top of page

പൂർവ്വമീമാംസയുടെ ചരിത്രപശ്ചാത്തലം: ഒരു പഠനം



പ്രബന്ധസംഗ്രഹം

പൂർവ്വമീമാംസാദർശനം വേദങ്ങളിലെ പൂർവ്വഭാഗമായ കർമ്മകാണ്ഡത്തിലെ യജ്ഞപ്രധാനമായ വാക്യങ്ങളെ വ്യാഖ്യാനിച്ചാണ് ഗൗരവമായ ഒരു ദാർശനികപദ്ധതിയായി വളർച്ച പ്രാപിച്ചത്. കർമ്മങ്ങൾ നിർവ്വഹിക്കുവാൻ അനുശാസിക്കുന്ന അനാദിയും അപൗരുഷേയവും ആയ വേദവാക്യങ്ങളുടെ കാതൽ എന്തെന്നുള്ള അന്വേഷണമാണ് മീമാംസ നിരൂപിക്കുന്നത്. പ്രസ്തുത പ്രബന്ധത്തിൽ ഷഡ്ദർശനങ്ങളിലെ അഞ്ചാമത്തെതായ പൂർവ്വമീമാംസയുടെ ചരിത്രപശ്ചാത്തലമാണ് പഠനവിഷയമാക്കുന്നത്.

താക്കോൽവാക്കുകൾ: പൂർവ്വമീമാംസാദർശനം, വേദം, ഷഡ്ദർശനങ്ങൾ, കുമരിലഭട്ടൻ, പ്രഭാകരമിശ്രൻ.

ആമുഖം

                   അവികലമായ ദർശനങ്ങളുടെ മഹത്തായ പാരമ്പര്യമാണ് ഭാരതത്തിന്റെ ചരിത്രം. ഭാരതീയരുടെ ഭൗതികജീവിതം പൂർണമായും വ്യക്തികേന്ദ്രീകൃതമായിരുന്നില്ല, മറിച്ച് പ്രപഞ്ചത്തിലെ സകല ചരാചരങ്ങളെയും ഉൾക്കൊള്ളുന്ന ദർശനങ്ങളുടെ ഉലയിൽ മെനഞ്ഞെടുത്ത ആധ്യാത്മികതയിലൂന്നിയ ജീവിതരീതിയായിരുന്നു. അതുകൊണ്ടുതന്നെയാണ് ബുദ്ധിയെ ഊന്നുന്ന തത്വചിന്തയും വിശ്വാസത്തെ അടിസ്ഥാനമാക്കിയ മതവും ഭാരതത്തിൽ ഒന്നിച്ചുപോയത്. മറ്റു രാജ്യങ്ങളിൽ തത്വചിന്ത സാമൂഹിക സാംസ്കാരിക ചട്ടക്കൂടുകളിൽ ഞെരുങ്ങുന്ന മാനവരുടെ ജീവിതപ്രശ്നങ്ങൾക്ക് പരിഹാരം എന്ന നിലയിൽ വികാസംപ്രാപിച്ചപ്പോൾ ഭാരതീയചിന്ത പ്രശാന്തസുന്ദരമായ പ്രകൃതിയുടെ മടിത്തട്ടിൽ നിഗൂഢമായ തപോവനങ്ങളിൽ മന്ത്രദ്രഷ്ടാക്കളായ ഋഷിമാരുടെ ബൗദ്ധികസ്ഥലികളിലാണ് പിറക്കുന്നത്. ഭാരതീയഋഷിമാർ പ്രപഞ്ചത്തിന്റെ ആത്മാവിഷ്കാരത്തിൽ ഘനീഭവിക്കുന്ന ദാർശനിക സമസ്യകൾക്ക് ഉത്തരം കണ്ടെത്തുകയാണുണ്ടായത്. നാം ഈ കാണുന്ന വൈവിദ്ധ്യങ്ങളുടെ കലവറയായ പ്രാപഞ്ചിക യാഥാർത്ഥ്യത്തെ അനേകമാനങ്ങളിൽ വീക്ഷിച്ചതിന്റെ ഫലമായാണ് ഭാരതീയദർശനങ്ങൾ ഉരുവം കൊള്ളുന്നത്. ഭാരതത്തിൽ ദർശനങ്ങളുടെ അടിത്തറ വേദങ്ങളാണെന്ന് പണ്ഡിതസമൂഹം അഭിപ്രായപ്പെടുന്നു. “പല നൂറ്റാണ്ടുകളിലായി ചിതറിക്കിടക്കുന്ന, ഭാഷയിലും ഉള്ളടക്കത്തിലും വളരെയേറെ വൈവിദ്ധ്യം പുലർത്തുന്ന, ഒരു സാഹിത്യസമുച്ചയത്തെയാണ് വേദം എന്ന് വിളിക്കപ്പെട്ടുപോരുന്നത് (Velayudhan Nair, 137).

