വിൻസി പി. വി.
ബിരുദാനന്തര ബിരുദവിദ്യാർഥിനി
സ്കൂൾ ഓഫ് ലെറ്റേഴ്സ്
എം. ജി. യൂണിവേഴ്സിറ്റി vincypv369@gmail.com
ആമുഖം
ഫെമിനിസം എന്ന ആശയത്തിന് ഇന്ന് വളരെ വിശാലമായ അർത്ഥതലങ്ങളാണുള്ളത്. വെറും സ്ത്രീകളുടെ അവകാശങ്ങൾക്കു വേണ്ടിയുള്ള പ്രസ്ഥാനം എന്നതിലുപരി, സമൂഹത്തിലെ എല്ലാ മേഖലകളിലും നിലനിൽക്കുന്ന ലിംഗവിവേചനത്തെ ചോദ്യം ചെയ്യുകയും നേരിടുകയും ചെയ്യുന്ന ഒരു സമഗ്ര സമീപനമായി ഇന്നത് മാറിക്കഴിഞ്ഞു. രാഷ്ട്രീയം, സാമ്പത്തികം, സാമൂഹികം, സാംസ്കാരികം തുടങ്ങിയ എല്ലാ മേഖലകളിലും സ്ത്രീകൾക്ക് തുല്യ അവകാശങ്ങളും അവസരങ്ങളും ഉറപ്പാക്കുന്നതിനായി ലോകമെമ്പാടുമുള്ള ഫെമിനിസ്റ്റ് പ്രസ്ഥാനങ്ങൾ പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണ്. ലിംഗാധിഷ്ഠിത അസമത്വങ്ങളുടെയും അധികാരഘടനകളുടെയും വേരുകൾ പരിശോധിച്ച്, അവയെ തിരുത്തുന്നതിനുള്ള സമഗ്രമായ മാറ്റങ്ങൾക്കായും ഫെമിനിസം വാദിക്കുന്നുണ്ട്.
ഫെമിനിസത്തിന്റെ ചരിത്രത്തിൽ നിർണായകമായ സങ്കല്പനങ്ങളിലൊന്നാണ് പോസ്റ്റ്ഫെമിനിസം. രണ്ടാംതരംഗ ഫെമിനിസത്തിന്റെ പരിമിധിയോടുള്ള പ്രതികരണമായാണ് പോസ്റ്റ് ഫെമിനിസം ഉയർന്നുവന്നത്. ഇവിടെ പോസ്റ്റ്' എന്ന സംജ്ഞ നാം നിരന്തരം ഉപയോഗിക്കുന്ന രീതിയിൽ നിന്നും വ്യത്യസ്തമാണെന്നു വരുന്നു. പോസ്റ്റ് കൊളോണിയലിസം, പോസ്റ്റ് സ്ട്രക്ച്ചറലിസം എന്നീ സംജ്ഞകളിൽ, "പോസ്റ്റ്' എന്ന പദത്തിന് അനന്തരം, ശേഷം എന്നീ അർഥങ്ങളാണുള്ളത്. ഇവിടെ "പോസ്റ്റ്' എന്ന പദത്തെ കൊളോണിയലിസത്തിന്റെ അവസാനം എന്നു നാം കരുതുന്നില്ല. മറിച്ച് കൊളോണിയലിസത്തിൽ ആരംഭിക്കുന്ന കാലഘട്ടത്തെ അത് സൂചിപ്പിക്കുന്നു. എന്നാൽ പോസ്റ്റ് ഫെമിനിസത്തിന്റെ കാര്യത്തിൽ അത് ഫെമിനിസത്തിന്റെ അവസാനത്തെയാണ് സൂചിപ്പിക്കുന്നത്. പോസ്റ്റ് ഫെമിനിസം സ്ത്രീകൾ സാമൂഹിക, രാഷ്ട്രീയ, സാമ്പത്തിക സമത്വം നേടിയെന്നും ഇനി കൂടുതൽ ഫെമിനിസ്റ്റ് പ്രവർത്തനങ്ങൾ ആവശ്യമില്ലെന്നുമാണ് വാദിക്കുന്നത്. ഈ കാഴ്ചപ്പാട് അനുസരിച്ച്, സ്ത്രീകൾക്ക് ഇപ്പോൾ തുല്യഅവസരങ്ങളും സ്വാതന്ത്ര്യവും ലഭിച്ചിട്ടുണ്ടെന്നും അവരുടെ വ്യക്തിഗത തീരുമാനങ്ങൾക്കും തെരഞ്ഞെടുപ്പുകൾക്കുമാണ് ഇനി പരിഗണന ലഭിക്കേണ്ടതെന്നും പ്രസ്താവിക്കുന്നു.
