top of page

പാരിസ്ഥിതികാഖ്യാനങ്ങളും മലയാള സിനിമയും

ചലച്ചിത്രപഠനം

ഡോ. മേരി റീമ

അസ്സി. പ്രൊഫസർ

മലയാളവിഭാഗം

സെൻ്റ് മൈക്കിൾസ് കോളേജ്, ചേർത്തല

വ്യത്യസ്ത സങ്കേതങ്ങളുടെ ഏകീകരണത്തിലൂടെ പ്രേക്ഷകരെ സ്വാധീനിക്കാൻ കഴിയുന്ന ഏറ്റവും മികച്ച കലാമാധ്യമങ്ങളിലൊന്നായി ഇന്ന് സിനിമ മാറിയിരിക്കുന്നു.ദൃശ്യാവിഷ്കാരം,ശബ്ദ സാങ്കേതികത,എഡിറ്റിംഗ് പോലുള്ള ചലച്ചിത്ര സങ്കേതങ്ങൾ തുടങ്ങിയ വൈവിധ്യമാർന്ന ഘടകങ്ങളിലൂടെ സിനിമ കേവലം കാഴ്ചയെന്നതിനപ്പുറം പ്രേക്ഷകരുടെ ചിന്തയെത്തന്നെ സ്വാധീനിക്കാനാവുന്ന വലിയ രാഷ്ട്രീയവും ആശയവുമായി രൂപപ്പെട്ടിട്ടുണ്ട്. " ലോകത്തെക്കുറിച്ചും അതിലെ നമ്മെക്കുറിച്ചുമുള്ള നമ്മുടെ ധാരണകളെ രൂപപ്പെടുത്താൻ സിനിമക്ക് ശക്തിയുണ്ട്" (സ്കോട്ട് മക്ഡൊണാൾഡ്;2012 :15) പാരിസ്ഥിതികപ്രശ്നങ്ങളും ആഘാതങ്ങളും വർധിച്ചുവരുന്ന സാഹചര്യത്തിൽ നമ്മുടെ പാരിസ്ഥിതികാവബോധത്തെ രൂപപ്പെടുത്താനും പുനർനിർണയിക്കാനും സിനിമയെന്ന മാധ്യമത്തെ ഉപയോഗിക്കുന്നത് മനുഷ്യരാശിക്ക് തന്നെ പ്രയോജനകരമാകുന്ന ഇടപെടലായിത്തീരും. ചലച്ചിത്ര സൗന്ദര്യശാസ്ത്രത്തിനപ്പുറം സാമൂഹികപ്രസക്തിയുള്ള പ്രമേയത്തെയും ചലച്ചിത്രാഖ്യാനത്തെയും ലക്ഷ്യമാക്കുന്ന ഇക്കോസിനിമകൾ പ്രസക്തമാകുന്നത് ഈ നിലയിലാണ്. "പാരിസ്ഥിതികാവബോധത്തിനും ആക്ടിവിസത്തിനുമുള്ള ശക്തമായ ഉപകരണമാകാൻ സിനിമയ്ക്ക് കഴിയും;അത് വിമർശനാത്മകമായും ചിന്തപൂർവ്വമായും ഉപയോഗിക്കേണ്ടതാണ് "( നികോൾ സ്റ്റാറോസിൽസ്കി ; 2015:178)


സിനിമയും പാരിസ്ഥിതികാവബോധവും

ഡോക്യുമെൻ്ററി സിനിമകളിലാണ് സങ്കീർണമായ പാരിസ്ഥിതിക പ്രശ്നങ്ങൾ ചർച്ച ചെയ്യുന്ന പ്രമേയങ്ങൾ സാധാരാണ വിഷയമാകാറ്. കാലാവസ്ഥാ വ്യതിയാനം, വികസനം കൊള്ളുള്ള പരിസ്ഥിതിപ്രശ്നങ്ങൾ, മത്സ്യത്തൊഴിലാളികളുടെ ജീവിതം,വന്യജീവി -മനുഷ്യ സംഘർഷങ്ങൾ, പ്രകൃതി ദുരന്തങ്ങൾ തുടങ്ങിയവ പ്രമേയമാകുന്ന മികച്ച ഡോക്യുമെൻ്റ്രികൾ ഇന്ത്യയിലുണ്ടാവുന്നുണ്ട്. 'നോട്ട് ജസ്റ്റ് റോഡ് ' എന്ന സിനിമ വികസനം കൊണ്ടുവരുന്ന പാരിസ്ഥിതിക പ്രശ്നങ്ങളെ സൂക്ഷ്മമായി അടയാളപ്പെടുത്തുന്നു. ഡോക്യുമെൻ്റ്രികളുടെ പൊതുസ്വഭാവം കണക്കിലെടുക്കുമ്പോൾ ഇത്തരം സാമൂഹ്യ പ്രസക്തമായ പ്രമേയങ്ങൾക്കും ഗൗരവപ്പെട്ട ആഖ്യാനങ്ങൾക്കും അസ്വാഭാവികതയില്ല. എന്നാൽ പ്രേക്ഷകരുടെ അഭിരുചിയും വർധിച്ച ചെലവും പിന്നീടുള്ള ലാഭവും വിജയവുമെല്ലാം കണക്കിലെടുക്കുന്നത് കൊണ്ട് സിനിമയിൽ ഇത്തരം പ്രമേയങ്ങൾ പൊതുവെ അപൂർവ്വമാണ്. 'അവതാർ'പോലെ വിരലിലെണ്ണാവുന്ന സിനിമകളേ ഇത്തരം മേഖലയിൽ നേട്ടം കൊയ്തുള്ളൂ. എന്നാൽ പാരിസ്ഥിതിക സിനിമകൾ ലക്ഷ്യം വയ്ക്കുന്ന സാമൂഹിക ഉത്തരവാദിത്തം ഈ സിനിമയ്ക്ക് നിറവേറ്റാനായിട്ടുമില്ല.

സിനിമയിൽ ദേശവും പ്രകൃതിയും സൗന്ദര്യാത്മകമായി ആവിഷ്കരിക്കപ്പെടാറുണ്ടെങ്കിലും അനുഭൂതിയുടെ തലത്തിലല്ലാതെ അവബോധമായി രൂപപ്പെടാൻ പാകത്തിന് പാരിസ്ഥിതിക ചിന്ത ആശയതലത്തിൽ ആവിഷ്കരിക്കുന്ന സിനിമകൾ താരതമ്യേന കുറവാണ്. കമ്പോള സിനിമകൾക്കാണ് ജനപ്രീതി എന്നതുകൊണ്ടുതന്നെ തിരക്കഥാകൃത്തുക്കളും സംവിധായകരും ഇത്തരം വിഷയങ്ങളുമായി മുന്നോട്ടു വരുമ്പോഴും നിർമ്മാതാക്കൾ മടിക്കുന്നു. എന്നാൽ മലയാളത്തിൽ ഇത്തരം വിഷയങ്ങൾ മികവോടെ ചർച്ച ചെയ്ത ചില സിനിമകൾ ഉണ്ടായിട്ടുണ്ട്. അങ്ങനെ ഈ മേഖലയിൽ ശ്രദ്ധിക്കപ്പെട്ട പത്തോളം സിനിമകളെ അവയുടെ പ്രമേയത്തിൻ്റെ അടിസ്ഥാനത്തിൽ ഈ ലേഖനം ചർച്ച ചെയ്യുന്നു. പരിസ്ഥിതിക്ക് ഭീഷണിയായി മാറിയേക്കാവുന്ന പ്രവർത്തനങ്ങളെയോ പ്രത്യാഘാതങ്ങളെയോ അടയാളപ്പെടുത്തുന്ന സിനിമകളെയും പ്രകൃതിയെ,പരിസ്ഥിതിയെ ആവിഷ്കരിക്കുന്ന, ആഖ്യാനം ചെയ്യുന്ന ചിത്രങ്ങളെയും രണ്ടായി വിഭജിച്ച് വിശകലനം ചെയ്യുന്നു.