            വേദപ്രാമാണ്യത്തെ അംഗീകരിക്കുന്നു എന്ന അർത്ഥത്തിൽ ന്യായ-വൈശേഷിക, സാംഖ്യ-യോഗ, പൂർവ്വമീമാംസ- ഉത്തരമീമാംസ ദർശനങ്ങളെ ആസ്തികം അഥവാ ഷഡ്ദർശനങ്ങൾ എന്നും, വേദപ്രാമാണ്യത്തെ അംഗീകരിക്കാത്ത ചാർവാകം, ജൈനം എന്നിവയും സൗതാന്ത്രികം, വൈഭാഷികം യോഗാചാരം, മാധ്യമികം എന്നീ ബൗദ്ധദർശനങ്ങളെയും നാസ്തികദർശനങ്ങൾ എന്നും വേർതിരിക്കുന്നു. ദാർശനിക പാരമ്പര്യത്തിൽ 'മീമാംസ' എന്ന് ഉദ്ദേശിക്കുന്നത് പൂർവ്വമീമാംസയെയാണ്. ഈ പ്രബന്ധത്തിൽ ഷഡ്ദർശനങ്ങളിലെ അഞ്ചാമത്തെതായ പൂർവ്വമീമാംസയുടെ ചരിത്രപശ്ചാത്തലമാണ് പഠന വിഷയമാക്കുന്നത്.

പൂർവ്വമീമാംസയുടെ ചരിത്രപശ്ചാത്തലം

 ശ്രുതിപ്രമാണം, അഥവാ സംശയാതീതമായി സ്വീകരിക്കേണ്ടത്, എന്ന തരത്തിൽ ഭാരതത്തിലെ ദാർശനികലോകത്ത് സർവ്വ സമ്മതിയുള്ളതാണ് വേദവാക്യങ്ങൾ. ആ വാക്യങ്ങളുടെ സ്വീകാര്യത യുക്തിയുക്തം വിലയിരുത്തി, അവ സ്വീകാര്യം തന്നെയാണ് എന്ന് ഉറപ്പുവരുത്തുകയാണ് മീമാംസ ചെയ്യുന്നത് (Narayana Prasad,11). മീമാംസാദർശനം വേദങ്ങളിലെ പൂർവ്വഭാഗമായ കർമ്മകാണ്ഡത്തിലെ യജ്ഞപ്രധാനമായ വാക്യങ്ങളെ വ്യാഖ്യാനിച്ചാണ് ഗൗരവമായ ഒരു ദാർശനികപദ്ധതിയായി വളർച്ച പ്രാപിച്ചത്. മീമാംസാഗ്രന്ഥങ്ങളിൽ പിൽക്കാലത്ത് ഈ ദാർശനിക പദ്ധതിയുടെ ദൈവികഉത്ഭവത്തെ അധികരിച്ച് പരാമർശങ്ങളുണ്ടായിട്ടുണ്ട്. അത്തരത്തിലുള്ള പരാമർശങ്ങളിൽ മീമാംസ എന്ന അറിവിന്റെ ശാഖ ബ്രഹ്മാവ് പ്രജാപതിക്ക് കൈമാറി എന്നും പ്രജാപതി പിന്നീട് ഇന്ദ്രന്..... അവസാനം വ്യാസന്റെ ശിഷ്യനായ ജൈമിനിക്ക് നൽകപ്പെട്ടു എന്നും പറയപ്പെടുന്നു. വളരെ കാലത്തോളം വായ്‌മൊഴിയിലൂടെ വികാസം പ്രാപിച്ച വേദാർത്ഥവിചാരത്തെ ജൈമിനിമഹർഷി ഒരു ശാസ്ത്രമായി ക്രമീകരിച്ചു. 'ജൈമിനീയ സൂത്രാർത്ഥസംഗ്രഹം' എന്ന ഗ്രന്ഥത്തിൽ ഋഷിപുത്ര പരമേശ്വരൻ ഈ ഐതിഹ്യം പരാമർശിക്കുന്നു. ജൈമിനിയുടെ മീമാംസാസൂത്രം എന്ന ഗ്രന്ഥം ചിട്ടപ്പെടുത്തിയ രൂപത്തിൽ ആദ്യമായി കണ്ടെത്തിയത് 450-400 ബി.സി.യിലായിരുന്നു. ഈ ഗ്രന്ഥത്തിൽ ജൈമിനി പൂർവികരായ നിരവധി മീമാംസാചാര്യന്മാരെ പരാമർശിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ജൈമിനിയല്ല ഈ ദർശനത്തിന്റെ പ്രവക്താവ് എന്നും വ്യക്തമാണ്. പൂർവാചാര്യന്മാരുടെ ആശയങ്ങളെ ജൈമിനി സമർത്ഥിക്കുകയും നിരാകരിക്കുകയും ചെയ്യുന്നുണ്ട് (Sudhir lal,67)