പോസ്റ്റ് ഫെമിനിസം എന്ന പദം ആദ്യമായി ഉപയോഗിക്കുന്നത് 1919-ൽ പുറത്തിറങ്ങിയ റാഡിക്കൽ ഫെമിനിസം എന്ന ലേഖനത്തിലാണ്. പിന്നീട് 1982ൽ ഔദ്യോഗികമായി ന്യൂയോർക്ക് ടൈം മാഗസിൻ പ്രസിദ്ധീകരിച്ച 'വോയ്സസ്സ് ഫ്രം ദി പോസ്റ്റ് ഫെമിനിസ്റ്റ് ജനറേഷൻ' എന്ന ലേഖനത്തിലൂടെ ഈ പദം കൂടുതൽ പ്രചാരം നേടി. 1980 കളിലും 90 കളിലും ഉയർന്നു വന്ന പോസ്റ്റ് ഫെമിനിസ്റ്റ് ഗ്രന്ഥങ്ങൾ രണ്ടാം തരംഗ ഫെമിനിസത്തെ ഒരു ഏകശിലാരൂപമായി ചിത്രീകരിച്ചു. പോസ്റ്റ് ഫെമിനിസത്തെ ചുറ്റിപ്പറ്റിയുള്ള സംവാദം അതിന്റെ അവ്യക്തമായ സ്വഭാവത്തെയാണ് കേന്ദ്രീകരിക്കുന്നത്. ഈ പദത്തിന് വ്യക്തമായ നിർവചനം ഇല്ലെന്ന് വിമർശകർ വാദിക്കുന്നു(Sarah Gamble, 2006:36).ഇത് ഒരു മൂർത്തമായ പ്രതിഭാസത്തേക്കാൾ ഒരു അനുമാനമായാണ്അവർ കണക്കാക്കുന്നത്. അവ്യക്തത ചിലപ്പോഴൊക്കെ ഉത്തരാധുനികതയുമായി ഉപമിക്കാറുണ്ട്. വ്യക്തമായ അതിരുകളില്ല എന്നതുതന്നെയാണ് അതിന്റെ കാരണം.
ഈ രണ്ടാം തരംഗ ഫെമിനിസത്തിന്റെ പരിമിധികളോടുള്ള പ്രതികരണമായാണ് പോസ്റ്റ് ഫെമിനിസം ഉയർന്നു വന്നത് എന്ന് സൂചിപ്പിച്ചുവല്ലോ. സ്ത്രീകളുടെ അവകാശങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിൽ ഫെമിനിസം അനിഷേധ്യമായി കാര്യമായ പുരോഗതി കൈവരിച്ചിട്ടുണ്ടെങ്കിലും സമകാലിക സമൂഹത്തിൽ പ്രസ്ഥാനം കാലഹരണപ്പെട്ടതും അപ്രസക്തവുമായി മാറിയെന്ന് പോസ്റ്റ് ഫെമിനിസം അഭിപ്രായപ്പെടുന്നു. വ്യക്തിഗത തെരഞ്ഞെടുപ്പിന്റെയും നിർവ്വഹണകർത്തൃത്വത്തിന്റെയും പ്രാധാന്യമാണ് ഇവിടെ ഊന്നിപ്പറയുന്നത്. പരമ്പരാഗതവും ലിംഗപരവുമായ റോളുകളിൽ പരിമിതപ്പെടാതെ സ്ത്രീകൾക്ക് സ്വന്തം ആഗ്രഹങ്ങളും ലക്ഷ്യങ്ങളും പിന്തുടരാൻ സ്വാതന്ത്ര്യമുണ്ടെന്ന വാദവും ഇതിനെ പിന്തുണയ്ക്കുന്നു.
