ഗികതയാകുന്നതെങ്ങനെയെന്ന് സധൈര്യം ചോദിക്കുകയും ചെയ്യുന്നു. മാധവിക്കുട്ടിക്ക് സമുദായം എന്ന കള്ളമുത്തശ്ശി ഉണ്ടാക്കി നിർത്തിയ കശാപ്പുശാല മാത്രമാണ് സദാചാരം. അതുകൊണ്ടുതന്നെ തന്റെ സ്ത്രീകഥാപാത്രങ്ങളെ പൊള്ളയായ സദാചാരത്തിന്റെ ബലിപീഠത്തിൽ ആത്മാഹുതിക്കായി വിട്ടുകൊടുക്കാൻ അവർ തയ്യാറല്ല. അവരുടെ മിക്ക കഥകളിലും പ്രണയാതുരവും അതേസമയം ധ്വംസനാത്മകവുമായ സ്ത്രീത്വം പരസ്പരപൂരകമായി വർത്തിക്കുന്നതിന്റെ കാരണവും മറ്റൊന്നല്ല. ശാരീരികതൃഷ്ണകളേയും പ്രണയത്തേയും പ്രണയരഹിതമായ അസംതൃപ്തദാമ്പത്യത്തിലെ വിഹ്വലതകളേയും മാധവിക്കുട്ടി തന്റെ രചനയിൽ എപ്രകാരം ആത്മധൈര്യത്തോടെ ആവിഷ്‌കരിച്ചിരിക്കുന്നുവെന്ന ആന്വേഷണമാണ് ‘‘പ്രണയഭാവുകത്വപരിണാമവും ധ്വംസനാത്മകസ്ത്രീത്വവും മാധവിക്കുട്ടിയുടെ ചെറുകഥകളിൽ’’ എന്ന പ്രസ്തുത പ്രബന്ധത്തിലൂടെ നിർവ്വഹിച്ചിരിക്കുന്നത്.

            പ്രണയം രാഷ്ട്രീയമായ അന്തർഗതങ്ങളുള്ള പ്രത്യയശാസ്ത്രപ്രയോഗമായിത്തീരുന്നത് മാധവിക്കുട്ടിയുടെ കാര്യത്തിൽ യാദൃച്ഛികമല്ല. ദാമ്പത്യശരീരത്തിന്റെ വീടും തടവും ഭേദിച്ച് ഭൂമിയും പുതിയവാനവും വാരിപുണരാനുള്ള അദമ്യമായ പ്രേരണകളെ അവിടെ ആഘോഷിക്കുന്നതു കാണാം. പലരും കടക്കാൻ പോയിട്ട് നോക്കാൻപോലും കൂസാത്ത ഇടങ്ങളാണ് മാധവിക്കുട്ടിയുടെ ആത്മചരിതങ്ങളുടെ അസ്ഥിവാരം. അതിൽ ലൈംഗികതയുടെ നിരാകരണമില്ല എന്നാൽ നിരാകരിക്കുന്നതിനുള്ള നിർബന്ധങ്ങളെ അതിജീവിക്കുക എളുപ്പവുമല്ല. അതിനാധാരം ആത്മനിഷ്ഠത മാത്രമാണ്. അതിവർത്തനത്തിലൂടെ സ്‌ത്രൈണാനുഭവങ്ങൾക്കും ലൈംഗികതയ്ക്കും വിലക്ഷണമായ പാഠഭേദം ഒരുക്കുകയാണ് മാധവിക്കുട്ടിയുടെ ആഖ്യാനങ്ങൾ. അത് ശരീരത്തിനോടെന്നപോലെ സമൂഹത്തോടും എപ്പോഴും സംവാദത്തിലാണ്.

            മനുഷ്യന്റെ അടിസ്ഥാനാവശ്യങ്ങളിൽ ഒന്നായിട്ടാണ് മാധവിക്കുട്ടി പ്രണയത്തെ കാണുന്നത്. പ്രണയം നഷ്ടപ്പെട്ട ജീവിതങ്ങൾ ഇലയും ശിഖരവും നഷ്ടപ്പെട്ട മരങ്ങൾ മാത്രമാണെന്നവർ വ്യക്തമാക്കിയിട്ടുണ്ട്. ‘‘അതൃപ്തമായ ഈ പ്രേമത്തിന് വിലാപകാവ്യങ്ങൾ രചിക്കുകയാണ് എന്റെ മനസ്സ് എന്ന് നീ മനസ്സിലാക്കിയിട്ടില്ല’’ എന്ന് ‘പ്രേമത്തിന്റെ വിലാപകാവ്യം’ എന്ന കഥയിൽ അവർ എഴുതിയതിന്റെ കാരണവും മറ്റൊന്നല്ല.

            ഭർത്താവിൽ നിന്നുകിട്ടുന്ന സ്‌നേഹനിരാസങ്ങളിൽ നിന്നാണ് മാധവിക്കുട്ടിയുടെ മിക്ക സ്ത്രീകഥാപാത്രങ്ങളും സ്‌നേഹം അന്വേഷിച്ചലയുന്നവരായിത്തീരുന്നത്. ഭഗ്നപ്രണയത്തിന്റെയും സ്‌നേഹരഹിത ലൈംഗികതയുടെയും പരിണിതഫലമായി പ്രക്ഷുബ്ധമാകുന്ന സ്ത്രീ മനസ്സുകളുടെ സംഘർഷങ്ങളാണ് മാധവിക്കുട്ടിയുടെ കഥകളിലെ മുഖ്യപ്രമേയം. ജീവിതാവസാനം വരെ നിലനിർത്തണമെന്നാഗ്രഹിച്ച് ഹൃദയത്തോട് ചേർക്കുമ്പോൾ അകന്നകന്നുപോകുന്ന മരീചികയാണ് പുരുഷന്റെ സ്‌നേഹമെന്ന പൊള്ളുന്ന യാഥാർത്ഥ്യം തിരിച്ചറിയുന്നതോടെ നായികമാരുടെ മനസ്സ് സംഘർഷഭരിതമാകുന്നു. പ്രണയത്തിന്റെ നഷ്ടം തങ്ങളുടെ ജീവിതനഷ്ടമാണെന്ന് ഓർമ്മിപ്പിച്ചുകൊണ്ട് മാധവിക്കുട്ടിയുടെ നായികമാർ സ്‌നേഹത്തിന്റെ മൂല്യം ഉയർത്തിപ്പിടിയ്ക്കുന്നു.