വേദാന്തസൂത്രരചയിതാവായ ബാദരായണനെയാണ് മീമാംസാ ദർശനത്തിന്റെ  പ്രഥമാചാര്യനായി കരുതുന്നത്. ജൈമിനിമഹർഷി മീമാംസാസൂത്രങ്ങളിൽ പല സന്ദർഭങ്ങളിലും തന്റെ ഗുരുവായ ബാദരായണനെപറ്റി വിശിഷ്ടപരാമർശങ്ങൾ നടത്തുന്നത് അദ്ദേഹത്തിന്റെ ആചാര്യസ്ഥാനത്തെ പറ്റിയുള്ള സംശയത്തെ നിഗ്രഹിക്കുന്നു. ജൈമിനി ആചാര്യതുല്യനായി കാണുന്ന ബാദരിയാണ് ശൂദ്രനും യജ്ഞം നടത്താമെന്ന് പൂർവ്വപക്ഷമതമായി അവതരിപ്പിക്കുന്നത്. എന്നാൽ ജൈമിനി ഈ വാദത്തെ എതിർക്കുന്നതായും സൂത്രങ്ങളിൽ കാണാം. മീമാംസയുടെ പൂർവ്വസൂരികളായ ഐതിശായനൻ, കാമുകായനൻ, ആത്രേയൻ, ആലേഖനൻ, കർഷ്ണാർജിനി,  ലാവുകായനൻ എന്നിവർ ചർച്ച ചെയ്ത വ്യത്യസ്ത വിഷയങ്ങളെപ്പറ്റി പരാമർശിക്കുന്നതോടൊപ്പം അദ്ദേഹം സൂത്രകർത്താവല്ലാത്ത മറ്റൊരു ജൈമിനിയുണ്ടെന്നും സ്ഥാപിക്കുന്നു.

കർമ്മങ്ങൾ നിർവ്വഹിക്കുവാൻ അനുശാസിക്കുന്ന അനാദിയും അപൗരുഷേയവും ആയ വേദവാക്യങ്ങളുടെ കാതൽ എന്തെന്നുള്ള അന്വേഷണമാണ് മീമാംസ നിരൂപിക്കുന്നത്. ഭാരതത്തിന്റെ ചരിത്രത്തിൽ ഉണ്ടായ,  പിൽക്കാലത്ത് വന്ന ദർശനപദ്ധതികൾ വൈദിക മതത്തിന്റെ പ്രാധാന്യത്തെ ഇകഴ്ത്തുന്ന രീതിയിലായിരുന്നു. പ്രത്യേകിച്ച്, ബൗദ്ധദർശനത്തിന്റെ വികാസം. അതുവരെ ഉണ്ടായിട്ടുള്ള മീമാംസ്യമായ വിചിന്തനങ്ങളെ ക്രോഡീകരിച്ച് ഒരു ശാസ്ത്രമെന്ന നിലയിൽ അവതരിപ്പിച്ച് വൈദികധർമ്മത്തെ ഉറപ്പുള്ള ഒരു അടിത്തറയിൽ പുന:പ്രതിഷ്ഠിക്കേണ്ടത് അന്ന് ചരിത്രപരമായ ഒരാവശ്യമായി തീർന്നു. ജൈമിനിമഹർഷിയാണ് ആ ഉത്തരവാദിത്വം ഏറ്റെടുത്ത് ഏറ്റവും ബൃഹത്തായ ദാർശനികസൂത്രസമാഹാരമായ 'പൂർവ്വമീമാംസാ'സൂത്രം രചിച്ചത് (Narayana Prasad,12).

