top of page

ബൂമറാങ്

ചെറുകഥ

ഗീതു സിദ്ധൻ ജി.

“ഇക്കാലത്ത് ആളുകൾ ആര് മരിച്ചാലും കരയാറില്ല എന്നു നിനക്കറിയില്ലേ?” മാർഗരറ്റ് സാരിത്തുമ്പുകൊണ്ട് മൂക്കുപിഴിഞ്ഞിട്ട് സക്കറിയയെ ദേഷ്യത്തോടെ നോക്കി. “നിങ്ങളെന്താണു മനുഷ്യാ പറയുന്നത്. മരിച്ചത് എന്റെ ചിറ്റപ്പനാണ്.” അതിനെന്ത് എന്നമട്ടിൽ സക്കറിയ മാർഗരറ്റിനെ നോക്കിനിന്നു. മൂന്നുദിവസം മുൻപ് എന്റെ മൂത്ത അമ്മാവൻ മരിച്ചിട്ട് ഞാൻ ദണ്ണിക്കുന്നത് നീ കണ്ടായിരുന്നോ?” ശരിയാണല്ലോ! ഒരുതുള്ളി കണ്ണുനീരുപോലും ഇറ്റതായി അവളോർക്കുന്നില്ല. അപ്പോൾ താനിനി യെന്തുവേണമെന്നറിയാതെ മാർഗരറ്റ് പുരികം കോടിച്ചു.

“നീ പോയി ആ മൊബൈലിടുക്ക്. എന്നിട്ട് ചിറ്റപ്പന്റെ ലേറ്റസ്റ്റ് ഫോട്ടോ ഒരെണ്ണമെടുത്ത് പൂവിന്റെ ഫ്രെയിമൊക്കെ എഡിറ്റ് ചെയ്യ്. അതിന്റെ കൂടെ, "പിതാ വിനു തുല്യം എന്നെ സ്നേഹിച്ച...' അല്ലല്ല അതുവേണ്ട. അതിൽ വ്യാകരണപ്പിശ കുവരും. സ്നേഹനിധിയും വാത്സല്യത്തിന്റെ നിറകുടവുമായ എന്റെ പിതൃസഹോ ദരൻ ദൈവസന്നിധിയിലേക്ക് യാത്രയായി” എന്നൊരു ഡയലോഗും ടൈപ്പുചെയ്ത് എന്നെയും കുഞ്ഞിപ്പെണ്ണിനെയും ജോർജിനെയും മരിയമോളെയും കെട്ടിയോനെയും ടാഗ് ചെയ്ത് ഒരു പോസ്റ്റിട്. വാട്ട്സാപ്പിൽ സീനപ്പെണ്ണിന്റെ കല്യാണത്തിന് നീയും ചിറ്റപ്പനും കൂടി കെട്ടിപ്പിടിച്ചു നിൽക്കുന്ന ഫോട്ടോ സ്റ്റാറ്റസ് ആക്കിക്കോ. "മിസ് യൂ ചിറ്റപ്പാ. ഈ ദുഃഖത്തിൽ നിന്ന് കരകയറാൻ അങ്ങ് ഞങ്ങളെ സഹായിക്കണം എന്നൊരു കാച്ചും കാച്ച്!” മാർഗരറ്റിന് അതിനൊന്നുമുള്ള മനസാന്നിധ്യമുണ്ടായി ല്ല. അവൾക്ക് യഥാർഥമായിത്തന്നെ ദുഃഖം നെഞ്ചിൽ വന്ന് വിങ്ങി നിൽപ്പുണ്ടായിരു ന്നു. രണ്ടും കല്പിച്ച് ഇത്തിരിനേരം നെഞ്ചത്തടിച്ചു കരയാൻ തന്നെ മാർഗരറ്റ് ഉറച്ചു.

