പ്രണയം…. രണ്ട് വാക്ക്
- GCW MALAYALAM
- Feb 15
- 1 min read
മഞ്ജു കെ.ആർ.

പ്രണയം…... വികാരാനുഭൂതികളിൽ ഏറ്റവും മനോഹരമായത് എന്താണോ അതാണ് പ്രണയം.. പ്രപഞ്ചത്തിലെ അറിയപ്പെടാത്ത നിഗൂഢമായ ഒരു അവസ്ഥ..ആദിജീവജാലങ്ങളിൽ തുടങ്ങി ഇപ്പോഴും തുടരുന്ന ഒരദൃശ്യവളയത്തിനുള്ളിൽ ഒന്നാകുന്ന അവസ്ഥ.. മനസും ശരീരവും ആത്മാവും മാത്രമല്ല ഈലോകമാകെ ഒരൊറ്റ ബിന്ദുവിൽ ചുറ്റുന്ന മധുരം വികാരം. !! ജീവിതത്തിന് മഴവില്ലിൻ വർണ്ണങ്ങൾ വാരി വിതറിയ മനോജ്ഞമായ വികാരം..
ഒരുവനെ മല്ലനേക്കാൾ ബലവാനാക്കാനും പൂവിതളുകളേക്കാൾ തരളിതമാക്കാനും സാധിക്കുന്ന ഒരു അജ്ഞാത ശക്തി…. പ്രായത്തെ മധുരപ്പതിനേഴിൽ കെട്ടിയിടാൻ പ്രേരിപ്പിക്കുന്ന വിചാരം... തിരമാലകൾ കരയോടടുക്കുന്നതും , പൂക്കൾ വണ്ടിനെ വരവേൽക്കുന്നതും രാത്രി പകലിനായ് വഴിമാറുന്നതും പ്രണയം കൊണ്ട് തന്നെ.. ഉത്തരം കിട്ടാത്ത കുറെ ഏറെ ചോദ്യങ്ങൾ ചേർത്ത് വെച്ചുണ്ടാക്കിയ ജീവിതം, കാറ്റിലുലഞ്ഞ പായ്വഞ്ചി പോലെ അത് മുന്നോട്ട് നീങ്ങുമ്പോൾ കലുഷിതമായ മനുഷ്യമനസിനെ നനുത്ത ചെറു സ്പർശം കൊണ്ട് പുളകമണിയിക്കാൻ കഴിയുന്ന അഭൂതപൂർവമായ…. സ്വപ്നതുല്യമായ ഒന്ന്…. പ്രപഞ്ചം പ്രണയം കൊണ്ട് സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. പ്രണയം അനശ്വരമാണ്..
പ്രകൃതിയുടെ ഓരോ സ്പന്ദനവും പ്രണയിക്കാൻ പഠിപ്പിക്കുന്നവയാണ്. ചേമ്പിലക്കുള്ളിൽ പറ്റിച്ചേർന്നിരിക്കുന്ന മഴത്തുള്ളികൾക്കും , സ്വപ്നങ്ങൾക്ക് പൂക്കളുടെ രൂപം കൊടുത്ത് അവയെ പേറി നിൽക്കുന്ന ഗുൽമോഹറിനും മേഘങ്ങൾക്കിടയിൽ വസന്തം സൃഷ്ടിക്കുന്ന മഴവില്ലിനും നമ്മോട് പറയാനുള്ളത് പ്രണയത്തെക്കുറിച്ചാണ്. മഴയും പ്രണയം പോലെ തന്നെ…. പരസ്പരം അലിഞ്ഞു ചേരാൻ കൊതിക്കുന്ന വർക്കിടയിലേക്ക് സ്വയമലിഞ്ഞിറങ്ങുന്നവൾ….. മഴ , കുടക്കീഴിലേക്ക് നനഞ്ഞോടി എത്തിയ പ്രിയപ്പെട്ടവളെ ചേർത്ത് പിടിക്കാൻ പറയുന്നവൻ 'മഴ'.... അവരുടെ സ്വകാര്യങ്ങൾ മറ്റാരും കേൾക്കാതെ ഇരിക്കാനാണ് ഇടയ്ക്കവൾ ആർത്തലയ്ക്കുന്നത്..അവരെ ഒന്നാക്കുന്നതിനു വേണ്ടിയാണ് മാനത്തൂടെ വെള്ളിവേരുകൾ പായിച്ച് അവൾ അട്ടഹസിക്കുന്നത്.. പ്രണയ ത്തിന്റെ ഭാവതീവ്രതയ്ക്ക് മഴയുടെ സൗന്ദര്യമാണ്!!!!
പ്രണയകാലം ആഘോഷങ്ങളുടെ താണ്. അന്ധമായ വിശ്വാസങ്ങളുടേയും ആരാധന യുടേയും കാലം... പ്രണയം നാമോരോരുത്തരുടേയും സ്വകാര്യ സ്വപ്നങ്ങളാണ്.. മനസ്സിലെ മൗനനൊമ്പരത്തെ പ്രണയം എന്ന് തിരിച്ചറിയാൻ കഴിയാത്തവർ... ഉള്ളിലെ പ്രണയം തുറന്നു പറയാൻ കഴിയാതെ വിങ്ങൽ ജീവിതകാലം മുഴുവൻ പേറുന്നവർ…
വാക്കുകൾക്കും വരകൾക്കും വിവരിക്കാൻ കഴിയാത്ത ആരുടേയും മനസ്സിനെ ആർദ്രമാക്കുന്ന പ്രണയം... പ്രണയം എന്ന മനോഹരമായ വൈകാരിക അവസ്ഥയോട് ആൺ-പെൺ ഭേദമില്ലാതെ നാം അലിഞ്ഞു പോകുന്നു എന്നത് തന്നെ ഒരു പ്രഹേളിക ആണ്.. മറ്റ് വികാരങ്ങളെ അപേക്ഷിച്ച് പ്രണയം എന്ന വികാരത്തിന് മാത്രമുള്ള പ്രത്യേകത അവയുടെ ഓർമമ്മകളാണ്.. തിരക്കിട്ട സമയങ്ങളിൽ പ്രതീക്ഷിക്കാതെ കടന്നു വരുന്ന ആ സുഖമുള്ള ഓർമ്മകൾ പലപ്പോഴും നമ്മെ , നഷ്ടബോധങ്ങളിലേക്കോ നഷ്ടപ്പെട്ട സ്വപ്നങ്ങളിലേക്കോ നമ്മെക്കൊണ്ട് എത്തിക്കും….. മുഖത്തേക്ക് ഇറ്റിറ്റു വീഴുന്ന മഴത്തുള്ളികൾ പോലെ നനുത്ത ചില ഓർമ്മകൾ…,. ഓർമ്മകൾക്കെന്തു സുഗന്ധം…………….. എല്ലാവർക്കും പ്രണയദിനാശംസകൾ…
Comentarios