സൂത്രകാരനായ ജൈമിനിയുടെ കാലം ബി.സി. 200 ആം നൂറ്റാണ്ടിനോട്  അടുത്താണെന്ന് ദാസ് ഗുപ്ത അഭിപ്രായപ്പെടുന്നു. ജൈമിനിമഹർഷിയുടെ ദ്വാദശലക്ഷണി അഥവാ മീമാംസാസൂത്രത്തിന് ഭർതൃമിത്രൻ,  ഉപവർഷൻ,ഹരി, ബോധായനൻ, ഭവദാസൻ എന്നീ ആചാര്യന്മാർ എഴുതിയ ഭാഷ്യങ്ങൾ കണ്ടെത്തിയിട്ടില്ല. കാലഗണന അനുസരിച്ച് ഏകദേശം 400 എ.ഡി.യിൽ ജീവിച്ചിരുന്ന ശബരസ്വാമി മീമാംസാസൂത്രത്തിന് എഴുതിയ വിപുല വ്യാഖ്യാനമായ ശബരഭാഷ്യം മാത്രമാണ് ഇന്ന് പ്രചാരത്തിലുള്ളതും, ജൈമിനീയസൂത്രങ്ങളുടെ അർത്ഥാവധാരണം സാധ്യമാക്കുന്നതും, പിൽക്കാലത്തുണ്ടായ മീമാംസയുടെ വികാസത്തിന് ആധാരമായി നിലകൊണ്ടതും എന്ന് പണ്ഡിതമതം.

വൈദിക കർമ്മങ്ങളിൽ മാത്രം വിഹരിച്ച മീമാംസാപദ്ധതിയെ ദാർശനികതയുടെ ഔന്നിത്യത്തിലേക്ക് പുതിയ മാനങ്ങൾ നൽകി വികസിപ്പിച്ചത് കുമരിലഭട്ടനും പ്രഭാകരമിശ്രനുമാണ്. ഭാരതീയ ദർശനചരിത്രത്തിൽ വളരെ പ്രശസ്തനും ബുദ്ധിരാക്ഷസൻ എന്ന പേരിന് തക്കതായ അഗാധ പാണ്ഡിത്യവുമുള്ള കുമരിലഭട്ടനാണ് മീമാംസാസമ്പ്രദായത്തിലെ ഭാട്ടമതത്തിന്റെ സ്ഥാപകൻ. അദ്ദേഹം യാഥാസ്ഥിതികബ്രാഹ്മണമതത്തിന്റെയും പൗരോഹിത്യത്തിന്റെയും വക്താവായിരുന്നു. ഏകദേശം 600-720 എ. ഡി. യിലാണ് അദ്ദേഹത്തിന്റെ കാലഘട്ടം എന്നാണ് പണ്ഡിതമതം (Verpoorten,22). ശ്ലോകവാർത്തികം, തന്ത്രവാർത്തികം, ടുപ്ടീക, ബൃഹട്ടീക എന്നിവയാണ് അദ്ദേഹം ശബരഭാഷ്യത്തിന് വ്യാഖ്യാനമായി രചിച്ചത്.