പാരമ്പര്യം-ആധുനികത, പുരുഷാധികാരം-അടിമത്തം തുടങ്ങിയ ഉറച്ചതും പരസ്പരവിരുദ്ധവുമായി കണക്കാക്കുന്ന ഒട്ടേറെ ദ്വന്ദങ്ങളെ പോസ്റ്റ് ഫെമിനിസം കീഴ്മേൽ മറിക്കുന്നതായി കാണാം. സ്വന്തം ശരീരത്തിന്മേലുള്ള അവകാശം, ലൈംഗികത, അധ്വാനശേഷി, പ്രത്യുല്പാദനം, ഗർഭനിരോധന മാർഗങ്ങൾ തുടങ്ങിയവയെക്കുറിച്ച് ചർച്ച ചെയ്യാനും തീരുമാനമെടുക്കാനും ഇന്ന് സ്ത്രീയ്ക്ക് കഴിയുന്നു. ശരീരത്തെക്കുറിച്ചും ലൈംഗികതയെക്കുറിച്ചും തുറന്നെഴുതപ്പെടുന്നു. സ്ത്രീകൾക്ക് അംഗീകൃതമായി മാത്രം കരുതപ്പെട്ടിട്ടുള്ള മാതൃത്വം, ഭക്തി, ആചാരങ്ങൾ, സൗന്ദര്യം എന്നിവ നിരാകരിക്കപ്പെടുന്നു.അവയ്ക്ക് പുതിയ മാനങ്ങൾ കൽപ്പിക്കപ്പെടുന്നു. ഇങ്ങനെ പോകുന്നു പോസ്റ്റ് ഫെമിനിസത്തിന്റെ വാദഗതികൾ.
1970-ൽ ജെർമെയ്ൻ ഗ്രീർ രണ്ടാം തരംഗ ഫെമിനിസവുമായി ബന്ധപ്പെട്ട പ്രധാന ഗ്രന്ഥമായ The Female Eunuch പ്രസിദ്ധീകരിച്ചു. 1999-08, പോസ്റ്റ്ഫെമിനിസ്റ്റ് പ്രത്യയശാസ്ത്രത്തോടുള്ള പ്രതികരണമായി അവർ The whole woman എന്ന പുസ്തകവും എഴുതുകയുണ്ടായി. പോസ്റ്റ് ഫെമിനിസത്തെ സ്ത്രീകളെ ഉപഭോക്താക്കളിലേക്ക് ചുരുക്കുന്ന ഒരു കമ്പോള-പ്രേരിത ആശയമായാണ് ഗ്രീർ കണക്കാക്കുന്നത്. അവർക്ക് "എല്ലാം ഉണ്ടായിരിക്കാം"-ഒരു കരിയർ, മാതൃത്വം, സൗന്ദര്യം, മികച്ച ലൈംഗിക ജീവിതം -എന്നാൽ അവർ യഥാർത്ഥത്തിൽ ഉപഭോക്തൃത്വത്തെ ശക്തിപ്പെടുത്തുന്നു എന്നാണ് ഗ്രീറിന്റെ വാദം. പോസ്റ്റ് ഫെമിനിസം സമ്പന്നമായ പാശ്ചാത്യരുടെ ഒരു ആഡംബരമാണെന്നും അത് മറ്റെവിടെയെങ്കിലും ഉണ്ടാക്കിയേക്കാവുന്ന അടിച്ചമർത്തലിനെ അവഗണിക്കുന്നുവെന്നുംഅത്തരമൊരു സാഹചര്യത്തിൽ സ്ത്രീകൾ ഫെമിനിസത്തിനപ്പുറത്തേക്ക് നീങ്ങിയെന്ന് സ്ത്രീകൾക്ക് എങ്ങനെ വിശ്വസിക്കാൻ കഴിയുമെന്നും അവർ ചോദിക്കുന്നു. പോസ്റ്റ് ഫെമിനിസത്തിന്റെ ഉദയം ഉണ്ടായിരുന്നിട്ടും, ഫെമിനിസത്തിന്റെ ഭാവിയെക്കുറിച്ചുള്ള ചർച്ച അവസാനിച്ചിട്ടില്ലെന്നും രണ്ടാം തരംഗ ഫെമിനിസം പ്രസക്തമായി തുടരുമെന്നും ഗ്രീർ ഉറപ്പിച്ചു പറയുന്നുണ്ട്.