            മാധവിക്കുട്ടിക്കഥകളിലെ ഓരോ സ്ത്രീയും സ്വയം കലഹിക്കുന്നത് പ്രണയ സ്വാതന്ത്ര്യത്തിനു വേണ്ടിയാണ്. ‘ദൃക്‌സാക്ഷി’, ‘നുണകൾ’, ‘അലാവുദ്ദീന്റെ കഥ’, ‘ഗോസായിത്തന്ത’ തുടങ്ങിയ കഥകളുടെ രചനാവേളയിൽ കഥാകാരിയെ അലട്ടിക്കൊണ്ടിരുന്നത് സദാചാരകാപട്യം തന്നെയാണെന്ന് സ്പഷ്ടമാണ്. ‘വെറുമൊരു ലഹരിപദാർത്ഥം’ എന്ന കഥയിലെ വിമല തന്നോടും മറ്റുള്ളവരുടെ പൊങ്ങച്ചത്തോടും കലഹിച്ച് മാനസികസ്വാതന്ത്ര്യം നേടുന്നവളാണ്. നൈതിക മൂല്യത്തോടുള്ള ഇത്തരം കലാപത്തിലൂടെ വിമുക്തമനസ്‌കകളായി മാറുന്ന നായികമാരാണ് ‘വിരുന്നുകാരൻ’, ‘മലഞ്ചെരിവുകളിൽ’, ‘നീർമാതളത്തിന്റെ പൂക്കൾ’ എന്നീ കഥകളിലും കടന്നുവരുന്നത്. പുരുഷാധിപത്യം പുലർത്തുന്ന സമൂഹത്തിന്റെ ദുരാചാരത്തെ നിരസിക്കാനും കപടമായ മൂല്യബോധത്തോടു കലഹിക്കാനും ലൈംഗികസദാചാരത്തിന്റെ പുറംമൂടി പൊളിച്ചെറിയാനും മാധവിക്കുട്ടിയുടെ നായികമാർ ആഹ്വാനം ചെയ്യുന്നു. സദാചാര വ്യവസ്ഥിതിയുടെ ഉള്ളറകൾ തുറന്ന് സംഘർഷങ്ങളും വ്യാകുലതകളും നിറഞ്ഞ യഥാർത്ഥ മനോവ്യാപാരങ്ങളെ അവരുടെ കഥാനായികമാർ പ്രത്യക്ഷവത്ക്കരിക്കുന്നു.

            അതൃപ്തമായ ഭർത്തൃസ്‌നേഹത്തിന്റെ തിക്തഫലവും പേറി പരപുരുഷാനുരാഗത്തിന് പോകുന്ന ‘രാധയുടെ കത്ത്’, ‘റാണി’, ‘മഞ്ഞ്’, ‘പരുന്തുകൾ’, ‘സൂര്യൻ’, ‘ഈയാംപാറ്റകൾ’, ‘തരിശുനിലം’, ‘വിരുന്നുകാരൻ’ തുടങ്ങിയ കഥകളിലെ സ്ത്രീകളെ അതുകൊണ്ടുതന്നെ കുറ്റപ്പെടുത്താനാകുന്നില്ല. ‘രാധയുടെ കത്തി’ലെ രാധ, ‘നിന്റെ കൈകളിൽ ഞാനെന്നും നിർമ്മലയായിരുന്നു, ചാരിത്ര്യവതിയായിരുന്നു’വെന്ന് കാമുകന് എഴുതുകയും ശവം കൊത്തിവലിക്കുന്ന പറവയെപ്പോലെ ഭർത്താവിനെ കാണുകയും ചെയ്യുന്നു. ആത്മാവിന്റെ പ്രണയപൂർണ്ണത പുരുഷനിൽ കുടികൊള്ളുന്ന ശ്രീകൃഷ്ണനാണ് സാധ്യമാക്കേണ്ടതെന്ന് കഥാകാരി ആഗ്രഹിക്കുന്നു. അതുകൊണ്ടുതന്നെ മായികമായ സ്വപ്നലോകം ഒരുക്കി ആദിപ്രരൂപമായ കൃഷ്ണനെ അവിടെ പ്രതിഷ്ഠിച്ച് ആ ഭക്തിലഹരിയിലലിഞ്ഞ് നഷ്ടപ്രണയസാഫല്യം കൈവരിക്കുന്നവരാണ് അവരുടെ നായികമാർ. ‘ഈയാംപാറ്റകൾ’ എന്ന കഥയിൽ നീയെന്നെ വിട്ടുപോകുമോ എന്നുചോദിച്ച പുതിയ കാമുകനോട് നായിക പറയുന്നത് ‘ഇല്ല കൃഷ്ണാ ഞാനെന്നും നിന്റേതാണ്’ എന്നാണ്. വിരസനായ ഭർത്താവിനേക്കാൾ തന്നെ ബലാത്സംഗം ചെയ്ത ഉണ്ണിക്കൃഷ്ണനെ സ്‌നേഹിക്കുന്നവളാണ് ‘സൂര്യനി’ലെ അമൃത. അതറിയാതെ അയാൾ വേറെ ദാമ്പത്യത്തിൽ ഏർപ്പെട്ടതുമൂലം സമനില തെറ്റിയ അമൃത, പിന്നീട് തന്നോടടുത്ത പുരുഷന്മാരിലെല്ലാം ഉണ്ണിയെ കാണുകയും അങ്ങനെ പ്രണയനിർവൃതി കൊള്ളുകയും ചെയ്യുന്നത് അന്തരംഗത്തിന്റെ ധ്വംസനാത്മകതയെയാണ് വെളിപ്പെടുത്തുന്നത്. അബോധമനസ്സിന്റെ ധ്വംസനാത്മകമായ അനുരാഗസഞ്ചാരങ്ങളാണ് ‘വേലിയേറ്റം’, ‘രാജാവിന്റെ പ്രേമഭാജനം’, ‘പരീക്ഷ’, ‘കൂത്തുപാവ’, ‘രാധയുടെ കത്ത്’, ‘രാധ - അനുരാധ’ ആദിയായ കഥകളേയും ആകർഷകമാക്കുന്നത്. അന്തർവ്യക്തിത്വത്തിന്റെ ഇത്തരം നിഗൂഢവാസനകളെ പ്രതീകവത്ക്കരിക്കാനാണ് ‘സനാതൻ ചൗധരിയുടെ ഭാര്യ’, ‘രവിയുടെ കഥ’, ‘കല്ല്യാണി’, ‘രാത്രിയിൽ’ എന്നിങ്ങനെയുള്ള കഥകളിലേയും ഉദ്യമം. ‘കാലൊച്ച’ എന്ന കഥയിലെ നായികാനായകൻമാരുടെ പ്രേമചേഷ്ടകളെക്കുറിച്ചുള്ള വർണ്ണന തന്റെ കള്ളത്തൂലികയിൽ പിറവിയെടുത്തതാണെന്നും ഒരു മോളോടെന്ന പോലെയേ അവളോട് അയാൾ പെരുമാറിയിട്ടുള്ളൂവെന്നും പറയുന്ന സന്ദർഭമുണ്ട്. ചീത്തപ്പേരുണ്ടാക്കാനായി എന്തിനതൊക്കെ എഴുതുന്നു എന്ന ചോദ്യത്തിനുള്ള മാധവിക്കുട്ടിയുടെ മറുപടി, ‘പാപത്തിന്റെ പ്രതിബിംബമാണെന്ന് തോന്നിച്ചുകൊണ്ട് ജീവിക്കാനെനിക്ക് അന്നൊക്കെ നല്ല ആഗ്രഹം ഉണ്ടായിരുന്നു’ എന്നത്രേ.