 കുമരിലഭട്ടൻ ഈ സമ്പ്രദായത്തിലേക്ക് എത്തുമ്പോൾ ബൗദ്ധന്മാർ ഹൈന്ദവദർശനത്തെ വളരെ നിശിതമായി വിമർശിച്ചുകൊണ്ടിരുന്ന കാലമായിരുന്നു. അതുകൊണ്ടുതന്നെ ബൗദ്ധദർശനത്തെ എതിർക്കുവാൻ അദ്ദേഹം തയ്യാറാവുകയും ബുദ്ധദർശനത്തിന്റെ സൗതാന്ത്രികവിജ്ഞാനവാദപ്രസ്ഥാനത്തിലെ പ്രശസ്തനായ ആചാര്യനായ ദിങ്നാഗനുമായി പൊരുതുകയും ചെയ്തു (Sudhir Lal, 71). കുമരിലഭട്ടൻ ശ്ലോകവാർത്തികം എഴുതിയതിനുള്ള പ്രധാന ഉദ്ദേശം അദ്ദേഹം തന്റെ കൃതിയിൽ പ്രതിപാദിക്കുന്നുണ്ട്.

"പ്രായണൈവ ഹി മീമാംസാ  ലോകേ ലോകായകൃതീകൃതേ 

താമാസ്തികപഥെ കർത്തുമയം യത്ന: കൃതോ മയാ"

(ശ്ലോകവാർത്തികം p.33)

ഭാരതംകണ്ട ദർശനികാചാര്യന്മാരിൽ ഏറ്റവും വലിയ ബുദ്ധിജീവിയായ കുമരിലഭട്ടനാണ് ശങ്കരാചാര്യർക്ക്പോലും അദ്ദേഹത്തിന്റെ സിദ്ധാന്തം കൃത്യമായി സ്ഥാപിക്കാനുള്ള കാര്യങ്ങൾ പറഞ്ഞു കൊടുക്കുന്നതും  അതേവഴിയിലൂടെ വാദിച്ചു അദ്ദേഹം ബൗദ്ധരുടെ  സിദ്ധാന്തങ്ങളെ ഖണ്ഡിക്കുന്നതും.

മുൻപ് സൂചിപ്പിച്ചതുപോലെ പൂർവ്വമീമാംസയുടെ പ്രധാനപ്പെട്ട രണ്ട് ശാഖകളാണ് ഭാട്ടമതവും, പ്രഭാകര മിശ്രൻ (650-720 CE) വികസിപ്പിച്ചെടുത്ത പ്രഭാകരമതവും. ഇരുവരും എ.ഡി. ഏഴാംനൂറ്റാണ്ടിൽ ശങ്കരാചാര്യരുടെ സമകാലീനരായി ജീവിച്ചിരുന്നതായി വിശ്വസിക്കപ്പെടുന്നു.

ശബരസ്വാമിയുടെ ഭാഷ്യത്തെ ആധാരമാക്കി പ്രഭാകരമിശ്രൻ 'ബൃഹതി' , 'ലഘ്വി' എന്നീ വ്യാഖ്യാനങ്ങൾ രചിച്ചു. കുമാരിലഭട്ടന്റെ ശിഷ്യനായ അദ്ദേഹത്തിന്റെ മതം ദാർശനിക ലോകത്ത് 'ഗുരുമതം' എന്നപേരിൽ അറിയപ്പെടുന്നു. ശബരഭാഷ്യത്തിലെ ചില നിലപാടുകളെയൊക്കെ കുമരിലഭട്ടൻ തള്ളിക്കളഞ്ഞപ്പോഴും ഗുരുമതത്തിന്റെ പ്രണേതാവായ പ്രഭാകരമിശ്രൻ പൂർണമായും അതിനോട് ചേർന്ന് നിന്നുകൊണ്ട് തന്നെ ചിന്തിക്കുന്നു. പ്രഭാകരമിശ്രന്റെ ചിന്താമണ്ഡലം കടപ്പെട്ടിരിക്കുന്നത് അദ്ദേഹത്തിന്റെ അനുഷ്ഠാനവിദ്യകളോടാണ്. യാജ്ഞികാനുഷ്ഠാനങ്ങളാണ്  എല്ലാറ്റിനും ഉപരിയായിട്ടുള്ളത് എന്നാണ് അദ്ദേഹത്തിന്റെ വിശ്വാസം.  ഉറച്ച പ്രായോഗിക വീക്ഷണസിദ്ധാന്തിയായ പ്രഭാകരമിശ്രൻ വിപ്ലവകാരികൂടിയാണ് . തന്റെ പുതിയ ആശയസിദ്ധാന്തങ്ങൾ കൊണ്ട് പ്രശസ്തനാണ് അദ്ദേഹം (Sudhir Lal, 72).