"എന്നമ്മയെ ഓർക്കുമ്പോൾ മാതാവേ നിന്നെ ഞാൻ ഓർക്കുന്നു. കണ്ണീ.... മൊബൈലിനെ പാടി മുഴുമിപ്പിക്കാൻ അനുവദിക്കാതെ സക്കറിയ പച്ച സിംബലിൽ പിടിച്ചൊരു വലി വച്ചുകൊടുത്തു. “ആഹ് ഡാ പറ, എപ്പഴാ അടക്കമൊക്കെ, ഓഹ് അങ്ങനാണോ? പിന്നെങ്ങനെ കാര്യങ്ങള് ? ശരി ശരി. നായാ സമയത്തു വിളിക്ക്. ആഹ് റെയ്ഞ്ചുള്ള എവിടേലും സെറ്റ് ചെയ്യണം. നീ വീടിനകത്തും ചുറ്റാകെയു മൊക്കെ ഒന്ന് നടന്നുനോക്ക്. ഓ... ശരി... ശരി... അതുകഴിഞ്ഞ് വിളി. സക്കറിയ ഫോൺ കട്ടു ചെയ്ത് വാട്ട്സാപ്പിൽ തുറക്കാതെ കിടന്ന മെസേജുകൾ ഓരോന്നായി ഞെക്കി നോക്കി. റസിഡന്റ് സ് ഗ്രൂപ്പിൽ ക്രിസ്തുമസ് ആശംസകളും ഓരോരുത്തർ വീടുകളിലൊരുക്കിയ പുൽക്കൂടിന്റെ പടങ്ങളും. സംഭവസ്ഥലത്തുനിന്ന് റിലേ കട്ടായപ്പോയ സക്കറിയ, പോളും പിള്ളാരും ചേർന്ന് വീടിന്റെ മുന്നിലൊരുക്കിയ ബ്രഹ്മാണ്ഡ പുൽക്കൂട് മാർഗരറ്റിനുനേരെ ഓപ്പൺ ചെയ്തു പിടിച്ചു. ഒരു നിമിഷം! പോളിന്റെ പുൽക്കൂട് തകർന്നടിഞ്ഞ ഒച്ചയാണോ കേട്ടതെന്നറിയാൻ സക്കറിയ ഫോണിലേക്കു നോക്കി. മാർഗരറ്റിന്റെ വിശാലമായ നെഞ്ചിൽ അവളുടെ ഉരുക്കു മുഷ്ടി വന്നു പതിച്ച ശബ്ദമാണ് ആ ധ്വനിച്ചത്. “പത്താംക്ലാസിലെ ക്രിസ്മസ് അവ ധിക്ക് എനിക്ക് പുൽക്കൂടൊരുക്കിത്തരാൻ തൊഴുന്നീന്ന് വൈക്കോൽ വാരാൻ പോയി പശൂന്റെ തൊഴിയും കൊണ്ടുവന്ന എന്റെ ചിറ്റപ്പനാണേ.... എന്റപ്പൻപോലും എനി ക്കുവേണ്ടി ഇങ്ങനൊന്നും ചെയ്യല്ലേ.... മാർഗരറ്റ് ഫുൾഫോമിലാണ് സക്കറിയ ബാർകൗണ്ടറിലെ കുപ്പികളിലേക്കു നോക്കി. മാജിക് മൊമെന്റ് സിൽ രണ്ടു ലാർജിന്റെ കുറവ് കാണുന്നുണ്ട്. "ഇതൊക്കെ എപ്പോ സാധിച്ചു കളഞ്ഞു' എന്നാശ്ചര്യപ്പെട്ട് സക്കറിയ ഇടുപ്പിന് കൈയും കുത്തി നിന്നു. ഒന്നു ശ്രദ്ധിക്കാതിരിക്കാൻ വേണ്ടി അയാൾ അവളെ വാട്ട്സാപ്പ് സ്റ്റാറ്റസുകളിലേക്കു ക്ഷണിച്ചു. “ഇത് നോക്കെടീ എ ണാകുളത്തെ അമ്മാച്ചൻ ഇട്ടേക്കുന്ന സ്റ്റാറ്റസ് കണ്ടോ? പൊന്നനിയാ എനിക്കു മുൻപേ സ്വർഗത്തിലേക്കുള്ള പാത തെളിക്കാൻ നീ പോയ്ക്കളഞ്ഞല്ലോ?' കണ്ടോ, കണ്ടോ, ഇതൊക്കെയാണ് ദുഃഖം. ഇത് കണ്ടാൽ ആരും കരഞ്ഞുപോകും. കരളുരു കും. അതിനുപകരം ഇവിടൊരുത്തി പാപ്പവും ഇടിച്ചുകലക്കിക്കൊണ്ടിരിക്കുന്നു.