I.പാരിസ്ഥിതിക പ്രശ്നങ്ങളുടെയും പ്രത്യാഘാതങ്ങളുടെയും ചലച്ചിത്രാഖ്യാനങ്ങൾ


1. വിഷമയമാവുന്ന ജലാശയവും പ്രതിരോധവും : 'ജലമർമരം '

ബി.ഉണ്ണികൃഷ്ണനും ടി.കെ രാജീവ്കുമാറും കഥയും തിരക്കഥയുമെഴുതി ടി.കെ രാജീവ്കുമാർ സംവിധാനം ചെയ്ത് 1999-ൽ പുറത്തിറങ്ങിയ 'ജലമർമരം' മികച്ച പാരിസ്ഥിതിക ചിത്രത്തിനുള്ള ദേശീയ പുരസ്കാരത്തിനും സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിനും അർഹമായ സിനിമയാണ്. രാധിക സുരേഷ് ഗോപിയും ലത കുര്യൻ രാജീവുമായിരുന്നു ഈ സിനിമയുടെ നിർമാതാക്കൾ.പി. ബാലചന്ദ്രൻ,മാസ്റ്റർ അശ്വിൻ തമ്പി,അനില ശ്രീകുമാർ,ഹാരിസ് തുടങ്ങിയവർ അഭിനയിച്ചു.മാവൂർ റെയോൺസ് ഫാക്ടറിയിൽ നിന്ന് തുടർച്ചയായി പുറതള്ളുന്ന മാലിന്യങ്ങൾ മാവൂർ പുഴയെ മലിനമാക്കുകയും സമീപപ്രദേശങ്ങളിലെ ജനങ്ങളെ ബാധിക്കുകയും ചെയ്തു. ഇതാണ് പ്രമേയം. ഒരു ചെറുപ്പക്കാരൻ്റെ കഥാഖ്യാനമായാണ് സിനിമ പ്രമേയം അവതരിപ്പിക്കുന്നത്. വിഷമുക്തമായ പുഴയ്ക്ക് കാരണമായ കെമിക്കൽ ഫാക്ടറിക്കെതിരെ സമരം ചെയ്ത സ്വന്തം പിതാവ് ഉസ്മാൻ ക്യാൻസർ ബാധിതനായി മരണപ്പെടുമ്പോൾ അതിൻ്റെ കാരണം അന്വേഷിച്ചിറങ്ങുന്ന ചെറുപ്പക്കാരനാണ് മകൻ നിർമ്മൽ.നിർമ്മലിൻ്റെ അന്വേഷണം അവസാനം കെമിക്കൽ ഫാക്ടറിയിലെ മാലിന്യത്തിലേക്കെത്തുന്നു.കെട്ടുകഥകളും ഫാൻറസിയും വർത്തമാനകാല യാഥാർത്ഥ്യങ്ങളും സമ്മേളിക്കുന്ന കഥാപശ്ചാത്തലം സിനിമയിലുണ്ട്.

മനുഷ്യൻ്റെ നിലനിൽപിനെത്തന്നെ ബാധിക്കുന്ന വികസനത്തിനെതിരെയുള്ള പ്രതികരണത്തിൻ്റെ പ്രാധാന്യവും മാലിന്യ പ്രശ്നങ്ങളെ ഗൗരവമായി കണക്കിലെടുക്കേണ്ടതിൻ്റെ അനിവാര്യതയും ബോധ്യപ്പെടുത്തുന്ന സിനിമ പ്രേക്ഷകനിൽ പാരിസ്ഥിതികാഘാതങ്ങളെക്കുറിച്ചുള്ള അവബോധം രൂപപ്പെടുത്തുന്നുണ്ട്. വൻകിട കമ്പനികളും സ്ഥാപനങ്ങളും സാധാരണക്കാരായ പൊതുജനങ്ങളുടെ സ്വൈര്യജീവിതത്തിനും ആരോഗ്യത്തിനും നിലനിൽപിനു തന്നെയും ഭീഷണിയാകുന്നതിൻ്റെ ചലച്ചിത്രാഖ്യാനമെന്ന നിലയിൽ ഈ സിനിമ സാമൂഹിക ഉത്തരവാദിത്തം പുലർത്തുന്നു.ഇന്നും ഇത്തരം പ്രശ്നങ്ങൾക്ക് ഒരു ശാശ്വത പരിഹാരമായിട്ടില്ല. വൻകിട ഫാക്ടറികളിൽ നിന്നു പുറന്തള്ളുന്ന രാസമാലിന്യവും വലിയ ഫ്ലാറ്റ് സമുച്ചയങ്ങളിൽ നിന്ന് ഒഴുക്കിവിടുന്ന മാലിന്യങ്ങളും കൊണ്ട് മത്സ്യകർഷകരുടെ ലക്ഷങ്ങൾ വരുന്നതും ജലാശയങ്ങളിൽ സ്വാഭാവികമായി വളരുന്ന മീനുകളും ചത്തുപൊന്തുന്ന വാർത്തകൾ ദിനപ്പത്രങ്ങളിലെ സ്ഥിരം വാർത്തയാണ്. ഇത്തരം ജലാശയങ്ങളെ ആശ്രയിച്ചു കഴിയുന്ന മനുഷ്യർക്ക് പിടിപെടുന്ന മാറാരോഗങ്ങളെക്കുറിച്ച് ആരും പ്രതികരിക്കാറില്ല.


2.എൻഡോസൾഫാൻ പ്രത്യാഘാതം: ' വലിയ ചിറകുള്ള പക്ഷികൾ'

കേരളത്തിലെ കാസർഗോഡ് ജില്ലയിലെ ഗ്രാമങ്ങളിൽ കശുവണ്ടി മരങ്ങൾക്ക് തളിച്ച എൻഡോസൾഫാൻ കീടനാശിനി മൂലം പ്രദേശവാസികൾ നേരിട്ട രൂക്ഷമായ ആരോഗ്യപ്രശ്നങ്ങളെ വിഷയമാക്കിയ സിനിമയാണ് 2015 ൽ പുറത്തിറങ്ങിയ 'വലിയ ചിറകുള്ള പക്ഷികൾ '. ഡോ. ബിജുകുമാർ ദാമോദരൻ രചനയും സംവിധാനവും നിർവ്വഹിച്ച സിനിമ നിർമ്മിച്ചത് എ.കെ പിള്ളയാണ്. കുഞ്ചാക്കോ ബോബൻ, നെടുമുടി വേണു, സുരാജ് വെഞ്ഞാറമൂട് , സലിം കുമാർ, അനുമോൾ തുടങ്ങിയവർ പ്രധാന വേഷം അവതരിപ്പിച്ചു. എൻഡോസൾഫാൻ ബാധിത മേഖലയിലെ പാരിസ്ഥിതിക പ്രശ്നങ്ങളെയും ആരോഗ്യപ്രശ്നങ്ങളും സിനിമ ചർച്ച ചെയ്യുന്നു. ഫോട്ടോഗ്രാഫറുടെ വീക്ഷണത്തിലൂടെ കീടനാശിനി ഉപയോഗത്തിൻ്റെ പ്രത്യാഘാതങ്ങളാണ് സിനിമ ചിത്രീകരിക്കുന്നത്. പ്രശ്നബാധിത സ്ഥലത്തെത്തിയ ഫോട്ടോഗ്രാഫർ പകർത്തിയ ചിത്രമാണ് എൻഡോസൾഫാൻ ദുരന്തത്തിൻ്റെ ഭീകരത ലോകത്തെ ബോധ്യപ്പെടുത്തിയത്. 2001-ലായിരുന്നു ഇത്. 2006 ൽ വീണ്ടുമെത്തിയപ്പോഴേക്കും അദ്ദേഹം ചിത്രീകരിച്ച പലരം മരണപ്പെട്ടിരുന്നു. 2001 ലെ ഒരു പ്രസ്ഫോട്ടോഗ്രാഫറെ അടിസ്ഥാനമാക്കിയാണ് ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ രൂപപ്പെടുത്തിയത്. കാസർഗോഡ് നടന്ന യഥാർത്ഥ പാരിസ്ഥിതിക പ്രശ്നങ്ങളെക്കുറിച്ച് പഠിച്ച ശേഷമാണ് ഡോ.ബിജു ഈ സിനിമ തയ്യാറാക്കുന്നത്. ഐക്യരാഷ്ട്ര സഭ നിരോധിച്ച എൻഡോസൾഫാൻ പ്രദേശത്ത് തുടങ്ങുന്നതും ജനതിക വൈകല്യങ്ങൾ ഉൾപ്പെടെ തലമുറകൾ ഇതിൻ്റെ അനന്തര ഫലങ്ങൾ അനുഭവിക്കേണ്ടി വരുന്നതും ഇരകൾക്കുണ്ടാവുന്ന മാരകമായ ആരോഗ്യ പ്രശനങ്ങളും അവർക്ക് ചികിത്സയോ സഹായമോ ലഭ്യമാക്കാത്ത അധികാര അവഗണനകളും ഈ ചലച്ചിത്രത്തെ റിയലിസ്റ്റിക്കാക്കുന്നു. കീടനാശിനിയുടെ യഥാർത്ഥ ഇരകൾ തന്നെ സിനിമയുടെ ഭാഗമായി മാറുന്നുണ്ട്. പരിസ്ഥിതി സംരക്ഷണത്തെ അടിസ്ഥാനമാക്കിയ വിഭാഗത്തിൽ ദേശീയ പുരസ്കാരം ഉൾപ്പെടെ ഒട്ടേറെ ശ്രദ്ധേയമായ അവാർഡുകൾ ഈ ചിത്രം നേടി.ഏഷ്യാ പെസഫിക്, വേൾഡ് ഹ്യുമാനിറ്റേറിയൻ , ഇന്ത്യൻ പനോരമ, യുനസ്കോ ഫെല്ലിനാ തുടങ്ങി പല അവാർഡുകളും നേടിയ ഈ ചിത്രം ഇന്ത്യക്കകത്തും പുറത്തും ധാരാളം ഫിലിം ഫെസ്റ്റിവലിലും പ്രദർശനത്തിന് തിരഞ്ഞെടുക്കപ്പെട്ടു.