പരസ്യലോകത്തെ സ്ത്രീയും പോസ്റ്റ് ഫെമിനസത്തിന്റെ അതിവാദങ്ങളും
നിരവധി സമരങ്ങളുടെയും പ്രതിരോധങ്ങളുടെയും ഫലമായി ഇന്ന് സ്ത്രീജീവിതത്തിന്റെ ദൃശ്യതയും പൊതുമണ്ഡലത്തിലേക്കുള്ള കടന്നുവരവും പ്രകടമാണ്. അതിന്റെ നിദർശനങ്ങൾ പരസ്യങ്ങളിലും കാണാം. പഴയ കാഴ്ച്ചാപ്പാടുകളെ നിരാകരിച്ച് പരസ്യങ്ങൾ പുതിയ പെണ്ണിനെ അവതരിപ്പിക്കുന്ന കാഴ്ച്ച പരസ്യങ്ങളുടെ പ്രത്യേകതയാണ്. പോസ്റ്റ് ഫെമിനിസ്റ്റ് ധാരകൾ ചൂണ്ടിക്കാണിക്കുന്ന ഇത്തരം ഉദാഹരണങ്ങൾ ധാരാളമുണ്ട്. ഈ ഉദാഹരണങ്ങളിൽ സാമൂഹികമായി മാറുന്ന സമൂഹത്തിന്റെ വീക്ഷണങ്ങളും ചിന്താഗതികളും തിടംവച്ചു നില്ക്കുന്നുണ്ടെന്നതും ശ്രദ്ധേയമാണ്.
പരസ്യങ്ങളിൽ ജോലിക്ക് പോകുന്ന, സുപ്രധാന കാര്യങ്ങളിൽ തീരുമാനമെടുക്കുന്ന, സ്വന്തം അഭിപ്രായം വ്യക്തമാക്കുന്ന, പുരുഷനുവേണ്ടിയുള്ള കാഴ്ചാസുഖത്തിന് മാത്രമല്ല സൗന്ദര്യം എന്നറിഞ്ഞ ഒരു സ്ത്രീസങ്കല്പം പതുക്കെ രൂപപ്പെടുന്നുണ്ട്. 2023ൽ പുറത്തിറങ്ങിയ ഡവ് സോപ്പിന്റെ പരസ്യം പരിശോധിച്ചാൽ ഈ പരസ്യത്തിലെ സ്ത്രീ സിവിൽ എൻജിനീയറാണെന്നു കാണാം. വിദ്യാഭ്യാസം നേടിയ, സാമ്പത്തിക സ്വാത്രന്ത്യം അനുഭവിക്കുന്ന ആത്മാഭിമാനത്തോടെയാണ് അവർ ഈ
പരസ്യത്തിൽ അവതരിപ്പിക്കപ്പെടുന്നത്.
ഇപ്രകാരം നിലനിന്നിരുന്ന വാർപ്പുമാതൃകകളെ പൊളിച്ചെഴുതാനും പരസ്യങ്ങൾക്ക് സാധിച്ചിട്ടുണ്ട്. 12 വർഷങ്ങൾക്കു മുൻപ് ഇറങ്ങിയ " പെണ്ണായാൽ പൊന്നു വേണം' എന്ന ഭീമയുടെ പരസ്യത്തിൽ നിന്നും 2018 എത്തിയപ്പോഴേക്കുമുള്ള മേൽസൂചിപ്പിച്ച മാറ്റം പ്രശംസനീയമാണ്. ജൈവപരമായ വ്യത്യസ്ഥതയിൽ മനസ്സിലാക്കിയിരുന്ന സ്ത്രീ-പുരുഷ മാതൃകകളെ തകർത്ത് "Pure as Love' എന്ന ടാഗ് ലൈനിലൂടെ ട്രാൻസ് വുമണിനെയാണ് ഈ പരസ്യത്തിൽ അവതരിപ്പിക്കുന്നത്. അവളുടെ സ്വത്വം അംഗീകരിക്കുന്ന ആളുകളാണ് അവളുടെ വീട്ടിലും ചുറ്റുപാടിലുമുള്ളത്. അവളുടെ ജീവിതത്തിലെ എല്ലാ മുഹൂർത്തങ്ങളിലും അവർ കൂടെയുണ്ട്. കൃത്യമായ ലൈംഗികദിശാബോധം പുലർത്തുന്ന ഒരു കൂട്ടം ആളുകളെ അവതരിപ്പിക്കുന്നതിലൂടെ ജീവശാസ്ത്രപരമായ ആൺ-പെൺ വ്യത്യാസങ്ങൾ തുച്ഛമാണെന്നും അവയെ സമൂഹം പെരുപ്പിച്ച് കാട്ടുന്നവയാണെന്നും മനസ്സിലാക്കാം.