            പ്രണയം മാധവിക്കുട്ടിക്ക് അസ്ഥിത്വത്തിന്റെയും വ്യക്തിത്വസ്ഥാപനത്തിന്റെയും പ്രശ്‌നം കൂടിയാണ്; ഒപ്പം സ്വാതന്ത്യപ്രഖ്യാപനവുമാണ്. മാധവിക്കുട്ടിയുടെ നായികമാർ പ്രണയത്തിലൂടെ വാത്സല്യവും ഭക്തിയും കരുണയും സ്‌നേഹവുമെല്ലാം പ്രകടിപ്പിക്കുന്നു. പ്രണയമില്ലാത്ത അസംതൃപ്ത ദാമ്പത്യത്തിന്റെ ആത്മനൊമ്പരങ്ങളിൽ നിന്നുള്ള മോചനമാണ് മാധവിക്കുട്ടിയുടെ നായികമാർക്ക് പ്രണയം. മനസ്സിൽ പ്രണയം നിറയ്ക്കുന്ന പുരുഷനാണ് സ്ത്രീത്വത്തിന് അസ്തിത്വം നൽകുന്നതെന്നവർ  വിശ്വസിക്കുന്നു. ‘‘ഒരു സ്ത്രീ സ്ത്രീയാകണമെങ്കിൽ, അവൾക്ക് ഒരു കാമുകനുണ്ടാകണം. അവളുടെ സ്ത്രീത്വത്തെ അംഗീകരിക്കുവാൻ ഒരു പുരുഷൻ വേണം. അവളെ ഒരു കണ്ണാടിയിലെന്നതുപോലെ പ്രതിഫലിപ്പിക്കുവാൻ, അവളുടെ ദേഹത്തിന്റെ മിനുസവും മണവും വലിപ്പചെറുപ്പങ്ങളും മറ്റും അവൾക്ക് മനസ്സിലാക്കിക്കൊടുക്കുവാൻ മറ്റാർക്കാണ് കഴിയുക’’? സ്‌നേഹമോ പ്രണയമോ ഇല്ലാത്ത ഭർത്താവ് അയാളുടെ കാമം തീർക്കാനുള്ള വെറുമൊരു ഭോഗോപകരണമായി തങ്ങളെ കാണുന്നതിലുള്ള പ്രതിഷേധമാണ് മാധവിക്കുട്ടിയുടെ നായികമാരെ ഇതരബന്ധങ്ങളിലേക്ക് നയിക്കുന്നത്. ‘എന്റെ ഭർത്താവിന്റെ ആശ്ലേഷത്തിൽ ഞാൻ വീണ്ടും ഒരു വ്യഭിചാരിണിയായി. വസ്ത്രങ്ങൾക്കും ഭക്ഷണത്തിനും വേണ്ടി ഒരാൾക്ക് കീഴടങ്ങുന്നവളാണല്ലോ യഥാർത്ഥ വ്യഭിചാരിണി. ഞാൻ എല്ലാറ്റിനുപരിയായി സ്‌നേഹിക്കുന്ന നിന്റെ കൈകൾക്കുള്ളിൽ ഞാനെന്നും നിർമ്മലയായിരുന്നു’. ‘രാധയുടെ കത്ത്’ എന്ന കഥയിൽ കാമുകനോട് രാധ പറയുന്ന ഈ വാക്കുകൾ വ്യത്യസ്ത ഈണത്തിലും താളത്തിലും മാധവിക്കുട്ടിയുടെ പല കഥകളിലും മുഴങ്ങികേൾക്കാം. സ്ത്രീപുരുഷ പ്രണയത്തെ വ്യത്യസ്ത വീക്ഷണകോണുകളിലൂടെ പഠനവിധേയമാക്കിയ ഒരെഴുത്തുകാരിയിൽ നിന്നുമാത്രമേ ഇത്തരം തിരിച്ചറിവുകൾ കഥയിൽ കടന്നുവരികയുള്ളു. ‘‘പ്രേമം പനിനീർപ്പൂവല്ലേ, മനസ്സിൽ കാമവും പ്രണയവുമില്ലാത്തവരാണ്. അങ്ങനെയുള്ളവർ ജഡങ്ങളല്ലേ. എനിക്ക് ജീവനുള്ളപ്പോൾ ജഡമാകാൻ വയ്യ’’

            പുരുഷന്റെ കാമക്രീഡകളേയും കാമാധിഷ്ഠിതമായ ചേഷ്ടകളേയും ശരീരകേന്ദ്രിതമായ സ്‌നേഹത്തെയും പരിഹസിക്കാനുള്ള ത്രാണി പ്രകാശിപ്പിക്കുന്നത് കേരളത്തിൽ സ്ത്രീപക്ഷ ചിന്തകൾ ശക്തി പ്രാപിക്കുന്നതിന് വളരെ മുമ്പാണ്. സമൂഹം അംഗീകരിച്ച സദാചാരത്തിന്റെ അടിത്തറ സ്ത്രീശരീരമായതുകൊണ്ട് അതിനെ ധിക്കാരപൂർവ്വം അനാവരണം ചെയ്യാനും ബോധപൂർവ്വം നിഷേധിക്കാനുമുള്ള പ്രവണത മാധവിക്കുട്ടിയുടെ രചനകളിലുണ്ട്. മാധവിക്കുട്ടി ഒരു സ്യൂഡോഫെമിനിസ്റ്റിന്റെ മുഖംമൂടി എടുത്തണിയുന്നില്ല. ഫെമിനിസ്റ്റാണോ എന്ന ചോദ്യത്തിന്, ‘‘അങ്ങനെയാകാനാഗ്രഹമില്ല. ഫെമിനിസ്റ്റുകൾ സ്ത്രീത്വം നഷ്ടപ്പെട്ട് പരുക്കനാകും. സ്ത്രീകൾക്ക് സ്ത്രീത്വം നഷ്ടപ്പെട്ടാൽ പിന്നെ പ്രകൃതിയുണ്ടോ?’’ എന്നായിരുന്നു കഥാകാരിയുടെ മറുപടി. ഇതേ കാപട്യമില്ലായ്മയാണ് അവരുടെ സർഗ്ഗാത്മകവ്യക്തിത്വത്തിന്റെ അടിത്തറ. ‘‘പെണ്ണിനെ പെണ്ണാക്കുന്ന അവയവങ്ങൾ കൊണ്ടല്ല താൻ രചന നിർവ്വഹിക്കുന്നതെന്നും അതിനാൽ തന്റെ എഴുത്തിന് പെണ്ണെഴുത്തെന്ന് വിളിക്കേണ്ടതില്ലെ’’ന്നും അവർ ധീരമായി പ്രഖ്യാപിക്കുന്നു.