ഫോട്ടോഗ്രഫർ പകർത്താൻ പ്രയാസപ്പെടുന്ന ആദ്യ ക്ലിക്കിൽ നിന്നാണ് സിനിമ ആരംഭിക്കുന്നത്. പശ്ചാത്തലത്തിൽ വലിയ ചിറകുള്ള പക്ഷിയുടെ (ഹെലികോപ്റ്ററിൻ്റെ) ശബ്ദം. താഴെ ഭീതിയോടെ ചിറകടിക്കുന്ന കോഴികളുടെ മിഡിൽ ആംഗിൾ ഷോട്ടിൽ നിന്നും അടുത്ത ഷോട്ടിൽ ക്യാമറ ഹെലികോപ്റ്ററിൻ്റെ കുഴലുകളിലൂടെ എൻഡോസൾഫാൻ അടിക്കുന്ന ക്ലോസ് അപ് ഷോട്ടിലേക്കും പിന്നീട് കശുമാവിൻ തോട്ടത്തിൻ്റെ ബേർഡ്സ് ഐ വ്യൂ ഷോട്ടിലേക്കും പോകുന്നു. ഇവിടെ ഹൈ ആൻഗിൾ ഷോട്ടിൽ നടന്നു പോകുന്ന കുട്ടികളുടെ മേലേ രാസവിഷം വന്നു വീഴുന്നതായി കാണിക്കുന്നു. തൊട്ടടുത്ത ഷോട്ടിൽ തലവലുതും ഉടൽ ചെറുതുമായ കുട്ടി കിടപ്പു രോഗിയായി കഴിയുന്ന ദൃശ്യമാണ്. സിനിമ മുന്നോട്ടു പോകുമ്പോൾ ഇത്തരം ക്ലേശകരമായ ജീവിതങ്ങളുടെ മനസലിയിപ്പിക്കുന്ന ദൃശ്യങ്ങളാണ്. സിനിമയിൽ ഗ്ലിസറിൻ ഉപയോഗിക്കേണ്ടി വന്നില്ല എന്നും അത്രയേറെ ഹൃദയത്തെ സ്പർശിച്ച അനുഭവങ്ങളായിരുന്നു കൺമുന്നിലെന്നും കുഞ്ചാക്കോബോബൻ ഒരഭിമുഖത്തിൽ പറയുന്നുണ്ട്. ഇത്തരം മാരകമായ വിഷങ്ങൾ കശുമാവിലാണ് പ്രയോഗിച്ചതെങ്കിലും ഒരു പ്രദേശത്താകമാനം ഹെലികോപ്റ്ററിൽ തളിച്ചതിൻ്റെ ഫലമായ് ഒരു ജനത മുഴുവൻ ദുരിതത്തിലായതിൻ്റെ യാഥാർത്ഥ്യം ഒട്ടും സിനിമാറ്റിക്കാവാതെ ഈ സിനിമ ആഖ്യാനം ചെയ്തു.


3. വികസനത്തിൽ ഇടം നഷ്ടപ്പെടുന്നവർ : 'പേരറിയാത്തവർ'

പരിസ്ഥിതി സംരക്ഷണം വിഷയമായി 2014 ൽ ഇറങ്ങിയ ചിത്രമാണ് 'പേരറിയാത്തവർ'.സുരാജ് വെഞ്ഞാറമ്മൂടും ഇന്ദ്രൻസും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ഈ സിനിമ ഡോ. ബിജുവിൻ്റേതാണ്. പുറമ്പോക്കിൽ ജീവിക്കുന്ന അച്ഛൻ്റെയും മകൻ്റെയും ജീവിത പരിസരമാണ് കഥാഭൂമി .വികസനം എങ്ങനെ സാധാരണ മനുഷ്യരെ ബാധിക്കുന്നു എന്ന് നഗരമാലിന്യങ്ങൾക്കിടയിൽ ജീവിതം ജീവിച്ചു തീർക്കാൻ വിധിക്കപ്പെട്ടവരുടെ ചിത്രികരണത്തിലൂടെ അവതരിപ്പിക്കുന്നു. വളരെ ലളിതമായ ചലച്ചിത്ര ഭാഷയിലൂടെ നഗരത്തിൻ്റെ വികസനത്തിനിടക്ക് വിലയില്ലാതായിപ്പോകുന്നവരുടെ ജീവിതം കാണിക്കുന്നുണ്ട് സിനിമ.

ഈ സിനിമയിൽ പേരില്ലാത്ത പാർശ്വവൽക്കരിക്കപ്പെട്ട മനുഷ്യരെ കാണാം. നഗരം വികസനത്തിലേക്ക് കുതിക്കുമ്പോൾ മാലിന്യക്കൂമ്പാരങ്ങളാകുന്ന വികസനത്തിന് വേണ്ടി തീറെഴുതി കൊടുക്കേണ്ടി വരുന്ന അവകാശങ്ങൾ പറയാനാവാത്ത പേരിയാത്ത അനേകം മനുഷ്യരുടെ ഇടങ്ങൾ അവർക്ക് നഷ്ടമാകും. വികലാംഗകർ , താമസിക്കുന്നവർ, നാടോടികൾ, അന്യ സംസ്ഥാന തൊഴിലാളികൾ, തെരുവുകച്ചവടക്കാർ ഇങ്ങനെ നാനാതരം പേരില്ലാത്ത മനുഷ്യരെക്കും അവർക്ക് നഷ്ടമാകുന്ന ഇടത്തെയും സിനിമ ചിത്രീകരിക്കുന്നു. ഇവിടെ നഗരത്തിലെ താൽക്കാലിക ശുചീകരണ തൊഴിലാളിയായ സുരാജ് അവതരിപ്പിക്കുന്ന കേന്ദ്രകഥാപാത്രത്തിന് ജോലിയും സ്വന്തം താമസസ്ഥലവും നഷ്ടമാവുന്നു. വിഭാര്യനായ അയാളുടെ മകൻ അമ്മയോട് പറയുന്ന കഥയായാണ് സിനിമ മുന്നോട്ട് പോവുന്നത്. പതിയെ അന്യസംസ്ഥാന തൊഴിലാളികളുടെ ഇടത്തിലേക്ക് എത്തുന്നെങ്കിലും അവടെ അയാൾ തിരസ്കരിക്കപ്പെടുന്നു. ചാമി എന്ന ഇന്ദ്രൻസ് കഥാപാത്രം സുരാജിനെ ആദിവാസി ഗ്രാമത്തിലെത്തിക്കുന്നു.അവിടെ അയാൾക്ക് സ്വന്തം സ്വത്വം പോലും നഷ്ടപ്പെടുന്നു. അവിടെ അയാൾ തിരിച്ചറിയുന്നുണ്ട് സമ്പന്നരുടെ നഗരം വൃത്തിയാവാൻ മാലിന്യങ്ങൾ ഒഴുക്കിവിടുന്നത് പുറമ്പോക്കിലേക്കും ആദിവാസിഗ്രാമങ്ങളിലേക്കുമാണെന്ന്. ഭൂമി നഷ്ടപ്പെട്ട ആദിവാസികളെ ചേർത്ത് സമരം നയിക്കുന്ന നേതാവിൽ എല്ലാം നഷ്ടപ്പെട്ട തന്നെ കാണാനാവുന്നെങ്കിലും പ്രതികരിക്കാനോ പോരാടാനോ ആവാത്തവിധം നിസ്സഹായനായി നിൽക്കുകയാണ് അയാൾ .