പൂർവ്വമീമാംസയുടെ ചരിത്രപശ്ചാത്തലം സൂക്ഷ്മമായി നിരീക്ഷിക്കുമ്പോൾ, ഈ രണ്ടു പണ്ഡിതന്മാരും മീമാംസാദർശനത്തിന്റെ പൂർണ്ണമായ നിയന്ത്രണം ഏറ്റെടുക്കുകയും പിൽക്കാലത്തുവന്ന വ്യാഖ്യാതാക്കളെ ഭാട്ടമതത്തിലോ ഗുരുമതത്തിലോ ഉൾപ്പെടുത്തുകയുമായിരുന്നു. ഏകദേശം പതിനഞ്ചാംനൂറ്റാണ്ടിൽ മൂന്നാമതൊരു ശാഖ മുരാരിമിശ്രൻ വികസിപ്പിക്കുന്നതുവരെ സംഭവിച്ചതെന്ന് മനസ്സിലാക്കാൻ സാധിക്കും.

            മുരാരിമിശ്രന്റെ മീമാംസാസമ്പ്രദായം ഭാട്ടപ്രഭാകരപ്രസ്ഥാനത്തിൽനിന്ന് ദാർശനികമായി വ്യത്യസ്തത പുലർത്തിയിരുന്നുവെന്ന് പണ്ഡിതർ വിശ്വസിച്ചുപോരുന്നു. അദ്ദേഹത്തിന്റെതെന്ന നിലയ്ക്ക് 'ത്രിപാദനീതീനയനം' എന്ന കൃതി പറയപ്പെടുന്നുണ്ടെങ്കിലും അത് ലഭ്യമല്ല. മീമാംസാപണ്ഡിതയായ ഉജ്ജ്വല പൻസെയുടെ ' A Reconstruction of the third school of Pūrvamīmāmsā' എന്ന പഠനത്തിൽ മുരാരിമിശ്രന്റെ മീമാംസാസമ്പ്രദായത്തെ അധികരിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. ന്യായദർശനത്തിന്റെ രീതിശാസ്ത്രത്തിൽ അദ്ദേഹം ആകൃഷ്ടനായിരുന്നുവെന്ന് പൻസെ തന്റെ പുസ്തകത്തിൽ പരാമർശിക്കുന്നു.


ഉപസംഹാരം

വേദങ്ങളിലെ കർമ്മത്തെ അടിസ്ഥാനപ്പെടുത്തി സ്വർഗപ്രാപ്തിയെ ലക്ഷ്യമാക്കി, പുരുഷാർത്ഥങ്ങളിലെ പൂർവ്വമായ ധർമ്മത്തെ ഊന്നിക്കൊണ്ട് വളർച്ച പ്രാപിച്ച ദർശനമാണ് പൂർവ്വമീമാംസാദർശനം. ദാർശനികമായ പദവിയുടെ ഔന്നിത്യത്തിൽ എത്തിയത് അതിലെ മോക്ഷസങ്കല്പത്തിന്റെ വരവോടെയാണ്. എന്നിരുന്നാലും, വൈദികകർമ്മങ്ങൾക്ക് അതിന്റേതായ പ്രാധാന്യംനൽകി മീമാംസകർ തങ്ങളുടെ ദാർശനികപ്രയാണം തുടർന്നു. സൂക്ഷ്മമായി പരിശോധിക്കുകയാണെങ്കിൽ കർമ്മനിരതമായി ആരംഭിച്ച ദർശനം കാലക്രമേണ കർമ്മരാഹിത്യത്തിലേക്ക് വഴുതിയോ എന്നൊരു സംശയം ഭാരതീയദാർശനികലോകത്ത് നിലനിൽക്കുന്നു.

ഗ്രന്ഥസൂചികകൾ

  1. Bahadur, K P. The Wisdom of Meemaansaa, Sterling Publishers Private Limited, New Delhi, 1983.

  2. Bhaṭṭa, Kumārila. The Mīmāmsā -Śloka -Vārtika with the commentary called Nyāya ratnākara of Pārthasārathi Misra, edited by Ramasastri Tailanga, Chowkhamba Sanskrit Series Office, Benares, 1899.