            പൊതുവിൽ കാണപ്പെടുന്ന സദാചാരനിയമങ്ങളുടെ അസ്തിവാരം നശ്വരമായ ശരീരമായിരിക്കെ, തന്റെ സദാചാരനിയമങ്ങളുടെ തറക്കല്ല് ഹൃദയവും പ്രേമവുമാണെന്ന് കഥകളിലൂടെ മാധവിക്കുട്ടി തെളിയിച്ചു. അതുകൊണ്ടാണ് പെൺകുട്ടികൾ തമ്മിലും ചേതോഹരമായ പ്രേമം ജനിക്കാമെന്ന് അവർ തിരിച്ചറിഞ്ഞതും ആ അറിവിന്റെ വെളിച്ചത്തിൽ ‘ചന്ദനമരങ്ങൾ’ എന്ന കഥയെഴുതിയതും. സ്വവർഗ്ഗരതിയായാലും ലൈംഗികസംഘർഷങ്ങളായാലും അതിന് ഒരു സാമൂഹ്യ - സാംസ്‌കാരിക അടിത്തറ വേണമെന്ന് മാധവിക്കുട്ടിയിലെ കഥാകാരി വാശി പിടിക്കുന്നു. കേരളത്തിൽ ജനിച്ച് പരസ്പരം സ്‌നേഹിച്ചും കലഹിച്ചും വളർന്ന കല്ല്യാണിക്കുട്ടിയും ഷീലയും തമ്മിലുള്ള അപൂർവ്വബന്ധം ‘ചന്ദനമരങ്ങളി’ൽ നാം വായിക്കുമ്പോൾ അവരുടെ സാമൂഹ്യസാംസ്‌കാരികബന്ധവും തെളിഞ്ഞുവരുന്നു.

            ഭർത്താവിനുവേണ്ടി ത്യാഗങ്ങൾ സഹിച്ചും സംതൃപ്തയാണെന്ന് മറ്റുള്ളവരെ വിശ്വസിപ്പിച്ചും സ്വപ്നങ്ങൾ നഷ്ടപ്പെടുത്തുന്ന സ്ത്രീജീവിതം നോക്കി തന്റെ കഥകളിലൂടെ മാധവിക്കുട്ടി ചിരിക്കുന്നു. സ്ത്രീ അവളുടെ സ്വാതന്ത്ര്യം ആരുടെ മുന്നിലും തുറന്ന് പ്രഖ്യാപിക്കേണ്ടവളാണ്. മറിച്ച് സ്ത്രീ അവളുടെ പരിമിതികൾക്കകത്തു നിന്നുകൊണ്ട് തന്റേതായ പ്രശ്‌നങ്ങൾ പുറത്തുപറയാതെ കഴിയുന്നത് പുരുഷന്റെ ഇടപെടൽകൊണ്ടു മാത്രമല്ല, നിലവിലുള്ള സദാചാരമൂല്യബോധം സ്ത്രീയെ അപ്രകാരമാക്കിത്തീർത്തിരിക്കുന്നതു കൊണ്ടുമാണ്. സദാചാരത്തിന് അടിമപ്പെട്ടു കഴിയുന്ന സ്ത്രീകൾ അനുഭവിക്കുന്ന ആന്തരികപ്രശ്‌നങ്ങൾ ഒരു സ്ത്രീ ആദ്യമായി സ്മൃതികളിലൂടെയും പ്രതിബിംബങ്ങളിലൂടെയും പറയാൻ ശ്രമിച്ചതും മാധവിക്കുട്ടിയിലൂടെയാണ്. സ്ത്രീയുടെ ജീവിതവും അനുഭവങ്ങളും ശരീരത്തിന്റേയും ആത്മാവിന്റേയും അനുഭവങ്ങളാക്കി മാറ്റാൻ ധൈര്യപ്പെട്ട മാധവിക്കുട്ടി അനുഭവങ്ങളുടെ ആവിഷ്‌ക്കാരത്തിന് വ്യത്യസ്തരീതികൾ സ്വീകരിച്ചു എന്നുമാത്രം. ‘പുരുഷന്റെ ആത്മകഥാരചന കുളം കുഴിക്കുന്നതുപോലെയാണ്. ആഴവും പരപ്പുമുണ്ടതിന്. എന്നാൽ സ്ത്രീയുടെ രചനയാവട്ടെ കിണർ കുഴിക്കുന്നതുപോലെയാണ്. പരപ്പുണ്ടാവില്ലെങ്കിലും ഹൃദയത്തിന്റെ ആഴങ്ങളിലേക്കാണ് അത് നീളുന്നത്.....’ എന്നിങ്ങനെ തുടരുന്ന സ്വതന്ത്രനിലപാട് പുലർത്തിയുള്ള അവരുടെ ആത്മകഥാരചനയിലൂടെ, അനാവരണം ചെയ്യപ്പെടേണ്ട സ്ത്രീയുടെ രഹസ്യലോകത്തിന് പൊതുധാരയിൽ ഇടം പിടിച്ചെടുക്കുകയായിരുന്നു അവർ.

            ബന്ധവ്യവസ്ഥകളാൽ നിയന്ത്രിക്കപ്പെടുന്ന ഒന്നല്ല യഥാർത്ഥ പ്രണയം എന്ന് മാധവിക്കുട്ടി വിശ്വസിക്കുന്നു. ശുദ്ധമായ ഇത്തരം പ്രണയത്തെയാണ് മാധവിക്കുട്ടി തന്റെ കൃതികളിലൂടെ തെളിച്ചുകാണിക്കുന്നത്. മാധവിക്കുട്ടിയുടെ പല കഥകളും സ്ത്രീയുടെ ഭർത്തൃനിഷേധത്തെയും പരപുരുഷ ബന്ധങ്ങളെയും കുറിച്ച് പറയുന്നവയാണ്. ദാമ്പത്യത്തിന്റെ നാലുകെട്ടിലൊതുങ്ങാതെ പുറത്തുചാടുന്നവരാണ് മാധവിക്കുട്ടിയുടെ പ്രണയകഥകളിലെ നായികാനായകന്മാർ. ഭർത്തൃമതിയായ സ്ത്രീയ്ക്ക് അന്യപുരുഷനോടും സഭാര്യനായ ഒരാൾക്ക് അന്യസ്ത്രീയോടും ഉണ്ടാകുന്ന പ്രണയബന്ധങ്ങളിലൂടെ പ്രകൃതിയുടെ നൈസർഗ്ഗികതയ്‌ക്കൊത്ത പ്രണയസങ്കല്പം അവതരിപ്പിക്കുകയാണ് മാധവിക്കുട്ടി. സാമൂഹിക നിയമങ്ങളുടെയും സദാചാര സങ്കല്പങ്ങളുടെയും ചുറ്റുപാടിൽ ഉത്തരം കണ്ടെത്താനാകാത്ത പ്രശ്‌നങ്ങളാണ് അവർ അതിലൂടെ ഉന്നയിക്കുന്നത്. അനുരാഗവും വിവാഹജീവിതവും രണ്ടാക്കിത്തിരിക്കണമെന്ന് നിശ്ചയിക്കുന്ന സ്ത്രീകഥാപാത്രങ്ങളിലൂടെ പ്രണയത്തിന്റെ വഴിയും ദാമ്പത്യത്തിന്റെ വഴിയും വ്യത്യസ്തമാണെന്ന് പ്രഖ്യാപിക്കുകയാണ് മാധവിക്കുട്ടി.