വീടില്ലാത്തവർ, വഴിയോരത്തെ കച്ചവടക്കാർ,വികലാംഗർ, നാടോടികൾ,ചേരിയിലെ താമസക്കാർ, കുടിയിറക്കപ്പെട്ടവർ, അന്യസംസ്ഥാന തൊഴിലാളികൾ, തുടങ്ങിയവർക്കു മേൽ ഭരണകൂടം നടത്തുന്ന വികസനമാതൃകകളെ ഇവിടെ വിമർശന വിധേയമാക്കുന്നു. വികസനത്തിനു വേണ്ടി സർക്കാർ ഭൂമി ഏറ്റെടുത്തു എന്നും എല്ലാവരും ഇറങ്ങണം എന്ന് ഭരണകൂട വക്താക്കൾ പറയുമ്പോൾ പുറമ്പോക്കിലെ താമസക്കാർ ഒന്നടങ്കം പാവപ്പെട്ടവൻ്റെ ഇടങ്ങളെ കയ്യേറാനേ സർക്കാരുള്ളൂ എന്നും പണക്കാരൻ്റെ സ്ഥലത്തിൻ കയ് വക്കാൻ സർക്കാരിന് പേടിയാണെന്നും പറയുന്ന സീനിന് ശേഷം ലോംഗ് Shot ആയി ട്രെയിൻ പോകുന്ന സീനിൽ അതിൻ്റെ ക്ലോസപ്പ് ഫോക്കസ് ചെയ്യുമ്പോൾ ഒരു ചില്ലു കുപ്പിയിലെ കലക്കവെള്ളത്തിൽ എങ്ങോട്ടും പോകാനില്ലാതെ നട്ടം തിരിയുന്ന പലതരം മീനുകളെ കാണിക്കുന്നുണ്ട്. ഏതാണ്ട് അതാണവരുടെയും അവസ്ഥ.സുരാജിന് ദേശീയ അവാർഡ് നേടിക്കൊടുത്ത ഈ ചലച്ചിത്രം സാമാന്യജനത്തിന്റെ ജീവിത യാഥാർത്ഥ്യങ്ങൾക്ക് നേരെ പിടിച്ച കണ്ണാടിയാണ്. മികച്ച പരിസ്ഥിതി ചിത്രത്തിനുള്ള ദേശീയ പുരസ്കാരവും ചിത്രം നേടിയിരുന്നു. ന്യൂയോർക്ക്, ജർമനി, റഷ്യ, ടെഹ്റാൻ, മോൺഡ്രിയൽ തുടങ്ങിയ ചലച്ചിത്ര മേളകളിലേക്ക് ചിത്രം തിരഞ്ഞെടുക്കപ്പെട്ടിരുന്നു.നഗരം അതിരാവിലെ വൃത്തിയാക്കുന്നതിൽ നിന്നും ശേഖരിക്കുന്ന മാലിനും മുഴുവനും അതിൻ്റെ തന്നെ പുറമ്പോക്കുകളിൽ കുന്നു കൂട്ടുന്ന കാഴ്ചയും നഗരത്തിൻ്റെ പൊള്ളത്തരത്തിൻ്റെയും ഇരുത്താപ്പിൻ്റെയും മുഖം വെളിവാക്കുന്ന സീനുകളാണ്.


4. ' ലോർഡ് ലിവിംഗ് സ്റ്റോൺ 7000 കണ്ടി ' : പരിസ്ഥിതി ദുർബല പ്രദേശത്തിൻ്റെ പ്രതിരോധം

രാധാകൃഷ്ണമേനോൻ രചനയും സംവിധാനവും നിർവ്വഹിച്ച് പ്രേം മേനോൻ നിർമ്മിച്ച സിനിമയാണ് 2015 ൽ പുറത്തിറങ്ങിയ ലോർഡ് ലിവിംഗ് സ്റ്റോൺ7000കണ്ടി എന്ന ചലച്ചിത്രം. പാരിസ്ഥിതിക ചിത്രമെന്ന് നിസ്സംശയം വിശേഷിപ്പിക്കാവന്ന ഈ ചിത്രത്തിൽ കുഞ്ചാക്കോ ബോബനും ചെമ്പൻ വിനോദും സുധീർ കരമനയും പ്രധാന വേഷങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. നായകനോ നായികയോ ഇല്ലാതെ ആറ് പേർക്ക് ഒരുപോലെ പ്രാധാന്യം നൽകിക്കൊണ്ടാണ് ഈ സിനിമയുടെ അവതരണം.നമ്മുടെ ഔദ്യോഗിക ഭൂപടത്തിലും,കാനേഷുമാരി കണക്കിലും ഇടം കിട്ടാതെ പോയ ലോർഡ് ലിവിംഗ് സ്റ്റോൺ 7000 കണ്ടി എന്ന ആദിവാസികളുടെയും പക്ഷിമൃഗാദികളുടേയും ആവാസഭൂമിയായ പരിസ്ഥിതി ദുർബലപ്രദേശത്തിന്റെ പ്രതിരോധമാണ് ഈ ചിത്രം. വനപ്രദേശം , മണ്ണ്, ആദിവാസികൾ എന്നിങ്ങനെ നാം ചിന്തിക്കാത്ത ചില മനുഷ്യരെയും ഇടങ്ങളെയും അതി മനോഹരമായ വിഷ്വൽസിലൂടെ പാരിസ്ഥികാവബോധമെന്ന ലക്ഷ്യം വച്ച് രൂപപ്പെടുത്തിയ സിനിമായാണിത്.

'7000 കണ്ടി' എന്ന അജ്ഞാത ആദിവാസിഗ്രാമത്തെ രക്ഷിക്കാൻ പ്രകൃതി സ്‌നേഹിയായ ഫിലിപ്പോസ് ജോൺ വർക്കി (കുഞ്ചാക്കോബോബൻ) എന്നൊരാൾ നൂറുപേർക്ക് കത്തുകൾ അയയ്ക്കുന്നു. സിനിമ തുടങ്ങുന്നത് ഈ കത്തയക്കലിൽ നിന്നാണ്. കത്ത് കിട്ടിയ പലരും വന്നു, ചിലർ ഗ്രാമത്തിൽ പ്രേതബാധയുണ്ടെന്ന് മനസ്സിലാക്കി മടങ്ങി. എന്നാൽ മലവേടൻ്റെ സഹായത്തോടെ ലോകത്തിൻ്റെ വ്യത്യസ്ത ഭാഗങ്ങളിൽ വ്യത്യസ്ത രീതിയിൽ ജീവിക്കുന്ന ആറു പേർ അതിനെക്കുറിച്ചറിഞ്ഞ് സംസാരിച്ച് ആ ഗ്രാമത്തിലെത്തി. പിന്നീട് സിനിമ അതിസാഹസികത നിറഞ്ഞ ഫാൻറസി സിനിമയായി മാറുന്നു.150 വർഷം മുമ്പ് ഒരു ഭൂവുടമയും ലിവിംഗ്സ്റ്റൺ കമ്പനിയും തമ്മിലുള്ള ഉടമ്പടിയെക്കുറിച്ച് ഫിലിപ്പോസ് അവരെ അറിയിക്കുന്നു. ഉടമ്പടി പ്രകാരം, അടുത്ത 150 വർഷത്തേക്ക് വനത്തെ വ്യാവസായിക മേഖലയോ തോട്ടമോ ആക്കാൻ കമ്പനിക്ക് അധികാരമുണ്ട്. അവർ പരാജയപ്പെട്ടാൽ, വനം ഇന്ത്യൻ സർക്കാരിലേക്ക് പോകും.ദൗത്യത്തിൽ വിജയിച്ചാൽ കാലാവധി 350 വർഷത്തേക്ക് കൂടി നീട്ടാനാകും. ഇപ്പോൾ, കമ്പനി അവിടെയുള്ള ചില അപൂർവ ഭൂമി ധാതുക്കളെക്കുറിച്ച് ബോധവാന്മാരായി, അവ പര്യവേക്ഷണം ചെയ്യാൻ ആഗ്രഹിക്കുന്നു. അതിനാൽ, മരം മുറിക്കാൻ അവർ ബാംഗ്ലൂർ സഹോദരങ്ങളെ നിയമിക്കുന്നു. 7000 കണ്ടിയെയും നാട്ടുകാർ പ്രേതങ്ങളെന്ന് തെറ്റിദ്ധരിച്ച ഗോത്രത്തെയും രക്ഷിക്കേണ്ടതിൻ്റെ പ്രാധാന്യത്തെക്കുറിച്ച് ഫിലിപ്പോസ് മറ്റുള്ളവരെ ബോധ്യപ്പെടുത്തുന്നു. ആറ് അംഗങ്ങളുടെ സഹായത്തോടെ ഫിലിപ്പോസും ആദിവാസികളും ചേർന്ന് ബാംഗ്ലൂർ സഹോദരങ്ങളെ തടയാൻ ശ്രമിക്കുന്നു. അവർ ദൗത്യത്തിൽ വിജയിക്കുകയും ബാംഗ്ലൂർ സഹോദരങ്ങൾ സ്ഥലം വിടുകയും ചെയ്തു. പിന്നീട്, ഉടമ്പടിക്ക് നാല് മാസത്തേക്ക് സാധുതയുണ്ടെന്നും അത് ഒരു അന്താരാഷ്ട്ര സ്ഥാപനത്തിന് കൈമാറുകയായിരുന്നു ദൗത്യമെന്നും ആദിവാസികൾ സ്വന്തം ഭൂമിയിൽ ജീവിക്കാൻ കമ്പനിയുമായി പോരാടണമെന്നും വെളിപ്പെടുത്തുന്നു. ഫിലിപ്പോസും ആദിവാസികളും ആറ് പേരും പിന്നീട് കമ്പനിയുമായി പോരാടുകയാണ്.