"എവിടെ?' എന്നു ചോദിച്ചുകൊണ്ട് മാർഗരറ്റ് ഫോൺ വാങ്ങി. അമ്മാച്ചൻ മാത്ര മല്ല. ഒരുവിധപ്പെട്ട ബന്ധുക്കളെല്ലാം സ്റ്റാറ്റസ് ഇട്ടുതുടങ്ങിയിട്ടുണ്ട്. സാറാച്ചേടത്തി യുടെ സ്റ്റാറ്റസ് കണ്ട് മാർഗരറ്റിന്റെയുള്ളിൽ ഒരു കൊള്ളിയാൻ മിന്നി. അവൾക്കു സ്റ്റാറ്റസിടാൻ സക്കറിയ പറഞ്ഞുകൊടുത്ത വാചകങ്ങൾ അതേപടി ടൈപ്പുചെയ്തു വച്ചിരിക്കുന്നു. "സ്നേഹനിധിയും' "വാത്സല്യത്തിന്റെ ചെമ്പും വാർപ്പും കുടവും ഒക്കെയുണ്ട്. മാർഗരറ്റ് രോഷംകൊണ്ട് തിളച്ചു. “നിങ്ങളെന്തിനാ അവൾക്ക് എന്റെ തൊടുത്തു കൊടുത്തത്?” അവളുടെ എന്താണെടുത്തത് ആർക്കാണു കൊടുത്ത തെന്നറിയാതെ സക്കറിയ പരുങ്ങി ഇനി 18B യിലെ ശാലിനിക്ക് വാച്ചു കൊടുത്ത കാര്യമായിരിക്കുമോ? അതോ 16C യിലെ കനകയ്ക്ക് ആട്ടമാവ് കൊടുത്തതതോ? ഇനി 10B യിലെ സോനപ്പെണ്ണിന്... അതെങ്ങനെ ഇവളറിയാൻ?” ഏതായാലും ചിറ്റപ്പന്റെ കൂടെ ദൈവസന്നിധിയിലേക്കു തിരിക്കാൻ സക്കറിയ മനസ്സുകൊണ്ട് തയ്യാറെടുത്തു.

“എന്താണെന്നോ. ദാ ഇത് തന്നെ. എനിക്കു പറഞ്ഞുതന്നത് ഞാൻ ഇടുന്നില്ല എന്നുകണ്ടപ്പോ, ഉടനേ അവൾക്കു കൊടുത്താ മനുഷ്യാ നിങ്ങള്' മാർഗരറ്റ് പല്ലിറു മ്മി. സക്കറിയ, സാറാ പാറയ്ക്കലിന്റെ സ്റ്റാറ്റസ് നോക്കി. സംഗതി ശരിയാണല്ലോ. അതേ വാചകങ്ങളും, ചിറ്റപ്പനും സാറായും അടുത്തടുത്തിരുന്ന് പൊട്ടിച്ചിരിക്കുന്ന ഫോട്ടോയും ഇട്ടിട്ടുണ്ട്. ചിറ്റപ്പന്റെ ഒരു വശം മാത്രം വ്യക്തമായി കാണാവുന്ന ഫോട്ടോയിൽ സാറായുടെ സ്വർണം കെട്ടിച്ച പല്ല് ഫ്ളാഷ് അടിച്ചു ജ്വലിച്ചു നിൽപ്പുണ്ട്. “എടീ ബുദ്ധസേ ഈ ലോകത്ത് ഏതു കാലൻ ചത്താലും നാട്ടുകാര് ഒരു ഭംഗിക്ക് തിരുകിക്കേറ്റാറുള്ള വാചകങ്ങളാ ഈ സ്നേഹനിധിയും വാത്സല്യത്തിന്റെ നിറകുടവും ഒക്കെ. സംശയമുണ്ടെങ്കിൽ നീ ആ പത്രത്തിന്റെ ചരമക്കോളമെടുത്ത് നോക്ക്. ഒരു മുന്നൂറ് സ്നേഹനിധിയും വാത്സല്യക്കുടവും ചിരിച്ചുകൊണ്ട് ചത്തിരി ക്കുന്നതു കാണാം. അവർക്കൊക്കെയും ഞാനാണോ പറഞ്ഞുകൊടുക്കുന്നത്? ശെടാ ദൈവമേ നീയിവളെ എനിക്കുതന്നെ കെട്ടിച്ചുതന്നല്ലോ!'