            ബലാത്ക്കാരത്തിനൊരുങ്ങിയവനോടു കാമം തോന്നുകയും അയാളെ കാമുകനാക്കി മാറ്റുകയും ചെയ്യുന്ന ‘അമൃത’യുടെ കഥയാണ് ‘സൂര്യൻ’. സ്വശരീരത്തിന്റെ മാനം കാക്കാൻ ആത്മഹത്യയോ കൊലപാതകമോ ഏതാണ് മാർഗ്ഗം എന്ന് ‘ആദർശവനിത’കളെപ്പോലെ ആലോചിക്കുന്നതിനു പകരം അവൾ ആലോചിച്ചതാണിത്: ഒരിക്കൽ ചാമ്പലായിത്തീരുകയോ അല്ലെങ്കിൽ പുഴുക്കളുടെ ഭക്ഷണമായിത്തീരുകയോ ചെയ്യാൻ പോകുന്ന ഈ ശരീരത്തിന്റെ മാനം അത്രത്തോളം വിലപിടിച്ചതാണോ? ഒരു കഥാപാത്രത്തിന്റേതാണെങ്കിലും ഈ ചിന്ത, ഒരു ജീവിതദർശനത്തിന്റെ നിലവിലുള്ളതിനു വിപരീതമായ ഒരു ജീവിതസമീപനത്തിന്റെ സൂചകം കൂടിയാണ്, ‘‘സ്‌നേഹം തോന്നാത്തവരോട്, ബഹുജനങ്ങളാൽ അംഗീകൃതമായ കർത്തവ്യത്തിന്റെ പേരിൽ വിധേയത കാട്ടുന്നതല്ല സദാചാരം; സ്‌നേഹം തോന്നുന്നവരോട് വിധേയത പുലർത്തുന്നത് ദുരാചാരവുമല്ല’’ - എന്ന സമീപനം അന്നുവരെയുണ്ടായിരുന്ന സ്‌ത്രൈണജീവിത ദർശനത്തിൽ നിന്ന് വിഭിന്നമായിരുന്നു. ശാരീരികമായി ബന്ധപ്പെടുന്നത് ഒരാളോടു മാത്രമെന്ന വ്രതത്തിൽ ഉറച്ചുനിൽക്കുകയും മനസ്സ് കൊണ്ട് മറ്റൊരാളെ ആരാധിക്കുകയും ചെയ്യുന്ന സ്ത്രീകഥാപാത്രങ്ങളെ പതിവ്രതകൾ എന്നും പുരുഷകഥാപാത്രങ്ങളെ ഏകപത്‌നീവ്രതക്കാർ എന്നും വിശേഷിപ്പിക്കുന്നതിൽ വൈരുദ്ധ്യമുണ്ടെന്ന് കഥാകാരി തുറന്നുപറഞ്ഞു.

            ‘‘രതിനിത്യമൊരാൾക്കൊരാളിലായ്

            സ്ഥിതിചെയ്കിൽ, സഖി പെണ്ണിനാണിനും

            അതിലും വലുതില്ലഹോ വ്രതം’’ എന്ന് കുമാരനാശാന്റെ ലീല പറയുമ്പോൾ തെളിയുന്ന ധ്വനി, മനസ്സുകൊണ്ട് മദനനെ മാത്രം പ്രണയിക്കുമ്പോഴും ശാരീരികമായി മറ്റൊരാളോടു ബന്ധപ്പെടേണ്ടി വന്നതിലെ വ്രതഭംശത്തിലുള്ള തീരാവ്യഥ തന്നെയാണ്. ഇത്തരം മാനസികസംഘർഷങ്ങളെ കൂസലില്ലാതെ ചോദ്യം ചെയ്യുന്ന കഥകളാണ് മാധവിക്കുട്ടി രചിച്ചത്.

            വിവാഹബാഹ്യമായ പ്രേമത്തിന്റെ കഥകളിൽ ‘ചതുരംഗം’, ‘നുണകൾ’, ‘പരുന്തുകൾ’, ‘തരിശുനിലം’, ‘സൂര്യൻ’, ‘അരുണയുടെ സത്കാരം’, ‘തണുപ്പ്’, ‘കാലൊച്ച’, ‘ചന്ദ്രന്റെ ഇറച്ചി’, ‘ഇടനാഴികളിലെ കണ്ണാടികൾ’, ‘സ്വതന്ത്രജീവികൾ’, ‘പാതിവ്രത്യമെന്ന സമസ്യ’, ‘രാധയുടെ കത്ത്’, ‘വരലക്ഷ്മീപൂജ’, ‘പുഴ വീണ്ടും ഒഴുകി’... ഇങ്ങനെ ഒട്ടേറെയുണ്ട്. ‘രാത്രിയിൽ’ എന്ന കഥയിലെ സുമതി ആലോചിക്കുന്നത് ഞാൻ തെറ്റായ വഴിയിലൂടെ പോയിട്ടുണ്ട്. പക്ഷേ എന്തുകൊണ്ട് ശരിയായ വഴിയുടെയടുത്ത് മറ്റ് വഴികളുണ്ടായി? എന്നാണ്. കാമനിയന്ത്രണത്തിന് അശക്തമായ മനസ്സ് വ്യക്തിയിൽ പ്രതിഷ്ഠിക്കുന്ന നിയതിയോ ആ മനസ്സിന്റെ കഠിനഭാരം നിസ്സഹായതയോടെ പേറുന്ന വ്യക്തിയോ ആരാണ് കുറ്റം ചെയ്യുന്നതെന്ന് കഥാകാരി ചോദിക്കുന്നു. ‘ഉച്ച’യിലെ ശാരദ, തന്നെ ‘കേടുവരുത്തിയ’വൻ രണ്ടാമതും വന്നപ്പോൾ അയാളെ ഇടിച്ചുതൊഴിച്ച് ഓടിച്ചു. എന്നാൽ എല്ലാം അറിഞ്ഞുകൊണ്ട് അവളെ സ്‌നേഹിക്കുന്ന ഭർത്താവിനോട് അവൾക്ക് ഈർഷ്യയും തോന്നി. ആർജ്ജവമുള്ള സ്ത്രീമനസ്സിനുടമയായി ഇവിടെ ശാരദ മാറുന്നു.