ഹാവെൽസിന്റെ കോഫീ മേക്കർ പരസ്യത്തിൽ ഭാര്യയെ അന്വേഷിക്കുന്ന തന്റെ പ്രിയപ്പെട്ട മകൻ വിദേശത്ത് തന്റെ ബാച്ചിലർ ജീവിതത്തിൽ വളരെയധികം കഷ്ടപ്പെടുന്നുണ്ടെന്നും ഒരു കപ്പ് കാപ്പി കുടിക്കാൻപോലും പുറത്തുപോകേണ്ടിവരുന്നുവെന്നും ആൺകുട്ടിയുടെ അമ്മ വിലപിക്കുന്ന ഇന്ത്യൻ പതിവ് കാഴ്ചയെ പരസ്യം ചിത്രീകരിക്കുന്നുണ്ട്. പെൺകുട്ടി അവർക്ക് മുൻപിൽ ഒരു കോഫീമേക്കർ നല്കികൊണ്ട് "ഇവനെ എടുത്തോളൂ അതാകുമ്പോൾ കൂടെ കൊണ്ടുപോകുകയും ചെയ്യാം എന്ന് പറയുന്നു. കാരണം അവൾ ഒരു അടുക്കള ഉപകരണമാകാൻ ആഗ്രഹിക്കുന്നില്ല. പ്രതികരണശേഷിയുള്ള സ്വന്തം അഭിപ്രായം ഉറച്ചുപറയുന്ന സ്ത്രീയെ ഇവിടെ കാണാം. എന്നാൽ 2019 ആയപ്പോഴേക്കും സ്ത്രീയുടെ വ്യക്തിസത്തയിലേക്ക് കൂടൂതൽ ആഴത്തിൽച്ചെന്നിറങ്ങുന്ന പരസ്യത്തിലേക്ക് ഹാവെൽസ് എത്തിചേർന്നു. അവിടെ സ്ത്രീയ്ക്കും പുരുഷനും ജോലിയുണ്ട്. വീട്ടുജോലികൾ അവർ തുല്യമായി പങ്കുവെയ്ക്കുന്നു. സ്ത്രീ വാഹനമോടിക്കുകയും നോക്കുകയും ചെയ്യുന്നു. പരസ്പര ബഹുമാനം വെച്ചുപുലർത്തുന്നു. സ്വകാര്യതയ്ക്കും സ്വാതന്ത്ര്യത്തിനുംമേൽ സ്വയം നിർണയാവകാശം സ്ഥാപിച്ചെടുക്കാൻ കഴിഞ്ഞ സ്ത്രീകൾ അങ്ങനെ പതിവ് കാഴ്ചയായി മാറി. സമാനമായി കാൻസറിനെ അതിജീവിച്ച് മുടികൊഴിഞ്ഞ സ്ത്രീയുടെ കഥയാണ് ഡാബർ വേദിക ഹെയർ ഓയിൽ പരസ്യം പറയുന്നത്. അവൾ രോക്ഷാകുലയായി കാണപ്പെടുമെങ്കിലും അവളുടെ കുടുംബവും സഹപ്രവർത്തകരും വളരെ സന്തുഷ്ടരാണ്. "Brave and Beautiful' എന്ന ടാഗ് ലൈനിലൂടെ പരസ്യം സൗന്ദര്യത്തെക്കുറിച്ചുള്ള സ്റ്റീരിയോടൈപ്പ് ആശയത്തെ തകർക്കുന്നു. മിക്ക പരസ്യങ്ങളും സ്ത്രീ അഭിനേതാക്കളെവെച്ചാണ് നിർമിച്ചിരിക്കുന്നത്.