മാർഗരറ്റ് വിടുന്ന ഭാവമില്ല. അവൾക്ക് പോസ്റ്റിടണം. സക്കറിയ ഫോണും പിടി ച്ചു ചിന്തിക്കാനിരുന്നു. “എവിടെ ചിന്തിക്കുന്നോ അവിടെ ശൗചാലയം' എന്ന മട്ടി ലാണ് സക്കറിയയുടെ ആമാശയത്തിന്റെ അവസ്ഥ. വയറിന്റെ വിളി സക്കറിയ കേട്ടി ല്ലെന്നു നടിച്ചു. ദീർഘനാളായി ചിന്തയ്ക്ക് പാത്രമാകാത്ത തലച്ചോറിന്റെ ഓരോ അടരിൽനിന്നും നൂറുകണക്കിനു കൊണഷ്ട വാവലുകൾ ചിറകടിച്ചു പറന്നു. ഓരോ അടരിന്റെയും വിജാഗിരികൾ പേരിനുപോലും ഭാവനയുടെ എണ്ണ തട്ടാതെ കരഞ്ഞു.

നാച്ച് മാൻ നോബ്ലസിന്റെ വിസ്കി ഗ്ലാസിലേക്ക് മാർഗരറ്റ് ഒരു പെഗ്ഗ് ജാക്ക് ഡാനിയേൽസ് പകർന്നുവച്ചു. അതിലേക്കവൾ മൂന്നാമത്തെ ഐബിടുന്നതിനു മുൻപ് സക്കറിയയുടെ തലച്ചോറിലേക്ക് ഹരിമുരളീരവത്തിന്റെ കുത്തൊഴുക്കായി. അയാൾ സ്റ്റാറ്റസിടാനുള്ള വാക്കുകൾ കണ്ടുപിടിച്ചു. “സ്വർഗ്ഗത്തിന്റെ പൂന്തോട്ടത്തി ലേക്ക് ദൈവം വിളിച്ച, സ്നേഹപുഷ്പമേ, അങ്ങയുടെ സൗരഭം ഞങ്ങളുടെ ജീവി തത്തിൽ നിന്നു മാഞ്ഞുവല്ലോ!” പണ്ട് സ്കൂളിലെ കഞ്ഞിവയ്പ്പുകാരിക്കടക്കം എഴു തിക്കൊടുത്ത വാചകങ്ങൾ ഒന്നുകൂടി ഉരുവിട്ടുകൊണ്ട് സക്കറിയ മാർഗരറ്റിനുമു ന്നിൽ കവിയായി. അവൾക്ക് സന്തോഷമായി. “ഇങ്ങേര് കൊളളാമല്ലോ.' കുഞ്ഞി പ്പെണ്ണിന്റെ പിറന്നാളിന് ചിറ്റപ്പനും മാർഗരറ്റും ചേർന്നിരിക്കുന്ന ഒരു ഫോട്ടോയെ ടുത്ത് രണ്ടു കുഞ്ഞുമാലാഖമാരെ വശങ്ങളിൽ പോസ്റ്റു ചെയ്തു, ചിറ്റപ്പന്റെ നെഞ്ച ത്ത് വരത്തക്കവിധം കത്തിനിൽക്കുന്ന മെഴുകുതിരിയും ചേർത്തു സക്കറിയ പോസ്റ്റിനു ചന്തം വരുത്തി. ഡൺ! “ഇനി നീയെഴുന്നേറ്റ് റെഡിയാക്. വെള്ളയിൽ കുഞ്ഞു ലില്ലിപ്പൂക്കളുള്ള സാരിയുടുത്താൻ മതി. ഞാൻ ആ കറുത്ത ഹാഫ് സ്ലീവ് ഷർട്ടിടാം ."