            മാധവിക്കുട്ടിക്കഥകളിൽ പാരമ്പര്യനിഷേധം ഏറ്റവും കൂടുതൽ പ്രകടമാകുന്നത് ലൈംഗികബന്ധങ്ങളുടെ പ്രതിപാദ്യത്തിലാണ്. വഴിവിട്ട ലൈംഗികബന്ധങ്ങളും അപഥസഞ്ചാരങ്ങളും അവരുടെ കഥകളിൽ ധാരാളമുണ്ട്. എന്നാൽ ഇവ കേവലം സുഖാന്വേഷണത്തിന്റെ ഭാഗമല്ലെന്നും അവഗണനയുടെ കീഴ്ത്തട്ടിൽനിന്നും സ്‌നേഹത്തിന്റെയും പരിഗണനയുടേയും തണൽ തേടിയുള്ള യാത്രയുടെ ഭാഗമാണെന്നും മനസ്സിലാക്കുമ്പോൾ മാത്രമേ മാധവിക്കുട്ടിയുടെ സ്ത്രീകഥാപാത്രങ്ങൾ തീക്ഷ്ണമായ സ്വത്വബോധത്തിന്റെ ഉടമകളാണെന്ന തിരിച്ചറിവ് നമുക്കുണ്ടാവുകയുള്ളൂ. സ്‌നേഹത്തേയും ലൈംഗികതയേയും സംബന്ധിച്ച് യാഥാസ്ഥിതികമായ സ്ത്രീയുടെ ഇച്ഛകൾക്കും ചോദനകൾക്കും പലപ്പോഴും പ്രാധാന്യം കല്പിക്കപ്പെടാറില്ല. കുടുംബം എന്ന സ്ഥാപനത്തിന്റെ ചട്ടക്കൂടിനുള്ളിൽ പുരുഷൻ അനുഭവിക്കുന്ന പല പ്രത്യേകാവകാശങ്ങളും സ്ത്രീക്ക് ലഭ്യമല്ല. സ്ത്രീയിൽ നിന്ന് ലൈംഗികസദാചാരം ആവശ്യപ്പെടുന്ന പുരുഷൻ പലപ്പോഴും അത് സ്വന്തം ജീവിതത്തിൽ പാലിക്കാറുമില്ല. ഈ ഇരട്ടത്താപ്പിനെതിരെയുള്ള പ്രതിഷേധം എന്ന നിലയിലാണ് പലപ്പോഴും മാധവിക്കുട്ടിയുടെ സ്ത്രീകഥാപാത്രങ്ങൾ വിവാഹേതര ലൈംഗികബന്ധങ്ങളിലേയ്ക്ക് നീങ്ങുന്നത്.

            ‘ലോകം ഒരു കവയിത്രിയെ നിർമ്മിക്കുന്നു’ എന്ന കഥയിലെ ഭർത്താവിന് എങ്ങനെയാണ് തന്റെ കുലീനയായ ഭാര്യയോട് പെരുമാറേണ്ടതെന്ന് അറിയാത്ത അവസ്ഥയാണ്. ‘ഞാൻ നിങ്ങളുടേതാണ്’ എന്ന് അവർ ഇടയ്ക്കിടെ ഭർത്താവിനോട് പറഞ്ഞുകൊണ്ടിരുന്നെങ്കിലും അയാൾക്ക് ആ വാക്കുകളിൽ നിന്ന് യാതൊരു സന്തോഷവും പെറുക്കിയെടുക്കാനാകുന്നില്ല. അവൾ സ്‌നേഹത്തെ ഒരു സുഗന്ധമെന്നപോലെ കിടപ്പുമുറിയിലേക്ക് കൂട്ടിക്കൊണ്ടു ചെന്നെങ്കിലും അയാൾ തനിക്ക് എന്താണ് വേണ്ടതെന്ന് കൂടി മറന്നുപോവുകയാണുണ്ടായത്. ‘എനിക്ക് സ്‌നേഹം കാട്ടിക്കൊണ്ടു നടക്കുവാൻ അറിയില്ലെ’ന്ന് അയാൾ പ്രതികരിച്ചതിനുശേഷമാണ് അവളും കേടുവരാൻ തുടങ്ങിയത്. ലാളനകൾ ഏൽക്കുവാൻ വേണ്ടി മാത്രമാണ് കുറച്ചു ദിവസങ്ങൾ മാത്രം നീണ്ടുനിൽക്കുന്ന, കുറച്ചു മണിക്കൂറുകൾ മാത്രം നിലനിൽക്കുന്ന, താണതരം സ്‌നേഹമാണെന്നറിഞ്ഞിട്ടും അവൾ അതിനെല്ലാം മുതിർന്നതും. സ്ത്രീയിലെ വ്രണിതമോഹങ്ങളും സ്‌നേഹിക്കപ്പെടാനുള്ള അദമ്യമായ ഇച്ഛയുമാണ് ഇവിടെ കഥാനായികയെ കേടുവരുത്തുന്നത്.

            സ്ത്രീശരീരത്തെ ഒരു ലൈംഗികോപകരണമായി മാത്രം കാണുകയും അവളുടെ ലൈംഗികതയ്‌ക്കെതിരെ മുഖം തിരിക്കുകയും ചെയ്യുന്ന സമൂഹത്തിന്റെ വികലദൃഷ്ടിക്കെതിരെയാണ് മാധവിക്കുട്ടിയുടെ സ്ത്രീകൾ പ്രതികരിക്കുന്നത്. വിമോചനവാദിയായ മേരി ഈഗിൾട്ടൺ സൂചിപ്പിച്ചിട്ടുള്ളതുപോലെ സ്‌ത്രൈണയാഥാർത്ഥ്യങ്ങളുടെ സ്വതന്ത്രമായ ആവിഷ്‌ക്കാരം സുഖകരമായ നിയോഗമല്ല, വെല്ലുവിളികൾ നിറഞ്ഞവയാണ്. കാരണം അവൾ ആവിഷ്‌ക്കരിക്കുന്ന ലൈംഗികത സനാതനലൈംഗികതയുമായി ഇടയുന്നതും അവയ്ക്ക് പോറലേല്പിക്കുന്നതുമാണ്. നിലവിലുള്ള പുരുഷാധിഷ്ഠിതവ്യവസ്ഥിതിയിൽ സ്ത്രീയുടെ കർമ്മങ്ങൾ നിയതവും പൂർവ്വനിയോജിതങ്ങളുമാണ്. ഇവയിൽ നിന്നുള്ള വ്യതിചലനം സ്ത്രീത്വത്തിന്റെ ഹനനമായി സമൂഹം വ്യാഖ്യാനിക്കും. പ്രതികരണം, പ്രതിരോധം, ഉല്ലംഘനം എന്നിവ ശക്തമായ അടിച്ചമർത്തലുകൾ ക്ഷണിച്ചുവരുത്തുമെന്നറിഞ്ഞുകൊണ്ടുതന്നെ മാധവിക്കുട്ടി തന്നിലെ സർഗ്ഗാത്മകതയെ സാർത്ഥകമായി പ്രയോഗിച്ചു. ‘ലോകം ഒരു കവയിത്രിയെ നിർമ്മിക്കുന്നു’ എന്ന കഥയിൽ ‘നീ എന്താണ് ചിരിക്കാത്തത്?’ എന്ന ഭർത്താവിന്റെ ചോദ്യത്തിൽ കഥാനായിക ധീരമായി പ്രതികരിച്ചത്, ‘ഒന്നിച്ചു ജീവിക്കുമ്പോൾ നാട്യങ്ങളാവശ്യമില്ല’ എന്നാണ്. വൈരുദ്ധ്യപൂർണ്ണമായ ദാമ്പത്യത്തിൽ സ്ത്രീയ്ക്ക് ഇങ്ങനെയേ പ്രതികരിക്കാനാകൂ.