വിപണന വ്യവസായത്തിൽ പോസ്റ്റ് ഫെമിനിസ്റ്റ് പ്രത്യയശാസ്ത്രങ്ങൾ ഒരു സുപ്രധാന പങ്ക് വഹിക്കുന്നു എന്നതിന്റെ സൂചന ഇത്തരം പരസ്യങ്ങൾ നൽകുന്നു. സ്വന്തമായി അധ്വാനിക്കുകയും ജീവിത വിജയം നേടുകയും ചെയ്ത സ്ത്രീയെ അവതരിപ്പിക്കുമ്പോൾ ഇതാകണം പെണ്ണ് എന്ന് ചെറുപ്പക്കാരായ സ്ത്രീകളിൽ പ്രചോദനം ഉണ്ടാകുന്നു. പ്രായഭേദമന്യേ എല്ലാവരെയും ആകർഷിക്കുന്ന പരസ്യങ്ങൾ ഇത്തരത്തിലുള്ള സന്ദേശം നൽകുന്നതിലൂടെ പുത്തൻ ഫെമിനിസ്റ്റ് വീക്ഷണങ്ങൾക്ക് കൂടുതൽ പ്രാമുഖ്യം ലഭിക്കുന്നു.
പോസ്റ്റ് ഫെമിനിസം ചില താത്വികവിമർശനങ്ങൾ
പോസ്റ്റ് ഫെമിനിസത്തിന്റെ പ്രധാന വിമർശനങ്ങളിൽ പലതും അതിന്റെ സങ്കല്പനപരമായ അവ്യക്തതയെ മുൻനിർത്തിയാണ് രൂപപ്പെട്ടിട്ടുള്ളത്. പല വിമർശകരും പോസ്റ്റ് ഫെമിനിസം സ്ത്രീകളുടെ നേട്ടങ്ങളെ അവഗണിക്കുകയും, നിലനിൽക്കുന്ന അസമത്വങ്ങളെയും വിവേചനങ്ങളെയും ലഘൂകരിക്കുകയും കൂടാതെ, ഇത് വ്യക്തിഗത തിരഞ്ഞെടുപ്പുകളെ അമിതമായി ചെയ്യുന്നുവെന്ന് ചൂണ്ടിക്കാട്ടുന്നു. ഊന്നുന്നതായും, സാമൂഹിക-രാഷ്ട്രീയ മാറ്റത്തിന്റെ ആവശ്യകതയെ അവഗണിക്കുന്നതായും വിമർശിക്കപ്പെടുന്നു.
പോസ്റ്റ്ഫെമിനിസത്തിന് ഒരു വ്യക്തവും സ്ഥിരവുമായ നിർവചനം ഇല്ലെന്ന് വിമർശകർ വാദിക്കുന്നതിൽ സാരമായ കഴമ്പുണ്ട്. ഇത് അവ്യക്തവും അമൂർത്തവുമായ ഒരു പദമെന്നപോലെ ഒരു അനുമാന പദ്ധതിയായാണ് പോസ്റ്റ് ഫെമിനിസത്തെ അവതരിപ്പിക്കുന്നത്.പോസ്റ്റ് ഫെമിനിസം പലപ്പോഴും മാധ്യമ-നിർമ്മിതമായ ഒരു പ്രതിഭാസമായി കാണപ്പെടുന്നു എന്നതും ഇതിനോട് ചേർത്ത് വായിക്കേണ്ടതാണ്.ശക്തമായ സൈദ്ധാന്തിക ചട്ടക്കൂട് മുഖേനയെന്നതിനെക്കാൾ ജനപ്രിയ സംസ്കാരവും ഉപഭോക്തൃ മൂല്യങ്ങളും വഴിയാണ് പോസ്റ്റ് ഫെമിനിസത്തിന്റെ വാദഗതികൾ ഉണ്ടാകുന്നത്. ഈ മാധ്യമ നിർമ്മിതി ഫെമിനിസ്റ്റ് ആശയങ്ങളെ നിസ്സാരമാക്കുകയും അതിനെ വാണിജ്യവൽക്കരിക്കുകയും അർത്ഥവത്തായ സാമൂഹിക വിമർശനങ്ങളെക്കാൾ കേവലം പ്രവണതകളായി ചുരുക്കുകയും ചെയ്യുന്നു.