മരണവീട്ടിലേക്കു പോകാറായെന്നു കരുതി മാർഗരറ്റ് വീണ്ടും ദുഃഖത്തിന്റെ ആവരണമെടുത്തണിഞ്ഞു. അപ്പോഴാണ് വോയിസ് ഓവറിൽ സക്കറിയയുടെ ശബ്ദ മവൾ കേൾക്കുന്നത്. “നമുക്ക് ഫോൺ നമ്മുടെ റൂമിൽ സെറ്റ് ചെയ്യാം. പവർ ബാങ്കി ങ്ങെടുത്തോ. എങ്ങാനും ചാർജ്ജ് തീർന്നാലോ?” മാർഗരറ്റിന് ഒന്നും മനസിലായി ല്ല. സക്കറിയ രംഗം വിവരിച്ചു. “ഗൂഗിൽ മീറ്റുവഴിയാണ് ബന്ധുക്കളെ ബോഡി കാണി ക്കുന്നത്. അങ്ങേര് കോവിഡ് പോസിറ്റീവ് ആയിരുന്നു. വീട്ടുകാർക്ക് മാത്രമേ നേരിട്ടു കാണാനൊക്കൂ. അവരും പോസിറ്റീവാണ്.” മാർഗരറ്റിനു കാര്യം മനസിലായി.

അവൾ വെള്ളയിൽ ചുവന്ന ലില്ലിപ്പൂക്കൾ തുന്നിയ സാരിയുടുത്ത്, മുടി അലങ്കോലമായി കെട്ടി, മൂക്കും പിഴിഞ്ഞ് ചുവപ്പിച്ച് ക്യാമറയ്ക്ക് മുന്നിൽ തയ്യാറായി നി ന്നു. സക്കറിയ ഗൗരവം തോന്നിപ്പിക്കാനും രണ്ടെണ്ണം കീറിയ വിവരം ആരും അറി യാതിരിക്കാനും വേണ്ടി കണ്ണട വച്ചു. ലിങ്കും ക്ലിക്ക് ചെയ്ത് രണ്ടുപേരും ആരെ ങ്കിലും ജോയിൻ ആകുന്നതും കാത്തിരിപ്പായി. ആരോ സക്കറിയ പി.ഐ.യെ ജോയിൻ ആക്കി. ലോകത്തിന്റെ പല ഭാഗത്തുനിന്നുമുള്ള നിലവിളികൾ ഫോണി ലൂടെ മുഴങ്ങിത്തുടങ്ങി. എല്ലാറ്റിനെയും മോഡറേറ്റു ചെയ്യുന്നത് ചിറ്റപ്പന്റെ കൊച്ചുമ കൻ ടിനുക്കുട്ടനാണ്. എല്ലാവരും "ഡിസ്റ്റർബൻസ് ഒഴിവാക്കാനായി മൈക്ക് മ്യൂട്ട് ചെയ്യണമെന്ന് അവൻ കർശന നിർദ്ദേശം കൊടുത്തു. എല്ലാവരും മ്യൂട്ട് ആക്കിയിട്ടും ആലപ്പുഴയിലുള്ള ചിറ്റപ്പന്റെ പെങ്ങൾ, മാർഗരറ്റിന്റെ ഭാഷയിൽ "അവസാന വിളി വിളിക്കുകയാണ്.' “പണ്ട് ശ്രീലങ്കയ്ക്ക് പോകാൻ നേരം ആങ്ങളയുടെ കൈയിൽ പൈസയില്ലായിരുന്നേ.... അപ്പം ഞാനെന്റെ കറവപ്പശുവിനെ വിറ്റ് കാശും കൊണ്ടു ചെന്നേ... അപ്പഴേക്കും അവൻ പ്ലെയിനിൽ കേറി പറന്നുപോയേ.... എന്നെ പ്ലെയി നിൽ കേറ്റാം കേറ്റാം എന്നു പറഞ്ഞിരുന്നയാണേ. എന്നെയിനി ആര് കേറ്റും....