മനുഷ്യൻ്റെ കാട്ടിലേക്കുള്ള കടന്നുകയറ്റം എത്ര മാത്രം വിനാശകരമായ അവസ്ഥയുണ്ടാക്കുമെന്ന് ഈ സിനിമ പഠിപ്പിക്കുന്നു. കാടിൻ്റെ വന്യതയും സൗന്ദര്യവും മുഴുവൻ ഈ സിനിമ ഒപ്പിയെടുത്തിട്ടുണ്ട്. ഫാൻ്റസിയാണെങ്കിലും ഉൾനാടൻ ആദിവാസി വിഭാഗങ്ങളുടെതായി ഇവിടെ അവതരിപ്പിക്കുന്ന വേഷവും ഭാഷണയും ജീവിതരീതിയും വളരെ കൗതുകമാർന്നതാണ്. വനനശീകരണത്തിനെതിരെ പോരാടുന്ന ഈ സിനിമ പാരിസ്ഥിതിക അവബോധം പകരുന്ന സിനിമകളിൽ മുൻപന്തിയിൽ നിൽക്കുന്നു.


5. ' ബ്ലാക്ക് ഫോറസ്റ്റ് ' : കാടിൻ്റെ സംരക്ഷണം

മനേജ് കെ ജയൻ, ഗൗരി നായർ, മീര നന്ദൻ എന്നിവർ അഭിനയിച്ച് ജോഷി മാത്യു സംവിധാനം ചെയ്ത് ബേബി മാത്യു നിർമ്മാണം നിർവ്വഹിച്ച സിനിമയാണ് ബ്ലാക്ക് ഫോറസ്റ്റ്. കഥയും തിരക്കഥയും ജോഗിയുടേതാണ്.ഒരു കാട്ടിൽ വഴിതെറ്റിപ്പോകുന്ന രണ്ട് കുട്ടികളെ ചുറ്റിപ്പറ്റിയാണ് കഥ വികസിക്കുന്നത്, ഒടുവിൽ അവർ കാട്ടിലെ ആദിവാസികളെ കണ്ടുമുട്ടുന്നു. മാസ്റ്റർ ആകാശ്, മാസ്റ്റർ ചേതൻ, ബേബി പാർവതി എന്നിവരാണ് ചിത്രത്തിലെ ബാലതാരങ്ങൾ. ആദിവാസി വിഭാഗത്തിലെ പഞ്ചൻ പാതിരാത്രി ഓട്ടോറിക്ഷയിൽ തലസ്ഥാനനഗരിയിൽ ജനിക്കുന്നതായ് കഥ എഴുതിത്തുടങ്ങുന്ന മിലി,മിട്ടു എന്ന ബോർഡിംഗിൽ വളരുന്ന കുട്ടികളിൽ നിന്നാണ് സിനിമ തുടങ്ങുന്നത്. പത്തു വയസായ പഞ്ചു അപ്പനെ കാണാൻ കാട്ടിലേക്ക് പോകുകയാണ്. മിലിയും മിട്ടുവും വെക്കേഷൻ ചിലവഴിക്കാൻ കാടിൻ്റെ നടുക്കുള്ള മനോജ് കെ. ജയൻ്റെ കഥാപാത്രത്തോടൊപ്പം താമസിക്കാനെത്തുന്നു കാടിനും കാട്ടുമൃഗങ്ങളെയും സംരക്ഷിക്കുന്ന കഥാപാത്രമാണിതിൽ കുട്ടികളെ സംരക്ഷിക്കാൻ ഉത്തരവാദിത്തമുള്ള ബന്ധുവായ ലൂക്ക. പിന്നീടങ്ങോട്ട് കുട്ടികൾ താമസിക്കുന്ന സന്ദർഭത്തിൽ അവരെ സഹായിച്ചു കൊണ്ട് പഞ്ചു വരുന്നതും പഞ്ചുവിൻ്റെ കാടിനോട് ഇഴുകിച്ചേർന്ന ജീവിതത്തിലേക്ക് അവരും ചേരുന്നു പിന്നീട് കണാനായ അപ്പനെ കണ്ടെത്തൻ പഞ്ചൻ പോവുന്നു. കാടിൻ്റെ ആവാസവ്യവസ്ഥയറിഞ്ഞ് അവർ മൂന്നു പേരും ഉൾക്കാട്ടിലൂടെയും മലകളിലൂടെയും സഞ്ചരിക്കുന്നു. ലൂക്ക ഇടപെട്ട് അവസാനം കുട്ടികളുടെ പിറകെ വന്ന് പഞ്ചൻ്റെ അച്ഛനെ രക്ഷിക്കുന്നു. കമ്പനിക്കെതിരെ സമരം ചെയ്യുമെന്ന അവസ്ഥയിൽ മരിക്കാനിറങ്ങിയതാണയാൾ.

കാടിൻ്റെ ആവാസവ്യവസ്ഥയും ആചാരവും വിശ്വാസവും ജീവിത രീതികളും പ്രകൃതിയും എല്ലാം ആവിഷ്കരിക്കുന്ന സിനിമയാണ് ബ്ലാക്ക് ഫോറസ്റ്റ്. കാടിനു വേണ്ടി എന്തെങ്കിലും ചെയ്യണം എന്ന ചിന്തയിൽ സിനിമയുടെ തുടക്കത്തിൽ മാഗസിനിൽ കഥയെഴുതാനിരുന്ന മിട്ടു, മാഗസിൻ പുസ്തകമാക്കരുതെന്നും അതിന് വേണ്ട് നൂറോളം മരങ്ങൾ വെട്ടേണ്ടിവരുമെന്നും പകരം ഓൺലൈൻ മാസിക മതിയെന്നും പ്രിൻസിപ്പളിനെക്കൊണ്ട് തീരുമാനമെടുപ്പിക്കുന്നു.മിട്ടു ഒരു ഗ്രിൻ വലൂഷനിസ്റ്റായി മാറിയെന്നു പറയുന്നിടത്താണ് സിനിമ തീരുന്നത്. കാടിന അറിഞ്ഞ മിട്ടു അതിൻ്റെ സംരക്ഷണം തൻ്റെ ഉത്തരവാദിത്തമാണെന്ന് തിരിച്ചറിയുന്നിടത്താണ് മാറ്റം ഉണ്ടാകുന്നതെന്ന പാരിസ്ഥിതിക അവബോധം ഈ സിനിമയുടെ പ്രമേയത്തിലുണ്ട്.മികച്ച പാരിസ്ഥിതിക ചിത്രമെന്ന ദേശീയ പുരസ്കാരത്തിന് ബ്ലാക് ഫോറസ്റ്റ് അർഹമായി.


6. ' ആവാസവ്യൂഹം ': ആവാസവ്യവസ്ഥയും അവബോധവും

ഫാൻ്റസിയും പ്രകൃതിയും ഇടകലർന്ന ആഖ്യാനത്തിൽ പ്രകൃതിയെയും ആവാസവ്യവ്യവസ്ഥയെയും കേന്ദ്ര പ്രമേയമാക്കി കൊച്ചിയിലെ പുതുവയ്പ് തീരദേശത്തിൻ്റെ കഥ പറയുന്ന സിനമയാണ് 2022 ൽ പുറത്തിറങ്ങിയ ആവാസവ്യൂഹം.

"what is normal for the spider is chaos for the fly " - Mortica Adams എന്ന വരികൾ കാണിച്ചു കൊണ്ടാണ് സിനിമ ആരംഭിക്കുന്നത്. ആവാസവ്യവസ്ഥയിലെ ഈ വൈരുദ്ധ്യം മനുഷ്യർക്കിടയിലും കാണാം. ഇത്തരം ചിന്തകൾ ഈ സിനിമയുടെ അന്തർധാരയാണ്. ജോയി എന്ന കേന്ദ്രകഥാപാത്രത്തിലൂടെ ധാർമ്മികത നഷ്ടപ്പെട്ട ഒരു മനുഷ്യ സമൂഹത്തിൻ്റെ കഥ ഈ സിനിമ പറയുന്നു.പ്രകൃതികേന്ദ്രീകൃതമായ ആവാസവ്യൂഹം മനുഷ്യനെന്ന ഒരു സ്പീഷീസിൻ്റെ വിനാശകരമായ ഇടപെടലുകൾ മൂലം ഇന്ന് തകർച്ചയുടെ വക്കിലാണ്. പല സ്പീഷീസുകൾക്കും വംശനാശം സംഭവിച്ചുകഴിഞ്ഞു. സ്വന്തം ആവാസവ്യവസ്ഥ സർവതലങ്ങളിലും മനുഷ്യൻ തന്നെ തകർക്കുന്ന സീനാണ് സിനിമയിലുടനീളം കാണാൻ കഴിയുന്നത്.