താനിയ മോസ്കിയെ പോലുള്ള വിമർശകർ വാദിക്കുന്നത് പോസ്റ്റ് ഫെമിനിസം പരമ്പരാഗത സ്ത്രീത്വത്തെയും ഉപഭോക്തൃ സംസ്കാരത്തെയും ആഘോഷിക്കുന്നതിലൂടെ ഫെമിനിസം വെല്ലുവിളിച്ച അതേ ലിംഗാധികാരത്തെ ഫലപ്രദമായി ശക്തിപ്പെടുത്തുന്നു എന്നാണ്. ഈ തിരിച്ചുപോക്ക് ഫെമിനിസം ഉണ്ടാക്കിയെടുത്ത പുരോഗതിയുടെ വഞ്ചനയായാണ് അവർ കാണുന്നത്. കൂടാതെ മൂന്നാം തരംഗ സ്ത്രീവാദം മുന്നോട്ടുവച്ച വർഗ, വർണ, വശം വ്യതിരിക്തതകളെ മുൻനിർത്തിയുള്ള പര്യാലോചനകളും ഇവിടെ
അപ്രസക്തമാകുന്നു.
മൂന്നാം തരംഗ ഫെമിനിസവും പോസ്റ്റ്ഫെമിനിസവും തമ്മിലുള്ള വ്യത്യാസവും താർക്കികമാണ്.പലരും മൂന്നാം തരംഗ ഫെമിനിസത്തെ പോസ്റ്റ് ഫെമിനിസത്തിന്റെ കൂടുതൽ ആധുനിക ശാഖയായി കാണുന്നുണ്ട്. മുൻകാല ഫെമിനിസ്റ്റ് പ്രസ്ഥാനങ്ങളിൽ വേരുകളൂന്നി പോസ്റ്റ് ഫെമിനിസത്തിൽ കാണുന്ന പ്രതിരോധാത്മക നിലപാട് ഒഴിവാക്കിക്കൊണ്ടാണ് മൂന്നാം തരംഗ ഫെമിനിസം മുന്നോട്ടുപോകുന്നത്. ഗായത്രി സ്പിവാക്, ജൂഡിത്ത് ബട്ട്ലർ, ഹെലിൻ സിക്സസ് തുടങ്ങിയ ചിന്തകരിൽ സൈദ്ധാന്തിക ഉൾക്കാഴ്ചകളും ഇത് ഉൾക്കൊള്ളുന്നു. ചുരുക്കത്തിൽ വംശത്തെയും ലിംഗഭേദത്തെയും കുറിച്ചുള്ള പുതിയ ബോധ്യങ്ങളെ മനസ്സിലാക്കിക്കൊണ്ടുള്ള സ്ത്രീവാദവിമർശനപദ്ധതിയായ മൂന്നാം തരംഗ വാദഗതികളെ പോസ്റ്റ് ഫെമിനിസം എന്ന അവ്യക്തപദ്ധതിയുമായി കൂട്ടിച്ചേർക്കാനാവില്ല.
References
• Gamble, Sarah. (2004).
The Routledge Companion to Feminism and Post feminism, United Kingdom: Taylor & Francis.
• Cot Nancy F. (1987). The Grounding of Modern Feminism, Yale University press: New Haven.
• Brooks A. (1997). Post Feminism: Feminism, Cultural Theory and Cultural forms, London and Newyork: Rutledge.
· Genz Stephanie and Benjamin A brabon.(2009). Postfeminism: Cultural Texts and theories, Edinburgh University press .
•Mc Rabbie, angela. (2009). The aftermath of feminism gender, culture and social change, University of London: Uk