“അന്താരാഷ്ട്ര വിമാന സർവ്വീസുകളെല്ലാം റദ്ദു ചെയ്തു വച്ചിരിക്കുമ്പോഴാണ് പാസ്പോർട്ടു പോലുമില്ലാത്ത മോളിയാന്റി പ്ലെയിനിൽ കേറി ലങ്കയ്ക്ക് ചാടാൻ നിൽക്കുന്നത്. മാർഗരറ്റ് മനസിൽ പുച്ഛിച്ചു. മോളിയാന്റിയെ കടത്തിവെട്ടാൻ പുതിയ സംഗതികളും ടെമ്പോയുമായി രണ്ടാമത്തെ പെങ്ങൾ എസ്തർ മൈക്ക് ഓണാക്കി. “എന്റെ ചേട്ടായി ശ്രീലങ്കയ്ക്കു പോകാൻ പണമില്ലാതെ നിന്നപ്പോ പലരും പറഞ്ഞു പറ്റിച്ചേ... ഒടുക്കം ഞാനാണേ കെട്ടുതാലി വിറ്റ് പണം കൊടുത്തത്. ഇതുവരെ എനി ക്കതു തിരിച്ചു തന്നില്ലേലും ഞാൻ പരാതിയൊന്നും പറഞ്ഞിട്ടില്ലേ....

"പ്ഫ ...' മോളിയാന്റിയുടെ ഒരൊറ്റ ആട്ടിൽ മീറ്റിലിരുന്ന സകലരും തെറിച്ചു പോയി. “ആരാടീ ആങ്ങളയെപ്പറ്റിച്ചത്...? നീയും മൂത്ത ചേട്ടനും കൂടിയല്ലേടീ സ്വർണ മാണെന്നു പറഞ്ഞു മുക്കുപണ്ടം കൊടുത്ത് പറ്റിച്ചത്. സ്വർണം വിൽക്കാൻ പോയി പോലീസു പിടിച്ചപ്പം നീയോ ആ കള്ളനോ വന്നോടീ.” മാർഗരറ്റിനു ചോര തിളച്ചു. "തന്തയ്ക്ക് വിളി കേട്ടാലോ, തിളയ്ക്കണം ചോര നമുക്കു ഞരമ്പുകളിൽ' എന്നാ ണല്ലോ. മാർഗരറ്റ് മൈക്ക് ഓണാക്കി. സക്കറിയ ആവതും വട്ടം പിടിച്ചുനോക്കിയിട്ടും മാർഗരറ്റ് സാരി ഇളിക്കു ചൊരുക്കി കുത്തുക തന്നെ ചെയ്തു. “മോളിയാന്റി കച്ചറ വർത്താനം പറയരുത്. കള്ളനാരാന്നൊക്കെ എല്ലാവർക്കും അറിയാം. എന്റപ്പന്റെ തെങ്ങും പുരയിടവും നോക്കാനേൽപ്പിച്ചിട്ട് പിന്നെ നാലുകൊല്ലം ചമ്മന്തിരയ്ക്കാനായിട്ടുപോലും ഒരു നാളികേരം ഞങ്ങൾ കണികണ്ടിട്ടില്ല. നിങ്ങളെ ഭർത്താവും ചിറ്റപ്പനും കൂടിയാണ് അതൊക്കെ മറിച്ചുവിറ്റതെന്ന് ആർക്കാ അറിയാ ത്തത്. അപ്പനിപ്പോ ഇതൊക്കെ കേൾക്കാനുണ്ടായിരുന്നെങ്കിൽ നിങ്ങളെയും ചിറ്റപ്പ നെയും പടമാക്കിയേനെ.

“ഓ ഞാനിനി എന്തു പടമാകാനാ” എന്നോർത്ത് ചിറ്റപ്പൻ നിസംഗനായി കണ്ണടച്ചുകിടന്നു. ടിനു എസ്.എസിന്റെ ക്യാമറ ആരോ ഇളക്കിയെടുത്തു. മൈക്ക് ഓണാക്കി ചിറ്റപ്പന്റെ മോൻ മൈക്കുവിഴുങ്ങി വർക്കിയാണ്. വർക്കി പ്രസംഗത്തിനു തയ്യാറെടുത്തു. “നീയെന്താടീ മാർഗരറ്റെ പറഞ്ഞത്. ഞങ്ങടപ്പനെ പടമാക്കുമെന്നോ, നീയിങ്ങോട്ട് വാടീ...'' കൊറോണ പിടിച്ച് വർക്കിയുടെ ശബ്ദം ഈച്ച മൂളുന്നതു പോലിരുന്നു. ചിരി വന്നെങ്കിലും മൈക്കുവിഴുങ്ങിയെപ്പേടിച്ച് ആരും ഗൗരവഭാവം മാറ്റിയില്ല.