ജലവുമായി ബന്ധപ്പെട്ട ഒരു ഉഭയജീവിതം ഉള്ളിൽ കൊണ്ടുനടക്കുന്ന ജോയി എന്ന മനുഷ്യൻ സ്വന്തം നിലനിൽപ്പിനു നേരെ ശക്തമായ ഭീഷണികളുയരുമ്പോൾ തൻ്റെ മുൻകാലജീവിതത്തിലേക്ക് മടങ്ങുന്നതാണ് സിനിമയുടെ ക്ലൈമാക്സ്. സിനിമുടെ ആരംഭത്തിൽ പശ്ചിമഘട്ടത്തിലെ വനത്തിൽ ഒരിനം തവളയെ തിരയുന്ന ഗവേഷകസംഘത്തിനൊപ്പം ജോയിയെ കാണാം. പിന്നീട്, ലിസ്സി എന്ന യുവതി ജീവിതകഥ പറയുന്നു. കുറുക്കൻ സജീവനെന്ന തരകനുമായുള്ള കല്യാണാലോചനയും അതുണ്ടാക്കുന്ന പ്രശ്നങ്ങളും ജോയിയുമായുള്ള അവളുടെ പ്രണയവും ജോയിയെ സജീവൻ്റെ കൊലപാതകത്തിലേക്ക് നയിക്കുന്നു. അയാൾ ഒരു ഉഭയജീവിതം നയിക്കുന്നയാളാണ്. പല ജീവിതങ്ങളും കഥകളുമായി ജോയിയുടെ ജീവിതം കലരുന്നു.പച്ചപ്പും വന്യതയും മനുഷ്യന്റെ ആർത്തിയും ചെറുത്തുനിൽപ്പുകളും ഇരട്ടത്താപ്പുമെല്ലാം പല കഥാപാത്രങ്ങളിലൂടെ സിനിമ അവതരിപ്പിക്കുന്നുണ്ട്. റിയാലിറ്റിയും ഫാൻ്റസിയും ഫിക്ഷനും സ്റ്റയറും ഇടകലർന്ന ചലച്ചിത്രാഖ്യാനമാണ് ഈ സിനിമ.ഇതുവരെ കാണാത്ത പുതിയ ചലച്ചിത്രഭാഷയിൽ പറയുന്നതു കൊണ്ട് തന്നെ മലയാളത്തെ സംബന്ധിച്ച് ഇതൊരു അസാധാരണ സിനിമയാണ്. അസാധാരണ പ്രമേയം കഥയാക്കിയതും അത്യസാധാരണമായ ചലച്ചിത്രഭാഷ സിനിമക്ക് ചമച്ചതും ഇതിൻ്റെ കഥാകൃത്തും സംവിധായകനുമായ കൃശാന്ദാണ്.രാഹുൽ രാജഗോപാൽ,ശ്രീനാഥ് ബാബു,ശ്രീജിത്ത് ബാബു,ഷിൻസ് ഷാൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.രാഹുൽ രാജഗോപാലാണ് ജോയ് എന്ന പ്രധാന കഥാപാത്രമായത്. മനുഷ്യനായും പ്രകൃതിയായും ജോയ് ഒരേ സമയം അഭിനയിച്ചു.

മനുഷ്യനും പ്രകൃതിയുമായി ഇഴപിരിയാനാവാത്ത നാഡീബന്ധമുണ്ടെന്ന് ഈ സിനിമ നമ്മെ ഓർമ്മപ്പെടുത്തുന്നു. വളരെ സൂക്ഷ്മതയോടെ പശ്ചിമഘട്ട മലനിരകളിലെ ജൈവ വൈവിധ്യങ്ങൾ സിനിമ യിയിൽ ചിത്രീകരിക്കുന്നുണ്ട്.മനുഷ്യൻ മറന്നുപോയ ജൈവികതയുടെ വേരു കണ്ടെത്താനും പ്രകൃതിയും മനുഷ്യനും നടത്തിയ പോരാട്ടങ്ങളെ അടയാളപ്പെടുത്താനും ഈ സിനിമ പ്രേക്ഷകനെ പ്രേരിപ്പിക്കും. ആവാസവ്യൂഹത്തിൽ മനുഷ്യൻ ഇന്ന് നടത്തുന്ന അപകടകരമായ ഇടപെടലുകളെ ഈ സിനിമ അടയാളപ്പെടുത്തുന്നു.


II പരിസ്ഥിതിയും സൗന്ദര്യാവിഷ്കാരവും


1. ' ഒരു ചെറു പുഞ്ചിരി ': നാട്ടിൻപുറത്തിൻ്റെ പ്രകൃതിചിത്രങ്ങൾ

2000 ലെ ഏറ്റവും മികച്ച സംവിധായകനുള്ള സംസ്ഥാന ചലച്ചിത്രപുരസ്ക്കാരംഎം.ടി. വാസുദേവൻ നായർക്ക് നേടിക്കൊടുത്ത,ഏറ്റവും നല്ല പാരിസ്ഥിതിക സിനിമക്കുള്ള ദേശീയ പുരസ്ക്കാരത്തിന് അർഹത നേടിയതുമായ സിനിമയാണ് 'ഒരു ചെറു പുഞ്ചിരി' കൃഷ്ണക്കുറുപ്പ് അമ്മാളുക്കുട്ടി എന്നീ വൃദ്ധദമ്പതികളുടെ ജീവിതവും അവരുടെ ചുറ്റുപാടും പ്രകൃതി സ്നേഹവുമൊക്കെ നിറഞ്ഞ ലളിതമായ സിനിമയാണിത്. അവർ നാട്ടിൻപുറത്തെ ഒരു തറവാട്ടിലാണ് താമസം. മക്കളെല്ലാവരും ദൂരസ്ഥലങ്ങളിലേക്ക് പട്ടണങ്ങളിലേക്ക് ജോലിയായും വിവാഹം കഴിച്ചുമൊക്കെ പോയിരിക്കുന്നു. അച്ഛനും അമ്മയും ഒറ്റയ്ക്ക് ഗ്രാമത്തിൽ താമസിക്കുന്നത് മക്കൾക്കാർക്കും ഇഷ്ടമില്ല. അവർക്കൊപ്പം നഗരത്തിലേക്ക് താമസം മാറ്റാൻ നിർബ്ബന്ധിക്കുന്നുണ്ടെങ്കിലും അവർ വഴങ്ങുന്നില്ല. ജീവിതത്തിന്റെ ഈ സുന്ദരസായന്തനങ്ങളിൽ ഗ്രാമജീവിതത്തിലെ നിഷ്കളങ്കമായ ബന്ധങ്ങളും സ്വന്തം പറമ്പിലെ കൃഷിയും നട്ടുവളർത്തുന്ന ചെടികളോടും മരങ്ങളോടുമുള്ള അടുപ്പവുമാണ് കൃഷ്ണക്കുറുപ്പിന്റെയും അമ്മാളുക്കുട്ടിയുടെ ജീവിതം. ഒടുവിൽ ഉണ്ണികൃഷ്ണനും നിർമ്മല ശ്രീരാമനും പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നു.''നോക്കുമ്പോ, ഒരു ചിരി. ചെറിയൊരു പുഞ്ചിരി. ആ ചിരി എന്നും ഞാൻ മറക്കില്ല. പേടിക്കേണ്ട ഒരാളല്ല, ഒരു ചങ്ങാതി തന്നെയാണ് എന്നുതോന്നിയത് ആ ചെറിയ ചിരി ചിരിച്ചനേരം മുതൽക്കാണ്'' എന്ന എം.ടിയുടെ ഈ സിനിമയിലെ വരികൾ വളരെ പ്രസിദ്ധമാണ്.തെലുഗു എഴുത്തുകാരൻ ശ്രീരമണയുടെ കഥയെ ആസ്പദമാക്കിയാണ് എം.ടി. തിരക്കഥയെഴുതിയത്. നിഷ ജോൺ പോളാണ് സിനിമ നിർമ്മിച്ചത്. നാഗരികതയോട് ചായ് വില്ലാതെ ഗ്രാമവും തൊടിയും കൃഷിയും മരങ്ങളും സ്വന്തമിടമായി കണ്ട് സ്നേഹിച്ച് അവരോട് കുശലം പറഞ്ഞ് സരളമായ് ജീവിക്കുന്ന ഇവർ പരസ്പരം പ്രണയിക്കുന്നതു പോലെ പ്രകൃതിയെയും പ്രണയിക്കുന്നുണ്ട്, സ്നേഹിക്കുന്നുണ്ട്.