  3. Jaimini, and Mohan Lal Sandal. The Mimamsa Sutras of Jaimini. Motilal Banarsidass, 1980.

  4. Jha, Ganga Nath. Pūrvamīmāmsā in its Sources, Banaras Hindu University, Varanasi, 1964.

  5. Kāṇe, Pāṇḍuraṅga Vāmana. History of Dharmasastra: (Ancient and Mediaeval Religious and Civil Law in India). Bhandarkar Oriental Research Institute, 2006.

  6. Kapoor, Veena. A Comparative Study of the Commentaries of Kumārila Bhatta Prabhakara on Pūrvamīmāmsā. 1979, Punjab University, PhD thesis.

  7. Keith, Arthur Berriedale. The Karma-Mīmāṁsā, Association Press, Calcutta,1921.

  8. Lal, Sudhir Kumar, Dr. “Pūrvamīmāmsāyude Granthaparamparyam”. Vaidikakarmakandathinte Darsanikaparisaram, Edited by K. A. Ravindran, Vallathol Vidyapeetham, Edapal, 2013.p.66-76.

  9. Muralidharan, V. R. Mānameyodaya, a Critical Study. Publication Division, University of Calicut, 2011.

  10. Narayana Prasad, Muni. Meemamsa Darsanagal. Narayana Gurukula, Varkala, 2011.

  11. Pandurangi, K T. “Critical Essays on Pūrvamīmāmsā”, Vidyadhisa post-graduate Sanskrit Research Centre, Bangalore,2013.

  12. Panse, Ujjwala, and Murāri Miśra. A Reconstruction of the Third School of Pūrvamīmāṃsā. Sri Satguru Publications, 1990.

  13. Parameśvara III, Ṛṣiputra. Jaiminīya-Sūtrārthasaṅgraha. Univ. of Travancore, 1951.

  14. Potter, Karl H., K T Panduragi, editors. Philosophy of Pūrva Mīmāṃsā. XVI, Motilal Banarsidass Publishers,2014.

  15. Ramulu, A. Bhaṭṭa Prabhakara Mīmāmsā, Samrajyam Mudranalaya, Mysore, 1990.

  16. Ravindran, K. A. Vaidikakarmakandathinte Darsanikaparisaram. Vallathol Vidyapeetham, Edapal, 2013.

  17. Sharma, Chandradhar. A Critical Survey of Indian Philosophy. MLBD, 2016.

  18. Velayudhan Nair, K. Tattvachintha. DC Books, Kottayam, 1985.

  19. Verpoorten, Jean-Marie. Mimamsa Literature. O. Harrassowitz, 1987.


 
 ജയ. ബി 

ഗവേഷക വിദ്യാർത്ഥിനി

തത്ത്വശാസ്ത്രവിഭാഗം 

സർക്കാർ വനിതാ കോളേജ്

വഴുതക്കാട്, തിരുവനന്തപുരം

Comentarios

Obtuvo 0 de 5 estrellas.
Aún no hay calificaciones

Agrega una calificación
No^v F-Un-äÀ
-tUm. em-ep-. hn-v

Ìm^v FUnäÀ
tUm.KwKmtZhn. Fw

ÌpUâv FUn-äÀ
cXojv Fk


ഇഷ്യു എഡിറ്റർ v
ഡോ. അമ്പിളി ആർ.പി.
FUntäm-dnb t_mÀUv 
AwK§Ä
tUm.kPohv IpamÀ Fkv 
tUm. Zo] _n Fkv 
tUm.tkXpe£van Fw Fkv 
-tUm A-¼n-fn- B-À- ]n-
-
ഡോ. ശ്രീലക്ഷ്മി എസ്.കെ
_nµp. F Fw
Pqen F 
a©p sI BÀ
Publishers Name:          
Dr.Lalu.V,
Head of the Department, Department of Malayalam, Govt College for Women, Thiruvananthapuram pin 695014   
Mob:9446457996         
email:gcwmalayalam2023@gmail.com            laluvatl@gmail.com 

Unssk³ & te Hu«vv
cXojv. Fkv

aebmfhn-`m-Kw
kÀ¡mÀ h\nXmtImtfPv 
Xncph\´]pcw

©GCW VAIKNJAANIKA MALAYALAM ONLINE 2024

bottom of page