പിന്നീടങ്ങോട്ട് വർക്കി പറഞ്ഞ സംസ്കൃതജഡിലമായ മലയാളത്തിന് അർത്ഥം പിടികിട്ടാതെ പണ്ട് മലയാളത്തിനു മോശമായിരുന്ന മാർഗരറ്റ് മൂർച്ഛിച്ചു വീണു. ഓരോ ഐക്കണിലുമുള്ളവർ വീഡിയോയും ഓഫ് ചെയ്ത് ഓടി. വർക്കിയുടെ സ്തോത്രം കേട്ട ചിറ്റപ്പന്റെ ബോഡി രണ്ടു മിനിറ്റ് കൊണ്ട് മരവിച്ചു. തന്നെ ലാബിൽ നിന്നു തുറന്നുവിട്ട മഹാപാപിയെ കൊറോണ ചൈനീസിൽ നീട്ടി പ്രാകി. “ചിങ് ചാങ് ണിം ണിം യി ഷാൻ ലിയാങ് ജിങ് ജിങ് മാൻ ടിയാൻ ദുവോ ഷി” ശെ! ഇങ്ങ നെയുമുണ്ടോ മലയാളികൾ. കേരളത്തിൽ വന്ന് രണ്ടു കൊല്ലമായിട്ടും കേൾക്കാത്ത നിത്യനൂതനമായ പദമണിയുടെ മുന്നിൽ കൊറോണ ശിരസു നമിച്ചു.

എല്ലാ ആരവങ്ങളുമടങ്ങി ടിനു എസ്.എസിന്റെ സ്ക്രീനിൽ പല്ലുകളെല്ലാം പൊഴി ഞ്ഞു, കുഴിഞ്ഞ കവിളുകളുമായി ക്ഷീണിച്ച് മുഖത്തോടെ ചിറ്റപ്പൻ ദണ്ണിച്ചു കിട ന്നു. അഞ്ചാമത്തെ പെഗ്ഗ് ചുണ്ടോടു ചേർക്കുന്നതിനിടയിൽ ചിറ്റപ്പന്റെ ദൈന്യമുഖം കണ്ട് സക്കറിയ വിതുമ്പിക്കരഞ്ഞു. “ഈ... ഈ... ഈ... ഈ... മുവാറ്റുപുഴയ്ക്ക് പെണ്ണു കാണാൻ പോയ എന്നെ ഏറ്റുമാനൂരുവച്ച് പരിചയപ്പെട്ട് ആ പെണ്ണുകാ ണലും മുടക്കി, ഈ കാനന റാണിയെ എന്റെ തലയ്ക്കുവച്ചുതന്ന പാവം ചിറ്റപ്പനാനേണെ "

ക്ഷീണം വിട്ടകന്ന മാർഗരറ്റ് ചിറ്റപ്പനെയും വർക്കിയെയും ചേർത്തൊരു പള്ളും പറഞ്ഞ് ചാടിയെണീറ്റു. “എന്തിനാ നിങ്ങളീ മോങ്ങുന്നത്? അങ്ങേര് ചത്തെങ്കിൽ നന്നായിപ്പോയി. സക്കറിയ മാർഗരറ്റിനെ പകച്ചു നോക്കി. മാർഗരറ്റിന്റെ തലയ്ക്കു ചുറ്റും പ്രകാശവലയം. “എന്റെ മാലാഖേ” എന്നു വിളിച്ചുകൊണ്ട് സക്കറിയ കട്ടിലി ലേക്ക് കമിഴ്ന്നു വീണു. “ഇക്കാലത്ത് ആരും മരണത്തിനൊന്നും കരയാറില്ലാന്ന് ഇങ്ങേർക്കറിയില്ലേ” എന്നു പിറുത്തുകൊണ്ട് മാർഗരറ്റ് ലില്ലിപ്പൂക്കളുള്ള സാരി അഴി ച്ചുമാറ്റി വെള്ളയിൽ കറുത്ത അക്ഷരങ്ങളിൽ 'C'EST' എന്നെഴുതിയ ടീഷർട്ടിലേക്ക് കൂപ്പുകുത്തി.


 

45 views1 comment
bottom of page