2. ' കാട് പൂക്കുന്ന നേരം ' : കാടിൻ്റെ സൗന്ദര്യാവിഷ്കാരം

ഡോ. ബിജുകുമാർ ദാമോദരൻ സംവിധാനം ചെയ്ത് സോഫിയാ പോൾ നിർമ്മിച്ച് 2016 ൽ പുറത്തിറങ്ങിയ സിനിമയാണ് 'കാടു പൂക്കുന്ന നേരം'.പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെ അവകാശങ്ങള്‍ക്കായി പോരാടുന്നവരും ഭരണകൂടവും തമ്മിലുള്ള പോരാട്ടമാണ് ഈ സിനിയുടെ പ്രമേയമെങ്കിലും കോന്നി, കല്ലാറിന്റെ തീരത്തുള്ളഅടവി, അച്ചന്‍കോവില്‍ വനമേഖല, എന്നിവിടങ്ങളിലെ കാടിൻ്റെ വശ്യസൗന്ദര്യം ചിത്രത്തിന്റെ പ്രധാന സവിശേഷതയാണ്.മാവോയിസ്റ്റ് ആരോപണത്തെ തുടര്‍ന്ന് കാട് കയറുന്ന ഒരുപറ്റം ആളുകളുടെ കഥയാണ് ചിത്രം പറയുന്നത്. രണ്ടുപേര്‍ കാട്ടില്‍ അകപ്പെടുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ കഥാപശ്ചാത്തലം. മാവോവാദി നേതാവായ സ്ത്രീയെ അറസ്റ്റ് ചെയ്യാന്‍ നിയോഗിക്കപ്പെട്ട് കാട്ടിലേക്ക് തിരിക്കുന്ന ഒരു പോലീസുകാരനിലൂടെയാണ് സിനിമയുടെ കഥ മുന്നോട്ടു പോകുന്നത്. എന്നാല്‍ യാത്രക്കിടയില്‍ പോലീസുകാരന്‍ കാട്ടില്‍ ഒറ്റപ്പെടുന്നു. പിന്നീട് പോലീസുകാരന് വഴികാട്ടിയായി നായിക എത്തുന്നു. ആരെയാണോ പോലീസുകാരന്‍ അറസ്റ്റ് ചെയ്യാന്‍ വന്നത് ആ വ്യക്തി തന്നെ ഒടുവില്‍ അയാളുടെ രക്ഷകയാകുന്നു. ഇന്ദ്രജിത്ത്, റീമ കല്ലിങ്കല്‍, പ്രകാശ് ബാരെ, ഇര്‍ഷാദ്, കൃഷ്ണന്‍ ബാലകൃഷ്ണന്‍ എന്നിവരാണ് ചിത്രത്തിലെ അഭിനേതാക്കള്‍. മണ്ണുൾപ്പെടെയുള്ള പ്രകൃതിവിഭവങ്ങളൊക്കെ ചൂഷണം ചെയ്യുന്ന കവർന്നെടുക്കുന്ന ഭരണകൂടത്തോടുള്ള പ്രതിഷേധം സിനിമയുടെ രാഷ്ട്രീയമാവുന്നു. ബിജുകുമാറിൻ്റെ മറ്റ് ചിത്രങ്ങൾ പോലെ തീവ്രമായ പാരിസ്ഥിതിക ചിന്തയും അവബോധവും ആവിഷ്കരിച്ച സിനിമയല്ലെങ്കിലും കാടും അതിൻ്റെ സൗന്ദര്യവും ആവിഷ്കരിച്ച ഈ സിനിമയിൽ കാടിൻ്റെ, പ്രകൃതിയുടെ സൗന്ദര്യം ഒപ്പിയെടുത്തു എന്നതിൽ സംശയമില്ല.


3. ' നിറയെ തത്തകളുള്ള മരം ': കായലിലൂടെയുള്ള യാത്രാനുഭൂതി

ജയരാജിൻ്റെ സംവിധാനത്തിൽ വിനു ആർ നാഥ് നിർമിച്ച സിനിമയാണ് ' നിറയെ തത്തകളുള്ള മരം'.വഴി തെറ്റി ഒരു ബോട്ട് ജെട്ടിയിൽ ഇരിക്കുന്ന ഒരു വൃദ്ധനെ ആൺകുട്ടി കാണുന്നു. ഗീവർഗീസ് എന്ന തൻ്റെ പേരിനുപുറമെ, വൃദ്ധനായ ഒരു മനുഷ്യന് ഓർക്കാൻ കഴിയുന്നത് അയാളുടെ വീടിന് മുന്നിൽ നിറയെ തത്തകൾ നിറഞ്ഞ ഒരു മരമാണ്. അയാളെ സഹായിക്കാൻ ആരും ശ്രദ്ധിച്ചില്ല, പോലീസുപോലും.

അപരിചിതനായ ഒരു അന്ധനുമായി എട്ട് വയസ്സുള്ള കുട്ടി അയാളുടെ വീടന്വേഷിച്ച് നടത്തുന്ന ഈ യാത്രയാണ് ചിത്രത്തിൻ്റെ പ്രമേയം. മനുഷ്യർക്ക് നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന ദയയും കരുണയും സഹാനുഭൂതിയും പൂഞ്ഞാൻ എന്ന കൊച്ചുകുട്ടിയിൽ കാണാം. വഴിയിൽ കാണുന്നവരോട് ഇതു വരെ കാണാത്ത നിറയെ തത്തകളുള്ള മരം നിൽക്കുന്ന വീടന്വേഷിച്ച് ആ അപരിചിതനായ വൃദ്ധനോടൊപ്പം അവൻ ഇറങ്ങി. 8 വയസ്സെന്ന പ്രായത്തേക്കാൾ കവിഞ്ഞ പക്വത അവൻ്റെ ജീവിതാവസ്ഥ കൊണ്ട് അവൻ നേടിയിട്ടുണ്ട്. ഈ കഥയുടെ പശ്ചാത്തലം അല്ലെങ്കിൽ ക്യാൻവാസ് എന്നത് യാത്രയും യാത്രയിൽ കാണുന്ന പ്രകൃതിയുമാണ്. കഥയുടെ ആഖ്യാനത്തിൽ പ്രകൃതി വഹിച്ച നിർണായക പങ്കിനെക്കുറിച്ച് ജയരാജ് പറയുന്നതിപ്രകാരമാണ്:“ഞങ്ങൾ സിനിമയിലൂടെ ഒന്നും പറയാൻ ശ്രമിച്ചിട്ടില്ല. ആ യാത്രയിൽ പ്രകൃതി ഒരു പ്രധാന പങ്ക് വഹിക്കുന്നു. മനുഷ്യൻ്റെ നിലനിൽപ്പിന് അത്യന്താപേക്ഷിതമായ വിവിധ വികാരങ്ങളെ സ്പർശിക്കുന്ന അടിവരയുമുണ്ട്..." കളങ്കമില്ലാത്ത കായലും അതിൻ്റെ സൗന്ദര്യവും ഈ യാത്രയിലെ വഴികളാണ്.മാസ്റ്റർ ആദിത്യൻ, നാരായൺ ചെറുപുഴ എന്നിവരാണ് ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.


4.' ഒറ്റാൽ ' : കുട്ടനാടൻ ഗ്രാമം

ജയരാജിൻ്റെ സംവിധാനത്തിൽ 2015 ൽ പുറത്തിറങ്ങിയ ഒറ്റാൽ മികച്ച പരിസ്ഥിതിചിത്രത്തിനുള്ള ദേശീയ പുരസ്കാരം നേടിയ ചിത്രമാണ്. ആൻ്റൻ ചെഖോവിൻ്റെ വാങ്ക എന്ന കൃതിയെ അടിസ്ഥാനമാക്കി ജോഷി മംഗലത്ത് കഥയും തിരക്കഥയും തയ്യാറാക്കിയ ഈ സിനിമ കുട്ടനാട്ടിലെ താറാവ് കർഷകരുടെ ജീവിത പശ്ചാത്തലത്തെ പ്രമേയമാക്കി. പുതുമുഖമായ കുമരകം വാസുദേവൻ എന്ന മത്സ്യത്തൊഴിലാളിയാണ് കേന്ദ്ര കഥാപാത്രമായ വല്ലപ്പച്ചായിയെ അവതരിപ്പിച്ചത്. മാസ്റ്റർ ആശാന്ത് കുട്ടപ്പായിയായി വേഷമിട്ടു.