            പരസ്പരം വെറുത്തും മത്സരിച്ചും കീഴടക്കിയും അനേകവർഷങ്ങൾ നീളുന്ന ദാമ്പത്യഗാഥകൾ വാസ്തവത്തിൽ എത്രയോ സ്‌നേഹരഹിതങ്ങളാണ് എന്ന സത്യം ഈ കഥകൾ മറയില്ലാതെ തുറന്നുകാട്ടുന്നു. ഭർത്തൃവഞ്ചന, അഗമ്യഗമനം തുടങ്ങിയ വാക്കുകൾ പാശ്ചാത്യന്റെ പദാവലിയിൽ വലിയ സ്ഥാനം പിടിക്കാത്തത്, ആ നാടുകളിൽ ദാമ്പത്യം ആരേയും ശ്വാസം മുട്ടിക്കാത്തതുകൊണ്ടാണ്. തങ്ങളുടെ കിടപ്പറയിൽ നിന്ന് സ്‌നേഹം കുടിയൊഴിഞ്ഞുപോയി എന്ന് തിരിച്ചറിയുന്ന നിമിഷം അവർ പരസ്പരം കൈകൊടുത്ത് പിരിഞ്ഞുപോകുന്നു. സത്യസന്ധമായ ഈ വൈകാരിക പ്രകടനം നമുക്ക് ദഹിക്കുകയില്ല. കപടസദാചാരത്തിന്റെ മുഖംമൂടിക്കു പിന്നിൽ മനസ്സിന്റെ വൈരൂപ്യങ്ങളെ മറച്ചുവച്ചു നടക്കാനാണ് നമുക്ക് താല്പര്യം. ഈ സത്യത്തെ തന്റെ കഥകളിലൂടെ വിളിച്ചുപറഞ്ഞ എഴുത്തുകാരിയെ പാരമ്പര്യനിഷേധിയെന്ന് അധിക്ഷേപിക്കുന്നത് കപടസദാചാരത്തിന്റെ ഗുണഭോക്താക്കളുടെ ആവശ്യമായിരുന്നു.

            സ്ത്രീയുടെ സാമൂഹികദൈന്യങ്ങളല്ല, വൈകാരികയാതനകളാണ് മാധവിക്കുട്ടി കഥകളാക്കി മാറ്റിയത്. ദാമ്പത്യത്തിലേയും പ്രണയത്തിലെയും സ്ഥാപിതധാരണകളെ നിഷേധിയെപ്പോലെ തകിടം മറിച്ച മാധവിക്കുട്ടി ഈ കലാപത്തിന് തന്നെത്തന്നെ ആയുധമാക്കുകയും സ്‌നേഹാർദ്രതയുടെ മാനം നൽകുകയും ചെയ്തു. വിരസവും അപമാനിതവുമായ ദാമ്പത്യത്തിന്റെ ഭാരം ചുമന്നുകൊണ്ടുതന്നെ പരപുരുഷന്മാരിൽ താൻ വിശ്വസിക്കുന്ന സ്‌നേഹം തേടുന്ന സ്ത്രീയെ മാധവിക്കുട്ടി കഥകളിൽ കാട്ടിത്തന്നത് തന്റെ കലാപത്തിന് സ്വയം ആയുധമാക്കിത്തീർന്നുകൊണ്ടാണ്. ഒളിവും മറയുമില്ലാതെ സ്വയം കഥാപാത്രമായി മാറിക്കൊണ്ട് നാം പാലിച്ചുപോന്നിരുന്ന കപടമാന്യതയ്ക്കും സദാചാരബോധത്തിനും നേരെയുള്ള നിശിതായുധമായി ഈ കഥാകാരി നിലകൊണ്ടു. ഇത്രയും നിർവ്യാജവും ചങ്കൂറ്റം നിറഞ്ഞതുമായ ആത്മബലി നടത്തി, സ്വയം ആയുധമായി മാറിക്കൊണ്ട് കഥയിൽ മാധവിക്കുട്ടി സൃഷ്ടിച്ച കലാപത്തിന്റെ സ്വരം സ്‌നേഹാർദ്രതയുടേതായിരുന്നു. താൻ വിശ്വസിക്കുന്ന സ്‌നേഹവിശുദ്ധി പുരുഷനിൽ തേടുകയും മുറിവുകളും അപമാനങ്ങളും ഏറ്റുവാങ്ങിത്തളരുമ്പോഴും സ്‌നേഹത്തെ അന്വേഷിക്കാൻ വെമ്പുകയും ചെയ്യുന്ന സ്ത്രീ മനസ്സിലെ ആർദ്രഭാവങ്ങൾ ഈ കഥാകാരിയുടെ കലാപത്തിൽ തെളിഞ്ഞുനിന്നു.

            മാധവിക്കുട്ടിക്കഥകളിലെ പ്രണയാതുരയായ സ്ത്രീ ഒരേസമയം സ്‌നേഹമയിയും പ്രയോഗികമതിയുമാണ്. പുരുഷന്റെ സ്‌നേഹശൂന്യതയിൽ അതൃപ്തിയനുഭവിക്കുമ്പോഴും അവൾ സ്വതന്ത്ര്യവ്യക്തിത്വത്തിനുടമയാണ്. സ്ത്രീ അനുഭവിക്കുന്ന സാമൂഹിക പരാധീനതയെന്ന യാഥാർത്ഥ്യത്തിന്റെ നിലപാടുതറയിൽ നിന്നുകൊണ്ട് ശരീരികമായും ബൗദ്ധികമായും വൈകാരികമായും വിമോചിതയാകുന്ന സ്ത്രീയെക്കുറിച്ചുള്ള സങ്കല്പം അവരാവിഷ്‌കരിച്ചിരിക്കുന്നു. സ്വന്തം വ്യക്തിത്വത്തിന് അംഗീകാരമോ അനുഭാവപൂർണമായ സഹകരണമോ പുരുഷനിൽ നിന്ന് ലഭിക്കാതെവരുന്ന സാഹചര്യമാണ് സ്ത്രീജീവിതത്തെ സങ്കീർണ്ണമാക്കുന്നത് എന്ന തിരിച്ചറിവാണ് ഇതിൽ പ്രധാനം. പുരുഷന്റെ യജമാനഭാവവും സ്വാർത്ഥതാൽപര്യങ്ങളും അനുഭവിക്കാൻ വിധിക്കപ്പെടുന്ന സ്ത്രീമനസ്സുകളിലെ അസംതൃപ്തമായ ലൈംഗികചോദനകളാണ് അവരിലെ വ്യക്തിത്വത്തെ അത്യന്തം പ്രക്ഷുബ്ധമാക്കുന്നതെന്ന കാഴ്ചപ്പാടിലാണ് മാധവിക്കുട്ടി എത്തിച്ചേർന്നത്. അതുകൊണ്ടുതന്നെയാണ് ഏത് പ്രതികൂലാവസ്ഥകളോടും മല്ലടിച്ചുകൊണ്ട് ജീവിതത്തിലെ സഹജവാസനകളിലൊന്നായ പ്രണയത്തോട് മാധവിക്കുട്ടിയുടെ സ്ത്രീകഥാപാത്രങ്ങൾ അങ്ങേയറ്റം നീതി പുലർത്തുന്നതും. പുരുഷൻ പുരുഷത്വത്തോടും സ്ത്രീ സ്ത്രീത്വത്തോടും വൈകാരികമായ സത്യസന്ധത പുലർത്തുക എന്നത് ജന്മവാസനകളുടെ ലോകത്തിലെ സദാചാരമായിരിക്കേ, ഈ സദാചാരത്തെ തന്റെ കഥകളിലൂടെ ആവിഷ്‌കരിക്കുക വഴി സമൂഹ മനസ്സിലെ കപടസദാചാരത്തെ വെല്ലുവിളിക്കുക കൂടിയാണ് മാധവിക്കുട്ടി ചെയ്തത്.