കടക്കെണിയിലായ കർഷകരായ മാതാപിതാക്കളുടെ ആത്മഹത്യയ്ക്കു ശേഷം ഒറ്റക്കായ എട്ടുവയസുകാരനാണ് കുട്ടപ്പായി. അവൻ സങ്കടത്തോടെ മുത്തച്ഛന് കത്തെഴുതുന്നതാണ് ആദ്യ സീൻ. പിന്നീട് മുത്തച്ഛനോടൊപ്പം താമസിച്ചു തുടങ്ങുന്ന സീനാണ്. അയാൾ മേസ്തിരിയുടെ താറാവ് വളർത്താനുള്ള ജോലി അവനെ ഏൽപിക്കുന്നു. മുത്തച്ഛനും പേരക്കുട്ടിയും തമ്മിൽ ഒരുമിച്ച് കഴിയുമ്പോൾ മനോഹരമായ ബന്ധം രൂപപ്പെടുന്നു. കഥകളിളിലൂടെയും ദൈനംദിന ജീവിത വ്യാപാരങ്ങളിലൂടെയും അവരുടെ ബന്ധം ഊഷ്മളമാവുന്നു. പഠിക്കണമെന്ന ആശ അവനു എങ്കിലും അതൊന്നും സാധിക്കുന്നില്ല. കൂട്ടുകാരൻ ടിങ്കുവിനെ പഠിക്കാൻ സഹായിക്കുന്നവനാണെങ്കിലും അവൻ്റെ സ്കൂളിൻ്റ ജനാല വഴി എത്തി നോക്കാനേ അവന് സാധിക്കുന്നുള്ളൂ. സിനിമയുടെ സ്ഥലരാശി മനോരമായ കുട്ടനാടാണ്. പശ്ചാത്തലത്തിൽ കുട്ടനാടിൻ്റെ പച്ചപ്പും തണ്ണീർത്തടങ്ങളും പരപ്പുള്ള ജലാശയങ്ങളും താവാവിൻ കൂട്ടങ്ങളും ദേശാടനപ്പക്ഷികളും ചേർന്ന പ്രകൃതിചിത്രങ്ങൾ ഒറ്റാലിൻ്റെ ദൃശ്യഭംഗി കൂട്ടുന്നുണ്ട്. ദേശാടനപ്പക്ഷികളെക്കുറിച്ച് അവൻ സംശയം ചോദിക്കുന്ന ഒരു സീനുണ്ട്. "അപ്പനും അമ്മും ഇല്ലാത്ത കുഞ്ഞുങ്ങളോ?" എന്ന് പിന്നീടൊരു സീനിൽ താറാവുമുട്ടകൾ വിരിയിക്കാൻ മുത്തച്ഛൻ പൊരുന്ന ക്കോഴിയെ കൊണ്ടുവരുന്നു. മുട്ട വിരിയുമ്പോൾ തള്ളക്കോടിയെ ഓടിച്ചു വിട്ടതെന്തിനാണെന്ന് അവൻ ചോദിക്കുമ്പോൾ '' ഇല്ലേൽ അത് കുഞ്ഞുങ്ങളെ കൊത്തും. പിന്നെ കുഞ്ഞുങ്ങൾ തന്നെ വളർന്നോളും "എന്നാ അയാൾ പറഞ്ഞത്. ഇത് അവൻ്റെ ജീവിതവുമായി തന്നെ ബന്ധപ്പെട്ട ഉത്തരമാണ്. മുത്തച്ഛൻ അസുഖബാധിതനാവുന്ന സന്ദർഭത്തിൽ കൊച്ചുമകൻ്റെ ഭാവികാര്യത്തിൽ അയാൾ ആശങ്കാകുലനായി. പള്ളിക്കൂടത്തിലാക്കാമെന്ന് പറഞ്ഞ് മേസ്തിരിയുടെ പക്കലാക്കിയിട്ട് അയാൾ വള്ളം തുഴയുന്ന തുഴച്ചിലിൽ , ആ ശക്തിയുള്ള ചടുലമായ തുഴച്ചിലിൽ, അയാളുടെ ഹൃദയത്തിൻ്റെ താളം തെറ്റിയ വേഗതതുള്ള മിടിപ്പുണ്ട്. മേസ്തിരി അവനെ ബാലവേലക്കായി പടക്കക്കമ്പനിയിലേക്ക് കൊണ്ടു പോയി. ഇവിടെ നിന്ന് അവൻ മുത്തച്ഛനെഴുതിയ കത്താണ് ആദ്യ സീൻ. ഇവിടെ ആ സീൻ തുടരുന്നു. തൻ്റെ ദാരുണമായ അവസ്ഥ മുഴുവൻ കണ്ണീരോടെ വിവരിച്ചിട്ട് കത്തിൻ്റെ വിലാസത്തിൽ എൻ്റെ വല്യപ്പച്ചായിക്ക് എന്ന് എഴുതുമ്പോൾ അവൻ്റെ നിസ്സാഹായവസ്ഥയുടെ ഹൃദയഭാരം പ്രേക്ഷക രനുഭവിക്കും. അവൻ്റെ ഉറക്കത്തിൽ ഈ കത്ത് പോസ്റ്റുമാൻ്റെ കയ്യിലാണ്. വല്യപ്പച്ചായിക്ക് കഞ്ഞുണ്ട് എന്ന് ഉറക്കെ വിളിച്ചോടുന്ന പോസ്റ്റുമാനെ അടുത്ത സീനിൽ കാണാം. കത്ത് വായിക്കുന്ന ടിങ്കുവിനെയും ടിങ്കുവിൻ്റെ അമ്മയെയും അവൻ്റെ പട്ടിയെയും ഞാൻ ഓർക്കാറുണ്ടെന്ന ഭാഗം അവരൊരുമിച്ച് വായിക്കുന്നതായും സ്വപ്നം കണ്ട് ഉറങ്ങുന്ന കുട്ടാപ്പിയെ അവസാനസീനിൽ കാണുന്ന പ്രേക്ഷകരുടെ മനസിൽ ബാലവേലയുടെ ഭീകരതയും ഒറ്റപ്പെടലിൻ്റെ നിസ്സാഹയതയും കുട്ടപ്പായിയുടെ നൊമ്പരവും കുട്ടനാടിൻ്റെ പ്രകൃതിയും തങ്ങി നിൽക്കും.

പരിസ്ഥിതിയെയും ആവാസവ്യവസ്ഥയെയും ഗൗനിക്കാതെ മാരകമായ പാരിസ്ഥിതിക - ആരോഗ്യ പ്രശ്നങ്ങളിലേക്കെത്തുന്ന പ്രശ്നങ്ങളെ പ്രമേയമാക്കുന്ന, പരിസ്ഥിതിയെ സംരക്ഷിക്കണമെന്ന അവബോധം സൃഷ്ടിക്കുന്ന, പാരിസ്ഥിതിതിക പ്രശ്നങ്ങളെ അടയാളപ്പെടുത്തുന്ന പ്രതികരണവും പ്രതിരോധവുമായി നിൽക്കുന്ന മലയാളത്തിലെ ആറ് സിനിമകളെയും പരിസ്ഥിതി - പ്രകൃതിയുടെ സൗന്ദര്യാവിഷ്കാരം കൊണ്ട് പ്രേക്ഷകരുടെ മനസിൽ പ്രകൃതി സ്നേഹവും പാരിസ്ഥിതികചിന്തയും രൂപപ്പെടുത്തുന്ന പരിസ്ഥിതി സൗന്ദര്യാവിഷ്കാരങ്ങളായ നാല് സിനിമകകളുമാണ് ഇവിടെ സാമാന്യമായി പരിചയപ്പെടുത്തിയത്. ഇത്തരം സിനിമകൾ സാമൂഹികമായ ഉത്തരവാദിത്തമാണ്. കാലാവസ്ഥാ വ്യതിയാനവും പരിസ്ഥിതിയുടെ വിനാശവും വികസനത്തിൻ്റെ പാർശ്വഫലങ്ങളും വായനയിലൂടെ അറിഞ്ഞിരുന്ന ഘട്ടം കഴിഞ്ഞ് ഇന്ന് ഭയപ്പാടോടെ അഭിമുഖീകരിക്കുന്ന സന്ദർഭത്തിൽ മലയാളത്തിറങ്ങിയ ഇത്തരം സിനിമകളുടെ അവലോകനം നമ്മുടെ പാരിസ്ഥിത അവബോധത്തെ പുതുക്കാനും പ്രതിരോധങ്ങൾ തീർക്കാനും പ്രയോജന നകരമാകും. സിനിമ പോലുള്ള മാധ്യമത്തിന് ഇതര മാധ്യമങ്ങളേക്കാൾ സാമാന്യ ജനങ്ങളെ സ്വാധീനിക്കാൻ കഴിയുമെന്നതു കൊണ്ട് തന്നെ ഇത്തരം സിനിമകൾ കാലത്തിൻ്റെ കൂടി അനിവാര്യതയായി മാറുന്നു.


സഹായക ഗ്രന്ഥങ്ങൾ


1. ജിതേഷ് ടി. (ഡോ.); 2014 , ചലച്ചിത്ര സിദ്ധാന്തങ്ങൾ, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം

2. MacDonald Scot; 2012, Ecocinema Theory and practice , Routledge

3. Nicole Starosielski,2015, The Undersea Network,Duke Univirsity Press.


 

0 comments

Related Posts

bottom of page