            തന്റെ സ്വാതന്ത്ര്യസങ്കല്പത്തിനു വിലങ്ങു തടിയായി നിൽക്കുന്ന സാമൂഹികനിയമങ്ങളോടുള്ള പ്രതിഷേധമാണ് മാധവിക്കുട്ടിയുടെ നിഷേധവാസനയ്ക്ക് പിന്നിലുള്ളത്. മനുഷ്യന്റെ മൗലികവാസനകളേയും വ്യക്തിത്വത്തെത്തന്നെയും അടിച്ചമർത്താനാണ് സമൂഹവും ലോകവും നിർബന്ധിക്കുന്നത്. അനിഷ്ടകരമായ ബന്ധങ്ങളിലേക്ക് മനുഷ്യനെ തള്ളിവിടുന്നതും അവന്റെ അഭിലാഷങ്ങളെ നിയന്ത്രിക്കുന്നതും സാമൂഹികനിയമങ്ങളാണ്. സമുദായം കാപട്യങ്ങളെ പ്രോത്സാഹിപ്പിക്കുന്നുവെന്ന തിരിച്ചറിവ് സമുദായത്തിന്റെ അനുശാസനങ്ങളെ ധിക്കരിക്കാൻ മാധവിക്കുട്ടിയെ പ്രേരിപ്പിക്കുന്നു. മനുഷ്യസഹജമായ വികാരങ്ങളെ സ്വച്ഛന്ദമായും സ്വതന്ത്രമായും ആസ്വദിക്കാൻ സമുദായം വ്യക്തിയെ അനുവദിക്കുന്നില്ല. തന്റെ വൈകാരികദാഹങ്ങൾ ആരെങ്കിലും തുറന്നുപറയാനൊരുമ്പെട്ടാൽ അവനെ വൃത്തികെട്ടവനായി ചിത്രീകരിക്കാനാണ് സമുദായത്തിന് തിടുക്കം. എന്നാൽ വൃത്തികെട്ട വികാരങ്ങളെ മനസ്സിലൊതുക്കിപ്പിടിക്കുന്നവന് മാന്യതയുടെ പരിവേഷം ലഭിക്കുകയും ചെയ്യുന്നു. ഈ വൈരുദ്ധ്യത്തെ അംഗീകരിക്കാൻ മാധവിക്കുട്ടി തയ്യാറല്ല. ദാമ്പത്യനിരാസത്തിലൂടെയും ഭർത്തൃനിഷേധത്തിലൂടെയുമൊക്കെ സമുദായത്തിന്റെ അത്തരം കപടവ്യവസ്ഥകളെ വെല്ലുവിളിക്കുകയാണ് മാധവിക്കുട്ടി ചെയ്യുന്നത്. എന്നാൽ ഈ ഭർത്തൃനിഷേധവും പരപുരുഷബന്ധവുമെല്ലാം സ്വജീവിതത്തിൽ അവർ നേരിട്ട് നിർവ്വഹിച്ചതാണൈന്ന് അർത്ഥമില്ല. സമുദായത്തിന്റെ അനുശാസനങ്ങളെ സ്വജീവിതത്തിൽ എതിർക്കാൻ കഴിയാത്തതുകൊണ്ട് ഭാവനയിലൂടെ - ഇരട്ടവ്യക്തിത്വത്തിലൂടെ എതിർക്കുകയാണ് അവർ ചെയ്തത്. തന്നെത്തന്നെ ഒരു ഉപാധിയാക്കിക്കൊണ്ട് അപഥസഞ്ചാരിണിയായി സ്വയം ചിത്രീകരിച്ചുകൊണ്ട് സമുദായത്തിന്റെ കപടവിശ്വാസങ്ങളെ ആക്രമിക്കുകയായിരുന്നു മാധവിക്കുട്ടി. സമുദായത്തിൽ സദാചാരവ്യവസ്ഥയെത്തന്നെ പൊളിച്ചെഴുതണമെന്നതാണ് ഈ വൈകാരികധ്വംസനം കൊണ്ട് മാധവിക്കുട്ടി പ്രഖ്യാപിക്കുന്നത്.

ഗ്രന്ഥസൂചി

1.     മാധവിക്കുട്ടി. മാധവിക്കുട്ടിയുടെ കൃതികൾ സമ്പൂർണ്ണം, വോള്യം - ഒന്ന്, ഡി.സി. ബുക്‌സ്, കോട്ടയം, 2009.

2.     ശാരദക്കുട്ടി, എസ്. പെൺവിനിമയങ്ങൾ, ഡി.സി. ബുക്‌സ് കോട്ടയം, 2009 മെയ്.

3.     രവീന്ദ്രൻ, എൻ, കെ. പെണ്ണെഴുതുന്ന ജീവിതം, മാതൃഭൂമി ബുക്‌സ് 2010.

4.     പ്രതാപൻ തായാട്ട് (എഡിറ്റർ). മാധവിക്കുട്ടി: അനുരാഗിണിയുടെ പദചലനങ്ങൾ, ഹരിതം ബുക്‌സ് കോഴിക്കോട്,  2013 മാർച്ച്.

5.     രാജലക്ഷ്മി, ആർ, ബി, ഡോ. സർഗ്ഗഭാവനയുടെ പെൺപക്ഷം. സാഹിത്യപ്രവർത്തക സഹകരണസംഘം, നാഷണൽ ബുക്‌സ് സ്റ്റാൾ കോട്ടയം, 2010 ഡിസംബർ.


 

ഡോ. രമ്യ ആർ.

അസി.പ്രൊഫസർ

മലയാളവിഭാഗം

ശ്രീനാരായണ വനിതാ കോളേജ്

കൊല്ലം

Comments

Rated 0 out of 5 stars.
No ratings yet

Add a rating
No^v F-Un-äÀ
-tUm. em-ep-. hn-v

Ìm^v FUnäÀ
tUm.KwKmtZhn. Fw

ÌpUâv FUn-äÀ
cXojv Fk


ഇഷ്യു എഡിറ്റർ v
ഡോ. അമ്പിളി ആർ.പി.
FUntäm-dnb t_mÀUv 
AwK§Ä
tUm.kPohv IpamÀ Fkv 
tUm. Zo] _n Fkv 
tUm.tkXpe£van Fw Fkv 
-tUm A-¼n-fn- B-À- ]n-
-
ഡോ. ശ്രീലക്ഷ്മി എസ്.കെ
_nµp. F Fw
Pqen F 
a©p sI BÀ
Publishers Name:          
Dr.Lalu.V,
Head of the Department, Department of Malayalam, Govt College for Women, Thiruvananthapuram pin 695014   
Mob:9446457996         
email:gcwmalayalam2023@gmail.com            laluvatl@gmail.com 

Unssk³ & te Hu«vv
cXojv. Fkv

aebmfhn-`m-Kw
kÀ¡mÀ h\nXmtImtfPv 
Xncph\´]pcw

©GCW VAIKNJAANIKA MALAYALAM ONLINE 2024

bottom of page